11.11.13

മാന്ത്രിക കാട്


I

നീലി മലയുടെ താഴ്വരയില്‍ ഒരു വീടുണ്ട്. അതിനപ്പുറം കാടാണ്. ആനയും സിംഹവും കടുവയും കാട്ടുപോത്തും പുലിയും പുള്ളിമാനുമുള്ള കൊടുംകാട്. കാട്ടുപാതയെ തൊട്ടു നില്‍ക്കുന്ന ആ കുടില്‍ നാണിയമ്മയുടെതാണ്. അവര്‍ക്ക് കൂട്ടായ് കുഞ്ഞുമകന്‍ വേലുവുമുണ്ട്.

കാടിനെ ആശ്രയിച്ചാണ് അവര്‍ ജീവിച്ചു പോന്നത്. അപൂര്‍വങ്ങളായ അനേകം കഴിവുകള്‍ നാണിയമ്മയ്ക്കുണ്ടായിരുന്നു. ഈട്ടിയും ചന്ദന മുട്ടികളും കൊണ്ട് അവര്‍ മനോഹരമായ ശില്പങ്ങള്‍ തീര്‍ത്തു. ഈറ്റയും ചൂരലും കൊണ്ട് കുട്ടകളും വട്ടികളുമുണ്ടാക്കി. അതെല്ലാം ദൂരെയുള്ള പട്ടണത്തില്‍ കൊണ്ടുപോയി വിറ്റ്‌ പട്ടിണികൂടാതെ കഴിഞ്ഞുപോന്നു.

പാവങ്ങളാണെങ്കിലും പ്രിയമുള്ളതെല്ലാം നല്‍കിയാണ് മകന്‍ വേലുവിനെ നാണിയമ്മ വളര്‍ത്തിയത്.
അത്ര രുചികരമായി ആഹാരം പാകം ചെയ്യാന്‍ മറ്റാര്‍ക്കുമാവില്ലായിരുന്നു. മലയും കാടും അരുവിയും കടന്നു യാത്ര പോകുന്നിടത്തെല്ലാം നാണിയമ്മ വേലുവിനെയും കൂടെ കൂട്ടി. തളരുമ്പോള്‍ കഥകള്‍ പറഞ്ഞു കൊടുത്തു. പാലു കുടിക്കാതെ വാശി പിടിക്കുമ്പോള്‍ പാട്ടുകള്‍ പാടി അവനെ പാട്ടിലാക്കി.

മധുര ശബ്ദത്തിലുള്ള നാണിയമ്മയുടെ പാട്ടു കേള്‍ക്കാന്‍ ഇലകള്‍ കാതോര്‍ക്കും. അപ്പോള്‍ കാറ്റ് നിശ്ചലമാകും. കുയിലുകള്‍ നാണിച്ചു തല താഴ്ത്തും.


 II

കാലങ്ങള്‍ കടന്നു പോയി. വേലു വളര്‍ന്ന്‌ യുവാവായി. വലുതായപ്പോള്‍ നാണിയമ്മ നിര്‍മ്മിക്കുന്ന സാധനങ്ങളെല്ലാം അവന്‍ തനിയെ ചന്തയില്‍ കൊണ്ടുപോയി വിറ്റു. കച്ചവടം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമേ ചിലപ്പോള്‍ മടങ്ങിയെത്തിയിരുന്നുള്ളൂ. അങ്ങനെ അല്ലലില്ലാതെ ജീവിച്ചു പോന്നു. 

ഒരിക്കല്‍ യാത്ര കഴിഞ്ഞെത്തിയ വേലുവിന്‍റെ കൂടെ ഒരു യുവതിയുമുണ്ടായിരുന്നു. അവളുടെ പേര് കാളി എന്നായിരുന്നു. ഊരേത് എന്നറിയില്ലെങ്കിലും തനിക്കൊരു കൂട്ടായി കാളിയെ കിട്ടിയതില്‍ നാണിയമ്മക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. വൈകാതെ നാണിയമ്മ അവളെ വേലുവിനു വിവാഹം ചെയ്തു കൊടുത്തു. 

