17.3.12

ഇല കൊഴിയുമ്പോള്‍...

-1-

ഞാന്‍ ദേവസ്യ. 
ദേവസ്യ മുതലാളി, ദേവസ്യാച്ചന്‍, അങ്ങനെ പല പേരിലാണ് ആളുകള്‍ വിളിക്കാറ്. ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ? എങ്കിലും കഴിഞ്ഞ കുറെ നാളുകളായി ആത്മാര്‍ഥതയും സ്നേഹവും കാപട്യവുമെല്ലാം ഞാന്‍ തിരിച്ചറിയുന്നത്‌ ആ വിളികളിലെ ആഴം അരിച്ചെടുത്താണ്. കാഴ്ച മൂടപ്പെട്ടിട്ട് കാലമിത്രയുമായി.


ഏകാന്തമായ  വാര്‍ദ്ധക്യത്തിലിന്നേവരെ ഈയൊരു  ശാന്തത ഞാന്‍ അനുഭവിച്ചിട്ടെയില്ല. പണ്ടും പണിചെയ്തു തളര്‍ന്നു തിരികെ വീട്ടിലേയ്ക്ക് തുഴയുന്ന സന്ധ്യകളില്‍, നിലാവിന്റെ നീലിമയില്‍ നിശബ്ദയായി നാടുറങ്ങുമ്പോള്‍, നാഡി ഞരമ്പിലെ പ്രാണന്‍പോലെ പ്രവഹിക്കുന്ന പ്രിയ പമ്പയുടെ നെഞ്ചിലൂടെ കൊച്ചുവള്ളത്തിന്റെ അമരത്ത് തലചായ്ച്ചു നക്ഷത്രങ്ങളെ നോക്കി ഒഴുകി നടന്ന ഒത്തിരി രാത്രികളില്‍ ഒന്നുപോലെ,............വെള്ളത്തിലെ ഒരു കൊച്ചു പോങ്ങു തടി പോലെ ഇപ്പോള്‍ ഞാന്‍ ഒഴുകുകയാണ്!


എന്‍റെ മേരിക്കുട്ടി പോയതിനു ശേഷമാണ് ഏകാന്തത കൂട്ടായെത്തിയത്. അതിലേറെ മനസ്സു തളര്‍ത്തിക്കളഞ്ഞത് അവളെ അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖമാണ്. മണ്ണിലേയ്ക്ക് പിറന്നു വീണ നാള്‍മുതല്‍. മണ്ണില്‍ കളിച്ച്, മണ്ണില്‍ കിളച്ച്, മണ്ണില്‍ നട്ട്, മണ്ണോടൊട്ടി ജീവിച്ചവനാണ് ഞാന്‍. ആ അദ്ധ്വാനം കൊണ്ടാണ് മൂത്ത മകളെ നല്ലനിലയില്‍ കേട്ടിച്ചയക്കാനൊത്തതും അവള് കെട്ടിയവന്റെ കൂടെ കടല് കടന്നുപോയി കാശുവാരി ദേവസ്യ മാളിക വെച്ചതും മുതലാളിയായതും! മേരിക്കുട്ടിയെ പലതവണ കൊണ്ടുപോയി ഗ്രീന്‍ കാര്‍ട് നേടിയതു കൊണ്ടാണ് ഇളയ ആണ്‍ മക്കള്‍ക്ക് മൂന്നുപേര്‍ക്കും കുടുംബസമേതം എളുപ്പം അമേരിക്കക്ക് പോകാനൊത്തത്.


പാത്രത്തില്‍ മട്ട് അടിയും പോലെ അവസാനം ഈ വീട്ടില്‍ ഞാന്‍ അടിഞ്ഞു പോയി.  ഒറ്റക്കായിട്ടും ടി.വി യും പുസ്തകങ്ങളും കൊണ്ട് ശിഷ്ടകാലം തള്ളിനീക്കുമ്പോളാണ് കാഴ്ചകളൊക്കെ മഴവില്ലിന്റെ വിളറിയ വര്‍ണ്ണങ്ങള്‍പ്പോലെയായത്, അക്ഷരങ്ങള്‍ അകലേയ്ക്കകന്നുപോയത്. എല്ലാം അന്യമായപ്പോഴും ഒരു ജീവിതായുസിന്റെ ഓര്‍മകളെ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമാ റീലുകള്‍ പോലെ വീണ്ടും വീണ്ടും ചികഞ്ഞെടുത്തു കാണുമ്പോഴും, ഒക്കെ നിറകണ്ണുകളോടെ മേരിക്കുട്ടി യാത്രപറഞ്ഞു  ഈ ഗേറ്റിന്റെ പടികടന്നു എയര്‍പോര്ടിലേയ്ക്ക് പോകുന്നതു വരെ മാത്രം. അതിനുശേഷം മനസ്സിലാകെ ശൂന്യമായ ചിത്രങ്ങളാണ്!


മക്കളെ ജീവനെക്കാളെറെ സ്നേഹിച്ചവനാണ് ഈ ദേവസ്യ. എങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെ നടന്നതെല്ലാമൊന്നും തനിക്കത്ര ദഹിക്കുന്നില്ല. വാര്‍ദ്ധക്യം എന്നും അവഗണനയുടെതാണ് എന്നിരുന്നാലും താനേറ്റവും സ്നേഹിച്ചവനായ ഇളയ പുത്രന്‍ ടോമിച്ചനെ ഈവിധം കാണാന്‍ തെല്ലും ആഗ്രഹിച്ചിരുന്നില്ല എന്നത് സത്യം.


