കാലത്തിനൊപ്പം നടക്കുന്ന കഥകള്‍
മാറുന്ന കാലത്തിനൊപ്പം നടക്കുകയും കാലപ്പഴക്കമേല്‍ക്കാതിരിക്കുകയും ചെയ്യുന്ന രചനകളാണ് മികച്ച സാഹിത്യ സൃഷ്ടികളാകുന്നത്. പുതിയ കാലത്തിനപ്പുറത്തേക്കു കടക്കുന്ന വ്യത്യസ്തമായ 15 കഥകളുടെ സമാഹാരമാണ് ജോസ്‌ലെറ്റ് ജോസഫിന്റെ 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ'. ഒരു ബാലസാഹിത്യ കൃതി എന്നതിനപ്പുറം എല്ലാ പ്രായക്കാരെയും ഒരുപോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ഇതിലെ കഥകള്‍.
കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ സ്വാധീനം ചെലുത്തുവാനും ഉള്ളിലുള്ള കഴിവുകള്‍ക്ക് മിഴിവേകുവാനും നല്ല പുസ്തകങ്ങള്‍ക്ക് സാധിക്കും. ലോകത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കുവാനും നാടിന്റെ പാരമ്പര്യവും സംസ്‌കൃതിയും തിരിച്ചറിയുവാനും പ്രകൃതിയെയും മനുഷ്യനെയും ജീവജാലങ്ങളെയും സ്‌നേഹിക്കുവാനും പ്രചോദനം നല്‍കുന്നവയാണ് ഈ പുസ്തകത്തിലെ കഥകള്‍. ഇന്നിന്റെ കുട്ടികളെ, പ്രത്യേകിച്ച് വായനയില്‍നിന്ന് അകന്നുപോകുന്ന കൗമാരപ്രായക്കാര്‍ക്ക് ചുമതലാബോധവും തൊഴിലിന്റെ മഹത്വവുമൊക്കെ പകര്‍ന്നു നല്‍കുവാനും ദിശാബോധം നല്‍കാനും ഈ കൃതിക്ക് കഴിയുന്നുണ്ട്.
കാലഘട്ടത്തിന് അനുസൃതമായി കുട്ടികളുടെ കാഴ്ചപ്പാടിലും കാര്യമായ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്നത്തെ കുട്ടിയുടെ ബൗദ്ധിക നിലവാരം 10 കൊല്ലം മുമ്പത്തെ അതേ പ്രായക്കാരനേക്കാള്‍ എത്രയോ മുകളിലാണ്. പുതിയ കാലത്തെ കഥകള്‍ ആ ബുദ്ധിയെ ബഹുമാനിച്ചുകൊണ്ടുള്ളവയാകണം. ദൃശ്യ മാധ്യമ രംഗത്തെ വളര്‍ച്ചയും സാങ്കേതികതയുടെ കുതിച്ചുചാട്ടവുമൊക്കെയായി കുട്ടികളുടേ അഭിരുചികള്‍ക്കുപോലും വളരെയേറെ മാറ്റം വന്നിരിക്കുന്നു. 'ഒരിടത്തൊരിടത്ത്' എന്നു തുടങ്ങുന്ന പഴഞ്ചന്‍ മുത്തശ്ശിക്കഥകള്‍ പുതുതലമുറയെ ആകര്‍ഷിക്കുന്നില്ല. അവരുടെ ചിന്തകളും ഭാവനകളും കാഴ്ചപ്പാടുകളുമൊക്കെ റിയാലിറ്റിഷോകളുടെ പുതിയ കാലത്തു തങ്ങിനില്‍ക്കുന്നു.
