11.11.18

ആക്സിഡൻറ്


റോഡ്‌ അരികിലെ മഞ്ഞവരയ്ക്ക് അപ്പുറത്തേക്ക് കാറ് ഒതുക്കിനിര്‍ത്തി ടാക്സി ഡ്രൈവര്‍ ജാസിം ഹനീഫ് പുറത്തിറങ്ങി. ന്റെ യൂണിഫോം പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും സിഗരറ്റി ഒന്നെടുത്ത് തീപിടിപ്പിച്ചു.

മുടിയാനായി ഒരു ദിവസം കൂടി. കണികണ്ടത് ആരെയാണോ?അയാ പിരാകി. സത്യത്തി ആക്സിഡന്‍റ്റ് സംഭവിച്ചത് ജാസിമിന്റെ കുറ്റംകൊണ്ടായിരുന്നില്ല. മുപിലെ കാര്‍ ഇന്‍ഡിക്കേഷന്‍ കൊടുക്കാതെ ലൈന്‍ മാറിയതാണ് പറ്റിപ്പോയത്. പറഞ്ഞിട്ടു കാര്യമില്ല പിന്നില്‍ നിന്ന് ഇടിക്കുന്നവനാണ് പഴിയും പിഴയും. നഷ്ടം പരിഹരിക്കാ ഈ മാസവും അയാക്ക് അധിക ഡ്യൂട്ടിയെടുക്കേണ്ടി വരും.

മറ്റേ വണ്ടിക്കാരന്‍ ഇറങ്ങി വന്നു. അയാളുടെ കാറിനു കാര്യമായ കേടുപാടു പറ്റിയിട്ടില്ല. ജാസിമിന്റെ വണ്ടിയുടെ മുഭാഗത്ത് നേരിയ ചളുക്കമുണ്ട്. പോലീസ് റിപ്പോര്‍ട്ട് കിട്ടാതെ പോകാനൊക്കില്ല.

പൊടുന്നനെ ജാസിമിന്റെ ആലോചനകളെ അപ്പാടെ തകിടം മറിച്ചുകൊണ്ട് ടാക്സിയിലെ യാത്രികനായ വെള്ളക്കാരന്‍ ചാടിയിറങ്ങി. ദേഷ്യംകൊണ്ട്‌ വിറച്ച അയാള്‍ ജാസിമിനു നേരെ ശകാരം തുടങ്ങി. ഇതൊരു നിത്യസംഭവമെന്ന മട്ടില്‍ ഒട്ടും ഗൗനിക്കാതെ ജാസിം അടുത്ത സിഗരറ്റിനു തിരികൊളുത്തി.

അയാ ആലോചിച്ചു. ഭൂരിഭാഗം യാത്രക്കാരും ഇങ്ങനെ തന്നെയാണ്. അവര്‍ക്ക് ഉദ്ദേശിച്ച സ്ഥലത്ത് വേഗം എത്തണം. അപ്രതീക്ഷിതമായ ട്രാഫിക്, പെട്ടന്നുള്ള ബ്രേക്കിംഗ്, ചെറിയ ഉരസലുക എല്ലാം അവരെ അലോസരപ്പെടുത്തും. ഈ വെള്ളക്കാരനെപ്പോലെ വാട്ട് ദ ഫക്ക് യു ഡൂയിംഗ് എന്ന് പച്ചക്ക് ചോദിക്കുന്നവരോ ഉള്ളില്‍ പറയുന്നവരോ ആണ് അധികവും. ഒരു ട്രാക്സി ഡ്രൈവറുടെ ബദ്ധപ്പാടിനെക്കുറിച്ച് ഇവര്‍ക്കെന്തറിയാം. വിരസമായ ജോലി, ടാര്‍ജെറ്റ്‌ ഒപ്പിക്കാനുള്ള പാച്ചില്‍, ട്രാഫിക് ഫൈന്‍. പോരാത്തതിന് കസ്റ്റമറോട് പെരുമാറുന്നതെങ്ങനെ എന്ന് നിരീക്ഷിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്ഥാപിച്ചിരിക്കുന്ന ക്യാമറ കാറിനുള്ളിലും. അതിനിടക്കാണ് ഇത്തരം മാരണങ്ങള്‍. 

