30.4.12

സൗഹൃദത്തിന്‍റെ മതം

ചിലപ്പോള്‍ ആലോചിക്കാറില്ലേ ഈ മതമില്ലായിരുന്നെങ്കില്‍.............എന്ന്?


പണ്ട് "മതമില്ലാത്ത ജീവന്‍" എന്ന സ്കൂള്‍ പാഠഭാഗത്തിനു പിറകേയുണ്ടായ പുകിലുകള്‍, അതുള്‍പ്പെടുത്തിതിയവരുടെ ഉദ്ദേശശുദ്ധി, ഇതൊന്നുമല്ല വിഷയം. മറിച്ച് ചില തോന്നലുകള്‍......(ഭ്രാന്തമായതെന്ന് വായനക്കു ശേഷം നിങ്ങള്‍  മറുപടി പറയും)


കാലമേറയായി ഉള്ളില്‍ തികട്ടി വന്നത് ഇന്നു ച്ഛര്‍ദിക്കാമെന്ന് കരുതി. അത്രേയുള്ളൂ! ഒന്നും കാര്യമാക്കരുത്! ഇതു വെറുംമൊരു "വാളാണ്". വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകുമോ ആവോ? :)


മുകളില്‍ ഉന്നയിച്ച ചോദ്യം ഇക്കാലമത്രയും ഒരിക്കലും നിങ്ങളെ അലട്ടിയിട്ടില്ലേ? "ഞാന്‍ മറ്റൊരു മതത്തിലാണ് ജനിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ" എന്നുപോലും ആലോചിച്ചിട്ടില്ലേ? ഇല്ലെങ്കില്‍ ബാക്കി വായിക്കാതിരിക്കുകയാണ് ബുദ്ധി. വിരസമാകും വിട്ടുകള!  


ഉള്ളത് പറഞ്ഞാല്‍ കുട്ടിക്കാലത്തും എനിക്ക് നല്ല സൗഹൃദങ്ങളുണ്ടായിരുന്നു. അന്നാരും കൂട്ടുകാരന്റെ ജാതി നോക്കിയിരുന്നില്ല. പക്ഷേ കാലക്രമേണ ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീണു. മുതിന്നവര്‍ പറഞ്ഞുതരുന്നതിനും അപ്പുറത്തെ ശരിയും തെറ്റും ആ പ്രായത്തിലെ ബുദ്ധിയില്‍ അത്രകണ്ട് വികസിച്ചിരുന്നില്ല. പലതും *നഷ്ടസ്വപ്നങ്ങള്‍ എന്ന കഥയില്‍ കുറിച്ചിട്ടിട്ടുണ്ട്. അവിടെ അര്‍ദ്ധവിരാമമിട്ട  ചിന്തകളാണ് ഞാന്‍ തുടര്‍ന്ന് പങ്കുവയ്ക്കുന്നത്. 


ഇടക്കാലമെപ്പോഴോ തോന്നിയിരുന്നു ശാസ്ത്രവും വിവര സാങ്കേതിക വിദ്യയുമൊക്കെ മനുഷ്യ മനസിലൊരു വേലിയേറ്റം സൃഷ്ടിച്ച് ആ കുത്തൊഴുക്കില്‍ മതവും തല്‍സംബന്ധിയായ ആധികളും ഒലിച്ചുപോകുമെന്ന്! ദൈനംദിന ജീവിതപ്പാച്ചിലിനിടെ വ്യക്തികള്‍ക്ക് മതവൈരം മെനഞ്ഞെടുക്കാന്‍ നേരം തികയാതെ വരുമെന്നും പതിയെ അവരില്‍നിന്നും ജാതി-മത ചിന്തകള്‍ അപ്രത്യക്ഷമാകുമെന്നും! എന്നാല്‍ അതിശയമാം വിധം ഇന്നു വര്‍ഗീയത എല്ലാ മേഖലയിലും കരുത്താര്‍ജിച്ചു. മതവും അനുബന്ധ സംഘടനകളും വലിയ വില്പ്പന ചരക്കുകളായി. ഏതൊരു വിശ്വാസിയും എളുപ്പം വ്രണിതനാക്കപ്പെടും വിധം മതാന്ധത മനസുകളില്‍ ആഴത്തില്‍ വളര്‍ന്നു. വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയത്തില്‍ കൈകടത്തുകയും ഇന്നു ഭരണയന്ത്രത്തിന്‍റെ പോലും ചുക്കാന്‍ നിയന്ത്രിക്കുന്നു!


നാം ജീവിച്ചുകൊണ്ടിരിക്കുന്ന നൂറ്റാണ്ടിന്റെ ചില സ്ഥിതിവിശേഷങ്ങളിലൂടെ ഒന്നു കണ്ണോടിച്ചു നോക്കിയാല്‍.........എന്താണ് ഇടക്കാലത്തെ ശുഭാപ്തിവിശ്വാസത്തെ തകിടം മറിച്ച ഘടകങ്ങള്‍?


