22.3.14

കാരമസോവ് സഹോദരന്മാര്‍ - The Brothers of Karamazov

വിശ്വസാഹിത്യത്തിലെ അനശ്വരനായ എഴുത്തുകാരന്‍ ഫോയ്ദര്‍ ദസ്തെവിസ്കിയുടെ ഏറ്റം മഹത്തായ കൃതിയാണ് കാരമസോവ്‌ ബ്രദേര്സ്. “ജീവിതത്തില്‍ ഒരു പുസ്തകമേ നിങ്ങള്‍ വായിക്കുന്നുള്ളൂ എങ്കില്‍ അത് കാരമസോവ് സഹോദരന്മാര്‍ ആയിരിക്കണം.” എന്ന വാചകമാണ് ഈ പുസ്തകം വായിക്കാന്‍ പ്രേരണയായത്. 

അനേകം പണ്ഡിതരും നിരൂപകരും വിശകലനം ചെയ്തിട്ടുള്ള ഐതിഹാസിക ഗ്രന്ഥത്തെ അപഗ്രഥനം ചെയ്യാനും മാത്രം വായന വളര്‍ന്നിട്ടില്ലാത്ത ഒരാളാണ് ഞാന്‍ എന്ന ഉത്തമ ബോധ്യത്തോടെ, ചുരുക്കം പുസ്തക പ്രേമികളെയെങ്കിലും  ഈ പുസ്തകത്തിന്‍റെ മാസ്മരികതയിലേയ്ക്ക് കൂട്ടികൊണ്ട് പോകണം എന്ന ആഗ്രഹത്താല്‍ ചെയ്യുന്നൊരു ബുദ്ധിമോശം എന്നുകണ്ട്  ഈ സാഹസം ക്ഷമിക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു.


“വേദനകളിലും യാതനകളിലും കൂടി മനുഷ്യര്‍ നേടുന്ന ആദ്ധ്യാത്മികോന്നതിയും ഈശ്വരസാക്ഷാത്കാരവുമാണ് ദസ്തെവിസ്കിയുടെ പ്രധാന നോവലുകളുടെയെല്ലാം പൊരുളടക്കം. കഥാപാത്രങ്ങളെ അത്യന്തം അസാധാരണങ്ങളായ പരിതസ്ഥിതികളില്‍ കൊണ്ടെനിര്‍ത്തി  അവര്‍ എങ്ങനെ പ്രതികരണം ചെയ്യുന്നുവെന്ന് നമുക്ക് കാണിച്ചു തരുന്നു. ദസ്തെവിസ്കിയുടെ ദീര്ഘകാല ചിന്തകളുടെയും ജീവിതാനുഭവങ്ങളുടെയും സന്ദേഹ വിശ്വാസങ്ങളുടെയും ആകെത്തുകയാണ് കാരമസോവ്‌ സഹോദരന്‍മാര്‍.” (ആമുഖത്തില്‍ നിന്നും)

ഫോയ്ദര്‍ പാവ്ലോവിച്ച് എന്ന ജന്മിയും അയാളുടെ ദിമിത്രി, എവാന്‍, അലോഷ്യ എന്നീ പുത്രമാരും അടങ്ങുന്നതാണ് കാരമസോവ് കുടുംബം. വൈരുധ്യങ്ങളുടെ വകഭേദമായ കുറെ മനുഷ്യര്‍ എന്നതില്‍കവിഞ്ഞ്  ‘കുടുംബം’ എന്ന വിശേഷണം ഇവരെ പരാമര്‍ശിക്കുമ്പോള്‍ അനുചിതവും അര്‍ത്ഥ ശൂന്യവുമാണ്. പിതാവ് പാവ്ലോവിച്ച് വിഷയാസക്തനും വിടനും തന്നിഷ്ടക്കാരനുമാണ്. മൂത്തമകന്‍ ദിമിത്രിയാകട്ടെ ധൂര്ത്തനും എടുത്തുചാട്ടക്കാരനും. രണ്ടാമന്‍ ഐവാന്‍ ഉല്കൃ്ഷ്ടാശയനും യാഥാസ്തിക, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനുമാണ്. ഏറ്റം ഇളയ അലോഷ്യ ഇവര്‍ക്കിടയിലെ വേറിട്ട വ്യക്തിത്വമാണ്. നിര്‍മ്മലനായ ഒരു ഈശ്വരവിശ്വാസി. ഇവരോട് അടുപ്പമുള്ള രണ്ടു സ്ത്രീകള്‍ മൂലം ഉടലെടുക്കുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

