8.12.13

പത്രപ്രവര്‍ത്തകന്റെ ചൂണ്ടുവിരല്‍

നഗരത്തിന്റെ ആരവങ്ങള്‍ അകന്നുപോയൊരു തീവണ്ടിയുടെ ഇരമ്പല്‍ പോലെ ഇരുട്ടിനൊപ്പം അലിഞ്ഞില്ലാതായിക്കൊണ്ടിരുന്നു. നാഴികകള്‍ക്കിടയിലെവിടെയോ ശബ്ദം നഷ്ടപ്പെട്ടൊരു ചരിത്രാവശേഷിപ്പായ ക്ലോക്ക് ടവറിലെ സൂചിക പന്ത്രണ്ടില്‍ നിന്നും തെന്നിമാറി. ആളൊഴിഞ്ഞ നിരത്തിന്റെ ഓരം ചേര്‍ന്ന്, സ്ട്രീറ്റ്ലൈറ്റ് വെളിച്ചത്തില്‍നിന്നും അകന്ന് മോഹന്‍ദാസ് നടന്നു. 
ഓരോ കാലടികളിലും അയാളുടെ ഉള്ള് കിടന്നു പിടച്ചു. പകലിന്‍റെ പൊടിപടലങ്ങളെ ശൈത്യകാല മഞ്ഞുതുള്ളികള്‍ ശാന്തരാക്കിയിരുന്നു. എന്നാല്‍ തണുപ്പിനു തടയിടാന്‍ അണിഞ്ഞ മേല്‍ക്കുപ്പായത്തിനുള്ളില്‍ അയാള്‍ നന്നേ വിയര്‍ത്തു. ജാക്കറ്റിനുള്ളില്‍ രഹസ്യമായി തിരുകിവെച്ച ഒരുകെട്ട്‌ പേപ്പറുകള്‍ നെഞ്ചോട് അടുക്കിപ്പിടിച്ചു. പ്രാണനേക്കാള്‍ വിലയുള്ള പേപ്പറുകള്‍! അതയാളുടെ ഉറക്കം കെടുത്തിയിട്ട്‌ നാളേറെയായി.

തിരക്കൊഴിഞ്ഞ ഫുട്പാത്ത്. തണല്‍ മരങ്ങളില്‍ മുഖമുരുമി ഉറക്കം തൂങ്ങുന്ന പശുക്കള്‍. ഷട്ടറുകള്‍ വീണ കട തിണ്ണകളില്‍ മൂടിപ്പുതച്ച് കിടക്കുന്ന യാചകര്‍. ഇടനാഴികളില്‍ ഇരുട്ടിന്‍റെ മറപറ്റി വില പേശുന്ന വേശ്യകള്‍ അപ്രത്യക്ഷരായിരിക്കുന്നു. അവരെ ആവശ്യക്കാര്‍ കൊണ്ടുപോയിരിക്കണം. തട്ടുകടകളില്‍ നിന്നുമാത്രം ചില തട്ടും മുട്ടും കേള്‍ക്കാം. നടപ്പിനു വേഗമേറുമ്പോഴും ഇടക്കിടെ മോഹന്‍ദാസ് തിരിഞ്ഞും തലചെരിഞ്ഞും നോക്കും. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ? ഇല്ല. ലക്‌ഷ്യം പാര്‍ക്ക് അവന്യൂ റോഡ്‌, സ്ട്രീറ്റ് നമ്പര്‍ 33, മിറക്കിള്‍ ടവര്‍, ഫ്ലാറ്റ് നമ്പര്‍- 1013. ഇന്നലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ വെച്ചാണ് ഗോപിനാഥമേനോനെ സുഹൃത്ത് ജോണ്‍ പരിചയപ്പെടുത്തിയത്. പേരുകേട്ട പത്രത്തിന്‍റെ ചീഫ് എഡിറ്റര്‍ നാട്ടുകാരനാണ് എന്നറിഞ്ഞത് അപ്പോള്‍ മാത്രമാണ്.

