9.1.13

ജീവനൊഴുകുന്ന വീഥികള്‍

നാടുവിട്ടു പുറത്തുപോയി കൊള്ളാവുന്ന ചുറ്റുപാടുകളൊക്കെ കണ്ടു മടങ്ങിയെത്തിയ പലരും നമ്മുടെ നിയമങ്ങളെയും അടിസ്ഥാന വികസനത്തെയും സംവിധാനങ്ങളെയും പുച്ഛിച്ചു കുറ്റം പറയുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. പണ്ട് ചായക്കടയിലും കലുന്ങ്കിലും ഇരുന്ന് വിടുവായടിച്ചിരുന്ന ജവാന്മാരുടെ പിന്മുറക്കാരനായി കേള്‍ക്കാനും  ഖണ്ഡിക്കാനും ചുറ്റും പറ്റിയ ആണുങ്ങള്‍ ഇല്ലെന്നുറപ്പുള്ളപ്പോള്‍ പല ഡയലോഗുകള്‍ ഞാനും വെച്ചുകാച്ചിയിട്ടുണ്ട്.

ഒരിക്കലും തീര്‍പ്പാകാത്ത പ്രശ്നങ്ങളാണ് ഗതാഗത സൌകര്യം, റോഡുകളുടെ ശോച്യാവസ്ഥ, ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ തുടങ്ങിയവ. ഇടുങ്ങിയ റോഡില്‍ പിടിവിട്ടു പായുന്ന വണ്ടികളെയും ലെവെലില്ലാത്ത ഡ്രൈവര്‍മാരെയും ഉള്‍ക്കിടിലത്തോടെയെ ദിനവും നോക്കിക്കാണുവാനൊക്കൂ.

നമ്മുടെ നിരത്തുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതില്‍ അധികം വാഹനങ്ങളുണ്ട് എന്നത് വിസ്മരിച്ചുകൂടാ. അതിനു വ്യക്തമായ കാരണവുമുണ്ട്. രാജ്യത്തിന്റെ വളര്ച്ചയ്ക്കാനുപാതികമായി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നു, വാങ്ങുവാനുള്ള ആസ്തി കൂടി. ലോകമെമ്പാടുമുള്ള വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയുടെ അനന്ത സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് ഇവിടെയ്ക്ക് ചേക്കേറുമ്പോള്‍ വരും കാലങ്ങളിലെ ഏക പോംവഴി റോഡ്‌ വികസനം മാത്രമാവും എന്ന് തീര്‍ച്ച. ഉദാഹരണമായി, പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്ന കൊച്ചു പട്ടണത്തില്‍ ഒരാള്‍ക്ക് രണ്ടര വാഹനം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആളോഹരി അടിസ്ഥാനത്തില്‍ കേരളത്തില്‍ ഏറ്റം വാഹന സാന്ദ്രതയുള്ള സ്ഥലവും ഇതുതന്നെയാണ്.

നാഷണല്‍ ഹൈവേക്ക്‌ വീതി കൂട്ടണം എന്ന വിഷയം കേരളത്തില്‍ ഇന്നും കീറാമുട്ടിയായി തന്നെ കിടക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ അംഗീകരിച്ചു നടപ്പാക്കിയ അറുപതു മീറ്റര്‍ നാലുവരിപ്പാത നാല്പ്പത്തഞ്ചായി ചുരുക്കിയിട്ടും പാവക്കപോലെ നീണ്ട കേരളത്തിനു റോഡ്‌ വികസനം പാരയായി നില്‍ക്കുന്നു. അടിസ്ഥാന നഗര വികസനത്തില്‍ പ്രാഥമിക സ്ഥാനം നിരത്തുകള്‍ക്ക് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പലയിടത്തും സ്ഥലമളക്കലും അക്വസിഷന്‍ നടപടികളും തുടങ്ങിയെങ്കിലും വീടുകളും ആരാധനാലയങ്ങളും വ്യാപാര സമുച്ചയങ്ങളും കൊണ്ട് നിബിഡമായ ഹൈവേക്ക്‌ ഇരുപുറവും പൊന്നുംവില കൊടുത്ത് വാങ്ങുക എന്നത് സര്‍ക്കാരിനു ഭീമമായ സാമ്പത്തിക ബാധ്യതയും, കുടിയൊഴിപ്പിക്കല്‍ പൊളിച്ചു നീക്കല്‍ തുടങ്ങിയവ അതിനേക്കാള്‍ ഭീകരമായ പ്രക്ഷുബ്ധാവസ്ഥയും സൃഷ്ടിക്കും എന്ന ആശങ്ക നിലനില്‍ക്കുന്നു. 

പല രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ച റോഡുകള്‍ക്ക് സമാന്തരമായ നെടുനീളന്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ച്‌ മാത്രമേ ഇലക്കും മുള്ളിനും കേടില്ലാതെ സംഗതി പരിഹരിക്കാനാവൂ. നൂറുകോടി ജനങ്ങളുള്ള ഒരു വികസ്വര രാജ്യത്തിന്‍റെ സംസ്ഥാന ബജറ്റ് വിഹിതം കൊണ്ട് മാത്രം ഇതുപോലെയുള്ള വികസന സ്വപനം കാണുന്നത് വിഡ്ഢിത്തമാവും. അതേസമയം നമ്മുടെ നാട്ടില്‍ സ്വകാര്യ കമ്പനികളെക്കൊണ്ട്  മുതല്‍മുടക്കിച്ച് പദ്ധതി നടപ്പിലാക്കി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടോള്‍പിരിച്ച് ലാഭം തിരികെയെടുക്കുന്ന കരാര്‍ വ്യവസ്ഥകള്‍ക്ക് ജനപക്ഷത്തു നിന്നുള്ള സ്വീകാര്യത ഉറപ്പുവരത്താന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലെ പാലങ്ങളും ടണലുകളും ഉള്‍പെടുന്ന വമ്പന്‍ ഹൈവേകള്‍,  ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍, വാഹന പാര്‍ക്കിംഗ് ലോട്ടുകള്‍ തുടങ്ങിയവ ഇന്നും സാക്ഷാത്ക്കരിക്കുന്നത് പ്രസ്തുത രീതിയിലാണ്. വികസനങ്ങള്‍ ജനക്ഷേമത്തിനു വേണ്ടിയുള്ളതാകുമ്പോള്‍ ജനകീയസമരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ രാജ്യത്തിന്‌ ഭൂഷണമല്ല. സമയത്തിനും വേഗത്തിനും  പ്രാമുഖ്യം നല്‍കുന്നവര്‍ക്ക് ടോള്‍ നല്‍കി യാത്രചെയ്യവാനും മറ്റുള്ളവര്‍ക്ക്  ബൈപ്പാസ്‌ റോഡുകള്‍ ഉപയോഗപ്പെടുത്തുവാനുമുള്ള സംവിധാനമൊരുക്കി ഈവക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണ്ടതുണ്ട്.

റോഡു വികസനത്തെപ്പറ്റി ഇത്രെയേറെപ്പറയാന്‍ ഗൌരവകരമായ മറ്റൊരു കാരണമുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്ഷം നാലായിരത്തില്‍പരം ആളുകള്‍ റോഡ്‌ അപകടങ്ങളില്‍ മാത്രം മരിച്ചിട്ടുണ്ട്ട്. മുന്കാലങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ക്രമാനുഗതമായി വളര്‍ച്ചയാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് കേരളാ പോലീസിന്‍റെ വെബ്സൈറ്റിലെ വിശകലനങ്ങള്‍ കാണിക്കുന്നു. ആകെ തൊള്ളായിരത്തി അമ്പതോളം പഞ്ചായത്തുകളുള്ള നമ്മുടെ നാട്ടിലെ ഓരോ വാര്‍ഡിലും ശരാശരി എണ്ണൂറിനടുത്ത് ജനസംഖ്യയായാണുള്ളത്‌. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ പ്രതിവര്‍ഷം നാമുള്‍പ്പെടുന്നതോ അല്ലാത്തതോ ആയ ഏതെങ്കിലും പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെ ജനങ്ങള്‍ വാഹനാപകടങ്ങള്‍ മൂലം തുടച്ചു നീക്കപ്പെടുന്നു! ഇതു കേരളത്തില്‍ വെച്ചു നടക്കുന്ന റോഡ്‌ ആക്സിഡന്ന്റിന്റെ മാത്രം കണക്കാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത!!

മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടല്‍കൊണ്ടോ ജനകീയ സമ്മര്‍ദങ്ങള്‍ കൊണ്ടോ എന്തോ ഇന്ന് നിലവിലുള്ള റോഡുകളുടെ അവസ്ഥയില്‍ കാര്യമായ പുരോഗതി കൈവന്നിട്ടുണ്ട്. സ്വപ്ന പദ്ധതികള്‍ കടലാസില്‍ ഒതുങ്ങിയാലും രാജ്യത്തെ ഓരോ പൌരന്‍റെ ജീവനും വൈകിയാണെങ്കിലും സര്‍ക്കാര്‍ - പോലീസ് സംവിധാനങ്ങള്‍ വിലകല്‍പ്പിച്ചു തുടങ്ങി എന്നത് തെല്ലു സംതൃപ്തി പകരുന്ന കാര്യമാണ്. പരിമിതമായ നമ്മുടെ ഗതാഗത സൌകര്യങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ റോഡിന്റെ ഉപഭോക്താവാകുന്ന ഓരോ പൌരനേയും ബോധവത്ക്കരിച്ച് ഭാവിയില്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കുക എന്ന ലക്‌ഷ്യത്തോടെ ഗതാഗത വകുപ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. 

ഇന്ന്, പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനു മുന്നോടിയായി മികച്ച നിലവാരമുള്ള (നിര്‍ബന്ധിത) ക്ലാസുകള്‍ വിഷ്വല്‍ മീഡിയയുടെ സൌകര്യം ഉപയോഗപ്പെടുത്തി  അപേക്ഷാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. നാട്ടില്‍വെച്ച് യാദൃശ്ചികമായി അങ്ങനെയൊരു അര്‍ദ്ധദിന സെമിനാര്‍ നേരില്‍കണ്ടു ബോധിക്കാന്‍ ഇടയായതാണ് ഈ എഴുത്തിന് ആധാരം.  മറ്റു ചിലത്.... 

സ്പീഡ് ക്യാമറാ സംവിധാനം എറണാകുളം പോലുള്ള പ്രധാന ഹൈവേകളില്‍ പ്രവര്‍ത്തന ക്ഷമമാണ്. (വേഗത 70-80കി.മി മുകളില്‍ 1000/-രൂപ പിഴ വാഹന ഉടമയുടെ അഡ്രെസ്സില്‍ വീട്ടിലെത്തും. )

മദ്യപിച്ചു വാഹനമോടിക്കുന്നവരെ പൊക്കാന്‍ മിക്ക ജങ്ക്ഷനുകളിലും "ബ്രെത്ത് അനലൈസറുമായി" പോലീസ് കാത്തുനില്‍പ്പുണ്ട്.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്‌ തുടങ്ങിയ പരിശോധനകളും കര്‍ശനമാണ്. 

ഇന്ത്യയില്‍ "ഡ്രൈവറാകുക" വളരെ നിസ്സാരമായൊരു സംഗതിയാണെങ്കില്‍ വിദേശ രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ എത്രെയേറെ കടമ്പകള്‍ കടക്കണം എന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്മ തല്ക്കാലം അവിടെ നില്‍ക്കട്ടെ, എങ്കിലും ഉത്തരവാദിത്വ പരമായും പരസ്പര ബഹുമാനത്തോടെയും ക്ഷമാപൂര്‍വ്വം വണ്ടിയോടിക്കാന്‍ ഓരോ ഡ്രൈവറും ശ്രദ്ധിച്ചാല്‍ നമ്മുടെ നിരത്തുകളിലും വലിയ മാറ്റം ഉണ്ടാക്കുകാന്‍ സാധിക്കുകയില്ലേ? 

റോഡിലെ പോലീസ് ചെക്കിങ്ങും മറ്റ് ഏര്‍പ്പാടുകളും കാശുണ്ടാക്കാന്‍ മാത്രമുള്ള ഏര്‍പ്പാട് ആണെന്ന് പൊതുവേ ധാരണ പരന്നിട്ടുണ്ട്. അഴിമതി സമസ്ത മേഖലയിലും വ്യാപിച്ചു നില്‍ക്കുമ്പോള്‍, പിടിക്കപ്പെട്ട് പിഴയില്‍ നിന്നും ഒഴിവാകാന്‍ മറുവഴി തേടി നമ്മളായിട്ട് എന്തിന് ഒരവസരം ഒരുക്കുന്നു? യെല്ലോ ലൈനും, സീബ്രാ ലൈനും, ഗിവ് വേ സൈനും, ലൈന്‍ ചേഞ്ച്‌ ഇന്ഡിക്കേറ്ററും എന്ത്? എന്നറിയാത്ത പഴയ ഡ്രൈവര്‍മാര്‍ ഇനിയുണ്ടാവില്ല. "കുട്ടി" ഡ്രൈവര്‍മാരെ വീട്ടില്‍ അടക്കി നിര്‍ത്തേണ്ടതും നമ്മുടെ ബാധ്യതയാണ്.

മലയാളിയുടെ മാറിയ ഭക്ഷണക്രമം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളോ പുതു തലമുറയുടെ ഫിറ്റ്നസ് അവേര്‍നസ്സോ എന്തോ പുലര്‍കാലങ്ങളില്‍ റോഡുകളില്‍ ജോഗിംഗ് ചെയ്യുന്നവരുടെയെന്നം മുന്പില്ലാത്തതില്‍ അധികമാണ്. പായുന്ന ടിപ്പര്‍ലോറിയുടെ കാറ്റടിച്ചാല്‍ വീണുപോകുമെന്ന് ഭയപ്പെട്ട് പ്രഭാത/സയാഹ്ന സവാരി നിര്‍ത്തിയ വൃദ്ധര്‍ പരിതപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍, ജോലിക്കുപോകുന്ന അച്ഛന്‍, അമ്മ, ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, സഹോദരി ഇവരൊക്കെ നിത്യേന തൂത്തു മാറ്റപ്പെടുന്ന  "നാലായിരത്തില്‍ ഒരാളാകാതെ" ഓരോ വൈകുന്നേരവും സുരക്ഷിതരായി  തിരികെയെത്തുന്നു എന്നത് ഭാഗ്യവശാല്‍ മാത്രമാണെന്ന് നമ്മുടെ റോഡുകളെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ മനസിലാകും. 

വീട്ടിലും സമൂഹത്തിലും, എഴുത്തിലും വായനയിലും വെളിപ്പെടുന്ന  നമ്മുടെ വ്യക്തിത്വം തന്നെയാണ് റോഡിലും ഡ്രൈവറുടെ രൂപത്തില്‍ പ്രതിഫലിക്കുന്നത്. നാളെകള്‍ നമുക്കു ശുഭ പ്രതീക്ഷകളാണ് നല്‍കുന്നത്. "നാടു നന്നാവില്ല!" എന്ന പതിവ് പല്ലവി തെല്ലുനേരം അടക്കിപ്പിടിച്ച്, ഒരു അപകടത്തിന് ഞാന്‍ കാരണഭൂതനാകില്ല എന്ന ഉറച്ച വിശ്വാസത്തോടെ  കൈകോര്‍ക്കാം. കൈപ്പിഴ പറ്റാത്തവരില്ല. ഉള്വിളികളും പിന്‍വിളികളും നമ്മെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കട്ടെ.

54 comments:

  1. "നാടു നന്നാവില്ല!" എന്ന പതിവ് പല്ലവി തെല്ലുനേരം അടക്കിപ്പിടിച്ച്, ഒരു അപകടത്തിന് ഞാന്‍ കാരണഭൂതനാകില്ല എന്ന ഉറച്ച വിശ്വാസത്തോടെ കൈകോര്‍ക്കാം.

    Good One.

    ReplyDelete
  2. അത്ഭുതമെന്ന്‍ പറയട്ടെ. ഇക്കുറി ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ റോഡ് നല്ല കുട്ടപ്പനായികിടക്കുന്നു. മരുന്നിനുപോലുമില്ല ഒരു ചെറുകുഴി. മാത്രമല്ല ആറ്റിങ്ങലില്‍ നിന്നും പുത്തന്‍ പാലം വഴി ഞാന്‍ നെടുമങ്ങാടു പോകുകയുണ്ടായി. പ്രസ്തുതറോഡില്‍ കൂടി മുന്‍പ് പോയിട്ടുള്ള ദുരന്താനുഭം മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നെങ്കിലും മറ്റു മാര്‍ഗ്ഗമില്ലാതെ ആ വഴി തിരഞ്ഞെടുക്കേണ്ടി വന്നു. പക്ഷേ നല്ല ക്ലീന്‍ റോഡ്. ഒരു ചാട്ടവും കുലുക്കവുമില്ലാതെ ഞാന്‍ പ്രതീക്ഷിച്ചതിന്റെ നാലിലൊന്നു സമയം പോലുമെടുക്കാതെ നെടുമങ്ങാടെത്തിയത് എന്നെ വണ്ടറടിപ്പിച്ചു എന്നു പറഞ്ഞാല്‍ മതിയല്ലോ..

