നെല്പാടങ്ങള് തന് നിറവും ഉഴുതുമറിച്ച ചേറിന് മണവുമാണെനിക്ക്. ചാട്ടുളിപോലെ പായുമൊരു ചുണ്ടന് വള്ളത്തിന് കുതിപ്പും ഉഴവു ചാലുകള്‍ കീറിയോടും കരിമ്പോത്തിന്‍ കരുത്തുമുണ്ടെനിക്ക്. സിരകള്‍ നിറഞ്ഞൊഴുകുന്നു നദികള്‍;അതില്‍ സ്നേഹമായി തുള്ളിക്കളിക്കുന്നു മീനുകള്‍. ഞാറ്റുപാട്ടിന്റെ ഈണവും വഞ്ചിപ്പാട്ടിന്റെ താളവും നേരും നെറിവും നിറയും കൃഷിയുമാണെന്റെയുള്ളില്‍. എങ്കിലും അറിയാതെ ദിശമാറി പറന്നൊരു കുട്ടനാടന്‍ കുളിര് കാറ്റാണിന്നു ഞാന്‍.
Showing posts with label പ്രതികരണം. Show all posts
Showing posts with label പ്രതികരണം. Show all posts
12.5.13
25.3.13
27.12.11
മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ എവിടെയാണ്?
ലോകത്തെങ്ങും വിദ്യാസമ്പന്നരും അല്ലാത്തവരും ഇന്നു തൊഴിലില്ലായ്മയും പട്ടിണിയും നാളെയെക്കുറിച്ചുള്ള ഉത്ഘണ്ടയും കൊണ്ട് വലയുകയാണ്. എല്ലാ രാജ്യത്തും ജനങ്ങള്‍ ഒരേ പോലെ ചിന്തിക്കുന്ന ഈ അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടുണ്ടോ? പുച്ചിച്ചു തള്ളി, നിങ്ങളുടെ വാക്കുകള്‍ക്ക്കാതു മന്ദീഭവിപ്പിച്ചു നിന്നിരുന്ന ഒരു ജനതയുടെ യുവ രക്തം ഇന്നു നിങ്ങളിലെയ്ക്കു തന്നെ മടങ്ങിപ്പോകുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ഒരുങ്ങിയിറങ്ങിയ ലക്ഷക്കണക്കിന് ആള്‍ക്കൂട്ടം ഇപ്പോളും അമേരിക്കയുടെ ഏതു കോണിലും നിങ്ങളുടെ ഒരു വിളിക്കായി കാതോര്‍ത്തിരിക്കുന്നു.
ഞങ്ങള്‍ 700 കോടി ആളുകള്‍ ഇന്നു ഈ ഭൂമിക്ക് ഭാരമായി നിലകൊള്ളുമ്പോഴും ലോകത്തെ ആകെ സമ്പത്തിന്‍റെ പകുതിയില്‍ അധികവും നിങ്ങളെ പടിയടച്ചുപിണ്ഡംവച്ച മുതലാളി വര്‍ഗത്തിന്‍റെ പുതിയ പതിപ്പായ കോര്‍പറേറ്റ് ഭീമന്മാരില്‍ 300 പേര്‍ മാത്രം കയ്യടക്കി വച്ചിരിക്കുന്നു. ബാക്കി 699.997 കോടി മനുഷ്യരില്‍ തുച്ഛം പേര്‍ സമ്പത്സമൃദ്ധിയില്‍ കഴിയുമ്പോഴും, പല നാടുകളിലായി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ ഞങ്ങളെപ്പോലെ അനേകം മനസ്സുകള്‍ അലകടല്‍ പോലെ പ്രക്ഷുബ്ധമായി നില്‍ക്കുന്നു. ഞങ്ങളുടെയുള്ളില്‍ ഇന്നു ചെറു ഓളങ്ങള്‍ ഉടലെടുത്തിരിക്കുന്നു. ഒരുപാടോളങ്ങള്‍ ഒന്നായിച്ചേര്‍ന്ന് അത് ഒരുതിരയായി, പിന്നെ വലിയൊരലയായി മദ്ധ്യപൂര്‍വേഷ്യന്‍, ആഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ കാലാകാലങ്ങളായി നിലയുറപ്പിച്ചു നിന്നിരുന്ന വന്മരങ്ങളെ കടപുഴക്കിയെറിഞ്ഞു. എങ്കിലും ഇന്നു നയിക്കാന്‍ ഞങ്ങളോടോപ്പമോ ഞങ്ങള്‍ക്ക് ചുറ്റുമോ നിങ്ങളെപ്പോലെ അറിവും ആത്മാര്‍ഥതയുള്ള ഒരു നേതാവിനെ കാണുവാന്‍ കഴിയുന്നില്ല.
