25.8.16

ചേറ്റു മണമുള്ള പുഞ്ചപ്പാടം കഥകൾ : പുസ്തക പരിചയം

ചേറ്റു മണമുള്ള പുഞ്ചപ്പാടം കഥകൾ  

നഷ്ടമായ് തീർന്നതെന്തോക്കെ,നാവിൻ തുമ്പി-
ലിറ്റിയ പൊൻതുള്ളി ,തേൻതുള്ളി, പാൽത്തുള്ളി
 
ഇത്തിരി പ്പൂവിൻ വിശുദ്ധി ,ബാല്യത്തിന്റെ
 
പുഷ്പ വനത്തിലെ മുള്ളിൻ മധുരിമ.....
............... ........... ........... ............ .......... ............
നഷ്ടമായ് തീർന്നതെന്തൊക്കെ,യരയാലില 
നൃത്തമാടുന്നതിൻ താള പ്പകര്ച്ചകൾ.....
............... ........... ........... ............ .......... ............
നഷ്ടമായ് തീർന്നതെന്തൊക്കെ ,നിൻ കാലുകൾ
പിച്ച വെച്ചാടിയ പൂമുഖം ,അമ്മയോ-
ടൊട്ടിക്കിടന്ന വടക്കെപ്പുര ,യാട്ടുകട്ടിൽ
............... ........... ........... ............ .......... ............
(ശ്രീകുമാരൻ തമ്പി)

                                            നാട്ടിൻപുറം അതിവേഗം നഗരമായി മാറുന്ന കാഴ്ചകളാണ് നിത്യേന കാണുന്നത്. നാടിൻറെ പച്ചപ്പുകൾക്കൊപ്പം നന്മകളും പൊലിമകളും നമുക്ക് നഷ്ടമാവുന്നു. നാം അനുഭവിച്ച കുട്ടിക്കാലം പുതിയ തലമുറക്ക് വാക്കുകളുടെ വര്‍ണ്ണനകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നായി മാറുന്നു. പുഴകളും പുഞ്ചവയലുകളും പച്ചപ്പും എന്നേ മാഞ്ഞു തുടങ്ങി.

"നഷ്ടമായതെന്തൊക്കെ....  എന്ന് കവി ശ്രീകുമാരൻ തമ്പി വിലപിക്കുമ്പോൾ, പോയ കാലത്തേക്ക് ഇനി തിരികെയില്ലന്ന സത്യം നാം അറിയുന്നു. കൊച്ചു നാട്ടിൻപുറത്തെ ചെറിയ മനുഷ്യരുടെ കുസൃതികളും തമാശകളും ചിരിയായി ആസ്വദിക്കാന്‍ കഴിയാത്ത വിധം നമ്മുടെ മനസ്സ് ഇടുങ്ങി പോയിരിക്കുന്നു. പക്ഷെ, നമുക്ക് ചിരി കൂടി നഷ്ടമാവരുത്. അതിനുള്ള ശ്രമമാണ് ജോസ്‌ലെറ്റ് ജോസഫ് "പുഞ്ചപ്പാടം കഥകളി"ലൂടെ നടത്തിയിരിക്കുന്നത്. നാട്ടിൻ പുറത്തിന്റെ വിശുദ്ധിയും നർമ്മവും ഇഴ ചേരുന്നതാണ് ഈ കഥകളൊക്കെ. ഇതിലെ കഥാപാത്രങ്ങൾ നമുക്ക് അപരിചിതരല്ല. അവരില്‍ ചിലരെയെങ്കിലും ജീവിതത്തിന്റെ ഏതോ ഇടനാഴിയിൽ നാം സന്ധിച്ചിരിക്കാം. 