ഇന്ത്യാ വിഭജനത്തിനു ശേഷം ബ്രിട്ടീഷുകാര്‍ പാകിയിട്ട വര്‍ഗീയതയുടെ വിഷ വിത്ത്‌ മുളപൊട്ടിയെങ്കിലും അധികം കിളിര്‍ക്കാതെ ഏറെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും തളിര്‍ത്തത് എന്നാണ്? 
അധികാരത്തിലേയ്ക്ക് കാലെടുത്തു വെയ്ക്കാന്‍ അയോധ്യയിലെ ബാബറിമസ്ജിദിനെ തീവ്ര ഹിന്ദുത്വവാദികള്‍ കരുവാക്കിയതോടെയാണ് ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹികാന്തരീക്ഷം വര്‍ഗ്ഗ വര്‍ണ്ണമണിഞ്ഞത്. ഭാരതത്തില്‍ ഇങ്ങനെയെങ്കില്‍ ലോകരാജ്യങ്ങളുടെ തന്നെ പാരസ്പരിക സൗഹൃദത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയത്, അന്യനാടുകളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അമേരിക്കയുടെ അനാവശ്യ ഇടപെടലുകള്‍ക്ക് മറുപടിയായി അതേ നാണയത്തില്‍ ട്രേഡ്സെന്‍ററിന് നേരെ അല്‍ഖ്വയ്ദ തൊടുത്ത ആക്രമണമാണ്. പിന്നീടുള്ള സംഭവ വികാസങ്ങള്‍ വിവരിക്കേണ്ട കാര്യമില്ലല്ലോ?


ഇന്ന് അമേരിക്ക മുസ്ലീം നാമ ധാരികളെ എയര്‍പോര്‍ട്ടില്‍ ഉടുതുണി ഉരിഞ്ഞു പരിശോധിക്കുന്നു! അറബികള്‍ ക്രിസ്ത്യാനികളെ അമേരിക്കയുടെ പ്രതിപുരുഷരായി കാണുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ നരേന്ദ്രമോഡിയുടെ പ്രേതത്തെ ദു:സ്വപ്നം കാണുന്നു. തീവ്ര ഹിന്ദുക്കളെപ്പോലെ പലര്‍ക്കും മുസ്ലീമെന്നാല്‍ മനസ്സിലോടിയെത്തുക ലാദനും വിമാനവുമാണ്! ക്രിസ്ത്യാനിക്ക്  സകല മതസ്ഥനോടും പുശ്ചം! പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന ഭാവം. 


രാജ്യങ്ങളുടെ ബന്ധത്തിലെ ഉലച്ചില്‍ അവിടെ നില്‍ക്കട്ടെ. എന്നാല്‍ ആഗോള പ്രത്യാഘാതമെന്നവണ്ണം ആ അലയടികള്‍ നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗ വ്യക്തിബന്ധങ്ങളെയും സൗഹൃദങ്ങളെയും മതത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഒതുക്കി. ഇന്ന് സമൂഹത്തിലെ ഒട്ടുമിക്ക ഇടപാടുകളും അതാത് ജാതിക്കാര്‍ തമ്മിലായി. എവിടെയും തൂക്കി നോക്കപ്പെടുന്നത് സാമുദായിക സന്തുലനവും! ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാ മതസ്ഥരും അത് ആസ്വദിക്കുന്നു എന്നതാണ് അതിലേറെ വേദനാജനകം.


ഇതിനു ഒരു പ്രതിവിധിയുണ്ടോ? 
"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്നോതിയ യുഗ പുരുഷരുള്ള നമ്മുടെ കേരളത്തില്‍ പോലും ആളുകള്‍ എത്ര മാറിപ്പോയിരിക്കുന്നു! മതവും രാഷ്ട്രീയവും അഴിക്കാനാവാത്തവണ്ണം കെട്ടുപിണഞ്ഞു കുരുങ്ങിക്കിടക്കുന്നു. മതസൗഹാര്‍ദ്ദവും നിക്ഷ്പക്ഷ രാഷ്ട്രീയവും പ്രസംഗിക്കുന്ന ഏത് പ്രമുഖനും ഉള്ളില്‍ ഒളിപ്പിച്ചുവെച്ച വ്യക്തമായ ജാതി-രാഷ്ട്രീയ വിശ്വാസങ്ങളുണ്ട്. ഇതെഴുതുന്ന നിസ്സാരനായവന്‍ തികഞ്ഞ മതേതര വാദിയാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍  ഗന്ധര്‍വഗായകന്‍ യേശുദാസിനെയും നിങ്ങള്ക്ക് വിശ്വസിക്കാം! പലരും അണിഞ്ഞിരിക്കുന്ന പുറംകുപ്പായം കാണുവാനാകുന്നില്ല!! എല്ലാറ്റിനെയും മുന്‍വിധിയോടെ സമീപിക്കുമ്പോള്‍ മറ്റുള്ളതൊന്നും നാം ശ്രദ്ധിക്കുന്നില്ല. 
കുറച്ചുകൂടെ പച്ചയ്ക്കു  പറഞ്ഞാല്‍.......


വഴിവക്കില്‍ മുണ്ടുപോക്കി മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്ന അപരിചിതന്റെ ട്രൌസറിന്‍റെ നിറം നോക്കി പച്ചയായാല്‍ മുസ്ലീം അല്ലെങ്കില്‍ ലീഗ് എന്നും, ചുവപ്പ് ആയാല്‍ കമ്മ്യൂണിസ്റ്റ് അല്ലെങ്കില്‍ നിരീശ്വരവാദി എന്നും കാവിയായാല്‍ ഹിന്ദു അഥവാ ബി.ജെ.പി. യെന്നും വെള്ളയായാല്‍ ക്രിസ്ത്യാനിയുല്പടെ പലതും കൂടിച്ചേര്‍ന്ന അവിയല്‍പോലത്തെ കോണ്‍ഗ്രസെന്നും അനുമാനിക്കാം! അതല്ല സംഗതി "വിത്തൗട്ട്" ആണെങ്കില്‍ പി.സി. ജോര്‍ജിന്‍റെ കേരളാ കോണ്ഗ്രസ് എന്നോ മലയോര കുടിയേറ്റക്കാരനെന്നോ കണ്ണുമടച്ചു നിര്‍വ്വചിക്കാനുമുള്ള നമ്മുടെ അപാര കഴിവ്!! 

