29.11.11

കായികലോകത്തിന്‍റെ കിതപ്പ്



"കേരളത്തില്‍ വോളിബോളിന്‍റെ നിറം മങ്ങുന്നു". എന്ന തലക്കെട്ടില്‍ പ്രമുഖ പത്രത്തില്‍ വന്ന ഒരു പംക്തിയിലൂടെ കണ്ണോടിച്ചപ്പോള്‍  ഇന്നു നിറംമങ്ങിയ ഈ കായിക വിനോദത്തിന്‍റെ ഒരാസ്വാദകന്‍ എന്നനിലയില്‍ ഇതേക്കുറിച്ച്‌ എന്നിലും അന്യംനിന്നുപോകുന്ന അഭിമാനത്തില്‍ കുറച്ചുകാര്യങ്ങള്‍ കുറിക്കട്ടെ.


അല്പം ചരിത്രത്തിലൂടെ തുടങ്ങാം. 1895 ഫെബ്രുവരി 9 നാണ് ഈ കളിയുടെ ജനനം.അമേരിക്കല്‍ വില്യം. സി. മോര്‍ഗന്‍ എന്ന കായികാധ്യാപകനാണ് വോളിബോള്‍ എന്ന കായിക വിനോദം ആദ്യമായി ആവിഷ്കരിച്ചു പ്രാവര്‍ത്തികമാക്കിയത്. കാലാന്തരേ നമ്മുടെ കൊച്ചു കേരളത്തില്‍പോലും ഏതു കുഗ്രാമത്തിലും ഒരു ഒരു ചെറു കോര്‍ട്ട് കാണാവുന്നവിധം ഈ കളി ആളുകളുടെ ആത്മാവിലേയ്‌ക്കിറങ്ങി വന്നു. കുട്ടിക്കാലത്ത് ആരുടെയെങ്കിലും കൈവിരലില്‍ തൂങ്ങി, അതിര്‍ത്തി തിരിച്ച മുളങ്കാല്‍ വെച്ചുകെട്ടുകള്‍ക്കുള്ളില്‍ കളിയെ ആള്‍ക്കൂട്ടത്തിന്റെ ആരവത്തിനൊപ്പമാസ്വദിക്കുമ്പോള്‍ കളിക്കാരുടെ അക്കമിട്ട വര്‍ണവസ്ത്രങ്ങളിലും വാങ്ങിത്തരുന്ന കടല മുട്ടായിലും മാത്രമേ മനസ് തങ്ങിനിന്നിരുന്നുള്ളൂ. പിന്നീടെപ്പോഴോ കളിയുടെയാവേശത്തിലേയ്‌ക്കും കളിക്കാരുടെ കരുത്തിലേക്കും ഉള്ളുപതിഞ്ഞ്, കളിയെ സ്നേഹിച്ച്, കളിച്ച്, കളംവിട്ടു മാറിനില്‍ക്കുമ്പോള്‍ മനസ്  തെല്ല് അസ്വസ്ഥമാകുന്നു. കേരളത്തിന്‌ കുത്തകയായിരുന്ന ഫുട്ബോള്‍ എന്നേ പടിയിറങ്ങിപ്പോയി. ഒരുനാള്‍ നാം നെഞ്ചിലേറ്റിയ വോളിബോള്‍" എന്ന വാക്കുപോലും ഇന്നു കുട്ടികള്‍ക്ക് അപരിചിതമായിരിക്കുന്നു.


വോളിബോള്‍ കേരളവുമായി കൂട്ടിവായിക്കുമ്പോഴോ ഓര്‍ക്കുമ്പോ ഴോ  ജിമ്മി ജോര്‍ജ്‌ എന്ന മിന്നാമിനുങ്ങ് എന്നും മുന്നിലൂടെ പറന്നു പോകാറുണ്ട്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരം കേരളത്തിന്‍റെ സ്വന്തമാണ്. പിന്നീടങ്ങോട്ട് വെള്ളിടിയായ ഒരുപാടു താരങ്ങള്‍ നമുക്കുണ്ടായി. ഇന്നത്തെ തലമുറ പ്രോത്സാഹനമില്ലാത്തതിനാല്‍ തെല്ലു മാറിനില്‍ക്കുന്നു എന്നതാണ് പ്രസ്തുത കൊളമെഴുതിയ ലേഖകന്റെ ദുഃഖം. വിദഗ്ധ വിശകലനത്തിന് ഒരുപാടുപേര്‍, താരങ്ങള്‍, പരിശീലകര്‍. അവര്‍ പറയാത്തതാണ് എനിക്ക് പറയാനുള്ളത്.


ഇന്ത്യയിലുടനീളം ഏതു കായികയിനവുമായിക്കൊള്ളട്ടെ, ഒരു കായിക താരത്തെ ജോലി നല്‍കി ആദരിക്കുന്നതിനു പകരം ഏറ്റവും നല്ല സ്പോന്സര്ഷിപ്‌ നല്‍കുകയും, ആകര്‍ഷകമായ പാരിതോഷികം നല്‍കുകയും ചെയ്താല്‍ എന്തു സംഭവിക്കും? ജോലിയിലൂടെ മാത്രമേ നമുക്ക് ആദരിക്കാനറിയൂ? ഇന്നു   വളര്‍ന്നുവരുന്ന താരങ്ങള്‍ പലരും സ്പോര്‍ട്സ്‌ കോട്ടയിലൂടെ തനിക്കിഷ്ടപ്പെട്ട ജോലിയിലെത്തിപ്പെടാന്‍ സ്കൂള്‍ മുതലേ ശ്രമിക്കുന്നവരാണ്. അതിനുള്ള ഒരു പിടിവള്ളിയായി മാത്രം അവര്‍ അതിനെ കാണുന്നുള്ളൂ. കാരണം ഭാവി അതിലില്ല. ഇന്നു പണമാണ് മുഖ്യം. മികച്ച പരിശീലനം, സാഹചര്യം ഇവയോരുക്കാന്‍ സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ കഴിയില്ല എന്ന അവസ്ഥ. അപ്പോള്‍ സര്‍ക്കാര്‍തന്നെ ഒരു മെഡല്‍ നേട്ടത്തിന് പകരം ജോലി വച്ചുനീട്ടിയാല്‍ പിന്നെ അമ്പതു ശതമാനം പേരും അതുവാങ്ങി കളിയെ മറക്കുകയാണ് പതിവ്.


