2.3.13

സാരഥി

“ഒരു സ്ത്രീയോട് ബന്ധപ്പെട്ടു കഴിഞ്ഞാലുടന്‍ നിങ്ങളുടെ സ്വാതന്ത്ര്യം മുഴുവനും നശിക്കും. നിങ്ങളുടെ ആശയും യുക്തിയും നിങ്ങള്‍ക്കൊരു ഭാരമായി തീരും. പശ്ചാത്താപം നിങ്ങളെ കാര്‍ന്നുതിന്നു നശിപ്പിക്കും. സ്ത്രീ...സ്ത്രീ.. അവളെന്താണെന്നറിയുമോ? അഹന്ത, അന്തസാരശൂന്യത, അല്പത്വം, ലാഘവബുദ്ധി ഇവയെല്ലാം കൂടിച്ചേര്‍ന്നതാണവള്‍. അരുത് ചങ്ങാതി അരുത്. ഒരിക്കലും വിവാഹം കഴിക്കരുത്!”

ഹ! ഹ! ഹ! ഞാന്‍ പൊട്ടിച്ചിരിച്ചു.

"എന്തേ സുഹൃത്തേ? ഇത് എന്‍റെ വാക്കുകളല്ല. മഹാനായ ടോള്‍സ്റ്റോയ്‌ എഴുതിയതാണ്. സംശയമുണ്ടെങ്കില്‍ “യുദ്ധവും സമാധാനവും”എടുത്തു നോക്കൂ".

ഞാന്‍ പുസ്തകം വായിക്കാറില്ല. എനിക്കതില്‍ കൌതുകം തോന്നിയിട്ടുമില്ല. സ്കൂളിലും കോളേജിലും പാഠപുസ്തകങ്ങൾ, ഇപ്പോള്‍ ചില പത്രങ്ങൾ, വായന അത്രമാത്രം.


"ഓ, എങ്കില്‍ വിട്ടേക്കൂ, എനിക്ക് ബിരുദങ്ങളില്ല. ഞാന്‍ കോളേജില്‍ പോയിട്ടുമില്ല".

ആശ്ചര്യത്തോടും തെല്ലു സംശയത്തോടും ഞാനൊന്നു പാളിനോക്കി. അധികം പഠിക്കാത്ത ഒരാള്‍ എന്തു തന്മയത്വത്തോടെയാണ് വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത്. എതിര്‍ക്കാന്‍ കഴിയാത്ത, എന്നാല്‍ വെറുപ്പുളവാക്കാത്ത വാദമുഖങ്ങൾ. വ്യക്തികളെ എങ്ങനെ മുഖംനോക്കി വിലയിരുത്തുവാന്‍ കഴിയും? ഓരോ മനസ്സുകളിലും എന്തൊക്കെ നിഗൂഡതകളാണ് ഒളിഞ്ഞിരിക്കുന്നത്?


മഴയുടെ പാടുകള്‍ റോഡില്‍നിന്നു മാഞ്ഞിട്ടില്ല. മലയുടെ ഇറക്കം, ഹെയര്‍പിന്‍ വളവുകളില്‍ വേഗത ചോര്‍ന്നുപോകാതെ ബ്രേക്കില്‍ കാലമര്‍ത്തി സൂക്ഷ്മതയോടെയാണ് ഞാന്‍ ബൈക്ക് പായിക്കുന്നത്‌. ഒറ്റക്കുള്ള യാത്രകള്‍, വിജനമായ വഴിയിലൂടെ വെളുപ്പാന്‍കാലത്തെ ഡ്രൈവിംഗ്, തണുത്ത കാറ്റ്, ചെറിയ ചാറ്റല്‍മഴ ഒക്കെ സുഖമുള്ള ഏര്‍പ്പാടാണ്. വഴിക്കച്ചവടക്കാരന്‍ മുനിയാണ്ടിയുടെ കുരുമുളക് കാപ്പിയും കുടിച്ച് മൂന്നാറില്‍ നിന്നു വിട്ടിട്ട് രണ്ടു മണിക്കൂറായി. ഇപ്പോള്‍ മണി നാലോടടുക്കുന്നു. അടിവാരത്തൊരു സര്‍ക്കാര്‍ വണ്ടി ടയര്‍ പൊട്ടി വഴിയാധാരമായി കിടപ്പുണ്ട്. അവിടെ നിന്നും അരക്കിലോമീറ്റര്‍ അകലെ വഴിവക്കത്തുനിന്നും കിട്ടിയതാണ് പിന്നിലിരിക്കുന്ന ഈ വിദ്വാനെ. ചുമലില്‍ ബാഗും തൂക്കി മൂടിപ്പുതച്ചു നീങ്ങിയ സത്വത്തെ കൊളുന്ത് നുള്ളാന്‍ പോകുന്ന ഏതോ തോട്ടം തൊഴിലാളിയാണെന്നാണ് ആദ്യം കരുതിയത്‌.


