11.9.12

സ്വപ്ന സഞ്ചാരികള്‍

അഞ്ചുമണി കഴിഞ്ഞു പത്തുമിനിറ്റ്. വാച്ചില്‍ നിന്നും തിടുക്കത്തില്‍ വിടുവിച്ചെടുത്ത് കണ്ണുകള്‍ കൂടുതല്‍ സൂക്ഷ്മതയോടെ ഞാനെന്‍റെ നേരമ്പോക്കിലേക്ക് തിരിച്ചുവച്ചു. 

താഴെ ഇന്‍റര്‍ലോക്ക് പതിച്ച പാത വക്കിലൂടെ ഉല്ലാസപൂര്‍വ്വം മൊബൈലില്‍ സല്ലപിച്ചു നീങ്ങുന്ന ചെറുപ്പക്കാരന്‍ ഇന്നും കൃത്യ സമയത്തുതന്നെ! 


എല്ലാ പ്രവര്‍ത്തി ദിവസവും ഇഴഞ്ഞുനീങ്ങുന്ന വൈകുന്നേരങ്ങളില്‍  എട്ടാം നിലയിലെ ഓഫീസ്‌ കസേരയുടെ മടുപ്പിക്കുന്ന ചൂട്‌ വലിച്ചെറിഞ്ഞ്‌, ആവിപറക്കുന്ന ഒരു കപ്പ് ടര്‍ക്കിഷ് കാപ്പിയുടെയും ചുണ്ടോടു ചേര്‍ന്നെരിഞ്ഞു തീരുന്ന മാള്‍ബറോ സിഗരറ്റിന്‍റെയും ചവര്‍പ്പ് ഒരുപോലെ ആസ്വദിച്ച്‌, ബാല്‍ക്കണിയെ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്ന ചില്ലു ജാലകത്തിലൂടെ താഴെ ഒഴുകുന്ന നിരത്തുകളെ നിരീക്ഷിക്കുക എന്‍റെ ഇഷ്ടവിനോദമാണ്. അലാറമില്ലാത്ത, പ്രോഗ്രാമിംഗ് ചെയ്യാത്ത എന്നിലെ യാന്ത്രികത ആ കൃത്യത്തില്‍ ഇന്നേവരെ വിലോപം വരുത്തിയിട്ടില്ല. പ്രസ്തുത ദിനചര്യയുടെ നാഴികകള്‍ക്ക് പോലും തെല്ലും മാറ്റമില്ല എന്നതാണ് അത്യത്ഭുതം!!

മനുഷ്യന്റെ പ്രവര്‍ത്തികളും മനോവിചാരങ്ങളും ഈശ്വരന്‍!. മുകളില്‍ നിന്ന് വീക്ഷിക്കുന്നു എന്ന്‍ കേട്ടറിഞ്ഞ നാള്‍മുതല്‍ തുടങ്ങിയതാണ് ഉയരത്തില്‍ നിന്നുള്ള എന്‍റെയീ ഭൌമനിരീക്ഷണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വ്യോമ പാതക്ക് അരികിലായി അടുക്കിവെച്ചിരിക്കുന്ന ചത്വരളെല്ലാം ഉയര പരിധി നിഷ്കര്‍ഷിക്കപ്പെട്ടവയാകയാല്‍ വിദൂരതയിലേക്ക് നീളുന്ന നിരത്തും പായുന്ന വണ്ടികളും ഇടമുറിയാതെ ഓഫീസ്‌ കെട്ടിടത്തില്‍നിന്ന് ദൃശ്യമാണ്. മറ്റു നഗരങ്ങളില്‍നിന്നും വിഭിന്നമായ ഉഷ്ണ പ്രകൃതിയുള്ളതുകൊണ്ടാവാം മരുഭൂമിയുടെ ഭാവമാറ്റങ്ങളോട് സൗഹൃദം പുലര്‍ത്താനാവാതെ നിരത്തുകളില്‍ കാല്‍നടക്കാര്‍ വിരളമാണ്. വിരസമായ എന്‍റെ താവളത്തില്‍നിന്നു വീക്ഷിക്കുമ്പോള്‍ വീണുകിട്ടുന്ന അപൂര്‍വം മനുഷ്യര്‍ക്കിടയില്‍ നിന്നും ഞാന്‍ തിരഞ്ഞുപിടിച്ചതാണ് ഇരുപത്തെട്ടിനടുത്തു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെ! 

ഇത് ഒരു രോഗമാണോ അതോ സിദ്ധിയാണോ എന്നൊന്നും ആലോചിച്ചു ഞാന്‍ തലപുകയാറില്ല. താഴെ കടന്നുപോകുന്ന വഴിയാത്രികരുടെ മനോവിചാരങ്ങളും മൊബൈല്‍ സന്ദേശങ്ങളും അന്തരീക്ഷത്തില്‍ ഈയാംപാറ്റകളെ പോലെ പാറിനടക്കുന്നു.  ഏകാന്ത സഞ്ചാരികളുടെ മുഖഭാവം നോക്കി വായിക്കുക എനിക്കേറ്റം ഇഷ്ടമുള്ള സംഗതിയാണ്. വിരഹ വേദനയുള്ളവര്‍, വ്യാധികളെക്കുറിച്ച് ആധിയുള്ളവര്‍, സാമ്പത്തിക പരാധീനതയുടെ ഭീതിയിലകപ്പെട്ടവര്‍, പൂര്‍ത്തിയാക്കാനാവാതെ ശേഷിച്ച ജോലി ഭാരത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍.. തുടങ്ങി പലരുമുണ്ട്. അവരുടെ ചിന്തകള്‍ പ്രാണികളെപ്പോലെ തലക്കു ചുറ്റും വട്ടമിട്ടു പറക്കുന്നത് എനിക്കു കാണാം. എന്നിലെ "ദീര്‍ഘദൃഷ്ടി" ചൂഴ്ന്നിറങ്ങി കഴിഞ്ഞ കുറേക്കാലമായി തോന്നലുകളുടെ ലബോറട്ടറിയില്‍ പരീക്ഷണവിധേയനായ ഈ ചെറുപ്പക്കാരനെക്കുറിച്ചുള്ള അനാലിസിസ്‌  ഞാന്‍ നിങ്ങളോട് പങ്കുവെയ്ക്കാം.


അഞ്ചുമണിക്കായി അക്ഷമനായി കാത്തിരുന്ന്‌, വാതിലുകള്‍ തള്ളിത്തുറന്ന്‌ പുറത്തേക്ക് പ്രസരിപ്പോടെ നടന്നടുക്കുന്ന അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് ഒരു പെണ്കുട്ടിയോടാണ് എന്നത് തീര്‍ച്ച. കഴിഞ്ഞ ഒരാഴച്ചകൊണ്ട് അയാളില്‍ വന്ന പ്രകടമായ മാറ്റവും അതുതന്നെയാണ്. രണ്ടു വാരം മുന്‍പുള്ള മുഴുവന്‍ പ്രവര്‍ത്തി ദിനങ്ങളിലും നിരത്തില്‍നിന്ന് അയാള്‍ അപ്രത്യക്ഷനായത് നാട്ടില്‍ പോയിരുന്നതിനാലാവാം. അവിടെയുള്ള ഏതോ പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം നടക്കുകയോ പ്രേമബന്ധത്തില്‍ അകപ്പെടുകയോ ചെയ്തിരിക്കണം. മാന്യമായി വസ്ത്രധാരണം ചെയ്ത ചെറുപ്പകാരന്റെ പ്രായവും പക്വമായ പെരുമാറ്റവും മുഖഭാവവുമെല്ലാം വെറും ഒരാഴ്ച പ്രായമായ പ്രണയപരവശനായ കാമുകനേക്കാള്‍ പ്രതിശ്രുത വധുവിനോട് പ്രതിപക്ഷ ബഹുമാനത്തോടെ സല്ലപിക്കുന്ന വരനോട് താദാത്മ്യപ്പെട്ടിരുന്നു. ഈയൊരു ജീവിതാവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് ഇനി മുന്നോട്ട് ഊഹിക്കുവാന്‍ എന്‍റെ അനാലിസിസിന്‍റെ ആവശ്യമില്ല. 

ജരാനരകളോട് സന്ധിചെയ്ത ഈ നാല്പതുകളിലും പന്ത്രണ്ടു വര്ഷം പിന്നോക്കം നടന്ന്‌ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന എന്നിലെ പ്രതിശ്രുത വരനെ ഞാന്‍ മറന്നിട്ടില്ല. പ്രേമം എന്ന വാക്കിനോട് സമൂഹത്തിന് അന്നുമിന്നും പിന്തിരിപ്പന്‍ മനോഭാവമാണെങ്കിലും വിവാഹത്തിനു തൊട്ടുമുന്പെങ്കിലും കടുത്ത പ്രണയവിരോധികളും കഠിനഹൃദയരും   ഇണക്ക് അനുയോജ്യമായ അച്ചിലേക്ക് മെഴുകുപോലെ വാര്‍ന്നൊഴുകി രൂപാന്തരപ്പെടുന്നന്നത് സുഖമുള്ളൊരു കാഴ്ചയാണ്. 

എങ്കിലും വിവാഹാനന്തര പ്രണയത്തേക്കാള്‍ തീഷ്ണതയും ജിജ്ഞാസയും കമിതാക്കള്‍ക്കാണോ? അത് ഒരു ഗര്‍ഭിണിയുടെ പ്രതീക്ഷാവഹമായ കാത്തിരിപ്പിനോടും അതിനുശേഷമുള്ള ജീവിതാവസ്ഥയോടും തുലനം ചെയ്യുംപോലെയാണ്‌..!,!

ആ ചെറുപ്പക്കാരനെ വിട്ട് അല്‍പനേരം ഞാന്‍ നിങ്ങളിലേക്ക് ചൂഴ്ന്നിറങ്ങട്ടെ സുഹൃത്തേ.......?

ഒരു സുന്ദരസുദിനത്തില്‍ പ്രിയപ്പെട്ടൊരു കൂട്ട് കണ്ടെത്തിയതോടെ നിങ്ങളിലെയും ക്രിയാത്മകത ഉണര്‍ന്നില്ലേ?

വിഷാദം വലിച്ചെറിഞ്ഞ് തെളിമയാര്‍ന്ന തുറിച്ച കണ്ണുകളോടെ ഇതുവരെ കാണാത്ത ലോകത്തിന്‍റെ സൌന്ദര്യം നിങ്ങള്‍ ഉറ്റുനോക്കിയില്ലേ? 

ഒരു പെണ്‍കുട്ടിയുടെ കാല്‍കീഴില്‍ മുട്ടുകുത്തി നമ്രശിരസ്കനായി കയ്യില്‍ നീട്ടിപ്പിടിച്ച ചുവന്ന റോസാപ്പൂവ് നല്കുമ്പോള്‍ യുവാവേ, ഇന്നലെവരെ കൂടെയുണ്ടായിരുന്ന നിന്‍റെ "നീയെന്ന ഭാവം" ഊര്‍ന്നുവീണത് എവിടെയാണ്? 

വിഷാദത്തിന്റെയും ഏകാന്തതയുടെയും മൂകമായ തടവറകളിലിരുന്നവര്‍ മണിക്കൂറുകള്‍ നിമിഷാര്‍ദ്ധങ്ങളാക്കി എന്തിനെപ്പറ്റിയാണ് ഇത്ര വാചാലരാകുന്നത്‌? 

കലയും കാമവും ഉള്‍പടെ അറിഞ്ഞതും അറിയാത്തതുമായ ആഗോള വിഷയങ്ങളില്‍ സംവദിച്ചു തീര്‍ക്കാന്‍ ഇനി ഏത് ബാക്കിയുണ്ട്? 

ഓഫീസില്‍നിന്ന്‌ തിടുക്കത്തില്‍ പുറത്തേക്കിറങ്ങാന്‍, മറ്റുള്ളവരില്‍ നിന്നകന്ന്‍  സ്വകാര്യതയിലേക്ക് ഊളയിടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്?

ഉറക്കമുണരുമ്പോള്‍ മുതല്‍ ഇരവോളം പറഞ്ഞു പഴകിയിട്ടും വിട്ടുപോകാതിരിക്കാന്‍ ഫോണില്‍ തലപ്പത്ത് വീണ്ടും കടിച്ചു തൂങ്ങിക്കിടക്കുന്ന നിങ്ങളിലെ സംസാരപ്രിയം എന്നാണു തുടങ്ങിയത്? 

ജീവിതത്തെയും ഭാവിയെയും കുടുംബത്തെയും കുട്ടികളെയും കുറിച്ച് എന്തൊക്കെ നിറമാര്‍ന്ന സ്വപ്നങ്ങളാണ് നിങ്ങള്‍ നെയ്തുകൂട്ടിയത്?

പ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയില്‍ കുടചൂടി ചുറ്റുമുള്ളതൊന്നും ഗൌനിക്കാതെ കുളിരിന്‍റെ കൈപിടിച്ച് നടന്നുപോകുന്നവരെപ്പോലെ............................  

എന്‍റെ ദൃഷ്ടികള്‍ അപ്പോഴും ഋജുവായൊരു രേഖപോലെ ആ ചെറുപ്പക്കാരനെ പിന്തുടര്‍ന്നിരുന്നു. നാലുവരിപ്പാതയുടെ സിഗ്നലില്‍ റോഡിനു കുറുകെ കൊറിയിട്ടിരിക്കുന്ന സീബ്രാലൈനിനു മദ്ധ്യത്തില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് പരിസരം മറന്ന്‌ അയാള്‍ എങ്ങോട്ടാണ് പോകുന്നത്!!? ഏയ്‌!, സുഹൃത്തേ.....കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ ഇപ്പോള്‍ ചുവപ്പാണ് വേഗം!! വേഗം!! ഒരല്പം ശ്രദ്ധിക്കൂ........നിങ്ങളുടെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ കോര്‍ത്ത ചരടിന്‍റെ ഒരറ്റം അങ്ങ് അകലെയാണ്.

"പാഞ്ഞടുക്കുന്നു പതിനായിരം അക്ഷൌഹിണിപ്പട അവര്‍ എന്‍നേര്‍ക്ക്‌ അമ്പുകള്‍ തൊടുക്കുന്നു" കവിതയിലെ വരികള്‍ മുന്‍പെങ്ങോ കണ്ടൊരു ഹോളിവുഡ് ചിത്രത്തിലെ അവസാനരംഗം പോലെ കണ്മുന്‍പില്‍ കാണുകയാണോ?!! 

പച്ചവെളിച്ചം തെളിഞ്ഞ സിഗ്നലില്‍നിന്നും അണപൊട്ടിയ വെള്ളംപോലെ ഒഴുകി വരുന്ന വാഹനങ്ങള്‍!,! ഈശ്വരാ!!!!!

മൂന്നു കരണം മറിഞ്ഞ് മേല്‍പോട്ടുയര്‍ന്ന എന്തോ ഒന്ന് മുഖമടിച്ചു റോഡിലേക്ക്‌ വീഴുന്നത് കണ്ടു ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചു! വിരലുകള്‍ക്കിടയിലിരുന്ന് എരിഞ്ഞുതീര്‍ന്ന സിഗരറ്റിന്റെ ചൂട് അറിയാനാവാത്തവിധം ഉള്ളം പൊള്ളിയിരുന്നു!! 

കാതുകളില്‍ നിര്‍ത്താത്ത ഹോണടി ശബ്ദം ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.........          

31.7.12

ഹാന്റില്‍ വിത്ത്‌ കെയര്‍!

ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്; ഇത്തവണയും ഉത്തരമില്ല! ഇന്നേ ദിവസം ഏതാണ്ട് പത്താമത്തെ പരിശ്രമമാണ്. രവിയേട്ടന്‍ മനസ്സില്‍ ഇനി അവനെ പറയാത്ത തെറിയൊന്നും ബാക്കിയില്ല.

വൈകുന്നേരം റൂമിലേയ്ക്ക് ദേഷ്യത്തിനൊപ്പം വണ്ടി പായിക്കുമ്പോള്‍, ആക്സിലേട്ടറില്‍ കാല് വെച്ചപ്പോഴൊക്കെ സംശയങ്ങളുടെയും ബ്രേക്കില്‍ ചവിട്ടിയപ്പോഴൊക്കെ "ഏയ്‌ അവനങ്ങനെ ചെയ്യില്ല" എന്ന ശുഭാപ്തി വിശ്വാസത്തിന്‍റെയും അസന്തുലിതത അയാളില്‍ തങ്ങിനിന്നിരുന്നു. എക്സിക്യൂട്ടിവ് ബാച്ചിലര്‍ തസ്തികയില്‍ റൂമില്‍ ഒരു മലയാളിയെ വെച്ചത് വാടകയുടെ ഭാരം ഭാഗിക്കുവാന്‍ മാത്രമല്ല, വിരസമായ വൈകുന്നേരങ്ങളെയും അവധി ദിവസമായ വെള്ളിയാഴ്ചകളെയും തള്ളിനീക്കാന്‍ ഒരു കൂട്ടിനു കൂടിയാണ്.

"തോമാ" എന്ന് താന്‍ വിളിക്കുന്ന തരുണ്‍ മാത്യൂ കുരിശിങ്കലിനെ കഴിഞ്ഞ പതിനാല് മാസമായി തനിക്കറിയാം. കുറഞ്ഞ ശമ്പളക്കാരനാണെങ്കിലും, ഒരുമാസത്തെ വാടക കുടിശികയാണെങ്കിലും പെട്ടൊന്നൊരു ദിവസം വല്ലോം മോഷ്ടിച്ചുകൊണ്ട് മുങ്ങുവാന്‍ തക്ക നികൃഷ്ടനല്ല. എങ്കിലും ഇതു ഗള്‍ഫാണ്! പലരുടെ അനുഭവങ്ങളും വായിച്ചും കേട്ടുമറിഞ്ഞ കഥകളും ഉള്ളിലൊരു തിരപോലെ തല്ലിയാര്‍ത്തുകൊണ്ട് അലോസരപ്പെടുത്തുന്നു. ട്രാഫിക്ക് സിഗ്നലിലെ ചുവപ്പ് വെളിച്ചം വഴിമാറാന്‍ കാത്തുകിടക്കുന്ന ഇടവേളകളില്‍ സെല്‍ഫോണിന്‍റെ പച്ച ബട്ടണില്‍ വിരലമര്‍ത്തി അക്ഷമനായ രവിയേട്ടന്‍ തുടര്‍ച്ചയായി  പരാജയപ്പെട്ടുകൊണ്ടേയിരുന്നു. പല അത്യാവശ്യ സന്ദര്‍ഭങ്ങളിലും ഫോണില്‍ വിളിക്കുമ്പോള്‍ പ്രതികരിക്കാതിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അസഹനീയമാണ്. തോമയെ ഇന്നു കാലത്തെ മുതലേ ഇടതടവില്ലാതെ വിളിക്കാന്‍ അതുപോലെ സുപ്രധാനമായ ഒരു സംഗതിയുണ്ട്.

ഒഴിവാക്കാനാവാത്ത ക്ലൈന്റ് മീറ്റിങ്ങിന്‌ അബുദാബിയിലേയ്ക്ക് രാവിലെ പോകുന്നവഴിയാണ് രവിയേട്ടന്‍ അക്കാര്യമോര്‍ത്തത്. കറന്‍റ്‌ ബില്ല് അടയ്ക്കേണ്ട അവസാന തീയതി ഇന്നലെ കഴിഞ്ഞിരിക്കുന്നു! നാളെ വെള്ളിയാഴ്ച; അവധി ദിവസമാണ്. ഈ അമ്പതു ഡിഗ്രി ചൂടില്‍ എ.സി ഇല്ലാതെ ഒരു പകല്‍ കഴിച്ചുകൂട്ടുക ആലോചിക്കാന്‍കൂടി വയ്യ. പുലര്‍ച്ചെ ആറുമണിക്ക് റൂമില്‍ നിന്നും ഇറങ്ങുമ്പോഴും തോമ സുഖ സുഷുപ്തിയിലാണ്. അലംഭാവമല്ല, മറിച്ച് ഉറങ്ങിക്കിടക്കുന്നവനെ ഉണര്‍ത്തേണ്ട, വഴിയെ പറയാം എന്ന ശുദ്ധഗതിയാണ് കാര്യങ്ങള്‍ ഈവിധമെത്തിച്ചത്. പ്രായത്തിന്റെ മൂപ്പും റൂമിന്‍റെ അര്‍ബാബു സ്ഥാനവും രവിയേട്ടനാണെങ്കിലും അവരുടെ സുഹൃത്ബന്ധത്തില്‍ പോറലോ സ്വാതന്ത്ര്യത്തില്‍ വിള്ളലോ ഇന്നലെവരെ ഉണ്ടായിട്ടില്ല.