ഇന്ത്യയില്‍ ഭരണകൂടും താങ്ങിനിര്‍ത്തുന്നവര്‍ പെട്രോളിന്‍റെ വില കുട്ടിയുടെ കയ്യില്‍ കാല്‍കുലേറ്റര്‍ എന്നപോലെ, പൊതുജനത്തിനെ എല്ലാ ജീവിത മേഖലയിലും അമര്‍ത്തി കളിക്കുമ്പോള്‍ അവിടെ ആയുധനിര്മാന രാജാക്കന്മാരുടെ പ്രേരണയാല്‍ ഇല്ലാത്ത യുദ്ധം ഉണ്ടാക്കി, കടത്താല്‍ നാടുമുടിച്ച്, ഞങ്ങള്‍ തൊഴില്ചെയ്തിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി, ഇനി എന്ത് ചെയ്യണമെന്നറിയാതെ ഉഴറി നില്‍ക്കുന്നു. ഒരു കാലത്ത് "കമ്മ്യൂണിസം" എന്ന വാക്കേ ഞങ്ങള്‍ക്ക് ആരോചകമായിരുന്നു. മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ വെറും കൂലിത്തോഴിലാളികളുടെ വക്കാലത്തുകാരായിരുന്നു. എന്തിന് ഞാന്‍ ജീവിച്ചുവളര്‍ന്ന കുട്ടനാട്ടില്‍ പോലും ഞങ്ങള്‍ കര്‍ഷക മുതലാളിമാര്‍ക്ക് നിങ്ങളുടെ ആളുകള്‍ ഒരു തലവേദനയായിരുന്നു. അന്യായ കൂലിക്കായി വാശിപിടിച്ചിരുന്നവരെയൊന്നും ഇന്നു ഞാന്‍ എല്ലായിടത്തും "അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല." അവരൊക്കെ എവിടെപ്പോയി മറഞ്ഞു? അതോ എന്നെപ്പോലെ വൈറ്റ് കോളര്‍ ജോലിക്കാരായി ഇന്നു തൊഴിലില്ലാതെ നില്‍ക്കുന്നുണ്ടാവുമോ?