"മതം മനുഷ്യനെ മയക്കുന്ന കറുപ്പ്" എന്നു മാര്‍ക്സ്സ് പറഞ്ഞത് തന്‍റെ സിദ്ധാന്തം അരക്കിട്ടുറപ്പിക്കാനാണെങ്കിലും ഇന്നത്തെ ചുറ്റുപാടില്‍ അത് അക്ഷരംപ്രതി ശരിയാണ്! നമ്മുടെ വിശ്വാസം കമ്മ്യൂണിസമല്ലെങ്കില്‍ കൂടി ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ? ജാതിയുടെ മാത്രം പ്രശ്നത്തില്‍ നാം മനപ്പൂര്‍വ്വം തഴഞ്ഞു കളയുന്ന നല്ല സൗഹൃദങ്ങള്‍ക്കു വേണ്ടിയെങ്കിലും? മതത്തിന്‍റെ വിവിധ തൊഴുത്തുകളില്‍ തടഞ്ഞു നിര്‍ത്തപ്പെട്ട കാലിക്കൂട്ടങ്ങള്‍ക്ക് വിശാലമായ ഒരേ പുല്‍മേടുകളില്‍ മേഞ്ഞുനടന്നുകൂടെന്നുണ്ടോ? ഞാനും നിങ്ങളും അങ്ങനല്ല എന്നൊരു ധാരണയുണ്ടോ? എങ്കില്‍ വരും തലമുറ തീര്‍ച്ചയായും ഈ വാദങ്ങള്‍ ബലപ്പെടുത്തുക തന്നെ ചെയ്യും!!


ആര്‍ക്കും തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ പൗരാവകാശം അനുവദിക്കുന്നുണ്ട്. എങ്കിലും ജനനം കൊണ്ട് നാമോരോരുത്തരും വ്യത്യസ്ത മതങ്ങളുടെ ഭാഗങ്ങളാക്കപ്പെടുകയാണ്. വോട്ടു ചെയ്യാനും, ലൈസന്‍സ് എടുക്കാനും, വിവാഹം കഴിക്കാനും ഒക്കെ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. അപ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുന്നതോ? വകതിരിവാകുന്നതിനു മുന്‍പേ അപ്പനപ്പൂപ്പന്മാരായി തുടര്‍ന്നുവന്ന മതത്തിന്‍റെ മുദ്രകുത്തുന്നത് പൗരാവകാശ ലംഘനമാണോ? അതോ അത് ജന്മം കൊടുത്തതിലുള്ള മാതാപിതാക്കളുടെ അവകാശമാണോ? അതുപോട്ടെ, പതിനട്ടു വയസായി  പൗരനായത്തിനു ശേഷം ഇഷ്ടമുള്ള മതത്തിലേയ്ക്ക് ഒന്ന് മാറിയാലോ? അവനെ മതഭ്രാന്തര്‍ ജീവനോടെ വിട്ടാല്‍ തന്നെ വീട്ടുകാരും നാട്ടുകാരും ഭ്രഷ്ട് കല്‍പ്പിക്കും! 


അന്യ മതങ്ങളെപ്പറ്റി വ്യക്തമായി പഠിക്കാതെ താന്‍ വിശ്വസിക്കുന്നതാണ് ശ്രേഷ്ഠം എന്ന് ഒരാള്‍ക്ക്‌ എങ്ങനെ പറയാന്‍ കഴിയും? അതിന് അവസരമൊരുക്കുകയല്ലേ യഥാര്‍ത്ഥ മതേതര രാജ്യം ചെയ്യേണ്ടത്? പതിനെട്ടു വയസുവരെ പേരില്‍ ഒരു മതത്തിന്‍റെയും വാലു ചേര്‍ക്കാതെ സര്‍ക്കാര്‍ രേഖകളില്‍ (ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, എസ്.എസ്.എല്‍.സി. ബുക്ക്‌) ജാതി അടയാളപ്പെടുത്താതെ, എല്ലാ മതങ്ങളെയും പറ്റി അറിയുവാന്‍, പഠിക്കുവാന്‍, എല്ലാ ആരാധനാലയങ്ങളും സന്ദര്‍ശിക്കുവാന്‍ ഒക്കെ ഒരാള്‍ക്ക്‌ അവസരം കൊടുത്താല്‍...? അതില്‍നിന്നു താന്‍ കണ്ടെത്തിയ സത്യങ്ങളില്‍ വിശ്വസിച്ചാല്‍...? അന്നുമുതല്‍ തനിക്കിഷ്ടമുള്ള മതം തിരഞ്ഞെടുത്താല്‍....? അവനല്ലേ യഥാര്‍ത്ഥ വിശ്വാസി? അതിലൂടെ കണ്ടെത്തുന്നത് വിശ്വ മാനവികതയുടെ വലിയ പാഠങ്ങളല്ലേ!! 


അതായത് മതം ദൈവത്തിലേയ്ക്ക് അല്ലെങ്കില്‍ മോക്ഷത്തിലേയ്ക്ക് എത്താന്‍ വേണ്ട ശരിയായ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നു. അത് ഒരു വ്യക്തിക്ക് വേണമെങ്കില്‍ ഉള്‍ക്കൊള്ളാം അല്ലെങ്കില്‍ തന്‍റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം.


