ഊണുമേശയില്‍ നിന്നും
വലിച്ചെറിയപ്പെട്ട സ്റ്റീല്‍ പാത്രത്തിന്റെ കലമ്പല്‍ കേട്ടാണ് രവീന്ദ്രന്‍ ഞെട്ടിയുണര്‍ന്നത്.
ഉറങ്ങുകയായിരുന്നില്ല, വെറും മയക്കം. പ്രിയമില്ലാത്ത പ്രാതലിനെ ചൊല്ലിയാണ് മകന്റെ രോക്ഷപ്രകടനം. അസഭ്യ വര്‍ഷം എന്നും അമ്മയുടെ
നേര്‍ക്ക്. പുറത്ത് ബൈക്കുകളുടെ ‘പട..പട’ ശബ്ദം
കേട്ടപ്പോള്‍ കൊടുങ്കാറ്റിന്റെ വേഗത്തില്‍ അവന്‍ ഇറങ്ങിപ്പോയി. വീട് ശാന്തം.
അച്ഛന്റെ കണ്‍വെട്ടത്ത്
മകന്‍ തങ്ങാറില്ല. രണ്ടു ദിവസമായിക്കാണും അയാള്‍ അവനെ നന്നായൊന്നു കണ്ടിട്ട്. ഈ കൌമാരക്കാര്‍ക്കെല്ലാം
എന്താണ് പിണഞ്ഞത്? അവര്‍ക്ക് ലോകത്തോടു തന്നെ വെറുപ്പായിരിക്കുന്നു. ക്ഷുഭിത യൌവനങ്ങളാണ്
എക്കാലവും മാറ്റത്തിന്റെ ധ്വനി മുഴക്കിയിട്ടുള്ളതെന്നു ഘോഷിക്കാറുള്ള തന്നെയും
വേഗം വാര്‍ദ്ധക്യം ബാധിച്ചുവോ എന്നോര്‍ത്ത് രവി അത്ഭുതപ്പെട്ടു. അന്ന്‍ ലക്ഷ്യങ്ങള്‍ക്ക്
വേണ്ടിയായിരുന്നു തങ്ങളുടെ കലഹമൊക്കെ. കലാലയ കാലത്തെ സുഖകരമായ ചില സ്മരണകള്‍ ഒരു കുളിര്‍കാറ്റിനൊപ്പം
അയാളെ തഴുകി കടന്നുപോയി.
ചെമ്മണ്‍ വഴിയിലൂടെ പാഞ്ഞുപോയ മോട്ടോര്‍ ബൈക്കുകള്‍
ഉയര്‍ത്തിയ ആരവവും പുകപടലങ്ങളും തങ്ങിയെങ്കിലും അവ അകലേക്ക് പൊട്ടുപോലെ
മാഞ്ഞുപോകുന്നതും നോക്കി നില്‍ക്കുകയാണ് സുമ. വീട്ടിലുള്ളവരുടെ ചങ്കിടിപ്പുകള്‍
കേള്‍ക്കാന്‍ ഈ കുട്ടികള്‍ക്ക് ആകാത്തതെന്തുകൊണ്ടാണ്? ചെകിടടപ്പിക്കുന്ന ആ ശബ്ദം
കേള്‍ക്കുമ്പോഴൊക്കെ കുഴിമാടത്തിനരികില്‍ നിന്ന്‍ഏങ്ങലടിക്കുന്ന ഒരമ്മയുടെ രൂപമാണ്
മനസ്സില്‍. അന്ന് ബൈക്കോടിച്ചിരുന്ന കൂട്ടുകാരന്‍ പോയെങ്കിലും മരണമുഖത്തു നിന്ന്
രക്ഷപെട്ടത് തന്റെ മകനാണ്. ഇന്ന് അവന്‍ കോപപ്പെടുമ്പോള്‍ ആ മുഖത്ത് ബാക്കിയായ മുറിപ്പാടുകള്‍
തീര്‍ക്കുന്ന ക്രൂരഭാവത്തില്‍ അവള്‍ വിറക്കും. ഇത്രയൊക്കെയായിട്ടും ബൈക്ക്
വാങ്ങിക്കൊടുക്കാത്തതിലാണ് അവന്റെ പക മുഴുവനും. അച്ഛനു കമ്പനിയില്‍ നിന്ന് ലഭിക്കാന്‍
സാധ്യതയുള്ള തുകയുടെ കാര്യം പറഞ്ഞാണ് അവനെ സമാധാനിപ്പിക്കുക. ഒരുപക്ഷേ ആ പ്രതീക്ഷ
കൂടിയില്ലായിരുന്നെങ്കില്‍ ഇവന്‍ പണ്ടേ വീടുവിട്ടു പോയേനെ എന്ന് സുമ സംശയിക്കാറുണ്ട്.
