16.10.11

ലൈഫ് ഈസ്‌ ബ്യൂട്ടിഫുള്‍!

ആ  ഒരേയൊരു ദിവസംകൊണ്ടാണ്  ആകെ മാറിയത്. അല്ല അന്നുമുതലാണ് പലതും തിരിച്ചറിഞ്ഞുതുടങ്ങിയത്. ഇന്നു തനിക്കറിയാം ജീവിതം അതി മനോഹരമാണ്. ലൈഫ് ഈസ്‌ റിയലി ബ്യൂട്ടിഫുള്‍!


അതിനു മുന്‍പുള്ള കാലം?
മുന്നോട്ടുള്ള പാതയില്‍ അതുവരെ ഒന്നു പിന്‍തിരിഞ്ഞു നോക്കിയിട്ടില്ല. എന്തോ ചെറുപ്പ കാലത്തെത്തെക്കുറിച്ച്  വലുതായൊന്നും ഓര്‍ക്കാനുണ്ടായിരുനില്ല. ഇന്നെത്തെ ചെറുപ്പക്കാര്‍ സ്വപ്നം കാണുന്നതോ അതില്‍കൂടുതലോ മാസശമ്പളം. പേരിനു തലക്കനമുള്ള കമ്പനി. അവിടെയെത്താനുള്ള ഓട്ടത്തിലായിരുന്നു. കൊതിയോടെ കാത്തിരുന്നു കിട്ടിയ മാനേജര്‍ കസേരയിലാദ്യമായിരുന്നപ്പോള്‍, ഉള്ളുകൊണ്ടൊന്നൂറിച്ചിരിച്ചതിപ്പോഴും ഓര്‍മയുണ്ട്. 


തന്നേക്കാള്‍ അര്‍ഹരായ എത്രയോപേര്‍ ഇന്നും ഒരു കരതേടിയലയുന്നത് കണ്ടിട്ടുണ്ട്! കൂടെനിന്ന പലരുടെയും തോളില്‍ ചവിട്ടി താന്‍ ഉയര്‍ന്നപ്പോള്‍ മറ്റൊന്നും ചിന്തിക്കാന്‍ സമയമുണ്ടായിരുന്നില്ല. ലക്‌ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു. അതില്‍ മനസാക്ഷിക്കിടമില്ല!


ഒരര്‍ത്ഥത്തില്‍ താന്‍ ഭാഗ്യവാനാണ്. അല്ലാതെ അധികമാര്‍ക്കും തന്‍റെ പ്രായത്തില്‍ ഈ നിലയിലെത്താനാവില്ല. എന്നും എവിടെയും സഹപ്രവര്‍ത്തകര്‍ക്ക്മേലേ താന്‍ ജ്വലിച്ചു നിന്നിരുന്നു. കീഴ്ജീവനക്കാരുടെ മാനം പലപ്പോഴും തന്‍റെ ശകാരവാക്കില്‍ അഴിഞ്ഞുവീണുപോയി. 


വിവാഹം, കുടുംബം, കുട്ടികള്‍. അത് എല്ലാവരുടെയും പോലെ തന്റെയും ജീവിതത്തിന്‍റെ ഭാഗമായി. പക്ഷെ അവരെ ചുറ്റിക്കറങ്ങുന്ന ഒരു ഗ്രഹമായി ഒരിക്കലും മാറിയിരുന്നില്ല. തന്‍റെ ഭ്രമണപഥങ്ങള്‍ അവര്‍ക്കപ്രാപ്യവുമായിരുന്നു. 


മാസന്തോറും ബാങ്കിലെ ബാലന്‍സ് ഷീറ്റില്‍ കുമിഞ്ഞു കൂടുന്ന അക്കങ്ങള്‍ക്കൊപ്പിച്ചുള്ള  ധൂര്‍ത്ത്. ജോലി, ക്ലബ്‌, നക്ഷത്ര ഹോട്ടലുകള്‍, പാര്‍ട്ടി, സുഹൃത്തുക്കള്‍.........
അങ്ങനെ തീരുന്നു ഓരോ ദിവസവും. പണവും സമയവും ഒന്നും മുന്നില്‍ തടസമായി നിന്നിട്ടില്ല.