അപരിചിതരോട് സാധാരണ വാക്കുകള്‍ പിശുക്കിയെ താന്‍ ഉപയോഗിക്കാറുള്ളൂ. പക്ഷേ ഇന്നു തനിക്കെന്തു സംഭവിച്ചു? ഇയാളെ അളന്നിടത്തോളം സമാന ചിന്താഗതിക്കാരനും സരസനുമാണ്. എറണാകുളം വരെയുള്ള യാത്ര വിരസമാവില്ല. കാറ്റിനെ കീറിമുറിച്ച് പായുമ്പോള്‍ സംഭാഷണത്തിലെ രസച്ചരട് പൊട്ടി വാക്കുകള്‍ അവ്യക്തമാകുന്നതിനാല്‍ ഹെല്‍മറ്റ് ഊരിമാറ്റി ചെവിയോര്‍ത്തു.

നാട്, വീട്, ജോലി, എന്നിവയെക്കുറിച്ച് ഒന്നും പറഞ്ഞില്ല?
കൌതുകത്തോടെ അടക്കി വെച്ചിരുന്ന അനൌപചാരിക വര്‍ത്തമാനങ്ങളുടെ കെട്ടു ഞാന്‍ പൊട്ടിച്ചു.

“എന്തുകൊണ്ട് ഈനേരമത്രയും അതിനെപ്പറ്റി താങ്കള്‍ ആരാഞ്ഞില്ല എന്നോര്‍ത്ത് ഞാന്‍ അതിശയിക്കുകയായിരുന്നു. വാസ്തവത്തില്‍ അപരനെ ഇഴകീറി പരിശോധിക്കുവാനാണ് ഏവര്‍ക്കുമിഷ്ടം! മതമേത് എന്നുകൂടി അറിഞ്ഞാല്‍ വളരെ നന്ന്. ചോദ്യങ്ങളും മറുപടികളും അതിനിണങ്ങും വിധം ക്രമീകരിക്കാമല്ലോ. പക്ഷേ നിങ്ങളോട് ഉള്ളുതുറന്നു സംസാരിക്കാന്‍ എനിക്കീ വ്യക്തിഗത വിശദാംശങ്ങളുടെയോന്നും ആവശ്യമില്ല."

അപ്പോള്‍ നിങ്ങള്‍ യുക്തിവാദിയാണോ?

"മനുഷ്യന് അപ്രാപ്യമായ ഏതോ ശക്തിയുണ്ട് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ മതങ്ങളില്‍ വിശ്വസിക്കുന്നില്ല.സമൂഹത്തിലെ തരംതിരുവുകള്‍ സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് ലോകത്തില്‍ ആകെ രണ്ടേ രണ്ടു മതങ്ങളെയുള്ളൂ. പണം ഉള്ളവന്റെയും ഇല്ലാത്തവന്റെയും."

സുഹൃത്ത് ഒരു കമ്യൂണിസ്റ്റ് ആണല്ലേ?

"അത് കൊള്ളാമല്ലോ! താങ്കളുടെ നിരീക്ഷണത്തില്‍ നിരീശ്വരവാദിയല്ലാത്തവനും ആ വര്‍ഗ്ഗത്തില്‍ പെടും!പാവപ്പെട്ടവനും അവരുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുന്നവരുമൊക്കെ കമ്യൂണിസ്റ്റ് ആണെങ്കില്‍ ഇന്ത്യാ മഹാരാജ്യത്തെ ഭൂരിപക്ഷം മറ്റാരുമാകില്ല. 