എന്തു പറഞ്ഞു മനസ്സിലാക്കും ഇന്നത്തെ കുട്ടികളെ?
“അവനെ ഒന്നുപദേശിച്ചു
കൂടേ..?”സുമയുടെ ചോദ്യം മിക്കവാറും രവി കേട്ടില്ലന്ന് നടിക്കും.
പ്രായമേറുന്തോറും കുട്ടികള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെ
സവിശേഷ ഗുണങ്ങള്‍ ചിലര്‍ പകര്‍ത്താറുമുണ്ട്. ഏതായാലും ഒരു കൌമാരക്കാരനെ ആകര്‍ഷിക്കുന്ന ഹീറോയിക്
പരിവേഷമോന്നും ഇന്ന് തനിക്കില്ലന്ന്‍ രവിക്കറിയാം. അവന്റെ സാമ്പത്തിക ആവശ്യങ്ങള്‍
നിറവേറ്റിക്കൊടുക്കാനുള്ള ശേഷിയുമില്ല. ഓരോരുത്തരുടെയും നിസ്സഹായതകളാവാം
ജീവിതത്തോടു തന്നെയുള്ള നിസ്സംഗതയായി പരിണമിക്കുന്നത്. പണ്ട് കുട്ടികളുടെ ആഗ്രഹങ്ങള്‍
പരിമിതങ്ങളായിരുന്നു. അവര്‍ക്ക് പണം കിട്ടാനുള്ള വഴികളും കുറവായിരുന്നു. ഇന്ന്‍ വണ്ടിയില്‍
പെട്രോള്‍ നിറക്കാനും, പ്രിയപ്പെട്ട വസ്ത്രം വാങ്ങാനും, ഇഷ്ടമുള്ള ഹോട്ടല്‍ ഭക്ഷണം
കഴിക്കാനുമുള്ള വക അവര്‍ തന്നെ സംഘടിപ്പിക്കുന്നു. നാട്ടിലെ സദ്യവട്ടങ്ങള്‍
മുഴുവന്‍ കാറ്ററിംഗ് സര്‍വീസുകാര്‍ ഏറ്റെടുത്തപ്പോള്‍ കുട്ടിവിളമ്പുകാര്‍ക്കും ഭക്ഷണവും
കൂലിയും സുലഭം. എങ്കിലും കിട്ടുന്നതിനേക്കാള്‍ എത്രയോ അധികമാണ് പുതുതലമുറ ചിലവൊഴിക്കുന്നത്!
വൈകുന്നേരങ്ങളില്‍ അയല്‍പക്കത്തെ
കുട്ടികള്‍ വരുന്നതാണ് രവീന്ദ്രന് ഒരാശ്വാസം. അവര്‍ക്ക് അയാള്‍ രവിമാഷാണ്. മുറിവിട്ടു
പുറത്തിറങ്ങാത്ത ഒരാള്‍ ഈ ലോക കാര്യങ്ങളെല്ലാം കൃത്യമായി അറിയുന്നതില്‍
രക്ഷിതാക്കള്‍ക്കും അത്ഭുതം. കണക്കും ഇംഗ്ലീഷുമാണ് ട്യൂഷനെങ്കിലും സന്ദര്‍ഭോചിതമായി
കവിതയും സാഹിത്യവുമൊക്കെ ക്ലാസ്സില്‍ ഇടകലരും.
