Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

5.4.13

തലമുറകള്‍


ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് രവി ജംഗ്ഷനില്‍ ബസ്സിറങ്ങിയത്. വീട്ടിലേക്കുള്ള അടുത്ത വണ്ടിയ്ക്ക്  ഇനി മുക്കാല്‍ മണിക്കൂര്‍ കാക്കണം. ദിവസവും യാത്രകള്‍. പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിലാണ്.

നിരത്തുകളിലും കടത്തിണ്ണകളിലും തിരക്കൊഴിഞ്ഞിരിക്കുന്നു. പള്ളിയും പള്ളിക്കൂടവും ബാങ്കും പഞ്ചായത്താപ്പീസും കൃഷിഭവനും ചന്തയും ഇട്ടാവട്ടത്തുള്ള തന്‍റെ ടൌണ്‍. മാര്‍ക്കറ്റിലെയും ഗവര്‍മെന്റ് ആഫീസുകളിലെയും ഇടപാടുകള്‍ തീര്‍ത്ത് ഉച്ചയൂണിനു മുന്‍പ് ആളുകളെല്ലാം വീടുപറ്റുക ഈ നാടിന്റെ  മാത്രം പ്രത്യേകതയാണ്. ഇനി തെരുവ് ഉണരണമെങ്കില്‍ നാലുമണിക്ക് കലപിലയുമായി സ്കൂള്‍ കുട്ടികളെത്തണം.

“ഹോ! എന്തൊരു ചൂടായിത്.” 
സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച് പച്ചക്കറിയും പല വ്യഞ്ജനങ്ങളും  കുത്തിനിറച്ച തുണിസഞ്ചിയും തൂക്കി ഒരു സ്ത്രീ ആരെയോ പിരാകിക്കൊണ്ട് കടന്നുപോയി. ആയുസ്സിന്റെ നല്ലകാലം മരുക്കാറ്റിനോടോത്തു സഹവസിച്ച രവി അപ്പോഴാണ്‌ വെയിലിന്റെ  കാഠിന്യം ശ്രദ്ധിച്ചതുതന്നെ.

ഏതാനും നാളുകളായി  കണ്ടു പഴകിയതുകൊണ്ടാവാം ആരിൽ നിന്നും “എപ്പോള്‍ വന്നു? എന്നു പോണം?” തുടങ്ങിയ അരോചകങ്ങളായ കുശലാന്വേഷണങ്ങളില്ല. ദിവസങ്ങള്‍ക്ക് പഴയ വേഗതയില്ല. പണ്ട് അവധിക്ക് നാട്ടിലെത്തിയാല്‍ ബസ്സിന്റെ ടൈംടേബിള്‍ നോക്കാതെ ഓട്ടോ പിടിച്ചു വേഗം വീടു പറ്റുമായിരുന്നു. ഇന്ന് താന്‍ ഓരോ ചില്ലിക്കാശും അളന്നു തൂക്കുന്നു. എന്നാല്‍ നാട്ടില്‍ തുച്ഛമായ വേതനം പറ്റുന്നവര്‍പോലും പണം നിര്‍ലോഭം വലിച്ചെറിയുന്നു. തങ്ങളാണ് നാടിന്റെ പ്രതിച്ഛായ മാറ്റിയെന്ന് അഭിമാനിക്കുന്നവര്‍ പ്രവാസം കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ അമ്പരക്കുന്നു.

"ഹലോ രവി....” 
പരിചിതമായ ശബ്ദം. സ്റ്റേഷനറി ഗോപിക്കുട്ടനാണ്. അയാള്‍ക്കുമാത്രം ഒരു മാറ്റവുമില്ല. എന്നു കണ്ടാലും രണ്ടുവാക്ക് മിണ്ടാതിരിക്കില്ല. അയല്‍പക്കക്കാരനാണെങ്കിലും നിര്‍ഗുണനായ ഒരുവനുമായുള്ള സംസാരത്തിന് തനിക്ക് താത്പര്യമില്ല എന്നതാണ് സത്യം. പലപ്പോഴും തന്നെ മനപ്പൂര്‍വം ഒഴിവാക്കുന്നതാണെന്നു മനസിലാക്കുവാനുള്ള പ്രായോഗികബുദ്ധിപോലും പാവത്തിനില്ല എന്നതിലാണ് സഹതാപം.


നേരം പോകാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ പഴകിയ കെട്ടിടത്തിന്‍റെ കോണില്‍ അപശ്ശകുനം പോലെ നില്‍ക്കുന്ന ആ കടയുടെ ചായ്പ്പിലേക്ക് കയറി. സിമിന്‍റ് പാകിയ വരാന്തയുടെ തറ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഷെല്‍ഫില്‍ അലക്‌ഷ്യമായി കിടക്കുന്ന കുറെ നോട്ടുബുക്കുകള്‍. സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി വാങ്ങി വെച്ചിരിക്കുന്ന പെന്‍സില്‍, പേന, കളര്‍ പെന്‍സില്‍, ഇന്‍സ്ട്രമെന്റ് ബോക്സ് തുടങ്ങിയ സാമഗ്രികളുടെ കാലപ്പഴക്കം ഒറ്റനോട്ടം കൊണ്ട് തിരിച്ചറിയാം. ഗ്ലാസിന്റെ മുട്ടായ് ഭരണികളില്‍ പൊടി പറ്റിപ്പിടിച്ചിരിക്കുന്നു. പണ്ടെങ്ങോ മച്ചില്‍ നിന്നും തൂക്കിയ നീല വലയുടെ നാരങ്ങാ കൂട മാറാല പിടിച്ചു കിടക്കുന്നു. ആകെ പൌരാണികതയുടെ മണം തങ്ങിനില്‍ക്കുന്ന കട ശീതളപാനീയങ്ങളുടെയോ അതോ സ്റ്റേഷനറിയോ എന്ന് ആര്‍ക്കും സംശയം തോന്നാം.


പേരുകേട്ട ചേന്ദമംഗലം തറവാട്ടിലെ പ്രമാണിയായ ശങ്കരന്‍നായരുടെ ഒറ്റ പുത്രന്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്നത് സകലര്‍ക്കും അതിശയമാണ്. പെണ്ണുകെട്ടാന്‍ പ്രായമായപ്പോള്‍ മകന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവനാണ് എന്ന് വരുത്തുവാനാണ് കൌശലക്കാരനായ ശങ്കരന്‍നായര്‍ ടൌണില്‍  കടയിട്ടു കൊടുത്തത്. അല്ലാതെ വരുമാനം പ്രതീക്ഷിച്ചല്ല.

കുട്ടിക്കാലം മുതലേ നാലാള് കൂടുന്നിടത്ത് ചുറ്റി പറ്റി നില്‍ക്കാന്‍ ഗോപിക്കുട്ടന് ഇഷ്ടമാണ്. തോട്ടിക്കാല് പോലെ വളഞ്ഞുകുത്തിയ രൂപവും,  ചട്ടുകാലും, വിഡ്ഢിത്തങ്ങളും മൂലം എന്നും താനുള്‍പ്പെടുന്ന ചെറുപ്പക്കാരുടെ ഒരു നേരമ്പോക്കായിരുന്നു അയാള്‍. പ്രതാപശാലിയായ അച്ഛന്റെ പരിഹാസ്യനായ മകന്‍ എന്നത് വിരോധാഭാസം. ഇന്നു പ്രതാപമില്ല, ഭൂസ്വത്തില്ല, ശങ്കരന്‍നായരുമില്ല. എന്തൊരു വീഴ്ച !

തുരുമ്പിച്ച പച്ചനിറമുള്ള ഇരുമ്പു കസേരയില്‍ ഇരുന്ന് രവി ആ കടയുടെ കോലമാകെ നിരീക്ഷിച്ചു. ബിസ്സിനസ്സ് പച്ചപിടിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചിരിക്കണം. തൊട്ടടുത്ത കടകളിലെ തിരക്കുകള്‍ കണ്ട് ഒരുവിധപ്പെട്ട കച്ചവടമെല്ലാം പരീക്ഷിച്ചതിന്റെ പരിണിതഫലമാണ് ഈ കാണുന്നതൊക്കെ. പഴകിപ്പുഴുത്ത മധുരപലഹാരങ്ങളും സോഡാസര്‍ബത്തും മുട്ടായി ഭരണികളും പുറത്തെ എസ്. ടി. ഡി ബൂത്തും പരാജയത്തിന്റെ സ്മാരകങ്ങളായി നിലകൊള്ളുന്നു. 

 ആദ്യമായാണ്‌ താനവിടെ കയറുന്നത് എന്നോര്‍ത്ത്  രവിക്ക് അത്ഭുതം തോന്നി. തന്റെ മുന്നില്‍ നിസ്സാരനെന്നു തോന്നിയ ഒരുവനോടുള്ള അവജ്ഞ. അതിനപ്പുറം ഇയാള്‍ വിളിക്കുമ്പോഴൊക്കെ തിരക്കുപിടിച്ചു പായാനും മാത്രം എന്ത് മലമറിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിരുന്നത്‌? ഇന്നു ബസ്സ്‌ വരുന്നതുവരെ നേരം പോകാന്‍ മറ്റുമാര്‍ഗ്ഗമില്ലാത്തതുകൊണ്ട് എവിടെങ്കിലും അടിയേണ്ടത് തന്‍റെ ആവശ്യമാണ്. എങ്കിലും പണ്ട് ഈ സാധുവിനെ ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകാരുമൊത്ത് പരിഹസിച്ചതും അപമാനിച്ചതുമൊക്കെ മായാതെ മനസ്സിലുള്ളത് അലോസരപ്പെടുത്തുന്നു. അയാളതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ? പക ഉള്ളിലുള്ള  ഒരാള്‍ക്ക് ഇത്ര ഹൃദയവിശാലതയോടെ ഇടപെടുവാന്‍ സാധിക്കില്ല. 

സ്ഥാപനത്തിന്റെ പരിതാപകരമായ കിടപ്പിലേക്ക് കണ്ണോടിച്ചു കൊണ്ടിരുന്ന രവിയുടെ നോട്ടം ശ്രദ്ധിച്ച ഗോപിക്കുട്ടന്‍ പുഞ്ചിരിച്ചു. അല്പ നേരത്തേക്ക് ഇരുവരും സംസാരിച്ചില്ല. വല്ല സാമ്പത്തിക സഹായവും ചോദിക്കാനുള്ള പുറപ്പാടാണോ എന്നൊരു നിമിഷം രവി ഭയന്നു. പൊടുന്നനെ അയാളുടെ കണ്ണുകള്‍ നിറയുന്നതും മുഖം വിവര്‍ണ്ണമാകുന്നതും കണ്ടു. വിജനമായ നിരത്തിലേക്ക് മുഖം തിരിച്ച് അയാള്‍ സംസാരിച്ചു തുടങ്ങി.