കഥകള്‍ വായിക്കുമ്പോള്‍ കുട്ടികള്‍ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ച് തങ്ങളുടെ ഭാവനാലോകത്ത് യഥേഷ്ടം വിഹരിക്കുന്നു. കുട്ടിക്കഥകളിലായാലും ആവശ്യത്തിലധികം ഉപദേശങ്ങള്‍ നിറക്കുന്നത് മടുപ്പുളവാക്കും. കുഞ്ഞുങ്ങളുടെ മരുന്നുപോലും മധുരകരമാവണമെന്നാണല്ലോ. ആതിരിച്ചറിവില്‍ പാകപ്പെടുത്തിയവയാണ് ഈ കഥകള്‍. ഏത് അപകടഘട്ടത്തിലും മനസ്സാന്നിധ്യം കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'ബോയ് ആന്റ് ദ ബലൂണ്‍', 'സ്വര്‍ണമത്സ്യം' സഹജീവിസ്‌നേഹവും ദയയും കാരുണ്യവും അവസരസമത്വത്തിന്റെ പ്രാധാന്യവും വിവരിക്കുന്ന 'ന്യൂസ് പേപ്പര്‍ ബോയ്', 'കടല്‍ക്കരയിലെ പെണ്‍കുട്ടി', 'ബര്‍ത്ത്‌ഡേ പാര്‍ട്ടി' തുടങ്ങിയ കഥകളും മികച്ച ഉദാഹരണങ്ങളാണ്.
ഭൂമിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും വസിക്കുവാനുള്ള അവകാശമുണ്ടെന്നും ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം അവരവരില്‍ നിക്ഷിപ്തമാണെന്നും 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ', 'സര്‍പ്പസൂത്രം', 'അത്ഭുതക്കാഴ്ചകള്‍ക്കപ്പുറം' എന്നീ കഥകളിലൂടെ വ്യക്തമാക്കുന്നു.
ബാലസാഹിത്യം എന്ന ലേബലിന് അപ്പുറം നില്‍ക്കുന്ന, വ്യത്യസ്ത മാനങ്ങളുള്ള 'അത്ഭുതക്കാഴ്ചകള്‍ക്കപ്പുറം' എന്ന ചെറുകഥയില്‍ എഴുത്തുകാരന്‍ കുറിക്കുന്നു; 'നമ്മള്‍ ജീവിക്കുന്ന സ്ഥലം തന്നെയാണ് ലോകത്തിലെ ഏറ്റവും മനോഹരം. ഏത് പാഴ്ഭൂമിയേയും സ്വര്‍ഗമാക്കി മാറ്റുന്നത് അവിടെ വസിക്കുന്നവരാണ്'.
അച്ഛനമ്മമാര്‍ക്കിടയിലെ കൊച്ചുകൊച്ചു പിണക്കങ്ങള്‍ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് 'സര്‍പ്പസൂത്രം' എന്ന കഥ കാട്ടിത്തരുന്നു. 'കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കെന്തിനാ വലിയവര്‍ ദേഷ്യപ്പെടുന്നത്' എന്ന കൊച്ചു ചോദ്യം വലിയവരെയും ചിന്തിപ്പിക്കും.
'വീ ഹെല്‍പ്', 'കുയില്‍', 'പ്രകാശം പരത്തുന്ന പ്രതിമകള്‍', 'കുട്ടികളുടെ റിപ്പബ്ലിക്' എന്നീ കഥകള്‍ കര്‍ത്തവ്യ ബോധവും അധ്വാനത്തിന്റെ മഹത്വവും ഓര്‍മപ്പെടുത്തുന്നു.
പിതാക്കന്മാരുടെ മദ്യപാനം എത്ര ആഴത്തില്‍ പിഞ്ചു ഹൃദയങ്ങളെ മുറിവേല്‍പ്പിക്കുമെന്ന് 'ന്യൂസ് പേപ്പര്‍ ബോയ്' എന്ന കഥയില്‍ ഹൃദയസ്പര്‍ശിയായി വിവരിച്ചിരിക്കുന്നു. 'ചുറ്റുമുള്ളതിനെ കാണാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് കണ്ണുകള്‍ എന്തിനാണ്? സകലതിനേയും അവഗണിച്ചും പരിഹസിച്ചും നാം പായുന്നത് എങ്ങോട്ടാണ്?. കഥയിലെ ചില ചോദ്യങ്ങള്‍ എല്ലാവരുടേയും കണ്ണുതുറപ്പിക്കും. 'അപ്പുവിന്റെ നഗരക്കാഴ്ച്ചകള്‍' അത്തരം ഒരു ഉള്‍ക്കാഴ്ചയില്‍ നിന്നുണ്ടായ കരുണയുടെ ഉറവയാണ്.
