Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

25.8.16

ചേറ്റു മണമുള്ള പുഞ്ചപ്പാടം കഥകൾ : പുസ്തക പരിചയം

ചേറ്റു മണമുള്ള പുഞ്ചപ്പാടം കഥകൾ  

നഷ്ടമായ് തീർന്നതെന്തോക്കെ,നാവിൻ തുമ്പി-
ലിറ്റിയ പൊൻതുള്ളി ,തേൻതുള്ളി, പാൽത്തുള്ളി
 
ഇത്തിരി പ്പൂവിൻ വിശുദ്ധി ,ബാല്യത്തിന്റെ
 
പുഷ്പ വനത്തിലെ മുള്ളിൻ മധുരിമ.....
............... ........... ........... ............ .......... ............
നഷ്ടമായ് തീർന്നതെന്തൊക്കെ,യരയാലില 
നൃത്തമാടുന്നതിൻ താള പ്പകര്ച്ചകൾ.....
............... ........... ........... ............ .......... ............
നഷ്ടമായ് തീർന്നതെന്തൊക്കെ ,നിൻ കാലുകൾ
പിച്ച വെച്ചാടിയ പൂമുഖം ,അമ്മയോ-
ടൊട്ടിക്കിടന്ന വടക്കെപ്പുര ,യാട്ടുകട്ടിൽ
............... ........... ........... ............ .......... ............
(ശ്രീകുമാരൻ തമ്പി)

                                            നാട്ടിൻപുറം അതിവേഗം നഗരമായി മാറുന്ന കാഴ്ചകളാണ് നിത്യേന കാണുന്നത്. നാടിൻറെ പച്ചപ്പുകൾക്കൊപ്പം നന്മകളും പൊലിമകളും നമുക്ക് നഷ്ടമാവുന്നു. നാം അനുഭവിച്ച കുട്ടിക്കാലം പുതിയ തലമുറക്ക് വാക്കുകളുടെ വര്‍ണ്ണനകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി മാറുന്നു. പുഴകളും പുഞ്ചവയലുകളും പച്ചപ്പും എന്നേ മാഞ്ഞു തുടങ്ങി.

"നഷ്ടമായതെന്തൊക്കെ....  എന്ന് കവി ശ്രീകുമാരൻ തമ്പി വിലപിക്കുമ്പോൾ, പോയ കാലത്തേക്ക് ഇനി തിരികെയില്ലന്ന സത്യം നാം അറിയുന്നു. കൊച്ചു നാട്ടിൻപുറത്തെ ചെറിയ മനുഷ്യരുടെ കുസൃതികളും തമാശകളും ചിരിയായി ആസ്വദിക്കാന്‍ കഴിയാത്ത വിധം നമ്മുടെ മനസ്സ് ഇടുങ്ങി പോയിരിക്കുന്നു. പക്ഷെ, നമുക്ക് ചിരി കൂടി നഷ്ടമാവരുത്. അതിനുള്ള ശ്രമമാണ് ജോസ്‌ലെറ്റ് ജോസഫ് "പുഞ്ചപ്പാടം കഥകളി"ലൂടെ നടത്തിയിരിക്കുന്നത്. നാട്ടിൻ പുറത്തിന്റെ വിശുദ്ധിയും നർമ്മവും ഇഴ ചേരുന്നതാണ് ഈ കഥകളൊക്കെ. ഇതിലെ കഥാപാത്രങ്ങൾ നമുക്ക് അപരിചിതരല്ല. അവരില്‍ ചിലരെയെങ്കിലും ജീവിതത്തിന്റെ ഏതോ ഇടനാഴിയിൽ നാം സന്ധിച്ചിരിക്കാം. 

                                     ഫലിതം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓർമ്മയിലെത്തുക ചാപ്ലിന്റെ മുഖമാണ്. മലയാളത്തിൽ കുഞ്ചൻ നമ്പ്യാരും ബഷീറും ഈ വീ കൃഷ്ണ പിള്ളയും ഒക്കെ ഹാസ്യത്തിലൂടെ ആശയങ്ങൾ പ്രകടിപ്പിച്ചവരാണ്. പിൽക്കാലത്ത് അതെ പാത പിന്തുടര്‍ന്ന പലരും പരാജയപ്പെട്ടത് ശുദ്ധ ഹാസ്യത്തിന്റെ പ്രതിഭാവിലാസമില്ലാത്തതിനാലാണ്. ഇവിടെ കഥാകാരൻ തന്നെ സ്വയം പരിഹാസ കഥാപാത്രമാവുമ്പോൾ, ആരെയും നോവിക്കാതെ തെളിമയുള്ള ഹാസ്യം വിളമ്പാനാവുന്നത് നാമറിയുന്നു. ഒരാളുടെ നോവിൽ നിന്നും മറ്റൊരാൾക്ക് ലഭ്യമാവുന്ന, സാഡിസം ഒളിപ്പിച്ച ഫലിതമല്ല ഇവിടെ നമുക്ക് ലഭിക്കുക. അത് കൊണ്ടു തന്നെ ആയാസമില്ലാതെ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്നതും ആഹ്ലാദദായകവുമാണ് പുഞ്ചപ്പാടം കഥകളുടെ വായന. ഒരു കുട്ടനാട്ടുകാരന്റെ നാട്ടുവര്‍ത്തമാനങ്ങള്‍ പോലെ ക്രിത്രിമത്വം തൊട്ടു തീണ്ടാത്ത വായന സമ്മാനിക്കാന്‍ കഥാകൃത്ത് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.

                                          ഭാഷ, ആശയം, പാത്രസൃഷ്ടി ഇവയൊക്കെയാണ് കഥകളെ വിലയിരുത്തുമ്പോള്‍ പ്രധാന്യമര്‍ഹിക്കുന്ന ഘടകങ്ങൾ. പുഞ്ചപ്പാടത്തെ കഥാപാത്രങ്ങള്‍ക്കായി ജോസ്ലറ്റിന് എങ്ങും അലയേണ്ടി വന്നിട്ടില്ല. താനും തനിക്കു ചുറ്റുമുള്ളവരും അവരുടെ സ്വതസിദ്ധമായ ഭാഷയും. എല്ലാ കഥകളിലും നർമ്മത്തില്‍ ഊന്നി ആശയത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒട്ടുമിക്ക കഥകളിലും കഥാകൃത്ത് വിജയിക്കുന്നു. ചിലത് പിടികൊടുക്കാതെയും നില്‍ക്കുന്നു. പുസ്തകത്തിന്റെ കവറും  കഥകളോടൊപ്പം ചേർത്തിട്ടുള്ള ചിത്രങ്ങളും മനോഹരമാണ്. പേജ് നിറയുന്ന വലിപ്പം ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഏറെ നന്നായേനെ എന്ന്‍ തോന്നി. അക്ഷരപ്പിശകുകളില്ലാത്ത കെട്ടിലും മട്ടിലും ഭംഗിയായി പുസ്തകമൊരുക്കാന്‍ പ്രസാധകരായ കറന്റു ബുക്ക്സിന് സാധിച്ചിട്ടുണ്ട്. 

                          കഥയില്ലാക്കഥകൾ എന്ന് കഥാകൃത്ത് തന്നെ ആമുഖത്തില്‍ വിശേഷിപ്പിക്കുന്ന പതിനേഴു കഥകൾ. വ്യത്യസ്തമായ പശ്ചാത്തലമുള്ള ഓരോ കഥയുടെയും പേരുകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ കഥാവസാനം മറനീക്കി പുറത്തു വരും. ആരെയും വെറുതെ വിടുന്നില്ല. വിശുദ്ധ ഔസേപ്പിനെ പോലും! പ്രൊഫഷണലി ആശാരിയായ മൂപ്പരില്‍ തുടങ്ങി, നാട്ടിലെ തച്ചന്മാരുടെത്‌ മരാന്വേഷണ പരീക്ഷണങ്ങൾ ആണെന്നും കഥാകൃത്ത് നിരീക്ഷിക്കുന്നു. ജോലികളുടെ ഔട്സോഴ്സിങ് അതിന്റെ ഇമ്പാക്ട് ഇതൊക്കെ നർമത്തിലൂടെ യുക്തിസഹജമായി പരാമർശിക്കുന്നു. കുറുപ്പ് മാഷും നാണപ്പനും കുറെ ഏറെ നേരം നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നു. നാട്ടിലെ തട്ട് പൊളിപ്പൻ ഓണാഘോഷത്തിന്റെ ഗംഭീര  ഇല്ലുസ്ട്രേഷൻ ഇതിലുണ്ട്. പുതു തലമുറയ്ക്ക് ധൈര്യമായി വായിക്കാൻ എടുക്കാം.  