എന്‍റെ ഭ്രാന്തിനു ഞാന്‍ കടിഞ്ഞാണിടട്ടെ.
മതം വേണ്ട എന്നാണു ഇതുവരെ പറഞ്ഞെതെന്നു ധരിച്ചെങ്കില്‍ തെറ്റി. എങ്കില്‍ ഈ എഴുത്തുതന്നെ അര്‍ത്ഥശൂന്യമാകും. മതപഠനത്തിലൂടെ ലഭിക്കുന്ന സാന്മാര്‍ഗികതയുടെ ചട്ടക്കൂടുകളാണ് സദാചാരത്തിന്റെ സീമകളില്ലാത്ത അനന്തമായ സ്വാതന്ത്യത്തെക്കാള്‍ നല്ലത് എന്നു ഞാന്‍ വിശ്വസിക്കുന്നു. നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുന്ന വസ്തുത മതങ്ങള്‍ ഏറെക്കുറെ നിഷ്പക്ഷമായി ചിന്തിക്കാനും ശരിയെന്നതിനെ ഉള്‍ക്കൊള്ളാനും വ്യക്തിക്ക് സ്വാതത്ര്യം നല്‍കുന്നുണ്ട്. പക്ഷേ കാലാകാലങ്ങളായി എല്ലാ മതങ്ങളും ദുരുപയോഗം ചെയ്യപെട്ടു വരികയാണ്‌. അത് രണ്ടു തരത്തിലാണ്. 


(1). ഒരു ജീവിത മാര്‍ഗമായി 
(2). ഒരുവന് മറ്റൊരുവനില്‍ അധീശത്വം സ്ഥാപിച്ചെടുക്കാന്‍. 


ഇതു രണ്ടും ഒഴിവാക്കപ്പെടെണ്ടതുണ്ട്. മതത്തെ അതിന്റെ വഴിക്കുവിടുക.  ഒരു കുഞ്ഞിന്‍റെ വ്യക്തിത്വ വികാസം വീട്ടില്‍ നിന്ന് തുടങ്ങട്ടെ. തന്നെ ചുറ്റിപ്പറ്റിയുള്ളവര്‍ നയിക്കുന്ന ഉല്‍കൃഷ്ടമായ ജീവിതം കണ്ട് അവന്‍ പറയട്ടെ "ഞാന്‍ ഈ മതത്തിന്‍റെ ഭാഗമായതില്‍ അഭിമാനിയ്ക്കുന്നു എന്ന്". 
അല്ലാത്തവര്‍ക്ക് നല്ലത് ഏത് എന്ന് തേടി കണ്ടെത്തുവാന്‍ നാം വിലങ്ങു തടിയാവരുത്! അത്രമാത്രം!


"നടക്കുന്ന വഴിയിലാകെ നാമ്പിടട്ടെ സൗഹൃദങ്ങള്‍
നാടുകള്‍ തന്‍ നാനാത്വത്തില്‍ തെളിയെട്ടെ ഏകത്വം 
തത്വങ്ങള്‍ തെളിമയാര്‍ന്നതി ലുറയട്ടെ മനുഷ്യസ്നേഹം 
സത്തയെല്ലാമൊന്നല്ലോ മതവുമതുപോല്‍ മനുഷ്യനിണവും." 

ജയ്‌ ഭാരത്‌!
*അനുബന്ധ പോസ്റ്റ്‌: നഷ്ടസ്വപ്നങ്ങള്‍ (കഥ)

18.4.12

മണ്ണിന്റെ മക്കള്‍

അതങ്ങനെയാണ്, ചില തഴക്കങ്ങള്‍!
ടൂത്ത് ബ്രഷ് വായില്‍ തിരുകുന്നതും തെല്ലും സങ്കോചമില്ലാതെ കാലുകള്‍ കിഴക്കേ വേലിക്കു വെളിയിലെ നാട്ടുമാവിന്‍ചോട്ടില്‍ എത്തിനില്‍ക്കും. ഇളവെയിലില്‍ ഞാറിന്‍ തലപ്പില്‍നിന്നും മഞ്ഞുതുള്ളികള്‍ മടിയോടെ ഊര്‍ന്നിറങ്ങുന്നതും, പെണ്ണാളുകള്‍ പണിക്കിറങ്ങാന്‍ പാടവരമ്പിലൂടെ തിടുക്കത്തില്‍ പായുന്നതും നോക്കിനിന്നിരുന്നിരുന്ന ആ കുട്ടിക്കാലം തൊട്ട്, പ്രവാസത്തിന്റെ മടുപ്പിക്കുന്ന ഇടവേളകളില്‍ ഒരു വരാല്‍ മീനിനെപ്പോലെ ഊളിയിട്ടു പൊങ്ങി ഇത്തിരി ജീവശ്വാസമെടുക്കുന്ന ഈ ചെറിയ അവധിക്കാലംവരെ വീട്ടിലുള്ള ഏത് പ്രഭാതത്തിലും താനാ കിഴക്കേ മൂലയുടെ ഇഷ്ടക്കാരനാണ്.


പക്ഷേ ഇന്നു കാഴ്ച്ചള്‍ക്കും കണ്ണിനും ആ കുളിര്‍മയില്ല. പാടത്ത് പെണ്ണാളില്ല, പഴയ തണുപ്പില്ല, പുല്ലിന്റെ ഗന്ധമില്ല. ഇടതൂര്‍ന്ന ഞാറുകളെയാകെ ഇളവെയിലില്‍ ഓളംതല്ലിക്കുന്ന  ചെറുകാറ്റില്ല. കുട്ടനാടിനെയാകെ കരിക്കട്ടകൊണ്ട് വരച്ചു വികൃതമാക്കിയ ടാര്‍റോഡുകള്‍. വാഹനങ്ങളുടെ ഇരമ്പലില്‍ തേന്‍ കുരുവികളുടെ ചിലമ്പലില്ല. തെങ്ങിന്‍ തലപ്പത്ത് ഞാന്നാടുന്ന അവറ്റകളുടെ കൂടുകളുമില്ല.