അതൊക്കെ അവിടെ നില്‍ക്കട്ടെ, ഏകപക്ഷീയമായ ഈ വിചാരണ അറുബോറാണ് മിസ്റ്റർ. നിങ്ങള്‍ക്ക് താല്പര്യമുള്ള, നമ്മള്‍ സംസാരിച്ചു തുടങ്ങിയ പ്രേമത്തിലേക്ക് വരാം. താങ്കള്‍ ഊര്‍ജ്ജസ്വലനും സന്തോഷവാനുമായിരിക്കുന്നത് വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുള്ളതുകൊണ്ടാണ്. വൃദ്ധയും വിധവയുമായ അമ്മയെ കാണാന്‍ എന്നതിലും ആകാംക്ഷയോടെ അവള്‍ക്കുവേണ്ടി ഈ ദൂരമത്രയും താണ്ടി ആഴ്ചതോറും നിങ്ങള്‍ നാട്ടിലെത്തുന്നു. എം.ബി.എ ബിരുദധാരിയായ ഒരാള്‍ക്ക് ഈ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ തസ്ഥികയെക്കാള്‍ മികച്ച തൊഴിലവസരങ്ങളുണ്ടായിട്ടും സംസ്ഥാനം പോലും വിട്ടുപോകാന്‍ മടിക്കുന്നു. അതാണ്‌ ഞാന്‍ പറഞ്ഞ സ്ത്രീ.......... ഹ! ഹ"

ഏയ്, ആക്ഷേപിക്കാന്‍ വരട്ടെ. മോശമല്ലാത്തൊരു ജോലിയുണ്ട്, അതില്‍ ഞാന്‍ സംതൃപ്തനാണ്. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു കുടുംബ ജീവിതത്തെക്കാള്‍ വലിയ സ്വപ്നങ്ങളൊന്നും എനിക്കില്ല. പിന്നെ നാട് നന്നാക്കാനായി എല്ലാവര്ക്കും വീട് ഉപേക്ഷിച്ച് ഇറങ്ങാനൊക്കുമോ? അതിനല്ലേ നമ്മള്‍ക്ക് രാഷ്ട്രീയക്കാരും നേതാക്കളും?

"രാഷ്ട്രീയം! കൂണുപോലെ മുളച്ചു പൊങ്ങുന്ന കുറെ പാര്‍ട്ടികളല്ലാതെ ജനാധിപത്യം കൊണ്ട് നാം എന്ത് നേടി? ഭരണ ചക്രങ്ങള്‍ എക്കാലവും ഉരുളുന്നത് അവശരായവരെ ചവിട്ടിയരച്ചുകൊണ്ടാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും, നീതിന്യായവ്യവസ്ഥിതിയും ആ പല്‍ചക്രത്തിന്റെ പല്ലുകള്‍ മാത്രമാണ്."

അങ്ങനെയല്ല, രാഷ്ട്രീയ നേതാക്കള്‍ക്കാണ് അതിനുള്ള ചുമതല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

"അവിടെയാണ് പ്രശ്നം സോദരാ. സാധാരണക്കാരായ ആളുകള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഞാന്‍ , എന്‍റെ കുടുംബം എന്ന രീതിയില്‍ ഓരോരുത്തരും ഓരോ തുരുത്തുകളായി മാറ്റപ്പെടുന്നു. പ്രത്യേകിച്ച് സ്ത്രീകൾ. സ്വാര്‍ത്ഥതനിറഞ്ഞ സ്നേഹംകൊണ്ട് അവര്‍ പുരുഷന്മാരെ വീര്‍പ്പുമുട്ടിക്കുന്നു. ലോകം മുഴുവന്‍ നിറയുന്ന, വഞ്ചികള്‍ക്ക് അടുക്കാന്‍ കടവുകളില്ലാത്ത അനേകം ചെറു ദ്വീപുകളായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ഇന്നത്തെ പരിതസ്ഥിതിയില്‍ ആര്‍ക്കും ആരെയും ആശ്രയിക്കാതെ ജീവിക്കുവാനുള്ള സാമ്പത്തിക ചുറ്റുപാട് ഉണ്ട്. ആ അവസ്ഥകണ്ട് ഭാരതത്തെ വിലയിരുത്തരുത്‌. 
താങ്കള്‍ യാത്ര ചെയ്തിട്ടുണ്ടോ?"

ഇല്ല. കേരളത്തിനു വെളിയില്‍ കോയമ്പത്തൂര്‍ വരെ മാത്രം. അതും പഠിക്കുവാനായി.

"കഷ്ടം! ഞാന്‍ ഒരുപാട് അലഞ്ഞിട്ടുണ്ട്. മരുഭൂമിയുടെ ഭീകരമായ വിജനതയും കാടിന്‍റെ നിഗൂഡമായ വന്യതയും നടന്നു കണ്ടിട്ടുണ്ട്. മഞ്ഞിലും മരവിക്കുന്ന തണുവിലും കൈലാസശൈലങ്ങളില്‍ മുനിമാരുടെ മന്ത്രധ്വനികള്‍ കേട്ടുണര്‍ന്ന പുലര്‍കാലങ്ങള്‍ ഞാനോര്‍ക്കുന്നു."
 