നല്ലപ്രായം പിന്നിട്ടിട്ടും മക്കളില്ലാതെ പോയത് തോമയോടുള്ള  അദ്ദേഹത്തിന്‍റെ വാത്സല്യം കൂട്ടിയിട്ടേയുള്ളൂ. അവനു ഡ്രൈവിംഗ് ലൈസന്‍സ്‌ എടുക്കുവാനും, ലാപ്ടോപ്പ് വാങ്ങുവാനും മുന്‍കൈ എടുത്തു ധനസഹായം നല്‍കിയതും രവിയേട്ടന്‍ തന്നെയാണ്. പ്രസ്തുത വായ്പ തവണകളായി തന്നുതീര്‍ന്നിട്ടും അധിക കാലമായില്ല. എന്നിട്ടും മലബാറിയുടെ ജന്മസിദ്ധമായ നന്ദില്ലായ്ക കാണിച്ചുവോ? തമാശ, രാക്ഷ്ട്രീയ വാഗ്വാദങ്ങള്‍ എന്നിവയൊഴിച്ചാല്‍ ചെസ്സ് കളി, പുസ്തക പ്രേമം എന്നീ രണ്ടു കാര്യത്തിലേ അവര്‍ തമ്മില്‍ യോജിക്കാതിരുന്നിട്ടുള്ളൂ. അക്ഷരങ്ങളുടെയും ബുദ്ധിയുടെയും തലത്തിലേയ്ക്ക് തോമയെ കൈപിടിച്ച് നയിക്കുവാനുള്ള രവിയേട്ടന്‍റെ ശ്രമം പലപ്പോഴും പാളിപ്പോയിട്ടുണ്ട്. ബാത്ത്‌റൂമിലിരുന്നുള്ള അര്‍ബാബിന്റെ അസമയത്തെ പുസ്തകവായന മൂലം മിക്കവാറും പുറത്തു കാത്തുനിന്ന് ഞെളിപിരികൊണ്ടിട്ടുള്ളതിനാല്‍ പുസ്തകം, പത്രം ഇവ കാണുന്നതേ കക്ഷിക്ക് അലര്‍ജിയായി തീര്‍ന്നു. എങ്കിലും ആള് ഉറങ്ങുന്ന തക്കംനോക്കി ടോയിലെറ്റിന്റെ വാതില്‍ ചെകിട് പൊട്ടുമാറുച്ചത്തില്‍ വലിച്ചടച്ച് നിദ്രാഭംഗം വരുത്തി തോമ പ്രതികാരം ചെയ്യാറുണ്ട് എന്നത് വാസ്തവമാണ്.

വൈകുന്നേരം ഏഴുമണി. റൂമിലെത്തി ലൈറ്റ്‌ സ്വിച്ച് ഓണ്‍ ചെയ്തപ്പോഴേ രവിയേട്ടന് കാര്യം ബോധ്യമായി. ഭയപ്പെട്ടതു തന്നെ; കറന്‍റ് ഡിസ്കണക്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു! ഇരുട്ടില്‍ പരതി അടുക്കളയുടെ വരിപ്പില്‍ നിന്നും സിഗരറ്റ് ലൈറ്റര്‍ കണ്ടെത്തി തിരിതെളിച്ചു. അരണ്ട വെളിച്ചത്തില്‍ കിടപ്പുമുറിലേയ്ക്ക് നടക്കുന്നതിനിടെ എന്തോ കാലില്‍ തടഞ്ഞു. ലോഹത്തകിട് തറയിലുരയുന്ന ശബ്ദം! കുനിഞ്ഞു ശ്രദ്ധിച്ചപ്പോള്‍ കണ്ടു, അതൊരു വാതിലിന്‍റെ കൈപിടിയാണ്. ബാത്ത്ര്‍ൂം ഡോറിലെയ്ക്ക് കണ്ണോടിച്ചു; വീണുകിടക്കുന്നത് അതിന്‍റെ ഹാന്‍ഡിലാണ്‌...!,. ലാപ്ടോപ്പ് ഓണ്‍ ചെയ്തു സ്ക്രീനിന്‍റെ മങ്ങിയ വെളിച്ചത്തില്‍ താല്‍ക്കാലികമായി കൈപിടി തിരികെ പിടിപ്പിച്ചു വാതില്‍ പതിയെ തുറന്നതും ഞെട്ടിപ്പിക്കുന്ന ആ കാഴ്ച കണ്ടു! തറയിലെ ടയില്സില്‍ മുഖമമര്‍ത്തി ഒരു ശവം! അത് തോമയാണ്!!

അപ്രതീക്ഷിത കാഴ്ചകണ്ട് രവിയെട്ടന്‍ ആകെ വിയര്‍ത്തു, നെഞ്ച് ശക്തിയായി മിടിച്ചു! രക്തക്കറകളോ ആഘാതമേറ്റ മറ്റു പാടുകളോ ഒന്നും ശരീരത്തില്‍ പ്രത്യക്ഷമായ്‌ കാണാനില്ല. വാതില്‍ തുറക്കാനാവാതെ ബാത്ത്റൂമിനുള്ളില്‍ കുടുങ്ങിപ്പോയി ശ്വാസം മുട്ടിയതാകുമോ? ഇല്ല; അതിനു സാധ്യതയില്ല, പ്രവര്‍ത്തന രഹിതമെങ്കിലും ഏക്സോസ്റ്റിന്‍റെ ദ്വാരത്തിലൂടെ വായു അകത്തെത്തുന്നുണ്ട്. ബക്കറ്റിലേക്ക് ഇറ്റു വീണുകൊണ്ടിരിക്കുന്ന വെള്ളത്തില്‍ ഒരു കൈ മുക്കി ആ നിര്‍ജീവ വദനത്തില്‍ ഒന്ന് തളിച്ചു.

ഒരു സ്വിച്ചിട്ട മാതിരി ചാടിയെണീറ്റ ശവം; " നായിന്‍റെ മോനേ....%$^&%#. ഒരു നൂറു തവണ ഡോര്‍ ഹാന്‍ഡില്‍ മാറ്റി വെയ്ക്കണം എന്ന് ഞാന്‍ പറഞ്ഞതാ.....അര്‍ബാബ് ആണുപോലും അര്‍ബാബ് ഫൂ.!!" എന്ന് ആട്ടിക്കൊണ്ട് വാതില്‍ തള്ളിത്തുറന്ന് വെളിയിലേയ്ക്ക് പാഞ്ഞു!!! രവിയേട്ടന്‍റെ കാതുകള്‍ മന്ദീഭവിച്ചു പോയെങ്കിലും കണ്ണുകള്‍ മുന്നൂറ്റി പതിനാറ്‌ താളുകള്‍ മറിഞ്ഞ് നിലത്ത് മലര്‍ക്കെ തുറന്നുകിടന്ന ഒരു പുസ്തകത്തില്‍ തറഞ്ഞുനിന്നു. ദേസ്തെവിസ്കിയുടെ "കുറ്റവും ശിക്ഷയും"!!!


                       ******
അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം മിസ്റര്‍ തരുണ്‍ മാത്യൂ കുരിശിങ്കലിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ രവിയെട്ടന്‍ അയാളുടെ പുതിയ വീട്ടിലെ അത്യാധുനിക സൌകര്യങ്ങളടങ്ങിയ മാസ്റ്റര്‍ബെഡ്‌റൂമിന്‍റെ വിശാലമായ ബാത്ത്റൂം ഭിത്തിയില്‍ നിറഞ്ഞിരിക്കുന്ന ബുക്ക്‌ ഷെല്‍ഫും സ്വര്‍ണ്ണവര്‍ണ്ണമുള്ള ഹെവിഡ്യൂട്ടി ഇറ്റാലിയന്‍ ഡോര്‍ ഹാന്റിലും നോക്കി ആത്മസംതൃപ്തിയും അഭിമാനവും തുടിച്ച മുഖത്തോടെ എന്നോട് പങ്കുവെച്ച പൂര്‍വകാല സ്മരണകളില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേടാണ് ഈ കഥ. 
                  ******


ആരോ വിളിക്കുന്നു........
"രവിയെട്ടാ വരന്‍ ദക്ഷിണയുമായി കാത്തുനില്‍ക്കുന്നു."! 

23.7.12

Paris

Boats

Country Home


Stream dale homes


Venease


Snow Valley


Fishing Boats


Gate


Farm House


Village


24.5.12

നനഞ്ഞ ശലഭങ്ങള്‍!

ആശുപത്രിയുടെ രണ്ടാംനിലയില്‍ ഐ.സി.യു. എന്ന് വെള്ളയക്ഷരങ്ങള്‍ പതിച്ച ചില്ലുവാതിലിനു മുന്‍പില്‍ ആളുകളുടെ നല്ല തിരക്കുണ്ട്‌. അവിടുത്തെ വിങ്ങലും തേങ്ങലും പ്രതീക്ഷയും മുറ്റിയ മുഖങ്ങളില്‍ ഏറെയും സ്ത്രീകളുടെതാണ്. വടിവൊത്ത ഷര്‍ട്ടും വരവുംപോക്കും കണ്ട് ഒറ്റനോട്ടത്തില്‍ രാഷ്ട്രീയക്കാരെന്നു തിരിച്ചറിയാവുന്നര്‍, മാന്യമായും അല്ലാതെയും വസ്ത്രംധരിച്ചവര്‍, സ്കൂള്‍ കുട്ടികള്‍, പുരോഹിതര്‍, സാധാരണക്കാര്‍ തുടങ്ങി ഒരുപാടുപേര്‍ ഇത്രയും നേരത്തിനുള്ളില്‍ വാതില്‍വരെ വെറുതേ വന്നുനോക്കി തിരികെപ്പോയിട്ടുണ്ട്. പാറാവുനിന്നു ശീലമുള്ളതുകൊണ്ടാവാം കാല്‍കുഴയാത്ത രണ്ടു പോലീസുകാര്‍ തനിക്ക് മുന്‍പേ അവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

ആന്‍റണിസാര്‍ തന്‍റെയാരുമല്ല! അദേഹത്തിന് ബന്ധുക്കള്‍ അധികമില്ലാത്തതിനാലാവാം "ആരാണ്? എന്തിനു കാത്തുനില്‍ന്നു?" തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഇതുവരെ ഉത്തരം പറയേണ്ടിവരാഞ്ഞത്‌. പുലര്‍ച്ചെ പത്രവാര്‍ത്തകണ്ട് നടുങ്ങി തിടുക്കത്തില്‍ ഇവിടെയെത്തിയതു മാത്രം ഓര്‍മ്മയുണ്ട്. ഇനി ഇന്നെന്തുചെയ്യണമെന്ന് ഊഹമില്ലാത്തതിനാലോ ചിന്തകള്‍ വിജനതയിലെവിടെയോ അലഞ്ഞ് ദിശാബോധം നഷ്ടപ്പെട്ടിട്ടോ എന്തോ രണ്ടു മണിക്കൂറിലേറെയായി വൃഥാ നില്‍ക്കുന്നു. തീര്‍ച്ചയായും സാറിന്‍റെ വീടുവരെയൊന്നു പോകണമെന്നുണ്ട്. പക്ഷേ മനസ്സ് പിന്നോട്ട് വലിക്കുന്നു. താന്‍ ശൂന്യതയിലെവിടെയോ നിലതെറ്റി നടക്കുകയാണെങ്കിലും പോലീസുകാരുടെ നില്‍പ്പിന് ഒരു ഉദ്ദേശമുണ്ട്. അപകടനില തരണംചെയ്ത്, ബോധം തിരികെവന്നശേഷം പ്രതിയുടെ മൊഴിയെടുത്ത് ആത്മഹത്യാശ്രമത്തിന് കേസ്സ് ചാര്‍ജ്ജുചെയ്തിട്ടു വേണം അവര്‍ക്ക് സ്ഥലമൊഴിയാന്‍! അതു സ്പഷ്ടം! 

അദ്ദേഹത്തെ താന്‍ ആദ്യമായി കണ്ടിട്ടും പരിചയപ്പെട്ടിട്ടും നാല്‍പ്പത്തെട്ടു മണിക്കൂര്‍ തികച്ചായിക്കാണില്ല. ആലപ്പുഴയിലെ കാര്‍ ഷോറൂമില്‍ എത്തുന്ന ഏത് കസ്റ്റമറെയും സ്വീകരിക്കുന്ന തന്‍റെ യാന്ത്രിക പുഞ്ചിരി ആന്‍റണി സാറിനെയും എതിരേറ്റത് ശനിയാഴ്ച വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെയാണ്. അതിനു മുന്‍പേ മാര്‍ക്കെറ്റിങ്ങിനായി പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെങ്കിലും നേരില്‍ക്കണ്ട് അടുത്തിടപഴകിയ ആ രണ്ടര മണിക്കൂര്‍കൊണ്ട് ഇന്നലെവരെ അപരിചിതനായിരുന്ന ഈ മനുഷ്യനെത്തേടി ഇന്നു താനെത്തുവോളം ആത്മബന്ധം വളര്‍ന്നതെങ്ങനെയാണ്? അറിയില്ല! ചിലരങ്ങനെയാണ്, നിത്യജീവിതത്തില്‍ നാം ദര്‍ശിക്കുന്ന അനേകായിരം മുഖങ്ങള്‍ക്കിടയില്‍നിന്ന് വിരളമായി മാത്രം കണ്ടെടുക്കാനാവുന്ന, തൊട്ടറിയപ്പെടുന്ന നന്മ്മയുടെ അംശങ്ങള്‍. എന്നിട്ടും എന്തേ വിധി അവരോടു ക്രൂരത കാട്ടുന്നു? ഇതുപോലെയുള്ള ദുരവസ്ഥയില്‍ ആരും ചെയ്തുപോകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് അദ്ധേഹത്തിന്റേത്. മറിച്ചു ചിന്തിച്ചു പിടിച്ചുനില്ക്കുവാന്‍ മനുഷ്യമനസ്സ് ചിലപ്പോള്‍ ദൈവത്തോളം വളരേണ്ടിവരും!!   

സ്വദേശം മറ്റെവിടെയോ ആണെങ്കിലും പറഞ്ഞുകേട്ടിടത്തോളം സകലര്‍ക്കും  സുപരിചിതനാണ് ആന്‍റണിസാറ്. പത്തുവര്‍ഷത്തിലേറെയായി ഗവര്‍മെന്റ് സ്കൂളിനടുത്തുള്ള ചെറിയ വാടകവീട്ടില്‍ അതേസ്കൂളില്‍ അധ്യാപികയായ ഭാര്യയോടും രണ്ടു പെണ്‍മക്കളോടുമൊപ്പം താമസിച്ചുവരുന്നു. നാല്പതിന്റെ ചെറുപ്പത്തിലും "ഇണക്കുരുവികള്‍" എന്നാണു സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും അവരെ കളിയായി വിളിക്കുന്നത്‌! പണ്ട് ജോലിചെയ്തിരുന്ന ഏതോ സ്കൂളില്‍വച്ച്, അന്നാട്ടുകാരിയായ ടീച്ചറെ ഇഷ്ടപ്പെട്ട്‌, വീട്ടുകാരുടെ എതിപ്പ് കാര്യമാക്കാതെ വിവാഹിതരായി, അന്ന് വെറുക്കപ്പെട്ട മുഖങ്ങളില്‍നിന്നും അകന്ന്‍ ഇവിടെയെത്തപ്പെട്ടതാണ്. ചുരുങ്ങിയ കാലംകൊണ്ട് സ്കൂളിനെയും കുട്ടികളെയും നാടിനെയും നാട്ടാരെയും സ്നേഹിച്ച്, അവരുടെ എല്ലാ പ്രശനങ്ങളിലും ഇടപെട്ട്‌, മനവും ധനവും നല്‍കിയ പ്രിയവ്യക്തിത്വമാണ് അകത്ത്‌ പ്രാണനോട് മല്ലടിക്കുന്നത്. 

ലച്ചുവും, പാറുവും! കുട്ടികളുടെ പേരുകേട്ടു കൌതുകം പൂണ്ടാണ് സാറിനോട് കുശലം ചോദിച്ചത്. "ബന്ധങ്ങളിലും സൌഹൃദത്തിലും പേരിലും മതമില്ല എന്നു തിരിച്ചറിവുള്ളതുകൊണ്ടാണ് ലക്ഷ്മിയും പാര്‍വതിയും ആന്‍റണിയുടെ മക്കളായി പിറന്നത്" എന്ന അദ്ദേഹത്തിലെ രസികനായ ജ്ഞാനിയുടെ ഭാഷ്യം താന്‍ ആശ്ചര്യത്തോടെ കേട്ടുനിന്നു! ഏതാണ്ട് ഏഴരയോടെ വാഷിംഗ് കഴിഞ്ഞു ഷോറൂമിലെത്തിയ പുതിയ ചുവന്ന നിറമുള്ള കാറിനുചുറ്റും പൂമ്പാറ്റകളെപ്പോലെ കുട്ടികള്‍ വട്ടമിട്ടു പറക്കുന്നത് സന്തോഷത്തോടെ താനും കണ്ടുനിന്നു. വഴിമദ്ധ്യേയുള്ള സെയില്‍സ്‌മാന്റെ വീട്ടിലെയ്ക്ക്, പുതിയ വണ്ടിയില്‍ സ്വയം ഡ്രൈവ് ചെയ്തു കൊണ്ടുചെന്നാക്കാനുള്ള സന്മനസ്‌ ഇത്രയും കാലത്തെ പ്രവര്‍ത്തിപരിചയത്തിനിടെ ഒരു കസ്റ്റമറിലും താന്‍ കണ്ടിരുന്നില്ല. 

ഇഷ്ടമുള്ള വര്‍ണ്ണങ്ങളില്‍ ചാലിച്ചെടുത്ത ചിത്രംപോലെ സുന്ദരമാണ് ആ കൊച്ചു കുടുംബത്തിന്‍റെ ജീവിതമെന്ന് പലരും പറഞ്ഞു. ആരോടും പരാതിയും പരിഭവവുമില്ലാതെ, പമ്പയാറിന് അഭിമുഖമായി നില്‍ക്കുന്ന കുഞ്ഞു വാടകവീടിനു ചുറ്റും നിറയെ പൂക്കളുള്ള ഉദ്യാനത്തെയും അവിടെ സ്വതന്ത്രമായി വിഹരിക്കുന്ന തേന്‍ കുരിവികളെയും ചിതശലഭങ്ങളെയുംപറ്റി നാലാംക്ലാസുകാരി ലച്ചുവും ആറാംക്ലാസ്സുകാരി പാറുവും വാതോരാതെ പറഞ്ഞപ്പോഴേ ഒരിക്കല്‍ അവിടെപ്പോകണമെന്ന് മനസ്സില്‍ കുറിച്ചതാണ്. പക്ഷേ ഇനി വയ്യ!!

ഇന്നലെ, അതായത് ഞായറാഴ്ച, പുലര്‍ച്ചെ ശക്തിയായി മഴപെയ്തിരുന്നു. കുര്‍ബാനയ്ക്ക് കുടുംബസമേതം പള്ളിയിലെത്തി വികാരിയച്ചനെക്കൊണ്ട് കാറ് വെഞ്ചരിച്ച് തങ്ങളുടെ സ്വപനംസാഫല്യം കൂട്ടുകാര്‍ക്ക് കാട്ടിക്കൊടുക്കാന്‍ വെമ്പല്‍കൊണ്ട കുട്ടികളോടൊപ്പം തിടുക്കത്തില്‍ വണ്ടി സ്റ്റാര്‍ട്ട്ചെയ്ത സാറിന് എവിടെയാണ് പിഴച്ചത് എന്നറിയില്ല. റിവേര്‍സ്‌ ഗിയറിലായിരുന്ന കാറ് കുത്തിയോഴുകിക്കൊണ്ടിരുന്ന പമ്പയാറ്റിലേയ്ക്ക് പൊടുന്നനെ കൂപ്പുകുത്തി! എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിത്തരിച്ച്,  പ്രതികരിക്കാന്‍ വൈകിയ തെല്ലിട നേരത്തിനു ശേഷം ഡ്രൈവര്‍ സീറ്റ്‌വിട്ട് ആന്‍റണിസാര്‍ പുറത്തു ചാടുമ്പോള്‍..........

ഒരു കൊച്ചു തീപ്പെട്ടിയില്‍, കുഞ്ഞുസ്വപ്‌നങ്ങള്‍ കൂട്ടിവെച്ച് മെനഞ്ഞെടുത്ത രണ്ട് മുത്തുകള്‍, കൈയ്യില്‍നിന്നും വഴുതി മണല്‍വാരി  ചെളിനീങ്ങിയ നദിയുടെ അടിത്തട്ടിലേയ്ക്ക് ആഴ്ന്നുപോയിരുന്നു!!

അലരിക്കരഞ്ഞിട്ടും ആളുകളെക്കൂട്ടി തപ്പിയിട്ടും രണ്ടുമണിക്കൂറിനു ശേഷമാണ് പുഴയുടെ അടിത്തട്ടില്‍ നിന്നും കയറിട്ടുകെട്ടി കാറ് കരയ്ക്കെടുത്തത്. വെള്ളംകയറി പ്രവര്‍ത്തന രഹിതമായ ഇലക്ട്രിക് സെന്‍റര്‍ ലോക്കുകളും പവര്‍ വിന്‍ഡോയും തകര്‍ത്ത്‌ അതിനുള്ളില്‍ പ്രവേശിക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ, മനസ്സ് ഭ്രാന്തമായി അലഞ്ഞ നിമിഷത്തിലെപ്പോഴോ കണ്ണില്‍ പതിഞ്ഞ "ഫ്യൂരുഡാന്‍" വിഷത്തില്‍ അദ്ധേഹത്തിന്റെ കൈയ്യെത്തിയത് ആരും ശ്രദ്ധിച്ചില്ല!! 

ചില്ലുവാതില്‍ തുറന്ന് ഓരോ തവണയും പുറത്തേയ്ക്ക് വരുന്ന നേര്സുമാരുടെയും ഡോക്ടറുടെയും മൊഴികളിലേയ്ക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരുപാട് കണ്ണുകള്‍.........! 