കാരമസോവുകള്‍ പ്രതിനിധാനം ചെയ്യുന്നത് സമൂഹത്തിലെ ഓരോ വ്യക്തിയിലും അലിഞ്ഞുചേര്ന്നതും മൂടിവെയ്ക്കപ്പെട്ടിരിക്കുന്നതുമായ നന്മ തിന്മകളുടെ അംശങ്ങളെയാണ്. മനുഷ്യാവസ്ഥയുടെ സകല ഭാവങ്ങളിലൂടെയും പുസ്തകം സഞ്ചരിക്കുന്നു. അനേകം ഗ്രന്ഥങ്ങള്‍ സംവദിച്ച വിഷയങ്ങളെക്കാള്‍ അധികമാണ് ഈ ഒരു പുസ്തകത്തിന്‍റെ ആഴവും പരപ്പും എന്ന് പറയേണ്ടിയിരിക്കുന്നു.

മനുഷ്യ മനസിലേയ്ക്ക് ആഴ്ന്നിറങ്ങി വിചാരങ്ങളെയും സൂഷ്മചലനങ്ങളെയും വരികളായ് പകര്ത്തുന്നതില്‍ ദസ്തെവിസ്കിയോളം മികവുറ്റ മറ്റൊരു എഴുത്തുകാരനുണ്ട്‌ എന്ന് തോന്നുന്നില്ല. അതുകൊണ്ടാവാം അദ്ദേഹത്തെ “ഹൃദയയത്തില്‍ ദൈവത്തിന്‍റെ കയ്യൊപ്പുള്ള എഴുത്തുകാരന്‍” എന്ന് വിശേഷിപ്പിക്കുന്നത്. അഗാധമായ ചിന്തയുടെ, തീഷ്ണാനുഭവങ്ങളുടെ, വേദനയുടെ, ശക്തമായ മാനവീകതയുടെ, ദേശസ്നേഹത്തിന്റെ ഒക്കെ പ്രതിഫലനമാണ് ആ വിരല്‍തുമ്പിലൂടെ വായനക്കാര്‍ അനുഭവിച്ചറിയുന്നത്.

കാരമസോവ്‌ സഹോദരന്മാരുടെ ഓരോ അധ്യായങ്ങളിലൂടെയും കടന്നുപോകുമ്പോള്‍, വിഷയ വഴിയില്‍ എഴുത്തിന്‍റെ ദിശനോക്കി ദസ്തെവിസ്കിയെ വിലയിരുത്തുക വിഷമകരമായ സംഗതിയാണ്. സ്ത്രീ, സെക്സ്, ചൂതാട്ടം എന്നിവ അദ്ദേഹത്തിന്റെ സ്ഥിരം പ്രമേയങ്ങളാണ്. അത് എഴുത്തുകാരന്റെയും ബലഹീനതകളായി ചൂണ്ടിക്കാട്ടപ്പെടുന്നു. എങ്കിലും വിഭിന്ന സ്വഭാവക്കാരായ കഥാപാത്രങ്ങളിലൂടെ മുന്നോട്ടു വെയ്ക്കുന്ന വീക്ഷണങ്ങളും ആ ആശയങ്ങളുടെ അസ്തിത്വവും നിലപാടുകളുടെ ദൃഡതയും ആരെയും അത്ഭുതപ്പെടുത്തുന്നവയാണ്. ദൈവവിശ്വാസിയാണോ അല്ലയോ എന്ന് അയാള്‍ക്ക് തന്നെ ഉറപ്പില്ലാത്ത ഐവാന്‍ എന്ന കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലൂടെ എഴുത്തുകാരന്‍ യാഥാസ്തികനാണോ എന്ന സംശയം വായനക്കാരില്‍ ജനിപ്പിക്കുകയും എന്നാല്‍ സോസിമോ എന്ന വൃദ്ധസന്യാസിയുടെ ജീവിതവും പ്രഭാഷണങ്ങളും വിവരിക്കുന്ന അദ്ധ്യായത്തിലൂടെ ഒരു ഉറച്ച വിശ്വാസിയുടെ ആത്മീയ അനുഭവം പ്രദാനം ചെയ്യുകയും ചെയ്യുന്നു .