ക്രിക്കറ്റ് തലക്കുപിടിച്ച ജനതയിലെ ഒരു കണ്ണിയാണ് ഞാനും നിങ്ങളും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒട്ടുമിക്ക പ്രമുഖരും ബാങ്കിലോ, റയില്‍വേയിലോ, മറ്റേതെങ്കിലും പ്രശസ്ത സ്ഥാപനത്തില്‍ മാനേജര്‍ റാങ്കിലോ അതിനു മുകളിലോ ഉദ്യോഗസ്ഥരാണ്. കളിക്കുമ്പോഴോ, വിരമിക്കലിനു ശേഷമോ അവരാരെങ്കിലും ആ കസേരയില്‍ ഇരിക്കുമോ? ലോകമാകമാനം നോക്കിയാലോ? ഒരു ഉസൈന്‍ ബോള്‍ട്ടോ, റോജര്‍ ഫെഡററോ, സെബാസ്റ്യന്‍ വെറ്റലോ, സച്ചിനോ, ധോനിയോ, സാനിയയോ ഒരു ഉദ്യോഗത്തില്‍ എന്നെങ്കിലുമിരിക്കുമോ? റിട്ടയര്‍മെന്റ്റ്‌നു ശേഷവും? അവര്‍എത്ര തലമുറക്കധികമായി സമ്പാദിച്ചു സമൂഹത്തില്‍ വിലയുള്ളവരായി ജീവിക്കുന്നു.


കഴിവുള്ളവര്‍ ആദരിക്കപ്പെടുന്നതോടോപ്പം നല്ല സമ്പാദ്യവും നേടുന്നതിന് ഇന്നത്തെ എഴുത്തുകാര്‍ തന്നെ ഉദാഹരണം. പഴയ കാലത്തിനു വിഭിന്നമായി ആരും ജോലി നല്കിയില്ലങ്കിലും കള്ളടിച്ചു വഴിയില്‍ കിടക്കാതെ, ജൂബയും കഞ്ചാവ് ബീഡിയുമില്ലാതെ പൊന്നാടയും, റോയല്‍റ്റിയും വാങ്ങി മാന്യമായി ജീവിക്കുന്നു. കലാകാരന്‍മാരെ നോക്കു.... നല്കിയ സംഭാവനകള്‍ പരിഗണിച്ച് മോഹന്‍ലാലിനു ലെഫ്ടനെന്റ്റ്‌ കേണല്‍ പദവി, റസൂല്‍പൂക്കുട്ടിക്ക് ഓണററി  ഡോക്ടറേറ്റ്‌., ഒരു പ്രൌഡിക്കപ്പുറം സമൂഹത്തിനെ സേവിക്കാന്‍ നല്ല സന്ദേശം നല്‍കാന്‍ അവര്‍ക്ക്കൂടുതല്‍ ഉത്തരവാദിത്വം. ഇതൊക്കെ അംഗികരിക്കാം പക്ഷേ കായികരംഗത്ത് ബഹുദൂരം മുന്നേറാന്‍ പ്രോത്സാഹനമായി ഒരു തുടക്കക്കാരനായ താരത്തിനു ജോലി നല്‍കുന്നത്  നല്ല പ്രവണതയാണോ? എന്നിട്ടും ഹോക്കി, അത്ലെറ്റിക്സ് തുടങ്ങിയവ പുതുതലമുറയെ ആകര്‍ഷിക്കാത്തതെന്ത്?  മുന്നോട്ടുള്ള പാതയില്‍, കീഴടക്കാനുള്ള പ്രയാണത്തില്‍, കടമ്പയില്തട്ടിവീഴുമ്പോള്‍ വീണ്ടും ശ്രമിക്കാതെ ഉള്‍വലിയാന്‍, അത് ഉതപ്പാവുകയല്ലേ?  "ജയിക്കാനായി ജനിച്ചവര്‍, അല്ലെങ്ങില്‍ തോല്‍വി വിജയത്തിന്റെ മുന്നോടിയാവേണ്ട ഒരു വിഭാഗമെങ്കിലും ജോലി വച്ചുനീട്ടുന്ന ശോഭനമായ ഭാവിയില്‍ മനസ്മുങ്ങി തളച്ചിടപ്പെടുകയല്ലേ?


 ജീവിതത്തിന്‍റെ കഷ്ടപ്പാടുകള്‍ക്കിടയില്‍  ആരെങ്കിലും ഒരു ജോലി വച്ചുനീട്ടിയിരുന്നെങ്കില്‍ ഒരു കാള്‍ ലൂയിസോ മൈക്ക് ടൈസണോ, ഉണ്ടാവുമായിരുന്നോ ആവോ?...

11.11.11

നഷ്ടസ്വപ്നങ്ങള്‍

ചന്ദ്രന്‍ എനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ്. 

"മിത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ തെളിയുന്നത് അവന്‍റെ മുഖമാണ്.


രാവിലെ എണീറ്റ്‌ ടൂത്ത്‌ ബ്രഷുമായി വീടിന്‍റെ വേലി കടന്നാല്‍ പിന്നെ അവനോടോപ്പമുള്ള ഒരു ദിവസം തുടങ്ങുകയായി. എന്നും സ്കൂളില്‍ പോകുന്നതിനു മുന്‍പുള്ള കുളി കഴിഞ്ഞു തോട്ടില്‍ നിന്നു കയറണമെങ്കില്‍ വീട്ടില്‍നിന്നാരെങ്കിലും ചൂരലുമായി വരണം.


"കന്നു വെള്ളതിലിറങ്ങിയാല്‍പോലും ഇത്രയും കലങ്ങില്ലല്ലോടാ, കുറുന്തൈര് പോലായി വെള്ളം. കേറിവാ ഇങ്ങോട്ട്"...........


നിത്യവും കേട്ടുപതിഞ്ഞ ശകാരം! എങ്കിലും ഒരു മാറ്റവുമില്ല. കുളി ഒരാഘോഷമാണ്. ചന്ദ്രന്‍ ഓട്ടത്തില്‍ കേമനായതുകൊണ്ട് മഷിയിട്ടു നോക്കിയാല്‍ പോലും പിന്നെ അവനെ കാണില്ല. അടുത്ത കടവിലേക്ക് മുങ്ങാംകുഴിയിട്ടു മറു കരയില്‍ നിക്കറുപേക്ഷിച്ച് അവന്‍ ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല. നനഞ്ഞ കാലില്‍ വന്നു വീഴുന്നത്‌ വള്ളുന്ന ചൂരലോ പേരക്കമ്പോ അതോ കൊന്നപ്പത്തലോ എന്നു നോക്കാനാവും മുന്‍പ് കണ്ണില്‍ നിന്നു പോന്നീച്ച പറന്നിരിക്കും. കരഞ്ഞു കാറിക്കൊണ്ട് ഞാന്‍ ഓടുമ്പോള്‍ കൈത മറവില്‍ പതുങ്ങിയിരിക്കുന്ന അവനെ കണ്ണീരാല്‍ മങ്ങിയ എന്‍റെ ഇമകള്‍ തിരയാരുണ്ട്. 