ഒട്ടും കൂസലില്ലാതെ പുക വലിച്ചുവിട്ടുകൊണ്ടു നില്‍ക്കുന്ന ജാസിമിനെ കണ്ടപ്പോള്‍ വെള്ളക്കാരന്റെ ദേഷ്യം ഇരട്ടിച്ചു. അയാള്‍ അവന്റെ ടയ്യും കോളറും കൂട്ടിപ്പിടിച്ച് ഉച്ചത്തില്‍ അലറി.

വേര്‍ ഈസ്‌ മൈ സണ്‍?

ഇയാ എന്താണീ പറയുന്നത്? ജാസിം അന്തംവിട്ടു.

ആറുവരിപ്പാതയിലൂടെ വായുവിനെ കീറിമുറിച്ചുപോകുന്ന വാഹനങ്ങളുടെ ഇരമ്പലിനേക്കാള്‍ ഉച്ചത്തിലായി വെള്ളക്കാരന്റെ ശബ്ദം. തന്റെ മകന്‍ എവിടെ എന്ന് ചോദിച്ചുകൊണ്ട് അയാള്‍ അലമുറയിടാ തുടങ്ങി. ബഹളം കനത്തപ്പോള്‍ അതുവരെ ഫോണ്‍ സംഭാഷണത്തിലായിരുന്ന മറ്റേ വണ്ടിയുടെ ഡ്രൈവര്‍ കാര്യം തിരക്കി. വക്കാലത്ത് കേള്‍ക്കാന്‍ ആളെ കിട്ടിയ ആവേശത്തില്‍ വെള്ളക്കാരന്‍ ചാടിക്കയറി പറഞ്ഞു.

എന്റെ മകനെ കാണാനില്ല. ആക്സിഡന്റിനു തൊട്ടു മുന്‍പ് വരെ അവന്‍ പിന്‍സീറ്റിലുണ്ടായിരുന്നു. റിയര്‍ മിററിലൂടെ അവന്റെ ചേഷ്ടക ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ജാസിം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. എന്ത്‌ തോന്നിവാസമാണ് ഇയാള്‍ പറയുന്നത്. വണ്ടര്‍ലാ മെട്രോ സ്റ്റേഷന്റെ മുന്‍പില്‍ നിന്ന് തന്റെ ടാക്സിക്ക് കൈകാണിക്കുമ്പോള്‍ ഇയാളുടെ കൂടെ മറ്റാരും ഉണ്ടായിരുന്നില്ല.

ആക്സിഡറ് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ പോലീസെത്തി. എമറാത്തി പോലീസുകാരന്‍ ഇറങ്ങിവന്ന്‍ ഹസ്തദാനം നല്‍കി. രണ്ടു വണ്ടിക്കാരുടെയും ലൈസസും മുഖിയയും (വാഹന രജിസ്ട്രേഷ കാഡ്) വാങ്ങി കാറിനുള്ളി ഇരുന്ന് അയാ എഴുത്തുകുത്തുക തയ്യാറാക്കുകയായി.  

അക്ഷമനായ വെള്ളക്കാര പോലീസ് വാഹനത്തിന്റെ വിഡോ ഗ്ലാസ്സി മുട്ടിവിളിച്ചുകൊണ്ടിരുന്നു.

'സബ..സബ.(ക്ഷമിക്കൂ). ഇപ്പോ കഴിയും.

ശ്രദ്ധപതറുന്നതില്‍ പോലീസുകാരന് അരിശം വന്നു. പക്ഷേ വെള്ളക്കാര അടങ്ങാ കൂട്ടാക്കാതെ വീണ്ടും ശല്യപ്പെടുത്തി.

ഞാനിതൊന്നു ശരിയാക്കിക്കോട്ടെ. ഒന്ന് മിണ്ടാതിരി.

പോലീസുകാരന്‍ പറഞ്ഞു. വേഗം റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊടുത്ത ശേഷം അയാള്‍ക്ക് അടുത്ത സ്ഥലത്ത് എത്തേണ്ടതുണ്ട്. ഒടുവില്‍  സഹികെട്ട് അയാള്‍ ഗ്ലാസ് താഴ്ത്തിഇതുതന്നെ അവസരമെന്നു കരുതി  വെള്ളക്കാരന്‍ കത്തിക്കയറി.

സര്‍, ഈ നശിച്ചവന്‍ അപകടം ഉണ്ടാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇയാള്‍ക്ക് കണ്ണുകണ്ടുകൂടാ ചെവിയും കേട്ടുകൂട. പിന്‍വശത്തെ ഡോര്‍ തുറന്ന് ഞാന്‍ മകനെ കയറ്റിയത് ഇയാള്‍ കണ്ടില്ല. സീറ്റ് ബെല്‍റ്റ്‌ ധരിച്ച് അടങ്ങിയിരിക്കൂ എന്ന് അവനോടു പറഞ്ഞതും കേട്ടില്ലത്രേ.