                                           ചട്ടയിട്ട അമ്മച്ചിമാര്‍ ചട്ടിയില്‍ ഒട്ടിപ്പിടിച്ച പാത്രത്തോട് മല്‍പ്പിടുത്തം നടത്തുന്നു, പത്താം ക്ലാസ് പൊട്ടി റൌണ്ട് ക്ലോക്ക് വട്ടം ചുറ്റി നിൽക്കുന്നു,  എന്നത് പോലെ നിരവധി ഉജ്ജ്വല പ്രയോഗങ്ങൾ വായനയില്‍ കണ്ണിലുടക്കും. നൊസ്റ്റാൾജിയയിൽ ഐസിട്ട് അടിക്കാന്‍ കൂട്ടുകാർക്കായി പരതുന്ന മത്തായിയുടെ ചിത്രം ഇന്നിന്റെ ബാക്കിപത്രമായി മുൻപിൽ തെളിയും.

                                              പോളി ടെക്നിക്കിക്ക് പഠന കാലത്തെ ഓര്‍ക്കാപ്പുറത്തൊരു ഫ്രീ കിക്ക് ആ ഫുട്ബോള്‍ മൈതാനത്തിൽ നമ്മെ കുറെ നേരം പിടിച്ചിരുത്തും. ജോലികഴിഞ്ഞുള്ള പാര്‍ട്ട് ടൈം-തവള പിടുത്തം, വർഗീസ് അച്ഛന് വരിക്കപ്ലാവുമായുള്ള ബന്ധം, പച്ചമരമായ ചാണ്ടിച്ചൻ തന്റെ ഡെസ്ടിനി കണ്ടെത്തുന്നത്,  കാലിത്തൊഴുത്തും താജ്മഹലും എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നീ സംഗതികളൊക്കെ അറിയുവാന്‍ പുഞ്ചപ്പാടം കഥകള്‍ വായിക്കുക തന്നെ വേണം.

ഫസ്റ്റ് നൈറ്റ് എന്ന വിഷയം നിരവധി ഹാസ്യ കഥകൾക്ക് വിഷയമായതെങ്കിലും ഇതില്‍ ജോസ്ലറ്റിന്റെ സ്വതസിദ്ധമായ മാര്‍ക്ക് പതിഞ്ഞിരിക്കുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയുള്ള ആദ്യ കാര്‍ യാത്ര, കോഞ്ഞാട്ടയായ കോയയുടെ ഹണിമൂൺ,  മണ്ട ചീഞ്ഞ കേര കർഷകന്‍,  രക്ത ദാനത്തിലെ മഹാപരാധം, സത്യക്രിസ്ത്യാനിക്കു നേരിടേണ്ടി വരുന്ന സാത്താന്റെ പരീക്ഷണങ്ങള്‍ ഒക്കെ നാം വഴിയേ അറിയും. അത്യന്തം രസകരമായ ഒരു കുട്ടനാടന് സവാരിയാണ്‌ ആദ്യാവസാനം ഈ പുസ്തകം നമുക്കായ് ഒരുക്കിവെക്കുന്നത്.   കഥകളെ ആകെയൊന്ന് വീക്ഷിക്കുക മാത്രമാണ് ഇവിടെ. 



പുസ്തകം: പുഞ്ചപ്പാടം കഥകള്‍ - ജോസ് ലറ്റ് ജോസഫ്

പ്രസാധകര്‍: ഡി സി -കറന്റു ബുക്ക്സ്, കോട്ടയം, 
പേജുകൾ: 96 
വില: 80 രൂപ .


10.5.16

പുസ്തകം: പുഞ്ചപ്പാടം കഥകള്‍

(കവര്‍)

പുഞ്ചപ്പാടം ബ്ലോഗിലെ വായനക്കാര്‍ക്ക് ഈ കഥകളെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ല. എന്തെഴുതിയാലും  ആദ്യം വായിക്കാന്‍ ഓടിയെത്തുന്നവരോടുള്ള അടുപ്പം, കമെന്റുകള്‍ക്കായുള്ള കാത്തിരിപ്പ് ഒക്കെ നമ്മെ ഔപചാരികതയില്ലാതെ അടുപ്പിച്ചു. വാക്കുകള്‍ക്ക് അതീതമായ ഇത്തരം അനുഭൂതികളാണല്ലോ ബ്ലോഗിന്റെ രസതന്ത്രം. എഴുതുവാന്‍ പ്രോത്സാഹിപ്പിക്കുകയും എന്നാല്‍ എഴുത്ത് നേരമ്പോക്കല്ലെന്ന് പഠിപ്പിക്കുകയും ചെയ്ത ഗുരുക്കന്മാര്‍ ഇവിടെയുണ്ട്. 

പല കാലങ്ങളില്‍ പലയിനം വിത്ത് ഈ പാടശേഖരത്ത് ഞാന്‍ പരീക്ഷിച്ചിട്ടുണ്ട്. അതില്‍നിന്നും തിരഞ്ഞുപിടിച്ച് വിളവെടുത്തതാണ് ആദ്യ പുസ്തകം 'സൂപ്പര്‍ ജംഗിള്‍ റിയാലിറ്റി ഷോ'. ഇനി ചിരിയുടെ വിത്തുകളില്‍ വിളഞ്ഞു പകമായവ പതിര് പാറ്റി ചാക്കിലാക്കുകയാണ്, 'പുഞ്ചപ്പാടം കഥകള്‍' എന്ന ലേബലില്‍.

പറഞ്ഞും കേട്ടും അനുഭവിച്ചുമറിഞ്ഞ പലതുമാണല്ലോ പിന്നീട് കഥകളായി പരിണമിക്കുക.  എസ്.കെ യുടെ ഒരു ദേശത്തിന്റെ കഥ വായിച്ചപ്പോഴാണ് ഇങ്ങനെ പലരെയും എനിക്കറിയാമെന്ന് തിരിച്ചരിഞ്ഞത്. അങ്ങനെ നാട്ടുകാരും കൂട്ടുകാരുമായവര്‍ എന്റെ കഥാപാത്രങ്ങളായിത്തീര്‍ന്നു. അനുഭവങ്ങളില്‍ 10% മായം ചേര്‍ത്ത് നിര്‍മ്മിച്ചവയാണ്‌ 'പുഞ്ചപ്പാടം കഥകള്‍.' 


വര: ഇസഹാക്ക് നിലമ്പൂര്‍
ബ്ലോഗ് നല്‍കിയ സൌഹൃദങ്ങളുടെ അടയാളമായി ഈ പുസ്തകത്തിന്റെ കവര്‍ ചിത്രം വരച്ചിരിക്കുന്നത് ചങ്ങാതി ജെഫുവാണ്. വരയില്ലാതെ ഒരു കഥയില്ലെന്ന ചിന്ത ഉള്ളില്‍ പണ്ടേ അടിച്ചേല്‍പ്പിച്ചത് കാര്‍ട്ടൂണിസ്റ്റ് ടോംസാണ്. അങ്ങേരെപ്പോലെ കഥകള്‍ക്ക് സ്വന്തമായി ചിത്രം വരയ്ക്കനെമെന്നായിരുന്നു ആഗ്രഹം. അതൊരു സാഹസമാകയാല്‍ പ്രിയപ്പെട്ട ചിത്രകാരന്‍ ഇഷ്ഹാക്ക് ഭായി സഹായത്തിനെത്തി.

 'സൂപ്പര്‍ ജംഗിള്‍ റിയാലിറ്റി ഷോ' ഇരുകൈകളും നീട്ടി സ്വീകരിച്ച വായനക്കാര്‍ക്ക് കെട്ടിലും മട്ടിലും  വ്യത്യസ്തതയോടെ ഒരുക്കിയ ഈ പുസ്തകവും ഇഷ്ടപ്പെടും എന്നുതന്നെയാണ് പ്രതീക്ഷ.  പുസ്തകം പ്രസിദ്ധീകരിക്കാന്‍ തയ്യാറായ ഡി.സി-കറന്റ് ബുക്ക്സിനും ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ചു കൊള്ളട്ടെ. കേരളത്തിലെ എല്ലാ ഡി.സി ബുക്ക്സ്ടാളുകളിലും 'പുഞ്ചപ്പാടം കഥകള്‍' വിതരണത്തിന് എത്തിയിട്ടുണ്ട്.

6.5.12

കരിക്കിന്‍വെള്ളം

എതിരേ വന്ന ബോട്ടിന്‍റെ ഓളത്തില്‍ ചുരുളന്‍ വള്ളമൊന്ന്‍ ഇളകിയാടി.


