Showing posts with label ബാലസാഹിത്യം. Show all posts
Showing posts with label ബാലസാഹിത്യം. Show all posts

22.11.17

ആരോടും പറയാത്തൊരു കാര്യം

ഞാനാരോടും ഇതുവരെ പറയാത്തൊരു കാര്യം പറയട്ടെ?

അമ്മ കരുതുംപോലെ എനിക്കീ പാവക്കുട്ടിയെ ക്രിസ്മസ് അപ്പൂപ്പൻ തന്നതല്ല. പിന്നെയോ? അതൊരു കഥയാണ്.

‘സ്‌കൂളടച്ചു കഴിഞ്ഞാൽ ഇഷ്ടം പോലെ കളിക്കാമല്ലോ ഇപ്പൊ മോൻ പഠിക്ക്’ എന്ന് പറഞ്ഞാണ് അമ്മ എന്നെക്കൊണ്ടു ഹോം വർക്ക് മുഴുവൻ ചെയ്യിപ്പിക്കുന്നത്. എന്നിട്ടോ? കഴിഞ്ഞ വലിയ അവധിക്ക് എന്നെ ആശാൻ കളരിയിലാക്കി. അക്ഷരം പഠിക്കാനാണെങ്കിലും അവധിക്കാലത്ത് കളരിയിൽ പോകാൻ എനിക്കിഷ്ടമല്ല. അപ്പുറത്തെ അമ്മുച്ചേച്ചിയുടെയും അപ്പൂസിൻ്റെയുമൊപ്പം കളിക്കാനാ എനിക്കിഷ്ടം.

ചിലപ്പോഴൊക്കെ വയറുവേദനയാണെന്നോ മറ്റോ കള്ളം പറഞ്ഞാലും അമ്മ സമ്മതിക്കില്ല. അങ്ങനെ ഒരു ദിവസം മടി പിടിച്ച് കളരിയിൽ ചെന്നപ്പോൾ ഇനി കുറച്ചു ദിവസം അവധിയാണെന്ന് ആൻറ്റിയമ്മ പറഞ്ഞു. ഹായ്! പെട്ടന്ന് വീട്ടിലേക്ക് ഓടിയാൽ അപ്പൂസിൻ്റെ കൂടെ കളിക്കാം. പക്ഷേ, ആശാട്ടിയമ്മക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ സങ്കടമായ്. പാവം.

വീടടുത്തപ്പോൾ ദാ നിൽക്കുന്നു ബസ്സ്സ്റ്റോപ്പിൽ അപ്പൂസും അമ്മുച്ചേച്ചിയും. അവർ അവധിക്കാലം ആഘോഷിക്കാൻ അമ്മ വീട്ടിൽ പോകുകാണത്രേ. കുറേ ദിവസം കഴിഞ്ഞേ ഇനി മടങ്ങി വരൂ. എനിക്കാകെ വിഷമമായി.


ഒരു ദിവസം. കളിക്കാൻ കൂട്ടുകാരാരുമില്ലാതെ ഞാൻ പസ്സിൽ അടുക്കിക്കൊണ്ടിരിക്കുമ്പോൾ മുറ്റത്തു നിന്നും വിളി കേട്ടു.


‘അമ്മാ വല്ലോം തരണേ.....’.




ഈ ഭിക്ഷക്കാർക്കൊന്നും അമ്മയുണ്ടാവില്ല. പാവങ്ങൾ. അയാൾ മിക്കവാറും വരാറുള്ളതാണ്. അപ്പോഴൊക്കെ ഞാൻ ഓടിപ്പോയി അമ്മയോടു പറയും.

‘ഈശോയുടെ രൂപത്തിനരികിൽ വെച്ചിരിക്കുന്ന ഡപ്പിയിൽ നിന്ന് രണ്ടുരൂപ എടുത്തു കൊടുക്ക്.’

അമ്മ പതിവായി പറയുന്നത് എനിക്ക് കാണാപ്പാഠമാണ്. ഞാനുടനെ സ്റ്റൂൾ വലിച്ചിട്ട് മുകളിൽ കയറി, തട്ടിലിരിക്കുന്ന കരടിക്കുട്ടൻ്റെ രൂപമുള്ള കുടുക്കയിൽ നിന്നും പൈസയെടുത്ത് അയാൾക്ക് കൊടുക്കും.

അന്ന് ഭിക്ഷക്കാരൻ വന്നപ്പോൾ എനിക്കെന്തോ അമ്മോട് പറയണന്നു തോന്നിയില്ല. ഒരു ഗ്ലാസ് താഴെയിട്ടു പൊട്ടിച്ചതിന് അല്പം മുൻപ് എന്നെ കുറേ വഴക്കു പറഞ്ഞു. അത് കയ്യിൽ നിന്ന് അറിയാതെ വഴുതിപ്പോയതാന്നു പറഞ്ഞിട്ടും അമ്മ കൂട്ടാക്കിയില്ല. എനിക്ക് സങ്കടമായി.
ഞാൻ അമ്മയോട് പിണങ്ങി. ഭിക്ഷക്കാരനു പൈസ കൊടുക്കാൻ എനിക്കറിയാം.

ഞാൻ ശബ്ദമുണ്ടാക്കാതെ ഡപ്പി തുറന്ന് പൈസയെടുത്തു. എന്നിട്ട് ചില്ലറത്തുട്ട് അയാൾക്കു കൊടുത്തു. പൈസ വെച്ചു നീട്ടുമ്പോൾ അയാൾ ചുറ്റും നോക്കിയിട്ട് പതിഞ്ഞ ശബ്ദത്തില് എന്നോടു ചോദിച്ചു;

'വരുന്നോ എൻ്റെ കൂടെ?'

എനിക്കപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആരെങ്കിലും എന്നെയൊന്നു പുറത്തു കൊണ്ടുപോയി ടൌണിലെ കളിപ്പാട്ടങ്ങളുടെ ആ പുതിയ കട ഒന്നു കാണിച്ചു തന്നിരുന്നെങ്കിലെന്ന് കുറേ നാളായി ആശിക്കുന്നു.

ഞാനിതൊക്കെ ആലോചിച്ചു നിൽക്കെ അയാളെന്നെ വാരിയെടുത്ത് പുറത്തേക്ക് പാഞ്ഞു. തിടുക്കത്തിൽ റോഡ് മുറിച്ചുകടക്കുമ്പോൾ വളവ് തിരിഞ്ഞു വന്നൊരു ബൈക്ക് അയാളെ ഇടിച്ചു! ഞാൻ തെറിച്ച് റോഡിനപ്പുറത്തേക്ക് വീണു. ഭിക്ഷക്കാരൻ്റെ കാലിലൂടെ വണ്ടിയുടെ ചക്രങ്ങൾ കയറിയെങ്കിലും ബൈക്കുകാരൻ നിർത്താതെ ഓടിച്ചുപോയി.

ഒരുവിധത്തിൽ തപ്പിത്തടഞ്ഞ് എണീറ്റപ്പോൾ എനിക്കൊന്നും പറ്റിയിട്ടില്ലെന്നു മനസ്സിലായി. ഭാഗ്യം! ഞാൻ അപ്പൂസിൻ്റെ വീട്ടിലേക്ക് ഓടി അവൻ്റെ അച്ഛനെ വിളിച്ചുകൊണ്ടുവന്നു. അപ്പൂസിൻ്റെ അച്ചൻ ഭിക്ഷക്കാരനെ ഉടനെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വീട്ടിൽ നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടു. ‘എന്തോന്ന്....’ വിളികേട്ട് ഞാൻ അമ്മയുടെ അത്തേക്ക് ഓടി. ഒന്നും അറിയാത്ത മട്ടിൽ അവിടെ പമ്മിക്കൂടി. വീണ്ടും വഴക്കു കിട്ടുമെന്ന പേടിയിൽ നടന്നതൊന്നും പറഞ്ഞില്ല.