നിത്യവൃത്തിക്കായി പാവം നാണിയമ്മയും വേലുവും വിശ്രമമില്ലാതെ അദ്ധ്വാനിച്ചു. പക്ഷേ വേലുവിന്റെ ഭാര്യ കാളി ഒരു ദുഷ്ടയായിരുന്നു. കരകൌശല വിദ്യകള്‍ ഓരോന്നും നാണിയമ്മയില്‍നിന്നും തന്ത്രപൂര്‍വ്വം പഠിച്ചെടുത്തതോടെ അവളുടെ മട്ടുമാറി. വേലു വീട്ടിലില്ലാത്തപ്പോള്‍ കാളി അമ്മയെ ദ്രോഹിക്കാന്‍ തുടങ്ങി. കഠിനമായ ജോലികള്‍ ചെയ്യിപ്പിച്ചു. മകന്‍റെ മനസ്സു നോവാതിരിക്കാന്‍ നാണിയമ്മ ഒന്നും മിണ്ടിയില്ല. വേദന പുറത്തു കാട്ടിയില്ല. അങ്ങനെയിരിക്കെ ഒരുദിവസം കാളിയുടെ ക്രൂരത സഹിക്കവയ്യാതായ നാണിയമ്മ വീടുവിട്ട് എങ്ങോപോയി!

മൂന്ന് ദിവസത്തിനുശേഷം വേലു വീട്ടിലെത്തിയപ്പോള്‍ കാളി സങ്കടം നടിച്ച് കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"ഞാനും അമ്മയും ഈറ്റ വെട്ടാന്‍ കാട്ടില്‍ പോയപ്പോള്‍ കൂറ്റനൊരു പുലി ചാടിവീണു. അമ്മയെ അത് കടിച്ചെടുത്തുകൊണ്ട് കാട്ടിലേക്ക് പോയി. ഞാന്‍ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടു!"

പാവം വേലു. അയാള്‍ ആ വലിയ നുണ വിശ്വസിച്ചു. പ്രിയപ്പെട്ട അമ്മയെ പുലി തിന്നു എന്നറിഞ്ഞു നെഞ്ചുപൊട്ടി കരഞ്ഞു. ഉണ്ണാതെ, ഉറങ്ങാതെ കുറെ ദിവസങ്ങള്‍.......പക്ഷേ ഭയങ്കരിയായ കാളി ഉള്ളാലെ സന്തോഷിച്ചു.


III

വീടുവിട്ട നാണിയമ്മ കണ്ണീരൊഴുക്കി കാട്ടിലൂടെ നടന്നു. ലക്ഷ്യമില്ലാത്ത അലച്ചിലിന് ഒടുവില്‍ അവര്‍ക്ക് വിശന്നു. വലിയൊരു വൃക്ഷത്തിനു താഴെയെത്തിയപ്പോള്‍ അവശയായ ആ സ്ത്രീ നിന്നു. ഇനി ഒട്ടും നടക്കാന്‍ വയ്യ. മരത്തില്‍ നിറയെ പഴുത്ത പഴങ്ങളുണ്ട്‌. അതുവരെ കണ്ടിട്ടില്ലാത്ത തരം കനികള്‍. ഉയരത്തിലായതിനാല്‍ പറിക്കുവാന്‍ നിര്‍വ്വാഹമില്ല. അവര്‍ ഫലം നിറഞ്ഞ കൊമ്പിലേക്ക് ദയനീയമായി നോക്കി. വിശപ്പിനാല്‍ ഹൃദയം അറിയാതെ മന്ത്രിച്ചു.
" ഒരു പഴം കിട്ടിയിരുന്നെങ്കില്‍....?