ഇന്നു ഞാന്‍ ഉള്‍പ്പെട്ട സാധാരണക്കാരായ ആ 99 ശതമാനവും തിരിച്ചറിയുന്നു വരുന്ന ദശ-ശതാബ്ദങ്ങള്‍ പട്ടിണികൂടാതെ നിലനിന്നു പോകണമെങ്കില്‍ റഷ്യയില്‍ നിന്നുടെലെടുത്ത ആ ആവേശത്തിലൂടെയെ സാധ്യമാകൂ എന്ന്. ഞങ്ങള്‍ക്ക് ചുറ്റും ഇന്ന് "കമ്മ്യൂണിസ്ടുകാര്‍" എന്ന് പറഞ്ഞു നടക്കുന്നവരെയൊന്നും എ.കെ.ജി ക്കും, ഇ. എം എസിനും, ഇ.കെ നായനാര്‍ക്കും ശേഷം ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. എല്ലാവനും ഉള്ളിലെ മുതലാളിത്തത്തിന് കൊടിപിടിക്കുന്ന വ്യാജ വിപ്ലവകാരികള്‍! അവരുടെയിടയിലും പുത്രസ്നേഹത്താല്‍ അന്ധരായ ധൃതരാഷ്ട്രര്‍മാര്‍. അവിടെയുമിവിടെയും അഴിമെതിക്കെതിരെ സംഘടിക്കൂ എന്ന് മുറവിളികൂട്ടി പലരും ആഹ്വാനങ്ങള്‍ നടത്തുന്നു. എന്തിനുമൊരുമ്പിട്ടു ഗതിമുട്ടി നില്‍ക്കുന്ന ഞങ്ങള്‍ ഒരുപാടുപേര്‍ ഇവിടെ സോഷ്യല്‍ മീഡിയയിലോ ദ്രിശ്യ പത്ര മാധ്യമങ്ങളിലോ ഒരു ചെറു ഓളം അനങ്ങുന്നത് നോക്കിയിരിക്കുന്നു. ഒരു തിരയായി അലകടലായി മാറുവാന്‍ ഞങ്ങള്‍ക്ക് വെറും നിമിഷങ്ങള്‍ മതി.
പക്ഷേ....... മുന്‍കാല അനുഭവങ്ങള്‍ ഞങ്ങളെ ചിന്തിപ്പിക്കുന്നു.
ഇന്ന് ആരെ വിശ്വസിക്കും? അവരുടെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ സംശയിക്കുന്നു. അപ്പോഴാണ് ഞങ്ങള്‍ നിങ്ങളെയോര്‍ത്തത്! ഒരു ജനതയെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയ ആ ചിന്താശക്തിയെ, ആത്മാര്‍ത്ഥമായ ആഹ്വാനങ്ങളെ! രക്തരഹിത വിപ്ലവങ്ങളെ!
എന്നിലെ വൈറ്റ് കോളര്‍ ഈഗോ എന്നേ നിലംപൊത്തിയിരിക്കുന്നു. ഇന്നു ഞാന്‍ സഹപ്രവര്‍ത്തകനെ കാണുന്നു. അയല്‍ക്കാരനെ പറ്റി ചിന്തിക്കുന്നു. അവന്‍റെ കുഞ്ഞുങ്ങള്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത് വേദനിക്കുന്നു. എന്നെപ്പോലെ ചിന്തിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ ഇന്ത്യാ മഹാരാജ്യത്തും ലോകമെമ്പാടും ഇന്നുണ്ട്. ഞങ്ങളെ നയിക്കാന്‍, പ്രചോദനം നല്‍കാന്‍ കഴിവുറ്റവര്‍ ആരുമില്ല. അന്ന് നിങ്ങള്‍ പാടുപെട്ടു പടുത്തുയര്‍ത്തിയ "പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും" പുനസൃഷ്ടിക്കാന്‍ മുന്പത്തേതിലും വളക്കൂറുള്ള മണ്ണാണ് ഇന്നുള്ളത്. ഒരുകാലത്ത് അറപ്പുകൊണ്ട് കാര്‍ക്കിച്ചുതുപ്പിയ ആ നാവുകൊണ്ട് തന്നെ ഞാന്‍ വിളിക്കുന്നു.
പ്രിയപ്പെട്ട മാര്‍ക്സ്, ലെനിന്‍........... ...മടങ്ങിവരൂ..............