ചില ഭാഗങ്ങള്‍ വായിച്ചു കഴിഞ്ഞാല്‍ അന്നേദിവസം പുസ്തകം മടക്കിവെച്ചു എന്നുവരും. നെഞ്ചില്‍ കുത്തിയിറക്കിയ വാള് പോലെ അതും വഹിച്ചേ പിന്നീട് മുന്പോട്ട് നീങ്ങുവാനാകൂ. ഇതൊന്നു നോക്കൂ ....

“ഇടയ്ക്ക് ഒരു കഥ പറയട്ടെ, ഞാന്‍ അടുത്തകാലത്ത് മോസ്കോയില്‍ വെച്ച് ഒരു ബള്ഗേറിയക്കാരനെ കണ്ടു. ഐവാന്‍ ആലോഷ്യയുടെ വാക്കുകള്‍ കേള്ക്കാത്ത മട്ടില്‍ തുടര്ന്നു: “ബള്ഗേറിയയില്‍ സ്ലാവുകളുടെ വിപ്ലവം ഭയന്ന് തുര്ക്കികളും സിര്കോഷ്യന്‍മാരും ചെയ്യുന്ന ക്രൂരകൃത്യങ്ങളെപറ്റി അയാള്‍ എന്നോടുപറഞ്ഞു. അവര്‍ ഗ്രാമങ്ങള്ക്ക്ക കൊള്ളിവെയ്ക്കുന്നു, കൊലപാതകം നടത്തുന്നു, പെണ്ണുങ്ങളെയും കുഞ്ഞുങ്ങളെയും ബാലാത്കാരംചെയ്യുന്നു, തടവുകാരെ മതിലോട് ചേര്ത്ത്  ചെവിക്ക് ആണി തറച്ച് വെളുപ്പോളം നിര്ത്തു്ന്നു, രാവിലെ അവരെ കഴുവേറ്റുന്നു....എന്ന് വേണ്ട, സങ്കല്പാതീതമായ എല്ലാത്തരം നൃശംസകൃത്യങ്ങളും അവര്‍ ചെയ്യുന്നു. മൃഗീയമായ ക്രൂരതയെന്നു ചിലപ്പോള്‍ ആളുകള്‍ പറയാറുണ്ട്. എന്നാല്‍ ആ പ്രയോഗം മൃഗങ്ങള്ക്ക്യ അവമാനകാരമാണ്. ഒരു മൃഗത്തിന് ഒരിക്കലും മനുഷ്യനോളം ക്രൂരത -  കലാപരമായ ക്രൂരത – ഉണ്ടാവാന്‍ വയ്യ. ഒരു കടുവാ മാന്തിയും കടിച്ചും കീറുകയേയുള്ളൂ. അതുമാത്രമേ അതിനുകഴിയൂ. കഴിവുണ്ടെങ്കില്‍ പോലും മനുഷ്യരുടെ ചെവിക്ക് ആണിയടിച്ചു നിര്ത്താന്‍ അത് വിചാരിക്കുകില്ല. ഈ തുര്ക്കി്കള്‍ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതില്‍ രസിക്കുന്നു. ഗര്ഭരസ്ഥനായ ശിശുവിനെ മാതാവിന്റെ് വയര്‍ പിളര്ന്നു  മുറിച്ചെടുക്കുക. അമ്മമാരുടെ മുന്പികല്‍ വെച്ച് ശിശുക്കളെ മേല്പ്പോട്ടെറിഞ്ഞു കുന്തമുനയില്‍ പിടിക്കുക ഇതൊക്കെയാണ് അവരുടെ പരിപാടികള്‍. മാതാക്കള്‍ കാണ്കെ അപ്രകാരം ചെയ്യുന്നതാണ് വിനോദരസത്തെ വര്‍ദ്ധിപ്പിക്കുന്ന അംശം. വളരെ രസകരമായി തോന്നിയിട്ടുള്ള വേറൊരു ദൃശ്യം ഇതാ...ആക്രമണകാരികളായ തുര്ക്കികളാല്‍ വളയപ്പെട്ട്, കയ്യില്‍ തന്റെ കുഞ്ഞിനെ പിടിച്ചുകൊണ്ട് പേടിച്ചു വിറച്ചു നില്ക്കുന്ന ഒരു മാതാവിനെ സങ്കല്പ്പിക്കുക. തുര്ക്കികള്‍ ഒരു നേരമ്പോക്കിന് വട്ടംകൂടുന്നു. അവര്‍ കുഞ്ഞിനെ ഓമനിക്കുന്നു. അതിനെ ചിരിപ്പിക്കാന്‍ വേണ്ടി പല്ലിളിക്കുന്നു. അതുകണ്ടു കുഞ്ഞു ചിരിക്കുന്നു. ആ നിമിഷം ഒരുവന്‍ കുഞ്ഞിന്റെ മുഖത്തേക്ക് നാലിഞ്ച് അകലത്തില്‍ ഒരു കൈത്തോക്ക് ചൂണ്ടുന്നു. ശിശു ഉല്ലാസവാനായി പുഞ്ചിരിച്ചുകൊണ്ട് തോക്കില്‍ പിടികൂടാന്‍ കുഞ്ഞിക്കൈകള്‍ നീട്ടുന്നു. തുര്ക്കി  ഉടനെ കാഞ്ചി വലിച്ചു വിടുന്നു; കുഞ്ഞിന്റെ തലച്ചോറ് തകര്ന്നു  ചിതറുന്നു. അതില്‍ ഒരു കലാരസികതയുണ്ട്, അല്ലേ? ഇടയ്ക്ക് പറയട്ടെ, തുര്ക്കികള്‍ സുകുമാരകലകളില്‍ പ്രത്യേകം അഭിരുചിയുള്ളവരാണെന്ന് അവര്‍ പറയുന്നു.!” 