അന്ന്........ 
ഒരു മുഴുവന്‍ ദിവസ പ്രൊജക്റ്റ്‌ ഡിസ്കഷനു ശേഷം ഒറ്റയ്ക്ക്  ഡ്രൈവ് ചെയ്തു ക്ഷീണം തീര്‍ക്കാന്‍ ക്ലബ്ബിലെക്ക് മടങ്ങുമ്പൊഴാണ് വല്ലാത്ത അസ്വസ്ഥത തോന്നിയത്. ഏതായാലും സുഹൃത്ത് ഡോക്ടര്‍ രവിയെയും കൂടി കൂട്ടാം പതിവു കമ്പനിക്ക്. ലിഫ്റ്റ്‌ കാക്കാതെ ഒന്നാം നിലയിലുള്ള അവന്‍റെ കണ്‍സല്‍ടിംഗ് റൂമിലേക്ക്‌ പടികളോടിക്കയറിയതോര്‍മ്മയുണ്ട്. 


പിന്നെ കാഴ്ച മങ്ങി .......ആകെ ഇരുട്ട്‌ മാത്രം! കിതച്ചുകൊണ്ട് ആ വാതില്പടിയില്‍നിന്നു രവിയുടെ മേശമേലേയ്ക്കാണ് ചാഞ്ഞുവീണത്.


 മണിക്കൂറുകള്‍ക്കപ്പുറം കണ്ണുതുറന്നപ്പോള്‍ രവി പറഞ്ഞു. 
"ഏതായാലും ടെസ്റ്റുകളൊക്കെയെടുത്തിട്ടുണ്ട് തന്‍റെ തിരക്കില്‍ ഇനി സമയം കിട്ടിയില്ലെങ്കിലോ?"


ടെസ്റ്റ്‌  റിസള്‍ട്ടുമായി അടുത്തയാഴ്ച രവി ഓഫീസിലേക്ക് വന്നപ്പോള്‍ അവന്‍റെ മുഖത്തിന്റെ മ്ലാനതയും കണ്ണുകളിലെ നൈരാശ്യവും തന്‍റെ പുഞ്ചിരി മായിച്ചു കളഞ്ഞു. എന്തിനെയുമേതിനെയും വെല്ലുവിളിക്കുന്ന ധൈര്യവും, തന്‍റെ സ്വകാര്യതയില്‍ ആരും കൈ കടത്തേണ്ടെന്ന വാശിയുമാണ് അവനെക്കൊണ്ട് ആ സത്യം തന്നോടു പറയിച്ചത്.


തിരികെ വീട്ടിലേക്ക് പതിവില്ലാതെ രവിയാണ് ഡ്രോപ്പ് ചെയ്തത്. സോഫയില്‍ നിവര്‍ന്നങ്ങനെ കിടന്നപ്പോഴും അവന്‍റെ വാക്കുകള്‍ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു.


"മാന്‍, യു ഹാവ് എ വെരി ഷോര്‍ട് ട്ടൈം ലെഫ്റ്റ് ആന്‍ഡ്‌ ഇറ്റ്‌സ്‌ ഇന്‍ ദി വോര്‍സ്റ്റ്‌ പീരീഡ്‌."


ഓര്‍ത്തു നോക്കി......... ആ നിമിഷംവരെ എല്ലാം തന്‍റെ കണക്കുകൂട്ടലുകള്‍ക്കുള്ളിലായിരുന്നു. പക്ഷെ ഇപ്പോള്‍ .........? 
എല്ലാമുള്‍ക്കൊളളാന്‍ ഒരു രാത്രി മുഴുവന്‍ ആ കിടപ്പങ്ങനെ കിടന്നു. ആരും ശല്യപ്പെടുത്താന്‍ അടുത്തുവന്നില്ല.


