27.12.11

മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ എവിടെയാണ്?

മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ എവിടെയാണ്? പുതിയ സിദ്ധാന്തവും പ്രത്യേയശാസ്ത്രങ്ങളും ഉള്ളില്‍ ഉടലെടുത്ത, നിങ്ങള്‍ ജീവിച്ചിരുന്ന ആ കാലഘട്ടത്തിലെത്തിനില്‍ക്കുകയാണ് ഇന്നു ഞങ്ങള്‍. റഷ്യയില്‍ നിങ്ങളുടെ പുതു തലമുറ മുറവിളി തുടങ്ങിക്കഴിഞ്ഞു. ലോകമെമ്പാടും യുവാക്കളുടെ ചോരതിളച്ചു മറിയുകയാണ്. ഞങ്ങള്‍ക്ക് കൂട്ടായി എന്തിനും വൃദ്ധരും കുട്ടികളും അമ്മമാരും സഹോദരിമാരും തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.


ലോകത്തെങ്ങും വിദ്യാസമ്പന്നരും അല്ലാത്തവരും ഇന്നു തൊഴിലില്ലായ്മയും പട്ടിണിയും നാളെയെക്കുറിച്ചുള്ള ഉത്ഘണ്ടയും കൊണ്ട് വലയുകയാണ്. എല്ലാ രാജ്യത്തും ജനങ്ങള്‍ ഒരേ പോലെ ചിന്തിക്കുന്ന ഈ അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടുണ്ടോ? പുച്ചിച്ചു തള്ളി, നിങ്ങളുടെ വാക്കുകള്‍ക്ക്കാതു മന്ദീഭവിപ്പിച്ചു നിന്നിരുന്ന ഒരു ജനതയുടെ യുവ രക്തം ഇന്നു നിങ്ങളിലെയ്ക്കു തന്നെ മടങ്ങിപ്പോകുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ഒരുങ്ങിയിറങ്ങിയ ലക്ഷക്കണക്കിന് ആള്‍ക്കൂട്ടം ഇപ്പോളും അമേരിക്കയുടെ ഏതു കോണിലും നിങ്ങളുടെ ഒരു വിളിക്കായി കാതോര്‍ത്തിരിക്കുന്നു.


ഞങ്ങള്‍ 700 കോടി ആളുകള്‍  ഇന്നു ഈ ഭൂമിക്ക് ഭാരമായി നിലകൊള്ളുമ്പോഴും ലോകത്തെ ആകെ സമ്പത്തിന്‍റെ പകുതിയില്‍ അധികവും നിങ്ങളെ പടിയടച്ചുപിണ്ഡംവച്ച  മുതലാളി വര്‍ഗത്തിന്‍റെ പുതിയ പതിപ്പായ കോര്‍പറേറ്റ് ഭീമന്മാരില്‍ 300 പേര്‍ മാത്രം കയ്യടക്കി വച്ചിരിക്കുന്നു. ബാക്കി 699.997 കോടി മനുഷ്യരില്‍ തുച്ഛം പേര്‍ സമ്പത്സമൃദ്ധിയില്‍ കഴിയുമ്പോഴും, പല നാടുകളിലായി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ ഞങ്ങളെപ്പോലെ അനേകം മനസ്സുകള്‍ അലകടല്‍ പോലെ പ്രക്ഷുബ്ധമായി നില്‍ക്കുന്നു. ഞങ്ങളുടെയുള്ളില്‍ ഇന്നു ചെറു ഓളങ്ങള്‍ ഉടലെടുത്തിരിക്കുന്നു. ഒരുപാടോളങ്ങള്‍ ഒന്നായിച്ചേര്‍ന്ന് അത് ഒരുതിരയായി, പിന്നെ വലിയൊരലയായി  മദ്ധ്യപൂര്‍വേഷ്യന്‍, ആഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ കാലാകാലങ്ങളായി നിലയുറപ്പിച്ചു നിന്നിരുന്ന വന്മരങ്ങളെ  കടപുഴക്കിയെറിഞ്ഞു. എങ്കിലും ഇന്നു നയിക്കാന്‍ ഞങ്ങളോടോപ്പമോ ഞങ്ങള്‍ക്ക് ചുറ്റുമോ നിങ്ങളെപ്പോലെ അറിവും ആത്മാര്‍ഥതയുള്ള ഒരു നേതാവിനെ കാണുവാന്‍ കഴിയുന്നില്ല.


ഭാവിയെക്കുറിച്ചു ആശങ്ക മാത്രം കൈമുതലായുള്ള ചോരത്തിളപ്പുള്ള യുവാക്കളെ, ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞ ബാഹ്യശക്തികളുടെ ഓശാരം പറ്റിയ നേതാക്കള്‍ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ഞങ്ങള്‍ക്കറിവില്ല. തേനും പാലും ഒഴുകിക്കൊണ്ടിരുന്ന, പൌരാണികതയുടെ ചരിത്രസ്മാരകങ്ങള്‍ തലയുയര്‍ത്തിനിന്നിരുന്ന ഒരു നാടിനെ പോര്‍വിമാനങ്ങള്‍ "അഗ്നിയും ഗന്ധകവും" വര്‍ഷിച്ചു വെണ്ണിരാക്കി മാറ്റി. കുരുക്ഷേത്രയുദ്ധത്തിനു ശേഷം അവശേഷിച്ച പോര്‍ക്കളം പോലെ ഒരു കാലത്ത് പേര്‍ഷ്യ എന്ന് ഞങ്ങള്‍  ഓര്‍മയില്‍ താലോലിച്ച നാമത്തെ നാമാവശേഷമാക്കാന്‍ ഇന്നും അവര്‍ക്ക് വ്യഗ്രതയാണ്. ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്നതിന് കാരണക്കാരില്‍ ഞാന്‍ ഉള്‍പ്പെടെ ജനനിബിഡമായ ഇന്ത്യാ മഹാരാജ്യമാണെന്ന് കുറ്റം ചാര്‍ത്തുന്ന, ലോക പോലിസിന്‍റെ തലവന്‍മ്മാര്‍ എന്തേ ധൃതരാഷ്ട്രര്‍ പോലെ സ്വപുത്ര(സ്വജന) സ്നേഹത്താല്‍ അന്ധരായി? അമേരിക്കയുടെ കാര്‍ഷിക കമ്പോളങ്ങള്‍ അധിക വിളവെടുപ്പിനാല്‍ നിറഞ്ഞു കവിയുമ്പോള്‍, ഉത്‌പന്നങ്ങളുടെ വിലയിടിഞ്ഞു തങ്ങളുടെ കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍നിന്നു പിന്തിരിയാതിരിക്കുവാന്‍ നല്ലവിലക്ക് ഏറ്റെടുത്തു ധാന്യം നിറഞ്ഞ കണ്ടയിനെര്‍  ആഴക്കടലില്‍ തള്ളുമ്പോള്‍, വിശന്നു മരിക്കുന്ന ആഫ്രിക്കയിലേയും സോമാലിയയിലെയും അനേകായിരം പട്ടിണിപ്പാവങ്ങളെ മറന്നു പോകുന്നതെന്തേ?


ഇന്ത്യയില്‍ ഭരണകൂടും താങ്ങിനിര്‍ത്തുന്നവര്‍ പെട്രോളിന്‍റെ വില കുട്ടിയുടെ കയ്യില്‍ കാല്‍കുലേറ്റര്‍ എന്നപോലെ, പൊതുജനത്തിനെ എല്ലാ ജീവിത മേഖലയിലും അമര്‍ത്തി കളിക്കുമ്പോള്‍ അവിടെ ആയുധനിര്മാന രാജാക്കന്മാരുടെ പ്രേരണയാല്‍ ഇല്ലാത്ത യുദ്ധം ഉണ്ടാക്കി,  കടത്താല്‍  നാടുമുടിച്ച്, ഞങ്ങള്‍ തൊഴില്ചെയ്തിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി, ഇനി എന്ത് ചെയ്യണമെന്നറിയാതെ ഉഴറി നില്‍ക്കുന്നു. ഒരു കാലത്ത് "കമ്മ്യൂണിസം" എന്ന വാക്കേ ഞങ്ങള്‍ക്ക് ആരോചകമായിരുന്നു. മാര്‍ക്സ്‌, ലെനിന്‍ നിങ്ങള്‍ വെറും കൂലിത്തോഴിലാളികളുടെ വക്കാലത്തുകാരായിരുന്നു. എന്തിന് ഞാന്‍ ജീവിച്ചുവളര്‍ന്ന കുട്ടനാട്ടില്‍ പോലും ഞങ്ങള്‍ കര്‍ഷക മുതലാളിമാര്‍ക്ക് നിങ്ങളുടെ ആളുകള്‍ ഒരു തലവേദനയായിരുന്നു. അന്യായ കൂലിക്കായി വാശിപിടിച്ചിരുന്നവരെയൊന്നും ഇന്നു ഞാന്‍ എല്ലായിടത്തും "അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല." അവരൊക്കെ എവിടെപ്പോയി മറഞ്ഞു? അതോ എന്നെപ്പോലെ വൈറ്റ് കോളര്‍ ജോലിക്കാരായി ഇന്നു തൊഴിലില്ലാതെ നില്‍ക്കുന്നുണ്ടാവുമോ?