അകലെ സാറിന്‍റെ വീട് ഒരു ജനസാഗരമായി മാറിക്കഴിഞ്ഞിട്ടുണ്ടാവാം. ഓരോ തവണയും ആശുപത്രികളുടെ വേദന അടുത്തറിഞ്ഞിട്ടുള്ള തനിക്ക് ഒന്നുറപ്പാണ്. ഈ മനുഷ്യന്‍ കണ്ണുതുറന്ന് ഒരിക്കല്‍ക്കൂടി ലോകത്തെ ഉറ്റുനോക്കിയാല്‍, തന്നെ കാത്തിരിക്കുന്ന ഹൃദയഭേദകമായ നേര്‍ക്കാഴ്ചകളെയും ആത്മസംയമനത്തോടെ സ്വീകരിക്കാനാവും! ഓരോ മര്‍ത്യജീവനും വന്നുഭവിക്കുന്ന അപ്രതീക്ഷിത തകര്ച്ചകളോട് ദിവസങ്ങള്‍ക്കൊണ്ടോ മാസങ്ങള്‍ക്കൊണ്ടോ പൊരുത്തപ്പെട്ട്, മറവിയും ഓര്‍മയും പ്രാര്‍ത്ഥനയും പ്രത്യാശയുമാകുന്ന നൂലുകല്‍ക്കൊണ്ട് ഇഴചേര്‍ത്തു നെയ്തെടുത്ത പുതിയൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനാവും. ഒരു കുഞ്ഞ് വീണ് എണീക്കുംപോലെ ഇത് മനുഷ്യന് ഈശ്വരന്‍ നല്‍കിയിരിക്കുന്ന അപാരമായ കരുത്താണ്!

രണ്ടാം നിലയുടെ പടികളിറങ്ങി നടക്കുമ്പോള്‍ ഓര്‍ത്തതൊക്കെയും പള്ളിയിലെ കൂട്ടമണികള്‍ കേട്ടുപേടിച്ച് എങ്ങോ പറന്നുപോയ കൊച്ചു പൂന്തോട്ടത്തിലെ പൂമ്പാറ്റകളെ പറ്റിയായിരുന്നു! കൂട്ടില്‍ ആണ്‍ കുരുവിയെയും കുഞ്ഞിക്കുരുവികളെയും കാണാതെ മോഹാലസ്യപ്പെട്ടു വീണുപോയ തേന്‍കുരുവിയെ പറ്റിയായിരുന്നു! തണുത്തുറഞ്ഞ തീപ്പെട്ടിക്കുള്ളില്‍ അടിഞ്ഞുപോയ മുത്തുകളെ പറ്റിയായിരുന്നു! അവ മെനഞ്ഞ നനഞ്ഞ ശലഭങ്ങളെപ്പറ്റിയും!!!
                  
                 ***

2010 ജൂലൈ 18ന് ഒരു നാടിനെയാകെ ദുഖത്തിലാഴ്ത്തിയ ദാരുണ സംഭവത്തില്‍ പൊലിഞ്ഞുപോയ രണ്ടു കുരുന്നു ജീവനുകള്‍ക്കും ആ മാതാപിതാകള്‍ക്കും പ്രാര്‍ത്ഥന നേര്‍ന്ന്‌ ഈ കഥ സമര്‍പ്പിക്കുന്നു. 

14.5.12

പഞ്ചായത്തുപടിയുടെ അവകാശികള്‍!

നമ്മുടെ നാട് നന്നാവുമോ? 
ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന ഡെന്മാര്‍ക്ക്, സ്വിറ്റ്സര്‍ലന്‍ഡ്, ആസ്ട്രേലിയ, അയര്‍ലണ്ട് തുടങ്ങി ലോകത്തിലെ പല രാജ്യങ്ങളെയും പോലെ നാമുള്‍പ്പെട്ട നൂറുകോടിയിലേറെ പൂര്‍ണ്ണ സംതൃപ്തരായ ജനങ്ങളെ എന്നെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടോ? 


നമ്മുടെ രാഷ്ട്രതന്ത്രജ്ഞന്മാര്‍ അതിനായി തങ്ങളാലാവും വിധമൊക്കെ യത്നിക്കുന്നില്ലേ? ഭാഷ, വേഷ, വര്‍ഗ്ഗ, വര്‍ണ്ണ വൈവിധ്യമുള്ള ഒരു ജനതയുടെ എന്തൊക്കെ കാര്യങ്ങളിലാണ് കണ്ണെത്തേണ്ടത്! എന്നിട്ടും മുകല്പ്പറഞ്ഞ പല സമവാക്യങ്ങളും തെറ്റുകൂടാതെ ചേര്‍ത്തുവെച്ചും വീണ്ടും നിര്‍വചിച്ചും കാലാകാലങ്ങളായി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നമ്മെ അടിമുടി സേവിച്ചു കൊണ്ടിരിക്കുകയല്ലേ? കരയുമ്പോഴും കരയാത്തപ്പോഴും കുഞ്ഞിനു പാല് ലഭിച്ചുകൊണ്ടേയിരിക്കുന്നു. എന്നിട്ടും എന്തേ നമ്മള്‍ സന്തുഷ്ടരല്ല? 


അധികം വളച്ചുകെട്ടില്ലാതെ പറയാം. ഒരു ഗവര്‍മെന്റിന്റെ ആത്യന്തിക ലക്‌ഷ്യം പൌരക്ഷേമമോ രാഷ്ട്രവികസനമോ വിപ്ലവാത്മകമായ മാറ്റങ്ങളോ ദാരിദ്ര്യ നിര്‍മാര്‍ജനമോ എന്തുമായിക്കൊള്ളട്ടെ, ഇന്നോളം ചോദിക്കാതെയും അല്ലാതെയും വച്ചുനീട്ടിയ ആനുകൂല്യങ്ങളുടെ കണക്കെടുത്താല്‍ ഈ നാട്ടില്‍ പട്ടിണിയോ തൊഴിലില്ലായ്മയോ കാണേണ്ടതല്ല! 


ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമം തൊട്ടിങ്ങോട്ട് ഭൂരിഭാഗം ജനത്തിന്‍റെയും കണ്ണീരോപ്പിയ എത്രെയെത്ര തൂവാലകള്‍! കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, വാര്ധിക്യകാല പെന്‍ഷന്‍, വിധവാപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം........ എന്നുവേണ്ട സൌജന്യങ്ങളുടെ ലിസ്റ്റ് നീളുകയാണ്. പോരാഞ്ഞിട്ട് റേഷന്‍ ആനുകുല്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ബി.പി.എല്‍, എ.പി.എല്‍ സംവരണം വേറൊരു വഴിക്ക്!


ഇന്ത്യാ മഹാരാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ ബ്യൂറോക്രാറ്റുകളും ഡമോക്രാറ്റുകളും ഒരേപോലെ തലപുകഞ്ഞ് ചിന്തിച്ചപ്പോള്‍ അധികാരവും പണവും ജനങ്ങളിലേയ്ക്ക് ഒഴുകിയെത്തി. ആദ്യം "ജനകീയാസൂത്രണം" എന്ന പീപ്പിള്‍സ്‌ പ്ലാനിംഗ് പ്രൊജക്റ്റ്‌, ഇപ്പോള്‍ "ദേശീയ തൊഴിലുറപ്പുപദ്ധതിയും". ഇത്രയൊക്കെ താഴേതട്ടിലെയ്ക്ക് സുതാര്യമാംവിധം കാര്യങ്ങളെത്തിച്ചിട്ടും എന്തേ കര്‍ഷക ആത്മഹത്യയും, പട്ടിണിമരണങ്ങളും തുടച്ചുനീക്കാനാവുന്നില്ല? ആനുകുല്യങ്ങള്‍ വാരിക്കോരി നല്‍കിയിട്ടും എന്തേ അധ്കൃത വര്‍ഗ്ഗമെന്നു നാം ചെല്ലപ്പേര് നല്‍കിയവര്‍ക്ക് ഉന്നതിയുണ്ടാവുന്നില്ല? സമൂഹത്തില്‍ ഒരുകാലത്ത് നിലനിന്നിരുന്ന സവര്‍ണ്ണരെന്നും അവര്‍ണ്ണര്‍രെന്നുമുള്ള വിളി "വര്‍ണ്ണ"മില്ലാതെ ഹരിജനെന്നും, ഗിരിജനെന്നും, പിന്നോക്ക വിഭാഗമെന്നും, ന്യൂനപക്ഷമെന്നും, ഭൂരിപക്ഷമെന്നും അക്കമിട്ടു വേര്‍തിരിച്ചിട്ടും സമസ്ത മേഖലയിലും അസംതൃപ്തി നിഴലിച്ചു നില്‍ക്കുന്നതെന്തേ? ആനുകുല്യങ്ങള്‍ ചൊരിഞ്ഞ് ആളോഹരി കടവും രാജ്യത്തിന്‍റെ പൊതു കടവും കൂടിയെന്നല്ലാതെ എന്ത് കാര്യമായ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്? അഴിമതിയുടെ വിഷയം മറന്നതല്ല. അതവിടെ നില്‍ക്കട്ടെ, മറ്റൊന്നിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.


ഇന്ത്യയെ കണ്ടെത്താനും ഗ്രാമങ്ങളെ അറിയുവാനും ഭാരതത്തിന്റെ വിരിമാറിലൂടെ ഗാന്ധിയെപ്പോലെ, നെഹ്രുവിനെപോലെ യാത്രചെയ്തിട്ടുണ്ടോ? ഇല്ല! രാഷ്ട്രമീമാംസയോ രാഷ്ട്രീയമോ പരിച്ചയിച്ചിട്ടുമില്ല! എങ്കിലും 1999-2001 കാലഘട്ടത്തില്‍ "അധികാരം ജനങ്ങളിലേയ്ക്ക്" ഇറങ്ങിയ ജനകീയാസൂത്രണം  പദ്ധതിയുടെ ഭാഗമായി "അപ്രന്ടിസ്‌ ട്രെയിനി എന്ജിനീര്‍" എന്ന തസ്തികയില്‍ പദ്ധതി വിഹിതം (പ്ലാന്‍ ഫണ്ട്) നിര്‍ദിഷ്ടാനുപാതത്തില്‍ വേര്‍തിരിച്ചുകൊണ്ട് വിവിധ പ്രോജക്ടുകള്‍ക്കുള്ള എസ്ടിമേറ്റുകള്‍ തയാറാക്കി, മേല്‍നോട്ടം വഹിച്ചും ബില്ല് പാസാക്കുവാനുമൊക്കെയായി അന്നാട്ടിലെ ഒട്ടുമിക്ക ഗ്രാമ വഴികളും താണ്ടാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ഭരണയന്ത്രത്തിന്റെ നന്നേ ചെറിയ പല്‍ചക്രമായ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതിസന്ധികളെയും ജനങ്ങള്‍ക്കൊപ്പം നിന്നറിഞ്ഞ കുറെ നാളുകള്‍! 


ആ പ്രവര്‍ത്തിമണ്ഡലത്തില്‍ കണ്ടതും നേരിട്ടറിഞ്ഞതുമായ പലതും പരിമിതമായ അറിവിനുള്ളില്‍ നിന്നുകൊണ്ട് വരച്ചുകാട്ടാനുള്ള ഒരു (വിഫല)ശ്രമമായി ഈ എഴുത്തിനെ നിങ്ങള്‍ക്ക് കണക്കാക്കാം. അതല്ലെങ്കില്‍ ഏതൊരു ഇന്ത്യാക്കാരനും അവസരത്തിലും അനവസരത്തിലും എടുത്തു പെരുമാറുന്ന പൌരാവകാശവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവുമായി കണ്ട് നിരുപാധികം മാപ്പാക്കിയേക്കണം. :)


അക്കാലത്ത് പരിചയപ്പെട്ട, സര്‍ക്കാര്‍ ഭാഷയില്‍ ഷെഡ്യൂല്‍ട് കാസറ്റ്‌ (എസ്.സി) വിഭാഗത്തിന്‍റെ പ്രതിനിധിയായ സുഹൃത്ത് എന്നോടുന്നയിച്ച ലഘുവായൊരു ചോദ്യം നിങ്ങള്‍ക്ക് മുന്‍പില്‍ വെയ്ക്കുകയാണ്.


"എന്തേ സമൂഹത്തില്‍ ഒരു വിഭാഗക്കാര്‍ക്ക് മാത്രം എപ്പോഴും ഉയര്‍ച്ചയും മറ്റു ചിലര്‍ ഒരു ഗതിയില്ലാതെയും കിടക്കുന്നു?"(തന്നെപ്പോലുള്ളവര്‍ എന്നും താഴേതട്ടിലാണെന്ന് വ്യക്തം.)


ഉത്തരം നിങ്ങള്‍ തിരയുമ്പോള്‍ ഞാന്‍ വീക്ഷിച്ച മറ്റൊരു കാര്യം  ചൂണ്ടിക്കാട്ടുവാന്‍ ആഗ്രഹിക്കുന്നു. പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പേ പഞ്ചായത്ത് പടിക്കല്‍ അപേക്ഷയുമായി കാവല്‍ നിന്ന ആ മുഖങ്ങള്‍ തന്നെയാണ് ഇന്നും അവിടെ ഞാന്‍ കാണുന്നത്! സര്‍ക്കാര്‍ സഹായമായി വീട് ലഭിച്ചവന്‍ അഞ്ചു വര്‍ഷത്തിനു ശേഷം വീട് മൈന്റിനന്‍സ് ഗ്രാന്റിനായി കാത്തു നില്‍ക്കുന്നു. സൌജന്യമായി കിണര്‍ സ്വന്തമാക്കിയവര്‍ പുതിയ കക്കൂസ്, പുതിയ മേല്‍ക്കൂര, ആട്, കോഴി തുടങ്ങിയവയ്ക്കായി വീണ്ടും വീണ്ടും അപേക്ഷകനാകുന്നു. ആനുകുല്യങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ ഉള്ള വിദ്യാഭ്യാസവും കൊണ്ട് ജോലി തേടിപ്പോയവര്‍ ഒരു വിധം മെച്ചപ്പെട്ട നിലയിലായി തിരികെയെത്തുന്നു എന്നത് യാഥാര്‍ത്ഥ്യം! എന്നിട്ടും സര്‍ക്കാറിന്റെ സഹായം പറ്റുന്നവന്‍ തെല്ലും തൃപ്തനല്ല!!


സൌജന്യങ്ങളുടെ ലിസ്റ്റില്‍ കയറിപ്പറ്റുന്നവരില്‍ എഴുപതു ശതമാനം പേരും ആനുകുല്യത്തിന് അനര്‍ഹരാന് എന്നത് നഗ്നമായ സത്യം! ഇന്നേവരെ ചേറില്‍ ചവിട്ടാതെ പെന്‍ഷന്‍ കൈപ്പറ്റുന്ന കര്‍ഷകത്തൊഴിലാളി! ഗള്‍ഫുകാരന്‍ ഭര്‍ത്താവിനോടോന്നിച്ചു തൊഴിലില്ലായ്മ വേതനം വാങ്ങാനെത്തുന്ന തൊഴില്‍രഹിത! എന്നുവേണ്ട വെറുതേ കിട്ടുന്നതെന്തും നിര്‍ലജ്ജം വിഴുങ്ങാന്‍ വെമ്പി നില്‍ക്കുന്ന ഒരു പറ്റം ആളുകള്‍! എങ്കില്‍ ഇതിനൊരു മറുപുറമുള്ളത്, അതായത് മറ്റൊരു വിഭാഗത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?
ഇന്ത്യയിലെതന്നെ ഏറ്റവും വിപ്ലവകരമായ നിയമ നിര്‍മ്മാണമെന്നു വിലയിരുത്തപ്പെടുന്ന ഭൂപരിഷകരണ നിയമത്തില്‍ "കൃഷിഭൂമി കൃഷിക്കാരന്" സ്വന്തമായപ്പോള്‍ ആശ്രിതനും കുടികിടപ്പുകാരനും ഭൂവുടമകളായി. അന്നുവരെ ജന്മ്മികളായിരുന്നവരുടെ പിന്മുറക്കാര്‍ സമൂഹവും സര്‍ക്കാരും തുണയ്ക്കാതെ വിസ്മൃതിയിലേക്ക് ആണ്ടുപോയി! ലോട്ടറിയടിച്ചവനെപ്പോലെ ഒറ്റ ദിവസംകൊണ്ട് വലിയ കൃഷി നിലത്തിന്റെ ഉടമകളായവരിലേറയും കുട്ടനാടുള്‍പടെയുള്ള പ്രദേശങ്ങളിലെ പാട്ടക്കാരായ നസ്രാണികളാണ്. ഇന്ന് ഇവരുല്പ്പെടുന്ന ഒരു സമൂഹത്തിന്‍റെ സാമ്പത്തിക പരിതസ്ഥിതി തുലോം ഉയര്‍ന്നു നില്‍ക്കുമ്പോള്‍, യഥാര്‍ത്ഥ ഭൂവുടമകളുടെ പല കുടുംബങ്ങളിലും അത്താഴപ്പഷ്ണി പുറത്തറിയിക്കാതെ അമ്മമാര്‍ അരവയറോടെയും കുട്ടികള്‍ പാതി വെന്ത അരി വിഴുങ്ങിയും വിശപ്പകറ്റുന്നു! നിത്യവൃത്തിക്കുപോലും വകയില്ലാതായ ഒരു വിഭാഗത്തെ കാലമേറെക്കഴിഞ്ഞിട്ടും ബി.പി.എല്‍ ലിസ്റ്റില്‍ പോലും ഇടംനല്‍കാതെ വരേണ്യ വര്‍ഗ്ഗമെന്നു വിളിച്ച് അകറ്റി നിര്‍ത്തുന്നു. മേലനങ്ങി പണിയെടുക്കാന്‍ മേലേ? എന്നു പരിഹസിച്ചവര്‍ക്ക് മുന്നില്‍, ചിലര്‍ കിടപ്പാടം തുണ്ടമായി വിറ്റുപെറുക്കി. മറ്റുചിലര്‍ കന്നുകാലിയെ വളര്‍ത്തിനോക്കിയിട്ടും രക്ഷപെട്ടില്ല. ചെറിയ ചായപ്പീടിക നടത്തി പച്ചപിടിച്ചു വന്നവരെ ഗള്‍ഫ്‌ പണമുള്ള അയല്‍ക്കാര്‍ ബേക്കറി തുറന്നു പൂട്ടിക്കെട്ടിച്ചു! ആത്മഹത്യചെയ്യാത്ത വിദ്യാസമ്പന്നരായ ചിലര്‍ സര്‍ക്കാര്‍, പി.എസ്.സി ടെസ്റ്റുകള്‍ എഴുതി റാങ്ക് ലിസ്റ്റില്‍ പേരുവന്ന്‍, നിയമനത്തിനായി (1)എസ്.ടി. (2)എസ്.സി (3)ഒ.ബി.സി സംവരണങ്ങള്‍ക്ക് ശേഷം നാലാമൂഴത്തിനായി കാത്തിരുന്ന് ഒടുവില്‍ കാലാവധി തീര്‍ന്ന ലിസ്റ്റ് നോക്കി നെടുവീര്‍പ്പിടുന്നു.


ഏറ്റം സഹതാപകരമായ കാര്യം പരപ്രേരണയാലോ, സാമ്പത്തികമായി നേട്ടമുണ്ടാവുമെന്നു കരുതിയോ, ഉറച്ച വിശ്വാസംകൊണ്ടോ മതം മാറിയ കുറെ എസ്.സി/എസ്.ടി. വിഭാഗക്കാരുടെതാണ്. ബുദ്ധിശൂന്യമായ തീരുമാനം കൈക്കൊണ്ട ഇവരുടെ ജീവിതം സംവരണത്തിന്റെതായ യാതൊരു പരിരക്ഷയും ലഭിക്കാതെ അനുദിനം അധോഗതിയിലെയ്ക്ക് ആണ്ടുപോകുന്നു. കൂട്ടം വിട്ടതിന് ജനിച്ചു വീണ സമുദായം ഭ്രഷ്ട് കല്‍പ്പിക്കുന്നതോടൊപ്പം ഏത്‌ മതത്തിലേയ്ക്ക് മാര്‍ഗ്ഗം കൂടിയോ അവിടുത്തെ പുരോഹിതവര്ഗ്ഗത്തിന്‍റെയും യാഥാസ്ഥിതിക വിശ്വാസികളുടെയും  അവജ്ഞയ്ക്കും പാത്രമാകുന്നു! ഈ തീണ്ടിക്കൂടാത്തവരെ ഏതെങ്കിലും വിധത്തില്‍ കരകയറ്റാനുതകുന്ന  നിയമനിര്‍മ്മാണം നടത്താനോ ആനുകുല്യങ്ങള്‍ നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതുകൊണ്ട് സാമുദായികമായും സാമ്പത്തികമായും  പിന്തള്ളപ്പെട്ട്, സ്വയം ചോദിച്ചുവാങ്ങിയ ദുര്‍വിധിയോര്‍ത്തു  വിലപിക്കുവാനേ തല്‍ക്കാലം നിര്‍വാഹമുള്ളൂ!     


