5.4.13

തലമുറകള്‍


ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് രവി ജംഗ്ഷനില്‍ ബസ്സിറങ്ങിയത്. വീട്ടിലേക്കുള്ള അടുത്ത വണ്ടിയ്ക്ക്  ഇനി മുക്കാല്‍ മണിക്കൂര്‍ കാക്കണം. ദിവസവും യാത്രകള്‍. പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിലാണ്.

നിരത്തുകളിലും കടത്തിണ്ണകളിലും തിരക്കൊഴിഞ്ഞിരിക്കുന്നു. പള്ളിയും പള്ളിക്കൂടവും ബാങ്കും പഞ്ചായത്താപ്പീസും കൃഷിഭവനും ചന്തയും ഇട്ടാവട്ടത്തുള്ള തന്‍റെ ടൌണ്‍. മാര്‍ക്കറ്റിലെയും ഗവര്‍മെന്റ് ആഫീസുകളിലെയും ഇടപാടുകള്‍ തീര്‍ത്ത് ഉച്ചയൂണിനു മുന്‍പ് ആളുകളെല്ലാം വീടുപറ്റുക ഈ നാടിന്റെ  മാത്രം പ്രത്യേകതയാണ്. ഇനി തെരുവ് ഉണരണമെങ്കില്‍ നാലുമണിക്ക് കലപിലയുമായി സ്കൂള്‍ കുട്ടികളെത്തണം.

“ഹോ! എന്തൊരു ചൂടായിത്.” 
സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച് പച്ചക്കറിയും പല വ്യഞ്ജനങ്ങളും  കുത്തിനിറച്ച തുണിസഞ്ചിയും തൂക്കി ഒരു സ്ത്രീ ആരെയോ പിരാകിക്കൊണ്ട് കടന്നുപോയി. ആയുസ്സിന്റെ നല്ലകാലം മരുക്കാറ്റിനോടോത്തു സഹവസിച്ച രവി അപ്പോഴാണ്‌ വെയിലിന്റെ  കാഠിന്യം ശ്രദ്ധിച്ചതുതന്നെ.

ഏതാനും നാളുകളായി  കണ്ടു പഴകിയതുകൊണ്ടാവാം ആരിൽ നിന്നും “എപ്പോള്‍ വന്നു? എന്നു പോണം?” തുടങ്ങിയ അരോചകങ്ങളായ കുശലാന്വേഷണങ്ങളില്ല. ദിവസങ്ങള്‍ക്ക് പഴയ വേഗതയില്ല. പണ്ട് അവധിക്ക് നാട്ടിലെത്തിയാല്‍ ബസ്സിന്റെ ടൈംടേബിള്‍ നോക്കാതെ ഓട്ടോ പിടിച്ചു വേഗം വീടു പറ്റുമായിരുന്നു. ഇന്ന് താന്‍ ഓരോ ചില്ലിക്കാശും അളന്നു തൂക്കുന്നു. എന്നാല്‍ നാട്ടില്‍ തുച്ഛമായ വേതനം പറ്റുന്നവര്‍പോലും പണം നിര്‍ലോഭം വലിച്ചെറിയുന്നു. തങ്ങളാണ് നാടിന്റെ പ്രതിച്ഛായ മാറ്റിയെന്ന് അഭിമാനിക്കുന്നവര്‍ പ്രവാസം കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ അമ്പരക്കുന്നു.

"ഹലോ രവി....” 
പരിചിതമായ ശബ്ദം. സ്റ്റേഷനറി ഗോപിക്കുട്ടനാണ്. അയാള്‍ക്കുമാത്രം ഒരു മാറ്റവുമില്ല. എന്നു കണ്ടാലും രണ്ടുവാക്ക് മിണ്ടാതിരിക്കില്ല. അയല്‍പക്കക്കാരനാണെങ്കിലും നിര്‍ഗുണനായ ഒരുവനുമായുള്ള സംസാരത്തിന് തനിക്ക് താത്പര്യമില്ല എന്നതാണ് സത്യം. പലപ്പോഴും തന്നെ മനപ്പൂര്‍വം ഒഴിവാക്കുന്നതാണെന്നു മനസിലാക്കുവാനുള്ള പ്രായോഗികബുദ്ധിപോലും പാവത്തിനില്ല എന്നതിലാണ് സഹതാപം.