രാവിലെ ഭാര്യയുടെ തണുത്ത കൈ നെറ്റിയില്‍ തലോടിയപ്പോഴാണ് കണ്ണു തുറന്നത്. അന്നാദ്യമായി അവളുടെ കൈ നെഞ്ചോടു ചേര്‍ത്തുവെച്ചപ്പോള്‍ അത്ഭുതംകൂറിയ  മിഴികളുടെ സൌന്ദര്യം താന്‍ കണ്ടു. ഉറക്കംതൂങ്ങി ഉണര്‍ന്നെണീറ്റുവന്ന കുഞ്ഞുങ്ങള്‍ തനിക്കുചുറ്റും വട്ടമിട്ടു നടന്നപ്പോള്‍, പതിവു ശകാരമില്ലാതതിനാല്‍ തന്നോട് പറ്റിചേര്‍ന്നിരുന്നു. ആ ഒരു രാത്രി മാറ്റിമറിച്ചത് തന്നെ മാത്രമല്ല, തനിക്കുചുറ്റുമുള്ള ലോകത്തെയുമാണ്.


ഓഫീസില്‍ തന്നെ ഭയത്തോടെ കണ്ടിരുന്നവര്‍ പതിയെ മാറ്റം ശ്രദ്ധിച്ചു തുടങ്ങി. ഒരു ചിരി. സ്നേഹത്തോടെയുള്ള ഒരു വാക്ക്. തോളില്‍ തട്ടിയുള്ള അഭിന്ദനം. ഇതൊക്കെ അവരുടെ പ്രവര്‍ത്തനത്തിലും കാര്യശേഷിയിലും വരുത്തിയ വ്യത്യാസം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. വെറും ശമ്പളക്കാരായി മാത്രം കണ്ടിരുന്നവര്‍ക്കുള്ളിലെ ഹൃദയം തന്നെയും സ്നേഹിക്കുന്നത് അവരോടൊപ്പംനിന്നറിഞ്ഞു. 


ജോലിയാണ് തന്‍റെ മതം എന്ന് വിശ്വസിച്ചിരുന്ന തനിക്കിന്നു മനുഷ്യ ബുദ്ധിക്കതീതമായ ശക്തിയെ അറിയാം. അതെ! താനിന്നു ദൈവത്തോട് സംസാരിക്കാറുണ്ട്. ചിലരതിനെ പ്രാര്‍ത്ഥനയെന്നു വിളിക്കുന്നു. "ഭാഗ്യം" എന്ന വാക്കിന് പകരം കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു. ഇന്നു താനതിനെ "ഈശ്വരാനുഗ്രഹം" എന്നു പറയുന്നു


"കാന്‍സര്‍" എന്ന വാക്കിനെ ഭയപ്പെട്ട ആദ്യദിവസം മുതല്‍ ഇന്നുവരെയുള്ള ഈ ഏഴു വര്‍ഷങ്ങള്‍ക്കും തനിക്കും അതുവരെയില്ലാത്ത വേഗതയായിരുന്നു. തന്‍റെ കഴിവിനെ ലോകമറിഞ്ഞത് അതിനുശേഷമാണ്. തന്‍റെയൊരു വാക്കിനായി, പുതിയ ഗവേഷണ വിഷയങ്ങള്‍ കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകം.


മന്സുതളര്‍ന്നു തകര്‍ന്നുപോയ കാലങ്ങളില്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും ഒളിച്ചോടാനോ പുനര്‍ജ്ജന്മം തേടിയോ കാതങ്ങള്‍ താണ്ടി താനെത്തിയ ദേശങ്ങളില്‍ അവസാനം കണ്ടെത്തിയത് തന്നെത്തന്നെയായിരുന്നില്ലേ? പുതിയൊരു മതം സ്വീകരിച്ചെന്നറിഞ്ഞു പുരികം ചുളിച്ചവര്‍ ചിലതറിയുന്നില്ല. 
ജനനംകൊണ്ട് ഒരുവിശ്വാസത്തിന്റെ ഭാഗമായി വളര്ന്നവന്‍, തിരിച്ചവിന്റെ പ്രായത്തില്‍ താന്‍ സ്പര്‍ശിച്ച, പരപ്രേരണയാലല്ലാതെ, ഉത്തമബോധ്യത്തോടെ ഉള്ളറിഞ്ഞ ഒന്നിനെ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? അതല്ലേ ശരിയായ വിശ്വാസം? എല്ലാ വിശ്വാസങ്ങളുടെയും അന്തസത്തയറിയാത്തവര്‍ തന്റെതല്ലാത്തതിനെയൊക്കെ പുച്ച്ചിക്കുന്നു. കണ്ണടച്ചു പ്രാര്‍ഥനാ നിര്ഭരനായി നില്‍ക്കുന്ന ഏതൊരാളുടെയും മുന്‍പില്‍ തെളിയുന്ന രൂപത്തിന് ഒരേ മുഖമാണെന്ന് ആരും അറിയുന്നില്ല! അതല്ലേ സത്യം!  