പെട്ടന്ന് ഒരു പഴം നിലത്ത് വീണു! അത്യധികം ആശ്ചര്യ ത്തോടും അതിലേറെ കൊതിയോടും  അവര്‍ പഴം കയ്യിലെടുത്തു. ഒരു പരീക്ഷണമെന്നോണം നാണിയമ്മ മരത്തോട് വീണ്ടും പഴം ആവശ്യപ്പെട്ടു. ഒരു ഫലം കൂടി നല്‍കപ്പെട്ടു. പഴം കഴിച്ചു കഴിഞ്ഞപ്പോള്‍ ദാഹവും ക്ഷീണവും പോയ്മറഞ്ഞു. എന്തെന്നില്ലാത്ത ഉന്മേഷം തോന്നി. അത്ഭുതമെന്നോണം ആ വൃദ്ധയുടെ നരച്ച തലമുടിയിഴകള്‍ ഓരോന്നായി കറുത്തുവന്നു. മീനിന്‍റെ ചെതുമ്പല്‍ പോലെ ചുക്കിച്ചുളിഞ്ഞിരുന്ന തൊലി മിനുസമുള്ളതായി മാറി.തെല്ലു നേരം കൊണ്ട് ജരാനരകള്‍ വിട്ടകന്ന് താനൊരു യുവതിയെപ്പോലെ പ്രസരിപ്പുള്ളവളായെന്ന് നാണിയമ്മക്ക് തോന്നി.

അവര്‍ വീണ്ടും നടന്നു. ചുറ്റും കാതോര്‍ത്തപ്പോള്‍ കാടിന്‍റെ മര്‍മ്മരം കേട്ടു. പക്ഷികളും മൃഗങ്ങളും സംസാരിക്കുന്നു...! അവയുടെ ഭാഷ തനിക്ക് തിരിച്ചറിയാനാകുന്നുവെന്ന് നാണിയമ്മക്ക് മനസിലായി. പെട്ടന്നതാ തൊട്ടു മുന്നിലൊരു ഒറ്റയാന്‍...! പകച്ചുപോയ നാണിയമ്മയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. പക്ഷേ ആന ശാന്തനായി വഴിമാറിക്കൊടുത്തു. നടവഴിയില്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ അവരുടെ കാല്‍ക്കീഴിലൂടെ ശല്യമുണ്ടാക്കാതെ കടന്നുപോയി. മാനുകള്‍ സ്നേഹഭാവത്തില്‍ തൊട്ടുരുമി നടന്നു. ഒടുവില്‍ നേരമിരുട്ടിയപ്പോള്‍ മുന്‍പില്‍ കണ്ടൊരു ഗുഹയില്‍ അന്തിയുറങ്ങി.

ഉണര്‍ന്നപ്പോള്‍ തനിക്കു ചുറ്റും സിംഹക്കുട്ടികള്‍ കളിക്കുന്നത് അവര്‍ കണ്ടു. ഗുഹാ മുഖത്തിന് ഇരുവശവും രണ്ടു സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്നു. അവ നാണിയമ്മയെ കണ്ടപ്പോള്‍ മുന്‍കാലുകള്‍ മടക്കി പൂച്ചയെപ്പോലെ പതുങ്ങി നിലത്തിരുന്നു.


IV

അമ്മ പോയതോടെ വേലുവിന്റെ കുടിലില്‍ അശാന്തി നിറഞ്ഞു. അയാളുടെ കച്ചവടം അടിക്കടി ക്ഷയിച്ചുകൊണ്ടിരിരുന്നു. കാളി മെനയുന്ന കുട്ടകള്‍ക്കും വട്ടികള്‍ക്കും നാണിയമ്മയുടെ കരവിരുതോ ശില്പങ്ങള്‍ക്കു ചാരുതയോ ഇല്ല്ലായിരുന്നു. അതൊന്നും ആളുകളെ ആകര്‍ഷിച്ചില്ല. മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് വിറ്റു തീരുന്ന സാധനങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂടയില്‍ ബാക്കിയായി. ഒന്നും വില്‍ക്കാതെ വെറുംകയ്യോടെ മടങ്ങിവരുമ്പോള്‍ കാളി വേലുവിനോട് കയര്‍ക്കുക പതിവായി. ഭാര്യയുടെ ഭീഷണി ഭയന്ന്‍ വീട്ടിലെത്താതെ ആഴ്ചകളോളം അയാള്‍ അലഞ്ഞു നടന്നു.