-----------------------------------------------------------
ഇത്രയും പ്രസംഗിച്ചു നിര്‍ത്തി വീണ്ടും തുടങ്ങാന്‍ ഒരു കാരണമുണ്ട്. പറഞ്ഞതത്രെയും ആത്മാര്‍ഥതയില്ലാത്ത ഭരണകര്‍ത്താക്കളെയും ദുരൂഹ ലക്ഷ്യമുള്ള നേതാക്കളെക്കുറിച്ചും കുറിച്ചാകയാല്‍ എതെഴുതിയവന്‍റെ ഉള്ളിലിരുപ്പിനെപ്പറ്റിയും നിങ്ങള്‍ക്ക് തെല്ലു സംശയം തോന്നാം. ഉള്ളത് പറഞ്ഞാല്‍ ഞാന്‍ ഒരു കുട്ടിസഖാവോ, ആലവിട്ടോ വഴിതെറ്റിയോ ഓടിയ കുഞ്ഞാടോ അല്ല. പുതിയതായി രാഷ്ട്രിയ പാര്ടിയുണ്ടാക്കാന്‍ യാതോരു ദുരുദ്ദേശവുമില്ല. പിന്നെ?.....
ഇന്നു സാധാരണക്കാരന് ഒരു തുണ്ട് ഭൂമി വാങ്ങാന്‍ എങ്ങനെ സാധിക്കും? ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എത്ര വലുതാണ്? ആവശ്യത്തിലധികം വിദ്യാഭ്യാസവും മറ്റുള്ളവനെക്കാള്‍ പരിശ്രമവും കഴിവും ഉണ്ടായിട്ടും ഇന്നു താങ്ങള്‍ എവിടെയെത്തിനില്‍ക്കുന്നു? ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ പൂര്‍ണ്ണ തൃപ്തനാണോ? ബന്ധങ്ങളും ജീവിച്ചു വളര്‍ന്ന ചുറ്റുപാടും മതവിശ്വാസവും അതിലേറെ ഭയവും ചിലത് ചോദിക്കാനും പ്രവര്‍ത്തിക്കാനും താങ്ങളെ വിലക്കുന്നില്ലേ?... എങ്കില്‍ ഉള്ളിലുള്ളത് എഴുതിയെങ്കിലും തീര്‍ക്കൂ ..........കുറഞ്ഞപക്ഷം ഒരു കമന്റ് ആയെങ്കിലും.
26.10.11
ഭൂതാവിഷ്ടര്‍
ഞാന്‍ ഒരു സഞ്ചാരിയാണ്, ഭൂഗോളം മുഴുവനും ചുറ്റിനടന്നു കണ്ടിട്ടുണ്ട്. ചെളിയും മണ്ണും കാടും കടലും കടന്ന് മരുഭൂമിയിലൂടെ, ആകാശത്തിന്‍റെ അനന്ത വിഹായുസിലൂടെ, ലോകത്തിന്റെ ഒരു കോണില്‍ നിന്നും അടുത്തിടത്തേക്ക് നിത്യവും വിഹരിക്കുന്നു. സന്ദേശങ്ങള്‍ വഹിക്കാന്‍ എനിക്കിഷ്ടമാണ്, എല്ലാ ഉള്ളറകളിളും ഒരിക്കലെങ്കിലും ഞാന്‍ എത്തിനോക്കിയിട്ടുണ്ട്. ഞാനറിയാത്ത രഹസ്യങ്ങള്‍ ഒന്നും തന്നെയില്ല, എന്നെ അറിയില്ലേ?.......ഞാന്‍........ കാറ്റ്!
എനിക്കും ഇഷ്ടങ്ങളുണ്ട്. ചില സ്ഥലങ്ങള്‍! ഞാന്‍ ഏറിയ സമയം തങ്ങുന്ന നാടുകളൊക്കെ സ്വര്‍ഗ്ഗംപോലെ സുന്ദരമാണ്. അവിടെയൊക്കെ മനുഷ്യരും, പക്ഷിമൃഗാദികളും, പൂവും പുല്ലും വയലും പുഴയുമുണ്ട്. എന്നെ പല പേരിട്ടു വിളിച്ചവര്‍ അതിനെ "ദൈവത്തിന്റെ സ്വന്തം നാടെന്ന് "വിളിക്കുന്നു!
ആ പേരിനു കാരണഭൂതന്‍ ശരിക്കും ഞാനല്ലേ?