തേയ്ക്കാത്ത ചുവരോട്
ചേര്‍ന്നിരിക്കുന്ന ആ പഴഞ്ചന്‍ ടി.വിയാണ് അയാളുടെ കണ്ണും കാതും. ബോംബയില്‍ ജോലി
ചെയ്തിരുന്ന കാലത്ത് ഒരു വേനല്‍ അവധിക്ക് ജയന്തി ജനതാ എക്സ്പ്രസ്സില്‍ അയാള്‍ക്കൊപ്പം
നാട്ടിലെത്തിയതാണ് ആ വസ്തു. കാല്പപഴക്കം അതിലെ നിറങ്ങളെ അവ്യക്തമാക്കിയതോ പുഴയിലെ ഓളം
വെട്ടലുകള്‍ പോലെ ചിത്രങ്ങളെ ചാഞ്ചാടിക്കുന്നതോ ഒന്നും അയാളുടെ കാഴ്ചയെ ആലോസരപ്പെടുത്തിയില്ല.
ഒരു മജീഷ്യനില്‍ നിന്ന് ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന വിസ്മയങ്ങളെ സാകൂതം വീക്ഷിക്കുന്ന
കുട്ടിയെപ്പോലെ രവീന്ദ്രന്റെ ഇരുകണ്ണുകളും ആ ഇരുപത്തൊന്നിഞ്ചു ചതുരത്തില്‍ തറഞ്ഞു
നിന്നു. സത്യത്തില്‍ ആ വീട്ടിലെ ഉപയോഗശൂന്യമായ രണ്ടു വസ്തുക്കളില്‍ ഒന്ന് മാത്രമായിരുന്നു
ടിവി. മറ്റേത് അയാള്‍ തന്നെയായിരുന്നു.
കഴിഞ്ഞ പത്തു വര്‍ഷമായി പരസഹായം കൂടാതെ ചലിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ അയാള്‍
കട്ടിലില്‍ പറ്റിക്കിടക്കുകയായിരുന്നു.
കമ്പനിയിലെ
സ്ഥിരോത്സാഹിയായൊരു ഫോര്‍മാനായിരുന്നു അയാള്‍. ഏറെക്കാലത്തെ ആശുപത്രി വാസത്തിനൊടുവില്‍
ഇനി എണീറ്റു നടക്കാനാവില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് അയാള്‍ നാട്ടിലേക്ക് മടങ്ങിയത്.
പായലും പുല്ലും പടര്‍ന്ന അടിത്തറ കെട്ടിനുമേല്‍ ചുവരുകള്‍ ഉയര്‍ന്നത് കമ്പനി നല്‍കിയ
നഷ്ടപരിഹാര തുകകൊണ്ടും. എട്ടു വയസ്സുകാരനായ മകനൊപ്പം മഴയും വെയിലുമേല്‍ക്കാത്തൊരു
കൂരക്കു താഴെ രവീന്ദ്രനു സ്വസ്ഥമായി വസിക്കാന്‍
ഇടമൊരുക്കുക എന്നതു മാത്രമായിരുന്നു അന്ന് സുമയുടെ ആധി. ഇഷ്ടികയുടെ ചുവപ്പും തറയുടെ
പരുപരുപ്പും ജനല്‍പാളികളില്‍ തറച്ച പോളിത്തീന്‍
ഷീറ്റും പരിഷ്ക്കാരങ്ങള്‍ക്ക് വിധേയമാകാതെ നരച്ചും പൊട്ടിപ്പൊളിഞ്ഞും കാലത്തെ
അടയാളപ്പെടുത്തി.
അപ്രതീക്ഷിതമായാണ്
രവീന്ദ്രന്റെ പൂര്‍വകാല സുഹൃത്തുക്കള്‍ ഒരുമിച്ചെത്തി അയാള്‍ക്ക് വലിയൊരു സര്‍പ്രൈസ്
സമ്മാനിച്ചത്. നാട്ടിലെത്തുന്ന അവസരത്തില്‍ അവരില്‍ ചിലരൊക്കെ അയാളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.