1024 പേജുകളിലായി പ്രസക്തരും അപ്രസ്ക്തരുമായി ചിതറിക്കിടക്കുന്ന അനേകം കഥാപാത്രങ്ങളിലൂടെ ഒരുവട്ടം കൂടി സഞ്ചരിച്ച്, അവരെ വായനക്കാരുടെ സ്മൃതിപഥത്തില്‍ തിരികെകൊണ്ടുവരാന്‍ ബുദ്ധിപൂര്‍വ്വം നടത്തുന്ന ശ്രമമാണ്  അവസാന അദ്ധ്യായങ്ങളിലെ കോടതി വ്യവഹാരത്തിനിടെ കാണുവാന്‍ കഴിയുന്നത്. വസ്തുതകള്‍ നിരത്തിയുള്ള കുറ്റാന്വേഷകന്‍റെ വിവരണം തീരുന്നതോടെ അയാള്‍ പറഞ്ഞതാണ് ശരിയെന്നു നമുക്കു തോന്നാം. എന്നാല്‍ പ്രതിഭാഗം വക്കീലിന്‍റെ വാദത്തില്‍ ആ ധാരണ പൊളിച്ചെഴുതപ്പെടുന്നു. ഇത്തരം വസ്തുനിഷ്ടവും വിശ്വാസ്യവുമായ ഒട്ടനവധി സംഭവങ്ങളും ഒരു കഥയ്ക്കുള്ളില്‍ നിന്ന്  കൈകാര്യം ചെയ്ത വിഷയങ്ങളുടെ വൈവിധ്യവുമാണ് ഈ പുസ്തകത്തെ വേറിട്ട അനുഭവമാക്കുന്നത്.