"രവീ, തന്നെ കാണുമ്പോഴോക്കെ നമ്മുടെ കുട്ടിക്കാലം ഞാനോര്‍ക്കാറുണ്ട്‌. എന്‍റെ ജീവിതത്തില്‍ ആകെ ഞാന്‍ സന്തോഷിച്ച നിമിഷങ്ങള്‍ ആ കളിതമാശകളാണ്. ചേന്ദമംഗലത്തെ ശങ്കരന്‍നായരുടെ മകന് എന്തിന്റെ കുറവാണെന്ന് പലരും ചോദിക്കാറുണ്ട്. അച്ഛന്‍റെ തീരുമാനങ്ങളല്ലാതെ വീട്ടില്‍ മറ്റൊരു അഭിപ്രായമില്ലായിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഏത് ആഘോഷങ്ങള്‍ക്കും കാര്യക്കാരനായി അദ്ദേഹം ഉണ്ടാവും. അദ്ദേഹത്തിന്റെ പണവും സ്വാധീനവും കാര്യപ്രാപ്തിയും എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ ആ വക ഗുണങ്ങളൊന്നും എനിക്ക് കിട്ടിയിട്ടില്ല. ഒരിക്കല്‍ പോലും ബന്ധുവീട്ടുകളിലോ മറ്റു ചടങ്ങുകള്‍ക്കോ എന്നെ കൊണ്ടുപോയിട്ടില്ല. ചട്ടുകാലനായ മകനെ പൊതുസമക്ഷം പ്രദര്‍ശിപ്പിക്കുന്നത് അദേഹത്തിന് അഭിമാനക്ഷതമായിരുന്നു. നാട്ടിലെ മറ്റു പ്രമാണിമാര്‍ക്കും മാറിവരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മിക്കവാറും വീട്ടില്‍ വിരുന്നു സത്ക്കാരങ്ങളുണ്ടാവും. കുടിച്ചു കൂത്താടുന്ന സഭയിലേക്ക് സോഡയും സിഗരറ്റും എത്തിക്കുക എന്‍റെ ജോലിയായിരുന്നു. "കണ്ടില്ലേ ഒരുത്തന്‍, കാല്‍ക്കാശിനു വകയില്ലാത്തോന്‍. ഞൊണ്ടിക്കാലന്‍!" എന്നുപറഞ്ഞ് അവരുടെ മുന്‍പാകെ എന്നെ അധിക്ഷേപിക്കുക പതിവായിരുന്നു. ആദ്യമൊക്കെ ഞാന്‍ കരഞ്ഞു. പിന്നെ അതൊരു ശീലമായി. അതുകൊണ്ട് കൂട്ടുകാരും നാട്ടുകാരും കളിയാക്കുന്നത് എന്നെ വേദനിപ്പിച്ചിട്ടേയില്ല. പഠിക്കാന്‍ മണ്ടനായിരുന്നത് കൊണ്ട് എക്കാലവും വീട്ടില്‍ തന്നെ നില്‍ക്കേണ്ടി വന്നു. ഞാനൊരിക്കലും നല്ല കച്ചവടക്കാരനായിരുന്നില്ല. പാടത്ത് കൃഷി ചെയ്തു ജീവിക്കാമെന്ന വിശ്വാസം ഒരുകാലത്ത് എനിക്കുണ്ടായിരുന്നു. പക്ഷേ ഉത്സവവും വള്ളംകളിയും ധൂര്‍ത്തും കേസും കൊണ്ട് അച്ഛന്‍ ഉള്ളതു മൊത്തം വിറ്റുതുലച്ചു. നശിപ്പിച്ചതൊന്നും അദ്ദേഹം സമ്പാദിച്ചതല്ല. പാരമ്പര്യമായി  കൈമാറിക്കിട്ടിയ മുതലാണ്‌. ഇന്നു ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍ പോലും തലയുയര്‍ത്തി നില്‍ക്കാനാവാത്തത് കൊണ്ടാ സുഹൃത്തേ ഞാനീ ആളു കേറാത്ത പീടികയും തുറന്നിരിക്കുന്നത്."

തനിക്കറിയാവുന്ന ഗോപിക്കുട്ടനാണോ ഇതെന്ന് ഒരു നിമിഷം രവിക്ക് സംശയം തോന്നി. അയാള്‍ക്കും ഒരു നാക്കുണ്ടായിരുന്നോ? തന്റെ ഓര്‍മ്മയില്‍ ആരും അയാളെ സംസാരിക്കാന്‍ അനുവദിക്കുകയോ കേള്‍ക്കാന്‍ ക്ഷമ കാണിക്കുകയോ ചെയ്തിട്ടില്ല. അപ്പോഴും അയാള്‍ നിരത്തിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു.

"അല്ലെങ്കിലും വലിയ കാര്യപ്രാപ്തിയുള്ള തന്തമാരുടെ സന്തതികള്‍ ഏതെങ്കിലും ചൊവ്വുള്ളതായി കണ്ടിട്ടുണ്ടോ? ചാകുന്നത് വരെ പണപ്പെട്ടിയും പവറും അവര് വെച്ചൊഴിയില്ല. പൊതു സമക്ഷത്ത് സ്വന്തം മകന്‍പോലും തന്നെക്കാള്‍ കേമനാകുന്നത്  അംഗീകരിക്കാനാവാത്ത പെരുന്തച്ചന്റെ ഗണത്തില്‍ പെട്ടവരാ ഇവരൊക്കെ. പിന്നെ തലമുറകള്‍ക്കു വേണ്ടി സമ്പാദിച്ചു വെക്കുന്നതും വെറുതെയാ. അധ്വാനിക്കാതെ കൈവരുന്ന മുതല്‍ അവര്‍ ധൂര്‍ത്തടിച്ച് നശിപ്പിക്കും " 


സ്വന്തം കുടുംബം നോക്കാതെ നാട് നന്നാക്കാനിറങ്ങിയ പല കാര്യക്കാരെയും വൈകല്യങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും പരിഗണനയും സ്നേഹവും ലഭിക്കാതെ തന്നെപ്പോലെ ദുര്‍ഗതിയായ അവരുടെ മക്കളെയും അയാള്‍ ചൂണ്ടിക്കാട്ടി. പലതും സത്യമാണ്! 

ആ ഹൃദയത്തില്‍ കുഞ്ഞുനാളിലെ തറച്ച മുള്ളുകള്‍ എത്ര ആഴത്തിലാണ് മുറിവേല്‍പ്പിച്ചിരിക്കുന്നത്  എന്നോര്‍ത്ത് രവിക്ക് ഭീതി തോന്നി. പരിഹാസത്തിന്റെ ഒരായിരം മുള്ളുകള്‍ താനും സമ്മാനിച്ചിട്ടുണ്ട്. ഗോപിക്കുട്ടന് മാതമല്ല പലര്‍ക്കും! ആ നിമിഷം മുതല്‍ വല്ലാത്തൊരു കുറ്റബോധം അയാളെ വേട്ടയാടി. മനക്ലേശത്താല്‍ വിവശനായി ബസ്സ് കയറിയതും വീട്ടിലെത്തിയതും അറിഞ്ഞില്ല. ജീവിതത്തില്‍ ആദ്യമായി തന്നോടുതന്നെ പുച്ഛം തോന്നി. ഭാരം താങ്ങാനാവാതെ കാലുകള്‍ കുഴഞ്ഞ് കട്ടിലിലേക്ക് വീണു. 

താന്‍ ചതുപ്പിലെവിടെയോ വീണു പോകുന്നതും കഴുത്തോളം മുങ്ങിയപ്പോള്‍ ശ്വാസം കിട്ടാതെ കൈകാലിട്ടടിക്കുന്നതും സ്വപ്നംകണ്ട് നിശയുടെ പല യാമങ്ങളിലും അയാള്‍ ഞെട്ടിയെണീറ്റു. 

"ചേന്ദമംഗലത്തെ ആ ചട്ടന്‍ ഗോപിക്കുട്ടന്‍ ഇന്നലെ രാത്രി കെട്ടിത്തൂങ്ങി ചത്തു!"
രാവിലെ കാപ്പിയുമായി വന്ന അമ്മ പറഞ്ഞു. 

തനിക്കുള്ളിലെ രവി അതിനു മുന്‍പേ തൂങ്ങി മരിച്ചതിനാല്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അയാള്‍ വാവിട്ടുകരഞ്ഞു.
***

2.3.13

സാരഥി

“ഒരു സ്ത്രീയോട് ബന്ധപ്പെട്ടു കഴിഞ്ഞാലുടന്‍ നിങ്ങളുടെ സ്വാതന്ത്ര്യം മുഴുവനും നശിക്കും. നിങ്ങളുടെ ആശയും യുക്തിയും നിങ്ങള്‍ക്കൊരു ഭാരമായി തീരും. പശ്ചാത്താപം നിങ്ങളെ കാര്‍ന്നുതിന്നു നശിപ്പിക്കും. സ്ത്രീ...സ്ത്രീ.. അവളെന്താണെന്നറിയുമോ? അഹന്ത, അന്തസാരശൂന്യത, അല്പത്വം, ലാഘവബുദ്ധി ഇവയെല്ലാം കൂടിച്ചേര്‍ന്നതാണവള്‍. അരുത് ചങ്ങാതി അരുത്. ഒരിക്കലും വിവാഹം കഴിക്കരുത്!”

ഹ! ഹ! ഹ! ഞാന്‍ പൊട്ടിച്ചിരിച്ചു.

"എന്തേ സുഹൃത്തേ? ഇത് എന്‍റെ വാക്കുകളല്ല. മഹാനായ ടോള്‍സ്റ്റോയ്‌ എഴുതിയതാണ്. സംശയമുണ്ടെങ്കില്‍ “യുദ്ധവും സമാധാനവും”എടുത്തു നോക്കൂ".

ഞാന്‍ പുസ്തകം വായിക്കാറില്ല. എനിക്കതില്‍ കൌതുകം തോന്നിയിട്ടുമില്ല. സ്കൂളിലും കോളേജിലും പാഠപുസ്തകങ്ങൾ, ഇപ്പോള്‍ ചില പത്രങ്ങൾ, വായന അത്രമാത്രം.


"ഓ, എങ്കില്‍ വിട്ടേക്കൂ, എനിക്ക് ബിരുദങ്ങളില്ല. ഞാന്‍ കോളേജില്‍ പോയിട്ടുമില്ല".

ആശ്ചര്യത്തോടും തെല്ലു സംശയത്തോടും ഞാനൊന്നു പാളിനോക്കി. അധികം പഠിക്കാത്ത ഒരാള്‍ എന്തു തന്മയത്വത്തോടെയാണ് വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത്. എതിര്‍ക്കാന്‍ കഴിയാത്ത, എന്നാല്‍ വെറുപ്പുളവാക്കാത്ത വാദമുഖങ്ങൾ. വ്യക്തികളെ എങ്ങനെ മുഖംനോക്കി വിലയിരുത്തുവാന്‍ കഴിയും? ഓരോ മനസ്സുകളിലും എന്തൊക്കെ നിഗൂഡതകളാണ് ഒളിഞ്ഞിരിക്കുന്നത്?


മഴയുടെ പാടുകള്‍ റോഡില്‍നിന്നു മാഞ്ഞിട്ടില്ല. മലയുടെ ഇറക്കം, ഹെയര്‍പിന്‍ വളവുകളില്‍ വേഗത ചോര്‍ന്നുപോകാതെ ബ്രേക്കില്‍ കാലമര്‍ത്തി സൂക്ഷ്മതയോടെയാണ് ഞാന്‍ ബൈക്ക് പായിക്കുന്നത്‌. ഒറ്റക്കുള്ള യാത്രകള്‍, വിജനമായ വഴിയിലൂടെ വെളുപ്പാന്‍കാലത്തെ ഡ്രൈവിംഗ്, തണുത്ത കാറ്റ്, ചെറിയ ചാറ്റല്‍മഴ ഒക്കെ സുഖമുള്ള ഏര്‍പ്പാടാണ്. വഴിക്കച്ചവടക്കാരന്‍ മുനിയാണ്ടിയുടെ കുരുമുളക് കാപ്പിയും കുടിച്ച് മൂന്നാറില്‍ നിന്നു വിട്ടിട്ട് രണ്ടു മണിക്കൂറായി. ഇപ്പോള്‍ മണി നാലോടടുക്കുന്നു. അടിവാരത്തൊരു സര്‍ക്കാര്‍ വണ്ടി ടയര്‍ പൊട്ടി വഴിയാധാരമായി കിടപ്പുണ്ട്. അവിടെ നിന്നും അരക്കിലോമീറ്റര്‍ അകലെ വഴിവക്കത്തുനിന്നും കിട്ടിയതാണ് പിന്നിലിരിക്കുന്ന ഈ വിദ്വാനെ. ചുമലില്‍ ബാഗും തൂക്കി മൂടിപ്പുതച്ചു നീങ്ങിയ സത്വത്തെ കൊളുന്ത് നുള്ളാന്‍ പോകുന്ന ഏതോ തോട്ടം തൊഴിലാളിയാണെന്നാണ് ആദ്യം കരുതിയത്‌.