പത്തു സെന്റ്‌ പാടം നികത്താന്‍ പ്രയത്നിക്കുന്ന ഒരു ജെ.സി.ബി കണ്ണെത്തും ദൂരത്ത് ഇരമ്പിയാര്‍ക്കുന്നു. വെളിയിലക്കാടുകള്‍ നിറഞ്ഞ് വൃത്താകൃതിയില്‍ പുറം ബണ്ടിനെ തൊട്ടുകിടന്നിരുന്ന, ഒരുകാലത്ത് തൂമ്പ തോടുവിക്കാന്‍ പോലും ആളുകള്‍ മടിച്ചിരുന്ന ആ മണ്‍തിട്ടയല്ലേ ജെ.സി.ബി യുടെ ദ്രംഷടങ്ങള്‍ കാര്‍ന്നെടുക്കുന്നത്? അതാരും കാണുന്നില്ലേ? എന്തേ വിലക്കാത്തത്?

"ആ രണ്ടേക്കര്‍ ആശാരിപറമ്പിലെ അവറാച്ചന്‍ മേടിച്ചു. വില്ലേജ് ആഫീസില്‍നിന്നും അനുമതി വാങ്ങി പത്തു സെന്‍ട് മൂത്തമോന് പുര വെയ്ക്കാന്‍ നികത്തുവാ. ഇതിപ്പം ലക്ഷണം കണ്ടിട്ട് ഒരേക്കറോളം പറമ്പ് നികന്നു കഴിഞ്ഞെന്നു തോന്നുന്നു!" പിന്നില്‍ നിന്നും അപ്പന്‍റെ ശബ്ദം. കേട്ടതില്‍ അത്ഭുതമൊന്നും തോന്നിയില്ല. റോഡു വന്നശേഷം വെള്ളപ്പൊക്കവും, ദുരിതവും ഭയന്ന് കൂടുവിട്ടുപോയ പുതുപ്പണക്കാരോക്കെ കൂട്ടത്തോടെ തിരികെയെത്തി പൊന്നുംവിലക്ക് നെല്‍പ്പാടം വാങ്ങി, നികത്തി വീട് വയ്ക്കുകയോ, മറിച്ചുവില്‍ക്കുകയോ ചെയ്യുന്നു. പാവപ്പെട്ടവന് ഒരുതുണ്ടു ഭൂമി ഇന്നു കിട്ടാക്കനിയായി! ഭൂരിഭാഗം കുട്ടനാടന്‍ പച്ചപ്പിന് മേലെയും കിഴക്കന്‍റെ ചെമ്മണ്ണ്‍ വീണുകഴിഞ്ഞു!"നിനക്കറിയുമോ നമ്മുടെ നീലന്‍റെ കൊച്ചുമോന്‍ പ്രസാദാ ആ ജെ.സി.ബി. യുടെ ഡ്രൈവര്‍. അതിനു നീലനെ നിനക്കൊര്‍മ്മയുണ്ടായിട്ടു വേണ്ടേ! അല്ലേ?"

അപ്പന്‍റെ സ്വരത്തിന് ഒരു പരിഹാസച്ചുവയുണ്ടോ? നാടും വീടും വിട്ടു വേലതേടി പോയോരുടെ ഗണത്തില്‍ നീയും മണ്ണിനെ മറന്നു എന്നൊരു ധ്വനി അതിലുണ്ടോ ആവോ?" ആ കേട്ടത് അത്ഭുതത്തെക്കാള്‍
ഉള്ളിലെവിടെയോ വീണു ചിതറിയ
ഒരു ഞെട്ടലായി. നീലന്‍ പുലയന്‍! അയാളുടെ വിയര്‍പ്പിന്റെ മണം എവിടെനിന്നാണ് ഇത്ര പെട്ടന്ന് കാറ്റ് കൊണ്ടുവന്നത്! കൈകള്‍ മുഖത്തോട് അടുപ്പിച്ചു നോക്കി. അതോ തന്‍റെ ശരീരത്ത് ഇപ്പോഴും അതിന്‍റെ ഉപ്പുരസം തങ്ങിനില്പ്പുണ്ടോ?
ഈ മണ്ണിന്റെ കറുപ്പാണ് നീലന്. ഉഴുതുമറിച്ച ചേറിന്റെ മണമാണ് വിയര്‍പ്പിന്. കലപ്പ വലിക്കുന്ന കരിമ്പോത്തിന്റെ കരുത്താന്  ചുമലുകള്‍ക്ക്. ആ തോളിലിരുന്നാണ് വയലോരക്കാഴ്ച്ചകളോക്കെയും താനാദ്യമായി കണ്ടത്. 