നേരം പോകാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ പഴകിയ കെട്ടിടത്തിന്‍റെ കോണില്‍ അപശ്ശകുനം പോലെ നില്‍ക്കുന്ന ആ കടയുടെ ചായ്പ്പിലേക്ക് കയറി. സിമിന്‍റ് പാകിയ വരാന്തയുടെ തറ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഷെല്‍ഫില്‍ അലക്‌ഷ്യമായി കിടക്കുന്ന കുറെ നോട്ടുബുക്കുകള്‍. സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി വാങ്ങി വെച്ചിരിക്കുന്ന പെന്‍സില്‍, പേന, കളര്‍ പെന്‍സില്‍, ഇന്‍സ്ട്രമെന്റ് ബോക്സ് തുടങ്ങിയ സാമഗ്രികളുടെ കാലപ്പഴക്കം ഒറ്റനോട്ടം കൊണ്ട് തിരിച്ചറിയാം. ഗ്ലാസിന്റെ മുട്ടായ് ഭരണികളില്‍ പൊടി പറ്റിപ്പിടിച്ചിരിക്കുന്നു. പണ്ടെങ്ങോ മച്ചില്‍ നിന്നും തൂക്കിയ നീല വലയുടെ നാരങ്ങാ കൂട മാറാല പിടിച്ചു കിടക്കുന്നു. ആകെ പൌരാണികതയുടെ മണം തങ്ങിനില്‍ക്കുന്ന കട ശീതളപാനീയങ്ങളുടെയോ അതോ സ്റ്റേഷനറിയോ എന്ന് ആര്‍ക്കും സംശയം തോന്നാം.


പേരുകേട്ട ചേന്ദമംഗലം തറവാട്ടിലെ പ്രമാണിയായ ശങ്കരന്‍നായരുടെ ഒറ്റ പുത്രന്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്നത് സകലര്‍ക്കും അതിശയമാണ്. പെണ്ണുകെട്ടാന്‍ പ്രായമായപ്പോള്‍ മകന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവനാണ് എന്ന് വരുത്തുവാനാണ് കൌശലക്കാരനായ ശങ്കരന്‍നായര്‍ ടൌണില്‍  കടയിട്ടു കൊടുത്തത്. അല്ലാതെ വരുമാനം പ്രതീക്ഷിച്ചല്ല.

കുട്ടിക്കാലം മുതലേ നാലാള് കൂടുന്നിടത്ത് ചുറ്റി പറ്റി നില്‍ക്കാന്‍ ഗോപിക്കുട്ടന് ഇഷ്ടമാണ്. തോട്ടിക്കാല് പോലെ വളഞ്ഞുകുത്തിയ രൂപവും,  ചട്ടുകാലും, വിഡ്ഢിത്തങ്ങളും മൂലം എന്നും താനുള്‍പ്പെടുന്ന ചെറുപ്പക്കാരുടെ ഒരു നേരമ്പോക്കായിരുന്നു അയാള്‍. പ്രതാപശാലിയായ അച്ഛന്റെ പരിഹാസ്യനായ മകന്‍ എന്നത് വിരോധാഭാസം. ഇന്നു പ്രതാപമില്ല, ഭൂസ്വത്തില്ല, ശങ്കരന്‍നായരുമില്ല. എന്തൊരു വീഴ്ച !