നാളുകൾ ഏറെ കഴിഞ്ഞിട്ടും ആ ഭിക്ഷക്കാരനെ പിന്നെ കണ്ടില്ല.

കാത്തുകാത്തിരുന്ന് ക്രിസ്തുമസ് വന്നു. പടക്കങ്ങൾ പണ്ടേ എനിക്ക് പേടിയാ. പക്ഷേ കമ്പിത്തിരി ഒത്തിരിഇഷ്ടമാ. പാട്ടും ഡാൻസും ബാൻഡും ഒക്കെയായി കരോൾ സംഘങ്ങളെത്തും. മിക്കവാറും ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയാവും അമ്മയെന്നെ കരോൾ കാണിക്കുക. ആട്ടിടയന്മാരുടെയും മാലാഖയുടെയും രാജാവിൻ്റെയുമൊക്കെ വേഷം കെട്ടിയത് അടുത്ത വീടുകളിലെ ചേട്ടന്മാരാണെന്ന് എനിക്ക് മനസ്സിലാകുകേയില്ല. പിറ്റേന്ന് അമ്മുച്ചേച്ചി പറയുമ്പോഴേ അതു പിടികിട്ടൂ. പിന്നെ ‘പോടാ ബുദ്ധൂസെന്നു’ പറഞ്ഞെന്നെ കളിയാക്കും.

ക്രിസ്മസ് രാത്രി. അവസാനത്തെ കരോൾ സംഘം പിരിയുന്ന നേരത്ത് ഒരാളെൻ്റെ അരികിലെത്തി. അമ്മ പൈസയെടുക്കാൻ അകത്തു പോയിരുന്നു. അയാൾ ഒരു സമ്മാനപ്പൊതി എനിക്കു നീട്ടി. പരുപരുത്ത കൈകൾക്കൊണ്ട് എൻ്റെ കവിളിൽ തലോടി. എന്നിട്ട് ഒന്നും മിണ്ടാതെ മുടന്തി മുടന്തി ഇരുട്ടിലേക്ക് നടന്നു നീങ്ങി.

അയാൾ നൽകിയ പൊതി ഞാൻ കൌതുകത്തോടെ തുറന്നു. ഹായ്! അതിമനോഹരമായൊരു പാവക്കുട്ടി.

അമ്മ പറഞ്ഞു; ഇത് സാന്താക്ലോസ് കുട്ടികൾക്ക്‌ നൽകുന്ന സമ്മാനമാണെന്ന്. പക്ഷേ എൻ്റെ ഒരു കൂട്ടുകാർക്കും മിഠായിയല്ലാതെ മറ്റൊന്നും ക്രിസ്മസ് അപ്പൂപ്പന് കൊടുത്തിട്ടില്ല.

എനിക്കറിയാം ഇതാരാണ് സമ്മാനിച്ചതെന്ന്. നിങ്ങൾക്കറിയാമോ കൂട്ടുകാരേ?

23.3.16

സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ: ചില പരിചയപ്പെടുത്തലുകള്‍


കാലത്തിനൊപ്പം നടക്കുന്ന കഥകള്‍

മാറുന്ന കാലത്തിനൊപ്പം നടക്കുകയും കാലപ്പഴക്കമേല്‍ക്കാതിരിക്കുകയും ചെയ്യുന്ന രചനകളാണ് മികച്ച സാഹിത്യ സൃഷ്ടികളാകുന്നത്. പുതിയ കാലത്തിനപ്പുറത്തേക്കു കടക്കുന്ന വ്യത്യസ്തമായ 15 കഥകളുടെ സമാഹാരമാണ് ജോസ്‌ലെറ്റ് ജോസഫിന്റെ 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ'. ഒരു ബാലസാഹിത്യ കൃതി എന്നതിനപ്പുറം എല്ലാ പ്രായക്കാരെയും ഒരുപോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ഇതിലെ കഥകള്‍.

കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ സ്വാധീനം ചെലുത്തുവാനും ഉള്ളിലുള്ള കഴിവുകള്‍ക്ക് മിഴിവേകുവാനും നല്ല പുസ്തകങ്ങള്‍ക്ക് സാധിക്കും. ലോകത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കുവാനും നാടിന്റെ പാരമ്പര്യവും സംസ്‌കൃതിയും തിരിച്ചറിയുവാനും പ്രകൃതിയെയും മനുഷ്യനെയും ജീവജാലങ്ങളെയും സ്‌നേഹിക്കുവാനും പ്രചോദനം നല്‍കുന്നവയാണ് ഈ പുസ്തകത്തിലെ കഥകള്‍. ഇന്നിന്റെ കുട്ടികളെ, പ്രത്യേകിച്ച് വായനയില്‍നിന്ന് അകന്നുപോകുന്ന കൗമാരപ്രായക്കാര്‍ക്ക് ചുമതലാബോധവും തൊഴിലിന്റെ മഹത്വവുമൊക്കെ പകര്‍ന്നു നല്‍കുവാനും ദിശാബോധം നല്‍കാനും ഈ കൃതിക്ക് കഴിയുന്നുണ്ട്. 

കാലഘട്ടത്തിന് അനുസൃതമായി കുട്ടികളുടെ കാഴ്ചപ്പാടിലും കാര്യമായ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്നത്തെ കുട്ടിയുടെ ബൗദ്ധിക നിലവാരം 10 കൊല്ലം മുമ്പത്തെ അതേ പ്രായക്കാരനേക്കാള്‍ എത്രയോ മുകളിലാണ്. പുതിയ കാലത്തെ കഥകള്‍ ആ ബുദ്ധിയെ ബഹുമാനിച്ചുകൊണ്ടുള്ളവയാകണം. ദൃശ്യ മാധ്യമ രംഗത്തെ വളര്‍ച്ചയും സാങ്കേതികതയുടെ കുതിച്ചുചാട്ടവുമൊക്കെയായി കുട്ടികളുടേ അഭിരുചികള്‍ക്കുപോലും വളരെയേറെ മാറ്റം വന്നിരിക്കുന്നു. 'ഒരിടത്തൊരിടത്ത്' എന്നു തുടങ്ങുന്ന പഴഞ്ചന്‍ മുത്തശ്ശിക്കഥകള്‍ പുതുതലമുറയെ ആകര്‍ഷിക്കുന്നില്ല. അവരുടെ ചിന്തകളും ഭാവനകളും കാഴ്ചപ്പാടുകളുമൊക്കെ റിയാലിറ്റിഷോകളുടെ പുതിയ കാലത്തു തങ്ങിനില്‍ക്കുന്നു.