ഇന്നു ഞാന്‍ ഉള്‍പ്പെട്ട സാധാരണക്കാരായ ആ 99 ശതമാനവും തിരിച്ചറിയുന്നു വരുന്ന ദശ-ശതാബ്ദങ്ങള്‍ പട്ടിണികൂടാതെ നിലനിന്നു പോകണമെങ്കില്‍ റഷ്യയില്‍ നിന്നുടെലെടുത്ത ആ ആവേശത്തിലൂടെയെ സാധ്യമാകൂ എന്ന്. ഞങ്ങള്‍ക്ക് ചുറ്റും ഇന്ന് "കമ്മ്യൂണിസ്ടുകാര്‍"  എന്ന് പറഞ്ഞു നടക്കുന്നവരെയൊന്നും എ.കെ.ജി ക്കും, ഇ. എം എസിനും, ഇ.കെ നായനാര്‍ക്കും ശേഷം ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. എല്ലാവനും ഉള്ളിലെ മുതലാളിത്തത്തിന് കൊടിപിടിക്കുന്ന വ്യാജ വിപ്ലവകാരികള്‍! അവരുടെയിടയിലും പുത്രസ്നേഹത്താല്‍ അന്ധരായ ധൃതരാഷ്ട്രര്‍മാര്‍. അവിടെയുമിവിടെയും അഴിമെതിക്കെതിരെ സംഘടിക്കൂ എന്ന് മുറവിളികൂട്ടി പലരും ആഹ്വാനങ്ങള്‍ നടത്തുന്നു. എന്തിനുമൊരുമ്പിട്ടു ഗതിമുട്ടി നില്‍ക്കുന്ന ഞങ്ങള്‍ ഒരുപാടുപേര്‍ ഇവിടെ സോഷ്യല്‍ മീഡിയയിലോ ദ്രിശ്യ പത്ര മാധ്യമങ്ങളിലോ ഒരു ചെറു ഓളം അനങ്ങുന്നത് നോക്കിയിരിക്കുന്നു. ഒരു തിരയായി അലകടലായി മാറുവാന്‍ ഞങ്ങള്‍ക്ക് വെറും നിമിഷങ്ങള്‍ മതി.


പക്ഷേ....... മുന്‍കാല അനുഭവങ്ങള്‍ ഞങ്ങളെ ചിന്തിപ്പിക്കുന്നു.
ഇന്ന് ആരെ വിശ്വസിക്കും? അവരുടെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ സംശയിക്കുന്നു. അപ്പോഴാണ് ഞങ്ങള്‍ നിങ്ങളെയോര്‍ത്തത്! ഒരു ജനതയെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയ ആ ചിന്താശക്തിയെ, ആത്മാര്‍ത്ഥമായ ആഹ്വാനങ്ങളെ! രക്തരഹിത വിപ്ലവങ്ങളെ!
എന്നിലെ വൈറ്റ്‌ കോളര്‍ ഈഗോ എന്നേ നിലംപൊത്തിയിരിക്കുന്നു. ഇന്നു ഞാന്‍ സഹപ്രവര്‍ത്തകനെ കാണുന്നു. അയല്‍ക്കാരനെ പറ്റി ചിന്തിക്കുന്നു. അവന്‍റെ കുഞ്ഞുങ്ങള്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത് വേദനിക്കുന്നു. എന്നെപ്പോലെ ചിന്തിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍  ഇന്ത്യാ മഹാരാജ്യത്തും ലോകമെമ്പാടും ഇന്നുണ്ട്. ഞങ്ങളെ നയിക്കാന്‍, പ്രചോദനം നല്‍കാന്‍ കഴിവുറ്റവര്‍ ആരുമില്ല. അന്ന് നിങ്ങള്‍ പാടുപെട്ടു പടുത്തുയര്‍ത്തിയ "പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും" പുനസൃഷ്ടിക്കാന്‍ മുന്പത്തേതിലും വളക്കൂറുള്ള മണ്ണാണ് ഇന്നുള്ളത്. ഒരുകാലത്ത് അറപ്പുകൊണ്ട് കാര്‍ക്കിച്ചുതുപ്പിയ ആ നാവുകൊണ്ട് തന്നെ ഞാന്‍ വിളിക്കുന്നു.
പ്രിയപ്പെട്ട മാര്‍ക്സ്‌, ലെനിന്‍........... ...മടങ്ങിവരൂ.............. 
      -----------------------------------------------------------


ഇത്രയും പ്രസംഗിച്ചു നിര്‍ത്തി വീണ്ടും തുടങ്ങാന്‍ ഒരു കാരണമുണ്ട്. പറഞ്ഞതത്രെയും ആത്മാര്‍ഥതയില്ലാത്ത ഭരണകര്‍ത്താക്കളെയും ദുരൂഹ ലക്ഷ്യമുള്ള നേതാക്കളെക്കുറിച്ചും കുറിച്ചാകയാല്‍ എതെഴുതിയവന്‍റെ ഉള്ളിലിരുപ്പിനെപ്പറ്റിയും നിങ്ങള്‍ക്ക് തെല്ലു സംശയം തോന്നാം. ഉള്ളത് പറഞ്ഞാല്‍ ഞാന്‍ ഒരു കുട്ടിസഖാവോ, ആലവിട്ടോ വഴിതെറ്റിയോ ഓടിയ കുഞ്ഞാടോ അല്ല. പുതിയതായി രാഷ്ട്രിയ പാര്ടിയുണ്ടാക്കാന്‍ യാതോരു ദുരുദ്ദേശവുമില്ല. പിന്നെ?.....
 ഇന്നു സാധാരണക്കാരന്‌ ഒരു തുണ്ട് ഭൂമി വാങ്ങാന്‍ എങ്ങനെ സാധിക്കും? ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എത്ര വലുതാണ്‌? ആവശ്യത്തിലധികം വിദ്യാഭ്യാസവും മറ്റുള്ളവനെക്കാള്‍ പരിശ്രമവും കഴിവും ഉണ്ടായിട്ടും ഇന്നു താങ്ങള്‍ എവിടെയെത്തിനില്‍ക്കുന്നു? ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ പൂര്‍ണ്ണ തൃപ്തനാണോ? ബന്ധങ്ങളും ജീവിച്ചു വളര്‍ന്ന ചുറ്റുപാടും  മതവിശ്വാസവും അതിലേറെ ഭയവും ചിലത് ചോദിക്കാനും പ്രവര്‍ത്തിക്കാനും താങ്ങളെ വിലക്കുന്നില്ലേ?... എങ്കില്‍ ഉള്ളിലുള്ളത് എഴുതിയെങ്കിലും തീര്‍ക്കൂ ..........കുറഞ്ഞപക്ഷം  ഒരു കമന്റ്‌ ആയെങ്കിലും.

15.12.11

യുറീക്കാ! (a+b+c) = അതിമോഹിയായ ദിനേശന്‍



എത്രയൊക്കെ ആലോചിച്ചിട്ടും കറങ്ങിത്തിരിഞ്ഞ് ചിന്തയുടെ കുന്തമുന എന്നിലേയ്ക്കുതന്നെ തിരിഞ്ഞു നില്‍ക്കുന്നു. ഒന്നുകില്‍ എനിക്ക് എന്തോ കുഴപ്പമുണ്ട്. അല്ലെങ്കില്‍ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു.പത്രത്തിലെന്നും മനസിനെ കുഴപ്പത്തിലാക്കുന്ന ഒരു വിഷയമുണ്ടാവും.


ഇന്നിതാ ശബരിമല സന്നിധാനത്ത് അനുവാദമില്ലാതെ കയറി വാര്ത്തകളില്‍ സ്ഥാനംപിടിച്ച ഒരു ചെറുപ്പക്കാരന്‍.. അതിലെന്തു കുന്തമിരിക്കുന്നു ഇത്ര കണ്‍ഫ്യൂഷന്‍ ആകാന്‍?


റിയാലിറ്റി ഷോകളിലോ, സംവാങ്ങള്‍ക്കിടയിലോ ഉയര്‍‍ന്നുകണ്ട ‍ ഒത്തിരി തലകള്‍ക്കിടയില്‍ ഒന്നായേ എനിക്കാമുഖം ഓര്‍മ്മയുള്ളുവേങ്കിലും, സ്കാനിംഗ്‌ മിഷീനില്‍ കടത്തിവിട്ട ബോഡിപോലെ കണ്ണുകള്‍ ഒന്നു അയാളില്‍ ചൂഴ്ന്നിറങ്ങിയപ്പോള്‍ വെള്ളത്തില്‍ പ്രതിബിംബം പോലെ ഉള്ളില്‍ എന്നെക്കണ്ടു.കൂട്ടത്തില്‍ ഒരേ മനസ്സുള്ള, എങ്ങനെയും നാലാള്‍ക്കു മുന്‍പില്‍ ഒന്നറിയപ്പെടാന്‍ കൊതിയുള്ള ഒരുപാടുപേര്‍!. പ്രശസ്തനാകും വരെ അതിമോഹമെന്നു  തന്നെ വിളിക്കാം. അതിനപ്പുറം അതിനെ ആഗ്രഹമോ, അടങ്ങാത്ത അഭിനിവേശമോ ആയി ആളുകള്‍ വിലയിരുത്തിക്കൊള്ളും. വിവേകമുന്ടെന്നഭിമാനിക്കുന്നവന്‍, ഭൂലോകത്തുള്ള എത്നു വിഷയത്തെയും പറ്റി അഭിപ്രായം പറയുന്നവന്‍, എന്നിട്ടും ഇതു യാദൃശ്ചികമായി സംഭവിച്ചുവെന്ന് വിശ്വസിക്കത്തക്ക ബുദ്ധിശൂന്യത എനിക്കുണ്ട് എന്ന് തോന്നുന്നില്ല. ഇത്രനാള്‍ അണിഞ്ഞിരുന്ന ബുദ്ധിജീവി പരിവേഷം കൊണ്ടു കിട്ടാത്ത പേര് ഒറ്റദിവസംകൊണ്ട്, ഒരേയൊരു വിവാദം കൊണ്ട്  നേടിയെടുക്കുക അത് ഇന്നിന്റെ ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. എങ്ങനെ എളുപ്പത്തില്‍ പ്രശസ്തനാകാം? കൈമുതലായി യാതൊരു ഭൂതകാലവും പറയാ നില്ലങ്കിലോ? ഓര്‍മയില്‍ തെളിഞ്ഞു വരുന്നത് കുറച്ചു ദിവസം മുന്‍പ് ഡിസ്കഷന്‍ കോളത്തില്‍ ഒരു സുഹൃത്ത് ഉന്നയിച്ച ചോദ്യമാണ്. കാടുകയറിയ മനസ് പുതിയ സമവാക്ക്യങ്ങള്‍ തേടുകയാണ്.അല്ലെങ്കില്‍ അതിന്പുതിയൊരു നിര്‍വചനം കണ്ടെത്തുകയാണ്.



"ഇന്നുവരെ ആരും സഞ്ചരിക്കാത്ത വഴിയിലൂടൊക്കെ ഞാന്‍ സഞ്ചരിച്ചെന്നു വരാം, ഒരു ഭ്രാന്തനെപ്പോലെ". പേടിക്കേണ്ട.