ചക്രം ചവിട്ടുമ്പോള്‍ മുളങ്കാല്‍ വെച്ചുകെട്ടില്‍ അയാളുടെ തോളോട് പറ്റിനിന്ന് കഴുത്തില്‍ കൈകള്‍ വട്ടം ചുറ്റിപ്പിടിച്ച് ആ വിയര്‍പ്പിലെ ഉപ്പുരസം എത്രയോതവണ താന്‍ രുചിച്ചിട്ടുണ്ട്. വിത്തെറിയും മുന്‍പ് ആദ്യമായി കുഞ്ഞിക്കയ്യാല്‍ ഒരുപിടി കുരിശാകൃതിയില്‍ വിതപ്പിച്ചത്, ഞാറു പറിച്ചു നടുമ്പോള്‍ കളയും നെല്ലും വേര്‍തിരിച്ചു കാട്ടിത്തന്നത്, വളമെറിയുമ്പോള്‍ നീണ്ടു മെലിഞ്ഞ കൈളികളില്‍ നിന്നും അര്‍ത്ഥവൃത്താകൃതിയില്‍ വിതറിയ വിസ്മയം കണ്ടത്. കൊച്ചുവള്ളത്തില്‍ കൂട്ടിനുപോയി പപ്പടവട്ടത്തില്‍ വല വിരിയിച്ച്‌ ഒരു കുടം നിറയെ മീന്‍ നിറച്ചത്, വെള്ളത്തിനൊപ്പം തുളുമ്പിനിന്ന കട്ടനിറഞ്ഞ കെട്ടുവള്ളത്തിന്‍റെ പടിയില്‍ തുഞ്ചം തൊട്ട് തലവരെ കഴുക്കോലില്‍ ഊന്നി തെന്നിനീങ്ങിയത്, പാടത്തും പറമ്പിലും തോട്ടിലും വള്ളത്തിലും എല്ലാമെല്ലാം അയാളുടെ നിഴലായി ഈ കുഞ്ഞു താനും നടന്നത് മറക്കാനാവുമോ?


ചുരുക്കത്തില്‍ നീലനെന്നാല്‍........
വെള്ളം നിറഞ്ഞുനിന്ന കായലില്‍ ചെളിബണ്ട് കുത്തി, അതിനുള്ളിലെ നീരു വറ്റിച്ച് ഇന്നത്തെ കൃഷിനിലങ്ങളാക്കി മാറ്റിയ ചരിത്രത്തിലെ, വീരസാഹസികങ്ങളായ അനേകായിരം പുലയ കരുത്തിന്‍റെ പിന്മുറക്കാരില്‍ ഒരുവന്‍. കിതപ്പ് എന്തെന്ന് അറിയാത്ത, പ്രായം ഓര്‍മ്മയിലില്ലാത്ത ഒരു യഥാര്‍ത്ഥ കുട്ടനാടന്‍ കര്‍ഷകതൊഴിലാളി. മണ്ണിന്റെ മകന്‍! അപ്പന്‍റെ കൃഷി നോട്ടക്കാരന്‍. 


അത്യധ്വാനത്തിന്റെ മൂന്നു മാസങ്ങള്‍ക്കുശേഷം കാത്തിരുന്നു വരുന്ന കൊയ്ത്തുകാലം കുട്ടനാടിന്റെ ഉത്സവമാണ്. യാത്രാസൗകര്യം വള്ളങ്ങളില്‍ മാത്രം സാധ്യമായ ഈ മുനമ്പുകളിലേയ്ക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും തൊഴിലാളികള്‍ കാതങ്ങള്‍ കടന്നെത്തി പാടവരമ്പിലോ കറ്റക്കളങ്ങളിലോ തമ്പടിച്ചു താമസിച്ച്, മനസ്സുനിറയെ കൊയ്തു മെതിച്ച്, ചാക്കുകള്‍ നിറയെ പതവുമായി* തിരികെപ്പോയിരുന്നു. ഒരു മാസത്തോളം നീളുന്ന വിളവെടുപ്പ് മാമാങ്കത്തിനിടെ അത്യാഹിതങ്ങളായി അരിവാള്‍ തലപ്പില്‍ വിരലറ്റു പോകുക, പാമ്പുകടി, ഹൃദയാഘാതം, സൂര്യതാപം തുടങ്ങിയവ അപൂര്‍വ്വം സംഭവിച്ചിരുന്നു. വള്ളത്തില്‍ ദൂരെയുള്ള ആസ്പത്രിയില്‍ എത്തിക്കും മുന്പേ മരണപ്പെടുന്ന, ബന്ധുക്കള്‍ തേടിയെത്താത്തവരെ അടക്കംചെയ്ത ചെറു മണ്‍തിട്ടയും പാടവരമ്പോട് ചേര്‍ന്ന് ഉയര്‍ന്നു നിന്നിരുന്നു. 


ആ ദിനങ്ങളില്‍ പ്രകൃതിക്കും മനുഷ്യനും പ്രസരിപ്പിന്‍റെ മുഖഭാവമാണ്. കൊയ്ത്തുകാരെ ലക്‌ഷ്യം വെച്ചുള്ള, നിത്യേനയില്ലാത്ത കച്ചവടങ്ങളും തകൃതി. പതിവ്‌ ചായക്കടക്കാര്‍ക്ക് പുറമേ, വേവുന്ന ചൂടില്‍ വായ്ക്ക് രുചിയേകാന്‍ പായസം. ദാഹമകറ്റാന്‍ സംഭാരം, പൊരിവെയിലില്‍ എരിവെകാന്‍ ഇഞ്ചിമുട്ടായി, ഊര്‍ജം നല്‍കി ഉഷാറാക്കാന്‍ വാറ്റു ചാരായം എന്നുവേണ്ട സകലതും ന്യായവിലക്ക് ലഭ്യം.  