തുരുമ്പിച്ച പച്ചനിറമുള്ള ഇരുമ്പു കസേരയില്‍ ഇരുന്ന് രവി ആ കടയുടെ കോലമാകെ നിരീക്ഷിച്ചു. ബിസ്സിനസ്സ് പച്ചപിടിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചിരിക്കണം. തൊട്ടടുത്ത കടകളിലെ തിരക്കുകള്‍ കണ്ട് ഒരുവിധപ്പെട്ട കച്ചവടമെല്ലാം പരീക്ഷിച്ചതിന്റെ പരിണിതഫലമാണ് ഈ കാണുന്നതൊക്കെ. പഴകിപ്പുഴുത്ത മധുരപലഹാരങ്ങളും സോഡാസര്‍ബത്തും മുട്ടായി ഭരണികളും പുറത്തെ എസ്. ടി. ഡി ബൂത്തും പരാജയത്തിന്റെ സ്മാരകങ്ങളായി നിലകൊള്ളുന്നു. 

 ആദ്യമായാണ്‌ താനവിടെ കയറുന്നത് എന്നോര്‍ത്ത്  രവിക്ക് അത്ഭുതം തോന്നി. തന്റെ മുന്നില്‍ നിസ്സാരനെന്നു തോന്നിയ ഒരുവനോടുള്ള അവജ്ഞ. അതിനപ്പുറം ഇയാള്‍ വിളിക്കുമ്പോഴൊക്കെ തിരക്കുപിടിച്ചു പായാനും മാത്രം എന്ത് മലമറിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിരുന്നത്‌? ഇന്നു ബസ്സ്‌ വരുന്നതുവരെ നേരം പോകാന്‍ മറ്റുമാര്‍ഗ്ഗമില്ലാത്തതുകൊണ്ട് എവിടെങ്കിലും അടിയേണ്ടത് തന്‍റെ ആവശ്യമാണ്. എങ്കിലും പണ്ട് ഈ സാധുവിനെ ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകാരുമൊത്ത് പരിഹസിച്ചതും അപമാനിച്ചതുമൊക്കെ മായാതെ മനസ്സിലുള്ളത് അലോസരപ്പെടുത്തുന്നു. അയാളതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ? പക ഉള്ളിലുള്ള  ഒരാള്‍ക്ക് ഇത്ര ഹൃദയവിശാലതയോടെ ഇടപെടുവാന്‍ സാധിക്കില്ല. 

സ്ഥാപനത്തിന്റെ പരിതാപകരമായ കിടപ്പിലേക്ക് കണ്ണോടിച്ചു കൊണ്ടിരുന്ന രവിയുടെ നോട്ടം ശ്രദ്ധിച്ച ഗോപിക്കുട്ടന്‍ പുഞ്ചിരിച്ചു. അല്പ നേരത്തേക്ക് ഇരുവരും സംസാരിച്ചില്ല. വല്ല സാമ്പത്തിക സഹായവും ചോദിക്കാനുള്ള പുറപ്പാടാണോ എന്നൊരു നിമിഷം രവി ഭയന്നു. പൊടുന്നനെ അയാളുടെ കണ്ണുകള്‍ നിറയുന്നതും മുഖം വിവര്‍ണ്ണമാകുന്നതും കണ്ടു. വിജനമായ നിരത്തിലേക്ക് മുഖം തിരിച്ച് അയാള്‍ സംസാരിച്ചു തുടങ്ങി.