-2-

ഞാന്‍ ടോമി. അപ്പനെന്നെ ടോമിച്ചാ എന്നാണ് വിളിക്കാറ്. അമേരിക്കയില്‍ രണ്ടു പെട്രോള്‍പമ്പും അതിനോട് ചേര്‍ന്ന സൂപ്പര്‍മാര്‍ക്കറ്റും സ്വന്തമായുണ്ട്. രണ്ടു ദിവസമായി നാട്ടിലെത്തിയിട്ട്. കുടുംബക്കാരോക്കെ ഒന്നു കൂടിയിട്ട് കുറെ കാലമായി. ഏതായാലും ഇന്നു വൈകുന്നരം  എല്ലാരുമിങ്ങെത്തും. 

ഇന്നലെ ഇത്തിരി ബോറായോ? അപ്പന് ഏതായാലും കണ്ണുകാണത്തില്ല. എങ്കില്‍ സുഹൃത്തുക്കള്‍ തനിക്ക് ജീവനാണ്. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ അവരെ സന്തോഷിപ്പിക്കുക എന്നതിനേക്കാള്‍ വലുത് മറ്റെന്താണ്? കുഞ്ഞച്ചനെപ്പോലെ പല സുഹൃത്തുക്കള്‍ നാട്ടിലുള്ളതുകൊണ്ടല്ലേ ഞങ്ങള്‍ ഇവിടില്ലെന്കിലും കാര്യങ്ങള്‍ക്കൊന്നും ഒരു മുട്ടുമില്ലാതെ പോകുന്നത്. അപ്പന്റെ കിടക്കയുടെ തലയ്ക്കല്‍ നില്‍ക്കുമ്പോളാണ് അവര് വന്നത്. കണ്ണുകൊണ്ട് ആന്ഗ്യം കാണിച്ചപ്പോള്‍ തന്നെ കാര്യം അവര്‍ക്ക് മനസിലായി. മുകളിലത്തെ മുറിയില്‍ ഒക്കെ സെറ്റപ്പ് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ പതിയെ വലിഞ്ഞു ഞാനും കൂടി പതിവ്‌ "കമ്പിനിക്ക്." 

അല്ലെങ്കിലും ഈ അപ്പനെ എപ്പോഴും കളിപ്പിക്കുന്നതില്‍ തനിക്ക് ഒരു പ്രത്യേക വിരുതാണ്. ചെറുപ്പത്തില്‍ നാട്ടില്‍ തൊഴിലില്ലാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന കാലത്തും, സന്ധ്യാ പ്രാര്‍ഥനയ്ക്ക് വീട്ടിലുണ്ടാകണമെന്ന അപ്പന്റെ കാര്‍ക്കശ്യത്തിനു മുന്‍പിലും "അടിതെറ്റാതെ"  ഈ "കമ്പിനി" കൂടലിന് ശേഷവും ബോധമില്ലാതെ ബൈബിള്‍ വായിച്ചതും മണമടിക്കാതെ അകന്നു നിന്ന് സ്തുതി കൊടുത്തതും ഒക്കെ ഈ താന്‍ തന്നെയാണ്. എന്നാലും അമ്മച്ചിയെ മൂന്നു തവണ അമേരിക്കക്ക് കൊണ്ടുപോയിട്ടും ഒരുതവണയെങ്കിലും തന്നെകൂടെ കൊണ്ടുപോകും എന്ന് അപ്പന്‍ ആശിച്ചിരുന്നതു തനിക്കറിയാം. അതിപ്പോള്‍ ഗ്രീന്‍ കാര്‍ട് കിട്ടാന്‍ അപ്പന്‍ വരേണ്ട ആവശ്യവുമില്ല പിന്നെ കാശ് മുടക്കി വീട് പണിതിട്ടിടു  വല്ലവനെയും ഏല്‍പ്പിച്ചു പോകുന്നതെങ്ങനെ? അപ്പനാകുമ്പോള്‍ മുറ്റത്തെ പുല്ലോക്കെ ചെത്തി വെടിപ്പാക്കി ഇടുകയും ചെയ്യും. എങ്കിലും അവസാന തവണ കൂട്ടിക്കൊണ്ടു പോയപ്പോള്‍ അപ്പനെ ഒറ്റക്കിട്ടിട്ടു വരുന്നില്ലന്നു അമ്മച്ചി വാശി പിടിച്ചതും ഡിസംബറില്‍ തണുപ്പു താങ്ങാന്‍ വയ്യാതെ അവിടെക്കിടന്നു മരിച്ചപ്പോള്‍ എല്ലാരും കൂടി നാട്ടിലോട്ടു കേട്ടിയെടുക്കുന്ന ചിലവോര്‍ത്തും അപ്പനെ കാണിക്കാതെ ആ നാട്ടില്‍ തന്നെ അടക്കേണ്ടി വന്നതും പുള്ളിക്ക് അത്ര ബോധിച്ചിട്ടില്ലെന്നു തനിക്കറിയാം.

-3-

എന്നെയറിയില്ലേ ഞാന്‍ കുഞ്ഞച്ചന്‍. ഇവിടുത്തെ വാര്‍ഡു മെമ്പറാ പോരാഞ്ഞിട്ട് ടോമിച്ചന്റെ ക്ലാസ്‌മെറ്റാ. എന്തിനും ഏതിനും ഞാനുണ്ട്. എന്നെക്കൂടാതെ ഒരു പണിയും ഇവിടെ നടക്കുകയുമില്ല. ഇന്ന് ഈ നാട്ടില്‍ ഏറ്റവും തിരക്കുള്ളയാള്‍ (മോസ്റ്റ്‌ വാണ്ടഡ്) ഞാനാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ ടോമിച്ചന്റെ വീട്ടില്‍ തന്നെയുണ്ട്.