അത്തരത്തില്‍ ഒരു കൊയ്ത്തുകാലത്തെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങിക്കഴിഞ്ഞു. പുഞ്ച കഴിഞ്ഞുള്ള രണ്ടാകൃഷിയുടെ** കതിരുകള്‍ വിളഞ്ഞു പാകമായി വിധേയത്വത്തോടെ ശിരസ്സ്‌ കുമ്പിട്ട്നിന്നു. ഇടവപ്പാതി കനത്ത്‌ ചുറ്റുമുള്ള ആറുകള്‍ നിറഞ്ഞ് ഒഴുകുന്നു. എല്ലാ വെള്ളപ്പൊക്ക കാലത്തെയുംപോലെ 
പാടശേഖരസമിതിയുടെ ബണ്ട്സംരക്ഷക സംഘത്തിന് കൂട്ടായി നീലനും ഒരു കുഞ്ഞോളത്തിലോ, ഊര്‍ന്നിറങ്ങുന്ന ചെറു ഉറവയിലോ ബലക്ഷയമായി ചെളി ബണ്ട് കവിഞ്ഞൊഴുകുന്നുവോ എന്നു കരുതലോടെ നിരീക്ഷിച്ച്, ഒരുനാടിന്റെ മുഴുവന്‍ അധ്വാനത്തിനു താങ്ങായ് ഊണും ഉറക്കവു മൊഴിഞ്ഞ് കാവലിരിക്കുന്നു. ഒക്കെ ഇന്നുകൂടി മാത്രം. നാളെ കൊയ്ത്താണ്. പെണ്ണാളുകളുടെ അരിവായ്ത്തലയുടെ ആര്‍ത്തിയില്‍ കതിരുകള്‍ കറ്റകളായ്‌ മാറ്റപ്പെടും.

ഇടിയും മഴയും കനത്തു കറണ്ട്പോയിട്ട് രണ്ടു നാളായി. പന്തന്കള്‍ കൊളുത്തി പുറം ബണ്ടുകളെ വീക്ഷിച്ചിരുന്ന സംഘം, തണുത്ത രാവിന്‍റെ നാഴികകളോരോന്നും പുകച്ചു തള്ളി  കാത്തിരിക്കുന്നു. വീശിയടിച്ച വടക്കന്‍ കാറ്റില്‍ വലിയൊരു തെങ്ങ് ചുവടടക്കം മറിഞ്ഞു. വേരോടിയ വഴിയിലൂടെ വിളിക്കാതെ തന്നെ വെള്ളം വലിഞ്ഞുകയറി. അപായം കണ്ടമാത്രേ നീലന്‍റെ നിലവിളിയില്‍ നാടോന്നു നടുങ്ങി. പാടത്തിനു മടവീഴാന്‍ പോകുന്നു! അയാളാ വിടവില്‍ ഇറങ്ങി, തള്ളിവരുന്ന വെള്ളത്തെ തടുത്തു നിര്‍ത്താനായി അടിച്ചുതാത്തൊരു തെങ്ങും കുറ്റി പോലെ കാലുകള്‍ ചെളിയിലാഴ്ത്തി ഒഴുക്കിനെതിരെ  കൈ വിരിച്ചുപിടിച്ചു തടയായി നിന്നു!
എന്നിട്ട് ഉറക്കെ വിളിച്ചു കൂവി.


"മേലേ മണ്ണിട്ട്‌ മൂടിനെടാ ഏനെ നോക്കെണ്ടാ......."അയാളുള്‍പെടെ പലരുടെയും ജീവനും ശ്വാസവും വിയര്‍പ്പുമാണ് ആ പാടം. അനേകം കുടുംബങ്ങളുടെ ഒരു വര്‍ഷത്തെ അധ്വാനത്തിന്‍റെ, വിശപ്പിന്‍റെ, വിദ്യാഭാസത്തിന്‍റെ, മരുന്നിന്‍റെ, നല്ല വസ്ത്രത്തിന്‍റെ....... എല്ലാ ശുഭപ്രതീക്ഷകള്‍ക്കും മേലാണ് വെള്ളം അരിച്ചിറങ്ങുന്നത്. 


ഒരു മനുഷ്യജീവനു മേലേ മണ്ണ് വെട്ടി മൂടാന്‍ വിറുങ്ങലിച്ചു നിന്നവര്‍ക്ക് മറ്റൊന്നാലോചിക്കാന്‍ ഇടകൊടുക്കാതെ ചവിട്ടി നിന്ന ഭൂമി ഇളകി! ആറ്റിലെ ഉയര്‍ന്ന ജലനിരപ്പിന്‍റെ സമ്മര്‍ദത്തെ അതിജീവിക്കാനാവാതെ ചെളി വരമ്പു പരാജയപ്പെട്ടു പിന്‍വാങ്ങി. തൊട്ടടുത്തു നിന്ന തെങ്ങും കടപുഴക്കി ഇരുപതടി ദൂരത്തോളം പുറംബണ്ടിനെയും ആ ആളുകളെയും കൊണ്ട് ആര്‍ത്തലച്ചു വെള്ളം പാടത്തേയ്ക്ക് കുതിച്ചു.


കതിരണിഞ്ഞ നെല്ചെടികളുടെ ചുവടു മുതല്‍ തലവരെ വെള്ളം മൂടുന്ന കാഴ്ച, നിസ്സഹായനായി നിശബ്ദംനിന്ന അപ്പന്‍റെ നിറകണ്ണിലൂടെ ഞാനും കണ്ടു. പാടവും പുഴയും വേര്‍തിരിച്ചറിയാത്ത വിധം എങ്ങും ജലം നിറഞ്ഞു നിന്നു. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടുപോയവരൊക്കെ നാനാദിക്കുകളിലായി നീന്തിക്കയറി. നീലനതു താങ്ങാനാവില്ലെന്ന് ഏവര്‍ക്കുമറിയാം. ദുഖാര്‍ത്തനായി മൂക്കറ്റം മോന്തി കള്ളുഷാപ്പിലെങ്കിലും പ്രതീക്ഷിച്ചവര്‍ക്കും അയാളെ അവിടെങ്ങും കാണാനായില്ല.