ചോദ്യത്തിന്റെ പൊരുള്‍ ഇതാണ്. ബഹുപൂരിപക്ഷം പേരും സ്വന്തം ബ്ലോഗില്‍ തങ്ങളെ പറ്റി കുറിച്ചിരിക്കുന്നത് വളരെ നെഗറ്റിവ് ആയാണ്. വഷളന്‍ , കുരുത്തംകെട്ടവന്‍, വിവരമില്ലാത്തവന്‍ എന്നുവേണ്ട തന്നെക്കാള്‍ തലതെറിച്ച വേറൊരാള്‍ ഇല്ല എന്നമട്ടില്‍! അതെന്താ അങ്ങനെ"?
ചോദ്യം ശരിയാണ്. എന്നാല്‍ അന്ന് ഉത്തരമറിയാതെ ഉപേക്ഷിച്ചെങ്കിലും ഇന്ന് ഞാന്‍ പറയുന്നു മുകല്പറഞ്ഞ ചെറുപ്പക്കാരന്,‍ ഇതു ആസൂത്രണം ചെയ്ത നിമിഷം മുതലെയുള്ള അയാളുടെ മനസാണ് ഞാന്‍ ഉള്‍പെടെയുള്ള പ്രസ്തുത  ബഹുപൂരിപക്ഷം കുരുത്തം കേട്ടവന്മാര്‍ക്കും. മനസിലായില്ലേ? വിശദീകരിക്കാം. മൂന്നു വഴികളെയുള്ളൂ ഒന്നുമല്ലാത്തവന് സ്വയം അവരോധിക്കാന്‍.
(a) എല്ലാംതികഞ്ഞവന്‍ എന്നു ഭാവിച്ച്
(b) സ്വാഭാവികമായി ഒരു വെച്ചുകെട്ടുമില്ലാതെ നേരെചൊവ്വെ
(c) സ്വയം പരിഹാസ്യനായി അവതരിക്കുക. (ബഹുഭൂരിപക്ഷത്തെപോലെ)


a) എല്ലാംതികഞ്ഞവന്‍ എന്നു ഭാവിച്ച്
ആമുഖം നല്‍കാന്‍ ചരിത്രമുന്ടെങ്കില്‍, ഉയത്തിക്കട്ടാന്‍ ഫലകങ്ങലോ, ഉന്നത ബിരുടങ്ങാലോ ഉണ്ടെങ്കില്‍. അച്ഛന്റെ ചിതയില്‍നിന്നും കാറ്റില്‍ പറന്നടുത്ത ഒരു നുള്ള്  വെണ്ണീറില്‍  അവശേഷിച്ച വാസന എന്നെ തലോടി കടന്നുപോയി. ഇതാ ഞാന്‍ ഒരു സംഭവമായി ഇന്ന് നിങ്ങാള്‍ക്ക് മുന്‍പില്‍ എന്ന് പറഞ്ഞു രംഗപ്രവേശം ചെയ്യാമായിരുന്നു. പ്രിഥ്വിരാജ് സുകുമാരനെ പോലെ! എന്നിട്ടും കേരളം മൊത്തം അവനെ അഹങ്കാരത്തിനു കയ്യുംകാലും വച്ചവന്‍ എന്ന് വിളിക്കുന്നു. എങ്കില്‍ ഒരു ബ്ലോഗന്‍ അങ്ങനെ അവതരിച്ചാല്‍ അവന്‍റെ പരിപ്പ് നമ്മളെടുക്കൂലെ? മലയാളിയുടെ വായില്‍ നിന്നും നല്ലതുകെള്‍ക്കാന്‍ ബരാക്ക്‌ ഒബാമ പോലും കൊതിക്കുന്നുണ്ടാവും!
(b) സ്വാഭാവികമായി ഒരു വെച്ചുകെട്ടുമില്ലാതെ നേരെചൊവ്വെ
യാതൊന്നും കൊട്ടിഘോഷിക്കാതെ നന്‍മ മാത്രം പറഞ്ഞ മുഹമ്മദ്‌ നബിയെയും, യേശുക്രിസ്തു വിനെ പോലും ആദിമ സമൂഹം പുരികം ചുളിച്ചു നോക്കി. അധിക്ഷേപിച്ചു.അവര്‍ക്കറിയാവുന്ന അപ്പനും അമ്മയുമുള്ളവന്‍, മരപപണിക്കാരന്‍, വെറും സാധാരണക്കാരന്‍. അവര്‍ക്കൊന്നും തത്വജ്ഞാനവും നല്ലതും പ്രസങ്ങിക്കാന്‍ അവകാശമുണ്ടോ? ഇന്നു ഇതു പറയാന്‍ അവകാശം ഇന്നു അനുവദിച്ചുകൊടുത്തിരിക്കുന്നത് അധ്യാപകനോ, മത പണ്ഡിതനോ ആണ്. അത് അവരുടെ കടമയാണ്. ഒരു ബ്ലോഗന്‍ വല്ലോം പറഞ്ഞാല്‍......?? ആലോചിക്കാന്‍ കൂടി വയ്യ.
(c) സ്വയം പരിഹാസ്യനായി അവതരിക്കുക. (ബഹുഭൂരിപക്ഷത്തെപോലെ
മലപോലെ വന്നു എലിപോലെ  മടങ്ങാതിരിക്കാന്‍, ഉച്ചിമണ്ഡലത്തില്‍ വല്ലതുമൊക്കെ ഉള്ളവനാനെന്കില്‍, ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു എലിയായി വന്നു മലയുമായി പോകാന്‍ പറ്റിയേക്കും. ആദ്യം ഉം..മോശമില്ല, പിന്നെ കൊള്ളം....അവസാനം കലക്കി എന്ന് മലയാളിയെകൊണ്ട് പറയിപ്പിച്ചു മടങ്ങാം.


ഇതൊക്കെ തിരഞ്ഞെടുത്തു ബുദ്ധിമുട്ടാതെ എങ്ങുനിന്നോ പൊട്ടിവീണ ഒരു ഉല്ക്കപോലെ അങ്ങ് അവതരിച്ചാ ലോ? ഭൂതവും ഭാവിയും വര്‍ത്തമാനവും ആരും നോക്കില്ല. ചാരിത്ര്യവും ചരിത്രവും നോക്കില്ല. അതാണ്‌ ഇത്തിരി കുരുട്ടുബുദ്ധിയുള്ളവന്‍ വിവാദങ്ങളെ കൂട്ടുപിടിക്കുന്നത്, ഒരു "പെര്‍ഫെക്റ്റ്‌ ലോന്ചിങ്ങിനായി" അതായത് അവസരോചിതമായ രംഗപ്രവേശം! ബാബാരാംദേവിനെ പോലെ മറ്റുപലരെയും പോലെ നാളെ രാ ഹുല്‍ ഈശ്വര്‍ ഒരു സംഭാവമാകുമോ എന്ന് കാത്തിരുന്നു കാണാം. അയാളുടെ ലക്‌ഷ്യം എന്തുമാകട്ടെ.
 തന്ത്രിക്ക് മാന്ത്രിയാവാണോ? മന്ത്രിക്കു മഹാകവിയാകണോ? അതോ നാടക നടനാകണോ? ആയിക്കോ...ആരുചോദിക്കാന്‍? ഇവിടെ കഷ്ടപ്പെട്ട്‌ സമവാക്യം കണ്ടുപിടിക്കാന്‍ എന്നെപോലെ പണിയില്ലാത്തവര്‍ ഒരുപാടുണ്ട്.
ചുരുക്കത്തില്‍ കയ്യിലിരുപ്പും ഉള്ളിളിരുപ്പും കൊണ്ട്‌,


a+b+c = അഹങ്കാരി+നന്മനിറഞ്ഞവന്‍+കുരുത്തംകെട്ടവന്‍=++അതിമോഹിയായ ദിനേശന്‍

ie. = ബ്ലോഗന്‍  = രാഹുല്‍ ഈശ്വരിനെ പോലുള്ളവര്‍.


വല്ലോം മനസിലായോ? ഇല്ലേല്‍ വിട്ടുകള. തെറിപറഞ്ഞെന്നെ നാറ്റിക്കരുത്.




  

12.12.11

ബൂലോകത്തില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം

കുറച്ചുനാള്‍ മുന്‍പുവരെ മാസത്തില്‍ ഒരിക്കലെങ്കിലും തോന്നിയിരുന്നു ഞാന്‍ ഒരു വിഡ്ഢിയാണെന്ന്. എന്നാല്‍ ഇന്നു സംശയലെശ്യമേന്നേ എനിക്കറിയാം ഓരോ ബ്ലോഗ് പോസ്റ്റ്‌ ചെയ്യുമ്പോഴും ഞാന്‍ ഒരു പമ്പരവിഡ്ഢി തന്നെയാണ്.  കാരണമറിയെണ്ടേ? ഇവിടെ വിദ്യാര്‍ത്ഥി അധ്യാപകനെക്കള്‍ അറിവുള്ളവനാണ്, വായക്കാരന് എഴുത്തുകാരനെക്കാള്‍ ചിന്താശക്തിയുണ്ട്. അതുപോലെ ഇതെഴുതുന്ന എന്നെക്കാള്‍ വിജ്ഞാനം കൊണ്ടും ആത്മസമ്പത്തുകൊണ്ടും വായിക്കുന്ന നിങ്ങളോരോരുത്തരും ശ്രേഷ്ഠരാണ്.


തത്വഞാനിയോ ചിന്തകനോ, തെല്ലും പ്രശസ്തനോ അല്ലായിരുന്നിട്ടും,  തികച്ചും പരിഹാസ്യതയോടും അവജ്ഞയോടും കൂടി ഈ കുറിപ്പ് തള്ളപ്പെടും എന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നിട്ടും നിര്‍ലജ്ജം ഞാന്‍ ഈ സാഹസത്തിനു മുതിര്‍ന്നത് ബ്ലോഗുകളുടെ ലോകത്ത് ഒരു പക്ഷിയുടെ ചിറകിന്റെ  സ്വാതന്ത്ര്യം ഞാന്‍ അനുഭവിച്ചു തുടങ്ങിയതുകൊണ്ട് മാത്രമാണ്.
  