മലയാള ബാലസാഹിത്യലോകത്തിന്റെ മുത്തശ്ശി സുമംഗലയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' കുട്ടികളുടെ ബുദ്ധിയെ തൃപ്തിപ്പെടുത്തുകയും ഭാവനയെ ഉയരങ്ങളില്‍ എത്തിക്കുകയും പ്രായമേറിയവര്‍ക്ക് അവരുടെ മധുര ശൈശവത്തിലേക്കൊരു തിരിച്ചുപോക്കും സമ്മാനിക്കുമെന്നതും തീര്‍ച്ചയാണ്.
ഒരു ചെറിയ – 'വലിയ' പുസ്തകം തീര്‍ക്കുന്ന സാങ്കല്‍പ്പിക ലോകവും അത് സൃഷ്ട്ടിക്കുന്ന കരുത്തും മാസ്മരികതയും.
(മലയാളം ന്യൂസ് - സൗദി) |
മേല്‍പ്പറഞ്ഞതൊക്കെ സാധ്യമായായാല്‍ ഒരു ബാലസാഹിത്യ കൃതി ഏറെക്കുറെ അതിന്റെ ലക്‌ഷ്യം കണ്ടു എന്ന് അനുമാനിക്കാം. ഇത്തരത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിച്ച ഒരു ബാലസാഹിത്യ കൃതിയാണ് ജോസ്ലെറ്റ് ജോസെഫിന്റെ ‘സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ’ എന്ന പുസ്തകം. അതുകൊണ്ടു തന്നെയാകാം ഈ പുസ്തകം ഓണ്‍ലൈന്‍ ഇടങ്ങളിലും ഓഫ്‌ലൈന്‍ കൂട്ടായ്മകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
സാധാരണ കുട്ടിക്കഥകളില്‍ കണ്ടുവരുന്ന ഒരിക്കല്‍, ഒരിടത്ത് എന്നീ പഴഞ്ചന്‍ മുത്തശ്ശികഥാ കഥന ശൈലി ഉപേക്ഷിച്ച് തന്റെതായ രീതിയില്‍ കുട്ടികളെയും മുതിര്‍ന്നവരേയും കഥയ്ക്കൊപ്പം കൂട്ടാനുള്ള പ്രതിഭ ഈ എഴുത്തുകാരനുണ്ട് എന്ന് ‘സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ’ തെളിയിക്കുന്നു. അതിന്റെ മികവുറ്റ ഉദാഹരണങ്ങളാണ് ന്യൂസ്‌പേപ്പര്‍ ബോയ്, ബോയ് ആന്‍ഡ് ബലൂണ്‍ തുടങ്ങിയ കഥകള്‍.
അമ്മയ്ക്കൊപ്പം വഴിയെ നടന്നു പോകുന്ന കുട്ടി വഴിയരികില്‍ വീണുകിടക്കുന്ന ഒരാളെ കണ്ട് ” അമ്മേ…. ദേ ഒരാള്‍ കിടക്കുന്നു” എന്ന് പറഞ്ഞാല്‍ ഉത്തരമായി “മോന്‍ അങ്ങോട്ട് നോക്കണ്ട…. അത് വല്ലവരും കള്ള കുടിച്ചു കിടക്കയാവും” എന്ന് പറയുന്ന നമ്മിലെ മാതാപിതാക്കളുടെ കണ്ണുകള്‍ സ്വന്തം കുഞ്ഞിന്റെ കണ്കള്‍ക്കൊപ്പം നന്മയുടെ മറ്റൊരു ലോകത്തേക്ക് തുറപ്പിക്കാന്‍ കഴിയും വിധം ബലമുള്ള സന്ദേശം ന്യൂസ് പേപ്പര്‍ ബോയ് എന്ന കഥ നല്‍കുന്നുണ്ട്.
ആകാംക്ഷാഭരിതമായൊരു ബലൂണ്‍ യാത്ര കഥാനായകനായ ബാലന് തുറന്നു കൊടുക്കുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്കപ്പുറം പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന തിരിച്ചറിവിനും ഒരു വലിയ തിന്മയുടെ ഉന്മൂലനത്തിനും അവന്‍ നിമിത്തമാകുന്നത് ‘ബോയ് ആന്‍ഡ് ദി ബലൂണ്‍’ എന്ന കഥയില്‍ ഉജ്വലമായി വിവരിച്ചിട്ടുണ്ട്.