കൊലമരത്തിലേയ്ക്ക് നടത്തികൊണ്ടുപോകുന്ന ചെറിയ ദൂരത്തില്‍, തനിക്ക് ബാക്കിയുള്ള അവസാന നിമിഷങ്ങളില്‍ കുറ്റവാളിയുടെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങള്‍ എന്തൊക്കെയായിരിക്കും? അതെഴുതാന്‍ ദസ്തെവിസ്കിക്കേ ആകൂ...കാരണം സൈബീരിയയില്‍ തടവുകാരനായിരിക്കെ വധശിക്ഷയ്ക്ക് തൊട്ടുമുന്പ് അപ്രതീക്ഷിതമായി എത്തിയ ഉത്തരവിലൂടെ മൃത്യുവിന്റെ  വക്കില്‍നിന്നു പിടിച്ചു കയറിയ അനുഭവം അദേഹത്തിനുണ്ട്!

ഒരേസമയം പുരോഹിതനും അതിബുദ്ധിമാനായ ഒരു ക്രിമിനലും ആണ് ദസ്തെവിസ്കി എന്ന് തോന്നിപ്പോകും. കുറ്റം ചെയ്യാനുള്ള പ്രേരണ അഥവാ മനുഷ്യന്‍റെ ഉള്ളിലെ അക്രമ വാസന, തെറ്റും ശരിയും സ്വയം നിര്ണ്ണയിക്കും മുന്‍പ് അവയുടെ തീര്പ്പു കല്പ്പിക്കാന്‍ ഉള്ളില്‍ ഉടലെടുക്കുന്ന മനോസംഘര്ഷങ്ങള്‍ എല്ലാം വരികളിലൂടെ അനുഭവവേദ്യമാക്കുന്നു. ഒരു വിഷയത്തെപറ്റിയുള്ള തന്‍റെ വിലയിരുത്തലുകള്‍ അതിനു സാധ്യമായ എല്ലാ വശങ്ങളിലൂടെയും അവതരിപ്പിക്കുക, ആ വാദഗതിയ്ക്ക് മേല്‍ ഉന്നയിക്കപെടാവുന്ന ചോദ്യവും ഉത്തരവും എഴുത്തുകാരന്‍ തന്നെ നല്‍കുക. അപ്രകാരം പൂര്‍ണ്ണത കൈവരിക്കാന്‍ നടത്തിയ പരിശ്രമമാണ് പുസ്തകത്തിന്റെം എണ്ണമറ്റ പേജുകള്‍ സൂചിപ്പിക്കുന്നത്. ഒരു ചലച്ചിത്രത്തെ വെല്ലുന്ന വിധം കൃത്യമായി കൂട്ടി യോജിപ്പിച്ചിരിക്കുന്ന അദ്ധ്യായങ്ങള്‍ പുസ്തകത്തിന്‍റെ മനോഹാരിതയാണ്. അപ്രധാനമെന്ന് തോന്നുന്ന ചില കഥാപാത്രങ്ങളും സംഭവങ്ങളും കഥയില്‍ നിര്ണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട് എന്നറിയാന്‍ അവസാനം വരെ കാത്തിരിക്കണം.