മന്ത്രിയും എം.എല്‍.എയും വന്നു. ഒരാഴ്ചകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പാടം തടഞ്ഞു വെള്ളം വറ്റിച്ചു. ദുരിതാശ്വാസങ്ങ നടപടികളൊക്കെ പ്രഹസനമെന്ന് നന്നായി അറിയാവുന്ന കര്‍ഷകരോക്കെ നഷ്ടബോധവും വേദനയുംകൊണ്ട് മാളത്തില്‍ തന്നെയിരുന്നു. ചില പെണ്ണുങ്ങള്‍ കന്നുകാലികള്‍ക്ക് വിശപ്പടക്കാനായി ചീഞ്ഞളിഞ്ഞ നെല്‍ച്ചെടികള്‍ പറിച്ചെടുത്തുകൊണ്ടുപോയി. അവരിലാരോ ആണ് ആ കാഴ്ച കണ്ടത്! 


മടവീണതിനടുത്തായി വെള്ളത്തള്ളലില്‍ അടിഞ്ഞുകൂടിയ എക്കല്‍മന്കൂനയില്‍ തലകീഴായി അടിച്ചുതാഴ്ത്തിയ ജീര്‍ണ്ണിച്ചൊരു തെങ്ങുംകുറ്റി പോലെ നീലന്‍! വീട്ടുവളപ്പുകളെല്ലാം പുഴയോട് ചേര്‍ന്നോഴുകിയ വെള്ളപ്പൊക്ക കാലത്ത് മണ്ണിന്റെ മക്കളുറങ്ങുന്ന മണ്‍തിട്ടയില്‍ വാഴപ്പിണ്ടി അടുക്കി, അതില്‍ കിടത്തി, ചെളി വെട്ടി മൂടിയാണ് നീലനെ അന്ന് അടക്കംചെയ്തത്. 


കാതുകളില്‍ ജെ.സി.ബിയുടെ ഇരമ്പല്‍ അസഹ്യമാം വിധം മൂര്ച്ചിച്ചു വന്നു. അടുത്തുള്ള ബസ്സ് സ്റ്റോപ്പിലാകെ മാന്യമായി വസ്ത്രം ധരിച്ചവരില്‍ സ്കൂള്‍കുട്ടിള്‍, ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍, വാര്‍ക്കപ്പണിക്കാര്‍, റിയല്‍എസ്റ്റേറ്റ്‌-വിവാഹ ബ്രോക്കര്‍മാര്‍, കുടുംബശ്രീ പെണ്ണുങ്ങള്‍........ ഏറെയും മുഖച്ചായ മാറിയ ഗ്രാമത്തിലെ എനിക്കപരിചിതമായ മുഖങ്ങള്‍. 


നീലന്റെ മകന്‍ കര്‍ഷകത്തൊഴിലാളിയായിരുന്നില്ല. അയാള്‍ പുഴയില്‍ മണ്ണ്‍ വാരാന്‍ പോയി മാന്യമായി ഉപജീവനം കഴിച്ചു. അയാളുടെ മകനും ഈ മണ്ണുവാരിയെന്ത്രം നിയന്ത്രിക്കുന്നു. പക്ഷേ......അവന്‍ മാന്തുന്ന ആ മണല്‍ത്തിട്ട?


അവന്‍ എന്‍റെ നീലനെ, അവന്‍റെ മുത്തച്ഛനെ കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കില്‍ വലിയ വീലുകള്‍ക്കുള്ളില്‍ അമര്‍ന്നുപോയ, മണ്ണിലലിഞ്ഞു ചേര്‍ന്ന ചില രോദനങ്ങള്‍ ആ ചെകിടടപ്പിക്കുന്ന ശബ്ദത്തില്‍ കേള്‍ക്കുന്നുണ്ടാവില്ല!
                 ***


*പതം: തൊഴിലാളികള്‍ക്ക് അവര്‍ കൊയ്തു മെതിച്ചു കൃഷിക്കാരന് കൊടുക്കുന്ന നെല്ലിന്റെ ഏഴില്‍ ഒന്ന് ഭാഗം കൂലിയായി നല്‍കുന്നു ഇതിന്നെ പതം എന്ന് പറയുന്നു.  


**രണ്ടാം കൃഷി: സാധാരണയായി കുട്ടനാട്ടില്‍ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ വിളവെടുക്കുന്നതിനെ പുഞ്ചകൃഷിയെന്നും ആഗസ്റ്റ്‌ മാസത്തില്‍ വിളവെടുപ്പിനു പാകമാകുന്ന കൃഷിയെ രണ്ടാം കൃഷി എന്നും പറയുന്നു.


കടപ്പാട്: താഴെക്കൊടുത്തിരിക്കുന്ന ചേറില്‍ പുതഞ്ഞു നില്‍ക്കുന്ന കുഞ്ഞിന്‍റെ ചിത്രം ഫേസ്ബുക്ക് വാളില്‍ ഇട്ട അഷ്‌റഫ്‌ സാല്‍വയാണ് ഈ കഥയ്ക്കുള്ള പ്രചോദനം. :)
Related Posts Plugin for WordPress, Blogger...