മടി പിടിച്ച മഴമേഘങ്ങളെ ഉന്തിത്തള്ളി മലയോളം കൊണ്ടുചെന്നെത്തിക്കുന്നത് ഞാനല്ലേ?. എന്‍റെ തോളില്‍ തൂങ്ങിയല്ലേ മഴത്തുള്ളികള്‍ സഹ്യന്റെ മാറിലെ പച്ചപ്പിലേക്കൂര്‍ന്നിറങ്ങുന്നത്? നാട്ടിലുടനീളമുള്ള ഹരിതാഭ ശീതളിമ എന്‍റെ തലോടലില്‍ നിന്നുടലെടുത്തതല്ലേ?
വികാരങ്ങളോക്കെതന്നെയാണ് വിവിധ ഭാവത്തില്‍ ഞാന്‍ പ്രകടിപ്പിക്കാര്, എന്‍റെ സ്നേഹത്തെ നിങ്ങള്‍ മന്ദമാരുതനെന്നും, ദേഷ്യത്തെ കൊടുങ്കാറ്റെന്നും വിളിക്കുന്നു. "മൈമുവെന്നും, കത്രീനയെന്നും" ദേശങ്ങള്‍ക്കുതകും വിധം അവര്‍ എനിക്കു പേരിടുന്നു. "വായു" ഭഗവാനെങ്കിലും, അവ മിക്കതും സ്ത്രീ നാമങ്ങള്‍. അതെനിക്കിഷ്ടം തന്നെയാണ് കാരണം പ്രകൃതിയില്‍ എന്‍റെ സഹചാരികള്‍ മിക്കതും മഹതികളാണ്. ഭൂമി ദേവി, വനദേവത, മത്സ്യകന്യക............അങ്ങനെ പലതും.
ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള എന്‍റെ പ്രയാണത്തില്‍ കണ്ണിലുടക്കിയവ പലതും ഞാന്‍ ഓടിയെത്തും മുന്പു സംഭവിച്ചു കഴിഞ്ഞവയായിരിക്കും. നിത്യേന യാത്രയില്‍ ഞാന്‍ കണ്ടതൊക്കെയും ഉച്ചത്തില്‍ വിളിച്ചു പറയാന്‍ എനിക്കു കഴിയാറില്ല. പകരമൊരു മര്‍മ്മരമായോ, മണമായോ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കും. അങ്ങനെ എന്‍റെ കണ്ണു കണ്ടതിലേറയും ഇവിടുത്തെ സ്ത്രീകളുടെ വേദനകളായിരുന്നു. ഏറ്റവുമധികമായി ഞാന്‍ തങ്ങുന്ന, എന്‍റെ സ്വകാര്യ അഹങ്കാരമായ "ദൈവത്തിന്റെ സ്വന്തം നാട്."
"സ്ത്രീ" എന്നവാക്കിനെപ്പോലും വികൃതമാക്കിയ, വിവേചിച്ചറിയാന്‍ പാടില്ലാത്ത നാട്!
കല്‍ക്കരി മാറി കറന്‍ന്ടില്‍ ഓടിയിട്ടും, എന്നെ കീറിമുറിച്ചു പാഞ്ഞിട്ടും എന്‍റെ കാഴ്ച്ച മറയ്ക്കാനോ വേഗതിനോപ്പമെത്താനോ കഴിയാത്ത തീവണ്ടികളില്‍നിന്നും സ്ത്രീത്വം നശിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വലിച്ചെറിയപ്പെട്ടത് ഞാന്‍ കണ്ടു. വണ്ടിക്കുള്ളിലും പുറത്തും ഒറ്റക്കയ്യന്മാരെ മാത്രമല്ല കോട്ടും ടയ്യും കേട്ടിയവരെയും ഖദറിട്ടവരെയും ദ്രംഷ്ടങ്ങള്‍ കാട്ടി ചിരിക്കുന്ന ഡോക്ടര്‍മാരെയും കണ്ടു. എല്ലാം കാമവെറിപൂണ്ടവര്‍.......... വിധിയുടെ ബലിമൃഗങ്ങളുറങ്ങുന്ന ആശുപത്രിവളപ്പില്‍ യമ ദൂതുമായി വി.ഐ .പി മാരെയും വേട്ടക്കാരുടെ കൂടെ അവരുടെ മക്കളെയും കണ്ടിട്ടുണ്ട്. എന്റെ കാഴ്ച കെടുത്താനാവാത്ത കൂരിരുട്ടിലും കിണറിന്റെ ആഴങ്ങളില്‍ ശുഭ്രവസ്തം ധരിച്ചു മൃത്യുവിന്‍ നിദ്രയിലഭയംതേടിയ സന്യാസിനിയെ കണ്ടു.