കിളവന്‍ വീട്ടില്‍ തനിചായപ്പോള്‍ മുതല്‍ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുന്നത് ഞാനാണ്.ടോമിച്ചന്‍ പുകഴ്ത്താറുള്ളത്പോലെ ഇവെന്റ്റ്‌ മാനേജിങ്ങില്‍ എന്റെ പ്രാഗത്ഭ്യം നിങ്ങള്‍ക്കറിയാന്‍ മേലാഞ്ഞിട്ടാ! എല്ലാ ആഘോഷ വേളയിലും..... അതെന്തുമായിക്കൊള്ളട്ടെ, കല്യാണം, ശവസംസ്‌കാരം, ഉത്സവം, പെരുനാള്‍  എന്നുവേണ്ട ഒരു തോര്‍ത്തുമുണ്ടും കക്ഷത്തിലൊരു കാഷ് ബാഗും ഉണ്ടെങ്കില്‍ സംഗതി ഞാന്‍ ഉഷാറാക്കില്ലേ? പിന്നെ ചിലവില്‍ പകുതി ഞാന്‍ മുക്കുമെന്നും, പരിപാടിക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍, പന്തല്‍, കാറ്ററിംഗ്, വാഹനസൗകര്യം മുതലായവ തന്‍റെ സഹോദരന്മ്മാരുടെ സ്ഥാപനങ്ങള്‍ക്ക്‌ പതിച്ചു കൊടുക്കുന്നവഴി മുടിഞ്ഞ ലാഭം കൊയ്യുമെന്നും ഒക്കെ അസൂയാലുക്കളായ നാട്ടുകാര്  പറഞ്ഞു പരത്തുന്നതാണ്.

എല്ലാം കഴിഞ്ഞ് തന്നെ ഏല്‍പ്പിച്ച കാശില്‍ നല്ലൊരു തുക "നെറ്റ് വ്യൂ" യൂസഫിനും, നിരണം സോമനും വീതിച്ചു കൊടുക്കനുള്ളതാ. ബില്ലുള്ളതൊക്കെ  ടോമിച്ചന്‍ തന്നെ നേരിട്ട് തീര്‍പ്പാക്കിക്കൊളും.  പൊതുജന സേവനം നല്ലതാ. എന്നാലല്ലേ തന്‍റെ ഈ കഷ്ടപ്പാടില്‍ വല്ലോം മിച്ചം പിടിക്കാനൊക്കൂ.

-4-

"നെറ്റ് വ്യൂ" എന്റെ സ്വന്തം സ്ഥാപനമാണ്. ഈ യൂസഫ്‌ എം. സി. എ കഴിഞ്ഞു, കൊട്ടിഘോഷിക്കപ്പെട്ട ഐ.ടി. യുടെ കുത്തൊഴുക്കില്‍ എത്തിപ്പെടാനായി പിന്നെയും അനുബന്ധിയായി സകലമാന കോഴ്സുകളിലും കൈവെച്ചിട്ടും, പഠിക്കാന്‍ മുടക്കിയ മുതലിനൊപ്പിച്ചുള്ള പണിയൊന്നും കിട്ടിയില്ല. 

ഈ പരിപാടിയുമായി ഇറങ്ങിയതില്‍ പിന്നെ ഞാന്‍ ഇത്തിരി പച്ചപിടിച്ചിട്ടുണ്ട്. പ്രായമായ ആളുകള്‍ തനിയെ താമസിക്കുന്ന വീടുകളിലാണ് എനിക്ക് ഡിമാണ്ട് കൂടുതല്‍. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയാല്‍ വീടും ആളുകളുടെ ആക്റ്റിവിറ്റിയും നിരീക്ഷിക്കുക.  ഇന്നത്തെ സാഹചര്യത്തില്‍ കാശുണ്ടാക്കാനുള്ള ഒരുപാട് ആശയങ്ങള്‍ മനസിലുണ്ട്. തീര്‍ച്ചയായും അമേരിക്കയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും പോലെ അണ്ടര്‍ ടെയ്ക്കിംഗ് സംവിധാനം ആരെങ്കിലും കേരളത്തില്‍ നടപ്പാക്കുന്നെങ്കില്‍ ആദ്യം ഈ യൂസഫ് ആയിരിക്കും. എങ്കിലും മൊത്തത്തില്‍ ഒരു പ്രസ്ഥാനമായി താന്‍ മാറണമെങ്കില്‍ ഈ വാര്‍ഡു മെമ്പര്‍ "കുളം കലക്കി കുഞ്ഞച്ചനെ" പോലുള്ള ചിലതിനെ  ഒഴിവാക്കേണ്ടതുണ്ട്. പിന്നെ ഈ കഞ്ഞി നിരണം സോമനെയും.

-5-

ഞാന്‍ നിരണം സോമന്‍. ഒരു കാലത്ത് അറിയപ്പെടുന്ന കാഥികനായിരുന്നു. ഇന്ന് ജീവിക്കണമെങ്കില്‍ കഥാപ്രസങ്ങവും കൊണ്ട് നടന്നിട്ട് കാര്യമില്ല. നല്ല കൈയ്യടിയും അതിനൊത്ത തെറിയും തല്ലും കല്ലേറും മാത്രമേ ഈ കാലത്തിനുള്ളില്‍  പ്രസ്തുത പരിപാടികൊണ്ട് എനിക്ക് കൈമുതലായുണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ ഞാന്‍ ട്രാക്ക്‌ ഒന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. പണ്ടത്തെ മൈക്കുസെറ്റും സൗണ്ട് സിസ്റവും പൊടിതട്ടിയെടുത്ത്, പഴയ വാനിനു പുതിയ പെയിന്റ് അടിച്ച്, പട്ടിണികിടക്കാന്‍ കൂട്ടാക്കാതെ പാട്ട്, പെട്ടിയിലാക്കി കൂടുവിട്ടു കൂലിപ്പണിക്ക് പോയ കോറസിനും, ഓര്‍ക്കസ്ട്രയ്ക്കും പകരം കൊര്‍ഗിന്റെ പുതിയൊരു ഓര്‍ഗന്‍ വാങ്ങി ഒറ്റയ്ക്ക് താന്‍ പണി തുടങ്ങി. ഇപ്പോള്‍ ഇതുപോലത്തെ പുതുപ്പണക്കാരന്‍ ടോമിച്ചനെപ്പോലെയുള്ള "ജാട മുതലാളികള്‍" ഉള്ളത് കൊണ്ട് കൈവിട്ടുപോയ പേരിനും പ്രശസ്തിക്കും പകരം പിടക്കുന്ന നോട്ടുകള്‍ തടയുന്നു.