 "കണ്ണ് കാണത്തില്ലേ ഈ കഴുവേറടാമോന്‍മ്മാര്‍ക്ക്...&(#@$*!@" 




യമഹാ എന്‍ജിന്‍ ഘടിപ്പിച്ച വള്ളത്തിന്‍റെ ഡ്രൈവര്‍-കം-ഓണര്‍ തൊമ്മി വിളിച്ച പുളിച്ച തെറിയുടെ ബാക്കി ആ ഇരമ്പലില്‍ മുങ്ങിപ്പോയി! കേരളാ സ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്ടിന്റെ പഴകി പായല് പിടിച്ച ജലയാനമാണെങ്കിലും പാവപ്പെട്ട കൊതുമ്പു വള്ളക്കാരെ മുക്കി, തോട്ടു മാടിയിടിച്ച്‌, കടവില്‍ തുണിയുലച്ചുക്കൊണ്ടിരിക്കുന്ന തരുണീമണികളുടെ ഉടുതുണി പോലും നനച്ച്, ഊറിച്ചിരിച്ചു പായുന്ന ബോട്ടിന്‍റെ ലാസ്കര്‍-സ്രാങ്ക് മക്കള്‍ക്ക്‌ പതിവായി ഇതുപോലെ വല്ലതും കേട്ടില്ലെങ്കില്‍ വയറ്റീന്നു പോകില്ലെന്നായിട്ടുണ്ട്! 


വള്ളത്തിന്‍റെ വക്കില്‍ അള്ളിപ്പിടിച്ചിരുന്ന ചാണ്ടി അളിയന്‍റെ മുഖത്തേയ്ക്ക് ഒളികണ്ണിട്ടു നോക്കി. ഇല്ല! ഒരു തമാശ കേട്ടാലോന്നും കുലുങ്ങാത്ത മിലിട്ടറി ഗൌരവം. പോരാഞ്ഞിട്ടു താന്‍ ഒപ്പമുള്ളപ്പോള്‍ എക്സ്ട്രാ ഫിറ്റ് ചെയ്ത ജവാന്‍റെ മസിലുപിടുത്തം. ആ ഉലച്ചിലില്‍, പൊതിച്ച് കൂട്ടിയിട്ടിരുന്ന തെങ്ങാക്കൂട്ടം "കുടുകുടാ" ചിരിച്ചു. വാഴക്കുല വലത്തോട്ടോന്നു ചെരിഞ്ഞു. അരിച്ചാക്ക് അരയിഞ്ചു തെന്നി. പെട്ടി, കുട്ട, പുസ്തക പ്രമാണങ്ങളില്‍ വെള്ളം സ്വല്പം തെറിച്ചു. അത്രമാത്രം! 


ചാണ്ടിയുടെ പെങ്ങള്‍ വാടക വീട്ടിലേയ്ക്ക് മാറുകയാണ്‌. അതിനു മുന്നോടിയായുള്ള ഷിഫ്ട്ടിംഗ് പരിപാടിയാണ് ഉറ്റ സുഹൃത്ത് തൊമ്മിയോടും അളിയനോടുമൊപ്പം നടത്തിക്കൊണ്ടിരിക്കുന്നത്. 


തൊമ്മിയുടെ വാക്കില്‍ പറഞ്ഞാല്‍ അളിയന്റെ ഗൌരവത്തില്‍ അല്‍പസ്വല്‍പം കാര്യമില്ലാതില്ല. 


"എടാ പുല്ലേ...നിന്‍റെ അളിയന്‍റെ സ്ഥാനത്ത് ഞാനാണെങ്കില്‍ ഇതൊന്നുമല്ലായിരുന്നു പുകില്! പെണ്ണ് കെട്ടിക്കഴിഞ്ഞാല്‍ സ്വല്പം കശപിശയോക്കെ എല്ലാ വീട്ടിലും സാധാരണമാ. എന്നും വച്ച് കെട്ടും കിടക്കയുമെടുത്തു സ്വന്തം വീട്ടിലോട്ടു കെട്ടിയെടുക്കുകയല്ല വേണ്ടത്. അമ്മായിയമ്മയ്ക്ക് വിവരവും വിദ്യാഭ്യാസവും ഇല്ലെങ്കില്‍ പോട്ടെ. അവള് പഠിച്ചവളല്ലേ? ഈ പഞ്ചായത്തില്‍ തന്നെ മോശമില്ലാത്ത ജോലിയുമുണ്ട്. അല്പസ്വല്പം ക്ഷമയും വിട്ടുവീഴച്ചയും ഒക്കെ വേണ്ടേടാ? ചുമ്മാതാണോ ചായകുടിക്കും പോലെ ഇന്നു ഡൈവേര്സ് അങ്ങ് പെരുകിയത്? തന്തയ്ക്കും തള്ളക്കും സ്വല്പം കാശും കൂടിയുണ്ടെങ്കില്‍, "നീയെന്തിന്നാ വല്ലവരുടെയും ആട്ടുംതുപ്പും കൊള്ളുന്നത്‌ ഇങ്ങു പോരെടീ മോളേ" എന്നും പറഞ്ഞ് ഒരു കുടുംബം അങ്ങ് മടക്കി പെട്ടിയിലാക്കി കൊടുക്കുകയും ചെയ്യും! നിന്‍റെ വീട്ടില്‍ ഈ കാലമത്രയും നിന്നിട്ടും ഓരോ ലീവിനും അയാള് കെട്ടിയവളെയും കുട്ടികളെയും കാണാന്‍ വരുന്നതു തന്നെ അതിശയം!"


കരിക്കിന്‍ വെള്ളത്തില്‍ നേര്‍ത്തലിഞ്ഞ്, ഉള്ളുതുറക്കുന്ന പല സ്വകാര്യ സായാഹ്നങ്ങളിലും പഠിപ്പില്ലാത്ത അവന്‍ പറയുന്നത് താന്‍ പാടെ തള്ളിക്കളഞ്ഞിട്ടില്ല. ഉടപ്പിറന്നോളായി ഒരുവളെയുള്ളൂ. കുഞ്ഞും നാളിലെ മുതല്‍ കുടുംബത്തെ നെഞ്ചോട്‌ അടുപ്പിച്ചു പിടിക്കുന്നവനാണ് താന്‍.  അതുകൊണ്ടാണ് പ്രീഡിഗ്രീക്ക് പഠിക്കുന്ന കാലത്ത്തന്നേ തന്നേക്കാള്‍ പതിനഞ്ചു വയസു മൂത്ത അളിയനെ സ്വകാര്യമായി ഉപദേശിച്ചു കത്തെഴുതിയത്. പള്ളീലച്ചന്മാരും പല ബന്ധുക്കളും ശ്രമിച്ചിട്ടും ചുളിയാത്ത അദ്ദേഹത്തിന്റെ ആത്മാഭിമാനം അതോടെ പാടെ അഴിഞ്ഞുവീണു. പീക്കിരിപ്പയ്യനാല്‍ ക്ഷതമേറ്റ പൌരുഷം വീണ്ടും പ്രതികാരം തീര്‍ത്തത് പെങ്ങളോടാണ്. 


ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ചില തള്ളമാര്‍ ടി.വി സീരിയലിലെ അമ്മായിയമ്മമാരെ വെല്ലുന്ന പ്രകടനം നടത്തിക്കൊണ്ടേയിരിക്കുന്നു. എങ്കിലും കെട്ടിച്ചു വിട്ടതിനുശേഷം ബാധ്യത തീര്‍ന്നെന്നു വരുത്തി, തിരിഞ്ഞു നോക്കാതെ കയ്യൊഴിഞ്ഞ്, ഒക്കെ വിധിയെന്നു കരുതി സമാധാനിക്കാന്‍ ഉപദേശിക്കുന്ന പെണ്ണുവീട്ടുകാര്‍ പൊലിച്ചു കളയുന്ന അനേകം സ്ത്രീ ജന്മങ്ങള്‍ക്കും കുരുന്നു ജീവനുകള്‍ക്കും തന്‍റെ കുടുംബം ഒരു അപവാദമാണ്. അങ്ങനെ തിരികെവന്നാല്‍ കയറിക്കിടക്കാന്‍ ഒരു കൂര കൊടുത്തിരുന്നെങ്കില്‍ ഈ ലോകത്ത് എത്രയെത്ര ആത്മഹത്യകള്‍ തടയാമായിരുന്നു! കരിന്തിരി കത്തിതീര്‍ത്ത നല്ല നാളുകള്‍ക്കൊടുവില്‍ ദാ ഇന്ന് ഈ മനുഷ്യന്‍ മനസ്സുമാറി തന്‍റെ വീട്ടിലെത്തി പെങ്ങളെയും കുട്ടികളെയും വിളിച്ചിറക്കി പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാന്‍ വാടക വീട്ടിലേയ്ക്ക് താമസം മാറുന്നു!! 
ഇതു തന്നെയല്ലേ വര്‍ഷങ്ങള്‍ക്കു മുന്‍പ് താനും പറഞ്ഞത്‌? അപ്പോള്‍ ആര്‍ക്കാണ് തെറ്റിയത്?