ഇവിടെ തികച്ചും പുതുമുഖമായിരുന്നിട്ടും ചുരുങ്ങിയ ദിനങ്ങള്‍ കൊണ്ട് ആകാശംപോലെ വിശാലമായ ഒരു ക്യാന്‍വാസ് കണ്ടു. അതില്‍ ഏതു സമകാലിക വിഷയവും കയ്യിലെടുത്തമ്മാനമാടുന്ന അതുല്യ പ്രതിഭകളെ കണ്ടു. അച്ചടിത്താള്കളില്‍ എത്തിപ്പെട്ടില്ലെങ്കിലും കഥയും കവിതയും വിളയുന്ന പുതിയ വയലുകളും അവയിലെ വിതക്കാരെയും കണ്ടു. താരാപഥത്തിലെ തിളക്കങ്ങള്‍പോലെ, അറിഞ്ഞും അറിയപ്പെടാതെയും മിന്നുന്ന പൊട്ടുകളില്‍ വലുതും, ചെറുതും, പേരുള്ളതും ഇല്ലാത്തതുമായ ഒത്തിരിപ്പേര്‍.......... മലയാള ഭാഷയും വായനയും ആന്യംനിന്നു പോകുന്നുവെന്ന് ആക്ഷേപമുള്ള ഈ കാലഘട്ടത്തിലും നമുക്കാഹ്ലാദിക്കാന്‍ വകനല്‍കുന്ന ഉന്നതനിലവാരവും വിജ്ഞാനവുമുള്ള, വിവിധ വിഷയങ്ങളില്‍ വ്യക്തമായകാഴ്ചപ്പാടുള്ള, പ്രതികരണശേഷിയുള്ള ഒരു വലിയ സമൂഹം.


അകന്നു നിന്നപ്പോഴാണ് നാട് എത്ര സുന്ദരമായിരുന്നുവെന്നും നന്‍മകള്‍ നമ്മെ തൊട്ടാണ് നിന്നിരുന്നുവെന്നും അറിഞ്ഞത്. ലോകത്തെ മുഴുവന്‍ സ്നേഹിക്കാനുള്ള വിശാലമനസ്ഥിതി ഇല്ലാത്തതിനാലാവാം തന്നിലേക്കുതന്നെ ചുരുങ്ങി സ്വന്തം ഗ്രാമത്തെപ്പറ്റിയെങ്കിലും ചിന്തിച്ചതും ഓര്‍മ്മകള്‍  പങ്കുവയ്ക്കാന്‍ ബ്ലോഗ്‌ ഒരു ഉപാധിയായതും. ഒരു ചെറു കുറിപ്പെങ്കിലും, അതില്‍ ഇത്തിരി കാമ്പുണ്ടാവണമെന്നും, ഒരു വായനക്കാരനേയുള്ളൂവെങ്കിലും ചിന്തിക്കാനുതകുന്ന ഒരു നല്ല ആശയമെങ്കിലും പകര്‍ന്നുനല്‍കാന്‍ അതിനു കഴിയണമെന്നുമാണ് ആഗ്രഹം.


സിനിമ എന്ന ബ്രഹുത്തായ മാധ്യമം വഴി പണ്ടുമുതല്‍ക്കേ നല്ല സന്ദേശങ്ങള്‍ സമൂഹത്തിലെക്ക് കൈമാറ്റം ചെയ്യപ്പെട്ടിടുണ്ട്. ചില ലോകോത്തര സിനിമകള്‍, അതിന്‍റെ സംവിധായകര്‍ നമുക്ക് നല്‍കിയത് വലിയ നന്മയുടെയും സംസ്കാരത്തിന്‍റെയും ചരിത്രങ്ങലാണ്. ഇന്നു ലോകം ഒരു നെറ്റ്‌വര്‍ക്കിനുള്ളില്‍, അവിടെ ഇ-ബൂക്കുകളുടെയും, പത്രം, ബ്ലോഗിങ് തുടങ്ങി വായനയുടെ വിശാലമായ ഒരു ലോകം മുന്നില്‍ക്കണ്ട് തന്നെയാണ് "ആപ്പിള്‍" തുടക്കമിട്ട ടാബ്ലെറ്റ്‌ കമ്പ്യുട്ടറുകളുടെ തരംഗം തന്നെ ഉണ്ടായത്.
ആകാശ് എന്ന മിനി ടാബ്ലെറ്റ് ഏറ്റവും തുച്ച്ചമായ തുകക്ക് കുട്ടികളിലെയ്ക്കെത്തിച്ചു ഇന്ത്യ ഇന്നു ലോകത്തിനു മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്നു.


ഇ-ലോകത്ത് പ്രലോഭിപ്പിക്കുന്നതെന്തും  ആര്‍ത്തിയോടെ വായിക്കാനൊരുങ്ങി പെട്ടെന്ന് മുഖം അടുത്തിക്കുന്ന കുഞ്ഞിലേക്ക്‌ തിരിഞ്ഞു കുറ്റബോധത്താല്‍ പിന്‍വാങ്ങാറുണ്ട്.
 എവിടെയും ഏറ്റവും മുന്‍നിരയില്‍ കുട്ടികളാണ്‌. നാളെ അവരിലേയ്ക്ക് എത്തിപ്പെടുന്നതും ഇതുതന്നെയല്ലേ?  അതുകൊണ്ടുതന്നെയാണ് നന്മ, നല്ലത് എന്ന ആശയത്തിന് പ്രസക്തിയേറുന്നത്. നല്ലതിനെപറ്റി പ്രസംഗിച്ചാല്‍ മാത്രമാവില്ല. ഉദാഹരണം,



 ഒരുകാലത്ത് തന്‍റെ "പവിത്രം" എന്ന സിനിമ പ്രദര്‍ശനവിജയം നേടാഞ്ഞതില്‍ മനംനൊന്ത്,  "ഇന്നത്തെ സമൂഹത്തിനെന്തുപറ്റി? ഇ പോക്കില്‍ എനിക്ക് വേദനയുണ്ട്." എന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിലപിച്ച ടി.കെ രാജീവ്‌ കുമാര്‍ എന്ന സംവിധായകന്‍ കാലങ്ങള്‍ക്കിപ്പുറം അതേ സമൂഹത്തിനായി വച്ചുനീട്ടിയ  "രതിനിര്‍വ്വേദം" എന്ന ഇക്കിളി സിനിമയോര്‍ത്തു തെല്ല് വേദനയുണ്ട്. 


അശ്ലീലത്തിന്റെ അതിപ്രസരം മൂലം  ബ്ലോഗ്ഗിങ്ങിലെ മുടിചൂടാമന്നനായ ബെര്‍ളിയെ, ബ്ലോഗ്ഗിലെ മറ്റൊരു ആദരണീയ വ്യക്തിത്തമായ ബഷീര്‍ വള്ളിക്കുന്ന് തന്‍റെ പോസ്റ്റിലൂടെ സ്നേഹബുദ്ധ്യാ വിമര്‍ശിച്ചത് ഞാന്‍ ഓര്‍ത്തുപോകുന്നു.(http://www.vallikkunnu.com/2011/07/blog-post_16.html)


ബ്ലോഗിങ്ങിന്റെ വിവിധ തലങ്ങളില്‍ അമരത്തിരിക്കുന്ന ഒരുപാടു പ്രതിഭകള്‍ നമുക്കുണ്ട്.വാര്‍ത്താധിഷ്ടിത വിശകലനങ്ങള്‍, പ്രതികരണങ്ങള്‍, വിമര്‍ശനങ്ങള്‍, കലാസാംസ്കാരിക മേഖലയില്‍ അങ്ങനെയങ്ങനെ.....എല്ലാം പൂര്‍വാധികം ശക്തിയായി തുടരട്ടെ. ഏതെങ്കിലും ഒരു കുറിപ്പ് വായിക്കുമ്പോള്‍, അതില്‍ എന്തെങ്കിലും നല്ല സന്ദേശം കണ്ടാല്‍ അത് പങ്കുവയ്ക്കപ്പെടട്ടെ. അല്ലാതെ വെറും കൃഷ്ണനും രാധയുമോ, കൊലവേറിയോ മാത്രമായി ചുരുങ്ങാതിരിക്കട്ടെ. നാളത്തെ സാഹിത്യലോകം ഇ-ബുക്കില്‍ ആവില്ലെന്ന് ആരുകണ്ടു? വെറും മൂന്നാംകിട സാഹിത്യമെന്നു അധിക്ഷേപിച്ചവര്‍ പോലും അക്കൂട്ടത്തില്‍ ഇടം തേടിയെന്നും വരാം. നമുക്കിടയില്‍ നിന്നും വിശ്വസാഹിത്യകാരന്‍മാര്‍ പിറവിയെടുക്കില്ലെന്നു ആരറിഞ്ഞു? അപ്പോള്‍ ഞാന്‍ ചോദിയ്ക്കാന്‍ ബാക്കിവച്ചുപോയ ചിലത് പുതുതലമുറയില്‍ നമ്മോടോപ്പമിരുന്നു സംവദിക്കുന്ന ആ M.T യോടും, സേതുവിനോടും ചോദിക്കാം.


എന്നെങ്കിലും  M.T വാസുദേവന്‍ നായര്‍ സാറിനെ അടുത്തുകണ്ടാല്‍ ചോദിക്കും...........
" ഭീമനോടൊപ്പം എത്രനാള്‍ വനാന്തരത്തില്‍ കഴിഞ്ഞു? അതോ സാറ് തന്നെയോ പൂര്‍വജന്മ്മത്തിലെ ഭീമന്‍!" 


സേതുവിനോട്....
."പാണ്ഡവപുരം എന്ന വിഭാന്തിയിലേക്ക് എന്നെ തള്ളിവിടുവാന്‍ തക്കവണ്ണം ഭ്രാന്തമായ മനസോടെ സാര്‍ എങ്ങനെ ആ ബാങ്ക് മാനജേര്‍ കസേരയില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി?"


ഒന്നെനിക്കുറപ്പാന്, മലയാളത്തെ സ്നേഹിക്കുന്നവര്‍, വായനയെ അടുത്തറിഞ്ഞവര്‍, ഇവരൊക്കെ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ കൈപിടിച്ച് സമൂഹത്തിന്‍റെ വിവിധ തലങ്ങളിലേക്കും മനുഷ്യരിലേക്കും മനസുകൊണ്ട് ഇറങ്ങിച്ചെന്നവരാണ്. അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ ഉള്ളില്‍നിന്നൊന്നും അത്രപെട്ടന്ന് മനുഷ്യത്തം മറക്കപ്പെട്ട ഗോവിന്തച്ചാമിമാര്‍ പുറത്തു വരില്ല.