                                     ഫലിതം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓർമ്മയിലെത്തുക ചാപ്ലിന്റെ മുഖമാണ്. മലയാളത്തിൽ കുഞ്ചൻ നമ്പ്യാരും ബഷീറും ഈ വീ കൃഷ്ണ പിള്ളയും ഒക്കെ ഹാസ്യത്തിലൂടെ ആശയങ്ങൾ പ്രകടിപ്പിച്ചവരാണ്. പിൽക്കാലത്ത് അതെ പാത പിന്തുടര്‍ന്ന പലരും പരാജയപ്പെട്ടത് ശുദ്ധ ഹാസ്യത്തിന്റെ പ്രതിഭാവിലാസമില്ലാത്തതിനാലാണ്. ഇവിടെ കഥാകാരൻ തന്നെ സ്വയം പരിഹാസ കഥാപാത്രമാവുമ്പോൾ, ആരെയും നോവിക്കാതെ തെളിമയുള്ള ഹാസ്യം വിളമ്പാനാവുന്നത് നാമറിയുന്നു. ഒരാളുടെ നോവിൽ നിന്നും മറ്റൊരാൾക്ക് ലഭ്യമാവുന്ന, സാഡിസം ഒളിപ്പിച്ച ഫലിതമല്ല ഇവിടെ നമുക്ക് ലഭിക്കുക. അത് കൊണ്ടു തന്നെ ആയാസമില്ലാതെ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്നതും ആഹ്ലാദദായകവുമാണ് പുഞ്ചപ്പാടം കഥകളുടെ വായന. ഒരു കുട്ടനാട്ടുകാരന്റെ നാട്ടുവര്‍ത്തമാനങ്ങള്‍ പോലെ ക്രിത്രിമത്വം തൊട്ടു തീണ്ടാത്ത വായന സമ്മാനിക്കാന്‍ കഥാകൃത്ത് പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു.

                                          ഭാഷ, ആശയം, പാത്രസൃഷ്ടി ഇവയൊക്കെയാണ് കഥകളെ വിലയിരുത്തുമ്പോള്‍ പ്രധാന്യമര്‍ഹിക്കുന്ന ഘടകങ്ങൾ. പുഞ്ചപ്പാടത്തെ കഥാപാത്രങ്ങള്‍ക്കായി ജോസ്ലറ്റിന് എങ്ങും അലയേണ്ടി വന്നിട്ടില്ല. താനും തനിക്കു ചുറ്റുമുള്ളവരും അവരുടെ സ്വതസിദ്ധമായ ഭാഷയും. എല്ലാ കഥകളിലും നർമ്മത്തില്‍ ഊന്നി ആശയത്തെ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒട്ടുമിക്ക കഥകളിലും കഥാകൃത്ത് വിജയിക്കുന്നു. ചിലത് പിടികൊടുക്കാതെയും നില്‍ക്കുന്നു. പുസ്തകത്തിന്റെ കവറും  കഥകളോടൊപ്പം ചേർത്തിട്ടുള്ള ചിത്രങ്ങളും മനോഹരമാണ്. പേജ് നിറയുന്ന വലിപ്പം ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ ഏറെ നന്നായേനെ എന്ന്‍ തോന്നി. അക്ഷരപ്പിശകുകളില്ലാത്ത കെട്ടിലും മട്ടിലും ഭംഗിയായി പുസ്തകമൊരുക്കാന്‍ പ്രസാധകരായ കറന്റു ബുക്ക്സിന് സാധിച്ചിട്ടുണ്ട്. 

                          കഥയില്ലാക്കഥകൾ എന്ന് കഥാകൃത്ത് തന്നെ ആമുഖത്തില്‍ വിശേഷിപ്പിക്കുന്ന പതിനേഴു കഥകൾ. വ്യത്യസ്തമായ പശ്ചാത്തലമുള്ള ഓരോ കഥയുടെയും പേരുകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ കഥാവസാനം മറനീക്കി പുറത്തു വരും. ആരെയും വെറുതെ വിടുന്നില്ല. വിശുദ്ധ ഔസേപ്പിനെ പോലും! പ്രൊഫഷണലി ആശാരിയായ മൂപ്പരില്‍ തുടങ്ങി, നാട്ടിലെ തച്ചന്മാരുടെത്‌ മരാന്വേഷണ പരീക്ഷണങ്ങൾ ആണെന്നും കഥാകൃത്ത് നിരീക്ഷിക്കുന്നു. ജോലികളുടെ ഔട്സോഴ്സിങ് അതിന്റെ ഇമ്പാക്ട് ഇതൊക്കെ നർമത്തിലൂടെ യുക്തിസഹജമായി പരാമർശിക്കുന്നു. കുറുപ്പ് മാഷും നാണപ്പനും കുറെ ഏറെ നേരം നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നു. നാട്ടിലെ തട്ട് പൊളിപ്പൻ ഓണാഘോഷത്തിന്റെ ഗംഭീര  ഇല്ലുസ്ട്രേഷൻ ഇതിലുണ്ട്. പുതു തലമുറയ്ക്ക് ധൈര്യമായി വായിക്കാൻ എടുക്കാം.  