കഥകള്‍ വായിക്കുമ്പോള്‍ കുട്ടികള്‍ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ച് തങ്ങളുടെ ഭാവനാലോകത്ത് യഥേഷ്ടം വിഹരിക്കുന്നു. കുട്ടിക്കഥകളിലായാലും ആവശ്യത്തിലധികം ഉപദേശങ്ങള്‍ നിറക്കുന്നത് മടുപ്പുളവാക്കും. കുഞ്ഞുങ്ങളുടെ മരുന്നുപോലും മധുരകരമാവണമെന്നാണല്ലോ. ആതിരിച്ചറിവില്‍ പാകപ്പെടുത്തിയവയാണ് ഈ കഥകള്‍. ഏത് അപകടഘട്ടത്തിലും മനസ്സാന്നിധ്യം കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'ബോയ് ആന്റ് ദ ബലൂണ്‍', 'സ്വര്‍ണമത്സ്യം' സഹജീവിസ്‌നേഹവും ദയയും കാരുണ്യവും അവസരസമത്വത്തിന്റെ പ്രാധാന്യവും വിവരിക്കുന്ന 'ന്യൂസ് പേപ്പര്‍ ബോയ്', 'കടല്‍ക്കരയിലെ പെണ്‍കുട്ടി', 'ബര്‍ത്ത്‌ഡേ പാര്‍ട്ടി' തുടങ്ങിയ കഥകളും മികച്ച ഉദാഹരണങ്ങളാണ്.

ഭൂമിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും വസിക്കുവാനുള്ള അവകാശമുണ്ടെന്നും ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം അവരവരില്‍ നിക്ഷിപ്തമാണെന്നും 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ', 'സര്‍പ്പസൂത്രം', 'അത്ഭുതക്കാഴ്ചകള്‍ക്കപ്പുറം' എന്നീ കഥകളിലൂടെ വ്യക്തമാക്കുന്നു.
ബാലസാഹിത്യം എന്ന ലേബലിന് അപ്പുറം നില്‍ക്കുന്ന, വ്യത്യസ്ത മാനങ്ങളുള്ള 'അത്ഭുതക്കാഴ്ചകള്‍ക്കപ്പുറം' എന്ന ചെറുകഥയില്‍ എഴുത്തുകാരന്‍ കുറിക്കുന്നു; 'നമ്മള്‍ ജീവിക്കുന്ന സ്ഥലം തന്നെയാണ് ലോകത്തിലെ ഏറ്റവും മനോഹരം. ഏത് പാഴ്ഭൂമിയേയും സ്വര്‍ഗമാക്കി മാറ്റുന്നത് അവിടെ വസിക്കുന്നവരാണ്'.
അച്ഛനമ്മമാര്‍ക്കിടയിലെ കൊച്ചുകൊച്ചു പിണക്കങ്ങള്‍ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് 'സര്‍പ്പസൂത്രം' എന്ന കഥ കാട്ടിത്തരുന്നു. 'കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കെന്തിനാ വലിയവര്‍ ദേഷ്യപ്പെടുന്നത്' എന്ന കൊച്ചു ചോദ്യം വലിയവരെയും ചിന്തിപ്പിക്കും.
'വീ ഹെല്‍പ്', 'കുയില്‍', 'പ്രകാശം പരത്തുന്ന പ്രതിമകള്‍', 'കുട്ടികളുടെ റിപ്പബ്ലിക്' എന്നീ കഥകള്‍ കര്‍ത്തവ്യ ബോധവും അധ്വാനത്തിന്റെ മഹത്വവും ഓര്‍മപ്പെടുത്തുന്നു.
പിതാക്കന്മാരുടെ മദ്യപാനം എത്ര ആഴത്തില്‍ പിഞ്ചു ഹൃദയങ്ങളെ മുറിവേല്‍പ്പിക്കുമെന്ന് 'ന്യൂസ് പേപ്പര്‍ ബോയ്' എന്ന കഥയില്‍ ഹൃദയസ്പര്‍ശിയായി വിവരിച്ചിരിക്കുന്നു. 'ചുറ്റുമുള്ളതിനെ കാണാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് കണ്ണുകള്‍ എന്തിനാണ്? സകലതിനേയും അവഗണിച്ചും പരിഹസിച്ചും നാം പായുന്നത് എങ്ങോട്ടാണ്?. കഥയിലെ ചില ചോദ്യങ്ങള്‍ എല്ലാവരുടേയും കണ്ണുതുറപ്പിക്കും. 'അപ്പുവിന്റെ നഗരക്കാഴ്ച്ചകള്‍' അത്തരം ഒരു ഉള്‍ക്കാഴ്ചയില്‍ നിന്നുണ്ടായ കരുണയുടെ ഉറവയാണ്. 

മലയാള ബാലസാഹിത്യലോകത്തിന്റെ മുത്തശ്ശി സുമംഗലയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' കുട്ടികളുടെ ബുദ്ധിയെ തൃപ്തിപ്പെടുത്തുകയും ഭാവനയെ ഉയരങ്ങളില്‍ എത്തിക്കുകയും പ്രായമേറിയവര്‍ക്ക് അവരുടെ മധുര ശൈശവത്തിലേക്കൊരു തിരിച്ചുപോക്കും സമ്മാനിക്കുമെന്നതും തീര്‍ച്ചയാണ്.

ഒരു ചെറിയ – 'വലിയ' പുസ്തകം തീര്‍ക്കുന്ന സാങ്കല്‍പ്പിക ലോകവും അത് സൃഷ്ട്ടിക്കുന്ന കരുത്തും മാസ്മരികതയും.
 
(മലയാളം ന്യൂസ് - സൗദി)