"രവീ, തന്നെ കാണുമ്പോഴോക്കെ നമ്മുടെ കുട്ടിക്കാലം ഞാനോര്‍ക്കാറുണ്ട്‌. എന്‍റെ ജീവിതത്തില്‍ ആകെ ഞാന്‍ സന്തോഷിച്ച നിമിഷങ്ങള്‍ ആ കളിതമാശകളാണ്. ചേന്ദമംഗലത്തെ ശങ്കരന്‍നായരുടെ മകന് എന്തിന്റെ കുറവാണെന്ന് പലരും ചോദിക്കാറുണ്ട്. അച്ഛന്‍റെ തീരുമാനങ്ങളല്ലാതെ വീട്ടില്‍ മറ്റൊരു അഭിപ്രായമില്ലായിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഏത് ആഘോഷങ്ങള്‍ക്കും കാര്യക്കാരനായി അദ്ദേഹം ഉണ്ടാവും. അദ്ദേഹത്തിന്റെ പണവും സ്വാധീനവും കാര്യപ്രാപ്തിയും എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ ആ വക ഗുണങ്ങളൊന്നും എനിക്ക് കിട്ടിയിട്ടില്ല. ഒരിക്കല്‍ പോലും ബന്ധുവീട്ടുകളിലോ മറ്റു ചടങ്ങുകള്‍ക്കോ എന്നെ കൊണ്ടുപോയിട്ടില്ല. ചട്ടുകാലനായ മകനെ പൊതുസമക്ഷം പ്രദര്‍ശിപ്പിക്കുന്നത് അദേഹത്തിന് അഭിമാനക്ഷതമായിരുന്നു. നാട്ടിലെ മറ്റു പ്രമാണിമാര്‍ക്കും മാറിവരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മിക്കവാറും വീട്ടില്‍ വിരുന്നു സത്ക്കാരങ്ങളുണ്ടാവും. കുടിച്ചു കൂത്താടുന്ന സഭയിലേക്ക് സോഡയും സിഗരറ്റും എത്തിക്കുക എന്‍റെ ജോലിയായിരുന്നു. "കണ്ടില്ലേ ഒരുത്തന്‍, കാല്‍ക്കാശിനു വകയില്ലാത്തോന്‍. ഞൊണ്ടിക്കാലന്‍!" എന്നുപറഞ്ഞ് അവരുടെ മുന്‍പാകെ എന്നെ അധിക്ഷേപിക്കുക പതിവായിരുന്നു. ആദ്യമൊക്കെ ഞാന്‍ കരഞ്ഞു. പിന്നെ അതൊരു ശീലമായി. അതുകൊണ്ട് കൂട്ടുകാരും നാട്ടുകാരും കളിയാക്കുന്നത് എന്നെ വേദനിപ്പിച്ചിട്ടേയില്ല. പഠിക്കാന്‍ മണ്ടനായിരുന്നത് കൊണ്ട് എക്കാലവും വീട്ടില്‍ തന്നെ നില്‍ക്കേണ്ടി വന്നു. ഞാനൊരിക്കലും നല്ല കച്ചവടക്കാരനായിരുന്നില്ല. പാടത്ത് കൃഷി ചെയ്തു ജീവിക്കാമെന്ന വിശ്വാസം ഒരുകാലത്ത് എനിക്കുണ്ടായിരുന്നു. പക്ഷേ ഉത്സവവും വള്ളംകളിയും ധൂര്‍ത്തും കേസും കൊണ്ട് അച്ഛന്‍ ഉള്ളതു മൊത്തം വിറ്റുതുലച്ചു. നശിപ്പിച്ചതൊന്നും അദ്ദേഹം സമ്പാദിച്ചതല്ല. പാരമ്പര്യമായി  കൈമാറിക്കിട്ടിയ മുതലാണ്‌. ഇന്നു ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍ പോലും തലയുയര്‍ത്തി നില്‍ക്കാനാവാത്തത് കൊണ്ടാ സുഹൃത്തേ ഞാനീ ആളു കേറാത്ത പീടികയും തുറന്നിരിക്കുന്നത്."

തനിക്കറിയാവുന്ന ഗോപിക്കുട്ടനാണോ ഇതെന്ന് ഒരു നിമിഷം രവിക്ക് സംശയം തോന്നി. അയാള്‍ക്കും ഒരു നാക്കുണ്ടായിരുന്നോ? തന്റെ ഓര്‍മ്മയില്‍ ആരും അയാളെ സംസാരിക്കാന്‍ അനുവദിക്കുകയോ കേള്‍ക്കാന്‍ ക്ഷമ കാണിക്കുകയോ ചെയ്തിട്ടില്ല. അപ്പോഴും അയാള്‍ നിരത്തിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു.