പുതു തലമുറയുടെ എഴുത്തുകാരെ, പ്രിയപ്പെട്ട ബ്ലോഗ്ഗെര്‍മാരെ നിങ്ങളുടെ വിരല്‍തുമ്പില്‍ വിരിയുന്നതും ചരിത്രമാകട്ടെ.


ഒന്നുമില്ലായ്മയാനെന്‍റെ പൊക്കം! ഒന്നുമല്ലാത്ത എന്നിലെ വെറുമൊരു ചെറു ബ്ലോഗര്‍ക്കും നല്ലതെന്തെങ്കിലും നല്‍കാന്‍ കഴിയും എന്നാശ്വസിച്ച്, ആശംസിച്ച്.....ഇനി അല്‍പനേരം മിണ്ടാതിരിക്കാം........

9.12.11

ഇവന്‍ ബൂലോകം കീഴടക്കിയവന്‍!ലോകോത്തര ബ്ലോഗന്‍!

"കൊല്ലം കണ്ടവനില്ലം വേണ്ട
കൊച്ചി കണ്ടവനച്ചി വേണ്ട
കമന്റ്‌ കിട്ടിയാലിവയോന്നും വേണ്ട"
ഹാവൂ! എങ്ങനെ തുടങ്ങനമെന്നറിയില്ല...... സന്തോഷം കൊണ്ടേനിക്കിരിക്കാന്‍ വയ്യ!
ഇതെഴുതി തീര്‍ക്കാന്‍ ‍ വെമ്പുന്ന കയ്യുടെ നെട്ടോട്ടം കാരണം കസേരയുടെ ഒരറ്റത്ത് റബര്‍ ബാണ്ട് ഇട്ടു കയ്യോടു കൂട്ടിക്കെട്ടിയാണ് കയ്യഷരം നിയന്ത്രിക്കുന്നത്‌. കാരണമറിയെണ്ടേ? പറയാം.........


ഇത്ര നാളത്തെ കാത്തിരുപ്പിനും നേര്‍ച്ചകാഴ്ച്ചകള്‍ക്കും ഒടുവില്‍ ആറ്റു നോറ്റിരുന്നു കിട്ടിയ കുട്ടിയെപ്പോലെ എന്റെ ബ്ലോഗ്‌ പോസ്റ്റില്‍ ആദ്യത്തെ  കമന്റ്റ് വീണിരിക്കുന്നു!
ഈ അസുലഭ മുഹൂര്‍ത്തത്തെ എങ്ങനെ വിവരിക്കനമെന്നറിയില്ല! ബ്ലോഗില്‍ അത് കണ്ട നിമിഷത്തില്‍ എന്‍റെ മുഖത്തു വിരിഞ്ഞ പൊന്‍ പ്രകാശം വര്‍ണ്ണനകള്‍ക്ക് അതീതമാണ്. നേരിട്ട് കാണണമെങ്കില്‍ പൂരപ്പറമ്പില്‍ വെടിക്കെട്ടുകാണാന്‍ മേലോട്ട് നോക്കി നില്‍ക്കുന്നവന്‍റെ മുഖത്തേക്ക് നോക്കൂ...ഹായ് ! നിലാത്തിരി വിടര്‍ന്നു .........വായ്‌ അടയ്ക്കാം.


ആ ചിത്രം സങ്കല്‍പ്പിക്കാനാവും വിധം നിങ്ങള്ക്ക് ഭാവന ഉണ്ടോ എന്നുപോലും ഞാന്‍ സംശയിക്കുന്നു. ഈ നേട്ടങ്ങള്‍ക്കൊക്കെ പിന്നില്‍ കദനത്തിന്റെ (അപാര തൊലിക്കട്ടിയുടെ) ഒരു വലിയ കഥയുണ്ട്.‍ അത് മുഴുവന്‍ കേട്ടെ പറ്റൂ .....കേള്‍ക്കാതെ "വിടില്ല .... ഞാന്‍ വിടില്ല ....പെണ്ണെ ...( സോറി , മനസൊന്നു പാളി.... ഈ ദിലീപിന്റെ ഒരു കാര്യം......ഇത്രയോക്കെയായിട്ടും....കള്ളന്‍, ക്രിസ്ത്യന്‍ ബ്രദേര്സിന്‍റെ പഴയ കുപ്പി അടുത്തിരിക്കുന്ന കണ്ടപ്പോള്‍ ഓര്‍ത്തതാ)


ഈ ബ്ലോഗെഴുത്ത് ഇത്ര സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണെന്ന് മുന്‍പ് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇതിനു മുതിരില്ലായിരുന്നു. എങ്കിലും ഏത് പ്രതിഭയും ഒരുദിവസം വെളിച്ചത്തു വരും എന്നും, അന്ഗീകരിക്കപ്പെടും എന്നതും ഞാന്‍ വിസ്മരിക്കുന്നില്ല. ഇന്നു കൊടിമുടി കീഴടക്കി നില്‍ക്കുന്ന എന്‍റെ "നേട്ടത്തിലെക്കുള്ള പാത" ഒരു പുസ്തകമായി ഇറക്കുന്നതിനു മുന്‍പേ അത് നിങ്ങളോട് പറയാന്‍ ഞാന്‍ വെമ്പുകയാണ്. ആശയങ്ങള്‍ ഉള്ളില്‍ ഗര്ഭംധരിച്ച് അതെഴുതിതീര്‍ക്കാന്‍ പ്രസവ വേദനയാലെന്നപോലെ ഉണ്ണാനും ഉറങ്ങാനുമാകാതെ ഞാന്‍ അനുഭവിച്ച വേദന! കീബോര്‍ഡ് എവിടെ എന്നലറിക്കരഞ്ഞു, പെത്തെഡീന്‍ കിട്ടാത്തവനെപ്പോലെ പൊട്ടിക്കരഞ്ഞു കട്ടിലില്‍ കിടന്നു ഞെളിപിരി കൊള്ളുന്ന ആ അവസ്ഥ അനുഭവിച്ഛവര്‍ക്കെ അറിയൂ!


ആദ്യമൊക്കെ എന്നിലെ ഈ മാറ്റം ഭാര്യ അറിഞ്ഞിരുന്നില്ല. അവളുറങ്ങുമ്പോള്‍ ഞാനെഴുനേറ്റു എങ്ങോട്ടാ പോണതെന്ന് കാണുന്നവരെ. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കീബോര്‍ഡില്‍ തലകുത്തി നില്‍ക്കുന്ന എന്നെക്കണ്ട് അയ്യേ!........ ഇതിയാനു വേറെ പണിയോന്നുമില്ലേ....എന്ന് അവള്‍ പുശ്ചിച്ചത് ഞാന്‍ കാര്യമാക്കിയില്ല. പിന്നീടുള്ള എന്‍റെ ദിനരാത്രങ്ങള്‍ ........വിവരിക്കാന്‍ തന്നെ ഭയമാകുന്നു.


കക്കൂസ് സാഹിത്യമെന്നു പലരോടൊപ്പം അവളും പറഞ്ഞിട്ടും, അത് രണ്ടും ഉപേക്ഷിച്ച് ( കക്കൂസും, കുളിമുറിയും) ഞാന്‍ ഹൃദയത്തില്‍ ചാലിച്ചെടുത്തു മോണിട്ടറില്‍ പറ്റിച്ചുവച്ച എന്‍റെ രചനകള്‍! ഓരോ ദിവസവും ബ്ലോഗില്‍ ആള്‍ കയറുന്നതും കമന്‍റ് ഇടുന്നതും സ്വപ്നം കണ്ട്‌, ഒടുക്കം മനസ് തകര്‍ന്നു വ്യാകുല മാതാവിന്റെ മുന്നില്‍ വിങ്ങിപ്പോട്ടി, കത്തിച്ചു തള്ളിയ മെഴുകിതിരി കൂടുകള്‍ക്ക് കണക്കില്ല. അത് കൊണ്ട്‌ വീട് നിറഞ്ഞതിനും അവളുടെ വക തെറി! എന്തിന് മുല്ലപ്പെരിയരിലെയ്ക്ക് ഒരു തീര്‍ഥയാത്ര പോയാലോ എന്ന് പോലും ആലോചിച്ചു. (ആ പരുപാടി ഡ്രോപ്പ് ചെയ്തു) ആഴ്ച്ചക്കൊന്നു മാത്രം മനസാ ധ്യാനിച്ചിരുന്ന പറശിനിക്കടവ് മുത്തപ്പനെ പൂര്‍വാധികം ശക്തിയോടെ ദിനവുംഞാന്‍ ധ്യാനിച്ചു.(ചീയെര്സ്‌!.......സോറി പിന്നെയും മനസ് പാളി.. )


മാനസിക പീഡനത്തിന്‍റെ നാളകള്‍ ഞാന്‍ തരണം ചെയ്തത് (ശാരീരിക പീഡനം എനിക്കു പുത്തരിയല്ല, അവള്‍ കരോട്ടെ ബ്രൌണ്‍ ബെല്ട്ടാണ്) സ്വന്തം സൃഷ്ടികള്‍ ആവത്തിച്ചാവര്‍ത്തിച്ചു വായിച്ചുകൊണ്ടാണ്. അപ്പോഴും ഇപ്പോഴും ഞാന്‍ തറപ്പിച്ച് പറയുന്നു ഈ അറിവിന്‍റെ വെളിച്ചം വീശുന്ന മഹത് വചനങ്ങള്‍ ഒരിക്കല്‍പോലും വായിക്കാത്തവര്‍ക്ക് ആയുസില്‍ പകുതി എന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. പലതും പറയരുതാത്തതാണ് എന്നാലും ബ്ലോഗരോടും, ആരാധകരോടും കള്ളം പറയെരുതെന്നാനെല്ലോ പ്രമാണം. പകലത്തെ കിളക്കല്‍ (ഓഫീസില്‍) കഴിഞ്ഞു രാത്രിയില്‍ ക്ഷീണം പോലും മറന്നു, ഉറങ്ങാനെന്ന വ്യാജേന കിടന്ന്, ഭാര്യയുടെ കൂര്‍ക്കംവലിക്ക് കാതോര്‍ത്ത്, പതിയെ ഉണര്ന്നെണിറ്റു പതിവ് പണി തുടങ്ങും. എങ്കിലും ചില കാര്യങ്ങള്‍ നമ്മുടെ ശക്തിക്കതീതമാണല്ലോ..... വിഷമസന്ധികളില്‍ മാത്രം ഒന്നിനു മുറ്റത്തിറങ്ങി തിരിച്ചു കയറുമ്പോള്‍ പാരഗന്‍ ചെരുപ്പിനടിയില്‍ പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തറയിലുരഞ്ഞു "കിരു കിര " ശബ്ദം കേള്‍ക്കാതിരിക്കാന്‍, വള്ളി ചെരുപ്പുകള്‍ കക്ഷത്തില്‍ തിരുകി, വാതിലിന്‍റെ ഞരക്കം മറയ്ക്കാന്‍, ശ്വാസം ആഞ്ഞു വലിച്ചു തിരികെ കംപുട്ടരിന്‍റെ മുന്നിലേക്ക്‌ ഞാന്‍ പണിപ്പെട്ട് എത്തുന്നത് ഇപ്പോഴും ഒരു ചങ്കിടിപ്പോടെയെ എനിക്കോര്‍ക്കാന്‍ കഴിയൂ ...