ഇനി സൂളിലേക്കുള്ള യാത്രയാണ്‌. ആഞ്ഞു നടന്നാല്‍ നാല്പത്തഞ്ചു മിനിട്ടുണ്ട് ദൂരം. അതാതു ദിവസത്തെ കുളിയുടെ സമയമാണ് നടപ്പിന്‍റെ വേഗത നിശ്ചയിക്കുന്നത്. എന്‍റെ പുസ്തകവും ചോറ്റുപാത്രവും ചെറിയ അലുമിനിയം പെട്ടിയിലാണ്. ചന്ദ്രന്‍റെ സാമഗ്രികള്‍ തോളിലെ തുണി സഞ്ചിയിലും. കക്കത്തെറ്റാലി, കല്ലുവട്ട്, റബര്‍ പന്ത്‌, കണ്ണിമാങ്ങ എന്നുവേണ്ട അതിലില്ലാത്ത സാധനങ്ങളില്ല. അച്ഛന്‍ ചായക്കട നടത്തുന്നതുകൊണ്ട് ആ വിഭവങ്ങള്‍ ഒക്കെ തന്നെയാണ് അവന്‍റെ തൂക്കുപാത്രത്തിലും. വീട്ടിലെ കറികളെക്കാളും എനിക്കിഷ്ടം അവന്‍റെ പാത്രത്തിലെ രുചികളാണ്.


ചായക്കടയും പരിസരവും എപ്പോഴും മുതിര്‍ന്നവരുടെ വിഹാര കേന്ദ്രമായതിനാല്‍ കുട്ടികള്‍ തെല്ലകന്നേ നില്‍ക്കൂ. ചന്ദ്രന്‍റെ അച്ഛന്‍ കമ്യുണിസ്റ്റാണ്. പരപരാ വെളുപ്പിനെ ദോശയുടെ അരിമാവിനോപ്പം പത്രം അരച്ചു കലക്കി കുടിച്ച്, അന്നത്തെക്കു വിളമ്പാന്‍ ഉള്ളില്‍ ആശയം സ്വരൂപിച്ചുവച്ച് അദേഹത്തിന്‍റെ മുഖം തെല്ലു ഗൌരവ പ്രകൃതമായിപ്പോയി. "ഇവിടെ രാഷ്ട്രിയം പറയരുത്" എന്ന് കരിപിടിച്ച ഭിത്തിയില്‍ വെളുത്ത ചോക്കുകൊണ്ട് എഴുതിവച്ചിട്ടുണ്ടെങ്കിലും വെറുമൊരു ചായകുടിക്കാന്‍ വരുന്നവരെ ബ്രേക്ക്ഫാസ്റ്റിലേക്കും പിന്നെ പത്തുമണിക്കുള്ള ചെറു കടിയിലേക്കും വരെ പിടിച്ചിരുത്താന്‍ തക്ക ഒരു ചര്‍ച്ചക്കുള്ള രസകൂട്ടുകളില്‍ ആദ്യ ചേരുവ ചേര്‍ക്കുന്നത് ഉടമസ്ഥന്‍ തന്നെയാണ്. കോണ്‍ഗ്രസുകാരെയും കമ്മൂണിസ്റ്റ്കളെയും കൂടാതെ നിക്ഷ്പക്ഷവും ചൂടുചായക്കൊപ്പം ആവിപറക്കുന്ന ആ വാഗ്വാദങ്ങള്‍ ആസ്വദിക്കാറുണ്ട്.


എങ്കിലും പിന്നീടുള്ള ചീട്ടുകളിയില്‍ ഒരു കയ്യായിരിക്കാനോ എതിര്‍ പാര്‍ടിക്കാരന്‍റെ കയ്യില്‍നിന്നും ഈര്‍ക്കിലില്‍ കോര്‍ത്ത വെള്ളക്കാകുണുക്കു വാങ്ങി അണിയാണോ അവര്‍ വൈമുഖ്യം കാട്ടാറില്ല. 
ഇതെല്ലാം കണ്ടു വൃത്തികെട്ട ചുമരില്‍ പതിഞ്ഞ എ. കെ. ജി. യും, വി. പി. സിങ്ങും, ഇ. എം. എസ്. നമ്പൂതിരിപ്പാടും ചിരിച്ചിരുന്നു.


ചന്ദ്രനെപ്പോലെ ഞാനും അവന്‍റെ അച്ഛന് പ്രിയപ്പെട്ടവനാണെങ്കിലും ഒരു കോണ്ഗ്രസ് അനുഭാവ കര്‍ഷക മുതലാളിയോടുള്ള "പെറ്റി ബൂര്‍ഷാ" മനോഭാവം അയാള്‍ക്കുണ്ട് എന്ന് എന്‍റെ അപ്പന്‍ സംശയിച്ചിരുന്നു. പാടത്തു പണിയാളര്‍ക്ക് വൈകിട്ട് വേല അവസാനിപ്പിക്കാനുള്ള സയറന്‍, ആകാശവാണി ചലച്ചിത്രഗാനങ്ങള്‍ക്കു ശേഷമുള്ള മൂന്നുമണിയുടെ "ഓള്‍ ഇന്ത്യാ റേഡിയോ" ഇംഗ്ലീഷ് വാര്‍ത്ത ഉച്ചത്തില്‍ കേള്‍പിക്കുന്നത് അയാളാണ് എന്ന് അപ്പന്‍ വീട്ടിലിരുന്നു പരിതപിക്കാറുണ്ട്. പത്താള്‍ പത്തു മിനിറ്റ് കൂടുതല്‍ പണിതാല്‍ ഏകദേശം രണ്ടുമണിക്കൂര്‍ കൂലി വെറുതെ ലാഭിക്കാം എന്ന അപ്പന്‍റെ വ്യാമോഹമാണ് ആ കമ്യുണിസ്റ്റ്‌ തകത്തുകളയുന്നത്.