ലോകത്തിന്‍റെ മറ്റൊരുകോണിലും രണ്ടും മൂന്നും വയസുള്ള പിഞ്ചു ബാലികകള്‍ പീഡിപ്പിക്കപ്പെട്ടത് ഞാന്‍ കണ്ടില്ല. മറ്റെല്ലായിടത്തും പകലും, രാത്രിയുടെ എല്ലാ യാമങ്ങളിലും പൊതു നിരത്തിലൂടെ നിര്‍ഭയരായി സ്ത്രീകള്‍ ജോലിക്ക് പോകുന്നതും തിരികെ വരുന്നതും ഞാന്‍ കണ്ടുകൊണ്ടേയിരിക്കുന്നു. ഇവിടെയാകട്ടെ സൂര്യന്‍ മറഞ്ഞാല്‍, എഴുമണിക്കുശേഷം മനുഷ്യനോ മൃഗമോ ആയ ഒരു പെണ്‍തരിയെയും പുറത്തു കാണുന്നില്ല. നിര്‍ഭാഗ്യകരമായി വൈകി വഴി നടക്കുന്നവര്‍ അപ്രത്യക്ഷരാവുകയോ കുറുനരികളാല്‍ വലയം ചെയ്യപ്പെട്ട് ആക്രമിക്കപ്പെടുകയോ അപമാനിതരാവുകയോ ചെയ്യുന്നു. കൈലിയുടുത്ത, കോട്ടും ടയ്യുമിട്ട, ഖദറിട്ട കുറുനരികള്........! ഒറ്റയ്ക്കേതു പെണ്‍ വര്‍ഗ്ഗ ജീവി എതിരേവന്നാലും അറിയാതസഭ്യം വായില്‍വന്നുപോകുന്ന പുരുഷ പ്രജകളില്‍ പകല്‍മാന്യന്മാരെയും കണ്ടു.
മറ്റു പല നാട്ടിലും എന്‍റെ ചിറകുകളുടെ വേഗതയില്‍ കുത്തഴിഞ്ഞു പാറിനടന്ന കുട്ടികളുടെ പുസ്തകത്താളുകളില്‍ ലൈംഗിക വിദ്യാഭ്യാസ പാഠഭാഗം ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ "ലൈഗികം" എന്ന വാക്കേ ആരോചകമാണ്. കുട്ടികളില്‍ നിന്നെല്ലാമവര്‍ ഒളിക്കുന്നു. കുഞ്ഞു സംശയങ്ങള്‍ ശകാരങ്ങലാലോ കണ്ണു പോത്തലുകളാലോ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നു. അവ വളര്‍ന്നു വലിയ ചോദ്യങ്ങളും ആകാംഷമൂത്തതിര്‍വരമ്പ് ഭേദിച്ചവര്‍ ചോദ്യചിഹ്നങ്ങളുമാകുന്നു.