 "ഞാനൊന്ന് തുമ്മിയിരുന്നെങ്കില്‍? ഒന്നുറക്കെ ചുമച്ചിരുന്നെങ്ങില്‍? നിദ്രയുടെ ആലസ്യത്തില്‍നിന്നു അവള്‍ ഉണര്ന്നെനെ!" ( ഓ.. പിന്നെയും പാളി..... ഡയലോഗ്... സോറി...ഹിറ്റ്ലറും പിന്നെ എം .ജി സോമനും) ഇച്ഛാശക്തി എന്നു പറയുന്ന എന്തോ ഒരു സാധനമില്ലായിരുന്നേല്‍ പണി അതോടെ തീര്‍ന്നേനെ. ഇതെഴുതാന്‍ ഞാന്‍ ബാക്കിയാകുമായിരുന്നില്ല.


അങ്ങനെയോക്കെയാണ് എന്‍റെ പ്രിയ അഭ്യുദയകാംക്ഷികളെ ഞാന്‍ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടി തള്ളി എവിടെ എത്തിനില്‍ക്കുന്നത്‌. എനിക്കുതോന്നുന്നു ഈ വെല്ലുവിളികള്‍ക്ക് മുന്നില്‍ ബാരക്ക് ഒബാമയുടെ ജീവിതമോ ആടുജീവിതത്തിലെ നജീബിന്റെ വേദനയോ ഒരു കിഴി തൂക്കം താഴെയേ വരൂ. എന്‍റെ വളര്‍ച്ചക്ക്‌ കാരണഭൂതരായാ നിങ്ങളയെല്ലാം ഒരു തുറന്ന റോള്‍സ് റോയ്സില്‍, ബൂലോകം മൊത്തം കറങ്ങി അഭിവാദ്യം ചെയ്തു കൃതഞ്ജത അര്‍പ്പിക്കണമെന്നു അതിയായ ആഗ്രഹമുണ്ട്.( ബൂലോകത്തില്‍ റെന്‍റ് എ കാര്‍ കിട്ടുമോ ആവോ?) പക്ഷെ അടുത്ത "കൂതറ"സൃഷ്ടിയുടെ പണിപ്പുരയിലാകയാല്‍ മെസ്തരിയുടെ നിര്‍ദേശപ്രകാരം തല്‍ക്കാലം യാത്ര ഒഴിവാക്കുന്നു.(കൂതറ എന്നാ വാക്കിന് "പ്രകാശിക്കുന്നവന്‍" എന്നും വീട്ടിലിരിക്കുന്ന നിഘണ്ടുവില്‍ അര്‍ത്ഥമുണ്ട്.) എങ്കിലും ആദ്യമായി കിട്ടിയ പ്രണയ ലേഖനം പോലെ ആ കമന്റിന്‍റെ ഒന്‍പതു കോപ്പി ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരികല്‍ കൂടി നിങ്ങള്‍ക്ക്‌ നന്ദിയുടെ ഒരായിരം നറുമലരുകള്‍....
ജയ്‌ ബൂലോകം


വാല്‍ക്കഷ്ണം: വീട്ടില്‍നിന്നും അമ്മ വിളിച്ചിരുന്നു. അച്ഛന് പതിവില്ലാതെ തുമ്മല്‍ ലേശം കലശലായതായി അറിയിച്ചു. എന്‍റെ പ്രിയ വയാനക്കാര്‍ പെറ്റ തള്ളയെ യോര്‍ത്ത് പ്രായത്തെ എങ്കിലും മാനിക്കുമെന്നു കരുതുന്നു. (സന്തോഷ്‌ പണ്ഡിറ്റിന്റെ ഫാദരിനു ഇതൊന്നും കാണേണ്ടി വന്നിട്ടില്ല.)

ബന്ധപ്പെട്ട പോസ്റ്റ്‌: വാട്ട്‌ ആന്‍ ഐഡിയ ബ്ലോഗര്‍ജി

6.12.11

ഒരു ക്രിസ്മസ് കരോളിന്‍റെ അന്ത്യം


ഡിസംബര്‍ ഒരു സുഖമുള്ള കാഴ്ചയാണ്!

അകവും പുറവും നിറയെ തണുപ്പാണ്. വര്‍ണ്ണാഭമായ ക്രിസ്മസ് കാര്‍ഡുകളിലെയും സിനിമകളിലെയും മഞ്ഞില്‍ കുളിച്ച യൂറോപ്പിന്റെ ചിത്രം എന്നും മനസ്സില്‍ മായാതെനില്‍ക്കുന്നു.  
നിരത്തുകളില്‍ മൂടിപ്പുതച്ചു നീങ്ങുന്ന മനുഷ്യര്‍, കൊതിപ്പിക്കുന്ന മഞ്ഞുവീണ കുടിലുകള്‍, ക്രിസ്മസ് ട്രീകള്‍!,.......


കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതുമായ നാടും നാട്ടാരും പടങ്ങളില്‍ തന്നെ നില്‍ക്കട്ടെ. നടന്നു പതിഞ്ഞ നാട്ടുവഴിയിലേക്കും നമ്മോടൊട്ടിനില്‍ക്കുന്ന പ്രകൃതിയിലേയ്ക്കും മടങ്ങി വരാം.


എല്ലാ കാലങ്ങളെയുംകാള്‍ ഡിസംബര്‍ കൂടുതല്‍ പ്രിയങ്കരമാകാന്‍ പലതുമുണ്ട് കാരണം. സ്കൂളടച്ചു പത്തുദിവസത്തെ അവധി, പുതപ്പിനടിയില്‍ ചുരുണ്ട് തണുപ്പാസ്വദിച്ചുള്ള ഉറക്കം, ഉറക്കച്ചടവില്‍ നിന്നെണീറ്റു കണ്‍മിഴിച്ചു കണ്ട ക്രിസ്മസ്കരോള്‍....!!,!!

 ഓര്‍മ്മകളെ കൂടെ കൂട്ടി കുറച്ചു പിന്നോക്കം നടന്നാല്‍ ഏതു പ്രായത്തിലും മങ്ങാതെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന രസകരങ്ങളായ ചില ചിന്തുകളുണ്ട്. ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍, നക്ഷത്രങ്ങള്‍, നിലാത്തിരി, പുല്‍കൂട് ഇതൊന്നുമല്ല ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുന്നത്, "കരോള്‍.......!,!!!

സ്കൂള്‍ അടയ്ക്കുന്നതിനു മുന്‍പേ കൂട്ടുകാരുടെ ഗ്യാങ്ങ് ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍.!, പാതിരാത്രിയില്‍  അവരോടൊപ്പം ഊരു ചുറ്റാനുള്ള ലൈസെന്‍സ് വീട്ടില്‍നിന്നും വല്ലവിധേനയും നേടിയെടുക്കല്‍, "സര്‍വകലാവല്ലഭന്മാരുടെ," സംഘം ഒപ്പിക്കുന്ന കുരുത്തക്കേടുകള്‍.....,....അങ്ങനെ പലതും.!!

1990 കളിലെ ഒരു ഡിസംബര്‍ ഇരുപത്തിമൂന്ന് , റോഡുകളില്ലാത്ത, വാഹനങ്ങളുടെ ഇരമ്പലെത്താത്ത, കണ്‍വെട്ടത്തെല്ലാം പുഴകളോഴുകുന്ന കുട്ടനാട്ടിലെ കുഗ്രാമം.  
 മാവിന്‍ചുവട്ടില്‍ ചുവട്ടംകൂടിനിന്ന കുട്ടി സംഘത്തിന്‍റെ നേതാവ് പറഞ്ഞു.

 " നമ്മുടെ അടുത്തുള്ള ക്ലബ്ബു കാരുമായി ഒന്ന് മുട്ടണമെങ്കില്‍ മടല്‍ബാറ്റും, പലകയും ഉപേക്ഷിച്ച് അമ്പതു രൂപയ്ക്കുമേലെങ്കിലും വിലവരുന്ന ഒരു ബാറ്റ് വാങ്ങിയേ തീരു, ആയതിനാല്‍ ഇത്തവണത്തെ കരോളിന്റെ മുഖ്യഉദ്ദേശ്യം തന്നെ ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങാനുള്ള പണം സംഘടിപ്പിക്കുക എന്നതുതന്നെ". 

കൂടി നിന്നവര്‍ ആര്പ്പുവിളിച്ചും, വിസിലടിച്ചും അതിനെ പിന്താങ്ങി.