                                           ചട്ടയിട്ട അമ്മച്ചിമാര്‍ ചട്ടിയില്‍ ഒട്ടിപ്പിടിച്ച പാത്രത്തോട് മല്‍പ്പിടുത്തം നടത്തുന്നു, പത്താം ക്ലാസ് പൊട്ടി റൌണ്ട് ക്ലോക്ക് വട്ടം ചുറ്റി നിൽക്കുന്നു,  എന്നത് പോലെ നിരവധി ഉജ്ജ്വല പ്രയോഗങ്ങൾ വായനയില്‍ കണ്ണിലുടക്കും. നൊസ്റ്റാൾജിയയിൽ ഐസിട്ട് അടിക്കാന്‍ കൂട്ടുകാർക്കായി പരതുന്ന മത്തായിയുടെ ചിത്രം ഇന്നിന്റെ ബാക്കിപത്രമായി മുൻപിൽ തെളിയും.

                                              പോളി ടെക്നിക്കിക്ക് പഠന കാലത്തെ ഓര്‍ക്കാപ്പുറത്തൊരു ഫ്രീ കിക്ക് ആ ഫുട്ബോള്‍ മൈതാനത്തിൽ നമ്മെ കുറെ നേരം പിടിച്ചിരുത്തും. ജോലികഴിഞ്ഞുള്ള പാര്‍ട്ട് ടൈം-തവള പിടുത്തം, വർഗീസ് അച്ഛന് വരിക്കപ്ലാവുമായുള്ള ബന്ധം, പച്ചമരമായ ചാണ്ടിച്ചൻ തന്റെ ഡെസ്ടിനി കണ്ടെത്തുന്നത്,  കാലിത്തൊഴുത്തും താജ്മഹലും എങ്ങനെ ബന്ധപ്പെടുത്തിയിരിക്കുന്നു എന്നീ സംഗതികളൊക്കെ അറിയുവാന്‍ പുഞ്ചപ്പാടം കഥകള്‍ വായിക്കുക തന്നെ വേണം.

ഫസ്റ്റ് നൈറ്റ് എന്ന വിഷയം നിരവധി ഹാസ്യ കഥകൾക്ക് വിഷയമായതെങ്കിലും ഇതില്‍ ജോസ്ലറ്റിന്റെ സ്വതസിദ്ധമായ മാര്‍ക്ക് പതിഞ്ഞിരിക്കുന്നു. വീട്ടിലേക്കുള്ള വഴിയിലൂടെയുള്ള ആദ്യ കാര്‍ യാത്ര, കോഞ്ഞാട്ടയായ കോയയുടെ ഹണിമൂൺ,  മണ്ട ചീഞ്ഞ കേര കർഷകന്‍,  രക്ത ദാനത്തിലെ മഹാപരാധം, സത്യക്രിസ്ത്യാനിക്കു നേരിടേണ്ടി വരുന്ന സാത്താന്റെ പരീക്ഷണങ്ങള്‍ ഒക്കെ നാം വഴിയേ അറിയും. അത്യന്തം രസകരമായ ഒരു കുട്ടനാടന് സവാരിയാണ്‌ ആദ്യാവസാനം ഈ പുസ്തകം നമുക്കായ് ഒരുക്കിവെക്കുന്നത്.   കഥകളെ ആകെയൊന്ന് വീക്ഷിക്കുക മാത്രമാണ് ഇവിടെ. 



പുസ്തകം: പുഞ്ചപ്പാടം കഥകള്‍ - ജോസ് ലറ്റ് ജോസഫ്

പ്രസാധകര്‍: ഡി സി -കറന്റു ബുക്ക്സ്, കോട്ടയം, 
പേജുകൾ: 96 
വില: 80 രൂപ .


Related Posts Plugin for WordPress, Blogger...