ഓഹോ, ജിപ്സി ലൈഫ്! പെണ്ണുകെട്ടാത്തത് ഏതായാലും നന്നായി. അപ്പോള്‍ യാത്രചെയ്യാനും ഭക്ഷണം കഴിക്കാനും താമസത്തിനും നിങ്ങള്ക്ക് പണം വേണ്ടേ?

"യു.പി.യിലും, ബംഗാളിലും, ബീഹാറിലും, പഞ്ചാബിലും, ജാര്‍ഘണ്ടിലും കണ്ടുമുട്ടിയ പല നല്ല മനുഷ്യരോടൊപ്പം അവരുടെ തൊഴില്‍തന്നെ ചെയ്ത് അവരിലൊരാളായി താമസിച്ചു. ഫാക്ടറി തൊഴിലാളികളോടൊപ്പം വിയര്‍പ്പിന്റെ മുഷിഞ്ഞ ഗന്ധം തങ്ങിനില്‍ക്കുന്ന കമ്പനികളില്‍ , മരണം പതിയിരിക്കുന്ന കല്‍ക്കരിപ്പാടങ്ങളില്‍, വരണ്ട നിലങ്ങളില്‍ ഉഴുതും വിതച്ചും നനച്ചും കൃഷിക്കരോടൊപ്പം. രണ്ടു വര്‍ഷത്തിലധികം എങ്ങും തങ്ങാതെ കണ്ടും അനുഭവിച്ചുമറിഞ്ഞ അനേകം ജീവിതങ്ങൾ."

ഈ കാലത്തിനിടെ ഒരിക്കല്‍പോലും നിങ്ങള്‍ക്ക് ഒരു സ്ത്രീയോടും അഭിനിവേശം തോന്നിയിട്ടില്ലേ?

"നല്ല ചോദ്യം! ഏത് പ്രായക്കാരനെയും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവനെയും മതവിശ്വാസിയേയും തര്‍ക്കമില്ലാതെ ഏകോപിപ്പിക്കുന്ന ഏക വിഷയം. സ്ത്രീ!..ഹ..ഹ! 
താമസിച്ച അനേകയിടങ്ങളില്‍ സുന്ദരികളായ സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അടുത്തിടപഴകിയിട്ടുമുണ്ട്. ലക്‌ഷ്യം ഇതല്ലന്ന് മനസ്സ് മന്ത്രിക്കുന്നിടത്തോളം കാലം ആ പ്രയാണത്തിനു വിഘാതമാകുന്ന എല്ലാ ബന്ധങ്ങളെയും സുഖ സൌകര്യങ്ങളെയും വഴിയില്‍നിന്ന് അകറ്റി നിര്‍ത്തി എന്നേയുള്ളൂ.

"തേര് തെളിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരെമായില്ലേ സാരഥി. ഇനി കൃഷ്ണന്‍ തെല്ലു വിശ്രമിക്കൂ. അല്പനേരം പാര്‍ത്ഥന്‍ നയിക്കാം" 

അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ശരി അങ്ങനെയാകട്ടെ അർജ്ജുനാ'

സന്തോഷപൂര്‍വ്വം ഞാന്‍ ബൈക്കിന്‍റെ പിന്‍സീറ്റിലേക്ക് പിന്‍വാങ്ങി.

"എങ്കില്‍ ഈ ഭാരമേറിയ ഗാണ്ഡീവം കൂടി ഏറ്റു വാങ്ങൂ തോഴാ" 

ഞാന്‍ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ തോളിലെ ബാഗ് വാങ്ങി മടിയില്‍ വച്ചു. ശരവേഗത്തില്‍ വണ്ടി പാഞ്ഞു. മല മടക്കുകളുടെ ഓരം ചേര്‍ന്നു വെട്ടിയ ടാര്‍റോഡിന്‍റെ ഇടതുവശം മുഴുവന്‍ ഇടതൂര്‍ന്ന തേയിലത്തോട്ടങ്ങൾ.വലതുവശം വനനിബിഡമായ കിഴുക്കാംതൂക്കായ കൊക്കകൾ. കാഴ്ചക്ക് തടസമായി മാറിമറിഞ്ഞ് കോടമഞ്ഞിന്റെ കുസൃതികൾ. വളരെ ഉയരത്തിലെ വളവില്‍ റോഡ്‌ പെട്ടന്ന് അവസാനിക്കുകയാണോ അതോ ആകാശത്തിലേക്ക് ചാഞ്ഞു കയറുകയാണോ എന്ന് തോന്നും വിധം മുന്നില്‍ മേഘപാളികൾ. അവക്കിടയിലൂടെ പുലർ വെളിച്ചം ഇടക്കിടെ എത്തിനോക്കുന്നുണ്ട്. 