‘സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ’ എന്ന കഥയില്‍ പുതിയ ലോകം പ്രകൃതിയേയും ജീവജാലങ്ങളെയും എങ്ങനെ കബളിപ്പിച്ചു ചൂക്ഷണ വിധേയമാക്കുന്നു എന്ന വലിയ പാഠം ഏറ്റവും ലളിതമായി ആലേഖനം ചെയ്യുന്നതില്‍ വിജയിച്ചിരിക്കുന്നു.
കഥകളെ തരം തിരിച്ചു പ്രതിപാദിക്കാന്‍ ഏറെയുണ്ടെങ്കിലും നീണ്ട ഒരു പുസ്തകനിരൂപണത്തിന് മുതിരുന്നില്ല. എങ്കിലും ഒന്നു തറപ്പിച്ചു പറയുന്നു, വ്യത്യസ്തമായ അനുഭവപാഠങ്ങളും നന്മയുടെ സന്ദേശങ്ങളുംകൊണ്ട് സമ്പന്നമായ പതിനഞ്ചു കഥകളുടെ ഈ സമാഹാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വായിച്ചു ആസ്വദിക്കാനാവും. ആകര്‍ഷകമായ കവറും കുട്ടികളെ കഥയിലേക്ക് പിടിച്ചടുപ്പിക്കു വിധം ഭംഗിയുള്ള ചിത്രങ്ങളും പുസ്തകത്തിന്റെ പകിട്ടാണ്. മലയാള ബാലസാഹിത്യരംഗത്തിന് ഒരു പിടി മികച്ച രചനകള്‍ സമ്മാനിച്ച കഥമുത്തശ്ശി സുമംഗലയാണ് അവതാരിക എഴുതിയിരിക്കുന്നത്. സി.എസ്.എസ് ബുക്ക്സ് തിരുവല്ല യാണ് പ്രസാധകര്‍.
ലാസ്റ്റ് ബട്ട് നോട്ട് ലീസ്റ്റ്:
നന്മയുടെ ലോകത്ത് സ്നേഹത്തെയും സാഹോദര്യത്തെയും കൂട്ടുപിടിച്ചു ജീവിക്കേണ്ട നമ്മുടെ കുഞ്ഞുങ്ങള്‍ മതം, രാഷ്ട്രീയം, ലൈംഗീക അരാജകത്വം തുടങ്ങി വിഷലിപ്തമായ വാര്‍ത്തകളിലേക്കും നിയന്ത്രണംവിട്ട നവമാധ്യമ ഇടങ്ങളിലെക്കും വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികള്‍ പരിസരങ്ങളെ പഠിച്ചെടുക്കുന്നു, കൌതുകകരമായ എന്തിലെക്കും ആകര്‍ഷിക്കപ്പെടുന്നു. അവിടെയാണ് ബുദ്ധി വികാസത്തിനനുസൃതമായി സ്നേഹവും സഹോദര്യവും സമൂഹനന്മയുമൊക്കെ അവരിലേക്ക് എത്തിക്കുന്ന പുസ്തകങ്ങളുടെ പ്രസക്തി. അത്തരം സ്നേഹസന്ദേശങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാനാകാതെ പോയാല്‍ നാളെ നമ്മള്‍ ദുഖിക്കേണ്ടി വരും. ആരുടെ മുന്നിലേക്കും കൂസലില്ലാതെ അവര്‍ തൊടുക്കുന്ന ചോദ്യശരങ്ങളില്‍ നാം വെന്തുപിടയാന്‍ ഇടവന്നേക്കാം. സഹാനുഭൂതിയോടെയും ഉള്‍ക്കാഴ്ചയോടെയും ലോകത്തെ കാണാന്‍ നന്മകളുടെ ലോകത്തേക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൈ പിടിച്ചു നടത്താന്‍ ഇത്തരം നിരവധി പുസ്തകങ്ങള്‍ ഇനിയും എഴുതപ്പെടെണ്ടതുണ്ട്.