ഓളങ്ങളുടെ ഇളക്കത്തോടൊപ്പം ഓര്‍മ്മകളും തെല്ലോന്നുലഞ്ഞു ശാന്തമായി. തളംകെട്ടിനിന്ന മൌനത്തിനു വിരാമവിട്ടുകൊണ്ട് തൊമ്മി ഇളന്തെങ്ങിന്‍റെ രണ്ടു തേങ്ങാ ചിരട്ടക്കണ്ണ്‍ തുളച്ച് ചാണ്ടിക്കും അളിയനും നേരെ നീട്ടിപ്പറഞ്ഞു. 


"ഇതങ്ങോട്ടു പിടിക്ക്. എന്നിട്ടു പഴയതൊക്കെ അങ്ങ് മറക്ക്. പ്രായമായോരൊക്കെ നാളെ വടിയാകാനുള്ളതാ. നമ്മള് പിന്നേം നെടുംതൂണായി ഒന്നിച്ചു നില്‍ക്കേണ്ടവരാ....."


അപ്രതീക്ഷിതമായൊരു ഇളനീര്‍ രുചി നുകര്‍ന്ന അളിയന്‍റെ പുകക്കറ മറച്ച ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. തൊമ്മി ഉറ്റ സുഹൃത്തിനെ നോക്കി കണ്ണിറുക്കി. തെങ്ങയ്ക്കുള്ളില്‍ നുഴഞ്ഞു കയറിയ മറ്റൊരു ജവാന്‍!! ചാണ്ടിക്ക് അവന്‍റെ അവസരോചിതമായ ഇടപെടലില്‍ അഭിമാനം തോന്നി. സാധാരണ ഇത്തരത്തിലുള്ള ജലയാത്രകളില്‍ വീര്യം പകരാന്‍ തോട്ടിലെ വാട്ടവെള്ളമാണ് തുണയാകാറ്.


 മൂന്നു തേങ്ങകള്‍ കൂട്ടിമുട്ടി! "ചിയേര്സ്" വിളികലുയര്‍ന്നു!!
 "മുള്ളിനെ മുള്ളു കൊണ്ടെടുക്കുക" എന്നപോലെ മിലിട്ടിറി അളിയനെ അവന്‍ മിലിട്ടറി കുപ്പിയിലിറക്കിയിരിക്കുന്നു.!! 


നാലാമത്തെ തേങ്ങാ കൈമാറുമ്പോള്‍ അളിയനും അളിയനും തോളുരുമിയിരിക്കുന്നത് കണ്ട് തൊമ്മി, ഇത്രയും കാലം ഈ തേങ്ങകളൊക്കെ എവിടെയായിരുന്നു എന്നോര്‍ത്ത് "എന്തതിശയമേ ദൈവത്തിന്‍ സ്നേഹം" എന്നാര്‍ത്തു പാടി.....
              *******
മൂടല്‍ മഞ്ഞുരുകിയ ആ മഹാസുദിനത്തിനു പിറ്റേന്ന് പുലര്‍ച്ചെ പുതിയ വീട്ടില്‍  തേങ്ങാപ്പീരയിട്ട പുട്ടടിച്ച ചാണ്ടിയുടെ പെങ്ങളും കുട്ടികളും പതിവില്ലാതെ പൊട്ടിച്ചിരിച്ചു. ആ ചിരി ഇന്നും തുടരുന്നു.......


              *ശുഭം!*

9.12.11

ഇവന്‍ ബൂലോകം കീഴടക്കിയവന്‍!ലോകോത്തര ബ്ലോഗന്‍!

"കൊല്ലം കണ്ടവനില്ലം വേണ്ട
കൊച്ചി കണ്ടവനച്ചി വേണ്ട
കമന്റ്‌ കിട്ടിയാലിവയോന്നും വേണ്ട"
ഹാവൂ! എങ്ങനെ തുടങ്ങനമെന്നറിയില്ല...... സന്തോഷം കൊണ്ടേനിക്കിരിക്കാന്‍ വയ്യ!
ഇതെഴുതി തീര്‍ക്കാന്‍ ‍ വെമ്പുന്ന കയ്യുടെ നെട്ടോട്ടം കാരണം കസേരയുടെ ഒരറ്റത്ത് റബര്‍ ബാണ്ട് ഇട്ടു കയ്യോടു കൂട്ടിക്കെട്ടിയാണ് കയ്യഷരം നിയന്ത്രിക്കുന്നത്‌. കാരണമറിയെണ്ടേ? പറയാം.........


ഇത്ര നാളത്തെ കാത്തിരുപ്പിനും നേര്‍ച്ചകാഴ്ച്ചകള്‍ക്കും ഒടുവില്‍ ആറ്റു നോറ്റിരുന്നു കിട്ടിയ കുട്ടിയെപ്പോലെ എന്റെ ബ്ലോഗ്‌ പോസ്റ്റില്‍ ആദ്യത്തെ  കമന്റ്റ് വീണിരിക്കുന്നു!
ഈ അസുലഭ മുഹൂര്‍ത്തത്തെ എങ്ങനെ വിവരിക്കനമെന്നറിയില്ല! ബ്ലോഗില്‍ അത് കണ്ട നിമിഷത്തില്‍ എന്‍റെ മുഖത്തു വിരിഞ്ഞ പൊന്‍ പ്രകാശം വര്‍ണ്ണനകള്‍ക്ക് അതീതമാണ്. നേരിട്ട് കാണണമെങ്കില്‍ പൂരപ്പറമ്പില്‍ വെടിക്കെട്ടുകാണാന്‍ മേലോട്ട് നോക്കി നില്‍ക്കുന്നവന്‍റെ മുഖത്തേക്ക് നോക്കൂ...ഹായ് ! നിലാത്തിരി വിടര്‍ന്നു .........വായ്‌ അടയ്ക്കാം.


ആ ചിത്രം സങ്കല്‍പ്പിക്കാനാവും വിധം നിങ്ങള്ക്ക് ഭാവന ഉണ്ടോ എന്നുപോലും ഞാന്‍ സംശയിക്കുന്നു. ഈ നേട്ടങ്ങള്‍ക്കൊക്കെ പിന്നില്‍ കദനത്തിന്റെ (അപാര തൊലിക്കട്ടിയുടെ) ഒരു വലിയ കഥയുണ്ട്.‍ അത് മുഴുവന്‍ കേട്ടെ പറ്റൂ .....കേള്‍ക്കാതെ "വിടില്ല .... ഞാന്‍ വിടില്ല ....പെണ്ണെ ...( സോറി , മനസൊന്നു പാളി.... ഈ ദിലീപിന്റെ ഒരു കാര്യം......ഇത്രയോക്കെയായിട്ടും....കള്ളന്‍, ക്രിസ്ത്യന്‍ ബ്രദേര്സിന്‍റെ പഴയ കുപ്പി അടുത്തിരിക്കുന്ന കണ്ടപ്പോള്‍ ഓര്‍ത്തതാ)


ഈ ബ്ലോഗെഴുത്ത് ഇത്ര സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസമാണെന്ന് മുന്‍പ് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇതിനു മുതിരില്ലായിരുന്നു. എങ്കിലും ഏത് പ്രതിഭയും ഒരുദിവസം വെളിച്ചത്തു വരും എന്നും, അന്ഗീകരിക്കപ്പെടും എന്നതും ഞാന്‍ വിസ്മരിക്കുന്നില്ല. ഇന്നു കൊടിമുടി കീഴടക്കി നില്‍ക്കുന്ന എന്‍റെ "നേട്ടത്തിലെക്കുള്ള പാത" ഒരു പുസ്തകമായി ഇറക്കുന്നതിനു മുന്‍പേ അത് നിങ്ങളോട് പറയാന്‍ ഞാന്‍ വെമ്പുകയാണ്. ആശയങ്ങള്‍ ഉള്ളില്‍ ഗര്ഭംധരിച്ച് അതെഴുതിതീര്‍ക്കാന്‍ പ്രസവ വേദനയാലെന്നപോലെ ഉണ്ണാനും ഉറങ്ങാനുമാകാതെ ഞാന്‍ അനുഭവിച്ച വേദന! കീബോര്‍ഡ് എവിടെ എന്നലറിക്കരഞ്ഞു, പെത്തെഡീന്‍ കിട്ടാത്തവനെപ്പോലെ പൊട്ടിക്കരഞ്ഞു കട്ടിലില്‍ കിടന്നു ഞെളിപിരി കൊള്ളുന്ന ആ അവസ്ഥ അനുഭവിച്ഛവര്‍ക്കെ അറിയൂ!