രാഷ്ട്രിയ വയ്പരീത്യമോ വിഭിന്ന മതവിശ്വാസമോ ഒന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേയല്ല.  ചന്ദ്രനെ കൂടാതെ ഒരു ദിവസം എനിക്കിക്കും മറിച്ച് അവനുമില്ല. ശ്രീകൃഷ്ണജയന്തിയിലെ ഘോഷയാത്രയില്‍ ഒത്തിരി ഉണ്ണിക്കണ്ണന്‍ന്മാരോടൊപ്പം അവനും ഞാനും കൃഷ്ണവേഷം കെട്ടി. പള്ളിയിലെ കരോളിലും പെരുന്നാള്‍ നാടകത്തിലും ഞങ്ങള്‍ ആട്ടിടയനും മാലാഖയുമായി. ബാല്യം കടന്നു കൌമാരത്തിലും ഞങ്ങള്‍ വേര്‍പിരിയാത്ത കൂട്ടുകാരായി. സ്കൂളിലും, കളിസ്ഥലത്തും, പള്ളിയിലും, അമ്പലത്തിലും എല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്‍റെ ചേച്ചിയുടെ വിവാഹസദ്യക്ക് അമ്പലത്തിലെ ഊട്ടുപുരയില്‍ ഞങ്ങള്‍ ഒന്നിച്ചാണ് സദ്യ വിളമ്പിയത്. പക്ഷേ എന്നുമുതലാണ് ആ മതില്‍ ഉയര്‍ന്നു തുടങ്ങിയത്? പിന്നീടിന്നോളം ചാടിക്കടക്കാനാവാത്തവിധം തങ്ങള്‍ക്കിടയിലൂടെ അറിയാതെ പൊങ്ങി ഇരുവര്‍ക്കുമിടയിലെ കാഴ്ച മറച്ചത്?
എന്നാണ് വളര്‍ന്നത്‌? വാക്കുകള്‍ക്ക് അര്‍ഥം വച്ചുതുടങ്ങിയത് എപ്പോളാണ്? കൃത്യമായി ഓര്‍മ്മയില്ല. ചെറുപ്പം മുതലിങ്ങോട്ട് ഞങ്ങള്‍ കാട്ടിക്കൂട്ടുന്നതും കളിപറയുന്നതും  കൌതുകത്തോടെ കണ്ടിരുന്ന ആളുകള്‍ പെട്ടോന്നോരുദിവസം വരികള്‍ക്കിടയില്‍ അര്‍ത്ഥം ചികയാന്‍ തുടങ്ങി.ആ ദിവസത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്നുമുതല്‍? ഏതു സമയത്തും ഞങ്ങളെ ഒന്നിച്ചിരുത്തി ഭക്ഷണം വിളമ്പിയിരുന്ന അമ്മ അന്നുമുതലാണോ ആദ്യമായി "ഉച്ചയൂണിനു സമയമായില്ലേ വീട്ടില്‍ പോണില്ലേ?" എന്ന് ചന്ദ്രനോട്‌ ചോദിച്ചുതുടങ്ങിയത്? എന്‍റെ വീട്ടിലെത്തുന്ന ബന്ധുക്കള്‍ "നമ്മുടെ പിള്ളേര്‍ ആരുമില്ലെടാ നിനക്ക് കൂട്ടിന്"? എന്നുചോദിച്ചതിന്‍റെ അര്‍ഥം മനസിലാകാന്‍ അന്ന് അമ്പലത്തില്‍ ഊട്ടുപുരയില്‍  ഊണു വിളമ്പാനെത്തിയപ്പോള്‍ അതുവരെ കാണാത്ത മറ്റുള്ളവരുടെ മുറുമുറുപ്പും ആക്ഷേപവും സഹിച്ച് പിന്‍വാങ്ങിയ നാള്‍വരെ വേണ്ടിവന്നു. പള്ളിപരിപാടികളില്‍ ചന്ദ്രനെ കൂട്ടാന്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ "ഇല്ല അവന്‍ വരുന്നില്ല. കുഞ്ഞു പോയ്ക്കോളു"എന്നു പറഞ്ഞു അവന്‍റെ അമ്മ തന്നെ നിരാശനാക്കി തിരിച്ചയച്ചത് ആദ്യമായി അന്നുമുതലാണ്. അതുവരെ നിഴലായി നടന്നവര്‍ പതിയെ അകന്നകന്നു പോയി.അല്ല! അകറ്റപ്പെട്ടു എന്നതാണ് സത്യം! ഒരുനാള്‍വരെ എന്തും വിളിച്ചു കൂവമായിരുന്നു. പെട്ടന്നോരുദിവസം നാവിന് കടിഞ്ഞാണ്‍ വീണു. ഇനി സൂക്ഷിച്ചു സംസാരിക്കണം, പ്രവര്‍ത്തിക്കണം. ബാല്യത്തിന്‍റെ, കൌമാരത്തിന്‍റെ, രസകരമായ നാളുകള്‍ അവസാനിച്ചിരിക്കുന്നു. ചുറ്റുമുള്ള സമൂഹം തന്നെ യുവാവായി അന്ഗീകരിച്ചത് അന്നുമുതലാണോ? അറിയില്ല.


കാലക്രമേണ വിദ്യ തേടി, പിന്നെ ജോലി തേടി നാടുവിട്ടപ്പോളും അവന്‍ എന്‍റെയുള്ളിലെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. ചന്ദ്രന് മിലിട്രി ഇന്റെര്‍വ്യൂകള്‍ ആവേശമായിരുന്നു. ആവശ്യത്തിലും കായികഷമത ഉണ്ടായിട്ടും അവനതു വിദൂരമായ സ്വപ്നമായി അവശേഷിച്ചു.പിന്നെ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി, രക്തതിലലിഞ്ഞുചേര്‍ന്ന പ്രത്യേയശാസ്ത്രങ്ങളാല്‍ വളര്‍ന്നു ട്രേഡ് യൂനിയന്‍ നേതാവായി. കാലം വഴിതെറ്റിയപ്പോളും, കുട്ടനാടന്‍ പാടശേഘരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ അപ്രത്യക്ഷമായപ്പോഴും, കൂടെനിന്നവര്‍ നോക്കുകൂലിയാല്‍ വിയര്‍പ്പറിയാത്ത അന്നം ആസ്വദിച്ചപ്പോളും അവര്‍ക്കിടയില്‍ വേറിട്ടുനിന്നു തലയുയര്‍ത്തിപ്പിടിച്ച് അവന്‍ കറകളഞ്ഞ കമ്യുണിസ്റ്റായി. ആദ്യമായി വിദേശത്തുനിന്നും നാട്ടിലെത്തിയപ്പോള്‍ അവനായി കരുതിവച്ചിരുന്നവയൊന്നും നല്‍കുവാന്‍ കവലയിലെ കോളാമ്പി മൈക്കില്‍ നിന്നും ഉയര്‍ന്നുകേട്ട അവന്‍റെ പ്രസംഗം തന്നെ അനുവദിച്ചില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുരവും മനസ്സില്‍ പഴങ്കഥപോലെ ചായക്കടക്കാരനും കര്‍ഷക മുതലാളിയും തെളിഞ്ഞു നിന്നു. അവരുടെ മക്കള്‍ ഒരുകാലത്ത് മിത്രങ്ങളായിരുന്നെന്നും, ഇപ്പോള്‍ വിരുദ്ധ ചേരിയില്‍ സന്ജരിക്കുന്നവരാണെന്നും, അവന്‍റെയുള്ളില്‍ ഇന്നു താന്‍ അപ്പനെപ്പോലെ ഒരു പെറ്റി ബൂര്‍ഷ മുതലാളിയാണെന്നതും തന്‍റെ തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് അവന്‍ തന്നെ ഗൌനിക്കാതെ നടന്നകന്നത്?