അപരിചിതരോട് സാധാരണ വാക്കുകള്‍ പിശുക്കിയെ താന്‍ ഉപയോഗിക്കാറുള്ളൂ. പക്ഷേ ഇന്നു തനിക്കെന്തു സംഭവിച്ചു? ഇയാളെ അളന്നിടത്തോളം സമാന ചിന്താഗതിക്കാരനും സരസനുമാണ്. എറണാകുളം വരെയുള്ള യാത്ര വിരസമാവില്ല. കാറ്റിനെ കീറിമുറിച്ച് പായുമ്പോള്‍ സംഭാഷണത്തിലെ രസച്ചരട് പൊട്ടി വാക്കുകള്‍ അവ്യക്തമാകുന്നതിനാല്‍ ഹെല്‍മറ്റ് ഊരിമാറ്റി ചെവിയോര്‍ത്തു.

നാട്, വീട്, ജോലി, എന്നിവയെക്കുറിച്ച് ഒന്നും പറഞ്ഞില്ല?
കൌതുകത്തോടെ അടക്കി വെച്ചിരുന്ന അനൌപചാരിക വര്‍ത്തമാനങ്ങളുടെ കെട്ടു ഞാന്‍ പൊട്ടിച്ചു.

“എന്തുകൊണ്ട് ഈനേരമത്രയും അതിനെപ്പറ്റി താങ്കള്‍ ആരാഞ്ഞില്ല എന്നോര്‍ത്ത് ഞാന്‍ അതിശയിക്കുകയായിരുന്നു. വാസ്തവത്തില്‍ അപരനെ ഇഴകീറി പരിശോധിക്കുവാനാണ് ഏവര്‍ക്കുമിഷ്ടം! മതമേത് എന്നുകൂടി അറിഞ്ഞാല്‍ വളരെ നന്ന്. ചോദ്യങ്ങളും മറുപടികളും അതിനിണങ്ങും വിധം ക്രമീകരിക്കാമല്ലോ. പക്ഷേ നിങ്ങളോട് ഉള്ളുതുറന്നു സംസാരിക്കാന്‍ എനിക്കീ വ്യക്തിഗത വിശദാംശങ്ങളുടെയോന്നും ആവശ്യമില്ല."

അപ്പോള്‍ നിങ്ങള്‍ യുക്തിവാദിയാണോ?

"മനുഷ്യന് അപ്രാപ്യമായ ഏതോ ശക്തിയുണ്ട് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ മതങ്ങളില്‍ വിശ്വസിക്കുന്നില്ല.സമൂഹത്തിലെ തരംതിരുവുകള്‍ സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് ലോകത്തില്‍ ആകെ രണ്ടേ രണ്ടു മതങ്ങളെയുള്ളൂ. പണം ഉള്ളവന്റെയും ഇല്ലാത്തവന്റെയും."

സുഹൃത്ത് ഒരു കമ്യൂണിസ്റ്റ് ആണല്ലേ?

"അത് കൊള്ളാമല്ലോ! താങ്കളുടെ നിരീക്ഷണത്തില്‍ നിരീശ്വരവാദിയല്ലാത്തവനും ആ വര്‍ഗ്ഗത്തില്‍ പെടും!പാവപ്പെട്ടവനും അവരുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുന്നവരുമൊക്കെ കമ്യൂണിസ്റ്റ് ആണെങ്കില്‍ ഇന്ത്യാ മഹാരാജ്യത്തെ ഭൂരിപക്ഷം മറ്റാരുമാകില്ല. 

അതൊക്കെ അവിടെ നില്‍ക്കട്ടെ, ഏകപക്ഷീയമായ ഈ വിചാരണ അറുബോറാണ് മിസ്റ്റർ. നിങ്ങള്‍ക്ക് താല്പര്യമുള്ള, നമ്മള്‍ സംസാരിച്ചു തുടങ്ങിയ പ്രേമത്തിലേക്ക് വരാം. താങ്കള്‍ ഊര്‍ജ്ജസ്വലനും സന്തോഷവാനുമായിരിക്കുന്നത് വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുള്ളതുകൊണ്ടാണ്. വൃദ്ധയും വിധവയുമായ അമ്മയെ കാണാന്‍ എന്നതിലും ആകാംക്ഷയോടെ അവള്‍ക്കുവേണ്ടി ഈ ദൂരമത്രയും താണ്ടി ആഴ്ചതോറും നിങ്ങള്‍ നാട്ടിലെത്തുന്നു. എം.ബി.എ ബിരുദധാരിയായ ഒരാള്‍ക്ക് ഈ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ തസ്ഥികയെക്കാള്‍ മികച്ച തൊഴിലവസരങ്ങളുണ്ടായിട്ടും സംസ്ഥാനം പോലും വിട്ടുപോകാന്‍ മടിക്കുന്നു. അതാണ്‌ ഞാന്‍ പറഞ്ഞ സ്ത്രീ.......... ഹ! ഹ"

ഏയ്, ആക്ഷേപിക്കാന്‍ വരട്ടെ. മോശമല്ലാത്തൊരു ജോലിയുണ്ട്, അതില്‍ ഞാന്‍ സംതൃപ്തനാണ്. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു കുടുംബ ജീവിതത്തെക്കാള്‍ വലിയ സ്വപ്നങ്ങളൊന്നും എനിക്കില്ല. പിന്നെ നാട് നന്നാക്കാനായി എല്ലാവര്ക്കും വീട് ഉപേക്ഷിച്ച് ഇറങ്ങാനൊക്കുമോ? അതിനല്ലേ നമ്മള്‍ക്ക് രാഷ്ട്രീയക്കാരും നേതാക്കളും?

"രാഷ്ട്രീയം! കൂണുപോലെ മുളച്ചു പൊങ്ങുന്ന കുറെ പാര്‍ട്ടികളല്ലാതെ ജനാധിപത്യം കൊണ്ട് നാം എന്ത് നേടി? ഭരണ ചക്രങ്ങള്‍ എക്കാലവും ഉരുളുന്നത് അവശരായവരെ ചവിട്ടിയരച്ചുകൊണ്ടാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും, നീതിന്യായവ്യവസ്ഥിതിയും ആ പല്‍ചക്രത്തിന്റെ പല്ലുകള്‍ മാത്രമാണ്."

അങ്ങനെയല്ല, രാഷ്ട്രീയ നേതാക്കള്‍ക്കാണ് അതിനുള്ള ചുമതല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

"അവിടെയാണ് പ്രശ്നം സോദരാ. സാധാരണക്കാരായ ആളുകള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഞാന്‍ , എന്‍റെ കുടുംബം എന്ന രീതിയില്‍ ഓരോരുത്തരും ഓരോ തുരുത്തുകളായി മാറ്റപ്പെടുന്നു. പ്രത്യേകിച്ച് സ്ത്രീകൾ. സ്വാര്‍ത്ഥതനിറഞ്ഞ സ്നേഹംകൊണ്ട് അവര്‍ പുരുഷന്മാരെ വീര്‍പ്പുമുട്ടിക്കുന്നു. ലോകം മുഴുവന്‍ നിറയുന്ന, വഞ്ചികള്‍ക്ക് അടുക്കാന്‍ കടവുകളില്ലാത്ത അനേകം ചെറു ദ്വീപുകളായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ഇന്നത്തെ പരിതസ്ഥിതിയില്‍ ആര്‍ക്കും ആരെയും ആശ്രയിക്കാതെ ജീവിക്കുവാനുള്ള സാമ്പത്തിക ചുറ്റുപാട് ഉണ്ട്. ആ അവസ്ഥകണ്ട് ഭാരതത്തെ വിലയിരുത്തരുത്‌. 
താങ്കള്‍ യാത്ര ചെയ്തിട്ടുണ്ടോ?"

ഇല്ല. കേരളത്തിനു വെളിയില്‍ കോയമ്പത്തൂര്‍ വരെ മാത്രം. അതും പഠിക്കുവാനായി.

"കഷ്ടം! ഞാന്‍ ഒരുപാട് അലഞ്ഞിട്ടുണ്ട്. മരുഭൂമിയുടെ ഭീകരമായ വിജനതയും കാടിന്‍റെ നിഗൂഡമായ വന്യതയും നടന്നു കണ്ടിട്ടുണ്ട്. മഞ്ഞിലും മരവിക്കുന്ന തണുവിലും കൈലാസശൈലങ്ങളില്‍ മുനിമാരുടെ മന്ത്രധ്വനികള്‍ കേട്ടുണര്‍ന്ന പുലര്‍കാലങ്ങള്‍ ഞാനോര്‍ക്കുന്നു."
 
ഓഹോ, ജിപ്സി ലൈഫ്! പെണ്ണുകെട്ടാത്തത് ഏതായാലും നന്നായി. അപ്പോള്‍ യാത്രചെയ്യാനും ഭക്ഷണം കഴിക്കാനും താമസത്തിനും നിങ്ങള്ക്ക് പണം വേണ്ടേ?

"യു.പി.യിലും, ബംഗാളിലും, ബീഹാറിലും, പഞ്ചാബിലും, ജാര്‍ഘണ്ടിലും കണ്ടുമുട്ടിയ പല നല്ല മനുഷ്യരോടൊപ്പം അവരുടെ തൊഴില്‍തന്നെ ചെയ്ത് അവരിലൊരാളായി താമസിച്ചു. ഫാക്ടറി തൊഴിലാളികളോടൊപ്പം വിയര്‍പ്പിന്റെ മുഷിഞ്ഞ ഗന്ധം തങ്ങിനില്‍ക്കുന്ന കമ്പനികളില്‍ , മരണം പതിയിരിക്കുന്ന കല്‍ക്കരിപ്പാടങ്ങളില്‍, വരണ്ട നിലങ്ങളില്‍ ഉഴുതും വിതച്ചും നനച്ചും കൃഷിക്കരോടൊപ്പം. രണ്ടു വര്‍ഷത്തിലധികം എങ്ങും തങ്ങാതെ കണ്ടും അനുഭവിച്ചുമറിഞ്ഞ അനേകം ജീവിതങ്ങൾ."

ഈ കാലത്തിനിടെ ഒരിക്കല്‍പോലും നിങ്ങള്‍ക്ക് ഒരു സ്ത്രീയോടും അഭിനിവേശം തോന്നിയിട്ടില്ലേ?

"നല്ല ചോദ്യം! ഏത് പ്രായക്കാരനെയും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവനെയും മതവിശ്വാസിയേയും തര്‍ക്കമില്ലാതെ ഏകോപിപ്പിക്കുന്ന ഏക വിഷയം. സ്ത്രീ!..ഹ..ഹ! 
താമസിച്ച അനേകയിടങ്ങളില്‍ സുന്ദരികളായ സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അടുത്തിടപഴകിയിട്ടുമുണ്ട്. ലക്‌ഷ്യം ഇതല്ലന്ന് മനസ്സ് മന്ത്രിക്കുന്നിടത്തോളം കാലം ആ പ്രയാണത്തിനു വിഘാതമാകുന്ന എല്ലാ ബന്ധങ്ങളെയും സുഖ സൌകര്യങ്ങളെയും വഴിയില്‍നിന്ന് അകറ്റി നിര്‍ത്തി എന്നേയുള്ളൂ.