ഇന്നു വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലുള്ള രാജമാണ് ഭാരതം. വിദ്യ അഭ്യസിക്കുവാനുള്ള ഒരു ഇന്ത്യന്‍ പൌരന്റെ അവകാശത്തെ ആര്‍ക്കും നിഷേധിക്കുവാനാവില്ല. ആയതിനാല്‍ വിദ്യാഭ്യാസത്തിന്, ജോലിക്ക്, ഒക്കെ സമുദായികാടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തി ഒരു വിഭാഗത്തെ അധകൃതരെന്നു മുദ്രചാര്‍ത്തി കുറഞ്ഞ മാര്‍ക്കിന്റെ ആനുകൂല്യവും മാനദണ്ടമാക്കി ജോലിയും അഡ്മിഷനും നല്‍കുന്നത് ഒരര്‍ഥത്തില്‍ അധിക്ഷേപിക്കലല്ലേ? സമത്വം പ്രസങ്ങിക്കുമ്പോള്‍ തന്നെ സ്പഷ്ടമായി വേര്‍തിരിവ് സമൂഹത്തിന് വരച്ചുകാട്ടിക്കൊടുക്കുകയല്ലേ ഇവിടെ? എല്ലാത്തരം പ്രവേശനങ്ങള്‍ക്കും ബൌദ്ധികമായ ഒരു മാനദണ്ഡം പ്രാവര്‍ത്തികമാക്കുകയല്ലേ സത്യത്തില്‍ ചെയ്യേണ്ടത്. എല്ലാ മേഖലയിലും മെരിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റുകള്‍ രൂപപ്പെടുത്തുകയല്ലേ ശരിയായ നടപടി? അതോ സാമുദായികാടിസ്ഥാനത്തില്‍ മനുഷ്യ ബുദ്ധിക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമോ? എന്തൊക്കെയായാലും സംവരണത്തിന്റെ പേരില്‍ അര്‍ഹരായവര്‍ പിന്തള്ളപ്പെടുന്നത് ന്യായമാണോ?  


"ദാനം കിട്ടിയ പശുവിന്റെ വായില്‍ പല്ലുണ്ടോ എന്ന് നോക്കേണ്ട ആവശ്യമുണ്ടോ?" ആനുകുല്യം കൈപ്പറ്റുന്നവര്‍ക്കൊന്നും സര്‍ക്കാരിനോട് പ്രതിബദ്ധതയോ രാജ്യസ്നേഹമോ തോന്നണമെന്നില്ല. ഔദാര്യം വാങ്ങുന്തോറും അത് തങ്ങളുടെ ജന്മമാവകാശമായി കരുതുന്ന, കാര്യശേഷിയിലാത്ത ഒരു തലമുറ സൃഷ്ടിക്കപ്പെടുന്നു. മാത്രമല്ല അളവുകോല്‍ സാമുദായികാടിസ്ഥാനത്തില്‍ ആവുന്നതോടെ മറ്റു വിഭാഗക്കാര്‍ക്ക് ഇവരോട്‌ അവജ്ഞയും വിരോധവും വര്‍ധിച്ച് ഇന്ന്‍ അന്യമായിക്കൊണ്ടിരിക്കുന്ന വിശാലമായ വ്യക്തിബന്ധങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിച്ചു എന്നും പറയേണ്ടിവരും.


ചുരുക്കത്തില്‍, ഇന്നത്തെ സാഹചര്യത്തില്‍ അകാരണമായി അനുവദിച്ചു കൊടുക്കപ്പെട്ട, വിധവാപെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, എന്നിവയൊഴിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും നിര്‍ത്തലാക്കേണ്ട കാലം എന്നേ അതിക്രമിച്ചു കഴിഞ്ഞു! നാട് നന്നാകണമെങ്കില്‍ സാമുദായികമായ സകല സംവരണങ്ങളും പ്രവേശന-നിയമനങ്ങളും തൂത്തെറിയപ്പെടണം! അളവുകോലുകളും ജാതി മാനദണ്ഡവും തച്ചുടയ്ക്കപ്പെടണം! എല്ലാ പൌരന്‍മാരും ഒരേ തുലാസില്‍ തൂക്കപ്പെടനം! എല്ലാക്കാലവും സൌജന്യം നല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന സര്‍ക്കാരുകളൊന്നും അനാവശ്യമെന്നു ബോധ്യപ്പെട്ട് നല്കിയതോന്നും പിന്‍വലിക്കാന്‍ തയ്യാറാവില്ല. അതിനു തുനിഞ്ഞാല്‍തന്നെ പൊതുജനം അവരെ കശാപ്പ് ചെയ്യും! എന്തെങ്കിലും മാറ്റം വരണമെന്കില്‍, അടുത്തകാലത്ത് ഹജ്ജ്‌ സബ്സിഡി നിര്‍ത്തലാക്കിയത് പോലുള്ള ഉന്നത നീതിന്യായ പീഠത്തിന്റെ അവസരോചിതമായ ഇടപെടലുകള്‍ പല കാര്യങ്ങളിലും തുടരേണ്ടതുണ്ട്.


കൈനീട്ടി വാങ്ങാനല്ലാതെ കൈയ്യയഞ്ഞു കൊടുക്കുന്ന ഒരു തലമുറ പിറവിയെടുക്കുന്നതു വരെ ഏറ്റവും സന്തുഷ്ടരായ ജനങ്ങളുള്ള രാജ്യങ്ങളുടെ പട്ടികയിലെ നമ്മുടെ സ്ഥാനം 125 ല്‍ നിന്നും താഴേയ്ക്ക് പോകാതിരിക്കാന്‍ ഒരപേക്ഷ കൊടുത്ത് പഞ്ചായത്ത് പടിക്കല്‍ കാത്തിരിക്കാം എന്താ.....?  

6.5.12

കരിക്കിന്‍വെള്ളം

എതിരേ വന്ന ബോട്ടിന്‍റെ ഓളത്തില്‍ ചുരുളന്‍ വള്ളമൊന്ന്‍ ഇളകിയാടി.


 "കണ്ണ് കാണത്തില്ലേ ഈ കഴുവേറടാമോന്‍മ്മാര്‍ക്ക്...&(#@$*!@" 
യമഹാ എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തിന്‍റെ ഡ്രൈവര്‍-കം-ഓണര്‍ തൊമ്മി വിളിച്ച പുളിച്ച തെറിയുടെ ബാക്കി ആ ഇരമ്പലില്‍ മുങ്ങിപ്പോയി! കേരളാ സ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്ടിന്റെ പഴകി പായല് പിടിച്ച ജലയാനമാണെങ്കിലും പാവപ്പെട്ട കൊതുമ്പു വള്ളക്കാരെ മുക്കി, തോട്ടു മാടിയിടിച്ച്‌, കടവില്‍ തുണിയുലച്ചുക്കൊണ്ടിരിക്കുന്ന തരുണീമണികളുടെ ഉടുതുണി പോലും നനച്ച്, ഊറിച്ചിരിച്ചു പായുന്ന ബോട്ടിന്‍റെ ലാസ്കര്‍-സ്രാങ്ക് മക്കള്‍ക്ക്‌ പതിവായി ഇതുപോലെ വല്ലതും കേട്ടില്ലെങ്കില്‍ വയറ്റീന്നു പോകില്ലെന്നായിട്ടുണ്ട്! 


വള്ളത്തിന്‍റെ വക്കില്‍ അള്ളിപ്പിടിച്ചിരുന്ന ചാണ്ടി അളിയന്‍റെ മുഖത്തേയ്ക്ക് ഒളികണ്ണിട്ടു നോക്കി. ഇല്ല! ഒരു തമാശ കേട്ടാലോന്നും കുലുങ്ങാത്ത മിലിട്ടറി ഗൌരവം. പോരാഞ്ഞിട്ടു താന്‍ ഒപ്പമുള്ളപ്പോള്‍ എക്സ്ട്രാ ഫിറ്റ് ചെയ്ത ജവാന്‍റെ മസിലുപിടുത്തം. ആ ഉലച്ചിലില്‍, പൊതിച്ച് കൂട്ടിയിട്ടിരുന്ന തെങ്ങാക്കൂട്ടം "കുടുകുടാ" ചിരിച്ചു. വാഴക്കുല വലത്തോട്ടോന്നു ചെരിഞ്ഞു. അരിച്ചാക്ക് അരയിഞ്ചു തെന്നി. പെട്ടി, കുട്ട, പുസ്തക പ്രമാണങ്ങളില്‍ വെള്ളം സ്വല്പം തെറിച്ചു. അത്രമാത്രം! 


ചാണ്ടിയുടെ പെങ്ങള്‍ വാടക വീട്ടിലേയ്ക്ക് മാറുകയാണ്‌. അതിനു മുന്നോടിയായുള്ള ഷിഫ്ട്ടിംഗ് പരിപാടിയാണ് ഉറ്റ സുഹൃത്ത് തൊമ്മിയോടും അളിയനോടുമൊപ്പം നടത്തിക്കൊണ്ടിരിക്കുന്നത്. 


തൊമ്മിയുടെ വാക്കില്‍ പറഞ്ഞാല്‍ അളിയന്റെ ഗൌരവത്തില്‍ അല്‍പസ്വല്‍പം കാര്യമില്ലാതില്ല. 


"എടാ പുല്ലേ...നിന്‍റെ അളിയന്‍റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഇതൊന്നുമല്ലായിരുന്നു പുകില്! പെണ്ണ് കെട്ടിക്കഴിഞ്ഞാല്‍ സ്വല്പം കശപിശയോക്കെ എല്ലാ വീട്ടിലും സാധാരണമാ. എന്നും വച്ച് കെട്ടും കിടക്കയുമെടുത്തു സ്വന്തം വീട്ടിലോട്ടു കെട്ടിയെടുക്കുകയല്ല വേണ്ടത്. അമ്മായിയമ്മയ്ക്ക് വിവരവും വിദ്യാഭ്യാസവും ഇല്ലെങ്കില്‍ പോട്ടെ. അവള് പഠിച്ചവളല്ലേ? ഈ പഞ്ചായത്തില്‍ തന്നെ മോശമില്ലാത്ത ജോലിയുമുണ്ട്. അല്പസ്വല്പം ക്ഷമയും വിട്ടുവീഴച്ചയും ഒക്കെ വേണ്ടേടാ? ചുമ്മാതാണോ ചായകുടിക്കും പോലെ ഇന്നു ഡൈവേര്സ് അങ്ങ് പെരുകിയത്? തന്തയ്ക്കും തള്ളക്കും സ്വല്പം കാശും കൂടിയുണ്ടെങ്കില്‍, "നീയെന്തിന്നാ വല്ലവരുടെയും ആട്ടുംതുപ്പും കൊള്ളുന്നത്‌ ഇങ്ങു പോരെടീ മോളേ" എന്നും പറഞ്ഞ് ഒരു കുടുംബം അങ്ങ് മടക്കി പെട്ടിയിലാക്കി കൊടുക്കുകയും ചെയ്യും! നിന്‍റെ വീട്ടില്‍ ഈ കാലമത്രയും നിന്നിട്ടും ഓരോ ലീവിനും അയാള് കെട്ടിയവളെയും കുട്ടികളെയും കാണാന്‍ വരുന്നതു തന്നെ അതിശയം!"


കരിക്കിന്‍ വെള്ളത്തില്‍ നേര്‍ത്തലിഞ്ഞ്, ഉള്ളുതുറക്കുന്ന പല സ്വകാര്യ സായാഹ്നങ്ങളിലും പഠിപ്പില്ലാത്ത അവന്‍ പറയുന്നത് താന്‍ പാടെ തള്ളിക്കളഞ്ഞിട്ടില്ല. ഉടപ്പിറന്നോളായി ഒരുവളെയുള്ളൂ. കുഞ്ഞും നാളിലെ മുതല്‍ കുടുംബത്തെ നെഞ്ചോട്‌ അടുപ്പിച്ചു പിടിക്കുന്നവനാണ് താന്‍.  അതുകൊണ്ടാണ് പ്രീഡിഗ്രീക്ക് പഠിക്കുന്ന കാലത്ത്തന്നേ തന്നേക്കാള്‍ പതിനഞ്ചു വയസു മൂത്ത അളിയനെ സ്വകാര്യമായി ഉപദേശിച്ചു കത്തെഴുതിയത്. പള്ളീലച്ചന്മാരും പല ബന്ധുക്കളും ശ്രമിച്ചിട്ടും ചുളിയാത്ത അദ്ദേഹത്തിന്റെ ആത്മാഭിമാനം അതോടെ പാടെ അഴിഞ്ഞുവീണു. പീക്കിരിപ്പയ്യനാല്‍ ക്ഷതമേറ്റ പൌരുഷം വീണ്ടും പ്രതികാരം തീര്‍ത്തത് പെങ്ങളോടാണ്. 


ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചില തള്ളമാര്‍ ടി.വി സീരിയലിലെ അമ്മായിയമ്മമാരെ വെല്ലുന്ന പ്രകടനം നടത്തിക്കൊണ്ടേയിരിക്കുന്നു. എങ്കിലും കെട്ടിച്ചു വിട്ടതിനുശേഷം ബാധ്യത തീര്‍ന്നെന്നു വരുത്തി, തിരിഞ്ഞു നോക്കാതെ കയ്യൊഴിഞ്ഞ്, ഒക്കെ വിധിയെന്നു കരുതി സമാധാനിക്കാന്‍ ഉപദേശിക്കുന്ന പെണ്ണുവീട്ടുകാര്‍ പൊലിച്ചു കളയുന്ന അനേകം സ്ത്രീ ജന്മങ്ങള്‍ക്കും കുരുന്നു ജീവനുകള്‍ക്കും തന്‍റെ കുടുംബം ഒരു അപവാദമാണ്. അങ്ങനെ തിരികെവന്നാല്‍ കയറിക്കിടക്കാന്‍ ഒരു കൂര കൊടുത്തിരുന്നെങ്കില്‍ ഈ ലോകത്ത് എത്രയെത്ര ആത്മഹത്യകള്‍ തടയാമായിരുന്നു! കരിന്തിരി കത്തിതീര്‍ത്ത നല്ല നാളുകള്‍ക്കൊടുവില്‍ ദാ ഇന്ന് ഈ മനുഷ്യന്‍ മനസ്സുമാറി തന്‍റെ വീട്ടിലെത്തി പെങ്ങളെയും കുട്ടികളെയും വിളിച്ചിറക്കി പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാന്‍ വാടക വീട്ടിലേയ്ക്ക് താമസം മാറുന്നു!! 
ഇതു തന്നെയല്ലേ വര്‍ഷങ്ങള്‍ക്കു മുന്‍പ് താനും പറഞ്ഞത്‌? അപ്പോള്‍ ആര്‍ക്കാണ് തെറ്റിയത്?


ഓളങ്ങളുടെ ഇളക്കത്തോടൊപ്പം ഓര്‍മ്മകളും തെല്ലോന്നുലഞ്ഞു ശാന്തമായി. തളംകെട്ടിനിന്ന മൌനത്തിനു വിരാമവിട്ടുകൊണ്ട് തൊമ്മി ഇളന്തെങ്ങിന്‍റെ രണ്ടു തേങ്ങാ ചിരട്ടക്കണ്ണ്‍ തുളച്ച് ചാണ്ടിക്കും അളിയനും നേരെ നീട്ടിപ്പറഞ്ഞു. 


"ഇതങ്ങോട്ടു പിടിക്ക്. എന്നിട്ടു പഴയതൊക്കെ അങ്ങ് മറക്ക്. പ്രായമായോരൊക്കെ നാളെ വടിയാകാനുള്ളതാ. നമ്മള് പിന്നേം നെടുംതൂണായി ഒന്നിച്ചു നില്‍ക്കേണ്ടവരാ....."


അപ്രതീക്ഷിതമായൊരു ഇളനീര്‍ രുചി നുകര്‍ന്ന അളിയന്‍റെ പുകക്കറ മറച്ച ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. തൊമ്മി ഉറ്റ സുഹൃത്തിനെ നോക്കി കണ്ണിറുക്കി. തെങ്ങയ്ക്കുള്ളില്‍ നുഴഞ്ഞു കയറിയ മറ്റൊരു ജവാന്‍!! ചാണ്ടിക്ക് അവന്‍റെ അവസരോചിതമായ ഇടപെടലില്‍ അഭിമാനം തോന്നി. സാധാരണ ഇത്തരത്തിലുള്ള ജലയാത്രകളില്‍ വീര്യം പകരാന്‍ തോട്ടിലെ വാട്ടവെള്ളമാണ് തുണയാകാറ്.


 മൂന്നു തേങ്ങകള്‍ കൂട്ടിമുട്ടി! "ചിയേര്സ്" വിളികലുയര്‍ന്നു!!
 "മുള്ളിനെ മുള്ളു കൊണ്ടെടുക്കുക" എന്നപോലെ മിലിട്ടിറി അളിയനെ അവന്‍ മിലിട്ടറി കുപ്പിയിലിറക്കിയിരിക്കുന്നു.!! 


നാലാമത്തെ തേങ്ങാ കൈമാറുമ്പോള്‍ അളിയനും അളിയനും തോളുരുമിയിരിക്കുന്നത് കണ്ട് തൊമ്മി, ഇത്രയും കാലം ഈ തേങ്ങകളൊക്കെ എവിടെയായിരുന്നു എന്നോര്‍ത്ത് "എന്തതിശയമേ ദൈവത്തിന്‍ സ്നേഹം" എന്നാര്‍ത്തു പാടി.....
              *******
മൂടല്‍ മഞ്ഞുരുകിയ ആ മഹാസുദിനത്തിനു പിറ്റേന്ന് പുലര്‍ച്ചെ പുതിയ വീട്ടില്‍  തേങ്ങാപ്പീരയിട്ട പുട്ടടിച്ച ചാണ്ടിയുടെ പെങ്ങളും കുട്ടികളും പതിവില്ലാതെ പൊട്ടിച്ചിരിച്ചു. ആ ചിരി ഇന്നും തുടരുന്നു.......


              *ശുഭം!*

30.4.12

സൗഹൃദത്തിന്‍റെ മതം

ചിലപ്പോള്‍ ആലോചിക്കാറില്ലേ ഈ മതമില്ലായിരുന്നെങ്കില്‍.............എന്ന്?


പണ്ട് "മതമില്ലാത്ത ജീവന്‍" എന്ന സ്കൂള്‍ പാഠഭാഗത്തിനു പിറകേയുണ്ടായ പുകിലുകള്‍, അതുള്‍പ്പെടുത്തിതിയവരുടെ ഉദ്ദേശശുദ്ധി, ഇതൊന്നുമല്ല വിഷയം. മറിച്ച് ചില തോന്നലുകള്‍......(ഭ്രാന്തമായതെന്ന് വായനക്കു ശേഷം നിങ്ങള്‍  മറുപടി പറയും)


കാലമേറയായി ഉള്ളില്‍ തികട്ടി വന്നത് ഇന്നു ച്ഛര്‍ദിക്കാമെന്ന് കരുതി. അത്രേയുള്ളൂ! ഒന്നും കാര്യമാക്കരുത്! ഇതു വെറുംമൊരു "വാളാണ്". വാളെടുത്തവനെല്ലാം വെളിച്ചപ്പാടാകുമോ ആവോ? :)


മുകളില്‍ ഉന്നയിച്ച ചോദ്യം ഇക്കാലമത്രയും ഒരിക്കലും നിങ്ങളെ അലട്ടിയിട്ടില്ലേ? "ഞാന്‍ മറ്റൊരു മതത്തിലാണ് ജനിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു കഥ" എന്നുപോലും ആലോചിച്ചിട്ടില്ലേ? ഇല്ലെങ്കില്‍ ബാക്കി വായിക്കാതിരിക്കുകയാണ് ബുദ്ധി. വിരസമാകും വിട്ടുകള!  


ഉള്ളത് പറഞ്ഞാല്‍ കുട്ടിക്കാലത്തും എനിക്ക് നല്ല സൗഹൃദങ്ങളുണ്ടായിരുന്നു. അന്നാരും കൂട്ടുകാരന്റെ ജാതി നോക്കിയിരുന്നില്ല. പക്ഷേ കാലക്രമേണ ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീണു. മുതിന്നവര്‍ പറഞ്ഞുതരുന്നതിനും അപ്പുറത്തെ ശരിയും തെറ്റും ആ പ്രായത്തിലെ ബുദ്ധിയില്‍ അത്രകണ്ട് വികസിച്ചിരുന്നില്ല. പലതും *നഷ്ടസ്വപ്നങ്ങള്‍ എന്ന കഥയില്‍ കുറിച്ചിട്ടിട്ടുണ്ട്. അവിടെ അര്‍ദ്ധവിരാമമിട്ട  ചിന്തകളാണ് ഞാന്‍ തുടര്‍ന്ന് പങ്കുവയ്ക്കുന്നത്. 


ഇടക്കാലമെപ്പോഴോ തോന്നിയിരുന്നു ശാസ്ത്രവും വിവര സാങ്കേതിക വിദ്യയുമൊക്കെ മനുഷ്യ മനസിലൊരു വേലിയേറ്റം സൃഷ്ടിച്ച് ആ കുത്തൊഴുക്കില്‍ മതവും തല്‍സംബന്ധിയായ ആധികളും ഒലിച്ചുപോകുമെന്ന്! ദൈനംദിന ജീവിതപ്പാച്ചിലിനിടെ വ്യക്തികള്‍ക്ക് മതവൈരം മെനഞ്ഞെടുക്കാന്‍ നേരം തികയാതെ വരുമെന്നും പതിയെ അവരില്‍നിന്നും ജാതി-മത ചിന്തകള്‍ അപ്രത്യക്ഷമാകുമെന്നും! എന്നാല്‍ അതിശയമാം വിധം ഇന്നു വര്‍ഗീയത എല്ലാ മേഖലയിലും കരുത്താര്‍ജിച്ചു. മതവും അനുബന്ധ സംഘടനകളും വലിയ വില്പ്പന ചരക്കുകളായി. ഏതൊരു വിശ്വാസിയും എളുപ്പം വ്രണിതനാക്കപ്പെടും വിധം മതാന്ധത മനസുകളില്‍ ആഴത്തില്‍ വളര്‍ന്നു. വര്‍ഗീയ ശക്തികള്‍ രാഷ്ട്രീയത്തില്‍ കൈകടത്തുകയും ഇന്നു ഭരണയന്ത്രത്തിന്‍റെ പോലും ചുക്കാന്‍ നിയന്ത്രിക്കുന്നു!