    ReplyDelete
    Replies
    1. ശരിയാണ് ശ്രീക്കുട്ടാ,ഒട്ടുമിക്ക റോഡുകളും നന്നാക്കിക്കഴിഞ്ഞു,അല്ലാത്തവയുടെ പണി നടക്കുന്നു.കൊള്ളാം.

      Delete
    2. അതെ,
      ഇത്തവണ യാത്ര ചെയ്ത എല്ലാ റോഡുകളും സുന്ദരമായിരുന്നു.അതുകൊണ്ടുതന്നെയാണ് ഞാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കുറ്റപ്പെടുത്താതെ പൌരധര്‍മ്മത്തെക്കുറിച്ച് കൂടുതല്‍ ഓര്‍മ്മപ്പെടുത്തിയത്‌.

      Delete
    3. Yes,sree is right !! But still some places not improved that much!!

      Delete
  3. റോഡ് വേണം,ടോള്‍ പാടില്ല. സ്വകാര്യ കുത്തകമുതലാളിയെ അടുപ്പിക്കരുത്,എല്ലാം സര്ക്കാര്‍ ചെയ്യണം. നികുതി കൂട്ടരുത്,ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കണം. റോഡ് വീതി കൂട്ടണം ,എന്‍റെ സ്ഥലം എടുക്കാന്‍ പാടില്ല. ജനം ഇങ്ങിനെയൊക്കെ പറയുന്നതും ആശിക്കുന്നതും മനസ്സിലാക്കാം. അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ബാധ്യതയുള്ള രാഷ്ട്രീയ നേതൃത്വം നാണംകെട്ട അവസരവാദ നിലപാടെടുക്കുന്നത് ആണ് യഥാര്‍ത്ഥ വിപത്ത്.

    ReplyDelete
  4. Josu you have done good job against watching and writing about our Road Accident. Actually I am also blaming the Govt.systems at the same time we have to do some good manners in the road. If I will drive safely I am saving one man's life. Anyway Josu GOOD ARTICLE.

    ReplyDelete
  5. നമ്മള്‍ക്ക് നമ്മളെ കാര്യം വലുത് എന്ന ചിന്തയാ വണ്ടീന്നിറങ്ങി റോഡരികില്‍ നില്‍ക്കുമ്പോള്‍ മുമ്പില്‍ വേഗതയില്‍ പോകുന്ന വണ്ടിക്കാരനെ തെറി പറഞ്ഞു ശപിക്കും അത് കഴിഞ്ഞു നമ്മള്‍ വണ്ടിയില്‍ കയറിയാലോ അതിലും വേഗത്തില്‍ പോവും അതാണ്‌ ലോകം നന്നാക്കണം നന്നാക്കണം എന്ന് പറയും നന്നാവാന്‍ തയ്യാര്‍ ആവാന്‍ മനസ്സുമില്ല കേരളത്തിലെ റോഡിന്‍റെ ഇന്നത്തെ തകര്‍ച്ചക്ക് ഉള്ള ഏറ്റവും വലിയ കാരണം ആണ് വെള്ളം പോകാന്‍ ഉള്ള സംവിദാനം ഇല്ലാത്തത് ഇത് സര്‍ക്കാര്‍ ഉണ്ടാക്കിയാലും എന്‍റെ വീടിനു മുന്പില്‍ ഉള്ളത് ഞാന്‍ തന്നെ ചവര്‍ ഇട്ടു നിറയ്ക്കും പിന്നെ എന്‍റെ വീടിനു മുന്പില്‍ തന്നെ വെള്ളം കെട്ടി നില്‍ക്കും ആ വെള്ളത്തിലൂടെ വണ്ടി പോകുമ്പോള്‍ ആ റോഡ്‌ പൊളിയും ഇത് എനിക്ക് കൂടെ ഉള്ളതാണ് എന്ന ബോധം ഇല്ല എന്നതാണ് ഇവിടുത്തെ പ്രശനം

    ReplyDelete
  6. സുഖകരമായ സഞ്ചാരം ഒരു പ്രധാന വിഷയം തന്നെയാണ്. നാലടി വീതിയുള്ള റോഡുകൾ എന്നു ഗതാഗതകുരുക്കാണ്. അത്യാവശ്യത്തിന് മെഡികൽ സഹായത്തിന് എത്തിപെടാൻ പോലുമാകുന്നില്ല. വികസനത്തിന്റെ അടിസ്ഥാന ആവശ്യമാണ് റോഡുകൾ. റോഡ് വികസനത്ത് തടസ്സം നിൽക്കുന്നവർ സ്വാർത്ഥന്മാരാണ്. അവരുടെ സംഘടനയുടെ ഭൂമി തുടങ്ങിയ ചെറിയവിഷയങ്ങളെ അജണ്ടകളാക്കി ഹൈവേ വികസനത്തിന് വിലങ്ങുതടിയാവുന്നവരെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കൂടാതെ എന്തിനും ഏതിനും ഭരണപക്ഷവും പ്രതിപക്ഷവും നോക്കി ഇടപെടുന്ന രീതി കേരളീയർ മാറ്റണം, എങ്കിൽ നാട് താനെ നന്നാവും.

    ReplyDelete
    Replies
    1. @ സുമേഷ്,
      @ ശ്രീക്കുട്ടന്‍,
      @ ഷബീര്‍,
      @ ജോര്‍ജേട്ടന്‍,
      @ എബി,
      @ കൊമ്പന്‍,

      @ യൂസഫ്‌ ഭായി,
      അല്പകാലം വൈകിയാലും തീര്‍ച്ചയായും എന്നെങ്കിലും നമ്മുടെ റോഡുകള്‍ വികസിക്കുക തന്നെ ചെയ്യും. "ആദ്യം റോഡു ഉണ്ടാക്ക്, പിന്നെ ഞങ്ങള്‍ മര്യാദക്ക് വണ്ടിയോടിക്കാം" എന്ന് പറയുന്നതിലും നല്ലത് നിലവിലുള്ള സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി നിയമം പാലിച്ച് മുന്നോട്ടു പോകാമെങ്കില്‍ മികച്ച റോഡുകള്‍ ഭാവിയില്‍ വരുമ്പോള്‍ ഇവിടം സ്വര്‍ഗ്ഗ തുല്യമാകും എന്നത് ഒരു പ്രതീക്ഷയാണ്.

      Delete
  7. ആദ്യം നമ്മൾ മാറണ്ടേ, പിന്നെ അല്ലെ മറ്റുള്ളവൻ, എന്നതു തന്നെ ,
    ഇന്ന് നമ്മുടെ റോഡുകൾ കുറയേറെ ഒക്കെ മെച്ചപെട്ടത്ത് തന്നെ

    ReplyDelete
  8. കാലിക പ്രസക്തിയുള്ള പോസ്റ്റ്‌.. പക്ഷെ നമുക്ക് എന്നേ നഷ്ടമായ അച്ചടക്കം തിരിച്ചു വന്നാലേ കാര്യമുള്ളൂ.. നമ്മുടെ അച്ചടക്കം ഇല്ലായ്മയാണ് റോഡിലും പ്രതിഫലിക്കുന്നത്.. അത് മൂലം പോലിയുന്നതോ .. വിലയേറിയ ജീവനുകളും.. റോഡ്‌ നന്നാവണം.. കൂടെ നമ്മളും..

    ReplyDelete
  9. കാലിക പ്രസക്തിയുള്ള ഒരു വിഷയം എന്നാ നിലയില്‍ അഭിനന്ദനം അര്‍ഹിക്കുന്നു ഈ പോസ്റ്റ്‌.....