"തേര് തെളിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരെമായില്ലേ സാരഥി. ഇനി കൃഷ്ണന്‍ തെല്ലു വിശ്രമിക്കൂ. അല്പനേരം പാര്‍ത്ഥന്‍ നയിക്കാം" 

അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ശരി അങ്ങനെയാകട്ടെ അർജ്ജുനാ'

സന്തോഷപൂര്‍വ്വം ഞാന്‍ ബൈക്കിന്‍റെ പിന്‍സീറ്റിലേക്ക് പിന്‍വാങ്ങി.

"എങ്കില്‍ ഈ ഭാരമേറിയ ഗാണ്ഡീവം കൂടി ഏറ്റു വാങ്ങൂ തോഴാ" 

ഞാന്‍ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ തോളിലെ ബാഗ് വാങ്ങി മടിയില്‍ വച്ചു. ശരവേഗത്തില്‍ വണ്ടി പാഞ്ഞു. മല മടക്കുകളുടെ ഓരം ചേര്‍ന്നു വെട്ടിയ ടാര്‍റോഡിന്‍റെ ഇടതുവശം മുഴുവന്‍ ഇടതൂര്‍ന്ന തേയിലത്തോട്ടങ്ങൾ.വലതുവശം വനനിബിഡമായ കിഴുക്കാംതൂക്കായ കൊക്കകൾ. കാഴ്ചക്ക് തടസമായി മാറിമറിഞ്ഞ് കോടമഞ്ഞിന്റെ കുസൃതികൾ. വളരെ ഉയരത്തിലെ വളവില്‍ റോഡ്‌ പെട്ടന്ന് അവസാനിക്കുകയാണോ അതോ ആകാശത്തിലേക്ക് ചാഞ്ഞു കയറുകയാണോ എന്ന് തോന്നും വിധം മുന്നില്‍ മേഘപാളികൾ. അവക്കിടയിലൂടെ പുലർ വെളിച്ചം ഇടക്കിടെ എത്തിനോക്കുന്നുണ്ട്. 

വളവിനു മുന്‍പിലായി നിര്‍ത്തിയിട്ട ഒരു ജീപ്പിനു മുകളില്‍ മിന്നുന്ന ചുവന്ന വെട്ടം. രണ്ടു പോലീസുകാര്‍ റോഡിലേക്കിറങ്ങി നില്‍പ്പുണ്ട്. ഹെല്‍മറ്റ് പരിശോധനയാവാം. കുറച്ചകലെയായി വട്ടത്തൊപ്പിയും യൂണിഫോമും ധരിച്ച സായുധരായ ചില പോലീസുകാരും. ഏതോ വി.ഐ.പി ക്ക് വഴിയൊരുക്കാന്‍ വേണ്ടി നിലയുറപ്പിച്ചതുമാവാം.

ജീപ്പിനോട് അടുക്കുന്തോറും ബൈക്കിന്റെ വേഗത കുറഞ്ഞു. പോലീസുകാര്‍ ഞങ്ങളെ ലക്ഷ്യമാക്കി നടന്നടുത്തു. അര്‍ത്ഥശങ്കയോടെ സുഹൃത്ത് രണ്ടുവട്ടം തിരിഞ്ഞ് എന്നെ നോക്കി. ഇടതുകൈ കൊണ്ട് ഹാന്‍ഡില്‍ നിയന്ത്രിച്ച്‌ വലതു കൈമുട്ട്കൊണ്ട് പൊടുന്നനെ എന്‍റെ മൂക്കിന് ആഞ്ഞിടിച്ചു! അപ്രതീക്ഷിത പ്രഹരത്തില്‍ നിലതെറ്റി പിന്നോക്കം മറിഞ്ഞ് ഞാന്‍ റോഡില്‍ വീണു. വിസിലടി ശബ്ദം! ബൈക്കിന്റെ ആക്സിലേറ്ററിന്റെ മുരള്‍ച്ച. ഇരമ്പിയാര്‍ക്കുന്ന മറ്റൊരു വാനില്‍ ഒരു പറ്റം പോലീസുകാർ. അല്ല കമാന്‍ഡോകൾ!

തലയിലെ മുറിവില്‍നിന്നും ചോര വാര്‍ന്നോലിച്ചു ബോധം മായുംമുന്‍പ് ചിറകു വിരിച്ചൊരു ചെമ്പന്‍ കുതിരമേലേറി അര്‍ജ്ജുനന്‍ കൌരവപ്പടയുടെ വ്യൂഹം ഭേദിച്ച്, പറന്നുയര്‍ന്ന് പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്നത് ഞാന്‍ കണ്ടു. പിന്നാലെ എണ്ണമറ്റ വെടിയൊച്ചകളും!

*******

ഭാരമുള്ള ഇരുമ്പ് പാളികളാല്‍ പണിത കൂറ്റന്‍ ഗേറ്റിന്റെ കിളിവാതില്‍ എന്‍റെ പിന്നില്‍ ഞരക്കത്തോടെ അടഞ്ഞു. വലിയ മതില്‍ കെട്ടുകള്‍ക്കുള്ളിലെ കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു കണ്ണോടിക്കുവാന്‍ ഒരു തടവുപുള്ളിയും ഇഷ്ടപ്പെടാറില്ല. മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന അനന്തമായ സ്വാതന്ത്ര്യത്തിലെക്കാണ് അവനെ ഓരോ കാലടികളും നയിക്കുക. 


ഇന്റലിജന്‍സ് ബ്യൂറോയുടെ ചോദ്യം ചെയ്യല്‍, വിചാരണ, തെളിവെടുപ്പ്, കോടതി, ജയില്‍വാസം. നീണ്ട ഒന്‍പതു വര്‍ഷങ്ങൾ. നാട് വിട്ടുള്ള ആദ്യ യാത്ര അങ്ങനെ ഡല്‍ഹിയിലേക്ക്. എങ്കിലും ജയില്‍ജീവിതം തന്നെ ഏറെ മാറ്റിയിരിക്കുന്നു. മനുഷ്യന്‍ ഏകനായിരിക്കുന്നത് നല്ലതാണ്. ഉള്‍ക്കണ്ണ് തുറക്കും. ചിന്തകള്‍ക്ക് കനം വെയ്ക്കും. പുതിയ അറിവുകള്‍, ബന്ധങ്ങള്‍, കാഴ്ചപ്പാടുകള്‍!

തന്നെ തടവറയിലേക്ക് തള്ളുവാന്‍ സാഹചര്യ തെളിവുകള്‍, പിസ്റ്റള്‍ ഒളിപ്പിച്ച ബാഗ്, ചില ചെറു കുറിപ്പുകള്‍ ഇവയൊക്കെ ധാരാളം മതി എന്ന് വിധിയെഴുതിയവര്‍ സാക്ഷികളും മതിയായ തെളിവുകളും ഇല്ലെന്ന പേരില്‍ ഇന്നു തന്നെ കുറ്റവിമുക്തനാക്കിയിരിക്കുന്നു! ഇതുവരെ അന്വേഷിച്ച് ആരും വന്നിട്ടില്ല. നാടുവിട്ടു പഠിക്കാന്‍ പോയ കാലത്തെ ബന്ധങ്ങളെക്കുറിച്ച് നാട്ടുകാരിലാരൊക്കെയോ അടക്കം പറഞ്ഞു. ജോലി ചെയ്ത കമ്പനി കൈമലര്‍ത്തി. ഇനി ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. മകന്‍ രാജ്യ ദ്രോഹിയാണെന്ന് അറിഞ്ഞ് നെഞ്ചു പൊട്ടിയാണ് അമ്മ മരിച്ചത്. കാത്തിരിക്കാന്‍ കാമുകിയില്ല. തന്‍റെ ഭൂതകാലം പോലും പീഡന കാലങ്ങള്‍ക്കിടയിലെപ്പോഴോ മാഞ്ഞുപോയിരുന്നു.

വഴിവക്കില്‍ കാത്തുകിടന്ന റിക്ഷാവാല റയില്‍വേ സ്റ്റേഷന്‍ എന്ന് വിളിച്ചു കൂവി. തനിക്ക് തിടുക്കമില്ല. നടക്കുക തന്നെ. ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് ബാഗിലെ പുസ്തകങ്ങള്‍ക്കുള്ളില്‍ സെല്ലിലെ ചാറ്റര്‍ജി രഹസ്യമായി തിരുകി വെച്ചുതന്ന വിലാസം ഒരാവര്‍ത്തി കൂടി നോക്കി. സുഖ്ദേവ് ത്രിപാഠി ബംഗാളിലെ ഏതോ കുഗ്രാമത്തിലാവാം. പുസ്തകം തിരികെ വെക്കുമ്പോള്‍ അതില്‍ മടക്കി സൂക്ഷിച്ചിരുന്ന മഞ്ഞനിറമുള്ള വര്‍ഷങ്ങള്‍ പഴകിയ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ ചെറിയ കോളം തലക്കെട്ട്‌ ഒരാവര്‍ത്തികൂടി വായിക്കാതിരിക്കാനായില്ല.


"മാവോയിസ്റ്റ്‌സ് ഓപ്പറേഷന്‍ നിയര്‍ കേരളാ ഫോറസ്റ്റ്, വണ്‍ ഷോട്ട് ഡെഡ് വൈല്‍ എസ്കെപ്പിംഗ്"

ഇലപൊഴിച്ച വേനല്‍മരങ്ങള്‍ക്കിടയിലൂടെ വെയില്‍ ചിതറി വീണു. എന്‍റെ, അല്ല കൃഷ്ണന്റെ കണ്ണുകളിലെ തീയുടെ ചൂടില്‍ സൂര്യന്‍ തെല്ലുനേരം ചൂളിനിന്നു. വെള്ളി മേഘങ്ങള്‍ക്കിടയില്‍ ചിറകുള്ള ചെമ്പന്‍ കുതിരമേലിരുന്ന് അര്‍ജ്ജുനന്‍ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.

"വേഗം വരൂ സാരഥി, എണ്ണമറ്റ അശ്വങ്ങളെ പൂട്ടിയ നമ്മുടെ തേര്‍ തെളിക്കാൻ.”

***

11.9.12

സ്വപ്ന സഞ്ചാരികള്‍

അഞ്ചുമണി കഴിഞ്ഞു പത്തുമിനിറ്റ്. വാച്ചില്‍ നിന്നും തിടുക്കത്തില്‍ വിടുവിച്ചെടുത്ത് കണ്ണുകള്‍ കൂടുതല്‍ സൂക്ഷ്മതയോടെ ഞാനെന്‍റെ നേരമ്പോക്കിലേക്ക് തിരിച്ചുവച്ചു. 

താഴെ ഇന്‍റര്‍ലോക്ക് പതിച്ച പാത വക്കിലൂടെ ഉല്ലാസപൂര്‍വ്വം മൊബൈലില്‍ സല്ലപിച്ചു നീങ്ങുന്ന ചെറുപ്പക്കാരന്‍ ഇന്നും കൃത്യ സമയത്തുതന്നെ! 


എല്ലാ പ്രവര്‍ത്തി ദിവസവും ഇഴഞ്ഞുനീങ്ങുന്ന വൈകുന്നേരങ്ങളില്‍  എട്ടാം നിലയിലെ ഓഫീസ്‌ കസേരയുടെ മടുപ്പിക്കുന്ന ചൂട്‌ വലിച്ചെറിഞ്ഞ്‌, ആവിപറക്കുന്ന ഒരു കപ്പ് ടര്‍ക്കിഷ് കാപ്പിയുടെയും ചുണ്ടോടു ചേര്‍ന്നെരിഞ്ഞു തീരുന്ന മാള്‍ബറോ സിഗരറ്റിന്‍റെയും ചവര്‍പ്പ് ഒരുപോലെ ആസ്വദിച്ച്‌, ബാല്‍ക്കണിയെ പൊതിഞ്ഞു സംരക്ഷിച്ചിരിക്കുന്ന ചില്ലു ജാലകത്തിലൂടെ താഴെ ഒഴുകുന്ന നിരത്തുകളെ നിരീക്ഷിക്കുക എന്‍റെ ഇഷ്ടവിനോദമാണ്. അലാറമില്ലാത്ത, പ്രോഗ്രാമിംഗ് ചെയ്യാത്ത എന്നിലെ യാന്ത്രികത ആ കൃത്യത്തില്‍ ഇന്നേവരെ വിലോപം വരുത്തിയിട്ടില്ല. പ്രസ്തുത ദിനചര്യയുടെ നാഴികകള്‍ക്ക് പോലും തെല്ലും മാറ്റമില്ല എന്നതാണ് അത്യത്ഭുതം!!