"അല്ലെങ്കിലും വലിയ കാര്യപ്രാപ്തിയുള്ള തന്തമാരുടെ സന്തതികള്‍ ഏതെങ്കിലും ചൊവ്വുള്ളതായി കണ്ടിട്ടുണ്ടോ? ചാകുന്നത് വരെ പണപ്പെട്ടിയും പവറും അവര് വെച്ചൊഴിയില്ല. പൊതു സമക്ഷത്ത് സ്വന്തം മകന്‍പോലും തന്നെക്കാള്‍ കേമനാകുന്നത്  അംഗീകരിക്കാനാവാത്ത പെരുന്തച്ചന്റെ ഗണത്തില്‍ പെട്ടവരാ ഇവരൊക്കെ. പിന്നെ തലമുറകള്‍ക്കു വേണ്ടി സമ്പാദിച്ചു വെക്കുന്നതും വെറുതെയാ. അധ്വാനിക്കാതെ കൈവരുന്ന മുതല്‍ അവര്‍ ധൂര്‍ത്തടിച്ച് നശിപ്പിക്കും " 


സ്വന്തം കുടുംബം നോക്കാതെ നാട് നന്നാക്കാനിറങ്ങിയ പല കാര്യക്കാരെയും വൈകല്യങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും പരിഗണനയും സ്നേഹവും ലഭിക്കാതെ തന്നെപ്പോലെ ദുര്‍ഗതിയായ അവരുടെ മക്കളെയും അയാള്‍ ചൂണ്ടിക്കാട്ടി. പലതും സത്യമാണ്! 

ആ ഹൃദയത്തില്‍ കുഞ്ഞുനാളിലെ തറച്ച മുള്ളുകള്‍ എത്ര ആഴത്തിലാണ് മുറിവേല്‍പ്പിച്ചിരിക്കുന്നത്  എന്നോര്‍ത്ത് രവിക്ക് ഭീതി തോന്നി. പരിഹാസത്തിന്റെ ഒരായിരം മുള്ളുകള്‍ താനും സമ്മാനിച്ചിട്ടുണ്ട്. ഗോപിക്കുട്ടന് മാതമല്ല പലര്‍ക്കും! ആ നിമിഷം മുതല്‍ വല്ലാത്തൊരു കുറ്റബോധം അയാളെ വേട്ടയാടി. മനക്ലേശത്താല്‍ വിവശനായി ബസ്സ് കയറിയതും വീട്ടിലെത്തിയതും അറിഞ്ഞില്ല. ജീവിതത്തില്‍ ആദ്യമായി തന്നോടുതന്നെ പുച്ഛം തോന്നി. ഭാരം താങ്ങാനാവാതെ കാലുകള്‍ കുഴഞ്ഞ് കട്ടിലിലേക്ക് വീണു. 

താന്‍ ചതുപ്പിലെവിടെയോ വീണു പോകുന്നതും കഴുത്തോളം മുങ്ങിയപ്പോള്‍ ശ്വാസം കിട്ടാതെ കൈകാലിട്ടടിക്കുന്നതും സ്വപ്നംകണ്ട് നിശയുടെ പല യാമങ്ങളിലും അയാള്‍ ഞെട്ടിയെണീറ്റു. 

"ചേന്ദമംഗലത്തെ ആ ചട്ടന്‍ ഗോപിക്കുട്ടന്‍ ഇന്നലെ രാത്രി കെട്ടിത്തൂങ്ങി ചത്തു!"
രാവിലെ കാപ്പിയുമായി വന്ന അമ്മ പറഞ്ഞു. 

തനിക്കുള്ളിലെ രവി അതിനു മുന്‍പേ തൂങ്ങി മരിച്ചതിനാല്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അയാള്‍ വാവിട്ടുകരഞ്ഞു.
***
Related Posts Plugin for WordPress, Blogger...