പാതിവഴിയില്‍ എന്നോ താന്‍ മറന്നിട്ട മാതാപിതാക്കള്‍ തന്റെ മാറ്റം കണ്ടു സന്തോഷാശ്രു പൊഴിച്ചു. സഹോദരുടെയും കുടുംബത്തിന്‍റെയും ഏതു ചെറു ചടങ്ങുകളിലുമുള്ള തന്‍റെ സാന്നിധ്യം അവര്‍ക്കിന്നു സ്വകാര്യ അഹങ്കാരമാണ്. എങ്കിലും ഏതു തിരക്കിലും രാത്രി വീട്ടിലെത്താന്‍  തനിക്കിന്നു തിടുക്കമാണ്. പ്രിയതമയെ, കുട്ടികളെ കാണണം. അടുത്ത പ്രഭാതം അവരോടോത്തുണരാന്‍ താനുണ്ടാവില്ല എന്നു കരുതിത്തന്നെയാണ് ഈ ഏഴ് വര്‍ഷവും ഉറങ്ങാന്‍ കിടന്നത്. 


സന്ധ്യയില്‍, ഒരു മെഴുതിരി വെട്ടത്തില്‍, ചുറ്റുമുള്ളതൊന്നും കാണാതെ ഇന്നു തനിക്കേറ്റം പ്രിയപ്പെട്ടവളുടെ കണ്ണുകളിലേക്ക് നോക്കിയിരിക്കുമ്പോള്‍ അറിയാതെ മിഴികള്‍ നിറയാറുണ്ട്. സ്നേഹം കണ്ണുകളിലൂടെ കരകവിഞ്ഞൊഴുകുന്നതാണെന്നു കള്ളം പറഞ്ഞ്‌ അവളെ സമാധാനിപ്പിക്കാരുണ്ടെങ്കിലും ഇന്നു മനസിലാക്കുന്നു ജീവിതം ഒരു നിശാശലഭാത്തിനെപ്പോലെ ക്ഷണികവും സുന്ദരവുമാണ്. പക്ഷേ പഴയ തന്നേക്കാള്‍ തനിക്കിന്നിഷ്ടം മൃത്യു വാതിക്കല്‍ കാത്തുനില്‍ക്കുന്ന ഇന്നെലകളും ഇന്നുമാണ്.


അരണ്ട വെളിച്ചത്തില്‍ ഗ്രാമാഫോണിലൂടെ വയലാറിന്റെ വരികള്‍ ഒഴുകി വന്നു..........
"ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി." 
ഇനിയും ഒരുപാടു കാലം ജീവിക്കാനുള്ള അതിയായ ആഗ്രഹമാണ് അദ്ദേഹത്തെക്കൊണ്ട് അതെഴുതിപ്പിച്ചതെന്ന് ആരോ പറഞ്ഞതോര്‍ത്തു.


അതെ.......തീര്‍ച്ചയായും ജീവിതം അതി മനോഹരമാണ്. ലൈഫ് ഈസ്‌ റിയലി ബ്യൂട്ടിഫുള്‍!............അതിന്‍റെ  വിലയറിയുന്ന  നിമിഷം മുതല്‍!
----------------------------------------------------------------------