മനുഷ്യന്റെ പ്രവര്‍ത്തികളും മനോവിചാരങ്ങളും ഈശ്വരന്‍!. മുകളില്‍ നിന്ന് വീക്ഷിക്കുന്നു എന്ന്‍ കേട്ടറിഞ്ഞ നാള്‍മുതല്‍ തുടങ്ങിയതാണ് ഉയരത്തില്‍ നിന്നുള്ള എന്‍റെയീ ഭൌമനിരീക്ഷണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വ്യോമ പാതക്ക് അരികിലായി അടുക്കിവെച്ചിരിക്കുന്ന ചത്വരളെല്ലാം ഉയര പരിധി നിഷ്കര്‍ഷിക്കപ്പെട്ടവയാകയാല്‍ വിദൂരതയിലേക്ക് നീളുന്ന നിരത്തും പായുന്ന വണ്ടികളും ഇടമുറിയാതെ ഓഫീസ്‌ കെട്ടിടത്തില്‍നിന്ന് ദൃശ്യമാണ്. മറ്റു നഗരങ്ങളില്‍നിന്നും വിഭിന്നമായ ഉഷ്ണ പ്രകൃതിയുള്ളതുകൊണ്ടാവാം മരുഭൂമിയുടെ ഭാവമാറ്റങ്ങളോട് സൗഹൃദം പുലര്‍ത്താനാവാതെ നിരത്തുകളില്‍ കാല്‍നടക്കാര്‍ വിരളമാണ്. വിരസമായ എന്‍റെ താവളത്തില്‍നിന്നു വീക്ഷിക്കുമ്പോള്‍ വീണുകിട്ടുന്ന അപൂര്‍വം മനുഷ്യര്‍ക്കിടയില്‍ നിന്നും ഞാന്‍ തിരഞ്ഞുപിടിച്ചതാണ് ഇരുപത്തെട്ടിനടുത്തു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനെ! 

ഇത് ഒരു രോഗമാണോ അതോ സിദ്ധിയാണോ എന്നൊന്നും ആലോചിച്ചു ഞാന്‍ തലപുകയാറില്ല. താഴെ കടന്നുപോകുന്ന വഴിയാത്രികരുടെ മനോവിചാരങ്ങളും മൊബൈല്‍ സന്ദേശങ്ങളും അന്തരീക്ഷത്തില്‍ ഈയാംപാറ്റകളെ പോലെ പാറിനടക്കുന്നു.  ഏകാന്ത സഞ്ചാരികളുടെ മുഖഭാവം നോക്കി വായിക്കുക എനിക്കേറ്റം ഇഷ്ടമുള്ള സംഗതിയാണ്. വിരഹ വേദനയുള്ളവര്‍, വ്യാധികളെക്കുറിച്ച് ആധിയുള്ളവര്‍, സാമ്പത്തിക പരാധീനതയുടെ ഭീതിയിലകപ്പെട്ടവര്‍, പൂര്‍ത്തിയാക്കാനാവാതെ ശേഷിച്ച ജോലി ഭാരത്തെക്കുറിച്ച് ചിന്തിക്കുന്നവര്‍.. തുടങ്ങി പലരുമുണ്ട്. അവരുടെ ചിന്തകള്‍ പ്രാണികളെപ്പോലെ തലക്കു ചുറ്റും വട്ടമിട്ടു പറക്കുന്നത് എനിക്കു കാണാം. എന്നിലെ "ദീര്‍ഘദൃഷ്ടി" ചൂഴ്ന്നിറങ്ങി കഴിഞ്ഞ കുറേക്കാലമായി തോന്നലുകളുടെ ലബോറട്ടറിയില്‍ പരീക്ഷണവിധേയനായ ഈ ചെറുപ്പക്കാരനെക്കുറിച്ചുള്ള അനാലിസിസ്‌  ഞാന്‍ നിങ്ങളോട് പങ്കുവെയ്ക്കാം.


അഞ്ചുമണിക്കായി അക്ഷമനായി കാത്തിരുന്ന്‌, വാതിലുകള്‍ തള്ളിത്തുറന്ന്‌ പുറത്തേക്ക് പ്രസരിപ്പോടെ നടന്നടുക്കുന്ന അയാള്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് ഒരു പെണ്കുട്ടിയോടാണ് എന്നത് തീര്‍ച്ച. കഴിഞ്ഞ ഒരാഴച്ചകൊണ്ട് അയാളില്‍ വന്ന പ്രകടമായ മാറ്റവും അതുതന്നെയാണ്. രണ്ടു വാരം മുന്‍പുള്ള മുഴുവന്‍ പ്രവര്‍ത്തി ദിനങ്ങളിലും നിരത്തില്‍നിന്ന് അയാള്‍ അപ്രത്യക്ഷനായത് നാട്ടില്‍ പോയിരുന്നതിനാലാവാം. അവിടെയുള്ള ഏതോ പെണ്‍കുട്ടിയുമായി വിവാഹനിശ്ചയം നടക്കുകയോ പ്രേമബന്ധത്തില്‍ അകപ്പെടുകയോ ചെയ്തിരിക്കണം. മാന്യമായി വസ്ത്രധാരണം ചെയ്ത ചെറുപ്പകാരന്റെ പ്രായവും പക്വമായ പെരുമാറ്റവും മുഖഭാവവുമെല്ലാം വെറും ഒരാഴ്ച പ്രായമായ പ്രണയപരവശനായ കാമുകനേക്കാള്‍ പ്രതിശ്രുത വധുവിനോട് പ്രതിപക്ഷ ബഹുമാനത്തോടെ സല്ലപിക്കുന്ന വരനോട് താദാത്മ്യപ്പെട്ടിരുന്നു. ഈയൊരു ജീവിതാവസ്ഥയിലൂടെ കടന്നുപോയവര്‍ക്ക് ഇനി മുന്നോട്ട് ഊഹിക്കുവാന്‍ എന്‍റെ അനാലിസിസിന്‍റെ ആവശ്യമില്ല. 

ജരാനരകളോട് സന്ധിചെയ്ത ഈ നാല്പതുകളിലും പന്ത്രണ്ടു വര്ഷം പിന്നോക്കം നടന്ന്‌ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കാന്‍ പ്രതീക്ഷയോടെ കാത്തിരുന്ന എന്നിലെ പ്രതിശ്രുത വരനെ ഞാന്‍ മറന്നിട്ടില്ല. പ്രേമം എന്ന വാക്കിനോട് സമൂഹത്തിന് അന്നുമിന്നും പിന്തിരിപ്പന്‍ മനോഭാവമാണെങ്കിലും വിവാഹത്തിനു തൊട്ടുമുന്പെങ്കിലും കടുത്ത പ്രണയവിരോധികളും കഠിനഹൃദയരും   ഇണക്ക് അനുയോജ്യമായ അച്ചിലേക്ക് മെഴുകുപോലെ വാര്‍ന്നൊഴുകി രൂപാന്തരപ്പെടുന്നന്നത് സുഖമുള്ളൊരു കാഴ്ചയാണ്. 

എങ്കിലും വിവാഹാനന്തര പ്രണയത്തേക്കാള്‍ തീഷ്ണതയും ജിജ്ഞാസയും കമിതാക്കള്‍ക്കാണോ? അത് ഒരു ഗര്‍ഭിണിയുടെ പ്രതീക്ഷാവഹമായ കാത്തിരിപ്പിനോടും അതിനുശേഷമുള്ള ജീവിതാവസ്ഥയോടും തുലനം ചെയ്യുംപോലെയാണ്‌..!,!

ആ ചെറുപ്പക്കാരനെ വിട്ട് അല്‍പനേരം ഞാന്‍ നിങ്ങളിലേക്ക് ചൂഴ്ന്നിറങ്ങട്ടെ സുഹൃത്തേ.......?

ഒരു സുന്ദരസുദിനത്തില്‍ പ്രിയപ്പെട്ടൊരു കൂട്ട് കണ്ടെത്തിയതോടെ നിങ്ങളിലെയും ക്രിയാത്മകത ഉണര്‍ന്നില്ലേ?

വിഷാദം വലിച്ചെറിഞ്ഞ് തെളിമയാര്‍ന്ന തുറിച്ച കണ്ണുകളോടെ ഇതുവരെ കാണാത്ത ലോകത്തിന്‍റെ സൌന്ദര്യം നിങ്ങള്‍ ഉറ്റുനോക്കിയില്ലേ? 

ഒരു പെണ്‍കുട്ടിയുടെ കാല്‍കീഴില്‍ മുട്ടുകുത്തി നമ്രശിരസ്കനായി കയ്യില്‍ നീട്ടിപ്പിടിച്ച ചുവന്ന റോസാപ്പൂവ് നല്കുമ്പോള്‍ യുവാവേ, ഇന്നലെവരെ കൂടെയുണ്ടായിരുന്ന നിന്‍റെ "നീയെന്ന ഭാവം" ഊര്‍ന്നുവീണത് എവിടെയാണ്? 

വിഷാദത്തിന്റെയും ഏകാന്തതയുടെയും മൂകമായ തടവറകളിലിരുന്നവര്‍ മണിക്കൂറുകള്‍ നിമിഷാര്‍ദ്ധങ്ങളാക്കി എന്തിനെപ്പറ്റിയാണ് ഇത്ര വാചാലരാകുന്നത്‌? 

കലയും കാമവും ഉള്‍പടെ അറിഞ്ഞതും അറിയാത്തതുമായ ആഗോള വിഷയങ്ങളില്‍ സംവദിച്ചു തീര്‍ക്കാന്‍ ഇനി ഏത് ബാക്കിയുണ്ട്? 

ഓഫീസില്‍നിന്ന്‌ തിടുക്കത്തില്‍ പുറത്തേക്കിറങ്ങാന്‍, മറ്റുള്ളവരില്‍ നിന്നകന്ന്‍  സ്വകാര്യതയിലേക്ക് ഊളയിടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്താണ്?

ഉറക്കമുണരുമ്പോള്‍ മുതല്‍ ഇരവോളം പറഞ്ഞു പഴകിയിട്ടും വിട്ടുപോകാതിരിക്കാന്‍ ഫോണില്‍ തലപ്പത്ത് വീണ്ടും കടിച്ചു തൂങ്ങിക്കിടക്കുന്ന നിങ്ങളിലെ സംസാരപ്രിയം എന്നാണു തുടങ്ങിയത്? 

ജീവിതത്തെയും ഭാവിയെയും കുടുംബത്തെയും കുട്ടികളെയും കുറിച്ച് എന്തൊക്കെ നിറമാര്‍ന്ന സ്വപ്നങ്ങളാണ് നിങ്ങള്‍ നെയ്തുകൂട്ടിയത്?

പ്രണയം അങ്ങനെയാണ്!! പെയ്തൊഴിയാത്ത മഴയില്‍ കുടചൂടി ചുറ്റുമുള്ളതൊന്നും ഗൌനിക്കാതെ കുളിരിന്‍റെ കൈപിടിച്ച് നടന്നുപോകുന്നവരെപ്പോലെ............................  