    ReplyDelete
  10. "നാളെകള്‍ നമുക്കു ശുഭ പ്രതീക്ഷകളാണ് നല്‍കുന്നത്. "നാടു നന്നാവില്ല!" എന്ന പതിവ് പല്ലവി തെല്ലുനേരം അടക്കിപ്പിടിച്ച്, ഒരു അപകടത്തിന് ഞാന്‍ കാരണഭൂതനാകില്ല എന്ന ഉറച്ച വിശ്വാസത്തോടെ കൈകോര്‍ക്കാം. കൈപ്പിഴ പറ്റാത്തവരില്ല."
    നന്നായിരിക്കുന്നു ലേഖനം.
    പണ്ടൊക്കെ വീടുവെക്കുമ്പോള്‍ നടവഴി മതിയായിരുന്നു അല്പം അകലെ പണിയുന്ന വീടുകളിലേക്ക്..........ഇന്നോ?
    മാറ്റങ്ങള്‍ വരികയാണ്.അതോടൊപ്പം മാറണം....!
    ആശംസകള്‍

    ReplyDelete
  11. ഈ അവധിയ്ക്ക് നാട്ടില്‍ പോയപ്പോള്‍ ശ്രദ്ധിച്ചു. റോഡുകള്‍ പലതും നല്ല നിലവാരത്തിലുള്ളതാണ്. ട്രാഫിക് നിയമലംഘനമാണേറ്റവും വലിയ പ്രശ്നം. ഇതിനെക്കാള്‍ വാഹനസാന്ദ്രത കൂടിയ സിംഗപ്പൂര്‍ നഗരത്തില്‍ പലവര്‍ഷങ്ങള്‍ ജീവിച്ചിട്ടുണ്ട് ഞാന്‍, പക്ഷെ അവിടെ ട്രാഫിക് നിയമങ്ങളോട് ഭയവും ബഹുമാനവുമുണ്ട് ജനങ്ങള്‍ക്ക്. അതുകൊണ്ട് റോഡുകള്‍ കുരുതിക്കളമാകാറില്ല.

    ReplyDelete
    Replies
    1. @ ഷാജു,
      @ ഷാനവാസ് ഇക്കാ,
      @ വിനീത്,
      @ തങ്കപ്പന്‍ ചേട്ടാ,
      @ അജിത്തെട്ടാ,

      നമുക്കെല്ലാം അറിയാവുന്നപോലെ പുതിയ റോഡിനു സ്ഥലമെടുപ്പ് ഒരു വലിയ പ്രശ്നം തന്നെയാണ്. ഇന്നു പാടം നികത്തി റോഡ്‌ ആര്‍ക്കും പ്രശ്നമില്ലെങ്കിലും അത് പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും എന്ന് കുട്ടനാട് കണ്ടാല്‍ മനസിലാകും. ചില റോഡുകള്‍ നല്ലതാണ് എന്തുകൊണ്ട്?. ബി.ഒ.ടി. കരാറുകാരന് പ്തിനഞ്ഞും, ഇരുപതും വര്ഷം മേയിന്റൈന്‍സ് കൂടി ഉള്‍പെടുത്തി ടെണ്ടര്‍ വിളിച്ചവയാണ് അവ. അങ്ങനെ വൈകിയാണെങ്കിലും നമ്മുടെ റോഡു പരിപാലനത്തിന് ഏറ്റം നല്ല വഴി ഇതാണ് എന്ന് ഗവര്‍മെന്റ് മനസിലാക്കിക്കഴിഞ്ഞു.

      ഇനി ബാക്കിയൊക്കെ ചെയ്യേണ്ടത് ഡ്രൈവര്‍മാരാണ്.

      Delete
  12. കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് പുതിയ റോഡുകൾ നിർമ്മിക്കുകയും ഉള്ള റോഡുകൾക്ക് വീതി കൂട്ടുകയും ഒന്നും പ്രായോഗികമല്ല.ഭരണകൂടത്തിന്റെ ഒപ്പം നിന്ന് ഇതിനെല്ലാം ശ്രമിക്കുകയും ജനങ്ങളുടെ പക്ഷം നിന്ന് എതിർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന രാഷ്ടീയപാർട്ടികൾക്ക് ഇതറിയാം. ജോസെലെറ്റ് പറഞ്ഞതു പോലെ നെടുനീളൻ മേല്പാലങ്ങൾ നിർമ്മിച്ച് റോഡുകൾ നിർമ്മിക്കുക ഒരു പോംവഴിയാണ്. പക്ഷെ ഭീമമായ മുതൽമുടക്ക് വേണ്ടി വരും. സ്വാഭാവികമായും വളരെ ഉയർന്ന ടോൾ നിരക്കും വരും. മറ്റ് സമാന്തരപാതകൾ ഉള്ളപ്പോൾ നാം മലയാളികൾ കൂടുതൽ ചിലവുള്ള വഴി തിരഞ്ഞെടുക്കുമെന്ന് തോന്നുന്നില്ല. അപ്പോൾ ഭരണകൂടം നിലവിൽ ഫ്രീ ആയി ഉപയോഗിക്കാവുന്ന റോഡുകൾ അടച്ചു പൂട്ടുകയും മെയിന്റനൻസ് നടത്താതിരിക്കുകയും ചെയ്യും. ( അതാണ് തൃശ്ശൂർ എൻ എച്ച് 47 ലെ പാലിയേക്കര ടോൾ അനുഭവം പഠിപ്പിക്കുന്നത് ). അങ്ങനെ ടോൾ ജനങ്ങളുടെ മേൽ നിർബന്ധമായി അടിച്ചേല്പിക്കുന്ന അവസ്ഥ വരും.

    ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കുന്നതുകൊണ്ട്, സ്വകാര്യവാഹനങ്ങൾ അനിയന്ത്രിതമായി പെരുകുന്നത് നിയന്ത്രിക്കുക മാത്രമെ പോംവഴിയായി മുന്നിലുള്ളു. അതേ സമയം, ജനങ്ങളുടെ സഞ്ചാര ആവശ്യങ്ങൾ പെരുകുന്നതിനാൽ പൊതുഗതാഗത സംവിധാനങ്ങൾ അതിനനുസരിച്ച് ശക്തിപ്പെടണം. വാഹനങ്ങൾ അനിയന്ത്രിതമായി പെരുകുമ്പോൾ, ചില റോഡുകളിലെങ്കിലും സ്വകാര്യവാഹനങ്ങൾ നിരോധിക്കേണ്ടിയും വരും

    ReplyDelete
    Replies
    1. വളെരെ കൃത്യമായ നിരീക്ഷണം മനോജ്‌,
      ഞങ്ങള്‍ വസിക്കുന്ന ദുബൈയിലും പല റോഡുകളിലും ടോള്‍ ഉണ്ട്. എയര്‍പോര്‍ട്ട്, ഹോസ്പിറ്റല്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളിലേക്ക് നീളുന്ന ഒരു റോഡ്‌ എങ്കിലും എമെര്‍ജെന്‍സി ആവശ്യമെന്നോണം ട്രാഫിക് ഒഴിഞ്ഞു കിടക്കെട്ടെ എന്ന ആശയമാണ് അതിനു പിന്നില്‍. അല്പം പണം മുടക്കി ധൃതിക്കാരന് ആ വഴി ഉപയോഗപ്പെടുത്താം. നമ്മുടെ നാട്ടിലും ടോള്‍ ഒഴിവാക്കാന്‍ സമാന്തരമായി നിര്‍മ്മിക്കുന്ന ബൈപ്പാസ് റോഡുകള്‍ക്ക് നാലോ അഞ്ചോ കിലോമീറ്റര്‍ ദൈര്‍ഖ്യം കൂട്ടിയാല്‍ യാത്രികര്‍ക്ക് ഏത് ഉപയോഗപ്പെടുത്തും എന്നൊരു ഓപ്ഷന് തുനിയും. അങ്ങനെ മുതല്‍ മുടക്കിയ കരാറുകാരനും നഷ്ടമില്ലാതെ മുന്നോട്ടുപോകാം..

      റോഡുകളില്‍ ടോള്‍ വച്ച്, സ്വകാര്യവാഹനം ഉപയോഗിക്കുന്നവരെ നിരുത്സാഹപ്പെടുത്തുകയും പബ്ലിക് ട്രാന്‍സ്പോര്‍ത്ടിന്റെ അവൈലബിലിറ്റി കൂട്ടി കാര്യക്ഷമമായി സര്‍വീസ് നടത്തുകയും ചെയ്യുന്നതാണ് സ്വകാര്യ വാഹനങ്ങള്‍ നിരോധിക്കുന്നതിനേക്കാള്‍ പ്രായോഗികം. ടോളിനും, പെട്രോളിനും മുടിഞ്ഞ കാശ് കൊടുക്കാന്‍ തയ്യാരുള്ളവന്‍ മാത്രം സ്വന്തം വാഹനം ഉപയോഗിച്ചാല്‍ മതി എന്നൊരു അവസ്ഥ വരണം. സര്‍ക്കാരിന് വരുമാനവും കൂടും.

      Delete
  13. ഇനിയും മാറും നമ്മുടെ റോഡിന്‍റെ അവസ്ഥകള്‍... അതിനനുസരിച്ച് നിയമങ്ങളും വെക്തികളും മാറും... അപ്പോള്‍ അപകടങ്ങള്‍ കുറയും... ചേട്ടന്‍ പറഞ്ഞ പോലെ അര്‍ദ്ധദിന സെമിനാര്‍ നടക്കുന്നു എന്ന് അറിഞ്ഞതില്‍ ഒത്തിരി സന്തോഷം..