"കാരസമോവ് സഹോദരന്മാര്‍" ദസ്തോവിസ്കിയെ ഒരു നോവല്‍ കര്ത്താ്വെന്ന നിലയില്‍ പ്രശസ്തിയുടെ അത്യുംഗശൃംഗത്തില്‍ എത്തിച്ചു. പുഷ്കിന്റെ ശതാബ്ദിസ്മാരക ദിനത്തില്‍ ആ ദേശഭക്തന്‍ ചെയ്ത അധ്യക്ഷപ്രസംഗം അദ്ദേഹത്തെ റഷ്യയുടെ ആധ്യാത്മികാചാര്യനും കൂടി ആക്കിത്തീര്ത്തു . പ്രസംഗം ഒരു ചരിത്ര സംഭവമായിരുന്നു. മുന്പൊംരുകാലത്തും ഒരു കലാകാരനെയോ രാഷ്ട്രീയ ചിന്തകനെയോ റഷ്യ അത്രത്തോളം ബഹുമാനിച്ചിട്ടില്ല. പ്രസംഗത്തിന്റെ ലഹരിയില്‍ ശ്രോതാക്കള്‍ പ്രകടിപ്പിച്ച ആഹ്ളാദാഭിനന്ദനങ്ങള്‍ മൂലം സമ്മേളനം ഇടയ്ക്കുവെച്ച് നിര്ത്തേ ണ്ടി വന്നു. മതിമറന്ന് അപരിചിതര്‍ അന്യോന്യം കെട്ടിപ്പുണര്ന്നു . ആജന്മശത്രുക്കള്‍ ബാഷ്പവിലാക്ഷരായി അന്യോന്യം ഏറ്റുപറഞ്ഞ് അനുരഞ്ജിച്ചു. തങ്ങളുടെ മഹാ സാഹിത്യകാരനെ ഒരു നോക്ക് കാണുവാന്‍ സ്ത്രീജനങ്ങള്‍ തള്ളിക്കൂടി. ഒരു യുവാവ് വികാരവിവശനായി മോഹാലസ്യപ്പെട്ടു നിലംപതിച്ചു. അന്നേവരെ ദസ്തോവിസ്കിയെ പരമശത്രുവായി കണ്ട ടര്ജുനീവ് ആ പ്രസംഗം കേട്ട് ഇളകിവശായി അദ്ധ്യക്ഷ വേദിയിലേയ്ക്ക് പാഞ്ഞു ചെന്ന് രാഷ്ട്രത്തിന്റെ ആ പ്രവാചകനെ ചുംബിച്ചു." (ആമുഖത്തില്‍ നിന്നും)

പ്രശസ്ത നിരൂപകന്‍  ശ്രീ.എം.കെ ഹരികുമാര്‍ തന്‍റെ ബ്ലോഗായ  അക്ഷരജാലത്തിന്‍റെ മാര്ച്ച് ലക്കത്തില്‍ ദസ്തെവിസ്കിയെപറ്റി പരാമര്‍ശിച്ചിരിന്നത് ശ്രദ്ധയില് പെട്ടിരുന്നു. അതിലെ ചില ഭാഗങ്ങള്‍...

“പ്രമുഖ പോളിഷ് കവി ചെസ്ലാഫ് മിയോഷ് (Czesław Miłosz ) തന്റെ ‘മിയോഷ്സ് എബിസീസ്’ എന്ന പുസ്തകത്തിൽദസ്തയെവ്സ്കിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
മിയോഷിന്റെ നിരീക്ഷണങ്ങൾ  ഇങ്ങനെ:
ദസ്തയെവ്സ്കിയെപ്പറ്റി വിവിധ ഭാഷകളിലായി ഒരു ലൈബ്രറിക്കു വേണ്ട പുസ്തകങ്ങൾ തന്നെ എഴുതപ്പെട്ടിരിക്കുന്നു. 
ദസ്തയെവ്സ്കി ഒരു കാലത്തിന്റെ രോഗനിർണയം  നടത്തി. റഷ്യൻ വിപ്ലവത്തെ അദ്ദേഹം ദീർഘദർശനം ചെയ്തു. 
മനുഷ്യമനസ്സിൽ നിന്ന് മൂല്യങ്ങൾ ഒന്നൊന്നായി ഇറങ്ങിപ്പോകുന്നത് കണ്ടു. 
അദ്ദേഹം ഒരു വലിയ പ്രവാചകനായിരുന്നു; അതേസമയംഅപകടം പിടിച്ച   ഗുരുവുമായിർന്നു. 
ബഹുസ്വരങ്ങളുടെ നോവൽ സൃഷ്ടിച്ചത് ദസ്തയെവ്സ്കിയാണ്.അന്തരീക്ഷത്തിൽ പരസ്പരം മൽസരിക്കുന്ന അസംഖ്യം ശബ്ദങ്ങൾ  തിരിച്ചറിഞ്ഞു. 
ക്രിസ്തുമതം വിട്ടിട്ടു റഷ്യയ്ക്ക് ഒരു മോചനം ഇല്ലെന്ന് വിളിച്ചു പറഞ്ഞു. എന്നാൽ അദ്ദേഹം ക്രിസ്ത്യാനിയായിരുന്നോ? അറിയില്ല.!!”