നാം ജീവിച്ചുകൊണ്ടിരിക്കുന്ന നൂറ്റാണ്ടിന്റെ ചില സ്ഥിതിവിശേഷങ്ങളിലൂടെ ഒന്നു കണ്ണോടിച്ചു നോക്കിയാല്‍.........എന്താണ് ഇടക്കാലത്തെ ശുഭാപ്തിവിശ്വാസത്തെ തകിടം മറിച്ച ഘടകങ്ങള്‍?


ഇന്ത്യാ വിഭജനത്തിനു ശേഷം ബ്രിട്ടീഷുകാര്‍ പാകിയിട്ട വര്‍ഗീയതയുടെ വിഷ വിത്ത്‌ മുളപൊട്ടിയെങ്കിലും അധികം കിളിര്‍ക്കാതെ ഏറെക്കാലങ്ങള്‍ക്ക് ശേഷം വീണ്ടും തളിര്‍ത്തത് എന്നാണ്? 
അധികാരത്തിലേയ്ക്ക് കാലെടുത്തു വെയ്ക്കാന്‍ അയോധ്യയിലെ ബാബറിമസ്ജിദിനെ തീവ്ര ഹിന്ദുത്വവാദികള്‍ കരുവാക്കിയതോടെയാണ് ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹികാന്തരീക്ഷം വര്‍ഗ്ഗ വര്‍ണ്ണമണിഞ്ഞത്. ഭാരതത്തില്‍ ഇങ്ങനെയെങ്കില്‍ ലോകരാജ്യങ്ങളുടെ തന്നെ പാരസ്പരിക സൗഹൃദത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയത്, അന്യനാടുകളിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ അമേരിക്കയുടെ അനാവശ്യ ഇടപെടലുകള്‍ക്ക് മറുപടിയായി അതേ നാണയത്തില്‍ ട്രേഡ്സെന്‍ററിന് നേരെ അല്‍ഖ്വയ്ദ തൊടുത്ത ആക്രമണമാണ്. പിന്നീടുള്ള സംഭവ വികാസങ്ങള്‍ വിവരിക്കേണ്ട കാര്യമില്ലല്ലോ?


ഇന്ന് അമേരിക്ക മുസ്ലീം നാമ ധാരികളെ എയര്‍പോര്‍ട്ടില്‍ ഉടുതുണി ഉരിഞ്ഞു പരിശോധിക്കുന്നു! അറബികള്‍ ക്രിസ്ത്യാനികളെ അമേരിക്കയുടെ പ്രതിപുരുഷരായി കാണുന്നു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ നരേന്ദ്രമോഡിയുടെ പ്രേതത്തെ ദു:സ്വപ്നം കാണുന്നു. തീവ്ര ഹിന്ദുക്കളെപ്പോലെ പലര്‍ക്കും മുസ്ലീമെന്നാല്‍ മനസ്സിലോടിയെത്തുക ലാദനും വിമാനവുമാണ്! ക്രിസ്ത്യാനിക്ക്  സകല മതസ്ഥനോടും പുശ്ചം! പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന ഭാവം. 


രാജ്യങ്ങളുടെ ബന്ധത്തിലെ ഉലച്ചില്‍ അവിടെ നില്‍ക്കട്ടെ. എന്നാല്‍ ആഗോള പ്രത്യാഘാതമെന്നവണ്ണം ആ അലയടികള്‍ നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗ വ്യക്തിബന്ധങ്ങളെയും സൗഹൃദങ്ങളെയും മതത്തിന്‍റെ ചട്ടക്കൂടിനുള്ളില്‍ ഒതുക്കി. ഇന്ന് സമൂഹത്തിലെ ഒട്ടുമിക്ക ഇടപാടുകളും അതാത് ജാതിക്കാര്‍ തമ്മിലായി. എവിടെയും തൂക്കി നോക്കപ്പെടുന്നത് സാമുദായിക സന്തുലനവും! ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാ മതസ്ഥരും അത് ആസ്വദിക്കുന്നു എന്നതാണ് അതിലേറെ വേദനാജനകം.


ഇതിനു ഒരു പ്രതിവിധിയുണ്ടോ? 
"മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി" എന്നോതിയ യുഗ പുരുഷരുള്ള നമ്മുടെ കേരളത്തില്‍ പോലും ആളുകള്‍ എത്ര മാറിപ്പോയിരിക്കുന്നു! മതവും രാഷ്ട്രീയവും അഴിക്കാനാവാത്തവണ്ണം കെട്ടുപിണഞ്ഞു കുരുങ്ങിക്കിടക്കുന്നു. മതസൗഹാര്‍ദ്ദവും നിക്ഷ്പക്ഷ രാഷ്ട്രീയവും പ്രസംഗിക്കുന്ന ഏത് പ്രമുഖനും ഉള്ളില്‍ ഒളിപ്പിച്ചുവെച്ച വ്യക്തമായ ജാതി-രാഷ്ട്രീയ വിശ്വാസങ്ങളുണ്ട്. ഇതെഴുതുന്ന നിസ്സാരനായവന്‍ തികഞ്ഞ മതേതര വാദിയാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍  ഗന്ധര്‍വഗായകന്‍ യേശുദാസിനെയും നിങ്ങള്ക്ക് വിശ്വസിക്കാം! പലരും അണിഞ്ഞിരിക്കുന്ന പുറംകുപ്പായം കാണുവാനാകുന്നില്ല!! എല്ലാറ്റിനെയും മുന്‍വിധിയോടെ സമീപിക്കുമ്പോള്‍ മറ്റുള്ളതൊന്നും നാം ശ്രദ്ധിക്കുന്നില്ല. 
കുറച്ചുകൂടെ പച്ചയ്ക്കു  പറഞ്ഞാല്‍.......


വഴിവക്കില്‍ മുണ്ടുപോക്കി മൂത്രമൊഴിച്ചുകൊണ്ടിരിക്കുന്ന അപരിചിതന്റെ ട്രൌസറിന്‍റെ നിറം നോക്കി പച്ചയായാല്‍ മുസ്ലീം അല്ലെങ്കില്‍ ലീഗ് എന്നും, ചുവപ്പ് ആയാല്‍ കമ്മ്യൂണിസ്റ്റ് അല്ലെങ്കില്‍ നിരീശ്വരവാദി എന്നും കാവിയായാല്‍ ഹിന്ദു അഥവാ ബി.ജെ.പി. യെന്നും വെള്ളയായാല്‍ ക്രിസ്ത്യാനിയുല്പടെ പലതും കൂടിച്ചേര്‍ന്ന അവിയല്‍പോലത്തെ കോണ്‍ഗ്രസെന്നും അനുമാനിക്കാം! അതല്ല സംഗതി "വിത്തൗട്ട്" ആണെങ്കില്‍ പി.സി. ജോര്‍ജിന്‍റെ കേരളാ കോണ്ഗ്രസ് എന്നോ മലയോര കുടിയേറ്റക്കാരനെന്നോ കണ്ണുമടച്ചു നിര്‍വ്വചിക്കാനുമുള്ള നമ്മുടെ അപാര കഴിവ്!! 

"മതം മനുഷ്യനെ മയക്കുന്ന കറുപ്പ്" എന്നു മാര്‍ക്സ്സ് പറഞ്ഞത് തന്‍റെ സിദ്ധാന്തം അരക്കിട്ടുറപ്പിക്കാനാണെങ്കിലും ഇന്നത്തെ ചുറ്റുപാടില്‍ അത് അക്ഷരംപ്രതി ശരിയാണ്! നമ്മുടെ വിശ്വാസം കമ്മ്യൂണിസമല്ലെങ്കില്‍ കൂടി ഇതിനൊക്കെ ഒരു മാറ്റം വേണ്ടേ? ജാതിയുടെ മാത്രം പ്രശ്നത്തില്‍ നാം മനപ്പൂര്‍വ്വം തഴഞ്ഞു കളയുന്ന നല്ല സൗഹൃദങ്ങള്‍ക്കു വേണ്ടിയെങ്കിലും? മതത്തിന്‍റെ വിവിധ തൊഴുത്തുകളില്‍ തടഞ്ഞു നിര്‍ത്തപ്പെട്ട കാലിക്കൂട്ടങ്ങള്‍ക്ക് വിശാലമായ ഒരേ പുല്‍മേടുകളില്‍ മേഞ്ഞുനടന്നുകൂടെന്നുണ്ടോ? ഞാനും നിങ്ങളും അങ്ങനല്ല എന്നൊരു ധാരണയുണ്ടോ? എങ്കില്‍ വരും തലമുറ തീര്‍ച്ചയായും ഈ വാദങ്ങള്‍ ബലപ്പെടുത്തുക തന്നെ ചെയ്യും!!


ആര്‍ക്കും തനിക്കിഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ പൗരാവകാശം അനുവദിക്കുന്നുണ്ട്. എങ്കിലും ജനനം കൊണ്ട് നാമോരോരുത്തരും വ്യത്യസ്ത മതങ്ങളുടെ ഭാഗങ്ങളാക്കപ്പെടുകയാണ്. വോട്ടു ചെയ്യാനും, ലൈസന്‍സ് എടുക്കാനും, വിവാഹം കഴിക്കാനും ഒക്കെ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. അപ്പോള്‍ ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കുന്നതോ? വകതിരിവാകുന്നതിനു മുന്‍പേ അപ്പനപ്പൂപ്പന്മാരായി തുടര്‍ന്നുവന്ന മതത്തിന്‍റെ മുദ്രകുത്തുന്നത് പൗരാവകാശ ലംഘനമാണോ? അതോ അത് ജന്മം കൊടുത്തതിലുള്ള മാതാപിതാക്കളുടെ അവകാശമാണോ? അതുപോട്ടെ, പതിനട്ടു വയസായി  പൗരനായത്തിനു ശേഷം ഇഷ്ടമുള്ള മതത്തിലേയ്ക്ക് ഒന്ന് മാറിയാലോ? അവനെ മതഭ്രാന്തര്‍ ജീവനോടെ വിട്ടാല്‍ തന്നെ വീട്ടുകാരും നാട്ടുകാരും ഭ്രഷ്ട് കല്‍പ്പിക്കും! 


അന്യ മതങ്ങളെപ്പറ്റി വ്യക്തമായി പഠിക്കാതെ താന്‍ വിശ്വസിക്കുന്നതാണ് ശ്രേഷ്ഠം എന്ന് ഒരാള്‍ക്ക്‌ എങ്ങനെ പറയാന്‍ കഴിയും? അതിന് അവസരമൊരുക്കുകയല്ലേ യഥാര്‍ത്ഥ മതേതര രാജ്യം ചെയ്യേണ്ടത്? പതിനെട്ടു വയസുവരെ പേരില്‍ ഒരു മതത്തിന്‍റെയും വാലു ചേര്‍ക്കാതെ സര്‍ക്കാര്‍ രേഖകളില്‍ (ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, എസ്.എസ്.എല്‍.സി. ബുക്ക്‌) ജാതി അടയാളപ്പെടുത്താതെ, എല്ലാ മതങ്ങളെയും പറ്റി അറിയുവാന്‍, പഠിക്കുവാന്‍, എല്ലാ ആരാധനാലയങ്ങളും സന്ദര്‍ശിക്കുവാന്‍ ഒക്കെ ഒരാള്‍ക്ക്‌ അവസരം കൊടുത്താല്‍...? അതില്‍നിന്നു താന്‍ കണ്ടെത്തിയ സത്യങ്ങളില്‍ വിശ്വസിച്ചാല്‍...? അന്നുമുതല്‍ തനിക്കിഷ്ടമുള്ള മതം തിരഞ്ഞെടുത്താല്‍....? അവനല്ലേ യഥാര്‍ത്ഥ വിശ്വാസി? അതിലൂടെ കണ്ടെത്തുന്നത് വിശ്വ മാനവികതയുടെ വലിയ പാഠങ്ങളല്ലേ!! 


അതായത് മതം ദൈവത്തിലേയ്ക്ക് അല്ലെങ്കില്‍ മോക്ഷത്തിലേയ്ക്ക് എത്താന്‍ വേണ്ട ശരിയായ മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നു. അത് ഒരു വ്യക്തിക്ക് വേണമെങ്കില്‍ ഉള്‍ക്കൊള്ളാം അല്ലെങ്കില്‍ തന്‍റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാം.


എന്‍റെ ഭ്രാന്തിനു ഞാന്‍ കടിഞ്ഞാണിടട്ടെ.
മതം വേണ്ട എന്നാണു ഇതുവരെ പറഞ്ഞെതെന്നു ധരിച്ചെങ്കില്‍ തെറ്റി. എങ്കില്‍ ഈ എഴുത്തുതന്നെ അര്‍ത്ഥശൂന്യമാകും. മതപഠനത്തിലൂടെ ലഭിക്കുന്ന സാന്മാര്‍ഗികതയുടെ ചട്ടക്കൂടുകളാണ് സദാചാരത്തിന്റെ സീമകളില്ലാത്ത അനന്തമായ സ്വാതന്ത്യത്തെക്കാള്‍ നല്ലത് എന്നു ഞാന്‍ വിശ്വസിക്കുന്നു. നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുന്ന വസ്തുത മതങ്ങള്‍ ഏറെക്കുറെ നിഷ്പക്ഷമായി ചിന്തിക്കാനും ശരിയെന്നതിനെ ഉള്‍ക്കൊള്ളാനും വ്യക്തിക്ക് സ്വാതത്ര്യം നല്‍കുന്നുണ്ട്. പക്ഷേ കാലാകാലങ്ങളായി എല്ലാ മതങ്ങളും ദുരുപയോഗം ചെയ്യപെട്ടു വരികയാണ്‌. അത് രണ്ടു തരത്തിലാണ്. 


(1). ഒരു ജീവിത മാര്‍ഗമായി 
(2). ഒരുവന് മറ്റൊരുവനില്‍ അധീശത്വം സ്ഥാപിച്ചെടുക്കാന്‍. 


ഇതു രണ്ടും ഒഴിവാക്കപ്പെടെണ്ടതുണ്ട്. മതത്തെ അതിന്റെ വഴിക്കുവിടുക.  ഒരു കുഞ്ഞിന്‍റെ വ്യക്തിത്വ വികാസം വീട്ടില്‍ നിന്ന് തുടങ്ങട്ടെ. തന്നെ ചുറ്റിപ്പറ്റിയുള്ളവര്‍ നയിക്കുന്ന ഉല്‍കൃഷ്ടമായ ജീവിതം കണ്ട് അവന്‍ പറയട്ടെ "ഞാന്‍ ഈ മതത്തിന്‍റെ ഭാഗമായതില്‍ അഭിമാനിയ്ക്കുന്നു എന്ന്". 
അല്ലാത്തവര്‍ക്ക് നല്ലത് ഏത് എന്ന് തേടി കണ്ടെത്തുവാന്‍ നാം വിലങ്ങു തടിയാവരുത്! അത്രമാത്രം!


"നടക്കുന്ന വഴിയിലാകെ നാമ്പിടട്ടെ സൗഹൃദങ്ങള്‍
നാടുകള്‍ തന്‍ നാനാത്വത്തില്‍ തെളിയെട്ടെ ഏകത്വം 
തത്വങ്ങള്‍ തെളിമയാര്‍ന്നതി ലുറയട്ടെ മനുഷ്യസ്നേഹം 
സത്തയെല്ലാമൊന്നല്ലോ മതവുമതുപോല്‍ മനുഷ്യനിണവും." 

ജയ്‌ ഭാരത്‌!
*അനുബന്ധ പോസ്റ്റ്‌: നഷ്ടസ്വപ്നങ്ങള്‍ (കഥ)

18.4.12

മണ്ണിന്റെ മക്കള്‍

അതങ്ങനെയാണ്, ചില തഴക്കങ്ങള്‍!
ടൂത്ത് ബ്രഷ് വായില്‍ തിരുകുന്നതും തെല്ലും സങ്കോചമില്ലാതെ കാലുകള്‍ കിഴക്കേ വേലിക്കു വെളിയിലെ നാട്ടുമാവിന്‍ചോട്ടില്‍ എത്തിനില്‍ക്കും. ഇളവെയിലില്‍ ഞാറിന്‍ തലപ്പില്‍നിന്നും മഞ്ഞുതുള്ളികള്‍ മടിയോടെ ഊര്‍ന്നിറങ്ങുന്നതും, പെണ്ണാളുകള്‍ പണിക്കിറങ്ങാന്‍ പാടവരമ്പിലൂടെ തിടുക്കത്തില്‍ പായുന്നതും നോക്കിനിന്നിരുന്നിരുന്ന ആ കുട്ടിക്കാലം തൊട്ട്, പ്രവാസത്തിന്റെ മടുപ്പിക്കുന്ന ഇടവേളകളില്‍ ഒരു വരാല്‍ മീനിനെപ്പോലെ ഊളിയിട്ടു പൊങ്ങി ഇത്തിരി ജീവശ്വാസമെടുക്കുന്ന ഈ ചെറിയ അവധിക്കാലംവരെ വീട്ടിലുള്ള ഏത് പ്രഭാതത്തിലും താനാ കിഴക്കേ മൂലയുടെ ഇഷ്ടക്കാരനാണ്.


പക്ഷേ ഇന്നു കാഴ്ച്ചള്‍ക്കും കണ്ണിനും ആ കുളിര്‍മയില്ല. പാടത്ത് പെണ്ണാളില്ല, പഴയ തണുപ്പില്ല, പുല്ലിന്റെ ഗന്ധമില്ല. ഇടതൂര്‍ന്ന ഞാറുകളെയാകെ ഇളവെയിലില്‍ ഓളംതല്ലിക്കുന്ന  ചെറുകാറ്റില്ല. കുട്ടനാടിനെയാകെ കരിക്കട്ടകൊണ്ട് വരച്ചു വികൃതമാക്കിയ ടാര്‍റോഡുകള്‍. വാഹനങ്ങളുടെ ഇരമ്പലില്‍ തേന്‍ കുരുവികളുടെ ചിലമ്പലില്ല. തെങ്ങിന്‍ തലപ്പത്ത് ഞാന്നാടുന്ന അവറ്റകളുടെ കൂടുകളുമില്ല.

പത്തു സെന്റ്‌ പാടം നികത്താന്‍ പ്രയത്നിക്കുന്ന ഒരു ജെ.സി.ബി കണ്ണെത്തും ദൂരത്ത് ഇരമ്പിയാര്‍ക്കുന്നു. വെളിയിലക്കാടുകള്‍ നിറഞ്ഞ് വൃത്താകൃതിയില്‍ പുറം ബണ്ടിനെ തൊട്ടുകിടന്നിരുന്ന, ഒരുകാലത്ത് തൂമ്പ തോടുവിക്കാന്‍ പോലും ആളുകള്‍ മടിച്ചിരുന്ന ആ മണ്‍തിട്ടയല്ലേ ജെ.സി.ബി യുടെ ദ്രംഷടങ്ങള്‍ കാര്‍ന്നെടുക്കുന്നത്? അതാരും കാണുന്നില്ലേ? എന്തേ വിലക്കാത്തത്?

"ആ രണ്ടേക്കര്‍ ആശാരിപറമ്പിലെ അവറാച്ചന്‍ മേടിച്ചു. വില്ലേജ് ആഫീസില്‍നിന്നും അനുമതി വാങ്ങി പത്തു സെന്‍ട് മൂത്തമോന് പുര വെയ്ക്കാന്‍ നികത്തുവാ. ഇതിപ്പം ലക്ഷണം കണ്ടിട്ട് ഒരേക്കറോളം പറമ്പ് നികന്നു കഴിഞ്ഞെന്നു തോന്നുന്നു!" പിന്നില്‍ നിന്നും അപ്പന്‍റെ ശബ്ദം. കേട്ടതില്‍ അത്ഭുതമൊന്നും തോന്നിയില്ല. റോഡു വന്നശേഷം വെള്ളപ്പൊക്കവും, ദുരിതവും ഭയന്ന് കൂടുവിട്ടുപോയ പുതുപ്പണക്കാരോക്കെ കൂട്ടത്തോടെ തിരികെയെത്തി പൊന്നുംവിലക്ക് നെല്‍പ്പാടം വാങ്ങി, നികത്തി വീട് വയ്ക്കുകയോ, മറിച്ചുവില്‍ക്കുകയോ ചെയ്യുന്നു. പാവപ്പെട്ടവന് ഒരുതുണ്ടു ഭൂമി ഇന്നു കിട്ടാക്കനിയായി! ഭൂരിഭാഗം കുട്ടനാടന്‍ പച്ചപ്പിന് മേലെയും കിഴക്കന്‍റെ ചെമ്മണ്ണ്‍ വീണുകഴിഞ്ഞു!"നിനക്കറിയുമോ നമ്മുടെ നീലന്‍റെ കൊച്ചുമോന്‍ പ്രസാദാ ആ ജെ.സി.ബി. യുടെ ഡ്രൈവര്‍. അതിനു നീലനെ നിനക്കൊര്‍മ്മയുണ്ടായിട്ടു വേണ്ടേ! അല്ലേ?"