ചില നിമിഷങ്ങളില്‍ ഏകാന്തത അനുഗ്രഹമാകാറുണ്ട്. അതോ ഉള്ളു പൊള്ളയായ പുതിയ സ്വാര്‍ത്ഥ സൗഹൃദങ്ങളില്‍ തോന്നിയ നഷ്ടബോധാമോ എന്തോ പഴയ കൂട്ടുകാരനിലേക്ക് മനസ് ഓടിയെത്തിയതും ഈ അവധിക്ക് അവനെ കാണണമെന്നും അതിയായി ആഗ്രഹിച്ചതും. പക്ഷേ എല്ലാത്തവണെയുംപോലെ നാട്ടിലെത്തി ആദ്യ തിരക്കുകള്‍ തീര്‍ത്തു അവനിലേക്കൊടിയെത്താന്‍ താന്‍ വൈകിപ്പോയിരുന്നു. ജോലിയോടുള്ള ചന്ദ്രന്‍റെ ആത്മാര്‍ത്ഥത തനിക്ക് പണ്ടേ അറിവുള്ളതാണ്, അന്നും സംഭവിച്ചതതായിരിക്കാം. കൊയ്ത്തുകാലങ്ങളിലെ നെല്‍ ചുമടെടുപ്പില്‍ ത്രാസില്‍ 100 കിലോ തൂങ്ങുന്ന "കിന്‍റെല്‍" ചാക്കുകള്‍ കണ്ടു പകച്ച് മറ്റു തൊഴിലാളികള്‍ മാറിനില്‍ക്കുമ്പോള്‍, വെല്ലുവിളിച്ചുഅതെല്ലാം തലയിലേറ്റുന്ന അവനെ "കിന്‍റെല്‍ ചന്ദ്രന്‍" എന്നാണ് വിളിച്ചിരുന്നത്‌. അന്ന് സായാഹ്നം എണ്ണത്തില്‍ കൂടുതല്‍ ചുമടെടുത്ത്, ജോലി തീര്‍ത്ത്, പുഴയില്‍ കുളിച്ച്, ഇളം കാറ്റുകൊണ്ടു കല്‍ക്കെട്ടില്‍ കിടന്നുറങ്ങിയ അവന്‍ പിന്നീടുണര്‍ന്നില്ല. ആരോ പറഞ്ഞു വീട്ടില്‍നിന്നും ഞാന്‍ ഓടിയെത്തുമ്പോള്‍ അവനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുകയായിരുന്നു. വായില്‍നിന്നും ചോര വാര്‍ന്നിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആളുകള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു. ആറുമാസം പ്രായമായ ഒരു കുഞ്ഞ് ആരുടേയോ കയ്യിലിരുന്നു എന്നെനോക്കി ചിരിക്കുമ്പോള്‍ അത് ചന്ദ്രന്‍റെ മകനാണെന്ന് ഒരാള്‍ തന്‍റെ ചെവിയില്‍ പിറുപിത്തു. അധികനേരം അവിടെ നില്‍ക്കാന്‍ കഴിയാതെ തിരിഞ്ഞുനടക്കുമ്പോള്‍ ഒരുപാട്‌ ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞു.


ഇന്നും പുഴയരികില്‍ നില്‍ക്കുമ്പോള്‍.........സ്കൂള്‍ വഴില്‍ കുട്ടികളെ കാണുമ്പോള്‍.........ആത്മാര്‍ത്ഥതയില്ലാത്ത പോയ്മുഖങ്ങള്‍ കാണുമ്പോള്‍...........അവനെന്‍റെ തോളില്‍ ഒന്നു കയ്യിട്ട്‌ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.
                 ******

1.11.11

ഒഴുക്കിനെതിരേ

പതിവ് വായന കഴിഞ്ഞു ജോണി തിടുക്കത്തില്‍ പത്രം മടക്കി.


വരാന്തയിലെ ചാരുകസേരയില്‍ വിസ്തരിച്ചിരുന്നുള്ളതോ, പഴഞ്ചന്‍ ബഞ്ചിന്‍റെയും വയസരുടെയും മൂളലിലിഴഞ്ഞ ചായക്കടയിലെ നേരമ്പോക്ക്‌ വായനയോ അല്ല അത്. ഓടിച്ചൊരു നോട്ടം . ആദ്യം മുന്‍ പേജ്, പിന്നെ അവസാന പേജ്, കായികം, ബിസിനെസ്സ്. കുന്നിക്കുരു പോലെയുള്ള അക്ഷരങ്ങള്‍ക്കിടയില്‍ കണ്ണുടക്കുന്നിടങ്ങളില്‍ മാത്രം അല്പമൊന്നു തങ്ങും. അത്രമാത്രം!


ചരമകോളം ഒരിക്കലും തുറക്കാറില്ല. അതൊരു പഴഞ്ചന്‍ ഏര്‍പ്പാടാണ്.പത്രക്കാര്‍ക്ക് കാശില്‍ കണ്ണില്ലായിരുന്നെങ്കില്‍ ആ താളുകള്‍ എന്നേ അപ്രത്യക്ഷമായേനെ! ഇന്നു തനിക്ക് വേണ്ടപ്പെട്ടവരുടെ വേര്‍പാടുകള്‍ ആരെങ്കിലും വിളിച്ചറിയിക്കും. പിന്നെതിന് വെറുതെ?
എന്നും കാണാം ആത്മഹത്യകള്‍! ഒറ്റക്കും, കുടുംബമായും, എത്ര പ്രമുഖവും പ്രമാദവുമായാലും അതൊട്ടും താന്‍ നോക്കാറില്ല. തന്‍റെ കാഴ്ചപ്പാടില്‍ "ആത്മഹത്യചെയ്യുന്നത് ഭീരുക്കളാണ്." ജീവിതത്തെ ഭയപ്പെടുന്നവര്‍. ഒരു മനുഷ്യായുസ് അങ്ങനെയങ്ങു തീര്‍ക്കാനായിരുന്നെങ്കില്‍ ജന്മത്തിനെന്തര്‍ത്ഥം? ജോണിക്കവരോട് അനുകമ്പയല്ല പുച്ഛമാണ്.


ഇന്നോളം താന്‍ നീന്തിയതൊക്കെ ഒഴുക്കിനെതിരേയായിരുന്നു. കൈകാല്‍ കുഴഞ്ഞ്, കണ്ണെത്താവുന്നതിനപ്പുറം കര ദൂരത്തായപ്പോഴും, ആഴിയുടെ ആഴങ്ങളില്‍ ആഴ്ന്നു പോയപ്പോഴും, ഒരു ചെറുവള്ളമെങ്കിലും തന്നെ തേടി വരുമെന്ന വിശ്വാസമാണ് ഇവിടെവരെയെത്തിച്ചത്.


വീട്ടിലെ ഇളയവനായിരുന്നു ജോണി. അപ്പനും  അമ്മയും രണ്ടു സഹോദരിമാരും ജ്യേഷ്ഠനുമടങ്ങുന്ന, പ്രതാപത്തില്‍ തെല്ലും കുറവില്ലാത്ത "പറമ്പില്‍" തറവാട്.  അപ്പനു മൂന്നു തലമുറ മുന്‍പേ കണ്ണെത്താദൂരത്തോളം വനം വളച്ചുകെട്ടി, കാടു വെട്ടി, റബറും, കാപ്പിയും, ഏലവും കുരുമുളകും നട്ട്, കഷ്ടപ്പെട്ട് മണ്ണില്‍ കനകം വിളയിച്ച ചരിത്രമാണ് അവരുടേത്. അതിനു ശേഷം വന്നവരൊക്കെ, ജോണിയുടെ അപ്പനടക്കം അതില്‍നിന്നും വിയര്‍പ്പറിയാതെ ഭക്ഷിച്ചവരാണ്. തന്‍റെ തലമുറയിലെ സാമാന്യം സമ്പന്ന കുടുംബത്തില്‍ ജനിച്ചതിന്‍റെ അഭിമാനവും ഒപ്പം തെല്ലഹങ്കാരവും ജ്യേഷ്ഠനും താനും മറച്ചു വച്ചിരുന്നില്ല. അന്നാടുകളിലൊന്നും കര്‍ഷക ഭൂ മുതലാളിമാരുടെ മക്കള്‍ പഠിപ്പിനെ തെല്ലും ഗൌനിച്ചതേയില്ല, സമൂഹത്തില്‍ അത് ഒരു കുറവേ ആയിരുന്നില്ല.