    ReplyDelete
  14. നാട്ടില്‍ പോയി വന്നൂ ല്ലേ :)

    ReplyDelete
  15. നന്നാകാനും നന്നാക്കാനും നമ്മളും ശ്രമിക്കണം..

    ഞാന്‍ നാട്ടില്‍ ചെന്നപ്പോള്‍ ഒരു റെഡ് സ്ഗിനലില്‍
    ട്രാഫിക്‌ കുറഞ്ഞപ്പോള്‍ അപ്പുറത്തെ വണ്ടി ക്രോസ്
    ചെയ്തു പോയി.ഞാന്‍ നിയമം അനുസരിക്കുന്ന ഒരു
    "വിഡി" യെപ്പോലെ നോക്കി നിന്നു ..അല്പം അകലെ ഒപ്പം
    എത്തിയപ്പോള്‍ അയാള്‍ ഗ്ലാസ്‌ താഴ്ത്തി എന്നോട് പറയുക ആണ്..
    അവിടെ ക്യാമറ ഒന്നുമില്ല പിന്നെ വണ്ടി ഇല്ലാത്തിടത്ത് നിങ്ങള്‍
    എന്തിന്നാണ് കാത്തു കെട്ടി കിടക്കുന്നത് എന്ന്???

    ട്രാഫിക് ആണെങ്കിലും കൊലപാതകം ആണെങ്കിലും
    പീഡനം ആണെങ്കിലും നിയമങ്ങള്‍ കടുത്തത്‌ ആവാതെ നമ്മുടെ
    നാട് നന്നാവില്ല... നന്നായി എഴുതി ജോസ്...

    ReplyDelete
  16. "നാടു നന്നാവില്ല!" എന്ന പതിവ് പല്ലവി തെല്ലുനേരം അടക്കിപ്പിടിച്ച്, ഒരു അപകടത്തിന് ഞാന്‍ കാരണഭൂതനാകില്ല എന്ന ഉറച്ച വിശ്വാസത്തോടെ കൈകോര്‍ക്കാം.
    ഒരു ചിന്ത.നന്നായി.

    ReplyDelete
  17. റോഡപടങ്ങളെക്കുറിച്ച് നിസർഗ്ഗത്തിൽ വന്ന പോസ്റ്റ് ഓർമ്മ വന്നു. ഇതു അതുപോലെ വളരേ പ്രസക്തം. കഴിഞ്ഞ മെയ് മാസത്തിൽ നാട്ടിൽ പോയപ്പോൾ കണ്ടത് പുതിയ, നല്ല റോഡുകൾ. കുണ്ടും കുഴികളും കാണാനില്ല. നല്ല നീക്കം, സന്തോഷം തോന്നി.

    പക്ഷേ റോഡപകടങ്ങളുടെ കാര്യമാലോചിക്കുമ്പോൾ വല്ലാത്ത ഞെട്ടൽ തന്നെയാണ്. റോഡുകളുടെ ശോച്യാവസ്ഥയും വാഹനങ്ങളുടെ അമിതവേഗതയും തന്നെ പ്രധാന വില്ലന്മാർ. വേഗത കുറക്കാൻ അധികാരികൾ ക്യാമറകളും പോലീസ് പട്രോളിംഗും ഏർപ്പെടുത്തി ശ്രദ്ധിക്കുന്നുണ്ട്. ബാക്കി, ജനങ്ങളാണ് അതായത് നമ്മളാണ് ശ്രദ്ധിക്കേണ്ടത്.

    ReplyDelete
  18. നമ്മുടെ നാടിനു താങ്ങാനാവുന്നത്തിലധികമാണ് നമ്മുടെ വികസനം. അതിനൊത്ത് വാഹനങ്ങളും. എന്നാല്‍ മാനസിക വികസനം നമുക്കൊട്ടുമില്ല താനും. അപകടങ്ങളുടെ വ്യാപ്തിക്കതൊരു കാരണമാണ്. ബദല്‍ മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചു നടപ്പാക്കേണ്ടിയിരിക്കുന്നു.
    നല്ല ലേഖനം ജോസ്‌. സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായ വളരെ പ്രസക്തമായ ഒരു വിഷയമെടുത്തു നല്ല രീതിയില്‍ എഴുതിയിരിക്കുന്നു

    ReplyDelete
  19. റോഡ്‌ നന്നാവണം; കൂടെ നമ്മളും :)

    ReplyDelete
  20. പ്രസക്തമായ ലേഖനം.

    വാഹനങ്ങളുടെ ആധിക്യം തന്നെയാണ് പ്രധാന പ്രശ്നമെന്ന് തോന്നുന്നു. ഇപ്പോള്‍ 'ടോള്‍' റോഡുകള്‍ നാട്ടിലും കൂടുതലായി വന്നു തുടങ്ങി. മിക്കവാറും നല്ല പോലെ അവര്‍ ചാര്‍ജ്ജ് ഈടാക്കുന്നുണ്ടെങ്കിലും യാത്രാസുഖം പരിഗണിയ്ക്കുമ്പോള്‍ അതൊരു കുഴപ്പമാണെന്ന് പറയാനുമാകില്ല.

    ReplyDelete
  21. റോഡിന്റെ അവസ്ഥയും നിയമപാലനവും കേരളത്തില്‍ കുറച്ചു ഭേദപ്പെട്ടിട്ടുണ്ടെന്നത് വളരെ ആശ്വാസകരം തന്നെ. ഇനി മാറേണ്ടത് നമ്മുടെ ചിന്താഗതി തന്നെ. എന്തിനെയും അന്ധമായി എതിര്‍ക്കുന്ന സ്വഭാവമാണ് ആദ്യം മാറ്റേണ്ടത്.

    ReplyDelete
  22. പറഞ്ഞത് ശരിയാണ് ..വികസനം വരണമെങ്കില്‍ ഒരു രാജ്യത്ത് ആദ്യം ഉണ്ടാകേണ്ടത് ഗതാഗത സൌകര്യം ആണെന്ന് എവിടെയോ വായിച്ചു. നമ്മുടെ രാജ്യത്തിന്റെ ഒരു സ്ഥിതി അനുസരിച്ച് കാര്യങ്ങളില്‍ കൂടുതല്‍ പണം മുടക്കാന്‍ ഇല്ലാത്തതുകൊണ്ട് ബി ഒ ടി വ്യവസ്ഥയാണ്‌ നല്ലത് . കേരളത്തിന്റെ അപേക്ഷിച്ച് തമിഴ്നാട്ടില്‍ റോഡുകളുടെ അവസ്ഥ മെച്ചമാണ് . മേല്‍പ്പാലങ്ങളും ഒക്കെയായി ..

    നമ്മുടെ ആളുകളും മാറണം . ഗള്‍ഫില്‍ ക്യാമറ പേടിച്ചു പതുക്കെ മര്യാദരാമന്മാര്‍ ആകുകയും പോലീസിനെ പേടിച്ചു വെള്ളമടിച്ചാല്‍ ഡ്രൈവിംഗ് വീല്‍ തൊടാതവരും നാട്ടിലെതുമ്പോഴും അങ്ങനെ തന്നെ ആയെ പറ്റു

    ReplyDelete
    Replies
    1. @ വിഗ്നേഷ്,
      @ ഫൈസല്‍,
      @ വിന്‍സെന്റ് ചേട്ടാ,
      @ റാംജിചേട്ടാ,
      @ അന്‍വര്‍,
      @ നിസ്സാര്‍,
      @ അമൃതംഗമായ,
      @ ശ്രീ,
      @ അരുണ്‍,
      @ ശശിയേട്ടാ,

      എല്ലാവരുടെയും അഭിപ്രായങ്ങള്‍ പ്രസകതമാണ്. സര്‍ക്കാര്‍ സൌകര്യങ്ങള്‍ നടപ്പിലാക്കി വരുമ്പോള്‍ സ്വാഭാവികമായും കാലതാമസം ഉണ്ടാവും. നമ്മുടെ കാഴ്ചപ്പാടില്‍ ആദ്യം മാറ്റം വരണം. പരസ്പര ബഹുമാനം റോഡില്‍ അത്യാന്താപെക്ഷിതമാണ്. അത് അപകടങ്ങള്‍ കുറയ്ക്കുകയെയുള്ളൂ...