അപ്പന്‍റെ സ്വരത്തിന് ഒരു പരിഹാസച്ചുവയുണ്ടോ? നാടും വീടും വിട്ടു വേലതേടി പോയോരുടെ ഗണത്തില്‍ നീയും മണ്ണിനെ മറന്നു എന്നൊരു ധ്വനി അതിലുണ്ടോ ആവോ?" ആ കേട്ടത് അത്ഭുതത്തെക്കാള്‍
ഉള്ളിലെവിടെയോ വീണു ചിതറിയ
ഒരു ഞെട്ടലായി. നീലന്‍ പുലയന്‍! അയാളുടെ വിയര്‍പ്പിന്റെ മണം എവിടെനിന്നാണ് ഇത്ര പെട്ടന്ന് കാറ്റ് കൊണ്ടുവന്നത്! കൈകള്‍ മുഖത്തോട് അടുപ്പിച്ചു നോക്കി. അതോ തന്‍റെ ശരീരത്ത് ഇപ്പോഴും അതിന്‍റെ ഉപ്പുരസം തങ്ങിനില്പ്പുണ്ടോ?
ഈ മണ്ണിന്റെ കറുപ്പാണ് നീലന്. ഉഴുതുമറിച്ച ചേറിന്റെ മണമാണ് വിയര്‍പ്പിന്. കലപ്പ വലിക്കുന്ന കരിമ്പോത്തിന്റെ കരുത്താന്  ചുമലുകള്‍ക്ക്. ആ തോളിലിരുന്നാണ് വയലോരക്കാഴ്ച്ചകളോക്കെയും താനാദ്യമായി കണ്ടത്. 


ചക്രം ചവിട്ടുമ്പോള്‍ മുളങ്കാല്‍ വെച്ചുകെട്ടില്‍ അയാളുടെ തോളോട് പറ്റിനിന്ന് കഴുത്തില്‍ കൈകള്‍ വട്ടം ചുറ്റിപ്പിടിച്ച് ആ വിയര്‍പ്പിലെ ഉപ്പുരസം എത്രയോതവണ താന്‍ രുചിച്ചിട്ടുണ്ട്. വിത്തെറിയും മുന്‍പ് ആദ്യമായി കുഞ്ഞിക്കയ്യാല്‍ ഒരുപിടി കുരിശാകൃതിയില്‍ വിതപ്പിച്ചത്, ഞാറു പറിച്ചു നടുമ്പോള്‍ കളയും നെല്ലും വേര്‍തിരിച്ചു കാട്ടിത്തന്നത്, വളമെറിയുമ്പോള്‍ നീണ്ടു മെലിഞ്ഞ കൈളികളില്‍ നിന്നും അര്‍ത്ഥവൃത്താകൃതിയില്‍ വിതറിയ വിസ്മയം കണ്ടത്. കൊച്ചുവള്ളത്തില്‍ കൂട്ടിനുപോയി പപ്പടവട്ടത്തില്‍ വല വിരിയിച്ച്‌ ഒരു കുടം നിറയെ മീന്‍ നിറച്ചത്, വെള്ളത്തിനൊപ്പം തുളുമ്പിനിന്ന കട്ടനിറഞ്ഞ കെട്ടുവള്ളത്തിന്‍റെ പടിയില്‍ തുഞ്ചം തൊട്ട് തലവരെ കഴുക്കോലില്‍ ഊന്നി തെന്നിനീങ്ങിയത്, പാടത്തും പറമ്പിലും തോട്ടിലും വള്ളത്തിലും എല്ലാമെല്ലാം അയാളുടെ നിഴലായി ഈ കുഞ്ഞു താനും നടന്നത് മറക്കാനാവുമോ?


ചുരുക്കത്തില്‍ നീലനെന്നാല്‍........
വെള്ളം നിറഞ്ഞുനിന്ന കായലില്‍ ചെളിബണ്ട് കുത്തി, അതിനുള്ളിലെ നീരു വറ്റിച്ച് ഇന്നത്തെ കൃഷിനിലങ്ങളാക്കി മാറ്റിയ ചരിത്രത്തിലെ, വീരസാഹസികങ്ങളായ അനേകായിരം പുലയ കരുത്തിന്‍റെ പിന്മുറക്കാരില്‍ ഒരുവന്‍. കിതപ്പ് എന്തെന്ന് അറിയാത്ത, പ്രായം ഓര്‍മ്മയിലില്ലാത്ത ഒരു യഥാര്‍ത്ഥ കുട്ടനാടന്‍ കര്‍ഷകതൊഴിലാളി. മണ്ണിന്റെ മകന്‍! അപ്പന്‍റെ കൃഷി നോട്ടക്കാരന്‍. 


അത്യധ്വാനത്തിന്റെ മൂന്നു മാസങ്ങള്‍ക്കുശേഷം കാത്തിരുന്നു വരുന്ന കൊയ്ത്തുകാലം കുട്ടനാടിന്റെ ഉത്സവമാണ്. യാത്രാസൗകര്യം വള്ളങ്ങളില്‍ മാത്രം സാധ്യമായ ഈ മുനമ്പുകളിലേയ്ക്ക് വിവിധ പ്രദേശങ്ങളില്‍നിന്നും തൊഴിലാളികള്‍ കാതങ്ങള്‍ കടന്നെത്തി പാടവരമ്പിലോ കറ്റക്കളങ്ങളിലോ തമ്പടിച്ചു താമസിച്ച്, മനസ്സുനിറയെ കൊയ്തു മെതിച്ച്, ചാക്കുകള്‍ നിറയെ പതവുമായി* തിരികെപ്പോയിരുന്നു. ഒരു മാസത്തോളം നീളുന്ന വിളവെടുപ്പ് മാമാങ്കത്തിനിടെ അത്യാഹിതങ്ങളായി അരിവാള്‍ തലപ്പില്‍ വിരലറ്റു പോകുക, പാമ്പുകടി, ഹൃദയാഘാതം, സൂര്യതാപം തുടങ്ങിയവ അപൂര്‍വ്വം സംഭവിച്ചിരുന്നു. വള്ളത്തില്‍ ദൂരെയുള്ള ആസ്പത്രിയില്‍ എത്തിക്കും മുന്പേ മരണപ്പെടുന്ന, ബന്ധുക്കള്‍ തേടിയെത്താത്തവരെ അടക്കംചെയ്ത ചെറു മണ്‍തിട്ടയും പാടവരമ്പോട് ചേര്‍ന്ന് ഉയര്‍ന്നു നിന്നിരുന്നു. 


ആ ദിനങ്ങളില്‍ പ്രകൃതിക്കും മനുഷ്യനും പ്രസരിപ്പിന്‍റെ മുഖഭാവമാണ്. കൊയ്ത്തുകാരെ ലക്‌ഷ്യം വെച്ചുള്ള, നിത്യേനയില്ലാത്ത കച്ചവടങ്ങളും തകൃതി. പതിവ്‌ ചായക്കടക്കാര്‍ക്ക് പുറമേ, വേവുന്ന ചൂടില്‍ വായ്ക്ക് രുചിയേകാന്‍ പായസം. ദാഹമകറ്റാന്‍ സംഭാരം, പൊരിവെയിലില്‍ എരിവെകാന്‍ ഇഞ്ചിമുട്ടായി, ഊര്‍ജം നല്‍കി ഉഷാറാക്കാന്‍ വാറ്റു ചാരായം എന്നുവേണ്ട സകലതും ന്യായവിലക്ക് ലഭ്യം.  

അത്തരത്തില്‍ ഒരു കൊയ്ത്തുകാലത്തെ വരവേല്‍ക്കാന്‍ നാട് ഒരുങ്ങിക്കഴിഞ്ഞു. പുഞ്ച കഴിഞ്ഞുള്ള രണ്ടാകൃഷിയുടെ** കതിരുകള്‍ വിളഞ്ഞു പാകമായി വിധേയത്വത്തോടെ ശിരസ്സ്‌ കുമ്പിട്ട്നിന്നു. ഇടവപ്പാതി കനത്ത്‌ ചുറ്റുമുള്ള ആറുകള്‍ നിറഞ്ഞ് ഒഴുകുന്നു. എല്ലാ വെള്ളപ്പൊക്ക കാലത്തെയുംപോലെ 
പാടശേഖരസമിതിയുടെ ബണ്ട്സംരക്ഷക സംഘത്തിന് കൂട്ടായി നീലനും ഒരു കുഞ്ഞോളത്തിലോ, ഊര്‍ന്നിറങ്ങുന്ന ചെറു ഉറവയിലോ ബലക്ഷയമായി ചെളി ബണ്ട് കവിഞ്ഞൊഴുകുന്നുവോ എന്നു കരുതലോടെ നിരീക്ഷിച്ച്, ഒരുനാടിന്റെ മുഴുവന്‍ അധ്വാനത്തിനു താങ്ങായ് ഊണും ഉറക്കവു മൊഴിഞ്ഞ് കാവലിരിക്കുന്നു. ഒക്കെ ഇന്നുകൂടി മാത്രം. നാളെ കൊയ്ത്താണ്. പെണ്ണാളുകളുടെ അരിവായ്ത്തലയുടെ ആര്‍ത്തിയില്‍ കതിരുകള്‍ കറ്റകളായ്‌ മാറ്റപ്പെടും.

ഇടിയും മഴയും കനത്തു കറണ്ട്പോയിട്ട് രണ്ടു നാളായി. പന്തന്കള്‍ കൊളുത്തി പുറം ബണ്ടുകളെ വീക്ഷിച്ചിരുന്ന സംഘം, തണുത്ത രാവിന്‍റെ നാഴികകളോരോന്നും പുകച്ചു തള്ളി  കാത്തിരിക്കുന്നു. വീശിയടിച്ച വടക്കന്‍ കാറ്റില്‍ വലിയൊരു തെങ്ങ് ചുവടടക്കം മറിഞ്ഞു. വേരോടിയ വഴിയിലൂടെ വിളിക്കാതെ തന്നെ വെള്ളം വലിഞ്ഞുകയറി. അപായം കണ്ടമാത്രേ നീലന്‍റെ നിലവിളിയില്‍ നാടോന്നു നടുങ്ങി. പാടത്തിനു മടവീഴാന്‍ പോകുന്നു! അയാളാ വിടവില്‍ ഇറങ്ങി, തള്ളിവരുന്ന വെള്ളത്തെ തടുത്തു നിര്‍ത്താനായി അടിച്ചുതാത്തൊരു തെങ്ങും കുറ്റി പോലെ കാലുകള്‍ ചെളിയിലാഴ്ത്തി ഒഴുക്കിനെതിരെ  കൈ വിരിച്ചുപിടിച്ചു തടയായി നിന്നു!
എന്നിട്ട് ഉറക്കെ വിളിച്ചു കൂവി.


"മേലേ മണ്ണിട്ട്‌ മൂടിനെടാ ഏനെ നോക്കെണ്ടാ......."അയാളുള്‍പെടെ പലരുടെയും ജീവനും ശ്വാസവും വിയര്‍പ്പുമാണ് ആ പാടം. അനേകം കുടുംബങ്ങളുടെ ഒരു വര്‍ഷത്തെ അധ്വാനത്തിന്‍റെ, വിശപ്പിന്‍റെ, വിദ്യാഭാസത്തിന്‍റെ, മരുന്നിന്‍റെ, നല്ല വസ്ത്രത്തിന്‍റെ....... എല്ലാ ശുഭപ്രതീക്ഷകള്‍ക്കും മേലാണ് വെള്ളം അരിച്ചിറങ്ങുന്നത്. 


ഒരു മനുഷ്യജീവനു മേലേ മണ്ണ് വെട്ടി മൂടാന്‍ വിറുങ്ങലിച്ചു നിന്നവര്‍ക്ക് മറ്റൊന്നാലോചിക്കാന്‍ ഇടകൊടുക്കാതെ ചവിട്ടി നിന്ന ഭൂമി ഇളകി! ആറ്റിലെ ഉയര്‍ന്ന ജലനിരപ്പിന്‍റെ സമ്മര്‍ദത്തെ അതിജീവിക്കാനാവാതെ ചെളി വരമ്പു പരാജയപ്പെട്ടു പിന്‍വാങ്ങി. തൊട്ടടുത്തു നിന്ന തെങ്ങും കടപുഴക്കി ഇരുപതടി ദൂരത്തോളം പുറംബണ്ടിനെയും ആ ആളുകളെയും കൊണ്ട് ആര്‍ത്തലച്ചു വെള്ളം പാടത്തേയ്ക്ക് കുതിച്ചു.


കതിരണിഞ്ഞ നെല്ചെടികളുടെ ചുവടു മുതല്‍ തലവരെ വെള്ളം മൂടുന്ന കാഴ്ച, നിസ്സഹായനായി നിശബ്ദംനിന്ന അപ്പന്‍റെ നിറകണ്ണിലൂടെ ഞാനും കണ്ടു. പാടവും പുഴയും വേര്‍തിരിച്ചറിയാത്ത വിധം എങ്ങും ജലം നിറഞ്ഞു നിന്നു. വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടുപോയവരൊക്കെ നാനാദിക്കുകളിലായി നീന്തിക്കയറി. നീലനതു താങ്ങാനാവില്ലെന്ന് ഏവര്‍ക്കുമറിയാം. ദുഖാര്‍ത്തനായി മൂക്കറ്റം മോന്തി കള്ളുഷാപ്പിലെങ്കിലും പ്രതീക്ഷിച്ചവര്‍ക്കും അയാളെ അവിടെങ്ങും കാണാനായില്ല.


മന്ത്രിയും എം.എല്‍.എയും വന്നു. ഒരാഴ്ചകൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പാടം തടഞ്ഞു വെള്ളം വറ്റിച്ചു. ദുരിതാശ്വാസങ്ങ നടപടികളൊക്കെ പ്രഹസനമെന്ന് നന്നായി അറിയാവുന്ന കര്‍ഷകരോക്കെ നഷ്ടബോധവും വേദനയുംകൊണ്ട് മാളത്തില്‍ തന്നെയിരുന്നു. ചില പെണ്ണുങ്ങള്‍ കന്നുകാലികള്‍ക്ക് വിശപ്പടക്കാനായി ചീഞ്ഞളിഞ്ഞ നെല്‍ച്ചെടികള്‍ പറിച്ചെടുത്തുകൊണ്ടുപോയി. അവരിലാരോ ആണ് ആ കാഴ്ച കണ്ടത്! 


മടവീണതിനടുത്തായി വെള്ളത്തള്ളലില്‍ അടിഞ്ഞുകൂടിയ എക്കല്‍മന്കൂനയില്‍ തലകീഴായി അടിച്ചുതാഴ്ത്തിയ ജീര്‍ണ്ണിച്ചൊരു തെങ്ങുംകുറ്റി പോലെ നീലന്‍! വീട്ടുവളപ്പുകളെല്ലാം പുഴയോട് ചേര്‍ന്നോഴുകിയ വെള്ളപ്പൊക്ക കാലത്ത് മണ്ണിന്റെ മക്കളുറങ്ങുന്ന മണ്‍തിട്ടയില്‍ വാഴപ്പിണ്ടി അടുക്കി, അതില്‍ കിടത്തി, ചെളി വെട്ടി മൂടിയാണ് നീലനെ അന്ന് അടക്കംചെയ്തത്. 


കാതുകളില്‍ ജെ.സി.ബിയുടെ ഇരമ്പല്‍ അസഹ്യമാം വിധം മൂര്ച്ചിച്ചു വന്നു. അടുത്തുള്ള ബസ്സ് സ്റ്റോപ്പിലാകെ മാന്യമായി വസ്ത്രം ധരിച്ചവരില്‍ സ്കൂള്‍കുട്ടിള്‍, ജോലിക്ക് പോകുന്ന ഉദ്യോഗസ്ഥര്‍, വാര്‍ക്കപ്പണിക്കാര്‍, റിയല്‍എസ്റ്റേറ്റ്‌-വിവാഹ ബ്രോക്കര്‍മാര്‍, കുടുംബശ്രീ പെണ്ണുങ്ങള്‍........ ഏറെയും മുഖച്ചായ മാറിയ ഗ്രാമത്തിലെ എനിക്കപരിചിതമായ മുഖങ്ങള്‍. 


നീലന്റെ മകന്‍ കര്‍ഷകത്തൊഴിലാളിയായിരുന്നില്ല. അയാള്‍ പുഴയില്‍ മണ്ണ്‍ വാരാന്‍ പോയി മാന്യമായി ഉപജീവനം കഴിച്ചു. അയാളുടെ മകനും ഈ മണ്ണുവാരിയെന്ത്രം നിയന്ത്രിക്കുന്നു. പക്ഷേ......അവന്‍ മാന്തുന്ന ആ മണല്‍ത്തിട്ട?


അവന്‍ എന്‍റെ നീലനെ, അവന്‍റെ മുത്തച്ഛനെ കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കില്‍ വലിയ വീലുകള്‍ക്കുള്ളില്‍ അമര്‍ന്നുപോയ, മണ്ണിലലിഞ്ഞു ചേര്‍ന്ന ചില രോദനങ്ങള്‍ ആ ചെകിടടപ്പിക്കുന്ന ശബ്ദത്തില്‍ കേള്‍ക്കുന്നുണ്ടാവില്ല!
                 ***


*പതം: തൊഴിലാളികള്‍ക്ക് അവര്‍ കൊയ്തു മെതിച്ചു കൃഷിക്കാരന് കൊടുക്കുന്ന നെല്ലിന്റെ ഏഴില്‍ ഒന്ന് ഭാഗം കൂലിയായി നല്‍കുന്നു ഇതിന്നെ പതം എന്ന് പറയുന്നു.  


**രണ്ടാം കൃഷി: സാധാരണയായി കുട്ടനാട്ടില്‍ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ വിളവെടുക്കുന്നതിനെ പുഞ്ചകൃഷിയെന്നും ആഗസ്റ്റ്‌ മാസത്തില്‍ വിളവെടുപ്പിനു പാകമാകുന്ന കൃഷിയെ രണ്ടാം കൃഷി എന്നും പറയുന്നു.


കടപ്പാട്: താഴെക്കൊടുത്തിരിക്കുന്ന ചേറില്‍ പുതഞ്ഞു നില്‍ക്കുന്ന കുഞ്ഞിന്‍റെ ചിത്രം ഫേസ്ബുക്ക് വാളില്‍ ഇട്ട അഷ്‌റഫ്‌ സാല്‍വയാണ് ഈ കഥയ്ക്കുള്ള പ്രചോദനം. :)

17.3.12

ഇല കൊഴിയുമ്പോള്‍...

-1-

ഞാന്‍ ദേവസ്യ. 
ദേവസ്യ മുതലാളി, ദേവസ്യാച്ചന്‍, അങ്ങനെ പല പേരിലാണ് ആളുകള്‍ വിളിക്കാറ്. ഒരു പേരിലെന്തിരിക്കുന്നു എന്നല്ലേ? എങ്കിലും കഴിഞ്ഞ കുറെ നാളുകളായി ആത്മാര്‍ഥതയും സ്നേഹവും കാപട്യവുമെല്ലാം ഞാന്‍ തിരിച്ചറിയുന്നത്‌ ആ വിളികളിലെ ആഴം അരിച്ചെടുത്താണ്. കാഴ്ച മൂടപ്പെട്ടിട്ട് കാലമിത്രയുമായി.


ഏകാന്തമായ  വാര്‍ദ്ധക്യത്തിലിന്നേവരെ ഈയൊരു  ശാന്തത ഞാന്‍ അനുഭവിച്ചിട്ടെയില്ല. പണ്ടും പണിചെയ്തു തളര്‍ന്നു തിരികെ വീട്ടിലേയ്ക്ക് തുഴയുന്ന സന്ധ്യകളില്‍, നിലാവിന്റെ നീലിമയില്‍ നിശബ്ദയായി നാടുറങ്ങുമ്പോള്‍, നാഡി ഞരമ്പിലെ പ്രാണന്‍പോലെ പ്രവഹിക്കുന്ന പ്രിയ പമ്പയുടെ നെഞ്ചിലൂടെ കൊച്ചുവള്ളത്തിന്റെ അമരത്ത് തലചായ്ച്ചു നക്ഷത്രങ്ങളെ നോക്കി ഒഴുകി നടന്ന ഒത്തിരി രാത്രികളില്‍ ഒന്നുപോലെ,............വെള്ളത്തിലെ ഒരു കൊച്ചു പോങ്ങു തടി പോലെ ഇപ്പോള്‍ ഞാന്‍ ഒഴുകുകയാണ്!


എന്‍റെ മേരിക്കുട്ടി പോയതിനു ശേഷമാണ് ഏകാന്തത കൂട്ടായെത്തിയത്. അതിലേറെ മനസ്സു തളര്‍ത്തിക്കളഞ്ഞത് അവളെ അവസാനമായി ഒന്നു കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന ദുഖമാണ്. മണ്ണിലേയ്ക്ക് പിറന്നു വീണ നാള്‍മുതല്‍. മണ്ണില്‍ കളിച്ച്, മണ്ണില്‍ കിളച്ച്, മണ്ണില്‍ നട്ട്, മണ്ണോടൊട്ടി ജീവിച്ചവനാണ് ഞാന്‍. ആ അദ്ധ്വാനം കൊണ്ടാണ് മൂത്ത മകളെ നല്ലനിലയില്‍ കേട്ടിച്ചയക്കാനൊത്തതും അവള് കെട്ടിയവന്റെ കൂടെ കടല് കടന്നുപോയി കാശുവാരി ദേവസ്യ മാളിക വെച്ചതും മുതലാളിയായതും! മേരിക്കുട്ടിയെ പലതവണ കൊണ്ടുപോയി ഗ്രീന്‍ കാര്‍ട് നേടിയതു കൊണ്ടാണ് ഇളയ ആണ്‍ മക്കള്‍ക്ക് മൂന്നുപേര്‍ക്കും കുടുംബസമേതം എളുപ്പം അമേരിക്കക്ക് പോകാനൊത്തത്.