ഈ പോക്കുപോയാല്‍ എനിക്ക് ആവശ്യക്കാര്‍ ഏറയാകും. ഇന്ന് ദേവസ്യാ മുതലാളിക്ക് വേണ്ടി, നാളെ നിങ്ങള്ക്ക് വേണ്ടിയും.

-6-

മുന്‍പ് നിങ്ങളോട് വര്‍ണ്ണിച്ച എന്റെ ആ തോണി ഒഴുകിയൊഴുകി ഇപ്പോള്‍ കരയോടു അടുത്തിരിക്കുന്നു. എന്ത് സുഖ്മാനെന്നോ ഇങ്ങനെ ആകാശത്തെ കാണാന്‍!. എത്ര വിവരിച്ചാലും നിങ്ങള്ക്ക് അത് അനുഭവവേദ്യമാകുകില്ല. എങ്കിലും ഒരിക്കല്‍ തീര്‍ച്ചയായും നിങ്ങളതറിയും എന്ന് ഞാന്‍ ആശംസിക്കട്ടെ.

ഇതിനു മുന്‍പ് ഞാന്‍ അവസാനമായി ചെയ്ത യാത്രയില്‍ കൊതുമ്പുവള്ളം എത്ര വേഗമാണെന്നോ പാഞ്ഞത്? പുഴ അന്ന് ശാന്തമായിരുന്നില്ല. ഏതോ കാട്ടരുവിയിലൂടെയാണത് നീങ്ങിയത്. അവസാനം തിട്ടയില്‍നിന്ന് വലിയൊരു വെള്ളച്ചാട്ടത്തിലേയ്ക്ക് പതിക്കുന്നവരെ ഒക്കെ ഞാന്‍ ഓര്‍ക്കുന്നു. അതില്‍ പിന്നെയാണ് ആളുകള്‍ ദേവസ്യയ്ക്ക് "ഭ്രാന്താണ്" എന്ന് പറഞ്ഞു തുടങ്ങിയത്. 

ഏകാന്തതയുടെ ഇരുപതു വര്‍ഷങ്ങള്‍ ഞാന്‍ തള്ളി നീക്കിയത് ഈ ഒരു ദിവസത്തനിനു വേണ്ടിയായിരുന്നില്ലേ? ഇന്നലെ വൈകിയാണ് അവന്‍ എന്റെയടുത്ത് വന്നത്. ഒരു പാട് സംസാരിച്ച്, അവസാനമായി എന്താണ് വേണ്ടത് എന്ന് ആരാഞ്ഞപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടത് കേട്ട് അവന്‍ ചിരിച്ചുകൊണ്ട് സമ്മതിച്ചു. അതിനുശേഷം പള്ളിമണികള്‍ മുഴങ്ങുന്നത് ഞാന്‍ കേട്ടിരുന്നു. പലരും യമനെന്നോ, കാലനെന്നോ വിളിക്കക്കുന്നെങ്കിലും അവന്‍ എന്നോട് പറഞ്ഞത് താന്‍ മരണത്തിന്റെ മലക്കായ അസ്രായീല്‍ ആണെന്നാണ്.

ജീവന്‍ മുന്‍പേ കൊണ്ടുപോയെങ്കിലും ഞാന്‍ ചോദിച്ചു വാങ്ങിയ ഈ നിമിഷംവരെ എന്‍റെ ആത്മാവിനെ അവന്‍ എന്നില്‍ത്തന്നെ നിര്‍ത്തി. പാപത്തിന്റെ ശിക്ഷയാല്‍ നരകത്തിനു വിധിക്കപ്പെട്ട ധനവാനായ ഒരു മനുഷ്യന്‍  ഒരിക്കല്‍കൂടി ഭൂമിയിലെത്തി തന്റെ ഉറ്റവര്‍ക്ക് തെറ്റും ശരിയും പറഞ്ഞുകൊടുക്കാന്‍ അനുവദിക്കണമെന്ന് ദൈവത്തോട് യാചിച്ചു പരാജയപ്പെട്ടത് അറിവുള്ളതിനാല്‍  ഈ ചിന്തകളിലൂടെങ്കിലും നിങ്ങളോട് സംസാരിക്കാന്‍ ഈ നേരമത്രയും ഞാന്‍ കടം ചോദിച്ചത്.  

ജീവിതത്തില്‍ ഒരിക്കലും പിരിയില്ലന്നു വേദപുസ്തകത്തില്‍ കൈവച്ചു ഞാന്‍ കൈപിടിച്ച് കൂടെകൊണ്ടുവന്ന എന്‍റെ മേരിക്കുട്ടിയെ എന്നില്‍ നിന്ന് പറിച്ചെടുത്തത്, മണിമാളികയ്ക്കുള്ളില്‍ വെറുമൊരു വേലക്കാരനായി എന്നെ തള്ളി, പ്രാര്‍ത്ഥനാ നിര്‍ഭരമായി ചിലവോഴിക്കേണ്ട അവസാന നാളുകളെ ഏകാന്തതയും വിഷാദവും കൊണ്ട് നിറച്ച് ഭ്രാന്തിലെയ്ക്ക് തള്ളിവിട്ടത്, എന്‍റെ നിശ്ചല ദേഹത്തിനരികില്‍ കണ്ണീര്‍ പൊഴിച്ചുനിന്ന നിമിഷവും കൂട്ടുകാരോടൊത്ത് മദ്യപിച്ച ടോമിച്ചനെ, എന്‍റെ വാര്‍ദ്ധക്യം വിറ്റ്‌ കാശാക്കിയ കുഞ്ഞച്ചനെ, യൂസഫിനെ, ശവസംസ്കാരയാത്രാ വിലാപ ഗായകന്‍ സോമനെ,  ഒക്കെ ഞാന്‍ അവസാനമായി ഉള്‍കണ്ണില്‍ കാണുകയാണ്. ഇനി അധികം സമയമില്ല.