അങ്ങനെയിരിക്കെ ദൂര ദേശങ്ങളില്‍ കച്ചവടം നടത്തുന്നൊരു വ്യാപാരി കാട്ടുപാതയില്‍ വഴിതെറ്റി വേലുവിന്റെ കുടിലിലെത്തി. കാളി പുറത്തെവിടെയോ പോയിരുന്നു. കാലില്‍ മുറിവ് പറ്റിയ കുതിരയുമായി ഏറെ ദൂരം നടന്നതിനാല്‍ അയാളും കുതിരയും നന്നേ ക്ഷീണിച്ചിരുന്നു. അനുവാദം ചോദിക്കാതെ ആളൊഴിഞ്ഞ വീട്ടില്‍ പ്രവേശിച്ച അയാള്‍ കുതിരക്ക് വേണ്ട ശുശ്രൂഷകള്‍ ചെയ്തശേഷം ക്ഷീണത്താല്‍ പുറത്തെ വള്ളികട്ടിലില്‍ കിടന്നുറങ്ങിപ്പോയി. വീട്ടിലെത്തിയ കാളി അപരിചിതനെ കണ്ട് അമ്പരന്നെങ്കിലും വേലു കൂടെയില്ലാത്തതിനാല്‍ വിളിച്ചുണര്‍ത്താന്‍ ധൈര്യപ്പെട്ടില്ല. ഉറക്കമുണര്‍ന്നപ്പോള്‍ വ്യാപാരി കാളിയോട്‌ ക്ഷമാപണം നടത്തിയ ശേഷം പത്ത് വെള്ളി നാണയങ്ങള്‍ സമ്മാനമായി നല്‍കി. അത് കണ്ട് അവളുടെ കണ്ണുകള്‍ തിളങ്ങി. ജീവിതത്തില്‍ ആദ്യമായാണ്‌ അത്രയും പണം അവള്‍ ഒന്നിച്ചു കാണുന്നത്. നിനച്ചിരിക്കാതെ കൈവന്ന സൌഭാഗ്യം ദുഷ്ടയായ ആ സ്ത്രീയില്‍ ദുരാഗ്രഹത്തിന്റെ വിത്ത് മുളപ്പിച്ചു. 

സംഭവിച്ചതൊന്നും അവള്‍ വേലുവിനെ അറിയിച്ചില്ല. കിട്ടിയ പണം രഹസ്യമായി ഒളിപ്പിച്ചു.  വിരളമായി മാത്രം അതുവഴി കടന്നു പോകുന്ന യാത്രക്കാര്‍ക്കായി വനപാതയില്‍ കാത്തു നിലക്കാന്‍ തുടങ്ങി. വഴി വക്കിലെ മരത്തില്‍ സത്രത്തിലേക്കുള്ള ദിശ സൂചിപ്പിക്കുന്ന ചൂണ്ടു പലകകള്‍ തറച്ചു. വിശ്രമ സങ്കേതം തേടി എത്തുന്നവരില്‍ നിന്നും കൊള്ളപ്പലിശക്കാരിയെപ്പോലെ വെള്ളിനാണയങ്ങള്‍ ചോദിച്ചു വാങ്ങി. 