പാത്രത്തില്‍ മട്ട് അടിയും പോലെ അവസാനം ഈ വീട്ടില്‍ ഞാന്‍ അടിഞ്ഞു പോയി.  ഒറ്റക്കായിട്ടും ടി.വി യും പുസ്തകങ്ങളും കൊണ്ട് ശിഷ്ടകാലം തള്ളിനീക്കുമ്പോളാണ് കാഴ്ചകളൊക്കെ മഴവില്ലിന്റെ വിളറിയ വര്‍ണ്ണങ്ങള്‍പ്പോലെയായത്, അക്ഷരങ്ങള്‍ അകലേയ്ക്കകന്നുപോയത്. എല്ലാം അന്യമായപ്പോഴും ഒരു ജീവിതായുസിന്റെ ഓര്‍മകളെ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് സിനിമാ റീലുകള്‍ പോലെ വീണ്ടും വീണ്ടും ചികഞ്ഞെടുത്തു കാണുമ്പോഴും, ഒക്കെ നിറകണ്ണുകളോടെ മേരിക്കുട്ടി യാത്രപറഞ്ഞു  ഈ ഗേറ്റിന്റെ പടികടന്നു എയര്‍പോര്ടിലേയ്ക്ക് പോകുന്നതു വരെ മാത്രം. അതിനുശേഷം മനസ്സിലാകെ ശൂന്യമായ ചിത്രങ്ങളാണ്!


മക്കളെ ജീവനെക്കാളെറെ സ്നേഹിച്ചവനാണ് ഈ ദേവസ്യ. എങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെ നടന്നതെല്ലാമൊന്നും തനിക്കത്ര ദഹിക്കുന്നില്ല. വാര്‍ദ്ധക്യം എന്നും അവഗണനയുടെതാണ് എന്നിരുന്നാലും താനേറ്റവും സ്നേഹിച്ചവനായ ഇളയ പുത്രന്‍ ടോമിച്ചനെ ഈവിധം കാണാന്‍ തെല്ലും ആഗ്രഹിച്ചിരുന്നില്ല എന്നത് സത്യം.


-2-

ഞാന്‍ ടോമി. അപ്പനെന്നെ ടോമിച്ചാ എന്നാണ് വിളിക്കാറ്. അമേരിക്കയില്‍ രണ്ടു പെട്രോള്‍പമ്പും അതിനോട് ചേര്‍ന്ന സൂപ്പര്‍മാര്‍ക്കറ്റും സ്വന്തമായുണ്ട്. രണ്ടു ദിവസമായി നാട്ടിലെത്തിയിട്ട്. കുടുംബക്കാരോക്കെ ഒന്നു കൂടിയിട്ട് കുറെ കാലമായി. ഏതായാലും ഇന്നു വൈകുന്നരം  എല്ലാരുമിങ്ങെത്തും. 

ഇന്നലെ ഇത്തിരി ബോറായോ? അപ്പന് ഏതായാലും കണ്ണുകാണത്തില്ല. എങ്കില്‍ സുഹൃത്തുക്കള്‍ തനിക്ക് ജീവനാണ്. വല്ലപ്പോഴും നാട്ടില്‍ വരുമ്പോള്‍ അവരെ സന്തോഷിപ്പിക്കുക എന്നതിനേക്കാള്‍ വലുത് മറ്റെന്താണ്? കുഞ്ഞച്ചനെപ്പോലെ പല സുഹൃത്തുക്കള്‍ നാട്ടിലുള്ളതുകൊണ്ടല്ലേ ഞങ്ങള്‍ ഇവിടില്ലെന്കിലും കാര്യങ്ങള്‍ക്കൊന്നും ഒരു മുട്ടുമില്ലാതെ പോകുന്നത്. അപ്പന്റെ കിടക്കയുടെ തലയ്ക്കല്‍ നില്‍ക്കുമ്പോളാണ് അവര് വന്നത്. കണ്ണുകൊണ്ട് ആന്ഗ്യം കാണിച്ചപ്പോള്‍ തന്നെ കാര്യം അവര്‍ക്ക് മനസിലായി. മുകളിലത്തെ മുറിയില്‍ ഒക്കെ സെറ്റപ്പ് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ പതിയെ വലിഞ്ഞു ഞാനും കൂടി പതിവ്‌ "കമ്പിനിക്ക്." 

അല്ലെങ്കിലും ഈ അപ്പനെ എപ്പോഴും കളിപ്പിക്കുന്നതില്‍ തനിക്ക് ഒരു പ്രത്യേക വിരുതാണ്. ചെറുപ്പത്തില്‍ നാട്ടില്‍ തൊഴിലില്ലാതെ അലഞ്ഞുനടന്നുകൊണ്ടിരുന്ന കാലത്തും, സന്ധ്യാ പ്രാര്‍ഥനയ്ക്ക് വീട്ടിലുണ്ടാകണമെന്ന അപ്പന്റെ കാര്‍ക്കശ്യത്തിനു മുന്‍പിലും "അടിതെറ്റാതെ"  ഈ "കമ്പിനി" കൂടലിന് ശേഷവും ബോധമില്ലാതെ ബൈബിള്‍ വായിച്ചതും മണമടിക്കാതെ അകന്നു നിന്ന് സ്തുതി കൊടുത്തതും ഒക്കെ ഈ താന്‍ തന്നെയാണ്. എന്നാലും അമ്മച്ചിയെ മൂന്നു തവണ അമേരിക്കക്ക് കൊണ്ടുപോയിട്ടും ഒരുതവണയെങ്കിലും തന്നെകൂടെ കൊണ്ടുപോകും എന്ന് അപ്പന്‍ ആശിച്ചിരുന്നതു തനിക്കറിയാം. അതിപ്പോള്‍ ഗ്രീന്‍ കാര്‍ട് കിട്ടാന്‍ അപ്പന്‍ വരേണ്ട ആവശ്യവുമില്ല പിന്നെ കാശ് മുടക്കി വീട് പണിതിട്ടിടു  വല്ലവനെയും ഏല്‍പ്പിച്ചു പോകുന്നതെങ്ങനെ? അപ്പനാകുമ്പോള്‍ മുറ്റത്തെ പുല്ലോക്കെ ചെത്തി വെടിപ്പാക്കി ഇടുകയും ചെയ്യും. എങ്കിലും അവസാന തവണ കൂട്ടിക്കൊണ്ടു പോയപ്പോള്‍ അപ്പനെ ഒറ്റക്കിട്ടിട്ടു വരുന്നില്ലന്നു അമ്മച്ചി വാശി പിടിച്ചതും ഡിസംബറില്‍ തണുപ്പു താങ്ങാന്‍ വയ്യാതെ അവിടെക്കിടന്നു മരിച്ചപ്പോള്‍ എല്ലാരും കൂടി നാട്ടിലോട്ടു കേട്ടിയെടുക്കുന്ന ചിലവോര്‍ത്തും അപ്പനെ കാണിക്കാതെ ആ നാട്ടില്‍ തന്നെ അടക്കേണ്ടി വന്നതും പുള്ളിക്ക് അത്ര ബോധിച്ചിട്ടില്ലെന്നു തനിക്കറിയാം.

-3-

എന്നെയറിയില്ലേ ഞാന്‍ കുഞ്ഞച്ചന്‍. ഇവിടുത്തെ വാര്‍ഡു മെമ്പറാ പോരാഞ്ഞിട്ട് ടോമിച്ചന്റെ ക്ലാസ്‌മെറ്റാ. എന്തിനും ഏതിനും ഞാനുണ്ട്. എന്നെക്കൂടാതെ ഒരു പണിയും ഇവിടെ നടക്കുകയുമില്ല. ഇന്ന് ഈ നാട്ടില്‍ ഏറ്റവും തിരക്കുള്ളയാള്‍ (മോസ്റ്റ്‌ വാണ്ടഡ്) ഞാനാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഞാന്‍ ടോമിച്ചന്റെ വീട്ടില്‍ തന്നെയുണ്ട്.

കിളവന്‍ വീട്ടില്‍ തനിചായപ്പോള്‍ മുതല്‍ കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കുന്നത് ഞാനാണ്.ടോമിച്ചന്‍ പുകഴ്ത്താറുള്ളത്പോലെ ഇവെന്റ്റ്‌ മാനേജിങ്ങില്‍ എന്റെ പ്രാഗത്ഭ്യം നിങ്ങള്‍ക്കറിയാന്‍ മേലാഞ്ഞിട്ടാ! എല്ലാ ആഘോഷ വേളയിലും..... അതെന്തുമായിക്കൊള്ളട്ടെ, കല്യാണം, ശവസംസ്‌കാരം, ഉത്സവം, പെരുനാള്‍  എന്നുവേണ്ട ഒരു തോര്‍ത്തുമുണ്ടും കക്ഷത്തിലൊരു കാഷ് ബാഗും ഉണ്ടെങ്കില്‍ സംഗതി ഞാന്‍ ഉഷാറാക്കില്ലേ? പിന്നെ ചിലവില്‍ പകുതി ഞാന്‍ മുക്കുമെന്നും, പരിപാടിക്കാവശ്യമായ പലചരക്ക് സാധനങ്ങള്‍, പന്തല്‍, കാറ്ററിംഗ്, വാഹനസൗകര്യം മുതലായവ തന്‍റെ സഹോദരന്മ്മാരുടെ സ്ഥാപനങ്ങള്‍ക്ക്‌ പതിച്ചു കൊടുക്കുന്നവഴി മുടിഞ്ഞ ലാഭം കൊയ്യുമെന്നും ഒക്കെ അസൂയാലുക്കളായ നാട്ടുകാര്  പറഞ്ഞു പരത്തുന്നതാണ്.

എല്ലാം കഴിഞ്ഞ് തന്നെ ഏല്‍പ്പിച്ച കാശില്‍ നല്ലൊരു തുക "നെറ്റ് വ്യൂ" യൂസഫിനും, നിരണം സോമനും വീതിച്ചു കൊടുക്കനുള്ളതാ. ബില്ലുള്ളതൊക്കെ  ടോമിച്ചന്‍ തന്നെ നേരിട്ട് തീര്‍പ്പാക്കിക്കൊളും.  പൊതുജന സേവനം നല്ലതാ. എന്നാലല്ലേ തന്‍റെ ഈ കഷ്ടപ്പാടില്‍ വല്ലോം മിച്ചം പിടിക്കാനൊക്കൂ.

-4-

"നെറ്റ് വ്യൂ" എന്റെ സ്വന്തം സ്ഥാപനമാണ്. ഈ യൂസഫ്‌ എം. സി. എ കഴിഞ്ഞു, കൊട്ടിഘോഷിക്കപ്പെട്ട ഐ.ടി. യുടെ കുത്തൊഴുക്കില്‍ എത്തിപ്പെടാനായി പിന്നെയും അനുബന്ധിയായി സകലമാന കോഴ്സുകളിലും കൈവെച്ചിട്ടും, പഠിക്കാന്‍ മുടക്കിയ മുതലിനൊപ്പിച്ചുള്ള പണിയൊന്നും കിട്ടിയില്ല. 

ഈ പരിപാടിയുമായി ഇറങ്ങിയതില്‍ പിന്നെ ഞാന്‍ ഇത്തിരി പച്ചപിടിച്ചിട്ടുണ്ട്. പ്രായമായ ആളുകള്‍ തനിയെ താമസിക്കുന്ന വീടുകളിലാണ് എനിക്ക് ഡിമാണ്ട് കൂടുതല്‍. ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറയാല്‍ വീടും ആളുകളുടെ ആക്റ്റിവിറ്റിയും നിരീക്ഷിക്കുക.  ഇന്നത്തെ സാഹചര്യത്തില്‍ കാശുണ്ടാക്കാനുള്ള ഒരുപാട് ആശയങ്ങള്‍ മനസിലുണ്ട്. തീര്‍ച്ചയായും അമേരിക്കയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും പോലെ അണ്ടര്‍ ടെയ്ക്കിംഗ് സംവിധാനം ആരെങ്കിലും കേരളത്തില്‍ നടപ്പാക്കുന്നെങ്കില്‍ ആദ്യം ഈ യൂസഫ് ആയിരിക്കും. എങ്കിലും മൊത്തത്തില്‍ ഒരു പ്രസ്ഥാനമായി താന്‍ മാറണമെങ്കില്‍ ഈ വാര്‍ഡു മെമ്പര്‍ "കുളം കലക്കി കുഞ്ഞച്ചനെ" പോലുള്ള ചിലതിനെ  ഒഴിവാക്കേണ്ടതുണ്ട്. പിന്നെ ഈ കഞ്ഞി നിരണം സോമനെയും.

-5-

ഞാന്‍ നിരണം സോമന്‍. ഒരു കാലത്ത് അറിയപ്പെടുന്ന കാഥികനായിരുന്നു. ഇന്ന് ജീവിക്കണമെങ്കില്‍ കഥാപ്രസങ്ങവും കൊണ്ട് നടന്നിട്ട് കാര്യമില്ല. നല്ല കൈയ്യടിയും അതിനൊത്ത തെറിയും തല്ലും കല്ലേറും മാത്രമേ ഈ കാലത്തിനുള്ളില്‍  പ്രസ്തുത പരിപാടികൊണ്ട് എനിക്ക് കൈമുതലായുണ്ടായിരുന്നുള്ളൂ.

ഇപ്പോള്‍ ഞാന്‍ ട്രാക്ക്‌ ഒന്ന് മാറ്റിപ്പിടിച്ചിരിക്കുകയാണ്. പണ്ടത്തെ മൈക്കുസെറ്റും സൗണ്ട് സിസ്റവും പൊടിതട്ടിയെടുത്ത്, പഴയ വാനിനു പുതിയ പെയിന്റ് അടിച്ച്, പട്ടിണികിടക്കാന്‍ കൂട്ടാക്കാതെ പാട്ട്, പെട്ടിയിലാക്കി കൂടുവിട്ടു കൂലിപ്പണിക്ക് പോയ കോറസിനും, ഓര്‍ക്കസ്ട്രയ്ക്കും പകരം കൊര്‍ഗിന്റെ പുതിയൊരു ഓര്‍ഗന്‍ വാങ്ങി ഒറ്റയ്ക്ക് താന്‍ പണി തുടങ്ങി. ഇപ്പോള്‍ ഇതുപോലത്തെ പുതുപ്പണക്കാരന്‍ ടോമിച്ചനെപ്പോലെയുള്ള "ജാട മുതലാളികള്‍" ഉള്ളത് കൊണ്ട് കൈവിട്ടുപോയ പേരിനും പ്രശസ്തിക്കും പകരം പിടക്കുന്ന നോട്ടുകള്‍ തടയുന്നു.

ഈ പോക്കുപോയാല്‍ എനിക്ക് ആവശ്യക്കാര്‍ ഏറയാകും. ഇന്ന് ദേവസ്യാ മുതലാളിക്ക് വേണ്ടി, നാളെ നിങ്ങള്ക്ക് വേണ്ടിയും.

-6-

മുന്‍പ് നിങ്ങളോട് വര്‍ണ്ണിച്ച എന്റെ ആ തോണി ഒഴുകിയൊഴുകി ഇപ്പോള്‍ കരയോടു അടുത്തിരിക്കുന്നു. എന്ത് സുഖ്മാനെന്നോ ഇങ്ങനെ ആകാശത്തെ കാണാന്‍!. എത്ര വിവരിച്ചാലും നിങ്ങള്ക്ക് അത് അനുഭവവേദ്യമാകുകില്ല. എങ്കിലും ഒരിക്കല്‍ തീര്‍ച്ചയായും നിങ്ങളതറിയും എന്ന് ഞാന്‍ ആശംസിക്കട്ടെ.

ഇതിനു മുന്‍പ് ഞാന്‍ അവസാനമായി ചെയ്ത യാത്രയില്‍ കൊതുമ്പുവള്ളം എത്ര വേഗമാണെന്നോ പാഞ്ഞത്? പുഴ അന്ന് ശാന്തമായിരുന്നില്ല. ഏതോ കാട്ടരുവിയിലൂടെയാണത് നീങ്ങിയത്. അവസാനം തിട്ടയില്‍നിന്ന് വലിയൊരു വെള്ളച്ചാട്ടത്തിലേയ്ക്ക് പതിക്കുന്നവരെ ഒക്കെ ഞാന്‍ ഓര്‍ക്കുന്നു. അതില്‍ പിന്നെയാണ് ആളുകള്‍ ദേവസ്യയ്ക്ക് "ഭ്രാന്താണ്" എന്ന് പറഞ്ഞു തുടങ്ങിയത്. 

ഏകാന്തതയുടെ ഇരുപതു വര്‍ഷങ്ങള്‍ ഞാന്‍ തള്ളി നീക്കിയത് ഈ ഒരു ദിവസത്തനിനു വേണ്ടിയായിരുന്നില്ലേ? ഇന്നലെ വൈകിയാണ് അവന്‍ എന്റെയടുത്ത് വന്നത്. ഒരു പാട് സംസാരിച്ച്, അവസാനമായി എന്താണ് വേണ്ടത് എന്ന് ആരാഞ്ഞപ്പോള്‍ ഞാന്‍ ആവശ്യപ്പെട്ടത് കേട്ട് അവന്‍ ചിരിച്ചുകൊണ്ട് സമ്മതിച്ചു. അതിനുശേഷം പള്ളിമണികള്‍ മുഴങ്ങുന്നത് ഞാന്‍ കേട്ടിരുന്നു. പലരും യമനെന്നോ, കാലനെന്നോ വിളിക്കക്കുന്നെങ്കിലും അവന്‍ എന്നോട് പറഞ്ഞത് താന്‍ മരണത്തിന്റെ മലക്കായ അസ്രായീല്‍ ആണെന്നാണ്.

ജീവന്‍ മുന്‍പേ കൊണ്ടുപോയെങ്കിലും ഞാന്‍ ചോദിച്ചു വാങ്ങിയ ഈ നിമിഷംവരെ എന്‍റെ ആത്മാവിനെ അവന്‍ എന്നില്‍ത്തന്നെ നിര്‍ത്തി. പാപത്തിന്റെ ശിക്ഷയാല്‍ നരകത്തിനു വിധിക്കപ്പെട്ട ധനവാനായ ഒരു മനുഷ്യന്‍  ഒരിക്കല്‍കൂടി ഭൂമിയിലെത്തി തന്റെ ഉറ്റവര്‍ക്ക് തെറ്റും ശരിയും പറഞ്ഞുകൊടുക്കാന്‍ അനുവദിക്കണമെന്ന് ദൈവത്തോട് യാചിച്ചു പരാജയപ്പെട്ടത് അറിവുള്ളതിനാല്‍  ഈ ചിന്തകളിലൂടെങ്കിലും നിങ്ങളോട് സംസാരിക്കാന്‍ ഈ നേരമത്രയും ഞാന്‍ കടം ചോദിച്ചത്.  

ജീവിതത്തില്‍ ഒരിക്കലും പിരിയില്ലന്നു വേദപുസ്തകത്തില്‍ കൈവച്ചു ഞാന്‍ കൈപിടിച്ച് കൂടെകൊണ്ടുവന്ന എന്‍റെ മേരിക്കുട്ടിയെ എന്നില്‍ നിന്ന് പറിച്ചെടുത്തത്, മണിമാളികയ്ക്കുള്ളില്‍ വെറുമൊരു വേലക്കാരനായി എന്നെ തള്ളി, പ്രാര്‍ത്ഥനാ നിര്‍ഭരമായി ചിലവോഴിക്കേണ്ട അവസാന നാളുകളെ ഏകാന്തതയും വിഷാദവും കൊണ്ട് നിറച്ച് ഭ്രാന്തിലെയ്ക്ക് തള്ളിവിട്ടത്, എന്‍റെ നിശ്ചല ദേഹത്തിനരികില്‍ കണ്ണീര്‍ പൊഴിച്ചുനിന്ന നിമിഷവും കൂട്ടുകാരോടൊത്ത് മദ്യപിച്ച ടോമിച്ചനെ, എന്‍റെ വാര്‍ദ്ധക്യം വിറ്റ്‌ കാശാക്കിയ കുഞ്ഞച്ചനെ, യൂസഫിനെ, ശവസംസ്കാരയാത്രാ വിലാപ ഗായകന്‍ സോമനെ,  ഒക്കെ ഞാന്‍ അവസാനമായി ഉള്‍കണ്ണില്‍ കാണുകയാണ്. ഇനി അധികം സമയമില്ല.

എനിക്ക് മേലേ മണ്ണും കുന്തിരിക്കവും വീഴുന്നുണ്ട്. മാര്‍ബിളില്‍ പൊതിഞ്ഞ ഒരു കൊണ്ക്രീറ്റ്‌ പാളി എന്നെ മൂടുന്നുണ്ട്. എന്‍റെ പേരും ജനനവും മരണവും അതില്‍ കൊത്തിവച്ചിരിക്കുന്നത് നിങ്ങള്ക്ക് ഇനി വായിക്കാം.ഞാന്‍ ഒരു ശവമാണ്!  