വിക്ടോറിയ ടെര്‍മിനല്‍സിന്റെ പ്ലാറ്റ്ഫോമില്‍ തീവണ്ടി പുകച്ചുതള്ളിയ കഥാപാത്രങ്ങളെപ്പോലെ
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട് നിന്നതും ബാച്ചിലര്‍ റൂമിന്റെ വീര്‍പ്പുമുട്ടലില്‍
നിന്ന് വിടുതല്‍ തേടി വിലകുറഞ്ഞ മദ്യത്തിന്റെ ലഹരിയില്‍ ഉഴറിനടന്നതും നിലാവിലൂടെ
അരിച്ചിറങ്ങിയ ഗസലിന്റെ ശീലുകളുമൊക്കെ ആ കൂടിക്കാഴ്ചകളില്‍ അവര്‍ അയവിറക്കും.
ആദ്യമൊക്കെ കൂട്ടുകാര്‍ക്കു മുന്‍പില്‍ രവീന്ദ്രന്‍ വിതുമ്പിപ്പോകുമായിരുന്നു. പിന്നെ പിന്നെ, ആ ഓര്‍മ്മകളുടെ വള്ളിയില്‍
പിടിച്ചായി നടത്തം. ഉഷ്ണകാലത്ത് വെന്തും വിയര്‍ത്തും
വിണ്ടുകീറുന്ന ചര്‍മ്മം സമ്മാനിക്കുന്ന ശാരീരിക പീഡകള്‍ക്കിടയിലും അല്പായുസ്സുക്കളായ
വേദന സംഹാരികള്‍ നല്‍കുന്ന ചെറു മയക്കത്തിനിടെയിലും അയാള്‍ക്കു മാത്രം കേള്‍ക്കാവുന്ന
ശബ്ദത്തില്‍ മെഹബൂബും മുഹമ്മദ് റാഫിയും പാടിക്കൊണ്ടിരുന്നു.
കാറില്‍ നിന്നിറക്കിയ
വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടി കൂട്ടുകാര്‍ ചുമന്നു കൊണ്ടുവന്നു. പാക്കിംഗ് നീക്കി പുതിയ
LCD ടി.വിക്കായി മുറിക്കുള്ളില്‍ ഇടമൊരുങ്ങി. ആ നിമിഷത്തില്‍ എന്താണ് രവീന്ദ്രനില്‍
നിറഞ്ഞു നിന്നതെന്ന് കൃത്യമായി ഗണിക്കുക സാധ്യമല്ല, ആശ്ചര്യമോ പരിഭ്രമമോ? അത്ര ആഡംബരമുള്ള
ഒരു വസ്തു തന്റെ ചുറ്റുപാടിന് ഇണങ്ങില്ലെന്ന വിചാരം അയാളെ ആത്മസംഘര്‍ഷത്തിലാഴ്ത്തി.
എന്നാല്‍ ആ മനുഷ്യന്റെ ജീവിതത്തെ അല്പമെങ്കിലും ഉല്ലാസപ്രദമാക്കുന്ന ഘടകം ടി.വി
മാത്രമാണെന്ന് സുഹൃത്തുക്കള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. ഏറെ നാളുകള്‍ക്കുശേഷം, അന്നു
വൈകുന്നേരം വീട്ടുജോലിയുടെ ഭാരം ലഘൂകരിച്ച് ഭാര്യയും തന്റെ അടുത്തിരുന്നപ്പോള്‍ കൂട്ടുകാരുടെ സമ്മാനം അമൂല്യമാണെന്ന സത്യം
രവീന്ദ്രന്‍ തിരിച്ചറിഞ്ഞു.
പുതിയ കളിപ്പാട്ടം
കിട്ടിയ കുട്ടിയുടെ കൌതുകത്തോടെ അയാളുടെ വിരലുകള്‍ റിമോട്ടില്‍ ഓടിക്കളിച്ചു.