കുട്ടികള്‍ വായനയില്‍ അവരുടെതായ ഒരു സാങ്കല്‍പ്പിക ലോകം തീര്‍ത്ത്‌ അതിലെ ഇഷ്ടമുള്ള കഥാപരിസരങ്ങള്‍ കണ്ടെത്തി അവിടേക്ക് കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങുന്നു. കഥയുടെ ഗതിവിഗതിക്കള്‍ക്കൊപ്പം യാത്ര തുടരുമ്പോള്‍ ആകാംഷ തുടര്‍ പ്രയാണത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നു. കഥകളിലൂടെയുള്ള ഇത്തരം യാത്രകള്‍ പുതിയ അറിവുകളും ചില തിരിച്ചറിവുകളും നല്‍കുന്നതിനൊപ്പം സ്നേഹവും നന്മയും കുട്ടികളില്‍ ഉരുവം കൊള്ളാന്‍ കാരണമാകുന്നു.
മേല്‍പ്പറഞ്ഞതൊക്കെ സാധ്യമായായാല്‍ ഒരു ബാലസാഹിത്യ കൃതി ഏറെക്കുറെ അതിന്റെ ലക്‌ഷ്യം കണ്ടു എന്ന് അനുമാനിക്കാം. ഇത്തരത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിച്ച ഒരു ബാലസാഹിത്യ കൃതിയാണ് ജോസ്ലെറ്റ്‌ ജോസെഫിന്റെ ‘സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ’ എന്ന പുസ്തകം. അതുകൊണ്ടു തന്നെയാകാം ഈ പുസ്തകം ഓണ്‍ലൈന്‍ ഇടങ്ങളിലും ഓഫ്‌ലൈന്‍ കൂട്ടായ്മകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
സാധാരണ കുട്ടിക്കഥകളില്‍ കണ്ടുവരുന്ന ഒരിക്കല്‍, ഒരിടത്ത് എന്നീ പഴഞ്ചന്‍ മുത്തശ്ശികഥാ കഥന ശൈലി ഉപേക്ഷിച്ച് തന്റെതായ രീതിയില്‍ കുട്ടികളെയും മുതിര്‍ന്നവരേയും കഥയ്ക്കൊപ്പം കൂട്ടാനുള്ള പ്രതിഭ ഈ എഴുത്തുകാരനുണ്ട് എന്ന് ‘സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ’ തെളിയിക്കുന്നു. അതിന്റെ മികവുറ്റ ഉദാഹരണങ്ങളാണ് ന്യൂസ്‌പേപ്പര്‍ ബോയ്‌, ബോയ്‌ ആന്‍ഡ്‌ ബലൂണ്‍ തുടങ്ങിയ കഥകള്‍.
അമ്മയ്ക്കൊപ്പം വഴിയെ നടന്നു പോകുന്ന കുട്ടി വഴിയരികില്‍ വീണുകിടക്കുന്ന ഒരാളെ കണ്ട് ” അമ്മേ…. ദേ ഒരാള്‍ കിടക്കുന്നു” എന്ന് പറഞ്ഞാല്‍ ഉത്തരമായി “മോന്‍ അങ്ങോട്ട്‌ നോക്കണ്ട…. അത് വല്ലവരും കള്ള കുടിച്ചു കിടക്കയാവും” എന്ന് പറയുന്ന നമ്മിലെ മാതാപിതാക്കളുടെ കണ്ണുകള്‍ സ്വന്തം കുഞ്ഞിന്റെ കണ്കള്‍ക്കൊപ്പം നന്മയുടെ മറ്റൊരു ലോകത്തേക്ക് തുറപ്പിക്കാന്‍ കഴിയും വിധം ബലമുള്ള സന്ദേശം ന്യൂസ്‌ പേപ്പര്‍ ബോയ്‌ എന്ന കഥ നല്‍കുന്നുണ്ട്.
ആകാംക്ഷാഭരിതമായൊരു ബലൂണ്‍ യാത്ര കഥാനായകനായ ബാലന് തുറന്നു കൊടുക്കുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്കപ്പുറം പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന തിരിച്ചറിവിനും ഒരു വലിയ തിന്മയുടെ ഉന്മൂലനത്തിനും അവന്‍ നിമിത്തമാകുന്നത് ‘ബോയ്‌ ആന്‍ഡ്‌ ദി ബലൂണ്‍’ എന്ന കഥയില്‍ ഉജ്വലമായി വിവരിച്ചിട്ടുണ്ട്.
സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ’ എന്ന കഥയില്‍ പുതിയ ലോകം പ്രകൃതിയേയും ജീവജാലങ്ങളെയും എങ്ങനെ കബളിപ്പിച്ചു ചൂക്ഷണ വിധേയമാക്കുന്നു എന്ന വലിയ പാഠം ഏറ്റവും ലളിതമായി ആലേഖനം ചെയ്യുന്നതില്‍ വിജയിച്ചിരിക്കുന്നു.

കഥകളെ തരം തിരിച്ചു പ്രതിപാദിക്കാന്‍ ഏറെയുണ്ടെങ്കിലും നീണ്ട ഒരു പുസ്തകനിരൂപണത്തിന് മുതിരുന്നില്ല. എങ്കിലും ഒന്നു തറപ്പിച്ചു പറയുന്നു, വ്യത്യസ്തമായ അനുഭവപാഠങ്ങളും നന്മയുടെ സന്ദേശങ്ങളുംകൊണ്ട് സമ്പന്നമായ പതിനഞ്ചു കഥകളുടെ ഈ സമാഹാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വായിച്ചു ആസ്വദിക്കാനാവും. ആകര്‍ഷകമായ കവറും കുട്ടികളെ കഥയിലേക്ക് പിടിച്ചടുപ്പിക്കു വിധം ഭംഗിയുള്ള ചിത്രങ്ങളും പുസ്തകത്തിന്റെ പകിട്ടാണ്. മലയാള ബാലസാഹിത്യരംഗത്തിന് ഒരു പിടി മികച്ച രചനകള്‍ സമ്മാനിച്ച കഥമുത്തശ്ശി സുമംഗലയാണ് അവതാരിക എഴുതിയിരിക്കുന്നത്. സി.എസ്.എസ് ബുക്ക്സ് തിരുവല്ല യാണ് പ്രസാധകര്‍.

ലാസ്റ്റ്‌ ബട്ട്‌ നോട്ട് ലീസ്റ്റ്:
നന്മയുടെ ലോകത്ത് സ്നേഹത്തെയും സാഹോദര്യത്തെയും കൂട്ടുപിടിച്ചു ജീവിക്കേണ്ട നമ്മുടെ കുഞ്ഞുങ്ങള്‍ മതം, രാഷ്ട്രീയം, ലൈംഗീക അരാജകത്വം തുടങ്ങി വിഷലിപ്തമായ വാര്‍ത്തകളിലേക്കും നിയന്ത്രണംവിട്ട നവമാധ്യമ ഇടങ്ങളിലെക്കും വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികള്‍ പരിസരങ്ങളെ പഠിച്ചെടുക്കുന്നു, കൌതുകകരമായ എന്തിലെക്കും ആകര്‍ഷിക്കപ്പെടുന്നു. അവിടെയാണ് ബുദ്ധി വികാസത്തിനനുസൃതമായി സ്നേഹവും സഹോദര്യവും സമൂഹനന്മയുമൊക്കെ അവരിലേക്ക് എത്തിക്കുന്ന പുസ്തകങ്ങളുടെ പ്രസക്തി. അത്തരം സ്നേഹസന്ദേശങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാനാകാതെ പോയാല്‍ നാളെ നമ്മള്‍ ദുഖിക്കേണ്ടി വരും. ആരുടെ മുന്നിലേക്കും കൂസലില്ലാതെ അവര്‍ തൊടുക്കുന്ന ചോദ്യശരങ്ങളില്‍ നാം വെന്തുപിടയാന്‍ ഇടവന്നേക്കാം. സഹാനുഭൂതിയോടെയും ഉള്‍ക്കാഴ്ചയോടെയും ലോകത്തെ കാണാന്‍ നന്മകളുടെ ലോകത്തേക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൈ പിടിച്ചു നടത്താന്‍ ഇത്തരം നിരവധി പുസ്തകങ്ങള്‍ ഇനിയും എഴുതപ്പെടെണ്ടതുണ്ട്.



23.5.15

കുട്ടികള്‍ക്കായ് ഒരു പുസ്തകം - സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ

പ്രിയപ്പെട്ടവരേ,

കുട്ടികള്‍ക്കായി ഒരു പുസ്തകമെന്ന സ്വപ്നം സഫലമാകുകയാണ്. 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' എന്ന ടൈറ്റിലില്‍ എന്റെ പതിനഞ്ചു ബാലകഥകള്‍ പ്രസിദ്ധീകരിക്കുന്നത് തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എസ്.എസ് ബുക്സ് ആണ്.


ഏതാണ്ട് രണ്ടുവര്‍ഷം മുന്‍പൊരു കൂടിക്കാഴ്ചയില്‍ കുട്ടികള്‍ക്കായ് നല്ല സന്ദേശമുള്ള കഥകള്‍ എഴുതാന്‍ പ്രേരണ നല്‍കിയത് സി.എസ്.എസിന്റെ എഡിറ്ററും സുഹൃത്തുമായ ബെഞ്ചി നെല്ലിക്കാലയാണ്. ബാലപ്രസിദ്ധീകരണങ്ങളിള്‍ വരയുടെ വിസ്മയം തീര്‍ക്കുന്ന കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യൂവിന്റെ ചിത്രങ്ങള്‍ പേജുകള്‍ക്ക് പകിട്ടേകുന്നു. കുട്ടികള്‍ക്ക് പ്രിയങ്കരിയായ മലയാളത്തിന്റെ കഥമുത്തശ്ശി സുമംഗലയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ഒരു തുടക്കക്കാരന്റെ കഥകള്‍ വായിച്ച് അഭിപ്രായം കുറിക്കാന്‍ ഔദാര്യം കാട്ടിയ ആ വലിയ മനസ്സിന് പ്രണാമം.