എനിക്ക് മേലേ മണ്ണും കുന്തിരിക്കവും വീഴുന്നുണ്ട്. മാര്‍ബിളില്‍ പൊതിഞ്ഞ ഒരു കൊണ്ക്രീറ്റ്‌ പാളി എന്നെ മൂടുന്നുണ്ട്. എന്‍റെ പേരും ജനനവും മരണവും അതില്‍ കൊത്തിവച്ചിരിക്കുന്നത് നിങ്ങള്ക്ക് ഇനി വായിക്കാം.ഞാന്‍ ഒരു ശവമാണ്!  

5.3.12

പിന്‍വിളി

പുലര്‍ച്ചക്കോഴി കൂവും മുന്‍പേ കോളിംഗ്ബെല്ലിലെ കിളി ചിലച്ചു.
നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ. നീന  നിദ്രാലസ്യത്തോടെ നിവര്‍ത്തിയില്ലാതെ പൂമുഖ വാതിലിനടുത്തെക്കു നടന്നു.

ജോണി!!......അവളുടെ പ്രിയ ജോണി.

ഒരു നിമിഷംകൊണ്ട് ഉറക്കച്ചടവുകള്‍ ഉണര്‍വിലെയ്ക്ക് വഴിമാറി. അയാളങ്ങനെയാണ്. പലപ്പോഴും നിനച്ചിരിക്കാതെ എത്തി അവള്‍ക്ക്‌ ആകസ്മിക സന്തോഷങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വിവാഹ വാര്‍ഷികത്തിന്, ക്രിസ്മസ് രാത്രിയില്‍, കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ അങ്ങനെയങ്ങനെ......
എങ്കിലും പ്രത്യേകിച്ച് വിശേഷ ദിവസങ്ങളോന്നും അരികില്‍ ഇല്ലാത്തതിനാല്‍ ഈ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല. ആ മാറോട് പറ്റിനില്‍ക്കുമ്പോള്‍ അവളോര്‍ത്തു.

"കുട്ടികള്‍ക്കും ഒരു വലിയ സര്‍പ്രൈസ് ആകും. അവന്‍മ്മാര്‍ക്കുള്ള ചോക്ലെറ്റ്സ് ഇങ്ങേടുക്കട്ടെ" വാതില്‍ വലിച്ചടച്ച് അവള്‍ ബാഗ് ജോണിയുടെ കയ്യില്‍നിന്നും വാങ്ങി.

"ഈ ബാഗ് മാത്രമേയുള്ളൂ?" അവള്‍ക്കു സംശയം.

"അതെ. വാരി വലിച്ചോന്നും വാങ്ങാന്‍ സമയം കിട്ടിയില്ല. ബാഗുപോലും എയര്‍പോര്‍ട്ട് ഡ്യുട്ടി ഫ്രീയില്‍ നിന്നാണ്."

നീന ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക്‌ നോക്കി.

ദുബായില്‍നിന്നും വെളുപ്പിനെ മൂന്നു മണിക്കുള്ള എമിരേറ്റ്സ് ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി, അവിടുന്നൊരു ടാക്സിപിടിച്ച് വീട്ടിലെത്തുന്ന വരെയും ചിന്തകള്‍ എങ്ങോട്ടാണ് പായുന്നത് എന്നതിനുത്തരം ഇപ്പോഴും അയാള്‍ക്കറിവില്ല. എങ്കിലും ഒരു കാര്യത്തില്‍ സമാധാനം, തന്റേത് വിവേകമതിയായ ഭാര്യയാണ് എന്നതാണ്. അതുകൊണ്ടാണ് അനാവശ്യ ചോദ്യങ്ങളില്‍ ചിന്താമണ്ഡലം ചൂടുപിടിപ്പിച്ച് അത് പൊട്ടിത്തെറിക്കാന്‍ ഇടയാവാത്തത്. ഷവറില്‍നിന്നും തണുത്ത വെള്ളം തലയില്‍ അരിച്ചിറങ്ങുമ്പോള്‍ ജോണി ആശ്വസിച്ചു.

ബ്രേക്ഫാസ്ടു കഴിഞ്ഞു. കുട്ടികള്‍ സ്കൂളില്‍ പോയി. അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. അത് സാധാരണ പതിവില്ലാത്തതാണ്. വീട്ടിലെത്തിയാല്‍ പിന്നെ എത്ര വര്‍ത്തമാനങ്ങളും വിശേഷങ്ങളും കേട്ടാലും മതിവരാതെ തന്‍റെ പിന്നാലെ കൂടി അടുക്കളയിലും തൊടിയിലും കുട്ടിയെപ്പോലെ കൂടെ നടക്കുന്നയാളാണ്. ഈ സാഹചര്യത്തില്‍ തന്നെപ്പോലെ മറ്റു ഗള്‍ഫുകാരുടെ ഭാര്യമാര്‍ ചിന്തിക്കാവുന്നത് ജോലി നഷ്ടപ്പെട്ട് ടെര്‍മിനേഷന്‍ ലെറ്റര്‍ കിട്ടിയ പാടെ മുന്നറിയിപ്പൊന്നും കൂടാതെ നാട്ടിലേയ്ക്ക് പോന്നതാവാം എന്നാണ്‌.... പക്ഷേ ജോണി ദുബായില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ ബിസ്സിനെസ് നടത്തുന്നു. "ജോണീസ് മാസ്റ്റര്‍ ക്രാഫ്റ്സ്‌" അവിടെയും നാട്ടിലും മോശമല്ലാത്ത പേരുള്ള കമ്പനി തന്നെയാണ്. വല്ല ഷിപ്മെന്റ് പ്രോബ്ലമോ, ഓര്‍ഡര്‍ റിജക്റ്റ് ആയതോ ആവട്ടെ, നന്നായൊന്ന് ഉറങ്ങിക്കഴിയുമ്പോള്‍ ഒക്കെ ശരിയാവും. നീനയും സമാധാനിച്ചു.