ത്രെഡ് :
സ്റ്റീവ് ജോബ്സ്  വാര്‍ത്തകളില്‍ നിറഞ്ഞുനിന്നപ്പോള്‍ എന്‍റെ ചിന്തകളില്‍ ഇതള്‍വിരിഞ്ഞ ചില ചിത്രങ്ങളാണ് ഈ കഥയുടെ മൂലതന്തു. കോര്‍പറേറ്റ് തലപ്പത്തെത്തുംമുന്‍പ് നഷ്ടങ്ങളുടെ കണക്കുമാത്രം കൈമുതലായുള്ള ഒരുവ്യക്തി, ഹിമാലയത്തിലൂടെയലഞ്ഞ് ബുദ്ധമതം സ്വീകരിച്ച് അയാള്‍ കണ്ടെത്തിയത് തന്നെത്തന്നെയായിരുന്നോ? വാസ്തവം ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തട്ടെ. ഈ കുറിപ്പ് എന്‍റെ പരിമിതമായ ലോകത്തിലും ചിന്തകളിലൂടെയും മാത്രമാണ്.
"വയലാറിന്‍റെ വരികള്‍" ഇന്ത്യാ സന്ദര്‍ശന വേളയിലെന്നെങ്കിലും സ്റ്റീവ് കേട്ടിരിക്കുമോ ആവോ?................

15 comments:

  1. This comment has been removed by the author.

    ReplyDelete
  2. Really touching.....
    Happy New Year In Advance
    -------------------------
    ചിപ്പി

    ReplyDelete
  3. നന്നായിട്ടുണ്ട് ഈ എഴുത്ത്

    ReplyDelete
    Replies
    1. @ ചിപ്പി, അമീര്‍, യുനുസ്ക്കാ,

      വായിക്കാന്‍ സമയം കണ്ടെത്തിയത്തിലും അഭിപ്രായം പങ്കു വച്ചതിലും ഒരുപാട് നന്ദി.

      Delete
  4. ക്ഷമിക്കണം, എനിക്കത്ര ഇഷ്ടമായില്ല

    ReplyDelete
    Replies
    1. @വിഡ്ഢിമാന്‍,

      സത്യസന്ധമായ ഈ അഭിപ്രായ പ്രകടനം ഇഷ്ടപ്പെട്ടു. അതല്ലേ വായിക്കാതെ കിടിലന്‍" എന്ന് കമെന്റുകള്‍ ഇടുന്നതിലും നല്ലത്. നന്ദി.

      Delete
  5. ആനന്ദം കണ്ടെത്തിയാൽ ജീവിതം ആഘോഷിക്കാം. ജീവിതം മനോഹരം തന്നെ. ആശംസകൾ

    ReplyDelete
  6. പുതുമയൊന്നുമില്ലെങ്കിലും എഴുത്തിനു ഭംഗിയുണ്ട്.... പിന്നെ ഈയൊരു ത്രെടാണ് കഥക്കാധാരം എന്നത് കൊണ്ട് കഥ നിലവാരം പുലര്‍ത്തുന്നു...

    ReplyDelete
  7. ലൈഫ് ഇസ് ബ്യൂട്ടിഫുൾ.. ഇതെനിയ്ക്ക് ഇഷ്ടപ്പെട്ട ഒരു വാചകമാണു. ഇതേ പേരിൽ ‘ഉഗ്രന്മാർ’ൽ ഒരു കഥ ഉണ്ട്.

    ഇത് പക്ഷെ, തികച്ചും വ്യത്യസ്തം.. നന്നായിട്ടുണ്ട്, ജോസ്ലെറ്റ്

    ReplyDelete
  8. @ കാവ്യജാതകം,
    നന്ദിയും സ്‌നേഹവും :)

    @ കാദു & ബിജു ഡേവിസ്,

    ആദ്യമേ അഭിപ്രായത്തിന് നന്ദി രേഖപ്പെടുത്തട്ടെ...

    സംഗതി ഒരു ഫാസില്‍ സിനിമ പോലെ ഒരു രോഗത്തിന്റെ മറപിടിച്ചാണ് കഥ പുരോഗമിക്കുന്നതെന്കിലും ചില ചിന്തകള്‍ വായനക്കാരിലെയ്ക്ക് എത്തിക്കുനത്തില്‍ ഞാന്‍ പരാജയപ്പെട്ടോ എന്നൊരു വ്യസനമില്ലാതില്ല.