മിറക്കിള്‍ ടവര്‍ പേരുപോലെ വശ്യമാണ്. ലോബിയിലെ കൃത്രിമ വെള്ളച്ചാട്ടത്തിന്‍റെ ഈണവും ലൈറ്റിങ്ങിന്റെ ആംബിയന്സും ആദ്യ നോട്ടത്തിലേ ആരെയും പിടിച്ചു വലിക്കും. ലിഫ്ട്ടിനായി കാത്തുനില്‍ക്കുന്ന അല്‍പനേരംകൊണ്ട് ആ സമുച്ചയത്തിന്‍റെ ആഡംബരം അയാള്‍ വായിച്ചെടുത്തു.  


"ഹലോ..മോഹന്‍, കമോണ്‍ ഇന്‍. പുറത്ത് നല്ല മഞ്ഞുണ്ട് അല്ലേ?"

പത്താം നിലയില്‍ നമ്പര്‍ 1013 ന്‍റെ വാതില്‍ തുറന്ന് ഔപചാരികതകള്‍ ഒന്നുമില്ലാതെ മേനോന്‍ അകത്തേയ്ക്ക് കൈപിടിച്ചു കയറ്റി. മഴയ്ക്ക് മുന്നേ ഓടി നനയാതെ കൂടണഞ്ഞവനെ പോലെ മോഹന്‍ദാസിന് ആശ്വാസം തോന്നി. 

ആതിഥേയന്റെ അടുക്കും ചിട്ടയും വെളിപ്പെടും വിധം മനോഹരമായി ഫര്‍ണിഷ് ചെയ്ത ഫ്ലാറ്റ്. ചുവര്‍ നിറഞ്ഞ ബുക്ക് ഷെല്‍ഫ്. ഒതുങ്ങിയ കോണില്‍ റൈറ്റിംഗ് ടേബിള്‍. ലിവിംഗ് റൂമിലെ ഒറ്റ ഷാന്റ്റ്ലിയര്‍ വെളിച്ചത്തിലും അകത്തളങ്ങളുടെ പ്രൌഡി വെളിപ്പെട്ടു.

"ഇന്നലെ ആ ബഹളത്തിനിടയില്‍ നിന്നു സംസാരിക്കെണ്ടതല്ല ഇത്തരം കാര്യങ്ങള്‍. അതാണ്‌ ഇവിടെയ്ക്ക് ക്ഷണിച്ചത്. ഇന്നും വളരെ തിരക്കുള്ള ദിവസമായിരുന്നു. ഞാന്‍ എത്തിയിട്ട് അധിക നേരമായില്ല. 
എനിവേ....ആ മാനുസ്ക്രിപ്റ്റ്സ് കയ്യിലുണ്ടോ?"

മോഹന്‍ദാസ്‌ ജാക്കറ്റിനുള്ളില്‍ നിന്നും പ്ലാസിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഫയല്‍ പുറത്തെടുത്തു. ഗോപിനാഥമേനോന്‍ ജിജ്ഞാസയോടെ അതിലെ താളുകളിലൂടെ കണ്ണോടിച്ചു. മുന്‍പിലിരിക്കുന്ന അതിഥിയെ വിസ്മരിച്ച് വായനയില്‍ ആഴ്ന്നുപോയ അല്‍പനേരത്തിനോടുവില്‍ മേനോന്‍ സോഫയില്‍ നിന്നും പിടഞ്ഞെണീറ്റു.

"ഓഹ്...ഐ അം റിയലി സോറി..ഞാന്‍ മറന്നു".
അയാള്‍ തിടുക്കത്തില്‍ അകത്തേയ്ക്ക് പോയി ചെറിയൊരു ട്രോളിയും നിരക്കിക്കൊണ്ട് തരികെ വന്നു.ക്രിസ്ടല്‍ ഗ്ലാസുകളിലേയ്ക്ക് ആകര്‍ഷകമായ കുപ്പിയില്‍ നിന്നും മദ്യം പകര്‍ന്നു. സമ്മതം ചോദിക്കാതെ തന്നെ അതിലൊന്ന് മോഹന്‍ദാസിനു നേരെ നീട്ടി.

"ടേക്ക് ഇറ്റ്‌. ദി ഗ്രേറ്റ് ഗ്ലെന്‍ഫിടിച്ച്...ഫിഫ്ടി ഇയര്സ് ഓള്‍ഡ്‌....
ഇത്തവണ ഐ.എഫ്.ജെ മീറ്റിന് ബ്രെസ്സല്‍സില്‍ പോയപ്പോള്‍ ഒരു വിദേശി സുഹൃത്ത് സമ്മാനിച്ചതാ."