      Delete
  23. ഗള്‍ഫില്‍ നിന്ന് വരുന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സ്ഥിരം പല്ലവിയാണ് "അയ്യോ ഇവിടത്തെ ഒക്കെ റോഡിന്‍റെ ഒരു കാര്യമേ." എന്ന്.
    ഇന്ത്യയിലും നല്ല എക്സ്പ്രസ്സ്‌ വേകള്‍ ഒക്കെയുണ്ട്. തലയ്ക്കു മുകളില്‍ ഓവര്‍ ഹെഡ്‌ എക്സ്പ്രസ്സ്‌ വേകളിലൂടെ പോകുന്ന വണ്ടികള്‍ കാണാന്‍ പോലും കഴിയാതെ അതിനു കീഴെ താമസിക്കുന്ന ഒരു പാട് പേരെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഓവര്‍ ഹെഡ്‌ എക്സ്പ്രസ്സ്‌ വേയുടെ പില്ലറുകള്‍ നാട്ടിയിരിക്കുന്നത് അവരുടെ കയ്യില്‍ ഉണ്ടായിരുന്ന ആകെയുള്ള ഭൂമിയില്‍ ആണ്...! പറയുമ്പോള്‍ അവരുടെ വീട് എക്സ്പ്രസ്സ്‌ വേയുടെ അടുത്താണ് . ഒരിക്കല്‍ പോലും സഞ്ചരിക്കാനോ ഒന്ന് കാണാനോ കഴിയാത്ത എക്സ്പ്രസ്സ്‌ വേയുടെ അരികില്‍.

    വികസനം വേണം. ആര്‍ക്കൊക്കെ വേണ്ടിയാകണം അത് എന്നുള്ളിടത്ത് ആണ് പ്രശ്നം...!
    വികസനം വരുമ്പോള്‍ കുറച്ചു പേര്‍ ഒക്കെ സഹിച്ചേ പറ്റൂ, പക്ഷേ സഹിക്കുന്ന ആള്‍ നിങ്ങള്‍ ആകുമ്പോഴും അത് തന്നെ പറയുമോ?

    ReplyDelete
    Replies
    1. തീര്‍ച്ചയായും വിഷ്ണു,
      പാവപ്പെട്ടവന്റെയും ശബ്ദമുയത്താന്‍ കെല്പ്പില്ലാത്താവന്റെയും നെഞ്ചത്ത് ചവുട്ടിയല്ല വികസനം കൊണ്ടുവരേണ്ടത്. മറ്റു പോം വഴികളില്ലാത്തപ്പോള്‍ അവക്കും കൂടി സ്വീകാര്യമായ ഇടങ്ങളില്‍ താമസ സൌകര്യങ്ങള്‍ ഒരുക്കിക്കൊടുക്കെണ്ടാതാണ്.
      (ഇന്നും പുകയടങ്ങാത്ത ചെങ്ങറ ഭൂസമരം ഒരു പാഠമാണ്.)

      Delete
  24. നിയമത്തെ മറ്റുള്ളവര്‍ ഒക്കെ മാനിക്കണം, ഞാന്‍ മാനിചില്ലെന്കിലും എന്നതാണ് പൊതുവേ മലയാളിയുടെ മനസ്സിലിരിപ്പ്‌. ഇത് റോഡ്‌ വിഷയത്തിലും പ്രതിഫലിക്കുന്നു. നന്നായി എഴുതി

    ReplyDelete
  25. കട തിണ്ണകളും വീട്ടുമുറ്റവുമെല്ലാം തട്ടി പൊളിച്ച്‌ റോഡ്‌ വീതി കൂട്ടലെന്ന കലാപരിപാടികൾ നമ്മടെ നാട്ടിൽ മാത്രല്ലാ ഇവിടേം നടന്ന് വരുന്നൂ..
    എന്നിട്ടെന്താ വീതി കൂട്ടിയ ഭാഗത്ത്‌ വണ്ടികൾ പാർക്ക്‌ ചെയ്ത്‌ പണ്ടത്തേക്കാൾ കഷ്ടതകൾ
    ഉണ്ടാക്കുന്നൂ..
    ചൂണ്ടി കാണിക്കാൻ നിന്നാൽ അത്തരം കാര്യങ്ങൾ മാത്രേ ഉള്ളു..
    മിണ്ടാണ്ട്‌ ഓരം നോക്കി നടക്കുന്നൂ...ഞാൻ

    നന്നായി ട്ടൊ..ആശംസകൾ.,!

    ReplyDelete
  26. നാമ്മ്ല്‍ നന്നായ ശേഷം നമ്മള്‍ ഭരണാദികാരികളെ നന്നാക്കാന്‍ തുനിഞ്ഞിറങ്ങിയാല്‍ റോഡും നന്നാവും നാടും നന്നാവും.

    ഒരു റോഡ്‌ പോസ്റ്റ്‌ ലിങ്കില്‍ കുത്തി ബായിക്കാം
    http://absarmohamed.blogspot.com/2010/12/blog-post_09.html

    ReplyDelete
  27. ഓരോ നാട്ടുകാര്‍ക്കും അവര്‍ അര്‍ഹിക്കുന്ന റോഡ്‌.
    റോഡ്‌ സുരക്ഷ മറ്റെന്തിനേക്കാളും പ്രധാനമാണ്.നല്ല ലേഖനം

    ReplyDelete
  28. മിക്ക റോഡുകളും നല്ല രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരിക്കുന്നു എന്നത് തന്നെയാണ് ഇത്തവണ നാട്ടില്‍ ചെന്നപ്പോള്‍ കണ്ട സന്തോഷകരമായ കാഴ്ച. കേരളത്തിലെ വാഹന ബാഹുല്യം നിയന്ത്രിക്കുന്നതെങ്ങിനെ? മാക്സിമം സര്‍ക്കാരിനു ചെയ്യാന്‍ കഴിയുക രണ്ടില്‍ കൂടുതല്‍ വാഹനം ഉള്ളവര്‍ക്ക് വല്ല അഡീഷനല്‍ ടാക്സോ മറ്റോ ചുമത്താന്‍ കഴിയുമായിരിക്കും. അതുകൊണ്ടൊന്നും കാശുള്ളവര്‍ വണ്ടി വാങ്ങാതിരിക്കില്ല. വാഹനാധിക്യമോ റോഡുകളുടെ ശോച്ച്യാവസ്ഥയോ അല്ല കേരളത്തില്‍ കൂടി വരുന്ന വാഹനാപകടങ്ങള്‍ക്ക് കാരണം. മറിച്ചു അമിത വേഗതയും മദ്യപിച്ചുള്ള വാഹനമോടിക്കലുമാണ് അപകടങ്ങള്‍ക്ക് മുഖ്യ ഹേതു. കേരളത്തില്‍ ഇന്ന് നടക്കുന്ന എല്ലാ ചടങ്ങുകളിലും മദ്യം ഒരു സ്റ്റാറ്റസ്‌ സിംബല്‍ ആയി കാണുന്നവരാണ് ഭൂരിഭാഗവും. ചടങ്ങ് കഴിഞ്ഞു മടങ്ങുന്ന മിക്കവാറും പേര്‍ ലക്കില്ലാതെ വാഹനമോടിച്ചു മടങ്ങുന്നത് ഞാന്‍ പല വട്ടം കണ്ടിട്ടുണ്ട്. അത് പോലെ തന്നെയാണ് യുവതയുടെ അമിത വേഗതയിലുള്ള ഷൈന്‍ ചെയ്യലും.

    ആയതിനാല്‍ എന്തിനും ഏതിനും ഭരണത്തെയും നിയമ വ്യവസ്ഥയേയും പഴിക്കാതെ സെല്‍ഫ്‌ ഡിസിപ്ലിന്‍ പാലിക്കുക എന്നതാണ് എല്ലാത്തിനുമുള്ള മുഖ്യ പരിഹാരം. വികസനം വേണ്ട വിധത്തില്‍ നടക്കുന്നതിനെ ആരും എതിര്‍ക്കുമെന്നു തോന്നുന്നില്ല. പക്ഷെ വികസനം ഭൂരിഭാഗം ജനതയുടെ താല്‍പര്യങ്ങളെ ഹനിച്ചു കൊണ്ടാണെങ്കില്‍ അത് സ്വാഭാവികമായും ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ചോദ്യം ചെയ്യപ്പെടില്ലേ? അതിനാണല്ലോ ഇവിടെ ഒരു പ്രതിപക്ഷ സംവിധാനം.

    പ്രസക്തമായ വിഷയം. ഈ വിഷയത്തില്‍ മുന്‍പ് വായിച്ച നിസാറിന്റെ പോസ്റ്റും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

    (പിന്നുര : നാട്ടില്‍ വല്ലവനും ബ്രീത്ത്‌ അനലയ്സര്‍ കാണിച്ചു പേടിപ്പിച്ചോ ജോസ്?)