റഷ്യന്‍ ജനതയുടെ ഹിംസഭാഗവും ക്രിസ്ത്യാനികളായിരിക്കെ പൌരാവകാശങ്ങള്ക്ക്  മേല്‍ മതം നടത്തുന്ന കടന്നു കയറ്റവും സഭയുടെ അധികാരപരിധിയും സംബന്ധിച്ച് നോവലിലെ ഐവാന്‍റെ കഥാപാത്രം ഇപ്രകാരം പ്രതികരിക്കുന്നുണ്ട്. 

"ഒന്നാമതായി, ഒരു സാമുദായിക സംഘടനയ്ക്കും അതിലെ അംഗങ്ങളുടെ പൌര - രാഷ്ട്രീയാവകാശങ്ങള്‍ തീരുമാനിക്കാനുള്ള അധികാരം സ്വായത്തീകരിച്ചുകൊടുക്കാന്‍ അവകാശമില്ലാത്തതും അതിനുള്ള അധികാരം കൊടുത്തുകൂടാന്‍ പാടില്ലാത്തതുമാകുന്നു. 
രണ്ട്, സിവിലും ക്രിമനലും അധികാരങ്ങള്‍ ഇത്തരം സഭകള്യ്ക്ക്  ഉണ്ടായിരിക്കാന്‍ പാടില്ല. ഒരു ദൈവിക സ്ഥാപനമെന്ന നിലയിലും മതപരമായ ഉദ്ദേശത്തോടുകൂടിയ സംഘടന എന്ന നിലയിലും അതിന്റെ സ്വഭാവത്തോട് ഈ അധികാരങ്ങള്‍ പോരുത്തപ്പെടുകയില്ല. 
മൂന്നാമതായി, സഭ ഈ ലോകത്തെ ഒരു രാജ്യമല്ല!”    


രാഷ്ട്രീയമായും സാമൂഹികമായും വലിയ മാറ്റങ്ങള്ക്ക് സാക്ഷ്യം വഹിക്കും മുന്‍പുള്ള റഷ്യയുടെ മണ്ണില്‍ ചവിട്ടിനിന്ന്, ദേശസ്നേഹം ഉയര്ത്തി്പ്പിടിച്ച്, എന്ത് ചെയ്യണമെന്ന്‍ ഊഹമില്ലാതെ എന്തിനും തയ്യാറായി നില്ക്കുന്ന യുവാക്കളുടെ ഇടയില്‍ നിന്ന്, പട്ടിണിയും അവശതയും നേരിടുന്ന വൃദ്ധര്‍ക്കും വേശ്യകള്ക്കും മദ്യപന്‍മാര്ക്കും ഒപ്പമിരുന്നാണ് ദസ്തയെവ്സ്കി നമ്മോട് കഥപറയുന്നത്.
നമുക്ക് എല്ലാം മറക്കാം, പ്രതീക്ഷ അര്‍പ്പിക്കാവുന്ന നാളെയുടെ നാമ്പുകള്‍ നിങ്ങളാണ് കുട്ടികളെ...........എന്ന് ഉത്ബോധിപ്പിച്ചാണ് പുസ്തകം അവസാനിക്കുന്നത്.

ഈ നോവലിന്റെ മലയാള പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് ശ്രീ. എന്‍.കെ ദാമോദരനാണ്. സാഹിത്യ പ്രവര്ത്തക സഹകരണ സംഘവും നാഷണല്‍ ബുക്ക്സ്ടാളും സംയുക്തമായി പുസ്തകത്തിന്റെറ പ്രസാധനവും വിതരണവും നടത്തുന്നു.
Related Posts Plugin for WordPress, Blogger...