പതിനാലാം വയസില്‍ അപ്പന്‍ ഹൃദയാഘാതം മൂലം മരിച്ചതിനു ശേഷവും, തന്നെക്കാള്‍ ഒരു വയസു മാത്രം മൂത്ത, ഏറ്റവും അടുത്ത കൂട്ടുകാരനായ ജേഷ്ഠന്‍റെ തണലില്‍ സര്‍വ സ്വാതന്ത്ര്യത്തോടും ജീവിതം ആഘോഷിച്ചു. നിനച്ചിരിക്കാതെ കയ്യില്‍ വന്ന കണക്കില്ലാത്ത സ്വത്തുക്കള്‍! എണ്ണമില്ലാത്ത സുഹൃത്തുക്കള്‍! ഏറ്റവും പുതിയ വണ്ടികള്‍!......!!. ബൈക്കിനോടയിരുന്നു കൂടുതല്‍ പ്രിയം. ജീവിതം ആസ്വദിക്കുക എന്നതിനപ്പുറം മറ്റൊന്നും താന്‍ ചിന്തിച്ചിരുന്നില്ല.


ഇന്നും ആ വളവിലൂടെ യാത്രചെയ്യുമ്പോള്‍ ഉള്ളിലൊരു വെള്ളിടി താന്‍ അനുഭവിക്കാറുണ്ട്. എന്താണോ അന്ന് സംഭവിച്ചത്? അമിത വേഗത, അശ്രദ്ധ, മഴ, എതിരെ വന്ന ബസ്സ്........ഓര്‍ക്കാനാവുന്നില്ല.  "നീ യാണ് എന്നേക്കാള്‍ നല്ല ഡ്രൈവര്‍" എന്ന് പിന്നിലിരുന്നു ജ്യേഷ്ഠന്‍ പറയുമ്പോള്‍ ഉള്ളില്‍ അതുവരെ തോന്നിയ അഭിമാനം ആ ദിവസം കൊണ്ടില്ലാതായി. ഒപ്പം ജ്യേഷ്ഠനും!


ജ്യേഷ്ഠന്‍ ഒരു വിടവായി ഇന്നും തനിക്ക് ചുറ്റുമുണ്ട്, പക്ഷേ പതിനഞ്ചാം വയസ്സില്‍ കുടുംബത്തിന്റെ അമരക്കാരനായി. എന്തിനും കൂട്ടിനു സുഹൃത്തുക്കള്‍. വിദഗ്ധോപദേശത്തിനു പഞ്ഞമില്ല. തന്‍റെ പ്രായത്തില്‍പ്പെട്ട പലരുടെയും വിദൂര ചിന്തയില്‍ പോലും കടന്നുവരാന്‍ സാധ്യതയില്ലാത്തവ പലതും ബിസിനെസ്സില്‍ പയറ്റിനോക്കി.  മരക്കച്ചവടം വന്‍ ലാഭം കൊയ്യുന്ന പണിയെന്നാരോ പറഞ്ഞപ്പോള്‍ പിന്നെന്തിനു സന്ദേഹം? തടിമില്ലു വിലക്കെടുത്തു നടത്തി കച്ചവടം! അന്നാട്ടിലെ ആളുകള്‍ ആദ്യമായി ഹെലികൊപ്ടര്‍ തലക്കുമേളില്‍ ഇത്ര താഴ്ന്നു പറന്നു കാണുന്നത് താന്‍ ആദ്യമായി വാടകക്കെടുത്തു തോട്ടങ്ങളിലുടനീളം മരുന്ന് തളിച്ചപ്പോളാണ്. ആ ധൈര്യം ഇന്നും തെല്ലു കൈമോശം വന്നിട്ടില്ലെങ്കിലും, കൂടുതല്‍ പോക്കത്തിനൊപ്പിച്ചു വീഴ്ചയുടെ ആക്കവും കൂടും എന്ന് ആദ്യമായി  അറിഞ്ഞതന്നാണ്. കാലഹരണപ്പെട്ട മീറ്റര്‍ ഗയ്ജു റയില്പാളങ്ങള്‍ കാണുമ്പോള്‍ തന്‍റെ തടിമില്ലും, തുരുമ്പരിച്ച് ഉപേക്ഷിക്കപ്പെട്ട ബസ്സോ, ലോറിയോ കാണുമ്പോള്‍ ചിറകുതകര്‍ന്ന ഹെലികൊപ്ടറും ഓര്‍മയില്‍ മിന്നിമറയും.


ആ നഷ്ടങ്ങളില്‍ കാര്യമായി മുറിവേറ്റിട്ടും മറിയാതെ നിന്നത്  പൂര്‍വ്വികന്മാര്‍ തനിക്കായി കരുതിവച്ചിന്ന വസ്തുവകകളുടെ വ്യാപ്തികൊണ്ടു മാത്രമായിരുന്നു. താനുള്‍പ്പെട്ട കഴിഞ്ഞ മൂന്നു തലമുറ നഷ്ടപ്പെടുത്തുകയല്ലാതെ അതിലൊന്നും കൂട്ടിചെര്‍ത്തിട്ടില്ല. ശേഷിച്ച മുപ്പതെക്കര്‍ "പറമ്പില്‍" പുരയിടം അന്ന് കിട്ടാവുന്നതില്‍ വെച്ചെറ്റം വലിയ വിലയ്‌ക്ക് കയ്യോഴിയുമ്പോള്‍ കണക്കുകൂട്ടല്‍ പലതായിരുന്നു. കുടുംബ മഹിമക്കുതകും വിധം സഹോദരിമാരെ കെട്ടിച്ചയക്കുക, ചെറുതെങ്കിലും പുതിയൊരു വീടുവാങ്ങി ടൗണിലേക്ക് ചേക്കേറുക, ബാക്കി പണം കൊണ്ട് ഒരു ഫിനാന്‍സ് കമ്പനി തുടങ്ങി പിടിച്ചുനില്‍ക്കുക.