എന്‍റെ ദൃഷ്ടികള്‍ അപ്പോഴും ഋജുവായൊരു രേഖപോലെ ആ ചെറുപ്പക്കാരനെ പിന്തുടര്‍ന്നിരുന്നു. നാലുവരിപ്പാതയുടെ സിഗ്നലില്‍ റോഡിനു കുറുകെ കൊറിയിട്ടിരിക്കുന്ന സീബ്രാലൈനിനു മദ്ധ്യത്തില്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ട് പരിസരം മറന്ന്‌ അയാള്‍ എങ്ങോട്ടാണ് പോകുന്നത്!!? 



ഏയ്‌!, സുഹൃത്തേ.....കാല്‍നട യാത്രക്കാര്‍ക്കുള്ള സിഗ്നല്‍ ഇപ്പോള്‍ ചുവപ്പാണ് വേഗം!! വേഗം!! ഒരല്പം ശ്രദ്ധിക്കൂ........നിങ്ങളുടെ സുവര്‍ണ്ണ സ്വപ്നങ്ങള്‍ കോര്‍ത്ത ചരടിന്‍റെ ഒരറ്റം അങ്ങ് അകലെയാണ്.

"പാഞ്ഞടുക്കുന്നു പതിനായിരം അക്ഷൌഹിണിപ്പട അവര്‍ എന്‍നേര്‍ക്ക്‌ അമ്പുകള്‍ തൊടുക്കുന്നു" കവിതയിലെ വരികള്‍ മുന്‍പെങ്ങോ കണ്ടൊരു ഹോളിവുഡ് ചിത്രത്തിലെ അവസാനരംഗം പോലെ കണ്മുന്‍പില്‍ കാണുകയാണോ?!! 

പച്ചവെളിച്ചം തെളിഞ്ഞ സിഗ്നലില്‍നിന്നും അണപൊട്ടിയ വെള്ളംപോലെ ഒഴുകി വരുന്ന വാഹനങ്ങള്‍!,! ഈശ്വരാ!!!!!

മൂന്നു കരണം മറിഞ്ഞ് മേല്‍പോട്ടുയര്‍ന്ന എന്തോ ഒന്ന് മുഖമടിച്ചു റോഡിലേക്ക്‌ വീഴുന്നത് കണ്ടു ഞാന്‍ കണ്ണുകള്‍ മുറുക്കിയടച്ചു! വിരലുകള്‍ക്കിടയിലിരുന്ന് എരിഞ്ഞുതീര്‍ന്ന സിഗരറ്റിന്റെ ചൂട് അറിയാനാവാത്തവിധം ഉള്ളം പൊള്ളിയിരുന്നു!! 

കാതുകളില്‍ നിര്‍ത്താത്ത ഹോണടി ശബ്ദം ഇപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കുന്നു.........          

5.3.12

പിന്‍വിളി

പുലര്‍ച്ചക്കോഴി കൂവും മുന്‍പേ കോളിംഗ്ബെല്ലിലെ കിളി ചിലച്ചു.
നേരം പരപരാ വെളുത്തു വരുന്നതേയുള്ളൂ. നീന  നിദ്രാലസ്യത്തോടെ നിവര്‍ത്തിയില്ലാതെ പൂമുഖ വാതിലിനടുത്തെക്കു നടന്നു.

ജോണി!!......അവളുടെ പ്രിയ ജോണി.

ഒരു നിമിഷംകൊണ്ട് ഉറക്കച്ചടവുകള്‍ ഉണര്‍വിലെയ്ക്ക് വഴിമാറി. അയാളങ്ങനെയാണ്. പലപ്പോഴും നിനച്ചിരിക്കാതെ എത്തി അവള്‍ക്ക്‌ ആകസ്മിക സന്തോഷങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. വിവാഹ വാര്‍ഷികത്തിന്, ക്രിസ്മസ് രാത്രിയില്‍, കുട്ടികളുടെ പിറന്നാള്‍ ദിനത്തില്‍ അങ്ങനെയങ്ങനെ......
എങ്കിലും പ്രത്യേകിച്ച് വിശേഷ ദിവസങ്ങളോന്നും അരികില്‍ ഇല്ലാത്തതിനാല്‍ ഈ വരവ് ഒട്ടും പ്രതീക്ഷിച്ചില്ല. ആ മാറോട് പറ്റിനില്‍ക്കുമ്പോള്‍ അവളോര്‍ത്തു.

"കുട്ടികള്‍ക്കും ഒരു വലിയ സര്‍പ്രൈസ് ആകും. അവന്‍മ്മാര്‍ക്കുള്ള ചോക്ലെറ്റ്സ് ഇങ്ങേടുക്കട്ടെ" വാതില്‍ വലിച്ചടച്ച് അവള്‍ ബാഗ് ജോണിയുടെ കയ്യില്‍നിന്നും വാങ്ങി.

"ഈ ബാഗ് മാത്രമേയുള്ളൂ?" അവള്‍ക്കു സംശയം.

"അതെ. വാരി വലിച്ചോന്നും വാങ്ങാന്‍ സമയം കിട്ടിയില്ല. ബാഗുപോലും എയര്‍പോര്‍ട്ട് ഡ്യുട്ടി ഫ്രീയില്‍ നിന്നാണ്."

നീന ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക്‌ നോക്കി.

ദുബായില്‍നിന്നും വെളുപ്പിനെ മൂന്നു മണിക്കുള്ള എമിരേറ്റ്സ് ഫ്ലൈറ്റില്‍ കൊച്ചിയിലെത്തി, അവിടുന്നൊരു ടാക്സിപിടിച്ച് വീട്ടിലെത്തുന്ന വരെയും ചിന്തകള്‍ എങ്ങോട്ടാണ് പായുന്നത് എന്നതിനുത്തരം ഇപ്പോഴും അയാള്‍ക്കറിവില്ല. എങ്കിലും ഒരു കാര്യത്തില്‍ സമാധാനം, തന്റേത് വിവേകമതിയായ ഭാര്യയാണ് എന്നതാണ്. അതുകൊണ്ടാണ് അനാവശ്യ ചോദ്യങ്ങളില്‍ ചിന്താമണ്ഡലം ചൂടുപിടിപ്പിച്ച് അത് പൊട്ടിത്തെറിക്കാന്‍ ഇടയാവാത്തത്. ഷവറില്‍നിന്നും തണുത്ത വെള്ളം തലയില്‍ അരിച്ചിറങ്ങുമ്പോള്‍ ജോണി ആശ്വസിച്ചു.

ബ്രേക്ഫാസ്ടു കഴിഞ്ഞു. കുട്ടികള്‍ സ്കൂളില്‍ പോയി. അയാള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. അത് സാധാരണ പതിവില്ലാത്തതാണ്. വീട്ടിലെത്തിയാല്‍ പിന്നെ എത്ര വര്‍ത്തമാനങ്ങളും വിശേഷങ്ങളും കേട്ടാലും മതിവരാതെ തന്‍റെ പിന്നാലെ കൂടി അടുക്കളയിലും തൊടിയിലും കുട്ടിയെപ്പോലെ കൂടെ നടക്കുന്നയാളാണ്. ഈ സാഹചര്യത്തില്‍ തന്നെപ്പോലെ മറ്റു ഗള്‍ഫുകാരുടെ ഭാര്യമാര്‍ ചിന്തിക്കാവുന്നത് ജോലി നഷ്ടപ്പെട്ട് ടെര്‍മിനേഷന്‍ ലെറ്റര്‍ കിട്ടിയ പാടെ മുന്നറിയിപ്പൊന്നും കൂടാതെ നാട്ടിലേയ്ക്ക് പോന്നതാവാം എന്നാണ്‌.... പക്ഷേ ജോണി ദുബായില്‍ സ്വന്തമായി ഫര്‍ണിച്ചര്‍ ബിസ്സിനെസ് നടത്തുന്നു. "ജോണീസ് മാസ്റ്റര്‍ ക്രാഫ്റ്സ്‌" അവിടെയും നാട്ടിലും മോശമല്ലാത്ത പേരുള്ള കമ്പനി തന്നെയാണ്. വല്ല ഷിപ്മെന്റ് പ്രോബ്ലമോ, ഓര്‍ഡര്‍ റിജക്റ്റ് ആയതോ ആവട്ടെ, നന്നായൊന്ന് ഉറങ്ങിക്കഴിയുമ്പോള്‍ ഒക്കെ ശരിയാവും. നീനയും സമാധാനിച്ചു.

അവളുടെ ആത്മഗതം പോലെ ഉണര്‍ന്നപ്പോള്‍ ആള്‍ തെല്ലുഷാറായി. മുഖത്ത് പതിവ് പുഞ്ചിരി വിരിഞ്ഞു. എങ്കിലുമെന്തോ അലട്ടുന്നുണ്ട് എന്നുറപ്പ്‌...... റിമോട്ടില്‍ വിരലുകളും ടി.വിയില്‍ ന്യൂസ്‌ ചാനലുകളും അക്ഷമരായി ഓടിക്കളിക്കുന്നു. വൈകുന്നേരവും കുട്ടികളുടെ മുന്പിലും ഇല്ലാത്ത സിഗരറ്റുവലി ലേശം കലശലായോ എന്നും സംശയം. സമാന സാഹചര്യങ്ങളില്‍ ഒരു ഭാര്യ എങ്ങനെ പെരുമാറണമെന്നതില്‍ അവള്‍ക്ക് നല്ല ബോദ്ധ്യമുണ്ട്. വല്ലാത്ത മാനസിക സമ്മര്‍ദം അനുഭവിക്കുമ്പോഴോ കോപാകുലനായി നില്‍ക്കുമ്പോഴോ പുരുഷപ്രജകളെ ഉപദേശങ്ങളാലും ചോദ്യശരങ്ങളാലും വലയ്ക്കരുത്. ഒക്കെയൊന്ന് തണുത്ത്‌ താനേ തിരികെവന്നു മണി മണി പോലെ സകലതും ഭാര്യയോട് പറയും. അല്ലാതെ എവിടെപ്പോകാന്‍? അതിനല്പം ക്ഷമ കാണിക്കുകയാണ് ബുദ്ധി. ആ രാത്രി അങ്ങനെയങ്ങ് പോയി.

അതിരാവിലെ ഉണര്‍ന്നപ്പോള്‍ പത്രം അരിച്ചു പെറുക്കുന്ന ജോണിയെ ഉമ്മറക്കസേരയില്‍ കണ്ടു. പിന്നീട് തിടുക്കത്തില്‍ കുളിച്ചൊരുങ്ങി അത്യാവശ്യമായി ഒന്നുരണ്ടിടങ്ങളില്‍ പോകാനുണ്ടെന്നു പറഞ്ഞ് വണ്ടിയുമായി ഇറങ്ങി.

ഇടക്ക് പലതവണ മൊബൈലില്‍ വിളിച്ചു നോക്കിയെങ്കിലും "തിരക്കിലാണ് അങ്ങോട്ടു വിളിക്കാം" എന്ന മറുപടി. അന്ന് വൈകുന്നേരം വീട്ടിലെത്താന്‍ കഴിയില്ലെന്നും തിരുവനന്തപുരത്തും കൊച്ചിയിലും അത്യാവശ്യമായി പോകേണ്ടതുണ്ടെന്നും ഇന്ത്യന്‍ എംബസിയിലും പ്രവാസികാര്യ മന്ത്രിയുടെ ഓഫീസിലും, അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും മറ്റും കാണാന്‍ രാഷ്ട്രീയ ബന്ധങ്ങളുള്ള സുഹൃത്തുമായി തിരക്കിട്ട് ഓടി നടക്കുകയാണെന്നും വിളിച്ചറിയിച്ചു. പിറ്റേന്നു വൈകുന്നേരവും വീട്ടിലെത്താമെന്ന ഭാര്യയോടുള്ള വാക്കു പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാലാംനാള്‍ പാതിരാത്രിയില്‍ എപ്പൊഴോ അയാളെത്തി.