ദ്രുതഗതിയില്‍ വൈകിട്ടെക്കുള്ള ഒരുക്കങ്ങള്‍ക്ക് കോപ്പുകൂട്ടി. കമ്മറ്റിയുടെ തീരുമാനപ്രകാരം, വലുപ്പം കൊണ്ട് വാസു ക്രിസ്മസ് ഫാദര്‍, ലജ്ജയും പുഞ്ചിരിയും വിരിഞ്ഞ കുഞ്ചു എന്ന കുഞ്ഞുമോന്‍ മാലാഖ, മീന്‍പിടുത്തത്തില്‍ അഗ്രഗണ്യനായ "പൊന്‍മാന്‍" ബിജു, സൈക്കിള്‍ കടക്കാരന്‍റെ സണ്ണായ "വാല്ടൂബ് 
ബഷീര്‍", തോട്ടിക്കൊലുപോലെ വളഞ്ഞ "കൊക്കുമുണ്ടി ചാണ്ടി " എന്നിവര്‍ മൂന്നു രാജാക്കന്മ്മാരാര്‍!!!, അധികം മേയ്ക്കപ്പ് ബാക്കിയില്ലാത്തതിനാല്‍ ഉള്ളത് വാരിപ്പൂശി രണ്ട് ആട്ടിടയന്മ്മാര്‍ എന്നിവരേയും ഒപ്പിച്ചെടുത്തു. 


പണപ്പെട്ടി, പിരിവ് ഇവ ഇരട്ട സഹോദരരായ തൊമ്മി ആന്‍ഡ്‌ വര്‍ക്കി ഏറ്റെടുത്തു. ആശിച്ച വേഷം കിട്ടാതെ എന്‍റെ ക്ലോസ് ഫ്രണ്ട് ചന്ദ്രന്‍ കരഞ്ഞുകൊണ്ട് പരിപാടി ബഹിഷ്കരിച്ചപ്പോള്‍ അവനെ സമാധാനിപ്പിക്കാനായി പാട്ടിനോപ്പിച്ചു തുള്ളാന്‍ " ജോക്കെര്‍" എന്ന ഒരു തസ്തിക സൃഷ്ടിച്ചു തൊപ്പിയും വച്ചു വിട്ടു. ഏറെക്കുറെ കാര്യങ്ങള്‍ സെറ്റ്പ്പായപ്പോളാണ് പാടാന്‍ പാട്ടും കൊട്ടാന്‍ ബാന്‍ഡും വേണമെന്നോര്‍ത്തത്. സംഗതി പ്രശ്നമില്ല, താളമടിക്കാന്‍ ബാന്ടിനു പകരമായി ആരോ കണ്ടത്തില്‍ മുണ്ടിയെ ഓടിക്കുന്ന പാട്ടയില്‍ ഒന്ന് സംഘടിപ്പിച്ചു. വീട്ടിലെ പള്ളിപ്പാട്ടു പുസ്തകതില്‍നിന്നു കീറി രണ്ടു താളുമായി മറ്റൊരുത്തന്‍ വന്നു.


ആദ്യത്തെ വീട്, സംഘത്തലവന്‍ മോനച്ചന്‍റെ വീട്ടുമുറ്റം, "പുല്‍ക്കുടിലില്‍..... കല്തോട്ടിലില്‍".......," പാട്ടറിയാതെ, താളംതെറ്റി!! ആകെപ്പാടെ ചവിട്ടിക്കുഴച്ചു കുളമായി! സാരമില്ല "സ്റ്റാര്‍ട്ടിംഗ് ട്രബിള്‍".,....


അടുത്തത്‌ സ്ഥലത്തെ പ്രധാന അദ്ധ്യാപകന്‍ കേശവപിള്ള സാറിന്‍റെ വീട്ടുവളപ്പ്. പാട്ടയടി കേട്ടതും സാറിറങ്ങിവന്നു. ശുണ്ടിയുള്ള മൂക്കത്തെ കണ്ണാടിയുടെ മേലേകൂടെ ആകെ ഒന്ന് നോക്കി.


 "ചാടി മുറ്റം കിളക്കേണ്ട, ഇതു കൊണ്ടുപോയ്ക്കോ" 

എന്ന് പറഞ്ഞ് ഒരു ഇരുപതും, പത്തും, അഞ്ചും വച്ചുനീട്ടി. എണ്ണിനോക്കിയ വര്‍ക്കിയുടെ മോന്തായം ചുവന്നു. ആകെ മുപ്പത്തഞ്ചു പൈസ! പതിനഞ്ചു കൂടെ ഇട്ടു റൗണ്ട് ഫിഗറാക്കി അമ്പതു പൈസാ തിരിച്ച് പിള്ളസാറിനു കയ്യില്‍ വച്ചുകൊടുത്തു. "ഇതുവച്ചോ"!!

"ഗുരുത്വദോഷം!" 

ആരോപറഞ്ഞു. അത് ന്യൂട്ടന്‍ കണ്ടുപിടിച്ചതല്ലേ മഴയത്തുപോലും പള്ളിക്കൂടത്തിന്റെ തിണ്ണയില്‍ കയറിനില്‍ക്കാത്ത തനിക്കതു ബാധകമല്ലന്നു പുശ്ചിച്ചുതള്ളി വര്‍ക്കി!


അങ്ങനെ വീടുകള്‍ ഓരോന്നായി കയറിയിറങ്ങി. പൈസയുമായി വീട്ടുകാര്‍ വരുമ്പോള്‍ ആകാംക്ഷ മൂത്ത് തേനീച്ചപോലെ സംഘാംഗങ്ങള്‍ മൊത്തം പാത്രത്തിനടുത്തെക്ക് ഇരച്ചു വരും. തൊമ്മി ആന്‍ഡ്‌ വര്‍ക്കി എല്ലാറ്റിനെയും തെറിപറഞ്ഞ് ഓടിക്കും! 



വീടുകള്‍ പിന്നിടുംതോറും കൂട്ടത്തില്‍ ആളുകള്‍ കൂടുകയും പാത്രത്തിനു ഘനം വയ്ക്കുന്നതായും തോന്നി. വഴിയില്‍ രണ്ടു മണ്‍കുടങ്ങളില്‍ താളംപിടിച്ച് ഒമ്പതാംക്ലാസ്‌കാരന്‍ തമ്പിയും, ഉറ്റ തോഴന്‍ രാജനും ചേര്‍ന്നതോടെ പരിപാടിക്കിത്തിരി കൊഴുപ്പുകൂടി. തമ്പി സ്പോര്‍ട്സ്‌ താരമായതിനാലും പഠനത്തോടുള്ള താല്‍പര്യവും പരിഗണിച്ച് ഒമ്പതാംക്ലാസ്സില്‍ മൂന്നാം വര്‍ഷം ഫീസ് കൊടുത്ത് പഠിക്കുകയാണ്. മലയാളം വിദ്വാന്‍ കര്‍ഷകശ്രീ തോമാച്ചിസാറിന്‍റെ അയല്‍വാസിയും അരുമ ശിഷ്യനായ തമ്പി പലവിധ തിരക്കുകളാല്‍ ആഴ്ചയില്‍ മൂന്നു ദിവസം തികച്ചു സ്കൂളില്‍ എത്താറില്ല. ഒരിക്കല്‍ പതിവില്ലാതെ പിന്ബഞ്ചില്‍ തമ്പിയെക്കണ്ട് തോമാച്ചിസാര്‍ വയലന്‍റ് ആയി ചോദിച്ചു 


"നിന്നോടാരാടാ പറഞ്ഞത് ഇങ്ങോട്ട് കെട്ടിയെടുക്കാന്‍......? പാടത്തെ പണിയും വെള്ളം കേറ്റ്ലും ഇന്നലയേ പറഞ്ഞ്‌ ഏല്‍പ്പിച്ചതല്ലേ......പിന്നെ നിന്‍റെപ്പന്‍ ചെയ്യുമോടാ അതൊക്കെ?"..........

അന്നുമുതലാണ് ആ ഗുരുശിഷ്യബന്ധത്തിന്റെ ആഴം ഞങ്ങള്‍ മനസിലാക്കിയത്‌.,!!.


കാര്യങ്ങള്‍ ഒരുവിധം ഓഡറായി വന്നപ്പോള്‍ പുതിയ ഒരാശയവുമായി രാജന്‍ എത്തി. 


"ഓരോ വീട്ടിലും പാട്ട് അവസാനിപ്പിക്കുമ്പോള്‍ ഒരു സര്‍പ്രൈസ്‌ ആയി പടക്കത്തിന്‍റെ ശബ്ദത്തിനൊപ്പം "പിശാചായി" കരിതേച്ച് താന്‍ ചാടിവീഴും. കുട്ടികളുള്ള വീട്ടില്‍നിന്നും ചിലപ്പോള്‍ കൂടുതല്‍ കാശു കിട്ടും! നമുക്ക്‌ വെറും കരിയുടെ മുടക്കേയുള്ളൂ."

 ആ അഭിപ്രായവും ആര്‍പ്പുവിളിച്ചു പസാക്കപ്പെട്ടു.
അതുവരെ കാര്യങ്ങള്‍ മംഗളമായിരുന്നു. ഇറച്ചിവെട്ടുകാരന്‍ ഇട്ടിയുടെ വീട്‌.,. അറിയാവുന്നതൊക്കെ കൂട്ടി "ശാന്തരാത്രി..തിരുരാത്രി...പാടിത്തീര്‍ന്നു, പറഞ്ഞുറപ്പിച്ചപോലെ പടക്കം പൊട്ടി...........പിശാചു ചാടിവീണു...........

ഇട്ടിയുടെ കുട്ടികള്‍ കാറി നിലവിളിച്ചു......... തെങ്ങില്‍ കെട്ടിയിട്ടിരുന്ന യമണ്ടന്‍ അള്‍സെഷന്‍ പട്ടി കെട്ടുപോട്ടിച്ചു ചാടിവീണു........


പിന്നെ കേട്ടത് ഇട്ടിയുടെ കണ്ണുപൊട്ടുന്ന തെറിയും, പട്ടി കടിച്ചെടുത്ത പാതി ളോഹയും ഉപേക്ഷിച്ച് തോട്ടില്‍ ചാടിയ "ക്രിസ്ത്മസ് പാപ്പ" വാസുവിന്‍റെ നിലവിളിയും, പരക്കം പാഞ്ഞ ചിലരുടെ ഞരക്കവുമാണ്!! കരോള്‍ സംഘം എതുവഴി പോയെന്നും എങ്ങനെ വീടുപറ്റിയെന്നു പിന്നെ എനിക്കും അറിവില്ല.