ആദ്യത്തെ കാര്യം ഭംഗിയായിത്തന്നെ നടന്നു. പെങ്ങന്മാര്‍ കെട്ടിയവര്‍ക്കൊപ്പം കടല്‍ കടന്ന് അമേരിക്കയിലേക്ക് കുടിയേറി. പിന്നീടെല്ലാം തന്‍റെ കണക്കുകൂട്ടലുകള്‍ക്കപ്പുറമായിരുന്നു. പരിഭവമോ പരാതിയോ ഇല്ലാത്ത നിശബ്ദ സാന്നിധ്യമായ അമ്മ തളര്‍ന്നു വീണപ്പോള്‍......ആഴ്ചയില്‍ ഇരുവട്ടമുള്ള ഡയാലിസിസില്‍ നാലുവര്‍ഷ്ങ്ങള്‍കൊണ്ട് തനിക്കുള്ളതെല്ലാം നാമമാത്രമായപ്പോഴും, പിന്നീട് അമ്മ ഓര്‍മ്മയോടോട്ടി ചേര്‍ന്നപ്പോഴും, "പറമ്പില്‍" എന്ന പേര് ഇറക്കിവെക്കുവാന്‍ സ്വന്തമായി ഒരു ചുവരുപോലും തനിക്കില്ലായിരുന്നു. ആദ്യം ആഡംബരമായതില്‍നിന്നും ഇന്നു അത്യാവശ്യമുള്ളതിലേക്കൊതുങ്ങി........ എല്ലാം വാടക വീടുകള്‍!.............ഇന്നും വീട് ഒരു സ്വപ്നമായി അവശേഷിക്കുന്നു.


കൈ  അറിഞ്ഞു കൊടുത്തിട്ടെയുള്ളൂ കൈനീട്ടി വാങ്ങി ശീലമില്ല.  സുഹൃത്തുക്കളൊക്കെ തന്നെപ്പോലെ പ്രാരബ്ധക്കരായി ഒതുങ്ങി. ചിലര്‍ ബോംബെയ്ക്കോ മറ്റു പലയിടങ്ങളിലേക്കോ ക്ഷണിച്ചപ്പോഴും നാടുവിട്ടുപോകാന്‍ മനസുവന്നില്ല. ജീവിതം ഇഴഞ്ഞോഴുകി ഒറ്റക്കായപ്പോഴും, ഇടക്കുവച്ചെവിടെവെച്ചോ ചേര്‍ന്നോഴുകിയ കൈവഴിയായി തന്‍റെ ശൂന്യതയിലേക്ക് അവള്‍ കൂട്ടായി വന്നു. ഭാര്യവീട്ടുകാരെതിര്‍ത്ത വിവാഹത്തിനു ശേഷവും പണത്തിനു പകരം നിലക്കാത്ത, ഉപയോഗശൂന്യമായ കുടുംബമഹിമയോഴിച്ചോന്നും തനിക്കു കൈമുതലായുണ്ടായില്ല. തന്‍റെ സഹായം കൊണ്ടാണ് പച്ചപിടിച്ചതെന്നു കാണുമ്പോളോക്കെ സുഖിപ്പിക്കുന്നൊരു സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ അയാളുടെ വസ്ത്ര വ്യാപാരത്തില്‍ കൂടെ കൂടാമെന്ന് സമ്മതിച്ചു. കുടുംബത്തെ നാട്ടില്‍ തനിച്ചാക്കി കൊച്ചിയിലേക്ക് കളം മാറ്റി. കാര്യങ്ങള്‍ പഠിക്കാന്‍ ഉപദേശിച്ച് സുഹൃത്ത്‌ തിരക്കിലേക്ക് പിന്‍വാങ്ങിയപ്പോള്‍ "വസ്ത്രവ്യാപാരം" ഇന്ന വാക്ക് മനസ്സില്‍ കോറിയിട്ട ചിത്രവും യാതാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. മൊത്തമായി എത്തിക്കുന്ന തുണികള്‍ നാടിന്‍റെ നാനാഭാഗങ്ങളിലെത്തിച്ചു കടയോ,സ്ഥലമോ ഇല്ലാതെ ലാഭം കൊയ്യുന്ന തെരുവ് കച്ചവടം!എം.ജി റോഡിന്‍റെ വക്കത്തിരുന്നു ബനിയനും, നിക്കറും, അടിവസ്ത്രങ്ങളും വിറ്റപ്പോഴും കുറച്ചില്‍ തോന്നിയിട്ടില്ല. കച്ചവടം നടത്തുമ്പോള്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും തിരക്കിനുമിടയില്‍  ലോകത്തെ നിരീക്ഷിക്കുമ്പോള്‍, കുട്ടികളെ മാതാപിതാക്കള്‍ സ്കൂളിലേകക്കാനയിക്കുന്നതു കാണുമ്പോള്‍ തന്‍റെ പതിനഞ്ചാം വയസ്സില്‍ മുതിര്‍ന്നവര്‍ ആരെങ്കിലും ഒന്നു കൈപിടിച്ച് നടത്തിയിരുന്നെങ്കില്‍, ഉപദേശിച്ചിരുന്നെന്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി.


ആള്‍ക്കൂട്ടത്തിലോരിക്കലും പരിചയക്കാരെ കാണാതെ ഉള്‍വലിഞ്ഞത് അപമാനമോര്‍ത്തല്ല മറിച്ച് അവരുടെ സഹതാപം ഭയന്നാണ്. താന്‍ എന്നും ചുറ്റുമുള്ളവരെ സഹായിച്ചിട്ടെയുള്ളൂ. അതിലൊന്നും നഷ്ടബോധം തോന്നിയിട്ടില്ല. നഷ്ടപ്പെട്ട ഭൂമി, ബന്ധുക്കള്‍, പണം ഇതൊക്കെ ഒരു മലവേള്ളപ്പാച്ചിലിലോ, ഭൂകംബത്തിലോ ആര്‍ക്കും കൈവിട്ടുപോകാവുന്നത്തെയുള്ളൂ. വിട്ടകന്ന സൗഹൃദങ്ങളോടോ, തിരിഞ്ഞു നോക്കാതെ പടിയിറങ്ങിപ്പോയ പെങ്ങന്മാരോടോ പരിഭവം തോന്നിയിട്ടില്ല.  വര്‍ഷങ്ങള്‍ വഴിയരികില്‍ പാഴായതായി തോന്നിയില്ല, മറിച്ച് പുതിയത് പലതും പഠിക്കുകയായിരുന്നു. അന്നോ അതിനുശേഷമോ തന്നോട് ഏറ്റവുമടുത്ത സുഹൃത്തിന്റെ ഫര്‍ണിച്ചര്‍ വര്‍ക്ഷോപ്പില്‍ കൂലിക്കാരനായിരുന്നപ്പോളോ ചുറ്റുമുള്ളവരുടെ പ്രേരണയെ താന്‍ മനക്കരുത്തുകൊണ്ട് മറികടന്നു. പ്രശ്നം വെയ്ക്കലിലേക്കോ, ആത്മീയ ശുദ്ധികലശം വരുത്തുന്ന ധ്യാന കൂടാരങ്ങളിലെക്കോ മനസ്സ് ആനയിക്കപ്പെട്ടില്ല. "എല്ലാം വിധി" എന്ന വ്യസനിച്ച പതിവ് പല്ലവിക്കു  ചെവികൊടുത്തില്ല. എന്നും താങ്ങി നിര്‍ത്തിയത് "ഈ ലോകം ഇന്നുകൊണ്ടാവസാനിക്കുന്നില്ല" എന്ന ശുഭാപ്തി വിശ്വാസമാണ്.