വളവിനു മുന്‍പിലായി നിര്‍ത്തിയിട്ട ഒരു ജീപ്പിനു മുകളില്‍ മിന്നുന്ന ചുവന്ന വെട്ടം. രണ്ടു പോലീസുകാര്‍ റോഡിലേക്കിറങ്ങി നില്‍പ്പുണ്ട്. ഹെല്‍മറ്റ് പരിശോധനയാവാം. കുറച്ചകലെയായി വട്ടത്തൊപ്പിയും യൂണിഫോമും ധരിച്ച സായുധരായ ചില പോലീസുകാരും. ഏതോ വി.ഐ.പി ക്ക് വഴിയൊരുക്കാന്‍ വേണ്ടി നിലയുറപ്പിച്ചതുമാവാം.

ജീപ്പിനോട് അടുക്കുന്തോറും ബൈക്കിന്റെ വേഗത കുറഞ്ഞു. പോലീസുകാര്‍ ഞങ്ങളെ ലക്ഷ്യമാക്കി നടന്നടുത്തു. അര്‍ത്ഥശങ്കയോടെ സുഹൃത്ത് രണ്ടുവട്ടം തിരിഞ്ഞ് എന്നെ നോക്കി. ഇടതുകൈ കൊണ്ട് ഹാന്‍ഡില്‍ നിയന്ത്രിച്ച്‌ വലതു കൈമുട്ട്കൊണ്ട് പൊടുന്നനെ എന്‍റെ മൂക്കിന് ആഞ്ഞിടിച്ചു! അപ്രതീക്ഷിത പ്രഹരത്തില്‍ നിലതെറ്റി പിന്നോക്കം മറിഞ്ഞ് ഞാന്‍ റോഡില്‍ വീണു. വിസിലടി ശബ്ദം! ബൈക്കിന്റെ ആക്സിലേറ്ററിന്റെ മുരള്‍ച്ച. ഇരമ്പിയാര്‍ക്കുന്ന മറ്റൊരു വാനില്‍ ഒരു പറ്റം പോലീസുകാർ. അല്ല കമാന്‍ഡോകൾ!

തലയിലെ മുറിവില്‍നിന്നും ചോര വാര്‍ന്നോലിച്ചു ബോധം മായുംമുന്‍പ് ചിറകു വിരിച്ചൊരു ചെമ്പന്‍ കുതിരമേലേറി അര്‍ജ്ജുനന്‍ കൌരവപ്പടയുടെ വ്യൂഹം ഭേദിച്ച്, പറന്നുയര്‍ന്ന് പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്നത് ഞാന്‍ കണ്ടു. പിന്നാലെ എണ്ണമറ്റ വെടിയൊച്ചകളും!

*******

ഭാരമുള്ള ഇരുമ്പ് പാളികളാല്‍ പണിത കൂറ്റന്‍ ഗേറ്റിന്റെ കിളിവാതില്‍ എന്‍റെ പിന്നില്‍ ഞരക്കത്തോടെ അടഞ്ഞു. വലിയ മതില്‍ കെട്ടുകള്‍ക്കുള്ളിലെ കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു കണ്ണോടിക്കുവാന്‍ ഒരു തടവുപുള്ളിയും ഇഷ്ടപ്പെടാറില്ല. മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന അനന്തമായ സ്വാതന്ത്ര്യത്തിലെക്കാണ് അവനെ ഓരോ കാലടികളും നയിക്കുക. 