ഇപ്പോള്‍ കാഴ്ചകള്‍ക്ക് മിഴിവേറയാണ്. നിറമുള്ള കലാപങ്ങള്‍, നിറമുള്ള യുദ്ധ
രംഗങ്ങള്‍... യാഥാര്‍ഥ്യം അടുത്തുനിന്ന് വീക്ഷിക്കുംപോലെ വ്യക്തമാര്‍ന്ന
ചിത്രങ്ങള്‍! അപ്പോള്‍ ഊണുമുറിയില്‍
നിന്നും പാത്രങ്ങള്‍ വീണുചിതറുന്ന ശബ്ദം കേട്ടു. രാത്രിയുടെ സ്വച്ഛതയ്ക്ക് ഭംഗം
വരുത്തിക്കൊണ്ട് മകനെത്തിയിരിക്കുന്നു! പരുഷമായ വാക്കുകള്‍ ഉയര്‍ന്നു കേള്‍ക്കാം.
സുമയും വിട്ടുകൊടുക്കുന്നില്ല. കൊടുംകാറ്റിന്റെ ആരവം ഇതാ അയാളുടെ മുറിയുടെ പടിക്കലും
എത്തിയിരിക്കുന്നു. അരുത്! എന്ന്‍ അലമുറയിട്ടുകൊണ്ട് സുമ മകനെ കടന്നു
പിടിച്ചിട്ടുണ്ട്. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍
ചിതറിത്തെറിച്ച മനുഷ്യഭാഗങ്ങളിലേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്നു രവീന്ദ്രന്‍. രക്തംപുരണ്ട
ഒരു പാവക്കുട്ടിയെ ചവിട്ടിയരച്ച് കടന്നുപോകുന്ന പട്ടാള ബൂട്ടിന്റെ ക്ലോസപ്പിലേക്ക്
അതേ ഘനുള്ള ഒരു കാലുയര്‍ന്ന വരുന്നത് അയാള്‍ കണ്ടു. ഒറ്റ ചവിട്ടിന് LCD ടി.വിയുടെ
സ്ക്രീന്‍ തകര്‍ത്ത് മകന്‍ അച്ഛനെ പകയോടെ നോക്കി. നെറ്റിയിലൂടെ പടര്‍ന്നു കിടന്ന
മുടിയിഴകള്‍ക്കിടയിലൂടെ കത്തിജ്വലിക്കുന്ന അവന്റെ കണ്ണുകള്‍ ലഹരിയുടെ ഏതോ കയങ്ങളില്‍
മുങ്ങിക്കിടക്കുകയായിരുന്നു.
എട്ടാം നിലയുടെ
ഉയരത്തില്‍ നിന്ന് സ്കഫോള്‍ഡിങ്ങുകള്‍ക്കിടയിലൂടെ ഊര്‍ന്ന്, ഇരുമ്പ് തകിടുകളില്‍
തട്ടിത്തെറിച്ച് താഴേക്ക് നിപതിച്ച നിമിഷാര്‍ദ്ധത്തില്‍ അനുഭവപ്പെട്ടൊരു ശൂന്യത,
ഒരു തൂവലോളം ഭാരമില്ലായ്മ, ഭൂമിയോടു പറ്റിക്കിടക്കുന്ന കൃമിയുടെ നിസ്സാരത, ഒക്കെ
അയാള്‍ ഒരിക്കല്‍ക്കൂടി അനുഭവിച്ചു. നട്ടെല്ലിന്റെ കശേരുക്കള്‍ ഒടിയുന്ന ചെറിയ
ശബ്ദത്തിന് കാതോര്‍ത്ത് കിടക്കുമ്പോള്‍ ചോരയുടെ നനവ് പടരുന്നതറിയാല്‍ അയാളുടെ വിറയാര്‍ന്ന
വിരലുകള്‍ കിടക്കയില്‍ പരതിക്കൊണ്ടേയിരുന്നു.
(തസ്രാക്ക്.കോമില്‍ പ്രസിദ്ധീകരിച്ചത്)