    ReplyDelete
  29. @ സലാം ഭായി,
    @ വര്‍ഷിണി ടീച്ചര്‍,
    @ അബ്സര്‍ ഡോക്ടര്‍
    @ അക്ബറിക്ക,
    @ വേണുവേട്ടന്‍,



    മണല്‍ മാഫിയയുടെ ലോറികള്‍, അമിത വേഗമുള്ള ഇന്റര്‍സ്റ്റേറ്റ് വോള്‍വോ ബസ്സുകള്‍, ഇവയൊക്കെ രാത്രികാല റോഡ്‌ അപകടങ്ങളില്‍ മുഖ്യ പങ്കു വഹിക്കുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോകുക, മദ്യപിച് വാഹനമോടിക്കാന്‍ തുടങ്ങിയവയും മൂല കാരണങ്ങളാണ്. പകല്‍ പ്രൈവറ്റ് ബസ്സുകളുടെ മത്സരപ്പാച്ചില്‍, ഓവര്‍ ടെക്കിംഗ്, ഇവയില്‍ മരണപ്പെടുന്നത് ഏറെയും ഇരുചക്രവാഹനക്കാരാണ്.

    ഡ്രൈവര്‍മാര്‍ സെല്‍ഫ് ഡിസിപ്ലിന്‍ പാലിക്കണം എന്ന കാര്യത്തില്‍ തര്‍ക്കമില്ല, യാദൃശ്ചികമായി ഡ്രൈവിംഗ് ലൈസന്‍സ് അപേക്ഷകര്‍ക്ക് മികച്ച രീതിയിലുള്ള ഒരു ക്ലാസ് കൊടുക്കുന്നത് നേരില്‍ കണ്ടപ്പോള്‍ വളരെയേറെ സന്തോഷം തോന്നി. ഇങ്ങനെയെന്തെങ്കിലും നമ്മുടെ നാട്ടിലും നല്‍കിയിരുന്നെങ്കില്‍ എന്ന് നേരത്തെ തോന്നിയിരുന്നു. അല്ലാതെ എന്നെ ബ്രെത്ത് അനലൈസര്‍ പിടിപ്പിച്ചതല്ല പോസ്റ്റ്‌ എഴുതുവാനുള്ള കാരണം. :)

    ReplyDelete
    Replies
    1. പല രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ച റോഡുകള്‍ക്ക് സമാന്തരമായ നെടുനീളന്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ച്‌ മാത്രമേ ഇലക്കും മുള്ളിനും കേടില്ലാതെ സംഗതി പരിഹരിക്കാനാവൂ. നൂറുകോടി ജനങ്ങളുള്ള ഒരു വികസ്വര രാജ്യത്തിന്‍റെ സംസ്ഥാന ബജറ്റ് വിഹിതം കൊണ്ട് മാത്രം ഇതുപോലെയുള്ള വികസന സ്വപനം കാണുന്നത് വിഡ്ഢിത്തമാവും. അതേസമയം നമ്മുടെ നാട്ടില്‍ സ്വകാര്യ കമ്പനികളെക്കൊണ്ട് മുതല്‍മുടക്കിച്ച് പദ്ധതി നടപ്പിലാക്കി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടോള്‍പിരിച്ച് ലാഭം തിരികെയെടുക്കുന്ന കരാര്‍ വ്യവസ്ഥകള്‍ക്ക് ജനപക്ഷത്തു നിന്നുള്ള സ്വീകാര്യത ഉറപ്പുവരത്താന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലെ പാലങ്ങളും ടണലുകളും ഉള്‍പെടുന്ന വമ്പന്‍ ഹൈവേകള്‍, ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍, വാഹന പാര്‍ക്കിംഗ് ലോട്ടുകള്‍ തുടങ്ങിയവ ഇന്നും സാക്ഷാത്ക്കരിക്കുന്നത് പ്രസ്തുത രീതിയിലാണ്.
      അതെ റോഡ് വികസിച്ചാൽ രാജ്യവും വികസിക്കും..!

      Delete
  30. നമ്മള്‍ റോഡ്‌ നിയമങ്ങള്‍ പാലിച്ചാല്‍ തന്നെ പല അപകടങ്ങളും ഒഴിവാകും .ചിന്താര്‍ഹാമായ വിഷയം അവതരിപ്പിച്ചു .ചിലയിടങ്ങളില്‍ അക്ഷരത്തെറ്റ് കണ്ടു .പരിമിതികള്‍ അറിയാം എന്നാലും .പുച്ഛിച്ചു,ഖണ്ഡിച്ചു എന്നൊക്കെ വായിക്കുമ്പോള്‍ ഉള്ള ഒരു സുഖം ഒന്ന് വേറെ തന്നെയാണേ ..

    ReplyDelete
    Replies
    1. തിരുത്തിയിട്ടുണ്ട് സിയാഫ്,
      മനസ്സ് എത്തുന്നിടത്ത് കൈ എത്തുന്നില്ല എന്ന് പറഞ്ഞത് പോലെ, ചില അക്ഷരങ്ങള്‍ എന്‍റെ സിസ്റ്റത്തില്‍ കിട്ടുന്നില്ല. കോപ്പി പേസ്റ്റ് ചെയ്തു. നന്ദി.

      Delete
  31. നാലുവരിപ്പാതയുടെ പേരില്‍ മെയിന്റനന്‍സ് പോലും നടത്താനാവാതെ കിടക്കുന്ന റോഡിലൂടെയും, അതെ സമയം ഒന്നാന്തരം റോഡിലൂടെയും യാത്ര ചെയ്യാനുള്ള ഭാഗ്യം കിട്ടി. രണ്ടും കിടക്കുന്നത് കേരളത്തില്‍ തന്നെ.

    അഭിനന്ദനമര്‍ഹിക്കുന്ന നല്ല ലേഖനം ജോസ്ലെറ്റ്.

    ReplyDelete
  32. എന്ത് തുടങ്ങിയാലും.. ഓ.. നമ്മുടെ നാടല്ലെ, കൊറെ നടക്കും എന്നൊരു ഭാവം നമുക്കെല്ലാർക്കുമുണ്ട്.. റോഡ് വികസനമായാലും മറ്റെന്തായാലും നിശ്ചയധാർഡ്യവും പ്രതിബദ്ധതയുമുള്ള ഒരു ഭരണകൂടം ഉണ്ടെങ്കിൽ കുറെയൊക്കെ യാഥാർത്ഥ്യമാക്കാൻ കഴിയും.. ഏതൊന്നും വിജയത്തിലെത്തിക്കുന്നതിൽ ഉദ്യോഗസ്ത്ഥവൃന്ദത്തിന്റെ പങ്ക് വളരെ വലുതാണ്.. പക്ഷേ... നമ്മുടെ നാടല്ലേ.. കൊറേ നടക്കും......

    ReplyDelete
  33. ആദ്യമായാണ് താങ്കളുടെ ഇത്തരം ഒരു പോസ്റ്റ്‌ എന്റെ ശ്രദ്ധയില്‍ വരുന്നത്. നല്ല രചന, വളരെ നന്നായി തോന്നി, ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ എഴുതുക, അഭിനന്ദനങ്ങള്‍.

    ReplyDelete
  34. നല്ലൊരു വിഷയം കൈകാര്യം ചെയ്ത ലേഖനം ജോസെലെറ്റ്‌ . റോഡുകള്‍ കേരളത്തില്‍ കുറെയൊക്കെ നല്ലതായി കഴിഞ്ഞിരിക്കുന്നു . പക്ഷേ ആളുകളുടെ വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിക്ക് ഒരു മാറ്റവുമില്ല . തന്റെതുപോലെ തന്നെ മറ്റുള്ളവരുടെ ജീവനും വിലപ്പെട്ടതാണ് എന്ന ബോധത്തോടെ ഡ്രൈവ് ചെയ്യുന്നവര്‍ വിരളം . മാത്രമല്ല അപകടം ഉണ്ടാക്കുന്നവര്‍ക്ക് താരതമ്യേന ശിക്ഷയും കുറവാണ് .മദ്യപിച്ചു വാഹനമോടിക്കുന്നവരും കുറവല്ല . ആളുകളെ ബോധവത്കരിക്കുക എന്നുള്ളതാണ് ഇതിനൊരു മാര്‍ഗ്ഗം . കേരളത്തിലെ കുറെ പ്രധാന പാതകളില്‍ ഇപ്പോള്‍ സ്പീഡ്‌ നിയന്ത്രണം ശ്രദ്ധിക്കാന്‍ ക്യാമറ വെച്ചിടുണ്ട് . വണ്ടിയുടെ ഇന്‍ഷുറന്‍സ് പുതുക്കാനായി ചെല്ലുമ്പോള്‍ ഇതിനുള്ള പിഴ ഈടാക്കാനുള്ള പുതിയ സംവിധാനം നിലവിലുണ്ട് . എത്രയേറെ വികസനം വന്നാലും ശ്രദ്ധയുണ്ടാവണം ഓരോത്തര്‍ക്കും . അപകടങ്ങള്‍ ഒരുപരിധി വരെ കുറയ്ക്കാന്‍ അത് സഹായിക്കും .