ഇന്റലിജന്‍സ് ബ്യൂറോയുടെ ചോദ്യം ചെയ്യല്‍, വിചാരണ, തെളിവെടുപ്പ്, കോടതി, ജയില്‍വാസം. നീണ്ട ഒന്‍പതു വര്‍ഷങ്ങൾ. നാട് വിട്ടുള്ള ആദ്യ യാത്ര അങ്ങനെ ഡല്‍ഹിയിലേക്ക്. എങ്കിലും ജയില്‍ജീവിതം തന്നെ ഏറെ മാറ്റിയിരിക്കുന്നു. മനുഷ്യന്‍ ഏകനായിരിക്കുന്നത് നല്ലതാണ്. ഉള്‍ക്കണ്ണ് തുറക്കും. ചിന്തകള്‍ക്ക് കനം വെയ്ക്കും. പുതിയ അറിവുകള്‍, ബന്ധങ്ങള്‍, കാഴ്ചപ്പാടുകള്‍!

തന്നെ തടവറയിലേക്ക് തള്ളുവാന്‍ സാഹചര്യ തെളിവുകള്‍, പിസ്റ്റള്‍ ഒളിപ്പിച്ച ബാഗ്, ചില ചെറു കുറിപ്പുകള്‍ ഇവയൊക്കെ ധാരാളം മതി എന്ന് വിധിയെഴുതിയവര്‍ സാക്ഷികളും മതിയായ തെളിവുകളും ഇല്ലെന്ന പേരില്‍ ഇന്നു തന്നെ കുറ്റവിമുക്തനാക്കിയിരിക്കുന്നു! ഇതുവരെ അന്വേഷിച്ച് ആരും വന്നിട്ടില്ല. നാടുവിട്ടു പഠിക്കാന്‍ പോയ കാലത്തെ ബന്ധങ്ങളെക്കുറിച്ച് നാട്ടുകാരിലാരൊക്കെയോ അടക്കം പറഞ്ഞു. ജോലി ചെയ്ത കമ്പനി കൈമലര്‍ത്തി. ഇനി ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. മകന്‍ രാജ്യ ദ്രോഹിയാണെന്ന് അറിഞ്ഞ് നെഞ്ചു പൊട്ടിയാണ് അമ്മ മരിച്ചത്. കാത്തിരിക്കാന്‍ കാമുകിയില്ല. തന്‍റെ ഭൂതകാലം പോലും പീഡന കാലങ്ങള്‍ക്കിടയിലെപ്പോഴോ മാഞ്ഞുപോയിരുന്നു.

വഴിവക്കില്‍ കാത്തുകിടന്ന റിക്ഷാവാല റയില്‍വേ സ്റ്റേഷന്‍ എന്ന് വിളിച്ചു കൂവി. തനിക്ക് തിടുക്കമില്ല. നടക്കുക തന്നെ. ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് ബാഗിലെ പുസ്തകങ്ങള്‍ക്കുള്ളില്‍ സെല്ലിലെ ചാറ്റര്‍ജി രഹസ്യമായി തിരുകി വെച്ചുതന്ന വിലാസം ഒരാവര്‍ത്തി കൂടി നോക്കി. സുഖ്ദേവ് ത്രിപാഠി ബംഗാളിലെ ഏതോ കുഗ്രാമത്തിലാവാം. പുസ്തകം തിരികെ വെക്കുമ്പോള്‍ അതില്‍ മടക്കി സൂക്ഷിച്ചിരുന്ന മഞ്ഞനിറമുള്ള വര്‍ഷങ്ങള്‍ പഴകിയ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ ചെറിയ കോളം തലക്കെട്ട്‌ ഒരാവര്‍ത്തികൂടി വായിക്കാതിരിക്കാനായില്ല.


"മാവോയിസ്റ്റ്‌സ് ഓപ്പറേഷന്‍ നിയര്‍ കേരളാ ഫോറസ്റ്റ്, വണ്‍ ഷോട്ട് ഡെഡ് വൈല്‍ എസ്കെപ്പിംഗ്"

ഇലപൊഴിച്ച വേനല്‍മരങ്ങള്‍ക്കിടയിലൂടെ വെയില്‍ ചിതറി വീണു. എന്‍റെ, അല്ല കൃഷ്ണന്റെ കണ്ണുകളിലെ തീയുടെ ചൂടില്‍ സൂര്യന്‍ തെല്ലുനേരം ചൂളിനിന്നു. വെള്ളി മേഘങ്ങള്‍ക്കിടയില്‍ ചിറകുള്ള ചെമ്പന്‍ കുതിരമേലിരുന്ന് അര്‍ജ്ജുനന്‍ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.

"വേഗം വരൂ സാരഥി, എണ്ണമറ്റ അശ്വങ്ങളെ പൂട്ടിയ നമ്മുടെ തേര്‍ തെളിക്കാൻ.”

***
Related Posts Plugin for WordPress, Blogger...