ആദ്യമൊക്കെ എന്നിലെ ഈ മാറ്റം ഭാര്യ അറിഞ്ഞിരുന്നില്ല. അവളുറങ്ങുമ്പോള്‍ ഞാനെഴുനേറ്റു എങ്ങോട്ടാ പോണതെന്ന് കാണുന്നവരെ. പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി കീബോര്‍ഡില്‍ തലകുത്തി നില്‍ക്കുന്ന എന്നെക്കണ്ട് അയ്യേ!........ ഇതിയാനു വേറെ പണിയോന്നുമില്ലേ....എന്ന് അവള്‍ പുശ്ചിച്ചത് ഞാന്‍ കാര്യമാക്കിയില്ല. പിന്നീടുള്ള എന്‍റെ ദിനരാത്രങ്ങള്‍ ........വിവരിക്കാന്‍ തന്നെ ഭയമാകുന്നു.


കക്കൂസ് സാഹിത്യമെന്നു പലരോടൊപ്പം അവളും പറഞ്ഞിട്ടും, അത് രണ്ടും ഉപേക്ഷിച്ച് ( കക്കൂസും, കുളിമുറിയും) ഞാന്‍ ഹൃദയത്തില്‍ ചാലിച്ചെടുത്തു മോണിട്ടറില്‍ പറ്റിച്ചുവച്ച എന്‍റെ രചനകള്‍! ഓരോ ദിവസവും ബ്ലോഗില്‍ ആള്‍ കയറുന്നതും കമന്‍റ് ഇടുന്നതും സ്വപ്നം കണ്ട്‌, ഒടുക്കം മനസ് തകര്‍ന്നു വ്യാകുല മാതാവിന്റെ മുന്നില്‍ വിങ്ങിപ്പോട്ടി, കത്തിച്ചു തള്ളിയ മെഴുകിതിരി കൂടുകള്‍ക്ക് കണക്കില്ല. അത് കൊണ്ട്‌ വീട് നിറഞ്ഞതിനും അവളുടെ വക തെറി! എന്തിന് മുല്ലപ്പെരിയരിലെയ്ക്ക് ഒരു തീര്‍ഥയാത്ര പോയാലോ എന്ന് പോലും ആലോചിച്ചു. (ആ പരുപാടി ഡ്രോപ്പ് ചെയ്തു) ആഴ്ച്ചക്കൊന്നു മാത്രം മനസാ ധ്യാനിച്ചിരുന്ന പറശിനിക്കടവ് മുത്തപ്പനെ പൂര്‍വാധികം ശക്തിയോടെ ദിനവുംഞാന്‍ ധ്യാനിച്ചു.(ചീയെര്സ്‌!.......സോറി പിന്നെയും മനസ് പാളി.. )


മാനസിക പീഡനത്തിന്‍റെ നാളകള്‍ ഞാന്‍ തരണം ചെയ്തത് (ശാരീരിക പീഡനം എനിക്കു പുത്തരിയല്ല, അവള്‍ കരോട്ടെ ബ്രൌണ്‍ ബെല്ട്ടാണ്) സ്വന്തം സൃഷ്ടികള്‍ ആവത്തിച്ചാവര്‍ത്തിച്ചു വായിച്ചുകൊണ്ടാണ്. അപ്പോഴും ഇപ്പോഴും ഞാന്‍ തറപ്പിച്ച് പറയുന്നു ഈ അറിവിന്‍റെ വെളിച്ചം വീശുന്ന മഹത് വചനങ്ങള്‍ ഒരിക്കല്‍പോലും വായിക്കാത്തവര്‍ക്ക് ആയുസില്‍ പകുതി എന്നെ നഷ്ടപ്പെട്ടുകഴിഞ്ഞു. പലതും പറയരുതാത്തതാണ് എന്നാലും ബ്ലോഗരോടും, ആരാധകരോടും കള്ളം പറയെരുതെന്നാനെല്ലോ പ്രമാണം. പകലത്തെ കിളക്കല്‍ (ഓഫീസില്‍) കഴിഞ്ഞു രാത്രിയില്‍ ക്ഷീണം പോലും മറന്നു, ഉറങ്ങാനെന്ന വ്യാജേന കിടന്ന്, ഭാര്യയുടെ കൂര്‍ക്കംവലിക്ക് കാതോര്‍ത്ത്, പതിയെ ഉണര്ന്നെണിറ്റു പതിവ് പണി തുടങ്ങും. എങ്കിലും ചില കാര്യങ്ങള്‍ നമ്മുടെ ശക്തിക്കതീതമാണല്ലോ..... വിഷമസന്ധികളില്‍ മാത്രം ഒന്നിനു മുറ്റത്തിറങ്ങി തിരിച്ചു കയറുമ്പോള്‍ പാരഗന്‍ ചെരുപ്പിനടിയില്‍ പറ്റിപ്പിടിച്ച മണല്‍ത്തരികള്‍ തറയിലുരഞ്ഞു "കിരു കിര " ശബ്ദം കേള്‍ക്കാതിരിക്കാന്‍, വള്ളി ചെരുപ്പുകള്‍ കക്ഷത്തില്‍ തിരുകി, വാതിലിന്‍റെ ഞരക്കം മറയ്ക്കാന്‍, ശ്വാസം ആഞ്ഞു വലിച്ചു തിരികെ കംപുട്ടരിന്‍റെ മുന്നിലേക്ക്‌ ഞാന്‍ പണിപ്പെട്ട് എത്തുന്നത് ഇപ്പോഴും ഒരു ചങ്കിടിപ്പോടെയെ എനിക്കോര്‍ക്കാന്‍ കഴിയൂ ...


 "ഞാനൊന്ന് തുമ്മിയിരുന്നെങ്കില്‍? ഒന്നുറക്കെ ചുമച്ചിരുന്നെങ്ങില്‍? നിദ്രയുടെ ആലസ്യത്തില്‍നിന്നു അവള്‍ ഉണര്ന്നെനെ!" ( ഓ.. പിന്നെയും പാളി..... ഡയലോഗ്... സോറി...ഹിറ്റ്ലറും പിന്നെ എം .ജി സോമനും) ഇച്ഛാശക്തി എന്നു പറയുന്ന എന്തോ ഒരു സാധനമില്ലായിരുന്നേല്‍ പണി അതോടെ തീര്‍ന്നേനെ. ഇതെഴുതാന്‍ ഞാന്‍ ബാക്കിയാകുമായിരുന്നില്ല.


അങ്ങനെയോക്കെയാണ് എന്‍റെ പ്രിയ അഭ്യുദയകാംക്ഷികളെ ഞാന്‍ വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടി തള്ളി എവിടെ എത്തിനില്‍ക്കുന്നത്‌. എനിക്കുതോന്നുന്നു ഈ വെല്ലുവിളികള്‍ക്ക് മുന്നില്‍ ബാരക്ക് ഒബാമയുടെ ജീവിതമോ ആടുജീവിതത്തിലെ നജീബിന്റെ വേദനയോ ഒരു കിഴി തൂക്കം താഴെയേ വരൂ. എന്‍റെ വളര്‍ച്ചക്ക്‌ കാരണഭൂതരായാ നിങ്ങളയെല്ലാം ഒരു തുറന്ന റോള്‍സ് റോയ്സില്‍, ബൂലോകം മൊത്തം കറങ്ങി അഭിവാദ്യം ചെയ്തു കൃതഞ്ജത അര്‍പ്പിക്കണമെന്നു അതിയായ ആഗ്രഹമുണ്ട്.( ബൂലോകത്തില്‍ റെന്‍റ് എ കാര്‍ കിട്ടുമോ ആവോ?) പക്ഷെ അടുത്ത "കൂതറ"സൃഷ്ടിയുടെ പണിപ്പുരയിലാകയാല്‍ മെസ്തരിയുടെ നിര്‍ദേശപ്രകാരം തല്‍ക്കാലം യാത്ര ഒഴിവാക്കുന്നു.(കൂതറ എന്നാ വാക്കിന് "പ്രകാശിക്കുന്നവന്‍" എന്നും വീട്ടിലിരിക്കുന്ന നിഘണ്ടുവില്‍ അര്‍ത്ഥമുണ്ട്.) എങ്കിലും ആദ്യമായി കിട്ടിയ പ്രണയ ലേഖനം പോലെ ആ കമന്റിന്‍റെ ഒന്‍പതു കോപ്പി ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരികല്‍ കൂടി നിങ്ങള്‍ക്ക്‌ നന്ദിയുടെ ഒരായിരം നറുമലരുകള്‍....
ജയ്‌ ബൂലോകം


വാല്‍ക്കഷ്ണം: വീട്ടില്‍നിന്നും അമ്മ വിളിച്ചിരുന്നു. അച്ഛന് പതിവില്ലാതെ തുമ്മല്‍ ലേശം കലശലായതായി അറിയിച്ചു. എന്‍റെ പ്രിയ വയാനക്കാര്‍ പെറ്റ തള്ളയെ യോര്‍ത്ത് പ്രായത്തെ എങ്കിലും മാനിക്കുമെന്നു കരുതുന്നു. (സന്തോഷ്‌ പണ്ഡിറ്റിന്റെ ഫാദരിനു ഇതൊന്നും കാണേണ്ടി വന്നിട്ടില്ല.)