നേരം ഒരുപാട് പുലര്‍ന്നിട്ടും തളര്‍ന്നുറങ്ങുന്ന അയാളെ ശല്യപ്പെടുത്താതെ ആറിയ കാപ്പിക്ക് കൂട്ടായി നീനയിരുന്നു. ഉണര്‍ന്നപ്പോള്‍ അതു പ്രസരിപ്പുള്ള അവളുടെ ജോണിയായിരുന്നു. അയാളുടെ മുഖത്തുണ്ടായിരുന്ന മ്ലാനത ഉറക്കത്തില്‍ എവിടെയോ നഷ്ടപ്പെട്ടു പോയതിലെ സന്തോഷം അവളറിഞ്ഞു. അയാളവളുടെ കൈവിരലുകളില്‍ കൈകോര്‍ത്തു പിടിച്ചുകൊണ്ട് പറഞ്ഞു.

"ചില കാര്യങ്ങള്‍ അത്യാവശ്യമായി ചെയ്തു തീര്‍ക്കാനുണ്ടായിരുന്നു. ഇനിയും പലതും ബാക്കിയുണ്ട്. വളരെ പ്രധാനപ്പെട്ടൊരു സാമ്പത്തിക ഇടപാട് വളരെക്കുറച്ചു സമയത്തിനുള്ളില്‍ പരിഹരിക്കാനുണ്ട്. നമ്മുടെ കൊച്ചിയിലെ സ്ഥലവും ഫ്ലാറ്റും വില്‍ക്കേണ്ടി വന്നു. ഈ വീടും, റബര്‍ തോട്ടവും പറഞ്ഞ തുകക്ക് ഇടപാടായിട്ടുണ്ട്, മറ്റൊരു വാടക വീട് ഞാന്‍ ശരിയാക്കിയിട്ടുണ്ട്. ഉടനെതന്നെ അങ്ങോട്ട്‌ മാറണം. ബാക്കി കാര്യങ്ങളൊക്കെ സുഹൃത്തിനോടു പറഞ്ഞേല്‍പ്പിച്ചിട്ടുണ്ട്. എനിക്ക്.........നാളെത്തന്നെ തിരികെപ്പോണം!"

സ്ഥബ്ധയായി അതു കേട്ടുനില്ക്കുമ്പോള്‍ ഒരായുസ്സ്കൊണ്ട് ഉണ്ടാക്കിയത് സകലതും വിറ്റു തുലയ്ക്കാനും മാത്രം എന്ത് നഷ്ടമാണുണ്ടായതെന്ന് ചോദിച്ചു പൊട്ടിത്തെറിക്കണം എന്നുണ്ടായിരുന്നു. പക്ഷേ താന്‍ ലോകത്തുള്ള മറ്റു ഭാര്യമാരെ പോലെയല്ല. ജോണിയെ നന്നായറിയാം. ആ കവിളിലെ കണ്ണുനീര്‍ തുടച്ചത് അയാള്‍ തന്നെയായിരുന്നു.

പോകുന്ന അന്നു രാവിലെ പതിവില്ലാതെ കുടുംബസമേതം ഇടവകപ്പള്ളിയില്‍ കുര്‍ബാന കണ്ടു. എയര്‍പോര്‍ട്ടിന്‍റെ ചില്ലുവാതില്‍ കടന്നു കണ്മുന്നില്‍നിന്നു മായുന്നതിനു മുന്‍പേ അയാള്‍ അവളോടു പറഞ്ഞു.

"അലമാര്യ്ക്കുള്ളില്‍ ഇന്നലെ ഞാനിട്ട ഷര്‍ട്ടിന്റെ കീശയില്‍ ഒരു കുറിപ്പുണ്ട്. നോക്കാന്‍ മറക്കേണ്ട"

പാഞ്ഞു വീട്ടിലെത്തുന്ന വരെ അതിലെന്താണ് എന്നറിയാനുള്ള ജിജ്ഞാസയായിരുന്നു അവള്‍ക്ക്. വെള്ളക്കടലാസില്‍ അപരിചിതമായ ഒരു അഡ്രെസ്സ് കുറിച്ചിട്ടിരുന്നു.

"ഷൌക്കത്ത് അലി
പുതിയപറമ്പില്‍ വീട്
നിയര്‍ അങ്ങാടിപ്പുറം ടെമ്പിള്‍
മലപ്പുറം."

 സമയയം പോലെ ഇവിടെവരെ ഒന്നു പോകണം. അവന് ഉമ്മയും ഒരു കുഞ്ഞു പെങ്ങളും മാത്രമേയുള്ളൂ"

കൂടെ അടുത്ത നാളിലെ പത്രത്തില്‍നിന്നും കീറിയെടുത്ത ഒരു കഷ്ണം വാര്‍ത്താക്കുറിപ്പും ഒപ്പംകണ്ട്, ഒന്നിന്റെയും അര്‍ത്ഥമറിയാതെ അവ കൂട്ടിവായിക്കാന്‍ അവള്‍ തത്രപ്പെടുമ്പോള്‍, എയര്‍പോര്‍ട്ടില്‍ അവസാന ഗേറ്റിന്‍റെമുന്‍പിലെ സന്ദര്‍ശക കസേരയിലിരുന്ന് അയാളുടെ ചിന്തകള്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലേയ്ക്ക് മടങ്ങി.

താനന്നു മദ്യപിച്ചിരുന്നില്ല. അലൈനിലുള്ള സുഹൃത്തിന്റെ മകളുടെ ബര്‍ത്ത്ഡേ പാര്‍ടി കഴിഞ്ഞ് പോരുന്ന വഴി തന്‍റെ കൂടെക്കൂടിയ ചങ്ങാതിമാരെയൊക്കെ അവരവരുടെ വസതികളിലില്‍ ഇറക്കിവിട്ട്, നേരം ഒരുപാട് ഇരുട്ടിയതിനാല്‍ തിടുക്കത്തില്‍ ഈന്തപ്പനകളുടെ ഇടയിലൂടെയുള്ള ചിരപരിചിതമല്ലാത്ത ഒരു ക്രോസ്കട്ട് റോഡ്‌ വഴി പ്രധാന ഹൈവേ ലക്ഷ്യമാക്കി പായുന്നതിനിടെ അപ്രതീക്ഷിതമായി ഓവര്‍ സ്പീഡ്‌ ക്യാമറയുടെ കൊള്ളിയാന്‍ പോലത്തെ ഫ്ലാഷ് മിന്നി. ആ ഞെട്ടലില്‍ നിന്ന് മുക്തിയാവുന്നതിനു മുന്‍പേ മിന്നായംപോലെ എന്തോ ഒന്ന് വണ്ടിയില്‍ തട്ടിത്തെറിച്ചു. പെട്ടെന്ന് ഇറങ്ങിനോക്കി. ആ കാഴ്ച കണ്ട് തലകറങ്ങി. പാത വിജനമാണ്. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. പിന്നൊന്നും നോക്കിയില്ല. ശര വേഗത്തില്‍ പാഞ്ഞ വണ്ടി നിര്‍ത്തിയത് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ പാര്‍ക്കിങ്ങിലാണ്.

തിടുക്കത്തിനിടെ മറന്നിട്ട പാസ്പോര്‍ട് തിരികെവന്ന് അലക്ഷ്യമായ ഡാഷ്ബോര്‍ഡിനുള്ളില്‍ നിന്ന് ചികഞ്ഞെടുത്ത്, അച്ഛന്‍ മരിച്ചതിനാല്‍ അത്യാവശ്യമായി നാട്ടില്പോകാന്‍ ഏതെങ്കിലും ഫ്ലൈറ്റില്‍ ടിക്കറ്റ് വേണം എന്നാവശ്യപ്പെട്ട് അപ്പോള്‍ തന്നെ അവിടം വിടുമ്പോള്‍ മനസിന്‍റെ വേവലാതികളില്‍ നിന്നും ഒട്ടും രക്ഷപെട്ടിരുന്നില്ല. വീട്ടിലെത്തിയിട്ടും ഉള്ളം സ്വസ്ഥമാകുമോ? പത്രത്തില്‍ ആ വാര്‍ത്ത കണ്ടതും ഉള്ളിന്റെയുള്ളിലെ കുറ്റബോധം കൂടുതല്‍ ശക്തിയായി. എല്ലാറ്റില്‍ നിന്നും ഒളിച്ചോടാന്‍ താന്‍ അത്രമാത്രം കഠിന ഹൃദയമുള്ള ഒരാളല്ലല്ലോ!

ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. അത് നീനയാണ്!

ആന്‍സര്‍ ബട്ടന്‍ അമര്‍ത്തിയിട്ടും ഒരു തേങ്ങല്‍ മാത്രമേ അവളില്‍നിന്നും കേള്‍ക്കാനുള്ളൂ, ജോണിയാണ് സംസാരിച്ചത്.

"അലൈനിലെ ഈന്തപ്പനതോട്ടത്തില്‍ ജോലിക്കാരനായ ഷൌക്കത്ത് മരണപ്പെട്ടത് എന്‍റെ കാറിടിച്ചാണ്. ഒരു കൈയ്യബദ്ധം! ആര്‍ക്കും പറ്റാവുന്നത്. വിധി അവിടെ എന്‍റെ രൂപത്തിലായിരുന്നു. അതിനു വ്യക്തമായ തെളിവുകളുണ്ട്. ആ സമയത്ത് ക്യാമറയില്‍ പതിഞ്ഞ എന്‍റെ മുഖം, കാര്‍ എയര്‍പോര്ട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ചോരപ്പാടുകളോടെ കണ്ടെടുക്കാം, എന്‍റെ ടിക്കറ്റ്, യാത്ര....... എല്ലാമെല്ലാം ഒരു കൊലപാതകത്തിലുള്ള എന്‍റെ പങ്കിനെ മറക്കാനാവാത്ത രേഖകളാണ്.

അവിടുന്ന് രക്ഷപെട്ടോടിവന്നിട്ടും എന്‍റെ മനസാക്ഷിയുടെ മുന്നില്‍നിന്നും മറഞ്ഞിരിക്കാന്‍ തക്കവണ്ണം ഞാന്‍ അത്ര ക്രൂരനാണോ? ഒത്തിരിയാലോചിച്ചു. ജീവന്റെ വിലയായ ബ്ലഡ്‌ മണി* സകലതും വിറ്റ് സംഘടിപ്പിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു ഇതുവരെ. ഷൌക്കത്തിന്‍റെ വീട്ടില്‍ പോയി, അവര്‍ക്കെന്നെ മനസിലാക്കാന്‍ പറ്റി. സര്‍ക്കാന്‍ സംബന്ധമായ എല്ലാ സഹായങ്ങളും ഞാന്‍ അഭ്യര്തിച്ചിട്ടുണ്ട്. ദുബായില്‍ സുഹൃത്തുക്കളും സ്പോന്സരും എന്‍റെ സഹായത്തിനുണ്ട്. എങ്കിലും വിമാനമിറങ്ങുമ്പോള്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം........

എന്തു തന്നെയായാലും ആ വിധി ഞാന്‍ മനസാ സ്വീകരിച്ചു കഴിഞ്ഞു. ബാക്കിയൊക്കെ ദൈവത്തിലര്‍പ്പിക്കുന്നു. എങ്കിലല്ലേ നാളെ ഞാന്‍ മടങ്ങി വന്നാല്‍ നമ്മുടെ കുട്ടികള്‍ക്ക് നന്മകള്‍ പറഞ്ഞു കൊടുക്കാന്‍, നല്ലോരപ്പനായിരിക്കുവാന്‍, ഉള്ളു തുറന്ന് നിന്നെ സ്നേഹിക്കുന്ന ജോണിയായി എന്നും ജീവിക്കുവാന്‍ എനിക്ക് പറ്റുകയുള്ളൂ......."