5.3.12

പിന്‍വിളി

പുലര്‍ച്ചക്കോഴി കൂവും മുന്‍പേ കോളിംഗ്ബെല്ലിലെ കിളി ചിലച്ചു.
നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ. നീന  നിദ്രാലസ്യത്തോടെ നിവര്‍ത്തിയില്ലാതെ പൂമുഖ വാതിലിനടുത്തെക്കു നടന്നു.

ജോണി!!......അവളുടെ പ്രിയ ജോണി.

ഒരു നിമിഷംകൊണ്ട് ഉറക്കച്ചടവുകള്‍ ഉണര്‍വിലെയ്ക്ക് വഴിമാറി. അയാളങ്ങനെയാണ്. പലപ്പോഴും നിനച്ചിരിക്കാതെ എത്തി അവള്‍ക്ക്‌ ആകസ്മിക സന്തോഷങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വിവാഹ വാര്‍ഷികത്തിന്, ക്രിസ്മസ് രാത്രിയില്‍, കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ അങ്ങനെയങ്ങനെ......
എങ്കിലും പ്രത്യേകിച്ച് വിശേഷ ദിവസങ്ങളോന്നും അരികില്‍ ഇല്ലാത്തതിനാല്‍ ഈ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല. ആ മാറോട് പറ്റിനില്‍ക്കുമ്പോള്‍ അവളോര്‍ത്തു.

"കുട്ടികള്‍ക്കും ഒരു വലിയ സര്‍പ്രൈസ് ആകും. അവന്‍മ്മാര്‍ക്കുള്ള ചോക്ലെറ്റ്സ് ഇങ്ങേടുക്കട്ടെ" വാതില്‍ വലിച്ചടച്ച് അവള്‍ ബാഗ് ജോണിയുടെ കയ്യില്‍നിന്നും വാങ്ങി.

"ഈ ബാഗ് മാത്രമേയുള്ളൂ?" അവള്‍ക്കു സംശയം.

"അതെ. വാരി വലിച്ചോന്നും വാങ്ങാന്‍ സമയം കിട്ടിയില്ല. ബാഗുപോലും എയര്‍പോര്‍ട്ട് ഡ്യുട്ടി ഫ്രീയില്‍ നിന്നാണ്."

നീന ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക്‌ നോക്കി.

ദുബായില്‍നിന്നും വെളുപ്പിനെ മൂന്നു മണിക്കുള്ള എമിരേറ്റ്സ് ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി, അവിടുന്നൊരു ടാക്സിപിടിച്ച് വീട്ടിലെത്തുന്ന വരെയും ചിന്തകള്‍ എങ്ങോട്ടാണ് പായുന്നത് എന്നതിനുത്തരം ഇപ്പോഴും അയാള്‍ക്കറിവില്ല. എങ്കിലും ഒരു കാര്യത്തില്‍ സമാധാനം, തന്റേത് വിവേകമതിയായ ഭാര്യയാണ് എന്നതാണ്. അതുകൊണ്ടാണ് അനാവശ്യ ചോദ്യങ്ങളില്‍ ചിന്താമണ്ഡലം ചൂടുപിടിപ്പിച്ച് അത് പൊട്ടിത്തെറിക്കാന്‍ ഇടയാവാത്തത്. ഷവറില്‍നിന്നും തണുത്ത വെള്ളം തലയില്‍ അരിച്ചിറങ്ങുമ്പോള്‍ ജോണി ആശ്വസിച്ചു.

ബ്രേക്ഫാസ്ടു കഴിഞ്ഞു. കുട്ടികള്‍ സ്കൂളില്‍ പോയി. അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. അത് സാധാരണ പതിവില്ലാത്തതാണ്. വീട്ടിലെത്തിയാല്‍ പിന്നെ എത്ര വര്‍ത്തമാനങ്ങളും വിശേഷങ്ങളും കേട്ടാലും മതിവരാതെ തന്‍റെ പിന്നാലെ കൂടി അടുക്കളയിലും തൊടിയിലും കുട്ടിയെപ്പോലെ കൂടെ നടക്കുന്നയാളാണ്. ഈ സാഹചര്യത്തില്‍ തന്നെപ്പോലെ മറ്റു ഗള്‍ഫുകാരുടെ ഭാര്യമാര്‍ ചിന്തിക്കാവുന്നത് ജോലി നഷ്ടപ്പെട്ട് ടെര്‍മിനേഷന്‍ ലെറ്റര്‍ കിട്ടിയ പാടെ മുന്നറിയിപ്പൊന്നും കൂടാതെ നാട്ടിലേയ്ക്ക് പോന്നതാവാം എന്നാണ്‌.... പക്ഷേ ജോണി ദുബായില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ ബിസ്സിനെസ് നടത്തുന്നു. "ജോണീസ് മാസ്റ്റര്‍ ക്രാഫ്റ്സ്‌" അവിടെയും നാട്ടിലും മോശമല്ലാത്ത പേരുള്ള കമ്പനി തന്നെയാണ്. വല്ല ഷിപ്മെന്റ് പ്രോബ്ലമോ, ഓര്‍ഡര്‍ റിജക്റ്റ് ആയതോ ആവട്ടെ, നന്നായൊന്ന് ഉറങ്ങിക്കഴിയുമ്പോള്‍ ഒക്കെ ശരിയാവും. നീനയും സമാധാനിച്ചു.

അവളുടെ ആത്മഗതം പോലെ ഉണര്‍ന്നപ്പോള്‍ ആള്‍ തെല്ലുഷാറായി. മുഖത്ത് പതിവ് പുഞ്ചിരി വിരിഞ്ഞു. എങ്കിലുമെന്തോ അലട്ടുന്നുണ്ട് എന്നുറപ്പ്‌...... റിമോട്ടില്‍ വിരലുകളും ടി.വിയില്‍ ന്യൂസ്‌ ചാനലുകളും അക്ഷമരായി ഓടിക്കളിക്കുന്നു. വൈകുന്നേരവും കുട്ടികളുടെ മുന്പിലും ഇല്ലാത്ത സിഗരറ്റുവലി ലേശം കലശലായോ എന്നും സംശയം. സമാന സാഹചര്യങ്ങളില്‍ ഒരു ഭാര്യ എങ്ങനെ പെരുമാറണമെന്നതില്‍ അവള്‍ക്ക് നല്ല ബോദ്ധ്യമുണ്ട്. വല്ലാത്ത മാനസിക സമ്മര്‍ദം അനുഭവിക്കുമ്പോഴോ കോപാകുലനായി നില്‍ക്കുമ്പോഴോ പുരുഷപ്രജകളെ ഉപദേശങ്ങളാലും ചോദ്യശരങ്ങളാലും വലയ്ക്കരുത്. ഒക്കെയൊന്ന് തണുത്ത്‌ താനേ തിരികെവന്നു മണി മണി പോലെ സകലതും ഭാര്യയോട് പറയും. അല്ലാതെ എവിടെപ്പോകാന്‍? അതിനല്പം ക്ഷമ കാണിക്കുകയാണ് ബുദ്ധി. ആ രാത്രി അങ്ങനെയങ്ങ് പോയി.

അതിരാവിലെ ഉണര്‍ന്നപ്പോള്‍ പത്രം അരിച്ചു പെറുക്കുന്ന ജോണിയെ ഉമ്മറക്കസേരയില്‍ കണ്ടു. പിന്നീട് തിടുക്കത്തില്‍ കുളിച്ചൊരുങ്ങി അത്യാവശ്യമായി ഒന്നുരണ്ടിടങ്ങളില്‍ പോകാനുണ്ടെന്നു പറഞ്ഞ് വണ്ടിയുമായി ഇറങ്ങി.

ഇടക്ക് പലതവണ മൊബൈലില്‍ വിളിച്ചു നോക്കിയെങ്കിലും "തിരക്കിലാണ് അങ്ങോട്ടു വിളിക്കാം" എന്ന മറുപടി. അന്ന് വൈകുന്നേരം വീട്ടിലെത്താന്‍ കഴിയില്ലെന്നും തിരുവനന്തപുരത്തും കൊച്ചിയിലും അത്യാവശ്യമായി പോകേണ്ടതുണ്ടെന്നും ഇന്ത്യന്‍ എംബസിയിലും പ്രവാസികാര്യ മന്ത്രിയുടെ ഓഫീസിലും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും മറ്റും കാണാന്‍ രാഷ്ട്രീയ ബന്ധങ്ങളുള്ള സുഹൃത്തുമായി തിരക്കിട്ട് ഓടി നടക്കുകയാണെന്നും വിളിച്ചറിയിച്ചു. പിറ്റേന്നു വൈകുന്നേരവും വീട്ടിലെത്താമെന്ന ഭാര്യയോടുള്ള വാക്കു പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലാംനാള്‍ പാതിരാത്രിയില്‍ എപ്പൊഴോ അയാളെത്തി.

നേരം ഒരുപാട് പുലര്‍ന്നിട്ടും തളര്‍ന്നുറങ്ങുന്ന അയാളെ ശല്യപ്പെടുത്താതെ ആറിയ കാപ്പിക്ക് കൂട്ടായി നീനയിരുന്നു. ഉണര്‍ന്നപ്പോള്‍ അതു പ്രസരിപ്പുള്ള അവളുടെ ജോണിയായിരുന്നു. അയാളുടെ മുഖത്തുണ്ടായിരുന്ന മ്ലാനത ഉറക്കത്തില്‍ എവിടെയോ നഷ്ടപ്പെട്ടു പോയതിലെ സന്തോഷം അവളറിഞ്ഞു. അയാളവളുടെ കൈവിരലുകളില്‍ കൈകോര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

"ചില കാര്യങ്ങള്‍ അത്യാവശ്യമായി ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. ഇനിയും പലതും ബാക്കിയുണ്ട്. വളരെ പ്രധാനപ്പെട്ടൊരു സാമ്പത്തിക ഇടപാട് വളരെക്കുറച്ചു സമയത്തിനുള്ളില്‍ പരിഹരിക്കാനുണ്ട്. നമ്മുടെ കൊച്ചിയിലെ സ്ഥലവും ഫ്ലാറ്റും വില്‍ക്കേണ്ടി വന്നു. ഈ വീടും, റബര്‍ തോട്ടവും പറഞ്ഞ തുകക്ക് ഇടപാടായിട്ടുണ്ട്, മറ്റൊരു വാടക വീട് ഞാന്‍ ശരിയാക്കിയിട്ടുണ്ട്. ഉടനെതന്നെ അങ്ങോട്ട്‌ മാറണം. ബാക്കി കാര്യങ്ങളൊക്കെ സുഹൃത്തിനോടു പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. എനിക്ക്.........നാളെത്തന്നെ തിരികെപ്പോണം!"

സ്ഥബ്ധയായി അതു കേട്ടുനില്ക്കുമ്പോള്‍ ഒരായുസ്സ്കൊണ്ട് ഉണ്ടാക്കിയത് സകലതും വിറ്റു തുലയ്ക്കാനും മാത്രം എന്ത് നഷ്ടമാണുണ്ടായതെന്ന് ചോദിച്ചു പൊട്ടിത്തെറിക്കണം എന്നുണ്ടായിരുന്നു. പക്ഷേ താന്‍ ലോകത്തുള്ള മറ്റു ഭാര്യമാരെ പോലെയല്ല. ജോണിയെ നന്നായറിയാം. ആ കവിളിലെ കണ്ണുനീര്‍ തുടച്ചത് അയാള്‍ തന്നെയായിരുന്നു.

പോകുന്ന അന്നു രാവിലെ പതിവില്ലാതെ കുടുംബസമേതം ഇടവകപ്പള്ളിയില്‍ കുര്‍ബാന കണ്ടു. എയര്‍പോര്‍ട്ടിന്‍റെ ചില്ലുവാതില്‍ കടന്നു കണ്മുന്നില്‍നിന്നു മായുന്നതിനു മുന്‍പേ അയാള്‍ അവളോടു പറഞ്ഞു.

"അലമാര്യ്ക്കുള്ളില്‍ ഇന്നലെ ഞാനിട്ട ഷര്‍ട്ടിന്റെ കീശയില്‍ ഒരു കുറിപ്പുണ്ട്. നോക്കാന്‍ മറക്കേണ്ട"

പാഞ്ഞു വീട്ടിലെത്തുന്ന വരെ അതിലെന്താണ് എന്നറിയാനുള്ള ജിജ്ഞാസയായിരുന്നു അവള്‍ക്ക്. വെള്ളക്കടലാസില്‍ അപരിചിതമായ ഒരു അഡ്രെസ്സ് കുറിച്ചിട്ടിരുന്നു.

"ഷൌക്കത്ത് അലി
പുതിയപറമ്പില്‍ വീട്
നിയര്‍ അങ്ങാടിപ്പുറം ടെമ്പിള്‍
മലപ്പുറം."

 സമയയം പോലെ ഇവിടെവരെ ഒന്നു പോകണം. അവന് ഉമ്മയും ഒരു കുഞ്ഞു പെങ്ങളും മാത്രമേയുള്ളൂ"

കൂടെ അടുത്ത നാളിലെ പത്രത്തില്‍നിന്നും കീറിയെടുത്ത ഒരു കഷ്ണം വാര്‍ത്താക്കുറിപ്പും ഒപ്പംകണ്ട്, ഒന്നിന്റെയും അര്‍ത്ഥമറിയാതെ അവ കൂട്ടിവായിക്കാന്‍ അവള്‍ തത്രപ്പെടുമ്പോള്‍, എയര്‍പോര്‍ട്ടില്‍ അവസാന ഗേറ്റിന്‍റെമുന്‍പിലെ സന്ദര്‍ശക കസേരയിലിരുന്ന് അയാളുടെ ചിന്തകള്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലേയ്ക്ക് മടങ്ങി.

താനന്നു മദ്യപിച്ചിരുന്നില്ല. അലൈനിലുള്ള സുഹൃത്തിന്റെ മകളുടെ ബര്‍ത്ത്ഡേ പാര്‍ടി കഴിഞ്ഞ് പോരുന്ന വഴി തന്‍റെ കൂടെക്കൂടിയ ചങ്ങാതിമാരെയൊക്കെ അവരവരുടെ വസതികളിലില്‍ ഇറക്കിവിട്ട്, നേരം ഒരുപാട് ഇരുട്ടിയതിനാല്‍ തിടുക്കത്തില്‍ ഈന്തപ്പനകളുടെ ഇടയിലൂടെയുള്ള ചിരപരിചിതമല്ലാത്ത ഒരു ക്രോസ്കട്ട് റോഡ്‌ വഴി പ്രധാന ഹൈവേ ലക്ഷ്യമാക്കി പായുന്നതിനിടെ അപ്രതീക്ഷിതമായി ഓവര്‍ സ്പീഡ്‌ ക്യാമറയുടെ കൊള്ളിയാന്‍ പോലത്തെ ഫ്ലാഷ് മിന്നി. ആ ഞെട്ടലില്‍ നിന്ന് മുക്തിയാവുന്നതിനു മുന്‍പേ മിന്നായംപോലെ എന്തോ ഒന്ന് വണ്ടിയില്‍ തട്ടിത്തെറിച്ചു. പെട്ടെന്ന് ഇറങ്ങിനോക്കി. ആ കാഴ്ച കണ്ട് തലകറങ്ങി. പാത വിജനമാണ്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. പിന്നൊന്നും നോക്കിയില്ല. ശര വേഗത്തില്‍ പാഞ്ഞ വണ്ടി നിര്‍ത്തിയത് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ പാര്‍ക്കിങ്ങിലാണ്.

തിടുക്കത്തിനിടെ മറന്നിട്ട പാസ്പോര്‍ട് തിരികെവന്ന് അലക്ഷ്യമായ ഡാഷ്ബോര്‍ഡിനുള്ളില്‍ നിന്ന് ചികഞ്ഞെടുത്ത്, അച്ഛന്‍ മരിച്ചതിനാല്‍ അത്യാവശ്യമായി നാട്ടില്പോകാന്‍ ഏതെങ്കിലും ഫ്ലൈറ്റില്‍ ടിക്കറ്റ് വേണം എന്നാവശ്യപ്പെട്ട് അപ്പോള്‍ തന്നെ അവിടം വിടുമ്പോള്‍ മനസിന്‍റെ വേവലാതികളില്‍ നിന്നും ഒട്ടും രക്ഷപെട്ടിരുന്നില്ല. വീട്ടിലെത്തിയിട്ടും ഉള്ളം സ്വസ്ഥമാകുമോ? പത്രത്തില്‍ ആ വാര്‍ത്ത കണ്ടതും ഉള്ളിന്റെയുള്ളിലെ കുറ്റബോധം കൂടുതല്‍ ശക്തിയായി. എല്ലാറ്റില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ അത്രമാത്രം കഠിന ഹൃദയമുള്ള ഒരാളല്ലല്ലോ!

ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. അത് നീനയാണ്!

ആന്‍സര്‍ ബട്ടന്‍ അമര്‍ത്തിയിട്ടും ഒരു തേങ്ങല്‍ മാത്രമേ അവളില്‍നിന്നും കേള്‍ക്കാനുള്ളൂ, ജോണിയാണ് സംസാരിച്ചത്.

"അലൈനിലെ ഈന്തപ്പനതോട്ടത്തില്‍ ജോലിക്കാരനായ ഷൌക്കത്ത് മരണപ്പെട്ടത് എന്‍റെ കാറിടിച്ചാണ്. ഒരു കൈയ്യബദ്ധം! ആര്‍ക്കും പറ്റാവുന്നത്. വിധി അവിടെ എന്‍റെ രൂപത്തിലായിരുന്നു. അതിനു വ്യക്തമായ തെളിവുകളുണ്ട്. ആ സമയത്ത് ക്യാമറയില്‍ പതിഞ്ഞ എന്‍റെ മുഖം, കാര്‍ എയര്‍പോര്ട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരപ്പാടുകളോടെ കണ്ടെടുക്കാം, എന്‍റെ ടിക്കറ്റ്, യാത്ര....... എല്ലാമെല്ലാം ഒരു കൊലപാതകത്തിലുള്ള എന്‍റെ പങ്കിനെ മറക്കാനാവാത്ത രേഖകളാണ്.

അവിടുന്ന് രക്ഷപെട്ടോടിവന്നിട്ടും എന്‍റെ മനസാക്ഷിയുടെ മുന്നില്‍നിന്നും മറഞ്ഞിരിക്കാന്‍ തക്കവണ്ണം ഞാന്‍ അത്ര ക്രൂരനാണോ? ഒത്തിരിയാലോചിച്ചു. ജീവന്റെ വിലയായ ബ്ലഡ്‌ മണി* സകലതും വിറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇതുവരെ. ഷൌക്കത്തിന്‍റെ വീട്ടില്‍ പോയി, അവര്‍ക്കെന്നെ മനസിലാക്കാന്‍ പറ്റി. സര്‍ക്കാന്‍ സംബന്ധമായ എല്ലാ സഹായങ്ങളും ഞാന്‍ അഭ്യര്തിച്ചിട്ടുണ്ട്. ദുബായില്‍ സുഹൃത്തുക്കളും സ്പോന്സരും എന്‍റെ സഹായത്തിനുണ്ട്. എങ്കിലും വിമാനമിറങ്ങുമ്പോള്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം........

എന്തു തന്നെയായാലും ആ വിധി ഞാന്‍ മനസാ സ്വീകരിച്ചു കഴിഞ്ഞു. ബാക്കിയൊക്കെ ദൈവത്തിലര്‍പ്പിക്കുന്നു. എങ്കിലല്ലേ നാളെ ഞാന്‍ മടങ്ങി വന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് നന്മകള്‍ പറഞ്ഞു കൊടുക്കാന്‍, നല്ലോരപ്പനായിരിക്കുവാന്‍, ഉള്ളു തുറന്ന് നിന്നെ സ്നേഹിക്കുന്ന ജോണിയായി എന്നും ജീവിക്കുവാന്‍ എനിക്ക് പറ്റുകയുള്ളൂ......."

പാസ്സെഞ്ചേര്‍സ് യുവര്‍ അറ്റെന്ഷന്‍ പ്ലീസ്...............
വിമാനത്തിലെയ്ക്ക് കയറാനുള്ള അവസാന അറിയിപ്പ് മുഴങ്ങി.

*****

ബ്ലഡ്‌ മണി:- ഗള്‍ഫ്‌ രാജ്യങ്ങളിലെ ഷരിയാ നിയമപ്രകാരം വണ്ടിയിടിച്ചു മരിക്കുന്നയാളുടെ കുടുംബത്തിന് വാഹനം ഓടിച്ചയാള്‍ കോടതിവിധിയനുസരിച്ച് നല്‍കേണ്ടിവരുന്ന തുകയാണ് ബ്ലഡ്‌ മണി അഥവാ ജീവന്‍റെ വില. ഇത് ചിലപ്പോള്‍ ലക്ഷങ്ങളോ കൊടികളോ ആയതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തും. ആ സാഹചര്യത്തില്‍ ഇത്രയും വലിയതുക ആരും കൊടുക്കനില്ലാത്തതിനാല്‍ ഡ്രൈവര്‍ ആജീവനാന്തം ജയിലില്‍ കിടക്കേണ്ടിവരും.
Related Posts Plugin for WordPress, Blogger...