ബന്ധപ്പെട്ട പോസ്റ്റ്‌: വാട്ട്‌ ആന്‍ ഐഡിയ ബ്ലോഗര്‍ജി

6.12.11

ഒരു ക്രിസ്മസ് കരോളിന്‍റെ അന്ത്യം


ഡിസംബര്‍ ഒരു സുഖമുള്ള കാഴ്ചയാണ്!

അകവും പുറവും നിറയെ തണുപ്പാണ്. വര്‍ണ്ണാഭമായ ക്രിസ്മസ് കാര്‍ഡുകളിലെയും സിനിമകളിലെയും മഞ്ഞില്‍ കുളിച്ച യൂറോപ്പിന്റെ ചിത്രം എന്നും മനസ്സില്‍ മായാതെനില്‍ക്കുന്നു.  
നിരത്തുകളില്‍ മൂടിപ്പുതച്ചു നീങ്ങുന്ന മനുഷ്യര്‍, കൊതിപ്പിക്കുന്ന മഞ്ഞുവീണ കുടിലുകള്‍, ക്രിസ്മസ് ട്രീകള്‍!,.......


കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതുമായ നാടും നാട്ടാരും പടങ്ങളില്‍ തന്നെ നില്‍ക്കട്ടെ. നടന്നു പതിഞ്ഞ നാട്ടുവഴിയിലേക്കും നമ്മോടൊട്ടിനില്‍ക്കുന്ന പ്രകൃതിയിലേയ്ക്കും മടങ്ങി വരാം.


എല്ലാ കാലങ്ങളെയുംകാള്‍ ഡിസംബര്‍ കൂടുതല്‍ പ്രിയങ്കരമാകാന്‍ പലതുമുണ്ട് കാരണം. സ്കൂളടച്ചു പത്തുദിവസത്തെ അവധി, പുതപ്പിനടിയില്‍ ചുരുണ്ട് തണുപ്പാസ്വദിച്ചുള്ള ഉറക്കം, ഉറക്കച്ചടവില്‍ നിന്നെണീറ്റു കണ്‍മിഴിച്ചു കണ്ട ക്രിസ്മസ്കരോള്‍....!!,!!

 ഓര്‍മ്മകളെ കൂടെ കൂട്ടി കുറച്ചു പിന്നോക്കം നടന്നാല്‍ ഏതു പ്രായത്തിലും മങ്ങാതെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന രസകരങ്ങളായ ചില ചിന്തുകളുണ്ട്. ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍, നക്ഷത്രങ്ങള്‍, നിലാത്തിരി, പുല്‍കൂട് ഇതൊന്നുമല്ല ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുന്നത്, "കരോള്‍.......!,!!!

സ്കൂള്‍ അടയ്ക്കുന്നതിനു മുന്‍പേ കൂട്ടുകാരുടെ ഗ്യാങ്ങ് ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍.!, പാതിരാത്രിയില്‍  അവരോടൊപ്പം ഊരു ചുറ്റാനുള്ള ലൈസെന്‍സ് വീട്ടില്‍നിന്നും വല്ലവിധേനയും നേടിയെടുക്കല്‍, "സര്‍വകലാവല്ലഭന്മാരുടെ," സംഘം ഒപ്പിക്കുന്ന കുരുത്തക്കേടുകള്‍.....,....അങ്ങനെ പലതും.!!

1990 കളിലെ ഒരു ഡിസംബര്‍ ഇരുപത്തിമൂന്ന് , റോഡുകളില്ലാത്ത, വാഹനങ്ങളുടെ ഇരമ്പലെത്താത്ത, കണ്‍വെട്ടത്തെല്ലാം പുഴകളോഴുകുന്ന കുട്ടനാട്ടിലെ കുഗ്രാമം.  
 മാവിന്‍ചുവട്ടില്‍ ചുവട്ടംകൂടിനിന്ന കുട്ടി സംഘത്തിന്‍റെ നേതാവ് പറഞ്ഞു.

 " നമ്മുടെ അടുത്തുള്ള ക്ലബ്ബു കാരുമായി ഒന്ന് മുട്ടണമെങ്കില്‍ മടല്‍ബാറ്റും, പലകയും ഉപേക്ഷിച്ച് അമ്പതു രൂപയ്ക്കുമേലെങ്കിലും വിലവരുന്ന ഒരു ബാറ്റ് വാങ്ങിയേ തീരു, ആയതിനാല്‍ ഇത്തവണത്തെ കരോളിന്റെ മുഖ്യഉദ്ദേശ്യം തന്നെ ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങാനുള്ള പണം സംഘടിപ്പിക്കുക എന്നതുതന്നെ". 

കൂടി നിന്നവര്‍ ആര്പ്പുവിളിച്ചും, വിസിലടിച്ചും അതിനെ പിന്താങ്ങി.

ദ്രുതഗതിയില്‍ വൈകിട്ടെക്കുള്ള ഒരുക്കങ്ങള്‍ക്ക് കോപ്പുകൂട്ടി. കമ്മറ്റിയുടെ തീരുമാനപ്രകാരം, വലുപ്പം കൊണ്ട് വാസു ക്രിസ്മസ് ഫാദര്‍, ലജ്ജയും പുഞ്ചിരിയും വിരിഞ്ഞ കുഞ്ചു എന്ന കുഞ്ഞുമോന്‍ മാലാഖ, മീന്‍പിടുത്തത്തില്‍ അഗ്രഗണ്യനായ "പൊന്‍മാന്‍" ബിജു, സൈക്കിള്‍ കടക്കാരന്‍റെ സണ്ണായ "വാല്ടൂബ് 
ബഷീര്‍", തോട്ടിക്കൊലുപോലെ വളഞ്ഞ "കൊക്കുമുണ്ടി ചാണ്ടി " എന്നിവര്‍ മൂന്നു രാജാക്കന്മ്മാരാര്‍!!!, അധികം മേയ്ക്കപ്പ് ബാക്കിയില്ലാത്തതിനാല്‍ ഉള്ളത് വാരിപ്പൂശി രണ്ട് ആട്ടിടയന്മ്മാര്‍ എന്നിവരേയും ഒപ്പിച്ചെടുത്തു. 


പണപ്പെട്ടി, പിരിവ് ഇവ ഇരട്ട സഹോദരരായ തൊമ്മി ആന്‍ഡ്‌ വര്‍ക്കി ഏറ്റെടുത്തു. ആശിച്ച വേഷം കിട്ടാതെ എന്‍റെ ക്ലോസ് ഫ്രണ്ട് ചന്ദ്രന്‍ കരഞ്ഞുകൊണ്ട് പരിപാടി ബഹിഷ്കരിച്ചപ്പോള്‍ അവനെ സമാധാനിപ്പിക്കാനായി പാട്ടിനോപ്പിച്ചു തുള്ളാന്‍ " ജോക്കെര്‍" എന്ന ഒരു തസ്തിക സൃഷ്ടിച്ചു തൊപ്പിയും വച്ചു വിട്ടു. ഏറെക്കുറെ കാര്യങ്ങള്‍ സെറ്റ്പ്പായപ്പോളാണ് പാടാന്‍ പാട്ടും കൊട്ടാന്‍ ബാന്‍ഡും വേണമെന്നോര്‍ത്തത്. സംഗതി പ്രശ്നമില്ല, താളമടിക്കാന്‍ ബാന്ടിനു പകരമായി ആരോ കണ്ടത്തില്‍ മുണ്ടിയെ ഓടിക്കുന്ന പാട്ടയില്‍ ഒന്ന് സംഘടിപ്പിച്ചു. വീട്ടിലെ പള്ളിപ്പാട്ടു പുസ്തകതില്‍നിന്നു കീറി രണ്ടു താളുമായി മറ്റൊരുത്തന്‍ വന്നു.


ആദ്യത്തെ വീട്, സംഘത്തലവന്‍ മോനച്ചന്‍റെ വീട്ടുമുറ്റം, "പുല്‍ക്കുടിലില്‍..... കല്തോട്ടിലില്‍".......," പാട്ടറിയാതെ, താളംതെറ്റി!! ആകെപ്പാടെ ചവിട്ടിക്കുഴച്ചു കുളമായി! സാരമില്ല "സ്റ്റാര്‍ട്ടിംഗ് ട്രബിള്‍".,....


അടുത്തത്‌ സ്ഥലത്തെ പ്രധാന അദ്ധ്യാപകന്‍ കേശവപിള്ള സാറിന്‍റെ വീട്ടുവളപ്പ്. പാട്ടയടി കേട്ടതും സാറിറങ്ങിവന്നു. ശുണ്ടിയുള്ള മൂക്കത്തെ കണ്ണാടിയുടെ മേലേകൂടെ ആകെ ഒന്ന് നോക്കി.