ആ സമയത്ത് താന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത് ഒരു സിഗരറ്റിന്റെയോ ലേശം വിസ്കിയുടെയോ ലഹരിയായിരുന്നല്ലോ എന്നോര്‍ത്ത് മോഹന്‍ദാസ്‌ അത്ഭുതപ്പെട്ടു. വെട്ടിത്തിളങ്ങുന്ന സ്പടിക ഗ്ലാസിനുള്ളില്‍ നിന്നും വമിക്കുന്ന വശ്യമായ ഗന്ധം. സ്വര്‍ണ്ണ നിറം. അത് സ്വീകരിക്കുവാന്‍  രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഔപചാരികതയുടെ കെട്ടുകള്‍ അഴിക്കുവാന്‍, അപരിചിതരെ അടുപ്പിക്കുവാന്‍ മദ്യത്തോളം പോന്നൊരു മരുന്നില്ല.

മേനോന്‍റെ കണ്ണുകള്‍ വീണ്ടും ഫയലിനുള്ളിലേയ്ക്ക് കൂപ്പുകുത്തി. അയാള്‍ക്ക് അഭിമുഖമായ സോഫയില്‍ പ്രണയിനിക്ക് ചുംബനങ്ങള്‍ എന്നപോലെ സിരകളെ  ചൂടുപിടിപ്പിക്കുന്ന ഗ്ലാസ് ചുണ്ടോട് ചേര്‍ത്ത് മോഹന്‍ ഇരുന്നു. ഒന്നാലോചിച്ചാല്‍ എന്തൊക്കെ വിസ്മയകരമായ സംഗതികളാണ് ചുറ്റും നടക്കുന്നത്. അറിയുന്നതും അറിയാത്തതുമായ എത്രയെത്രെ കാര്യങ്ങള്‍..! ചിലതില്‍ വിധിപോലെ നമ്മള്‍ ഭാഗഭാക്കാവുന്നു, സാക്ഷികളാകുന്നു. ഈ പത്രാധിപനു മുന്‍പില്‍ താനിരിക്കുന്നത് അതിന് ഉദാഹരണമല്ലേ..?

"മിസ്റ്റ്ര്‍ മോഹന്‍, ഇറ്റ്‌സ് റിയലി അണ്‍ബിലീവബില്‍! ഈ കയ്യെഴുത്ത് പ്രതി കാണുംവരെ എനിക്ക് വിശ്വാസമില്ലായിരുന്നു.
ഇത് ജെ.പി യുടെ കൈപ്പട തന്നെ. അയാളെ മരണത്തിലേയ്ക്ക് എത്തിച്ച കുറിപ്പുകള്‍...... 
 ജെ.പിയെ പോലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നവരെ പലര്‍ക്കും ഭയമായിരുന്നു. പക്ഷേ സത്യത്തിന്റെ തൂലിക ഒരിക്കലും ചലനമറ്റു പോകുകയില്ല. ഈ കുറിപ്പുകള്‍ നിങ്ങളുടെ കൈയ്യില്‍ എത്തിപ്പെട്ടതും അതുകൊണ്ടാണ്. എനിക്ക് മനസിലാകാത്ത ഒരു കാര്യം ഈ ഫയല്‍ എന്തുകൊണ്ട് കൊലയാളി അത് ആസൂത്രണം ചെയ്തവര്‍ക്ക് നല്‍കിയില്ല എന്നതാണ്."


സര്‍, അതെക്കുറിച്ച് ഞാനും ആലോചിച്ചു. കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് ധ്രുതഗതിയില്‍ ആരംഭിച്ചത് കൊണ്ട് അവര്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടന്നുകാണില്ല. അല്ലെങ്കില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ച ദിവസം തന്നെ അയാള്‍ പിടിക്കപ്പെട്ടതാവാം.