ബ്ലോഗില്‍ എഴുതി തുടങ്ങിയ കാലം മുതല്‍ 'പുഞ്ചപ്പാടത്തിനു' വെള്ളവും വളവും നല്‍കി പരിപോഷിപ്പിക്കുന്ന ഒരുപാടുപേരുണ്ട്. എല്ലാവരോടുമുള്ള നന്ദിയും സ്നേഹം അറിയിക്കട്ടെ.

സി.എസ്.എസിന്റെ തിരുവല്ല ഷോപ്പില്‍ നിന്ന്‍ നേരിട്ടോ തപാലിലോ നിങ്ങള്‍ക്ക് സ്വന്തമാക്കാം. Phone: 0469 – 2630389, 2634936, mobile: 9847381330
ഇന്ദുലേഖ ബുക്ക്സ്, കേരളാ ബുക്ക്സ് സ്റ്റോര്‍,  ലോഗോസ് ബുക്ക്സ് തുടങ്ങിയ വെബ് സ്റ്റോര്‍ വഴിയും ലഭ്യമാണ്.

 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവും എന്ന് വിശ്വസിക്കട്ടെ. സാധിക്കുന്ന സുഹൃത്തുക്കളെല്ലാം പുസ്തകം വാങ്ങണമെന്നും വായിച്ച് അഭിപ്രായം അറിയിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു.


സ്നേഹപൂര്‍വ്വം,

ജോസ്ലെറ്റ്‌ ജോസഫ്

11.11.13

മാന്ത്രിക കാട്


I

നീലി മലയുടെ താഴ്വരയില്‍ ഒരു വീടുണ്ട്. അതിനപ്പുറം കാടാണ്. ആനയും സിംഹവും കടുവയും കാട്ടുപോത്തും പുലിയും പുള്ളിമാനുമുള്ള കൊടുംകാട്. കാട്ടുപാതയെ തൊട്ടു നില്‍ക്കുന്ന ആ കുടില്‍ നാണിയമ്മയുടെതാണ്. അവര്‍ക്ക് കൂട്ടായ് കുഞ്ഞുമകന്‍ വേലുവുമുണ്ട്.

കാടിനെ ആശ്രയിച്ചാണ് അവര്‍ ജീവിച്ചു പോന്നത്. അപൂര്‍വങ്ങളായ അനേകം കഴിവുകള്‍ നാണിയമ്മയ്ക്കുണ്ടായിരുന്നു. ഈട്ടിയും ചന്ദന മുട്ടികളും കൊണ്ട് അവര്‍ മനോഹരമായ ശില്പങ്ങള്‍ തീര്‍ത്തു. ഈറ്റയും ചൂരലും കൊണ്ട് കുട്ടകളും വട്ടികളുമുണ്ടാക്കി. അതെല്ലാം ദൂരെയുള്ള പട്ടണത്തില്‍ കൊണ്ടുപോയി വിറ്റ്‌ പട്ടിണികൂടാതെ കഴിഞ്ഞുപോന്നു.

പാവങ്ങളാണെങ്കിലും പ്രിയമുള്ളതെല്ലാം നല്‍കിയാണ് മകന്‍ വേലുവിനെ നാണിയമ്മ വളര്‍ത്തിയത്.
അത്ര രുചികരമായി ആഹാരം പാകം ചെയ്യാന്‍ മറ്റാര്‍ക്കുമാവില്ലായിരുന്നു. മലയും കാടും അരുവിയും കടന്നു യാത്ര പോകുന്നിടത്തെല്ലാം നാണിയമ്മ വേലുവിനെയും കൂടെ കൂട്ടി. തളരുമ്പോള്‍ കഥകള്‍ പറഞ്ഞു കൊടുത്തു. പാലു കുടിക്കാതെ വാശി പിടിക്കുമ്പോള്‍ പാട്ടുകള്‍ പാടി അവനെ പാട്ടിലാക്കി.

മധുര ശബ്ദത്തിലുള്ള നാണിയമ്മയുടെ പാട്ടു കേള്‍ക്കാന്‍ ഇലകള്‍ കാതോര്‍ക്കും. അപ്പോള്‍ കാറ്റ് നിശ്ചലമാകും. കുയിലുകള്‍ നാണിച്ചു തല താഴ്ത്തും.


 II

കാലങ്ങള്‍ കടന്നു പോയി. വേലു വളര്‍ന്ന്‌ യുവാവായി. വലുതായപ്പോള്‍ നാണിയമ്മ നിര്‍മ്മിക്കുന്ന സാധനങ്ങളെല്ലാം അവന്‍ തനിയെ ചന്തയില്‍ കൊണ്ടുപോയി വിറ്റു. കച്ചവടം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമേ ചിലപ്പോള്‍ മടങ്ങിയെത്തിയിരുന്നുള്ളൂ. അങ്ങനെ അല്ലലില്ലാതെ ജീവിച്ചു പോന്നു. 

ഒരിക്കല്‍ യാത്ര കഴിഞ്ഞെത്തിയ വേലുവിന്‍റെ കൂടെ ഒരു യുവതിയുമുണ്ടായിരുന്നു. അവളുടെ പേര് കാളി എന്നായിരുന്നു. ഊരേത് എന്നറിയില്ലെങ്കിലും തനിക്കൊരു കൂട്ടായി കാളിയെ കിട്ടിയതില്‍ നാണിയമ്മക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. വൈകാതെ നാണിയമ്മ അവളെ വേലുവിനു വിവാഹം ചെയ്തു കൊടുത്തു. 

നിത്യവൃത്തിക്കായി പാവം നാണിയമ്മയും വേലുവും വിശ്രമമില്ലാതെ അദ്ധ്വാനിച്ചു. പക്ഷേ വേലുവിന്റെ ഭാര്യ കാളി ഒരു ദുഷ്ടയായിരുന്നു. കരകൌശല വിദ്യകള്‍ ഓരോന്നും നാണിയമ്മയില്‍നിന്നും തന്ത്രപൂര്‍വ്വം പഠിച്ചെടുത്തതോടെ അവളുടെ മട്ടുമാറി. വേലു വീട്ടിലില്ലാത്തപ്പോള്‍ കാളി അമ്മയെ ദ്രോഹിക്കാന്‍ തുടങ്ങി. കഠിനമായ ജോലികള്‍ ചെയ്യിപ്പിച്ചു. മകന്‍റെ മനസ്സു നോവാതിരിക്കാന്‍ നാണിയമ്മ ഒന്നും മിണ്ടിയില്ല. വേദന പുറത്തു കാട്ടിയില്ല. അങ്ങനെയിരിക്കെ ഒരുദിവസം കാളിയുടെ ക്രൂരത സഹിക്കവയ്യാതായ നാണിയമ്മ വീടുവിട്ട് എങ്ങോപോയി!