 "ചാടി മുറ്റം കിളക്കേണ്ട, ഇതു കൊണ്ടുപോയ്ക്കോ" 

എന്ന് പറഞ്ഞ് ഒരു ഇരുപതും, പത്തും, അഞ്ചും വച്ചുനീട്ടി. എണ്ണിനോക്കിയ വര്‍ക്കിയുടെ മോന്തായം ചുവന്നു. ആകെ മുപ്പത്തഞ്ചു പൈസ! പതിനഞ്ചു കൂടെ ഇട്ടു റൗണ്ട് ഫിഗറാക്കി അമ്പതു പൈസാ തിരിച്ച് പിള്ളസാറിനു കയ്യില്‍ വച്ചുകൊടുത്തു. "ഇതുവച്ചോ"!!

"ഗുരുത്വദോഷം!" 

ആരോപറഞ്ഞു. അത് ന്യൂട്ടന്‍ കണ്ടുപിടിച്ചതല്ലേ മഴയത്തുപോലും പള്ളിക്കൂടത്തിന്റെ തിണ്ണയില്‍ കയറിനില്‍ക്കാത്ത തനിക്കതു ബാധകമല്ലന്നു പുശ്ചിച്ചുതള്ളി വര്‍ക്കി!


അങ്ങനെ വീടുകള്‍ ഓരോന്നായി കയറിയിറങ്ങി. പൈസയുമായി വീട്ടുകാര്‍ വരുമ്പോള്‍ ആകാംക്ഷ മൂത്ത് തേനീച്ചപോലെ സംഘാംഗങ്ങള്‍ മൊത്തം പാത്രത്തിനടുത്തെക്ക് ഇരച്ചു വരും. തൊമ്മി ആന്‍ഡ്‌ വര്‍ക്കി എല്ലാറ്റിനെയും തെറിപറഞ്ഞ് ഓടിക്കും! 



വീടുകള്‍ പിന്നിടുംതോറും കൂട്ടത്തില്‍ ആളുകള്‍ കൂടുകയും പാത്രത്തിനു ഘനം വയ്ക്കുന്നതായും തോന്നി. വഴിയില്‍ രണ്ടു മണ്‍കുടങ്ങളില്‍ താളംപിടിച്ച് ഒമ്പതാംക്ലാസ്‌കാരന്‍ തമ്പിയും, ഉറ്റ തോഴന്‍ രാജനും ചേര്‍ന്നതോടെ പരിപാടിക്കിത്തിരി കൊഴുപ്പുകൂടി. തമ്പി സ്പോര്‍ട്സ്‌ താരമായതിനാലും പഠനത്തോടുള്ള താല്‍പര്യവും പരിഗണിച്ച് ഒമ്പതാംക്ലാസ്സില്‍ മൂന്നാം വര്‍ഷം ഫീസ് കൊടുത്ത് പഠിക്കുകയാണ്. മലയാളം വിദ്വാന്‍ കര്‍ഷകശ്രീ തോമാച്ചിസാറിന്‍റെ അയല്‍വാസിയും അരുമ ശിഷ്യനായ തമ്പി പലവിധ തിരക്കുകളാല്‍ ആഴ്ചയില്‍ മൂന്നു ദിവസം തികച്ചു സ്കൂളില്‍ എത്താറില്ല. ഒരിക്കല്‍ പതിവില്ലാതെ പിന്ബഞ്ചില്‍ തമ്പിയെക്കണ്ട് തോമാച്ചിസാര്‍ വയലന്‍റ് ആയി ചോദിച്ചു 


"നിന്നോടാരാടാ പറഞ്ഞത് ഇങ്ങോട്ട് കെട്ടിയെടുക്കാന്‍......? പാടത്തെ പണിയും വെള്ളം കേറ്റ്ലും ഇന്നലയേ പറഞ്ഞ്‌ ഏല്‍പ്പിച്ചതല്ലേ......പിന്നെ നിന്‍റെപ്പന്‍ ചെയ്യുമോടാ അതൊക്കെ?"..........

അന്നുമുതലാണ് ആ ഗുരുശിഷ്യബന്ധത്തിന്റെ ആഴം ഞങ്ങള്‍ മനസിലാക്കിയത്‌.,!!.


കാര്യങ്ങള്‍ ഒരുവിധം ഓഡറായി വന്നപ്പോള്‍ പുതിയ ഒരാശയവുമായി രാജന്‍ എത്തി. 


"ഓരോ വീട്ടിലും പാട്ട് അവസാനിപ്പിക്കുമ്പോള്‍ ഒരു സര്‍പ്രൈസ്‌ ആയി പടക്കത്തിന്‍റെ ശബ്ദത്തിനൊപ്പം "പിശാചായി" കരിതേച്ച് താന്‍ ചാടിവീഴും. കുട്ടികളുള്ള വീട്ടില്‍നിന്നും ചിലപ്പോള്‍ കൂടുതല്‍ കാശു കിട്ടും! നമുക്ക്‌ വെറും കരിയുടെ മുടക്കേയുള്ളൂ."

 ആ അഭിപ്രായവും ആര്‍പ്പുവിളിച്ചു പസാക്കപ്പെട്ടു.
അതുവരെ കാര്യങ്ങള്‍ മംഗളമായിരുന്നു. ഇറച്ചിവെട്ടുകാരന്‍ ഇട്ടിയുടെ വീട്‌.,. അറിയാവുന്നതൊക്കെ കൂട്ടി "ശാന്തരാത്രി..തിരുരാത്രി...പാടിത്തീര്‍ന്നു, പറഞ്ഞുറപ്പിച്ചപോലെ പടക്കം പൊട്ടി...........പിശാചു ചാടിവീണു...........

ഇട്ടിയുടെ കുട്ടികള്‍ കാറി നിലവിളിച്ചു......... തെങ്ങില്‍ കെട്ടിയിട്ടിരുന്ന യമണ്ടന്‍ അള്‍സെഷന്‍ പട്ടി കെട്ടുപോട്ടിച്ചു ചാടിവീണു........


പിന്നെ കേട്ടത് ഇട്ടിയുടെ കണ്ണുപൊട്ടുന്ന തെറിയും, പട്ടി കടിച്ചെടുത്ത പാതി ളോഹയും ഉപേക്ഷിച്ച് തോട്ടില്‍ ചാടിയ "ക്രിസ്ത്മസ് പാപ്പ" വാസുവിന്‍റെ നിലവിളിയും, പരക്കം പാഞ്ഞ ചിലരുടെ ഞരക്കവുമാണ്!! കരോള്‍ സംഘം എതുവഴി പോയെന്നും എങ്ങനെ വീടുപറ്റിയെന്നു പിന്നെ എനിക്കും അറിവില്ല.






ഡിസംബര്‍ ഇരുപത്തിനാല്, 
ഉറക്കച്ചടവില്‍ ഒന്നും സംഭവിച്ചില്ലന്ന മട്ടില്‍ ഉമ്മറത്ത്‌ നില്‍ക്കുമ്പോള്‍ ഒരു ചെറു ജാഥ പോകുന്നത് കണ്ടു. കള്ളുചെത്തുകാരന്‍ ശ്രീധരന്‍ മുന്നില്‍, തലയില്‍ കുടവും വെച്ചു തൊണ്ടി സഹിതം പിടിക്കപ്പെട്ട ഒമ്പതാംക്ലാസ്‌കാരന്‍ തമ്പിയും, ഉറ്റ്തോഴന്‍ രാജനും കുറ്റവാളികളെപ്പോലെ തലകുനിച്ചു തൊട്ടുപിന്നില്‍.,!!

 ആ കുടങ്ങളെ തഴുകിവന്ന മന്ദമാരുതന്‍ മൂക്കിലടിച്ചപ്പോഴാണ് ഇന്നലെ രാത്രിയിലെ കാരോളിന്‍റെ കൊഴുപ്പിന്‍റെ കാരണം പിടികിട്ടിയത്!! കൂടെയുണ്ടായിരുന്ന പല തലകളും ആള്‍കൂട്ടത്തില്‍ മുങ്ങിയും പൊങ്ങിയും വന്നു. കയ്യൊടിഞ്ഞ ആട്ടിടയര്‍....!,! ചിറകറ്റ മാലാഖ,!! പട്ടി കടിച്ചുവോ എന്തോ ചന്തിയില്‍ വച്ചുകെട്ടുമായി പിശാച്,!!! വെള്ളം നിറഞ്ഞോ ആവോ വയര്‍ ശരിക്കും വീര്‍ത്തൊരു ക്രിസ്മസ് ഫാദര്‍,!!!