പാസ്സെഞ്ചേര്‍സ് യുവര്‍ അറ്റെന്ഷന്‍ പ്ലീസ്...............
വിമാനത്തിലെയ്ക്ക് കയറാനുള്ള അവസാന അറിയിപ്പ് മുഴങ്ങി.

*****

ബ്ലഡ്‌ മണി:- ഗള്‍ഫ്‌ രാജ്യങ്ങളിലെ ഷരിയാ നിയമപ്രകാരം വണ്ടിയിടിച്ചു മരിക്കുന്നയാളുടെ കുടുംബത്തിന് വാഹനം ഓടിച്ചയാള്‍ കോടതിവിധിയനുസരിച്ച് നല്‍കേണ്ടിവരുന്ന തുകയാണ് ബ്ലഡ്‌ മണി അഥവാ ജീവന്‍റെ വില. ഇത് ചിലപ്പോള്‍ ലക്ഷങ്ങളോ കൊടികളോ ആയതിനാല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തും. ആ സാഹചര്യത്തില്‍ ഇത്രയും വലിയതുക ആരും കൊടുക്കനില്ലാത്തതിനാല്‍ ഡ്രൈവര്‍ ആജീവനാന്തം ജയിലില്‍ കിടക്കേണ്ടിവരും.

22.9.11

ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം......



ഇത്തവണയും അതുതന്നെ സംഭവിച്ചു. കൃഷി നഷ്ടം!


കഴിഞ്ഞ മൂന്നു തവണയായി പ്രത്യാശിക്കുന്നു; അടുത്ത തവണ ഞാന്‍ നേടും, എല്ലാ കടങ്ങളും വീട്ടും. പക്ഷേ ഭാഗ്യം കൂടെയില്ല അതാവാം സംഭവിച്ചത്. കര്‍ഷകന്‍ സമാധാനിച്ചു.


തനിക്ക്‌ പോയതോ പോട്ടെ. പക്ഷേ കടം വാങ്ങിയ കാശ്, അതു തിരികെ കൊടുക്കണം. അഭിമാനം വിട്ട് ഒരു കളിയുമില്ല.

ആലോചിച്ചപ്പോള്‍ ഒരു വഴി തെളിഞ്ഞു വന്നു. 
പറമ്പിലെ മരങ്ങള്‍ വിറ്റാല്‍ കാശു കിട്ടും, കാര്യം നടക്കും! 

ആലപ്പുഴയില്‍ നിന്നും മരക്കച്ചവടക്കാരന്‍ സേട്ട് മാസത്തിലൊരിക്കല്‍ വരാറുള്ളതുപോലെ ഇത്തവണയും വന്ന്‍ വിലപേശി പോയതാണ്. എങ്കിലും വില്‍ക്കാന്‍ മനസുവന്നില്ല. തന്‍റെ അച്ഛന്‍ നട്ടുവളര്‍ത്തിയ മൂവാണ്ടന്‍ മാവും വരിക്കപ്ലാവും തനിയെ കിളിര്‍ത്തുവന്ന ഒരു ആഞ്ഞിലിയുമാണ് വീട്ടുവളപ്പില്‍ ആകെ നല്ല നിലമരമായുള്ളത്. കഴിഞ്ഞ തവണ ഇവ മൂന്നിനുംകൂടി രൂപ ഇരുപത്തയ്യായിരം സേട്ട് പറഞ്ഞിട്ടും "കൊടുക്കുന്നില്ല" എന്ന് തറപ്പിച്ചു പറഞ്ഞും പോയി. കഷ്ടം!

ഇന്ന്‍ ആവശ്യക്കാരന്‍ താന്‍ ആയതിനാല്‍ അയാളെ ഫോണ്‍ ചെയ്തു വരത്തണം. പറഞ്ഞ തുകയുണ്ടെങ്കില്‍ ഏറെക്കുറെ കടം തീര്‍ക്കാം. വ്യാകുലമായ കര്‍ഷക മനസ്സ്‌ കണക്കു കൂട്ടിനോക്കി.


സേട്ട് പ്ലാവിനു ചുറ്റും രണ്ടുതവണ നടന്നു. കൈകൊണ്ടു തട്ടി നോക്കി. 

"പ്ലാവ്‌ വേണമെങ്ങില്‍ ഞാന്‍ എടുത്തോളാം. പതിനഞ്ചു ഉറുപ്പിക രൊക്കം. മറ്റു രണ്ടിനും കൂടി ആകെ ഇരുപതിനായിരം! ഇപ്പോള്‍ മില്ലില്‍ ധാരാമുണ്ട്, ആവശ്യമുണ്ടായിട്ടല്ല നിങ്ങള്‍ നിര്‍ബന്ധിച്ചതുകൊണ്ട് മാത്രം"!


കൃഷിക്കാരന് സമ്മതിക്കാതെ തരമില്ല. ഇതു ചതിവാണ്!...അല്ല! ഇതാണ് കച്ചവടം! സാഹചര്യങ്ങള്‍...., നിസ്സഹായത. അല്‍പനേരം മിണ്ടാതെ നിന്നു എന്നിട്ട് "ഉവ്വ്" എന്ന് മൂളി.


ആദ്യം മാവ് വീണു. പിന്നെ ആഞ്ഞിലി. കൂട്ടത്തില്‍ വലുത് പ്ലാവാണ്. തനിക്കൊരു അമ്പതിനായിരത്തിന്‍റെ വക അതുതന്നെയുണ്ട്‌..,. പാവ് വീഴുന്നതും കാത്ത് ഉള്ളില്‍ ഊറിച്ചിരിച്ച് സേട്ട് നിന്നു. പാവം കര്‍ഷകന് അതു കണ്ടുനില്‍ക്കുവാന്‍ മനസുവന്നില്ല. അയാള്‍ കിട്ടിയ കാശുമായി വീട്ടിനുള്ളിലേക്ക് പോയി.

പിന്നെപ്പോഴോ അയാള്‍ വന്നപ്പോള്‍ വിളറിയ മുഖത്തോടെ സേട്ടിനെ കണ്ടു. പ്ലാവ് വീണുകിടക്കുന്നു, തടിയില്ല പകരം താഴെനിന്നു മധ്യഭാഗം വരെ കേടുവന്ന തുള!!

എന്തുചെയ്യാന്‍? ഇതാണ് കച്ചവടം! സാഹചര്യങ്ങള്‍...., നിസ്സഹായത. മരം വെട്ടുകാര്‍ എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ചുനിന്നു. എല്ലാം കൂടി വെട്ടിക്കീറിയാല്‍ വിറകിനു പോലുമില്ല. സേട്ടുവിന് ഇതുപോലൊരു അക്കിടി ഇന്നേവരെ സംഭവിച്ചിട്ടില്ല!!


കൃഷിക്കാരന്‍ ഒന്നും മിണ്ടാതെ കുറേനേരം നിന്നശേഷം വീട്ടിനുള്ളിലേക്കു പോയി. തിരികെ വന്നപ്പോള്‍ ഒരു പൊതി സെട്ടുവിനു കൊടുത്തു. അയാള്‍ അത് തുറന്നുനോക്കിയിട്ട് വിശ്വസിക്കാനാവാതെ കര്‍ഷകനെ നോക്കി! പതിനയ്യായിരം രൂപ! 

"ഞാന്‍ ഇതു വാങ്ങിയാല്‍ എനിക്ക് ചിലപ്പോള്‍ രാത്രി ഉറങ്ങാന്‍ പറ്റില്ല. അത്താഴം കഴിക്കുമ്പോള്‍ ചോറ് ഇറങ്ങി എന്ന് വരില്ല". കര്‍ഷകന്‍ പറഞ്ഞു.


സേട്ടുവിനു സംസാരിക്കാന്‍ നാവു പൊന്തിയില്ല! കവിളിലൂടെയൊഴുകിയ കണ്ണീര്‍ കൈലേസ് കൊണ്ട് ആരും കാണാതെ അയാള്‍ തുടച്ചു. എങ്കിലും വെച്ചുനീട്ടിയ പൊതി "വേണ്ട" എന്ന് പറയാന്‍ സെട്ടുവിനു കഴിഞ്ഞില്ല. കൃഷിക്കാരന്‍ അതു കേള്‍ക്കാനായി കാത്തുനിന്നുമില്ല.

ഇത് ഒരു കഥയല്ല!

ഈ സംഭവം കണ്ടുനിന്ന അന്നുമുതല്‍ ഇന്നോളം, ഒരു ചിന്തയായി മനസ്സില്‍ തങ്ങിനില്‍ക്കാന്‍ തക്കവിധം നാട്ടിന്‍പുറത്തിന്‍റെ നന്മ നിങ്ങളെ പോലെ ഞാനും അനുഭവിച്ചറിഞ്ഞതാണ്. ഗ്രാമം, കൃഷി, കര്‍ഷക മനസ്, ഒക്കെ ഇന്ന്‍ അന്യമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്‍റെ, നന്മ്മയുടെ അവശേഷിക്കുന്ന കണികകളാണ്.

ചുരുക്കത്തില്‍, സ്വന്തം മണ്ണിനെ (കൃഷി നിലത്തെ) പ്രാണനായി കരുതുന്നവന് എങ്ങനെ നാടിനെ സ്നേഹിക്കാതിരിക്കാന്‍ പറ്റും? തന്‍റെ ഏറ്റവും അടുത്ത് നില്‍ക്കുന്നവന്‍റെ ഹൃദയം തൊട്ടറിയാതെ എങ്ങനെ കുടുംബത്തെ സ്നേഹിക്കാന്‍ കഴിയും? വീട് നോക്കാത്തവന് എങ്ങനെ നാട് നന്നാക്കാന്‍ കഴിയും? നല്ല ഭരണാധികാരിയാകാന്‍ കഴിയും?
നാടും വീടും വിട്ട്‌, നഗരത്തിന്‍റെ വേഗത്തിനൊപ്പം ഓടിയെത്താനാവാതെ ഇന്നു കിതച്ചിരിക്കുമ്പോള്‍ ഒക്കെയും വെറുതെ ഓര്‍ത്തു പോയതാണ്. 

അടുത്തകാലത്തെങ്ങും ഒരു പ്രവാസിയോടും ആരും പറഞ്ഞിട്ടില്ലാത്ത, എന്തിന്? സ്വന്തം വീട്ടുകാര്‍ പോലും പറയാന്‍ മടിക്കുന ഒരു കാര്യം മലയാളത്തിന്‍റെ പ്രിയ ചലച്ചിത്രകാരന്‍ സത്യന്‍ അന്തിക്കാട് ഒരിക്കല്‍ പറയുന്നത് കേള്‍ക്കുകയുണ്ടായി.

"നിങ്ങള്‍ ജീവിതം കരുപ്പിടിപ്പിക്കാനായി,  കുടുംബം രക്ഷപെടുത്താനായി, പിറന്നുവീണ, കളിച്ചു വളര്‍ന്ന നാടുവിട്ടു പോയവരാണ്. അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാട്‌ ആയാല്‍ തിരികെ വരുക. സ്വന്തം നാട്ടിലേക്ക്‌.....,...."

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം അല്ലേ?


ഒരുകാര്യം പ്രവാസിക്ക് ചെയ്യാനായേക്കാം. അടുത്ത തലമുറയെ, അതായത് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം......
മണ്ണിനെ, മരങ്ങളെ, പൂക്കളെ, പുഴയെ, കൃഷിയെ, മലയാളത്തെ ഒക്കെ സ്നേഹിക്കാന്‍!!.,!!

മഹാത്മജി പറഞ്ഞപോലെ, ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്. നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം.

നാളത്തെ യാഥാര്‍ഥ്യമാകുമെന്ന വിശ്വാസത്തില്‍.. ഇന്നുമുതല്‍ ഒരു സ്വപ്നത്തിലൂടെയെങ്കിലും!!

ജോസെലെറ്റ്‌
Related Posts Plugin for WordPress, Blogger...