അവിടുത്തെ കുഞ്ഞുങ്ങളും അച്ഛന്മ്മാരും അമ്മമാരും ഒന്നിച്ചു കളിച്ച്, ഒരേ കടലില്‍ കുളിച്ച് ഒരു കിടക്കയില്‍ കേട്ടിപ്പിടിച്ചുറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ കുട്ടികളെയും ഭാര്യയെയും ഇരുകരങ്ങളില്‍ ചേര്‍ത്തുനിര്‍ത്തി കവിളില്‍ മുത്തം നല്‍കാന്‍ പോലും അച്ഛന്മാരും തിരിച്ച് അമ്മമാരും ലജ്ജിക്കുന്നു.
അവിടെ യുവതീ യുവാക്കളും, കൌമാരക്കാരും വഴിയോരങ്ങളില്‍ കൈകോര്‍ത്തു ഒന്നിച്ചുനടന്ന് ഒരേ സീറ്റില്‍ യാത്രചെയ്തതും ഞാന്‍ കണ്ടു. എന്നാല്‍ ഇവിടെ എതിര്‍ലിഗത്തിലുള്ളവര്‍ കാണുന്നതും ഒന്നിച്ചിടപെടുന്നതും ചെറുപ്പംമുതലേ വിലക്കപ്പെടുന്നു.
ലോകത്തിന്റെ മിക്ക കോണുകളിലും സ്ത്രീകളെ ധൈര്യശാലികളായും പുരുഷന്‍മാരാല്‍ ബഹുമാനിക്കുന്നപ്പെടുന്നവരായും കണ്ടു. സമസ്ത മേഖലകളിലും സമത്വമുള്ളതായും എനിക്കു തോന്നി. എന്തേ ഇവിടം മാത്രം ഇങ്ങനെ?
ഇന്ന് ആഗോളതാപനമെന്ന് ആരൊക്കെയോ ആര്‍ത്തുവിളിച്ചിട്ടും പതിവിലും വേഗത്തില്‍ വീശി ഞാനെന്‍റെ പ്രിയ നാടിന്‍റെ വിയര്‍പ്പകറ്റിക്കൊണ്ടിരിക്കുന്നു. സൂര്യന്‍ തെല്ലു ഗര്‍വിച്ചു നിന്നിട്ടും തളരാതെ ഞാന്‍ സഹ്യന്‍റെ കൊടുമുടിയിലേയ്ക്ക് കാര്മുകിലിനെയും കൂട്ടുപിടിച്ചു പറക്കുന്നു. നിനക്കായി......കൂടുതല്‍ മഴയ്ക്കായി.
എന്നെങ്കിലും നിങ്ങളെന്റെ കൂടെ വരുമെങ്കില്‍ ഈ കാഴ്ച്ചകളോക്കെയും ഞാന്‍ കാട്ടിത്തരാം.

ഇന്നു നിന്‍റെ കൈപിടിച്ചു പിച്ചവെയ്ക്കുന്ന പെണ്‍കുഞ്ഞിനെ കാണുമ്പോള്‍; നൈരാശ്യമായ ഈ കൂരിരുട്ടിനപ്പുറം അകെലെയോരു ചെറുവെളിച്ചം ഞാന്‍ കാണുന്നു.
കാലചക്രത്തിലെന്നോ പഠനമോ ജോലിയോ കഴിഞ്ഞുള്ള ഇവളുടെ വരവും കാത്ത്, ഉമ്മറത്തെ ചാരുകസേരയില്‍ സ്വസ്ഥമായി നിവര്‍ന്നു കിടന്ന് എന്റെ തണുത്ത തലോടലാസ്വദിക്കുന്ന നിന്നോടു പുതിയ വാര്‍ത്തകള്‍ ചൊല്ലാനും, സ്ത്രീകള്‍ സ്വൈര്യമായി പാതിരാവിലും നിരത്തുകളില്‍ നീങ്ങുന്ന "ദൈവത്തിന്റെയീ സ്വന്തം നാടിനു" കൂട്ടുമായി ഞാനുണ്ടാവും.
Subscribe to:
Posts (Atom)