 രാത്രി പേടിച്ചതിനു പള്ളീലച്ചനെ കൊണ്ടു കുട്ടികളുടെ തലയില്‍ കൈവച്ചു പ്രാത്ഥിപ്പിക്കാന്‍ ഇറച്ചിവെട്ടുകാരന്‍ ഇട്ടി വെപ്രാളപ്പെട്ട് പോകുന്നെന്നു അടുക്കളയില്‍ നിന്നും അമ്മ വിളിച്ചുപറയുത് കേട്ട്, ഒരുവായിക്കൊട്ട വിട്ട് ഞാന്‍ പുതപ്പിനടിയിലേക്ക് തന്നെ മടങ്ങി.

അന്നത്തെ പിരിവു ഓട്ടത്തിനിടയില്‍ കളഞ്ഞു പോയന്നു തൊമ്മി ആന്‍ഡ്‌ വര്‍ക്കി പറഞ്ഞത് ഞാന്‍ ഇന്നും വിശ്വസിച്ചിട്ടില്ല. അമ്പതുലക്ഷത്തിന്‍റെ വീടുവാങ്ങി വര്‍ക്കി കഴിഞ്ഞയാഴ്ച പാലുകാച്ചല്‍ നടത്തിയതുകൊണ്ട് ഗുരുത്വദോഷത്തിലും എനിക്ക് ഇപ്പോള്‍ വലിയ വിശ്വാസം ഇല്ല!


വാട്ട് ആന്‍ ഐഡിയ! ബോഗര്‍ജി

മുല്ലപ്പെരിയാരിലേക്ക് ഒന്ന് പോയാലോ? കഴിഞ്ഞ കുറെ ദിവസങ്ങളായി ഊണില്ല, ഉറക്കമില്ല. ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാതിരുന്നപ്പോളാണ് ഇന്നലത്തെ പത്രം കണ്ടു മനസ്സില്‍ ലഡു പൊട്ടിയത്. ഊണും ഉറക്കവും നഷ്ടപ്പെടാന്‍ നാടിടോടുള്ള സ്നേഹവും ഡാമിനെക്കുരിച്ചുള്ള ഭയാശങ്കയും ജനലക്ഷങ്ങളോടുള്ള ഐക്യദാര്‍ഢ്യവും ആണെന്ന്‌ ധരിച്ചോ? എങ്കില്‍ എന്നെ ആശിര്‍വദിച്ചു അനുഗ്രഹിക്കണം.


പഠിച്ച പണി പത്തൊന്‍പതും നോക്കിയിട്ടും  കൈകിഴച്ചു കീബോര്‍ഡില്‍ അടിക്കുന്ന എന്‍റെ മലയാളം ബ്ലോഗ്‌ വായിക്കാന്‍ മഷിയിട്ടു നോക്കിയിട്ടും ആരെയും കിട്ടുന്നില്ല. പത്രത്തില്‍ പരസ്യം ചെയ്താലോ, അല്ലെങ്കില്‍ റിപ്പോര്‍ട്ടര്‍ ടി വി യിലേക്ക് ഒന്ന് വിളിച്ചുനോക്കിയാലോ എന്നുവരെ ആലോചിച്ച ശേഷമാണ് ഈ കടുത്ത തീരുമാനത്തിലെത്തിയത്. കാണുന്നവരോടൊക്കെ ഞാന്‍ നേരിട്ടും  ഫോണിലൂടെയും ഇമെയില്‍ വഴിയും വിളിച്ചു പറഞ്ഞു. അവരൊന്നും അതെക്കുറിച്ച് മാത്രം പ്രതികരിക്കാതെ നാട്ടുകാര്യവും, വീട്ടുവിശേഷവും പറഞ്ഞു എന്‍റെ കാശുകളഞ്ഞത് മിച്ചം. സന്തത സഹചാരിയായ ഒരേ മനസും രണ്ടു ഹൃദയവുമുള്ള  സുഹൃത്തുപോലും എന്‍റെ ബ്ലോഗില്‍ മെമ്പര്‍ആവുകയോ ഉറക്കമോളിച്ചെഴുതിയ (എന്‍റെ വിലാപരോദനവും ആത്മാംശവും ഉണ്ടെന്നു ഞാന്‍ വീണ്ടുംവീണ്ടും ഊന്നിയൂന്നി പറയുന്നു) ഉപന്യാസങ്ങള്‍ വായിക്കുകയോ ചെയ്തില്ല. കമന്റ്സ് ഇടണമെന്ന് പറയുമ്പോള്‍ പകരം ഇനി ദൈവത്തെയോര്‍ത്ത് നിര്‍ബന്ധിക്കെരുതെന്നും വേണമെങ്കില്‍ ഒരുനേരത്തെ ഊണ് വാങ്ങിത്തരാമെന്ന് പറഞ്ഞ് ഇപ്പോള്‍ എന്‍റെ കണ്‍വേട്ടത്തു പോലും വരാതെ മുങ്ങിനടക്കുകയും ചെയ്യുന്നു.


സംഗത്തി ഞാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട് പക്ഷേ പുറത്തു പറയരുത്‌! എങ്ങുനിന്നോ എത്തിയ ഞാന്‍ മുല്ലപ്പെരിയാറിലെ ആയിരങ്ങളുടെ ഇടയില്‍ ഉപവാസത്തിനിരിക്കുന്നു. പതിയെ ഉച്ചവെയിലില്‍ നേരം ആളുകള്‍ തളരുമ്പോള്‍ ഞാന്‍ പൂര്‍വാധികം ശക്തിയോടെ ഡാം ലക്ഷ്യമാക്കി ഓടും. കൈവിരിയില്‍ കയറിനിന്ന് പെരിയാറിന്‍റെ ആഴങ്ങളിലേക്ക് നോക്കി അവളോടുള്ള പ്രണയം പകപോലെ കണ്ണുകളില്‍ ആവാഹിച്ച്, മധുവിന്‍റെ ഡയലോഗ് മനസ്സില്‍ ഓര്‍ത്ത്‌ " എന്‍റെ സിരയില്‍ ഓടുന്ന രക്തവും നിന്‍റെ സിരയില്‍ ഓടുന്ന രക്തവും രണ്ടും ഒന്നുതന്നെ" എന്ന് അലറിവിളിച്ചു വെള്ളത്തിലേക്ക് ചാടും. ഏതായാലും ആരെങ്ങിലും എന്നെ വെള്ളത്തില്‍നിന്നു പിടിച്ചു കേറ്റുമെന്നും വിവരങ്ങള്‍ ചോദിക്കുമെന്നും അപ്പോള്‍ ഞാന്‍ ദുഫായില്‍ നിന്നുള്ള ബ്ലോഗറാനെന്നും പറഞ്ഞ് പത്രക്കര്‍ക്കുമുന്നില്‍ ഞെളിഞ്ഞിരിക്കും. മറിച്ചെങ്ങാനും സംഭവിച്ചാല്‍?....( കൊതിക്കേണ്ട നീന്തല്‍ പഠിക്കുന്നുണ്ട് മോനേ)


ഒന്നും അതിമോഹമല്ല മോനേ ദിനേശാ...... സന്തോഷ്‌ പണ്ഡിറ്റ്ജിയും, കൊലവെറിയും കുറച്ചൊന്നുമല്ല  എന്നെ പ്രലോഭിപ്പിച്ചത്, ഭൂലോകത്തിന്‍റെ അധിപരായ ബെര്‍ളിയും വള്ളിക്കുന്നും വായിച്ച്‌ എന്നില്‍ അറിയാതുത്ഭവിക്കുന്ന രണ്ടു തുള്ളി കണ്ണീരും ഒരു നെടുവീര്‍പ്പും മറയ്ക്കാന്‍........ഇതെങ്കിലും ചെയ്ത്  ആ "കടി" അങ്ങ് തീര്‍ക്കാന്‍..... എന്നെ അനുവദിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


ഏതായാലും എന്‍റെ ബ്ലോഗു വായിച്ചില്ലെങ്കിലും ആ ഫോട്ടോ ഒന്നു നോക്കിവച്ചെക്ക്........പത്രത്തില്‍.....ഏതു കോളത്തിലാണാവോ.......ദൈവമേ?


ഇത്രയൊക്കെ ആയിട്ടും ഈ അസൂയക്കും കഷണ്ടിക്കും എന്നാ എങ്കിലും ഒന്നു ചെയ്യാന്‍ ഈ "മുസ്ലിപവര്‍" കാര്‍ക്കെങ്കിലും ഒരു "ശുഷ്കാന്തി" ഇല്ലേ..............?



പിന്നീട് ഈ പരിപാടി ഡ്രോപ്പ് ചെയ്തതിനു കാരണം വായിക്കുക : ഇവന്‍ ബൂലോകം കീഴടക്കിയവന്‍!ലോകോത്തര ബ്ലോഗന്‍!
Related Posts Plugin for WordPress, Blogger...