മൂന്ന് ദിവസത്തിനുശേഷം വേലു വീട്ടിലെത്തിയപ്പോള്‍ കാളി സങ്കടം നടിച്ച് കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"ഞാനും അമ്മയും ഈറ്റ വെട്ടാന്‍ കാട്ടില്‍ പോയപ്പോള്‍ കൂറ്റനൊരു പുലി ചാടിവീണു. അമ്മയെ അത് കടിച്ചെടുത്തുകൊണ്ട് കാട്ടിലേക്ക് പോയി. ഞാന്‍ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടു!"

പാവം വേലു. അയാള്‍ ആ വലിയ നുണ വിശ്വസിച്ചു. പ്രിയപ്പെട്ട അമ്മയെ പുലി തിന്നു എന്നറിഞ്ഞു നെഞ്ചുപൊട്ടി കരഞ്ഞു. ഉണ്ണാതെ, ഉറങ്ങാതെ കുറെ ദിവസങ്ങള്‍.......പക്ഷേ ഭയങ്കരിയായ കാളി ഉള്ളാലെ സന്തോഷിച്ചു.


III

വീടുവിട്ട നാണിയമ്മ കണ്ണീരൊഴുക്കി കാട്ടിലൂടെ നടന്നു. ലക്ഷ്യമില്ലാത്ത അലച്ചിലിന് ഒടുവില്‍ അവര്‍ക്ക് വിശന്നു. വലിയൊരു വൃക്ഷത്തിനു താഴെയെത്തിയപ്പോള്‍ അവശയായ ആ സ്ത്രീ നിന്നു. ഇനി ഒട്ടും നടക്കാന്‍ വയ്യ. മരത്തില്‍ നിറയെ പഴുത്ത പഴങ്ങളുണ്ട്‌. അതുവരെ കണ്ടിട്ടില്ലാത്ത തരം കനികള്‍. ഉയരത്തിലായതിനാല്‍ പറിക്കുവാന്‍ നിര്‍വ്വാഹമില്ല. അവര്‍ ഫലം നിറഞ്ഞ കൊമ്പിലേക്ക് ദയനീയമായി നോക്കി. വിശപ്പിനാല്‍ ഹൃദയം അറിയാതെ മന്ത്രിച്ചു.
" ഒരു പഴം കിട്ടിയിരുന്നെങ്കില്‍....?

പെട്ടന്ന് ഒരു പഴം നിലത്ത് വീണു! അത്യധികം ആശ്ചര്യ ത്തോടും അതിലേറെ കൊതിയോടും  അവര്‍ പഴം കയ്യിലെടുത്തു. ഒരു പരീക്ഷണമെന്നോണം നാണിയമ്മ മരത്തോട് വീണ്ടും പഴം ആവശ്യപ്പെട്ടു. ഒരു ഫലം കൂടി നല്‍കപ്പെട്ടു. പഴം കഴിച്ചു കഴിഞ്ഞപ്പോള്‍ ദാഹവും ക്ഷീണവും പോയ്മറഞ്ഞു. എന്തെന്നില്ലാത്ത ഉന്മേഷം തോന്നി. അത്ഭുതമെന്നോണം ആ വൃദ്ധയുടെ നരച്ച തലമുടിയിഴകള്‍ ഓരോന്നായി കറുത്തുവന്നു. മീനിന്‍റെ ചെതുമ്പല്‍ പോലെ ചുക്കിച്ചുളിഞ്ഞിരുന്ന തൊലി മിനുസമുള്ളതായി മാറി.തെല്ലു നേരം കൊണ്ട് ജരാനരകള്‍ വിട്ടകന്ന് താനൊരു യുവതിയെപ്പോലെ പ്രസരിപ്പുള്ളവളായെന്ന് നാണിയമ്മക്ക് തോന്നി.

അവര്‍ വീണ്ടും നടന്നു. ചുറ്റും കാതോര്‍ത്തപ്പോള്‍ കാടിന്‍റെ മര്‍മ്മരം കേട്ടു. പക്ഷികളും മൃഗങ്ങളും സംസാരിക്കുന്നു...! അവയുടെ ഭാഷ തനിക്ക് തിരിച്ചറിയാനാകുന്നുവെന്ന് നാണിയമ്മക്ക് മനസിലായി. പെട്ടന്നതാ തൊട്ടു മുന്നിലൊരു ഒറ്റയാന്‍...! പകച്ചുപോയ നാണിയമ്മയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. പക്ഷേ ആന ശാന്തനായി വഴിമാറിക്കൊടുത്തു. നടവഴിയില്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ അവരുടെ കാല്‍ക്കീഴിലൂടെ ശല്യമുണ്ടാക്കാതെ കടന്നുപോയി. മാനുകള്‍ സ്നേഹഭാവത്തില്‍ തൊട്ടുരുമി നടന്നു. ഒടുവില്‍ നേരമിരുട്ടിയപ്പോള്‍ മുന്‍പില്‍ കണ്ടൊരു ഗുഹയില്‍ അന്തിയുറങ്ങി.

ഉണര്‍ന്നപ്പോള്‍ തനിക്കു ചുറ്റും സിംഹക്കുട്ടികള്‍ കളിക്കുന്നത് അവര്‍ കണ്ടു. ഗുഹാ മുഖത്തിന് ഇരുവശവും രണ്ടു സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്നു. അവ നാണിയമ്മയെ കണ്ടപ്പോള്‍ മുന്‍കാലുകള്‍ മടക്കി പൂച്ചയെപ്പോലെ പതുങ്ങി നിലത്തിരുന്നു.


IV

അമ്മ പോയതോടെ വേലുവിന്റെ കുടിലില്‍ അശാന്തി നിറഞ്ഞു. അയാളുടെ കച്ചവടം അടിക്കടി ക്ഷയിച്ചുകൊണ്ടിരിരുന്നു. കാളി മെനയുന്ന കുട്ടകള്‍ക്കും വട്ടികള്‍ക്കും നാണിയമ്മയുടെ കരവിരുതോ ശില്പങ്ങള്‍ക്കു ചാരുതയോ ഇല്ല്ലായിരുന്നു. അതൊന്നും ആളുകളെ ആകര്‍ഷിച്ചില്ല. മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് വിറ്റു തീരുന്ന സാധനങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂടയില്‍ ബാക്കിയായി. ഒന്നും വില്‍ക്കാതെ വെറുംകയ്യോടെ മടങ്ങിവരുമ്പോള്‍ കാളി വേലുവിനോട് കയര്‍ക്കുക പതിവായി. ഭാര്യയുടെ ഭീഷണി ഭയന്ന്‍ വീട്ടിലെത്താതെ ആഴ്ചകളോളം അയാള്‍ അലഞ്ഞു നടന്നു.