    "ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവ് നശിച്ചാല്‍ എന്ത് പ്രയോജനം" എന്ന ബൈബിള്‍ വാചകത്തിന്റെ ചുവടുപിടിച്ച് സ്വന്തം കുടുംബത്തെയും, ജീവിത വിശുദ്ധിയും ആത്മീയതെയെയും നഷ്ടപ്പെടുത്തി ഒടുവില്‍ അത് തിരിച്ചറിയുന്നത്‌ ഇതില്‍ വരച്ചുകാട്ടാന്‍ ശ്രമിച്ചിട്ടുണ്ട്.

    "പുതിയൊരു മതം സ്വീകരിച്ചെന്നറിഞ്ഞു പുരികം ചുളിച്ചവര്‍ ചിലതറിയുന്നില്ല.
    ജനനംകൊണ്ട് ഒരുവിശ്വാസത്തിന്റെ ഭാഗമായി വളര്ന്നവന്‍, തിരിച്ചവിന്റെ പ്രായത്തില്‍ താന്‍ സ്പര്‍ശിച്ച, പരപ്രേരണയാലല്ലാതെ, ഉത്തമബോധ്യത്തോടെ ഉള്ളറിഞ്ഞ ഒന്നിനെ സ്വീകരിക്കുന്നതില്‍ എന്താണ് തെറ്റ്? അതല്ലേ ശരിയായ വിശ്വാസം? എല്ലാ വിശ്വാസങ്ങളുടെയും അന്തസത്തയറിയാത്തവര്‍ തന്റെതല്ലാത്തതിനെയൊക്കെ പുച്ച്ചിക്കുന്നു. കണ്ണടച്ചു പ്രാര്‍ഥനാ നിര്ഭരനായി നില്‍ക്കുന്ന ഏതൊരാളുടെയും മുന്‍പില്‍ തെളിയുന്ന രൂപത്തിന് ഒരേ മുഖമാണെന്ന് ആരും അറിയുന്നില്ല! അതല്ലേ സത്യം!"

    മുകളിലത്തെ വാക്കുകളില്‍ ഒന്ന് കണ്ണോടിച്ചാല്‍, പറ പ്രേരണയാലല്ലാതെ മതപരിവര്‍ത്തനം നടത്തുന്നതിനെപ്പറ്റിയുള്ള എന്റെ കാഴ്ചപ്പാടും വ്യക്തമാക്കിയിട്ടുണ്ട്.

    ഉദ്ദേശിച്ചത് എത്തിക്കെണ്ടിടത്തു എത്തിക്കാതെ വരുമ്പോള്‍, വാക്കുകള്‍ കുറിക്കുകൊള്ലാതെ മാറിപ്പോകുമ്പോള്‍ അവിടെ എഴുത്തുകാരന്‍ പരാജയപ്പെടുകയാണ്. ആ സത്യം ഞാന്‍ അംഗീകരിക്കുന്നു.

    ReplyDelete
  9. ചിലരതിനെ പ്രാര്‍ത്ഥനയെന്നു വിളിക്കുന്നു. "ഭാഗ്യം" എന്ന വാക്കിന് പകരം കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു. ഇന്നു താനതിനെ "ഈശ്വരാനുഗ്രഹം" എന്നു പറയുന്നു ......
    aashamsakal jose
    nannayirikkunnu

    ReplyDelete
  10. ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി.

    എഴുത്ത് നന്നായി. നിലവാരം ഉണ്ട്. കഥയ്ക്ക് ഒന്നൂടെ ഹോം വോര്‍ക്ക് ചിത് എഴുതിയിരുന്നുവെങ്കില്‍ മനോഹരമാകുമായിരുന്നു.

    സസ്നേഹം.

    ReplyDelete
  11. ഹോംവര്‍ക്ക് "ചെയ്തു" എഴുതിയിരുന്നുവെങ്കില്‍ എന്നു തിരുത്തി വായിക്കാനപേക്ഷ.

    ഗൂഗിള്‍ ചതിച്ച ചതിയാണ മ്മേ.........:):)

    ReplyDelete
  12. ഓരോന്നിനും ഓരോ കാരണങ്ങള്‍ ഉണ്ട്. കാരണങ്ങളില്‍ നിന്നും പഠിക്കാത്തവര്‍ ആണ് പരാജിതര്‍ .

    ReplyDelete

Related Posts Plugin for WordPress, Blogger...