 കാലാന്തരേ കടബാധ്യതയാല്‍ സുഹൃത്ത് കൈയ്യൊഴിഞ്ഞ ഫര്‍ണിച്ചര്‍ വര്‍ക്ഷോപ്  ഏറ്റെടുത്തു നടത്തേണ്ടി വന്നപ്പോഴും, പണ്ടെങ്ങോ തന്‍റെ സഹായം സ്വീകരിച്ച മറ്റൊരു സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍ പ്രത്യുപകാരമായി വച്ചുനീട്ടിയ വീട്ടുവളപ്പിലെ കൂറ്റന്‍ തേക്ക് മരവും ഒപ്പം അയാളുടെ പുതിയ വീടിന്‍റെ പണിയും താനിന്നോര്‍ക്കുന്നത്, ഒന്നുറങ്ങി വീണ്ടുമുണര്‍ന്ന ഒരു തൊട്ടാവാടി ഇലയുടെ മനസ്സോടെയാണ്.


ജീവിത യാത്രയിലുടനീളം കണ്ടുമുട്ടിയ ഏതപരിചിതനിലും തന്നെക്കാള്‍ മികച്ച ഒരു ഗുണമെന്കിലും കണ്ടുപിടിക്കാന്‍ തനിക്കാവും. ഒരു സൗഹൃദ്‌ത്തിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവര്‍ക്ക് മറുപടിയായി ഇന്നും താന്‍ കാത്തുസൂക്ഷിക്കുന്ന, തന്നെത്തേടിവന്ന ബന്ധങ്ങള്‍ കാട്ടിക്കൊടുക്കുന്നു. ഒരുകാലത്തെപ്പോഴാ മറന്ന് വീണ്ടും കാണുമ്പോള്‍, പരിഭവമില്ലാതെ, ലാഭേച്ച കൂടാതെ, ചെറുതും വലുതുമായ നീരസങ്ങള്‍ ഒരുചിരിയിലോ വാക്കിലോ ആശ്ലെഷത്തിലോ അലിഞ്ഞില്ലാതാകുന്നു. ആ ലാളിത്യവും നിഷ്കളങ്കതയും  സുഹൃദ്‌ ബന്ധങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ എപ്പോഴോ കണ്ടുമുട്ടിയതാണ് ആ സായിപ്പിനെയും.


ഓര്‍മ്മിച്ചതും മൊബൈലില്‍ റിംഗ് ചെയ്തു. അത് അയാള്‍ തന്നെ! സ്റ്റീവ്. ഇന്നു രാവിലെ ഒന്‍പതു മണിക്ക് മീറ്റിംഗ് ഫിക്സ് ചെയ്തിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള പുതിയ ഓര്‍ഡറിന്‍റെ കൊട്ടഷനെപ്പറ്റി സംസാരിക്കാനാണ്. "ജോണീസ് മാസ്റ്റര്‍ ക്രാഫ്റ്സ്" ഇന്നു പെരുമയ്ക്കപ്പുറം കടല്‍ കടന്ന് ഓസ്ട്രലിയയിലേക്കു പോയികൊണ്ടിരിക്കുന്നു മാസത്തില്‍ ഒരു കണ്ടൈനെര്‍ എന്ന കണക്കിന്. കേരള, ഇംഗ്ലീഷ് സ്റ്റൈല്‍ ഫര്‍ണിച്ചറും കടെഞ്ഞെടുത്ത ശില്പങ്ങളും!


നിമ്നോന്നതങ്ങള്‍ പിന്നിട്ട പാതയില്‍ തന്‍റെ കാല്പാടുകള്‍ ഇപ്പോള്‍ പതിഞ്ഞുനില്‍ക്കുന്നത് കുന്നിന്‍മുകളിലുള്ള ഒരു ലക്ഷ്യത്തിന്‍റെ മധ്യത്തിലാണ്. അതെ, താനിന്നുയര്‍ച്ചയുടെ പാതയിലാണ്. ഫാക്ടറിയില്‍ ദിവസവും ഇരുനൂറോളം ആളുകള്‍  പണിയെടുക്കുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും തന്നോടൊപ്പം കൊച്ചിയില്‍ താമസിക്കുന്നു. മോശമല്ലാത്തൊരു വീട് കെട്ടിപ്പെടുക്കുവാന്‍ തനിക്കിന്നാവും. എന്നാലും ഈ വാടക വീട്ടില്‍ ആ ആര്‍ഭാടെത്തേക്കാള്‍ താനിന്നു വിലമതിക്കുന്നത് കുട്ടികള്‌ടെ പഠിപ്പിനാണ്. അറിവു നേടി, ആഗ്രഹിക്കുന്ന ഏതു സ്ഥാനത്തെത്താനും പണം അവര്‍ക്കൊരിക്കലും തടസമാവരുത്. തലമുറകള്‍ക്കായി പൂര്‍വികര്‍ സമ്പാദിച്ചു വെയ്ക്കുന്നത് വെറുതെയാണെന്നും "വിദ്യാധനം സര്‍വധനാല്‍ പ്രധാനമെന്നും" പഠിക്കാന്‍ മറന്ന തന്നെ അനുഭവം പഠിപ്പിച്ചു. എങ്കിലും ജീവിത പരിചയത്തോളം വലുതായൊരു പരീക്ഷണശാലയുമില്ല. വിജയത്തിന്‍റെ രസതന്ത്രങ്ങള്‍ സ്വായത്തമാക്കിയവനാണ്  ഇന്നു താന്‍...


ബൈക്കിനടുത്തേക്ക് നടന്നു. 
ഒരു ദുരന്ത സ്മാരകത്തെ സാധാരണ ആളുകള്‍ പെട്ടന്നു കൈയ്യോഴിയുകയാണ് പതിവ്. താനിന്നു കാറിലാണ് യാത്രചെയ്യാരെങ്കിലും പ്രിയപ്പെട്ട ബൈക്കിനു തന്‍റെ ജീവിതാനുഭവത്തോളം പഴക്കമുണ്ട്. മിക്കദിവസവും, ഏതു പ്രധാന യാത്രക്കുമുന്പും രാവിലെ ആ  പഴഞ്ചന്‍ ബൈക്ക് തൂത്തുമിനുക്കി  ആക്സിലേറ്ററിന്റെ മുരള്‍ച്ചക്കൊപ്പം മനസൊന്നു പായിക്കുക പതിവാണ്. തന്‍റെ  കൌമാരയവ്വനങ്ങളിലേക്ക്........പ്രിയപ്പെട്ട ജേഷ്ടനിലേക്ക്........ ജീവിതമിന്നോളം പിന്നിട്ട പഴയ നാട്ടുവഴികളിലേക്ക്.........ഇന്നു താന്‍ കീഴടക്കാന്‍ പോകുന്ന ഏറ്റവും പുതിയ നേട്ടത്തിലേക്ക്.................ഒരു കുതിപ്പിനായി!
Related Posts Plugin for WordPress, Blogger...