    ReplyDelete
  35. വായിച്ച് അഭിപ്രായം എഴുതാതെ മാറ്റിവെച്ച പോസ്റ്റ്....
    അഭിപ്രായം എഴുതാതിരുന്നതിന് കാരണം എനിക്കീ കാര്യത്തിൽ അഭിപ്രായം ഇല്ല എന്നുള്ളതുകൊണ്ടാണ്. ട്രാഫിക് സേഫ്റ്റി ഒക്കെയുള്ള ഒരു നല്ല കാലം എന്റെ സ്വപ്നങ്ങളിൽ ഉണ്ട്. ഇന്നു നമ്മുടെ നാട്ടിൽ നടക്കുന്ന അഴിമതികളുടേയും , ജനതയുടെ മനോഭാവത്തിന്റേയും ട്രെൻഡ് വെച്ച് നോക്കുമ്പോൾ അങ്ങിനെ ഒരു നല്ല കാലം വരും എന്ന് എനിക്കു പ്രതീക്ഷയില്ല.

    ശ്രദ്ധേയമായ വിഷയമാണ് അവതരിപ്പിച്ചത്

    ReplyDelete
  36. പായുന്ന ടിപ്പര്‍ലോറിയുടെ കാറ്റടിച്ചാല്‍ വീണുപോകുമെന്ന് ഭയപ്പെട്ട് പ്രഭാത/സയാഹ്ന സവാരി നിര്‍ത്തിയ വൃദ്ധര്‍ പരിതപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്

    അനുബന്ധ വായന ഇവിടെ.

    http://prathapashali.blogspot.com/2010/12/blog-post_17.html

    ReplyDelete
  37. നല്ല സന്ദേശം...ഓരോ മനുഷ്യരും ഇങ്ങനെ ചിന്തിച്ചാല്‍ നാട് എന്നെ നന്നായേനെ

    ReplyDelete
  38. ഗതാഗതത്തിനു പൊതു സംവിധാനങ്ങളെ ആശ്രയിക്കുന്നതിനുള്ള മടി ആണ് ഇത്രയേറെ സ്വകാര്യ വാഹനങ്ങള്‍ പെരുകാന്‍ കാരണം ..വാഹന പെരുപ്പത്തിനു അനുസരിച്ച് റോഡുകള്‍ വികസിച്ചോ ? അതുമില്ല ..അതാണ്‌ ഇത്രയേറെ അപകടങ്ങളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നത് .

    ReplyDelete
  39. റോഡിന് വീതികൂട്ടാൻ തുടങ്ങുപോഴുള്ള പുകിൽ നമുക്കറിവുള്ളതാണ്.. എങ്കിലും കുറെയൊക്കെ ചെയ്തു.. വണ്ടിയോടിക്കുന്നവരുടെ സംയമനം അപകടങ്ങൾ ഒരു പരിധിവരെ കുറക്കാൻ പറ്റും..

    {ഇതിന് മുമ്പ് ഒരു കമന്റിട്ടിട്ടുണ്ടായിരുന്നു.. കാണുന്നില്ല :(}

    ReplyDelete
  40. നാലുവരിപ്പാതയുടെ പേരില്‍ മെയിന്റനന്‍സ് പോലും നടത്താനാവാതെ കിടക്കുന്ന റോഡിലൂടെയും, അതെ സമയം ഒന്നാന്തരം റോഡിലൂടെയും യാത്ര ചെയ്യാനുള്ള ഭാഗ്യം കിട്ടി. രണ്ടും കിടക്കുന്നത് നമ്മുടെ കേരളത്തില്‍ തന്നെ. നല്ല ലേഖനം

    ReplyDelete
  41. @ മുരളിയേട്ടന്‍,
    @ ജെഫു,
    @ താഹിര്‍,
    @ പ്രദീപ്‌ മാഷ്,
    @ രൂപ്സ്
    @ ശിവപ്രസാദ്‌
    @ നൌഷാദ് ഭായ്,
    @ ഷാഹിദ,

    അഭിപ്രായം അറിയിച്ചതിനു വളരെ നന്ദി. എന്തായാലും നാട്ടില്‍ വികസനത്തിന്റെ പേരില്‍ പണം ഒഴുകുന്നുണ്ട്. എന്തെങ്കിലുമൊക്കെ വഴിതെ നടന്നൂ ഇന്നും വരാം.എങ്കിലും ചില ചിന്തകള്‍ പറയാതിരിക്കാന്‍ ആവുന്നില്ല. ഒക്കെ ഒരു ശുഭാപ്തിവിശ്വാസം!!

    ReplyDelete
  42. നല്ല ഒരു ലേഖനം..ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം

    ReplyDelete
  43. This comment has been removed by the author.

    ReplyDelete
  44. ജോസേ, നേരത്തെ ഇവിടെ വന്നിതു വായി ചിരുന്നെങ്കിലും ഒരു കമന്റു വീശാന്‍ വിട്ടു പോയി, വീണ്ടും ഒരാവര്‍ത്തി വായിച്ചു, ഇന്നുണ്ടാകുന്ന റോഡപകടങ്ങളുടെ കണക്കുകള്‍ ഞട്ടിപ്പിക്കുന്നവ തന്നെ, വിശേഷിച്ചും നമ്മുടെ നാട്ടിലെ, സ്ഥിതിവിവരക്കന്ക്കുകളും മറ്റു വിവരങ്ങളും കോര്‍ത്തിണക്കിയ ഈ ലേഖനം തികച്ചും അറിവ് പകരുന്നതും ഒപ്പം നമ്മെപ്പറ്റി സ്വയം ഒന്ന് വിലയിരുത്തുന്നതിനും ഇത് സഹായിക്കും എന്നതില്‍ തര്‍ക്കമില്ല.
    എങ്കിലും ജോസ് പിന്നെയും ഒരു സംശയം ബാക്കി നമ്മുടെ "പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്ന കൊച്ചു പട്ടണത്തില്‍ ഒരാള്‍ക്ക് രണ്ടര വാഹനം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആളോഹരി അടിസ്ഥാനത്തില്‍ കേരളത്തില്‍ ഏറ്റം വാഹന സാന്ദ്രതയുള്ള സ്ഥലവും ഇതുതന്നെയാണ്." എന്ന് എഴുതിക്കണ്ടു ഇതില്‍ ഈ "രണ്ടര വാഹനം" എന്ന് പറഞ്ഞതിന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ല, അതായത് ഒരു കാറും രണ്ടു ഇരുചക്ര വാഹനങ്ങളും, അതായത് ഒരു ബൈക്കും ഒരു സൈക്കിളും എന്നാണോ? അതോ പിന്നെ ഒരു, ഒരു ചക്ര വാഹനവും എന്നാണോ അതോ? ഏതായാലും നമ്മുടെ ജന്മനാടിന്റെ ഒരു പുരൊഗമനമെ! ഹത് കൊള്ളാം അല്ലെ!!! സംഗതി നന്നായി പറഞ്ഞു കേട്ടോ. ആശംസകള്‍

    PS : ജോസ് ആ തലവാചകം ഉഗ്രനായി, അതെ നാമും വാഹനം ഓടിക്കുന്നവരും കുറേക്കൂടി ജാഗ്രത പാലിച്ചില്ലെങ്കില്‍ ഇവിടെ നമ്മുടെ റോഡുകളില്‍ ഇനിയും ജീവനൊഴുകും.. ഒരുകാലത്ത് നമ്മുടെ മന്ത്രിമാരായിരുന്നു ഈ മരണപ്പാച്ചില്‍ നടത്തിയിരുന്നതെങ്കില്‍ ഇന്ന് നാമെല്ലാവരും ഒരുമിച്ചത് ഏറ്റെടുത്തതു പോലൊരു തോന്നല്‍, എന്തിനു പറയണം ആര്‍ക്കും ആരയും തോല്‍പ്പിക്കണം എന്ന ഒരു മനസ്ഥിതി, ഇത് മാറിയെങ്കില്‍ മാത്രമേ നാം രക്ഷപ്പെടുള്ളൂ എന്ന് തോന്നുന്നു. വീണ്ടും കാണാം :-)

    ReplyDelete

Related Posts Plugin for WordPress, Blogger...