"ഒരു പക്ഷേ..ശരിയാവാം. ഇന്നലെ വിശദമായി ചോദിക്കാന്‍ കഴിഞ്ഞില്ല. അന്നേ ദിവസം താങ്കള്‍ തിരുപ്പതിയില്‍ ഇത്താന്‍ എന്താണ് കാരണം മോഹന്‍?"
കേള്‍ക്കുന്നതെല്ലാം അപ്പടി വിഴുങ്ങാനും ചര്‍ദ്ദിക്കാനും തയ്യാറാകാത്ത യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്റെ അന്വേഷണ ത്വര മേനോനില്‍ ഉണര്‍ന്നു. ഒഴിഞ്ഞ ഗ്ലാസ്സ് റീഫില്‍ ചെയ്ത് അയാള്‍ മോഹന്‍ദാസിനു നല്‍കി.

"ഒഫീഷ്യല്‍ മീറ്റിങ്ങിനായാണ്‌ ഞാന്‍ ചെന്നൈയ്ല്‍ എത്തിയത്. ഭാര്യയുടെ നേര്‍ച്ചയും മറ്റുമായി കുടുംബസമേതം ഒരു ട്രിപ്പ്‌ മുന്‍പേ പ്ലാന്‍ ചെയ്തിരുന്നതാണ്. പലകാരണങ്ങളാല്‍ ഒരുമിച്ചുള്ള യാത്ര മുടങ്ങി. എങ്കിലും തിരുപ്പതി സന്ദര്‍ശിച്ച് തിരികെപ്പോരാന്‍ ഉദ്ദേശിച്ചിരുന്നതിനാല്‍ ക്ഷേത്രത്തിനു സമീപമുള്ളോരു ഹോട്ടലില്‍ രാത്രി തങ്ങി. പിറ്റേന്ന് ബെഡ് കോഫിയുമായി മൂന്നാം നിലയുടെ ബാല്‍കണിയില്‍ നിന്ന് നിരത്തിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. വഴിയോരക്കച്ചവടക്കാരെയും ഭക്തജനങ്ങളെയും കൊണ്ട് വീഥികള്‍ സജീവമായിരുന്നു. കണ്ണുകള്‍ വൃദ്ധയായൊരു പൂക്കടക്കാരിക്ക് ചുറ്റുമുള ആള്‍ത്തിരക്കിനെ ചൂഴ്ന്നു നില്‍ക്കവേ ഒരു യുവാവ് തകരപ്പാളികള്‍ കൊണ്ട് മറച്ചിരിക്കുന്ന കടയുടെ ഇറയിലേക്ക് ഒരു കറുത്ത ബാഗ് തിരുകിക്കയറ്റുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിനുശേഷം അയാള്‍ വഴിവക്കിലെ ക്ഷുരകന്‍റെ മുന്‍പില്‍ തല മുണ്ഡനം ചെയ്യാന്‍ ഇരുന്നു. പെട്ടന്ന് എന്തോ ബഹളം കേട്ട് ഓടുന്നതും മൂന്നാല് പേര് അയാളെ പിന്തുടരുന്നതും കണ്ടു. തുടരെ വെടിയൊച്ചകള്‍! അയാള്‍ റോഡിലേക്ക് കമഴ്ന്നു വീണു. ആളുകള്‍ ചിതറിയോടി. എനിക്കൊന്നും മനസിലായില്ല. ഉച്ചവരെ പുറത്തിറങ്ങാതെ ഞാന്‍ മുറിയിലിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ ടി.വി യില്‍ ഫ്ലാഷ് ന്യൂസ് കണ്ടു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജെ.പി യെ വെടിവെച്ചു കൊന്നയാള്‍ തിരുപ്പതി ക്ഷേത്രത്തിനു സമീപം പോലീസ് ഓപ്പറെഷനില്‍ കൊല്ലപ്പെട്ടുവെന്ന്! 