അങ്ങനെയിരിക്കെ ദൂര ദേശങ്ങളില്‍ കച്ചവടം നടത്തുന്നൊരു വ്യാപാരി കാട്ടുപാതയില്‍ വഴിതെറ്റി വേലുവിന്റെ കുടിലിലെത്തി. കാളി പുറത്തെവിടെയോ പോയിരുന്നു. കാലില്‍ മുറിവ് പറ്റിയ കുതിരയുമായി ഏറെ ദൂരം നടന്നതിനാല്‍ അയാളും കുതിരയും നന്നേ ക്ഷീണിച്ചിരുന്നു. അനുവാദം ചോദിക്കാതെ ആളൊഴിഞ്ഞ വീട്ടില്‍ പ്രവേശിച്ച അയാള്‍ കുതിരക്ക് വേണ്ട ശുശ്രൂഷകള്‍ ചെയ്തശേഷം ക്ഷീണത്താല്‍ പുറത്തെ വള്ളികട്ടിലില്‍ കിടന്നുറങ്ങിപ്പോയി. വീട്ടിലെത്തിയ കാളി അപരിചിതനെ കണ്ട് അമ്പരന്നെങ്കിലും വേലു കൂടെയില്ലാത്തതിനാല്‍ വിളിച്ചുണര്‍ത്താന്‍ ധൈര്യപ്പെട്ടില്ല. ഉറക്കമുണര്‍ന്നപ്പോള്‍ വ്യാപാരി കാളിയോട്‌ ക്ഷമാപണം നടത്തിയ ശേഷം പത്ത് വെള്ളി നാണയങ്ങള്‍ സമ്മാനമായി നല്‍കി. അത് കണ്ട് അവളുടെ കണ്ണുകള്‍ തിളങ്ങി. ജീവിതത്തില്‍ ആദ്യമായാണ്‌ അത്രയും പണം അവള്‍ ഒന്നിച്ചു കാണുന്നത്. നിനച്ചിരിക്കാതെ കൈവന്ന സൌഭാഗ്യം ദുഷ്ടയായ ആ സ്ത്രീയില്‍ ദുരാഗ്രഹത്തിന്റെ വിത്ത് മുളപ്പിച്ചു. 

സംഭവിച്ചതൊന്നും അവള്‍ വേലുവിനെ അറിയിച്ചില്ല. കിട്ടിയ പണം രഹസ്യമായി ഒളിപ്പിച്ചു.  വിരളമായി മാത്രം അതുവഴി കടന്നു പോകുന്ന യാത്രക്കാര്‍ക്കായി വനപാതയില്‍ കാത്തു നിലക്കാന്‍ തുടങ്ങി. വഴി വക്കിലെ മരത്തില്‍ സത്രത്തിലേക്കുള്ള ദിശ സൂചിപ്പിക്കുന്ന ചൂണ്ടു പലകകള്‍ തറച്ചു. വിശ്രമ സങ്കേതം തേടി എത്തുന്നവരില്‍ നിന്നും കൊള്ളപ്പലിശക്കാരിയെപ്പോലെ വെള്ളിനാണയങ്ങള്‍ ചോദിച്ചു വാങ്ങി. 

പാവം വേലു! ഓരോ തവണയും കച്ചവടം കഴിഞ്ഞ് തളര്‍ന്നു വീട്ടിലെത്തുമ്പോഴും വിശ്രമിക്കാന്‍ അനുവദിക്കാതെ  സാധനങ്ങള്‍ കൂടയില്‍ നിറച്ച് വീണ്ടും വീണ്ടും കാളി അയാളെ പറഞ്ഞയച്ചു. അയാള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടവനെ പോലെയായി. എന്നാല്‍ നാള്‍ക്കുനാള്‍ കാളിയുടെ സമ്പത്ത് വര്‍ധിച്ചുവന്നു.
.
V
തൊട്ടടുത്ത ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ കൂട്ടം തെറ്റിപ്പോയ ആടുകളെ തേടി കാട്ടിലൂടെ അലയവേ പെട്ടാന്നാണ് ആ കാഴ്ച കണ്ടത്. വന്യമൃഗങ്ങളോട് സംസാരിച്ചുകൊണ്ട് നടന്നുപോകുന്ന ഒരു സ്ത്രീ! മനുഷ്യന്റെ മണമടിച്ച്ചാല്‍ ചാടിവീഴുന്ന കടുവകള്‍ അവളുടെ കൂടെ നടക്കുന്നു! അയാള്‍ അവരെ പിന്തുടര്‍ന്നു. ആ സ്ത്രീ തീര്‍ച്ചയായും അത്ഭുത സിദ്ധിയുള്ളവളാണ് എന്നയാള്‍ക്ക് മനസിലായി. അത് നാണിയമ്മയായിരുന്നു. മൃഗങ്ങള്‍ വിട്ടകന്ന് ഒറ്റയ്ക്കായപ്പോള്‍ അയാള്‍ അവളുടെ കാലില്‍ വീണ് അനുഗ്രഹം യാചിച്ചു. നാളുകള്‍ക്ക് ശേഷം ഒരു മനുഷ്യനെ കണ്ടുമുട്ടിയതിന്റെ സന്തോഷം നാണിയമ്മ പുറത്തു കാണിച്ചില്ല. തന്‍റെ ആടുകള്‍ നഷ്ടപ്പെട്ട വിവരം അയാള്‍ പറഞ്ഞു.


കാടിന്‍റെ സകല കോണുകളും പരിചിതയായ നാണിയമ്മ എല്ലാം കേട്ട ശേഷം നിലത്തുനിന്നും ഒരു കരിയിലയെടുത്തു. അത് ഉള്ളം കയ്യില്‍ ചുരുട്ടിപ്പിടിച്ച് കണ്ണുകളടച്ചു ധ്യാനിച്ചു. കൈ തുറന്നപ്പോള്‍ ഇലയില്‍ ചില രേഖകള്‍ തെളിഞ്ഞു വന്നു. അതില്‍ സൂചിപ്പിച്ചിരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ കര്‍ഷകനോട്‌ ആവശ്യപ്പെട്ടു. ആ മാര്‍ഗ്ഗരേഖകള് അയാളെ കാനന മധ്യത്തിലെ തെളിനീര്‍ ചോലയിലേക്കു നയിച്ചു. ചൊലയ്ക്കരികില്‍ അയാള്‍ തന്‍റെ ആടുകളെ കണ്ടെത്തി. ഉടന്‍ തന്നെ കരിയിലയിലെ രേഖകള്‍ മാഞ്ഞുപോയി.

പട്ടണത്തില്‍ കണ്ടു മുട്ടിയവരോടെല്ലാം കാട്ടിലെ അത്ഭുസിദ്ധിയുള്ള സ്ത്രീയെയും വിസ്മയകരമായ കാഴ്ചകളേയും കുറിച്ച് അയാള്‍ വര്‍ണ്ണിച്ചു. പലരും വിശ്വസിച്ചില്ല. കണ്ടു വിശ്വസിക്കുവാന്‍ കാട്ടിലേക്ക് പോകുവാന്‍ പലര്‍ക്കും ഭയമായിരുന്നു. ആ കര്‍ഷകന് പോലും ഒരിക്കല്‍കൂടി അവിടെ എത്തിപ്പെടുവാനുള്ള വഴി അറിയില്ലായിരുന്നു!
  
VI

വേലു സാധനങ്ങള്‍ നിറച്ച കൂടെയും തലയിലേന്തി പട്ടണത്തിലൂടെ അലഞ്ഞു. ആരും അവയൊന്നും വാങ്ങിയില്ല. നിരാശനായി ചന്തയുടെ ഒഴിഞ്ഞ കോണില്‍ ഇരിക്കുമ്പോള്‍ വിശന്നു വലഞ്ഞൊരു പെണ്‍കുട്ടി അയാളോട് ഭിക്ഷ യാചിച്ചു. മടിശീല ശൂന്യമായിരുന്നെങ്കിലും ആ കുരുന്നു ബാലികയോട്  അയാള്‍ക്ക് അനുകമ്പ തോന്നി. അവള്‍ ആരോരുമില്ലാത്തവളായിരുന്നു. പണ്ട് കാളിയെ വേലു കണ്ടുമുട്ടിയതും ഇതേ സ്ഥലത്തു വെച്ചായിരുന്നു. മക്കളില്ലാത്തതു കൊണ്ടാവാം കാളി തന്നോട് നിര്‍ദയമായി പെരുമാറുന്നത് എന്ന് പലപ്പോഴും അയാള്‍ക്ക് തോന്നിയിരുന്നു. ആ പെണ്‍കുട്ടിയോട് അയാള്‍ക്ക് ഒരു മകളോടുള്ള വാത്സല്യം തോന്നി. കാളിക്കും അവളെ കാണുമ്പോള്‍ സന്തോഷമാകും എന്നുകരുതി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വേലു തീരുമാനിച്ചു. 