അവളുടെ ആത്മഗതം പോലെ ഉണര്‍ന്നപ്പോള്‍ ആള്‍ തെല്ലുഷാറായി. മുഖത്ത് പതിവ് പുഞ്ചിരി വിരിഞ്ഞു. എങ്കിലുമെന്തോ അലട്ടുന്നുണ്ട് എന്നുറപ്പ്‌...... റിമോട്ടില്‍ വിരലുകളും ടി.വിയില്‍ ന്യൂസ്‌ ചാനലുകളും അക്ഷമരായി ഓടിക്കളിക്കുന്നു. വൈകുന്നേരവും കുട്ടികളുടെ മുന്പിലും ഇല്ലാത്ത സിഗരറ്റുവലി ലേശം കലശലായോ എന്നും സംശയം. സമാന സാഹചര്യങ്ങളില്‍ ഒരു ഭാര്യ എങ്ങനെ പെരുമാറണമെന്നതില്‍ അവള്‍ക്ക് നല്ല ബോദ്ധ്യമുണ്ട്. വല്ലാത്ത മാനസിക സമ്മര്‍ദം അനുഭവിക്കുമ്പോഴോ കോപാകുലനായി നില്‍ക്കുമ്പോഴോ പുരുഷപ്രജകളെ ഉപദേശങ്ങളാലും ചോദ്യശരങ്ങളാലും വലയ്ക്കരുത്. ഒക്കെയൊന്ന് തണുത്ത്‌ താനേ തിരികെവന്നു മണി മണി പോലെ സകലതും ഭാര്യയോട് പറയും. അല്ലാതെ എവിടെപ്പോകാന്‍? അതിനല്പം ക്ഷമ കാണിക്കുകയാണ് ബുദ്ധി. ആ രാത്രി അങ്ങനെയങ്ങ് പോയി.

അതിരാവിലെ ഉണര്‍ന്നപ്പോള്‍ പത്രം അരിച്ചു പെറുക്കുന്ന ജോണിയെ ഉമ്മറക്കസേരയില്‍ കണ്ടു. പിന്നീട് തിടുക്കത്തില്‍ കുളിച്ചൊരുങ്ങി അത്യാവശ്യമായി ഒന്നുരണ്ടിടങ്ങളില്‍ പോകാനുണ്ടെന്നു പറഞ്ഞ് വണ്ടിയുമായി ഇറങ്ങി.

ഇടക്ക് പലതവണ മൊബൈലില്‍ വിളിച്ചു നോക്കിയെങ്കിലും "തിരക്കിലാണ് അങ്ങോട്ടു വിളിക്കാം" എന്ന മറുപടി. അന്ന് വൈകുന്നേരം വീട്ടിലെത്താന്‍ കഴിയില്ലെന്നും തിരുവനന്തപുരത്തും കൊച്ചിയിലും അത്യാവശ്യമായി പോകേണ്ടതുണ്ടെന്നും ഇന്ത്യന്‍ എംബസിയിലും പ്രവാസികാര്യ മന്ത്രിയുടെ ഓഫീസിലും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും മറ്റും കാണാന്‍ രാഷ്ട്രീയ ബന്ധങ്ങളുള്ള സുഹൃത്തുമായി തിരക്കിട്ട് ഓടി നടക്കുകയാണെന്നും വിളിച്ചറിയിച്ചു. പിറ്റേന്നു വൈകുന്നേരവും വീട്ടിലെത്താമെന്ന ഭാര്യയോടുള്ള വാക്കു പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലാംനാള്‍ പാതിരാത്രിയില്‍ എപ്പൊഴോ അയാളെത്തി.

നേരം ഒരുപാട് പുലര്‍ന്നിട്ടും തളര്‍ന്നുറങ്ങുന്ന അയാളെ ശല്യപ്പെടുത്താതെ ആറിയ കാപ്പിക്ക് കൂട്ടായി നീനയിരുന്നു. ഉണര്‍ന്നപ്പോള്‍ അതു പ്രസരിപ്പുള്ള അവളുടെ ജോണിയായിരുന്നു. അയാളുടെ മുഖത്തുണ്ടായിരുന്ന മ്ലാനത ഉറക്കത്തില്‍ എവിടെയോ നഷ്ടപ്പെട്ടു പോയതിലെ സന്തോഷം അവളറിഞ്ഞു. അയാളവളുടെ കൈവിരലുകളില്‍ കൈകോര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

"ചില കാര്യങ്ങള്‍ അത്യാവശ്യമായി ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. ഇനിയും പലതും ബാക്കിയുണ്ട്. വളരെ പ്രധാനപ്പെട്ടൊരു സാമ്പത്തിക ഇടപാട് വളരെക്കുറച്ചു സമയത്തിനുള്ളില്‍ പരിഹരിക്കാനുണ്ട്. നമ്മുടെ കൊച്ചിയിലെ സ്ഥലവും ഫ്ലാറ്റും വില്‍ക്കേണ്ടി വന്നു. ഈ വീടും, റബര്‍ തോട്ടവും പറഞ്ഞ തുകക്ക് ഇടപാടായിട്ടുണ്ട്, മറ്റൊരു വാടക വീട് ഞാന്‍ ശരിയാക്കിയിട്ടുണ്ട്. ഉടനെതന്നെ അങ്ങോട്ട്‌ മാറണം. ബാക്കി കാര്യങ്ങളൊക്കെ സുഹൃത്തിനോടു പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. എനിക്ക്.........നാളെത്തന്നെ തിരികെപ്പോണം!"