തകരപ്പാളിക്കിടയില്‍ അയാള്‍ തിരുകി വെച്ച ബാഗിനെപ്പറ്റി എനിക്കൊര്‍മ്മാവന്നു. നേരം ഇരുട്ടിയപ്പോള്‍ ഞാന്‍ പുറത്തിറങ്ങി. സ്ഥലം പരിശോധിച്ച് ബാഗ് കൈക്കലാക്കി. അതിലുള്ളില്‍ പേപ്പറുകള്‍ മാത്രം കണ്ട് നിരാശ തോന്നി. എങ്കിലും ഒന്നൊഴിയാതെ എല്ലാം വായിച്ചു. അതാര് എഴുതിയതാണെന്നും എന്താണെന്നും എനിക്കറിവില്ലായിരുന്നു. അന്നുമുതല്‍ ജെ.പി എന്ന ജേര്‍ണലിസ്റ്റിനെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി. അറിയുന്തോറും എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. അയാളുടെ പഴയ പത്രകോളങ്ങള്‍ മുഴുവന്‍ തിരഞ്ഞു പിടിച്ചു വായിച്ചു. എന്തിന് കൊല്ലപ്പെട്ടുവെന്നും അതിനു കാരണക്കാര്‍ ആരാണെന്നും മനസിലായി. 
നാടിന്‍റെ പ്രകൃതി വിഭവങ്ങള്‍ മുഴുവന്‍ ചൂഷണം ചെയ്യുന്നവരും ഭരണ വര്‍ഗ്ഗവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്.....ആ ഇവെസ്ടിഗേറ്റീവ് സീരീസിലെ ജെ.പിയുടെ രണ്ടേ രണ്ട് ലേഖനങ്ങള്‍ മാത്രം പുറത്തുവന്നതോടെ തീര്‍ത്തുകളഞ്ഞു!

ബട്ട്.... വാട്ട് ക്യാന്‍ ഐ ഡു? വാട്ട് എ കോമണ്‍ മാന്‍ ക്യാന്‍ ഡു?
അവശേഷിച്ച ഒരു കവിള്‍ വിസ്കി ഒറ്റ വലിക്ക് കുടിച്ച് ഗാസ്സ് മേശമേല്‍ ആഞ്ഞടിച്ച് അയാള്‍ വിറച്ചു. മേനോന്‍ നടുങ്ങി.


"റിലാക്സ്.... മാന്‍. ഐ കാന്‍ അണ്ടര്‍സ്ടാണ്ട് യുവര്‍ ഫീലിങ്ങ്സ്‌. ജെ.പിയുമായി അടുത്ത ബന്ധമുള്ള വളരെ ചുരുക്കം പേരില്‍ ഒരാളായിരുന്നു ഞാന്‍. ഈ പ്രൊജക്റ്റ്‌ ഉപേക്ഷിക്കുവാന്‍ അയാളോട് പലതവണ ഞാനും ഉപദേശിച്ചിരുന്നു."

എന്തിന് ഉപേക്ഷിക്കണം സര്‍, ഹി ഈസ്‌ എ റിയല്‍ ഹീറോ. അദ്ദേഹം കണ്ടെത്തിയ വസ്തുതകളൊക്കെ കൂട്ടി വെച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചാലോ എന്നോരാശയം എനിക്കുണ്ടായിരുന്നു. പക്ഷേ പത്രത്തില്‍ അച്ചടിച്ചു വരുന്നതിന്‍റെ ആധികാരികത അതിനുണ്ടാവില്ല എന്ന് തോന്നിയതുകൊണ്ട് തത്കാലം വേണ്ടന്നു വെച്ചു. നിങ്ങളുടെ പത്രം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഞാനത് ചെയ്യും.

"യു ഡിഡ് ദി റൈറ്റ് തിംഗ്........ മിസ്ടര്‍ മോഹന്‍ദാസ്..."
ഗോപിനാഥമേനോന്‍ അയാളുടെ ചുമലില്‍ തട്ടിക്കൊണ്ടു പറഞ്ഞു.


രഹസ്യങ്ങള്‍ ഉള്ളില്‍ തിരയടിച്ച് പ്രക്ഷുബ്ധമായൊരു കടലായിരുന്നു മോഹന്‍ദാസ്‌. വേലിയിറക്കത്തില്‍ തീരത്ത് അടിഞ്ഞൊരു പവിഴപ്പുറ്റുപോലെ ശാന്തനായി അയാള്‍ സോഫയോട് പറ്റിച്ചേര്‍ന്നിരുന്നു. സിരകളില്‍ പടര്‍ന്ന ലഹരിയില്‍ പുറത്തെ തണുപ്പോ മുറിക്കുള്ളിലെ ചൂടോ അറിഞ്ഞില്ല. തല ചുമലിലേയ്ക്ക് തൂങ്ങി അയാളൊരു ചെറു മയക്കത്തിലായിരുന്നു.