പാവം വേലു! ഓരോ തവണയും കച്ചവടം കഴിഞ്ഞ് തളര്‍ന്നു വീട്ടിലെത്തുമ്പോഴും വിശ്രമിക്കാന്‍ അനുവദിക്കാതെ  സാധനങ്ങള്‍ കൂടയില്‍ നിറച്ച് വീണ്ടും വീണ്ടും കാളി അയാളെ പറഞ്ഞയച്ചു. അയാള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടവനെ പോലെയായി. എന്നാല്‍ നാള്‍ക്കുനാള്‍ കാളിയുടെ സമ്പത്ത് വര്‍ധിച്ചുവന്നു.
.
V
തൊട്ടടുത്ത ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ കൂട്ടം തെറ്റിപ്പോയ ആടുകളെ തേടി കാട്ടിലൂടെ അലയവേ പെട്ടാന്നാണ് ആ കാഴ്ച കണ്ടത്. വന്യമൃഗങ്ങളോട് സംസാരിച്ചുകൊണ്ട് നടന്നുപോകുന്ന ഒരു സ്ത്രീ! മനുഷ്യന്റെ മണമടിച്ച്ചാല്‍ ചാടിവീഴുന്ന കടുവകള്‍ അവളുടെ കൂടെ നടക്കുന്നു! അയാള്‍ അവരെ പിന്തുടര്‍ന്നു. ആ സ്ത്രീ തീര്‍ച്ചയായും അത്ഭുത സിദ്ധിയുള്ളവളാണ് എന്നയാള്‍ക്ക് മനസിലായി. അത് നാണിയമ്മയായിരുന്നു. മൃഗങ്ങള്‍ വിട്ടകന്ന് ഒറ്റയ്ക്കായപ്പോള്‍ അയാള്‍ അവളുടെ കാലില്‍ വീണ് അനുഗ്രഹം യാചിച്ചു. നാളുകള്‍ക്ക് ശേഷം ഒരു മനുഷ്യനെ കണ്ടുമുട്ടിയതിന്റെ സന്തോഷം നാണിയമ്മ പുറത്തു കാണിച്ചില്ല. തന്‍റെ ആടുകള്‍ നഷ്ടപ്പെട്ട വിവരം അയാള്‍ പറഞ്ഞു.


കാടിന്‍റെ സകല കോണുകളും പരിചിതയായ നാണിയമ്മ എല്ലാം കേട്ട ശേഷം നിലത്തുനിന്നും ഒരു കരിയിലയെടുത്തു. അത് ഉള്ളം കയ്യില്‍ ചുരുട്ടിപ്പിടിച്ച് കണ്ണുകളടച്ചു ധ്യാനിച്ചു. കൈ തുറന്നപ്പോള്‍ ഇലയില്‍ ചില രേഖകള്‍ തെളിഞ്ഞു വന്നു. അതില്‍ സൂചിപ്പിച്ചിരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ കര്‍ഷകനോട്‌ ആവശ്യപ്പെട്ടു. ആ മാര്‍ഗ്ഗരേഖകള് അയാളെ കാനന മധ്യത്തിലെ തെളിനീര്‍ ചോലയിലേക്കു നയിച്ചു. ചൊലയ്ക്കരികില്‍ അയാള്‍ തന്‍റെ ആടുകളെ കണ്ടെത്തി. ഉടന്‍ തന്നെ കരിയിലയിലെ രേഖകള്‍ മാഞ്ഞുപോയി.

പട്ടണത്തില്‍ കണ്ടു മുട്ടിയവരോടെല്ലാം കാട്ടിലെ അത്ഭുസിദ്ധിയുള്ള സ്ത്രീയെയും വിസ്മയകരമായ കാഴ്ചകളേയും കുറിച്ച് അയാള്‍ വര്‍ണ്ണിച്ചു. പലരും വിശ്വസിച്ചില്ല. കണ്ടു വിശ്വസിക്കുവാന്‍ കാട്ടിലേക്ക് പോകുവാന്‍ പലര്‍ക്കും ഭയമായിരുന്നു. ആ കര്‍ഷകന് പോലും ഒരിക്കല്‍കൂടി അവിടെ എത്തിപ്പെടുവാനുള്ള വഴി അറിയില്ലായിരുന്നു!
  