സ്ഥബ്ധയായി അതു കേട്ടുനില്ക്കുമ്പോള്‍ ഒരായുസ്സ്കൊണ്ട് ഉണ്ടാക്കിയത് സകലതും വിറ്റു തുലയ്ക്കാനും മാത്രം എന്ത് നഷ്ടമാണുണ്ടായതെന്ന് ചോദിച്ചു പൊട്ടിത്തെറിക്കണം എന്നുണ്ടായിരുന്നു. പക്ഷേ താന്‍ ലോകത്തുള്ള മറ്റു ഭാര്യമാരെ പോലെയല്ല. ജോണിയെ നന്നായറിയാം. ആ കവിളിലെ കണ്ണുനീര്‍ തുടച്ചത് അയാള്‍ തന്നെയായിരുന്നു.

പോകുന്ന അന്നു രാവിലെ പതിവില്ലാതെ കുടുംബസമേതം ഇടവകപ്പള്ളിയില്‍ കുര്‍ബാന കണ്ടു. എയര്‍പോര്‍ട്ടിന്‍റെ ചില്ലുവാതില്‍ കടന്നു കണ്മുന്നില്‍നിന്നു മായുന്നതിനു മുന്‍പേ അയാള്‍ അവളോടു പറഞ്ഞു.

"അലമാര്യ്ക്കുള്ളില്‍ ഇന്നലെ ഞാനിട്ട ഷര്‍ട്ടിന്റെ കീശയില്‍ ഒരു കുറിപ്പുണ്ട്. നോക്കാന്‍ മറക്കേണ്ട"

പാഞ്ഞു വീട്ടിലെത്തുന്ന വരെ അതിലെന്താണ് എന്നറിയാനുള്ള ജിജ്ഞാസയായിരുന്നു അവള്‍ക്ക്. വെള്ളക്കടലാസില്‍ അപരിചിതമായ ഒരു അഡ്രെസ്സ് കുറിച്ചിട്ടിരുന്നു.

"ഷൌക്കത്ത് അലി
പുതിയപറമ്പില്‍ വീട്
നിയര്‍ അങ്ങാടിപ്പുറം ടെമ്പിള്‍
മലപ്പുറം."

 സമയയം പോലെ ഇവിടെവരെ ഒന്നു പോകണം. അവന് ഉമ്മയും ഒരു കുഞ്ഞു പെങ്ങളും മാത്രമേയുള്ളൂ"

കൂടെ അടുത്ത നാളിലെ പത്രത്തില്‍നിന്നും കീറിയെടുത്ത ഒരു കഷ്ണം വാര്‍ത്താക്കുറിപ്പും ഒപ്പംകണ്ട്, ഒന്നിന്റെയും അര്‍ത്ഥമറിയാതെ അവ കൂട്ടിവായിക്കാന്‍ അവള്‍ തത്രപ്പെടുമ്പോള്‍, എയര്‍പോര്‍ട്ടില്‍ അവസാന ഗേറ്റിന്‍റെമുന്‍പിലെ സന്ദര്‍ശക കസേരയിലിരുന്ന് അയാളുടെ ചിന്തകള്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലേയ്ക്ക് മടങ്ങി.

താനന്നു മദ്യപിച്ചിരുന്നില്ല. അലൈനിലുള്ള സുഹൃത്തിന്റെ മകളുടെ ബര്‍ത്ത്ഡേ പാര്‍ടി കഴിഞ്ഞ് പോരുന്ന വഴി തന്‍റെ കൂടെക്കൂടിയ ചങ്ങാതിമാരെയൊക്കെ അവരവരുടെ വസതികളിലില്‍ ഇറക്കിവിട്ട്, നേരം ഒരുപാട് ഇരുട്ടിയതിനാല്‍ തിടുക്കത്തില്‍ ഈന്തപ്പനകളുടെ ഇടയിലൂടെയുള്ള ചിരപരിചിതമല്ലാത്ത ഒരു ക്രോസ്കട്ട് റോഡ്‌ വഴി പ്രധാന ഹൈവേ ലക്ഷ്യമാക്കി പായുന്നതിനിടെ അപ്രതീക്ഷിതമായി ഓവര്‍ സ്പീഡ്‌ ക്യാമറയുടെ കൊള്ളിയാന്‍ പോലത്തെ ഫ്ലാഷ് മിന്നി. ആ ഞെട്ടലില്‍ നിന്ന് മുക്തിയാവുന്നതിനു മുന്‍പേ മിന്നായംപോലെ എന്തോ ഒന്ന് വണ്ടിയില്‍ തട്ടിത്തെറിച്ചു. പെട്ടെന്ന് ഇറങ്ങിനോക്കി. ആ കാഴ്ച കണ്ട് തലകറങ്ങി. പാത വിജനമാണ്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. പിന്നൊന്നും നോക്കിയില്ല. ശര വേഗത്തില്‍ പാഞ്ഞ വണ്ടി നിര്‍ത്തിയത് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ പാര്‍ക്കിങ്ങിലാണ്.