എന്തിനയാള്‍ അറിയാത്തൊരു ജെ.പി യുടെ കുറിപ്പുകളും പേറി, ജോലിയും ഇട്ടെറിഞ്ഞ്‌ ആധിയോടെ നടക്കണം? ഈ മഹാനഗരത്തില്‍ എത്തിയ കാലം മുതല്‍ എത്ര പാടുപെട്ടാണ് ജീവിതം കരുപ്പിടിപ്പിച്ചത്. ചുറ്റും എത്രയെത്ര ദുരൂഹ മരണങ്ങള്‍ നടക്കുന്നു. റോഡ്‌ അപകടത്തില്‍പ്പെടുന്ന എത്രയോ അപരിചതരെ അവഗണിച്ച് ദിനവും നമ്മള്‍ കടന്നുപോകുന്നു. പലതും കണ്ടില്ലെന്നു നടിക്കണം. പക്ഷേ.....
പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ് കുടുംബം പട്ടിണിയിലാക്കിയൊരു മനുഷ്യന്‍റെ അംശം തന്നെയാണ് അയാളും. അച്ഛന്റെ പ്രസ്സും ആദര്‍ശങ്ങളും! പരഗതിയില്ലാതെ വലഞ്ഞ നാളുകളില്‍ ഉള്ളില്‍ നിറഞ്ഞു നിന്നത് വെറുപ്പ് മാത്രമായിരുന്നു. ഭൂതകാലത്തില്‍നിന്നും പടിയിറക്കിവിട്ട പലതും അയാളിലേക്ക് വീണ്ടും പടര്‍ന്നുകയറുകയാണ്. അത് വേര്‍തിരിച്ചെടുക്കാനാവാത്ത വിധം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അയാളുടെ അച്ഛനെപ്പോലെ തോള്‍ സഞ്ചിയും തൂക്കി തെരുവിലൂടെ അലഞ്ഞിരുന്ന പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഇന്നെവിടെ?  മേനോനെപ്പോലെ പ്രശസ്തിയും ആഡംബരങ്ങളുമായി അവരും ഈ നഗരത്തിന്റെ ഭാഗമായിരുന്നെകില്‍ ഒരു പക്ഷേ വിധി മറ്റൊന്നായേനെയോ? 

കണ്ണ് തുറന്നപ്പോള്‍ ഹാളില്‍ ഇരുട്ടായിരുന്നു. ജാലകത്തിന്‍റെ തിരശീലയിലൂടെ അരിച്ചിറങ്ങുന്ന നേര്‍ത്ത വെട്ടം മാത്രം. അകത്തെ മുറിക്കുള്ളില്‍ നിന്നും അടക്കിപ്പിടിച്ച സംസാരം കേള്‍ക്കാം. പുറത്തെവിടെയോ തെരുവ് നായ്ക്കളുടെ ഓരിടല്‍ ശബ്ദം. 

പിന്നില്‍ ഒരു നിഴലനങ്ങുന്നത് കണ്ട് മേനോന്‍ ഞെട്ടിത്തിരിഞ്ഞു. ഫോണിന്‍റെ റിസീവര്‍ കൈവിട്ട് പെട്ടന്നയാള്‍ മേശവരിപ്പില്‍ നിന്നും പിസ്ടോള്‍ കടന്നെടുത്തു. പേന പിടിക്കുന്ന ചൂണ്ടുവിരല്‍ കാഞ്ചിയെ തൊട്ടു. ഇടത്തെ തോളിനെ തുളച്ച് പായുന്ന ലോഹത്തിനൊപ്പം ആ നിഴല്‍ മുന്നോട്ട് ആഞ്ഞു!

പത്താം നിലയുടെ ബാല്‍ക്കണിയിലെ തുറന്ന ചില്ല് വാതിലിലൂടെ താഴേയ്ക്ക് ചിറകടിക്കുന്ന രണ്ടു കടവാവലുകള്‍. ഇരുട്ടിന്‍റെ അതിരുതേടിപ്പോകുമ്പോള്‍ ദിശതെറ്റാതെ അതിലൊന്ന് മറ്റൊന്നിനെ മുറുകെപ്പിടിച്ചിരുന്നു.
Related Posts Plugin for WordPress, Blogger...