VI

വേലു സാധനങ്ങള്‍ നിറച്ച കൂടെയും തലയിലേന്തി പട്ടണത്തിലൂടെ അലഞ്ഞു. ആരും അവയൊന്നും വാങ്ങിയില്ല. നിരാശനായി ചന്തയുടെ ഒഴിഞ്ഞ കോണില്‍ ഇരിക്കുമ്പോള്‍ വിശന്നു വലഞ്ഞൊരു പെണ്‍കുട്ടി അയാളോട് ഭിക്ഷ യാചിച്ചു. മടിശീല ശൂന്യമായിരുന്നെങ്കിലും ആ കുരുന്നു ബാലികയോട്  അയാള്‍ക്ക് അനുകമ്പ തോന്നി. അവള്‍ ആരോരുമില്ലാത്തവളായിരുന്നു. പണ്ട് കാളിയെ വേലു കണ്ടുമുട്ടിയതും ഇതേ സ്ഥലത്തു വെച്ചായിരുന്നു. മക്കളില്ലാത്തതു കൊണ്ടാവാം കാളി തന്നോട് നിര്‍ദയമായി പെരുമാറുന്നത് എന്ന് പലപ്പോഴും അയാള്‍ക്ക് തോന്നിയിരുന്നു. ആ പെണ്‍കുട്ടിയോട് അയാള്‍ക്ക് ഒരു മകളോടുള്ള വാത്സല്യം തോന്നി. കാളിക്കും അവളെ കാണുമ്പോള്‍ സന്തോഷമാകും എന്നുകരുതി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വേലു തീരുമാനിച്ചു. 



യാത്രാമധ്യേ രണ്ടു വഴിപോക്കര്‍ കാട്ടിലെ അത്ഭുത സിദ്ധിയുള്ള സ്ത്രീയെ പറ്റി പറയുന്നത് വേലു ശ്രദ്ധിച്ചു. അയാള്‍ക്ക് അവരെക്കുറിച്ചറിയാന്‍ ജിജ്ഞാസ തോന്നി. പക്ഷെ യാത്രികര്‍ക്ക് അവിടെയെത്താനുള്ള വഴി തിട്ടമില്ലായിരുന്നു. 

വേലു പെണ്‍കുട്ടിയോടൊപ്പം വീട്ടിലെത്തി. പക്ഷെ അയാളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് എല്ലാം സംഭവിച്ചത്. കച്ചവടത്തില്‍ പണമൊന്നും കിട്ടിയില്ല എന്നറിഞ്ഞപ്പോഴേ കാളിയുടെ മട്ടുമാറി. വേലുതന്നെ തനിക്കൊരു ഒരു ശല്യമായി തീര്‍ന്നിരിക്കെ ഒപ്പമൊരു പെണ്‍കുട്ടിയെയും കൂട്ടി വന്നത് അവളുടെ കോപം ഇരട്ടിപ്പിച്ചു. ഇരുവരെയും ആട്ടിപ്പുറത്താക്കി അവള്‍ വാതിലടച്ചു.  

കാളിയുടെ തനിസ്വരൂപം അന്നാണ്‌ വേലു ശരിക്കും കണ്ടത്. പക്ഷേ ലോലഹൃദയനായ അയാള്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. പെണ്‍കുട്ടിയുമായി എങ്ങോട്ടുപോകും എന്നറിയാതെ ഹൃദയവ്യഥയോടെ നില്‍ക്കുമ്പോഴാണ് അയാള്‍ കാട്ടിലെ സിദ്ധയെക്കുറിച്ചോര്‍ത്തത്. കുട്ടിക്കാലംതൊട്ടേ കാടും മലയും താണ്ടി വഴികള്‍ പരിചിതമായതിനാല്‍ യാത്രികര്‍ പറഞ്ഞ അടയാളം വെച്ച് വനത്തിനുള്ളിലെ സ്ത്രീയുടെ താവളം തേടി യാത്രയായി. 

അന്ന് വൈകുന്നേരം വിശ്രമ സങ്കേതം തേടി മൂന്ന് സഞ്ചാരികള്‍ വേലുവിന്റെ കുടിലിലെത്തി. മൂന്നുപേരെ ഒന്നിച്ചു കണ്ടപ്പോഴേ കിട്ടാന്പോകുന്ന വെള്ളി നാണയങ്ങളുടെ തിളക്കമോര്‍ത്ത് കാളിയുടെ ഉള്ളം തുടിച്ചു. നിര്‍ഭാഗ്യവശാല്‍ നാളേറെയായി ആ വീടിനെ നിരീക്ഷിക്കുകയും കാളിയുടെ അളവില്ലാത്ത സമ്പാദ്യം സൂക്ഷിക്കുന്ന സ്ഥലം മനസിലാക്കുകയും ചെയ്ത കൊള്ളക്കാരായിരുന്നു അവര്‍.