യാത്രാമധ്യേ രണ്ടു വഴിപോക്കര്‍ കാട്ടിലെ അത്ഭുത സിദ്ധിയുള്ള സ്ത്രീയെ പറ്റി പറയുന്നത് വേലു ശ്രദ്ധിച്ചു. അയാള്‍ക്ക് അവരെക്കുറിച്ചറിയാന്‍ ജിജ്ഞാസ തോന്നി. പക്ഷെ യാത്രികര്‍ക്ക് അവിടെയെത്താനുള്ള വഴി തിട്ടമില്ലായിരുന്നു. 

വേലു പെണ്‍കുട്ടിയോടൊപ്പം വീട്ടിലെത്തി. പക്ഷെ അയാളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് എല്ലാം സംഭവിച്ചത്. കച്ചവടത്തില്‍ പണമൊന്നും കിട്ടിയില്ല എന്നറിഞ്ഞപ്പോഴേ കാളിയുടെ മട്ടുമാറി. വേലുതന്നെ തനിക്കൊരു ഒരു ശല്യമായി തീര്‍ന്നിരിക്കെ ഒപ്പമൊരു പെണ്‍കുട്ടിയെയും കൂട്ടി വന്നത് അവളുടെ കോപം ഇരട്ടിപ്പിച്ചു. ഇരുവരെയും ആട്ടിപ്പുറത്താക്കി അവള്‍ വാതിലടച്ചു.  

കാളിയുടെ തനിസ്വരൂപം അന്നാണ്‌ വേലു ശരിക്കും കണ്ടത്. പക്ഷേ ലോലഹൃദയനായ അയാള്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. പെണ്‍കുട്ടിയുമായി എങ്ങോട്ടുപോകും എന്നറിയാതെ ഹൃദയവ്യഥയോടെ നില്‍ക്കുമ്പോഴാണ് അയാള്‍ കാട്ടിലെ സിദ്ധയെക്കുറിച്ചോര്‍ത്തത്. കുട്ടിക്കാലംതൊട്ടേ കാടും മലയും താണ്ടി വഴികള്‍ പരിചിതമായതിനാല്‍ യാത്രികര്‍ പറഞ്ഞ അടയാളം വെച്ച് വനത്തിനുള്ളിലെ സ്ത്രീയുടെ താവളം തേടി യാത്രയായി. 

അന്ന് വൈകുന്നേരം വിശ്രമ സങ്കേതം തേടി മൂന്ന് സഞ്ചാരികള്‍ വേലുവിന്റെ കുടിലിലെത്തി. മൂന്നുപേരെ ഒന്നിച്ചു കണ്ടപ്പോഴേ കിട്ടാന്പോകുന്ന വെള്ളി നാണയങ്ങളുടെ തിളക്കമോര്‍ത്ത് കാളിയുടെ ഉള്ളം തുടിച്ചു. നിര്‍ഭാഗ്യവശാല്‍ നാളേറെയായി ആ വീടിനെ നിരീക്ഷിക്കുകയും കാളിയുടെ അളവില്ലാത്ത സമ്പാദ്യം സൂക്ഷിക്കുന്ന സ്ഥലം മനസിലാക്കുകയും ചെയ്ത കൊള്ളക്കാരായിരുന്നു അവര്‍.


VII

കാട്ടിലൂടെ വളരെ ദൂരം യാത്രചെയ്ത വേലുവും ബാലികയും ഒടുവില്‍ നാണിയമ്മ വസിക്കുന്ന ഗുഹ കണ്ടെത്തി. ഒറ്റ നോട്ടത്തിലേ സ്വന്തം മകനെ നാണിയമ്മ തിരിച്ചറിഞ്ഞു. ഓടിയെത്തി അവനെ ആശ്ലേഷിക്കാന്‍ ആ മാതൃഹൃദയം തുടിച്ചു. പക്ഷേ ജരാനരകള്‍ അകന്ന് തേജസ്സാര്‍ന്ന ആ സ്ത്രീയെ തിരിച്ചറിയാന്‍ വേലുവിനു കഴിഞ്ഞില്ല. മകനെ ഒന്നു പരീക്ഷിക്കുവാന്‍ നാണിയമ്മയും തീരുമാനിച്ചു.

ദു:ഖാര്‍ത്തനായ വേലു ജീവിത കഥയെല്ലാം അവരോടു പറഞ്ഞു. തന്നോട് ചെയ്ത ക്രൂരത കാളി മകനോടും കാട്ടിയെന്ന് നാണിയമ്മയ്ക്ക് മനസിലായി. വേലുവിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച്  "സമാധാനത്തില്‍ പോകുക" എന്ന് അവര്‍ പറഞ്ഞു. ദുര്‍മ്മരണം സംഭവിച്ച തന്റെ അമ്മക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ വീടുവരെ വന്നെങ്കിലേ എല്ലാം നേരെയാകൂ എന്ന് വേലു യാചിച്ചു. അപേക്ഷ തള്ളാനാവാതെ നാണിയമ്മ അവരോടൊപ്പം യാത്രയായി.

വീടിനു മുന്നിലെത്തിയപ്പോള്‍ ഭീകരമായ കാഴ്ചകണ്ട്‌ അവര്‍ ഞെട്ടി. കാളി കൊല്ലപ്പെട്ടിരിക്കുന്നു! വീട് ആരോ കൊള്ളയടിച്ചിരിക്കുന്നു. അത്യാഗ്രഹിയും ക്രൂരയുമായ ആ സ്ത്രീയുടെ മൃതശരീരത്തെ ഭീതിയോടെ നോക്കി എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നില്‍ക്കുന്ന വേലുവിനോട്‌ നാണിയമ്മക്ക് അലിവുതോന്നി.

കുഞ്ഞു നാളില്‍ കരയുമ്പോള്‍ അവനു വേണ്ടി പാടിയിരുന്ന പാട്ടിന്‍റെ ഈരടികള്‍ അമ്മയില്‍ നിന്നും ഒഴുകി.....
ഇമ്പമാര്‍ന്ന ആ സ്വരം വേലു തിരിച്ചറിഞ്ഞു.
അമ്മേ...എന്ന് അയാള്‍ ഉറക്കെ വിളിച്ചപ്പോള്‍ നാണിയമ്മയുടെ ദിവ്യമായ രൂപഭാവങ്ങള്‍ അപ്രത്യക്ഷമായി. അവര്‍ വീണ്ടും വേലുവിന്റെ അമ്മയായി മാറി. 


തള്ള പക്ഷി കുഞ്ഞുങ്ങളെ എന്ന പോലെ വേലുവിനെയും പെണ്‍കുട്ടിയെയും നാണിയമ്മ നെഞ്ചോട് ചേര്‍ത്തു. പിന്നീടൊരിക്കലും ആ കുടിലില്‍ നിന്നും സന്തോഷം മാഞ്ഞുപോയിട്ടില്ല.

**ശുഭം** 

Related Posts Plugin for WordPress, Blogger...