തിടുക്കത്തിനിടെ മറന്നിട്ട പാസ്പോര്‍ട് തിരികെവന്ന് അലക്ഷ്യമായ ഡാഷ്ബോര്‍ഡിനുള്ളില്‍ നിന്ന് ചികഞ്ഞെടുത്ത്, അച്ഛന്‍ മരിച്ചതിനാല്‍ അത്യാവശ്യമായി നാട്ടില്പോകാന്‍ ഏതെങ്കിലും ഫ്ലൈറ്റില്‍ ടിക്കറ്റ് വേണം എന്നാവശ്യപ്പെട്ട് അപ്പോള്‍ തന്നെ അവിടം വിടുമ്പോള്‍ മനസിന്‍റെ വേവലാതികളില്‍ നിന്നും ഒട്ടും രക്ഷപെട്ടിരുന്നില്ല. വീട്ടിലെത്തിയിട്ടും ഉള്ളം സ്വസ്ഥമാകുമോ? പത്രത്തില്‍ ആ വാര്‍ത്ത കണ്ടതും ഉള്ളിന്റെയുള്ളിലെ കുറ്റബോധം കൂടുതല്‍ ശക്തിയായി. എല്ലാറ്റില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ അത്രമാത്രം കഠിന ഹൃദയമുള്ള ഒരാളല്ലല്ലോ!

ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. അത് നീനയാണ്!

ആന്‍സര്‍ ബട്ടന്‍ അമര്‍ത്തിയിട്ടും ഒരു തേങ്ങല്‍ മാത്രമേ അവളില്‍നിന്നും കേള്‍ക്കാനുള്ളൂ, ജോണിയാണ് സംസാരിച്ചത്.

"അലൈനിലെ ഈന്തപ്പനതോട്ടത്തില്‍ ജോലിക്കാരനായ ഷൌക്കത്ത് മരണപ്പെട്ടത് എന്‍റെ കാറിടിച്ചാണ്. ഒരു കൈയ്യബദ്ധം! ആര്‍ക്കും പറ്റാവുന്നത്. വിധി അവിടെ എന്‍റെ രൂപത്തിലായിരുന്നു. അതിനു വ്യക്തമായ തെളിവുകളുണ്ട്. ആ സമയത്ത് ക്യാമറയില്‍ പതിഞ്ഞ എന്‍റെ മുഖം, കാര്‍ എയര്‍പോര്ട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരപ്പാടുകളോടെ കണ്ടെടുക്കാം, എന്‍റെ ടിക്കറ്റ്, യാത്ര....... എല്ലാമെല്ലാം ഒരു കൊലപാതകത്തിലുള്ള എന്‍റെ പങ്കിനെ മറക്കാനാവാത്ത രേഖകളാണ്.

അവിടുന്ന് രക്ഷപെട്ടോടിവന്നിട്ടും എന്‍റെ മനസാക്ഷിയുടെ മുന്നില്‍നിന്നും മറഞ്ഞിരിക്കാന്‍ തക്കവണ്ണം ഞാന്‍ അത്ര ക്രൂരനാണോ? ഒത്തിരിയാലോചിച്ചു. ജീവന്റെ വിലയായ ബ്ലഡ്‌ മണി* സകലതും വിറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇതുവരെ. ഷൌക്കത്തിന്‍റെ വീട്ടില്‍ പോയി, അവര്‍ക്കെന്നെ മനസിലാക്കാന്‍ പറ്റി. സര്‍ക്കാന്‍ സംബന്ധമായ എല്ലാ സഹായങ്ങളും ഞാന്‍ അഭ്യര്തിച്ചിട്ടുണ്ട്. ദുബായില്‍ സുഹൃത്തുക്കളും സ്പോന്സരും എന്‍റെ സഹായത്തിനുണ്ട്. എങ്കിലും വിമാനമിറങ്ങുമ്പോള്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം........

എന്തു തന്നെയായാലും ആ വിധി ഞാന്‍ മനസാ സ്വീകരിച്ചു കഴിഞ്ഞു. ബാക്കിയൊക്കെ ദൈവത്തിലര്‍പ്പിക്കുന്നു. എങ്കിലല്ലേ നാളെ ഞാന്‍ മടങ്ങി വന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് നന്മകള്‍ പറഞ്ഞു കൊടുക്കാന്‍, നല്ലോരപ്പനായിരിക്കുവാന്‍, ഉള്ളു തുറന്ന് നിന്നെ സ്നേഹിക്കുന്ന ജോണിയായി എന്നും ജീവിക്കുവാന്‍ എനിക്ക് പറ്റുകയുള്ളൂ......."

പാസ്സെഞ്ചേര്‍സ് യുവര്‍ അറ്റെന്ഷന്‍ പ്ലീസ്...............
വിമാനത്തിലെയ്ക്ക് കയറാനുള്ള അവസാന അറിയിപ്പ് മുഴങ്ങി.

*****

ബ്ലഡ്‌ മണി:- ഗള്‍ഫ്‌ രാജ്യങ്ങളിലെ ഷരിയാ നിയമപ്രകാരം വണ്ടിയിടിച്ചു മരിക്കുന്നയാളുടെ കുടുംബത്തിന് വാഹനം ഓടിച്ചയാള്‍ കോടതിവിധിയനുസരിച്ച് നല്‍കേണ്ടിവരുന്ന തുകയാണ് ബ്ലഡ്‌ മണി അഥവാ ജീവന്‍റെ വില. ഇത് ചിലപ്പോള്‍ ലക്ഷങ്ങളോ കൊടികളോ ആയതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തും. ആ സാഹചര്യത്തില്‍ ഇത്രയും വലിയതുക ആരും കൊടുക്കനില്ലാത്തതിനാല്‍ ഡ്രൈവര്‍ ആജീവനാന്തം ജയിലില്‍ കിടക്കേണ്ടിവരും.
Related Posts Plugin for WordPress, Blogger...