ഡിസംബര്‍ ഇരുപത്തിനാല്, 
ഉറക്കച്ചടവില്‍ ഒന്നും സംഭവിച്ചില്ലന്ന മട്ടില്‍ ഉമ്മറത്ത്‌ നില്‍ക്കുമ്പോള്‍ ഒരു ചെറു ജാഥ പോകുന്നത് കണ്ടു. കള്ളുചെത്തുകാരന്‍ ശ്രീധരന്‍ മുന്നില്‍, തലയില്‍ കുടവും വെച്ചു തൊണ്ടി സഹിതം പിടിക്കപ്പെട്ട ഒമ്പതാംക്ലാസ്‌കാരന്‍ തമ്പിയും, ഉറ്റ്തോഴന്‍ രാജനും കുറ്റവാളികളെപ്പോലെ തലകുനിച്ചു തൊട്ടുപിന്നില്‍.,!!

 ആ കുടങ്ങളെ തഴുകിവന്ന മന്ദമാരുതന്‍ മൂക്കിലടിച്ചപ്പോഴാണ് ഇന്നലെ രാത്രിയിലെ കാരോളിന്‍റെ കൊഴുപ്പിന്‍റെ കാരണം പിടികിട്ടിയത്!! കൂടെയുണ്ടായിരുന്ന പല തലകളും ആള്‍കൂട്ടത്തില്‍ മുങ്ങിയും പൊങ്ങിയും വന്നു. കയ്യൊടിഞ്ഞ ആട്ടിടയര്‍....!,! ചിറകറ്റ മാലാഖ,!! പട്ടി കടിച്ചുവോ എന്തോ ചന്തിയില്‍ വച്ചുകെട്ടുമായി പിശാച്,!!! വെള്ളം നിറഞ്ഞോ ആവോ വയര്‍ ശരിക്കും വീര്‍ത്തൊരു ക്രിസ്മസ് ഫാദര്‍,!!!

 രാത്രി പേടിച്ചതിനു പള്ളീലച്ചനെ കൊണ്ടു കുട്ടികളുടെ തലയില്‍ കൈവച്ചു പ്രാത്ഥിപ്പിക്കാന്‍ ഇറച്ചിവെട്ടുകാരന്‍ ഇട്ടി വെപ്രാളപ്പെട്ട് പോകുന്നെന്നു അടുക്കളയില്‍ നിന്നും അമ്മ വിളിച്ചുപറയുത് കേട്ട്, ഒരുവായിക്കൊട്ട വിട്ട് ഞാന്‍ പുതപ്പിനടിയിലേക്ക് തന്നെ മടങ്ങി.

അന്നത്തെ പിരിവു ഓട്ടത്തിനിടയില്‍ കളഞ്ഞു പോയന്നു തൊമ്മി ആന്‍ഡ്‌ വര്‍ക്കി പറഞ്ഞത് ഞാന്‍ ഇന്നും വിശ്വസിച്ചിട്ടില്ല. അമ്പതുലക്ഷത്തിന്‍റെ വീടുവാങ്ങി വര്‍ക്കി കഴിഞ്ഞയാഴ്ച പാലുകാച്ചല്‍ നടത്തിയതുകൊണ്ട് ഗുരുത്വദോഷത്തിലും എനിക്ക് ഇപ്പോള്‍ വലിയ വിശ്വാസം ഇല്ല!


വാട്ട് ആന്‍ ഐഡിയ! ബോഗര്‍ജി

മുല്ലപ്പെരിയാരിലേക്ക് ഒന്ന് പോയാലോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ഊണില്ല, ഉറക്കമില്ല. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതിരുന്നപ്പോളാണ് ഇന്നലത്തെ പത്രം കണ്ടു മനസ്സില്‍ ലഡു പൊട്ടിയത്. ഊണും ഉറക്കവും നഷ്ടപ്പെടാന്‍ നാടിടോടുള്ള സ്നേഹവും ഡാമിനെക്കുരിച്ചുള്ള ഭയാശങ്കയും ജനലക്ഷങ്ങളോടുള്ള ഐക്യദാര്‍ഢ്യവും ആണെന്ന്‌ ധരിച്ചോ? എങ്കില്‍ എന്നെ ആശിര്‍വദിച്ചു അനുഗ്രഹിക്കണം.


പഠിച്ച പണി പത്തൊന്‍പതും നോക്കിയിട്ടും  കൈകിഴച്ചു കീബോര്‍ഡില്‍ അടിക്കുന്ന എന്‍റെ മലയാളം ബ്ലോഗ്‌ വായിക്കാന്‍ മഷിയിട്ടു നോക്കിയിട്ടും ആരെയും കിട്ടുന്നില്ല. പത്രത്തില്‍ പരസ്യം ചെയ്താലോ, അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ ടി വി യിലേക്ക് ഒന്ന് വിളിച്ചുനോക്കിയാലോ എന്നുവരെ ആലോചിച്ച ശേഷമാണ് ഈ കടുത്ത തീരുമാനത്തിലെത്തിയത്. കാണുന്നവരോടൊക്കെ ഞാന്‍ നേരിട്ടും  ഫോണിലൂടെയും ഇമെയില്‍ വഴിയും വിളിച്ചു പറഞ്ഞു. അവരൊന്നും അതെക്കുറിച്ച് മാത്രം പ്രതികരിക്കാതെ നാട്ടുകാര്യവും, വീട്ടുവിശേഷവും പറഞ്ഞു എന്‍റെ കാശുകളഞ്ഞത് മിച്ചം. സന്തത സഹചാരിയായ ഒരേ മനസും രണ്ടു ഹൃദയവുമുള്ള  സുഹൃത്തുപോലും എന്‍റെ ബ്ലോഗില്‍ മെമ്പര്‍ആവുകയോ ഉറക്കമോളിച്ചെഴുതിയ (എന്‍റെ വിലാപരോദനവും ആത്മാംശവും ഉണ്ടെന്നു ഞാന്‍ വീണ്ടുംവീണ്ടും ഊന്നിയൂന്നി പറയുന്നു) ഉപന്യാസങ്ങള്‍ വായിക്കുകയോ ചെയ്തില്ല. കമന്റ്സ് ഇടണമെന്ന് പറയുമ്പോള്‍ പകരം ഇനി ദൈവത്തെയോര്‍ത്ത് നിര്‍ബന്ധിക്കെരുതെന്നും വേണമെങ്കില്‍ ഒരുനേരത്തെ ഊണ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇപ്പോള്‍ എന്‍റെ കണ്‍വേട്ടത്തു പോലും വരാതെ മുങ്ങിനടക്കുകയും ചെയ്യുന്നു.


സംഗത്തി ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് പക്ഷേ പുറത്തു പറയരുത്‌! എങ്ങുനിന്നോ എത്തിയ ഞാന്‍ മുല്ലപ്പെരിയാറിലെ ആയിരങ്ങളുടെ ഇടയില്‍ ഉപവാസത്തിനിരിക്കുന്നു. പതിയെ ഉച്ചവെയിലില്‍ നേരം ആളുകള്‍ തളരുമ്പോള്‍ ഞാന്‍ പൂര്‍വാധികം ശക്തിയോടെ ഡാം ലക്ഷ്യമാക്കി ഓടും. കൈവിരിയില്‍ കയറിനിന്ന് പെരിയാറിന്‍റെ ആഴങ്ങളിലേക്ക് നോക്കി അവളോടുള്ള പ്രണയം പകപോലെ കണ്ണുകളില്‍ ആവാഹിച്ച്, മധുവിന്‍റെ ഡയലോഗ് മനസ്സില്‍ ഓര്‍ത്ത്‌ " എന്‍റെ സിരയില്‍ ഓടുന്ന രക്തവും നിന്‍റെ സിരയില്‍ ഓടുന്ന രക്തവും രണ്ടും ഒന്നുതന്നെ" എന്ന് അലറിവിളിച്ചു വെള്ളത്തിലേക്ക് ചാടും. ഏതായാലും ആരെങ്ങിലും എന്നെ വെള്ളത്തില്‍നിന്നു പിടിച്ചു കേറ്റുമെന്നും വിവരങ്ങള്‍ ചോദിക്കുമെന്നും അപ്പോള്‍ ഞാന്‍ ദുഫായില്‍ നിന്നുള്ള ബ്ലോഗറാനെന്നും പറഞ്ഞ് പത്രക്കര്‍ക്കുമുന്നില്‍ ഞെളിഞ്ഞിരിക്കും. മറിച്ചെങ്ങാനും സംഭവിച്ചാല്‍?....( കൊതിക്കേണ്ട നീന്തല്‍ പഠിക്കുന്നുണ്ട് മോനേ)


ഒന്നും അതിമോഹമല്ല മോനേ ദിനേശാ...... സന്തോഷ്‌ പണ്ഡിറ്റ്ജിയും, കൊലവെറിയും കുറച്ചൊന്നുമല്ല  എന്നെ പ്രലോഭിപ്പിച്ചത്, ഭൂലോകത്തിന്‍റെ അധിപരായ ബെര്‍ളിയും വള്ളിക്കുന്നും വായിച്ച്‌ എന്നില്‍ അറിയാതുത്ഭവിക്കുന്ന രണ്ടു തുള്ളി കണ്ണീരും ഒരു നെടുവീര്‍പ്പും മറയ്ക്കാന്‍........ഇതെങ്കിലും ചെയ്ത്  ആ "കടി" അങ്ങ് തീര്‍ക്കാന്‍..... എന്നെ അനുവദിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


ഏതായാലും എന്‍റെ ബ്ലോഗു വായിച്ചില്ലെങ്കിലും ആ ഫോട്ടോ ഒന്നു നോക്കിവച്ചെക്ക്........പത്രത്തില്‍.....ഏതു കോളത്തിലാണാവോ.......ദൈവമേ?


ഇത്രയൊക്കെ ആയിട്ടും ഈ അസൂയക്കും കഷണ്ടിക്കും എന്നാ എങ്കിലും ഒന്നു ചെയ്യാന്‍ ഈ "മുസ്ലിപവര്‍" കാര്‍ക്കെങ്കിലും ഒരു "ശുഷ്കാന്തി" ഇല്ലേ..............?



പിന്നീട് ഈ പരിപാടി ഡ്രോപ്പ് ചെയ്തതിനു കാരണം വായിക്കുക : ഇവന്‍ ബൂലോകം കീഴടക്കിയവന്‍!ലോകോത്തര ബ്ലോഗന്‍!
Related Posts Plugin for WordPress, Blogger...