VII

കാട്ടിലൂടെ വളരെ ദൂരം യാത്രചെയ്ത വേലുവും ബാലികയും ഒടുവില്‍ നാണിയമ്മ വസിക്കുന്ന ഗുഹ കണ്ടെത്തി. ഒറ്റ നോട്ടത്തിലേ സ്വന്തം മകനെ നാണിയമ്മ തിരിച്ചറിഞ്ഞു. ഓടിയെത്തി അവനെ ആശ്ലേഷിക്കാന്‍ ആ മാതൃഹൃദയം തുടിച്ചു. പക്ഷേ ജരാനരകള്‍ അകന്ന് തേജസ്സാര്‍ന്ന ആ സ്ത്രീയെ തിരിച്ചറിയാന്‍ വേലുവിനു കഴിഞ്ഞില്ല. മകനെ ഒന്നു പരീക്ഷിക്കുവാന്‍ നാണിയമ്മയും തീരുമാനിച്ചു.

ദു:ഖാര്‍ത്തനായ വേലു ജീവിത കഥയെല്ലാം അവരോടു പറഞ്ഞു. തന്നോട് ചെയ്ത ക്രൂരത കാളി മകനോടും കാട്ടിയെന്ന് നാണിയമ്മയ്ക്ക് മനസിലായി. വേലുവിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച്  "സമാധാനത്തില്‍ പോകുക" എന്ന് അവര്‍ പറഞ്ഞു. ദുര്‍മ്മരണം സംഭവിച്ച തന്റെ അമ്മക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ വീടുവരെ വന്നെങ്കിലേ എല്ലാം നേരെയാകൂ എന്ന് വേലു യാചിച്ചു. അപേക്ഷ തള്ളാനാവാതെ നാണിയമ്മ അവരോടൊപ്പം യാത്രയായി.

വീടിനു മുന്നിലെത്തിയപ്പോള്‍ ഭീകരമായ കാഴ്ചകണ്ട്‌ അവര്‍ ഞെട്ടി. കാളി കൊല്ലപ്പെട്ടിരിക്കുന്നു! വീട് ആരോ കൊള്ളയടിച്ചിരിക്കുന്നു. അത്യാഗ്രഹിയും ക്രൂരയുമായ ആ സ്ത്രീയുടെ മൃതശരീരത്തെ ഭീതിയോടെ നോക്കി എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നില്‍ക്കുന്ന വേലുവിനോട്‌ നാണിയമ്മക്ക് അലിവുതോന്നി.

കുഞ്ഞു നാളില്‍ കരയുമ്പോള്‍ അവനു വേണ്ടി പാടിയിരുന്ന പാട്ടിന്‍റെ ഈരടികള്‍ അമ്മയില്‍ നിന്നും ഒഴുകി.....
ഇമ്പമാര്‍ന്ന ആ സ്വരം വേലു തിരിച്ചറിഞ്ഞു.
അമ്മേ...എന്ന് അയാള്‍ ഉറക്കെ വിളിച്ചപ്പോള്‍ നാണിയമ്മയുടെ ദിവ്യമായ രൂപഭാവങ്ങള്‍ അപ്രത്യക്ഷമായി. അവര്‍ വീണ്ടും വേലുവിന്റെ അമ്മയായി മാറി. 


തള്ള പക്ഷി കുഞ്ഞുങ്ങളെ എന്ന പോലെ വേലുവിനെയും പെണ്‍കുട്ടിയെയും നാണിയമ്മ നെഞ്ചോട് ചേര്‍ത്തു. പിന്നീടൊരിക്കലും ആ കുടിലില്‍ നിന്നും സന്തോഷം മാഞ്ഞുപോയിട്ടില്ല.

**ശുഭം** 

Related Posts Plugin for WordPress, Blogger...