ആക്സിഡന്റ്റ് ഉണ്ടാക്കിയവര്‍ അന്യോന്യം പഴിചാരിയുള്ള പതിവ് കശപിശയാണ് നടക്കുന്നതെന്നാണ് പോലീസുകാര ധരിച്ചത്

സര്‍ ഞാന്‍ പറയുന്നതു വിശ്വസിക്കൂ. എന്റെ മകനെ കാണാനില്ല. ആക്സിഡന്റിനു തൊട്ടു മുന്‍പുവരെ അവന്‍ കാറിലുണ്ടായിരുന്നു.

വെള്ളക്കാരന്‍ ഒരു സ്വൈര്യവും കൊടുക്കാതെ പറഞ്ഞുകൊണ്ടിരുന്നു.

എന്ത്?

ഇത്തവണ പോലീസുകാരനും അമ്പരന്നു. നിത്യേന കാണുന്ന ആക്സിഡന്റ് കേസുകള്‍ അയാളില്‍ യാതൊരു ചലനവും ഉണ്ടാക്കാറില്ല. അയാള്‍ക്ക് ട്രാഫിക്ക് കേസുകള്‍ മാത്രമേ നോക്കേണ്ടതുള്ളു എങ്കിലും ദുരൂഹമായ ഒന്നിനു വേണ്ടി കാത്തിരുന്നതുപോലെ ഉള്ളില്‍ ത്വരയുണര്‍ന്നു. പോലീസുകാരന്‍ ആകാംക്ഷയോടെ വസ്തുതകള്‍ ചോദിച്ചറിഞ്ഞു.

വെള്ളക്കാരന്‍ പറഞ്ഞതു തന്നെ വീണ്ടും ആവര്‍ത്തിച്ചു. അയാളുടേത് തികഞ്ഞ അസംബന്ധമാണെന്ന് ജാസിം വാദിച്ചു. കേട്ടിടത്തോളം സംഗതി അത്ര പന്തിയല്ലെന്നും, തന്റെ പിടിയില്‍ നില്‍ക്കുന്ന കാര്യമല്ലെന്നും മനസ്സിലാക്കി ഇരുവരോടും സ്റ്റേഷനിലെക്ക് വരാന്‍ പോലീസുകാരന്‍ കല്പിച്ചു.

കഴിഞ്ഞ മണിക്കൂറില്‍ സംഭവിച്ചതൊക്കെ ജാസിം ഓത്തെടുത്തു. ഒരു തമാശ ആസ്വദിക്കുന്ന മട്ടിലായിരുന്നു തൊട്ടുമുന്‍പുവരെ കാര്യങ്ങളെ കണ്ടത്. സത്യത്തില്‍ തനിക്കെന്തെങ്കിലും പിശക് പറ്റിയോ? അതോ പലവിചാരങ്ങളില്‍ മുഴുകിപ്പോള്‍ അയാള്‍ മകനെ കയറ്റിയത് ശ്രദ്ധിക്കായ്കയാണോ? ഛെ! എന്ത് വിവരക്കേടാണ്  ചിന്തിച്ചു കൂട്ടുന്നത്. മകന്‍ കയറിയെങ്കില്‍തന്നെ ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നു പുറത്തു പോകാനും മാത്രം ശക്തമായിരുന്നില്ല ആക്സിഡന്റ്. പിന്നെ..?

ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് അയാള്‍ക്ക് ഭീതി തോന്നിത്തുടങ്ങിയിരുന്നു.

പോലീസ് ഹെഡ്കോട്ടേഴ്‌സിലെ മുദീറിന്റെ ക്യാബിനില്‍ പതിവില്ലാത്ത തിരക്ക് അനുഭവപ്പെട്ടു. ഡൗക്കയും ഗാവയും(കാപ്പി) ആസ്വദിച്ച് ഉദ്യോഗസ്ഥ തങ്ങളുടെതായ നിഗമനങ്ങ പങ്കുവെയ്ക്കുകയായിരുന്നു. രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോകൂ എന്ന മട്ടാണ് ഏല്ലാവക്കും.

ഹസ്സല്‍നാ യാ സയീദ്‌.' (കിട്ടി സാ)  

ടാക്സിക്കുള്ളിലെ ക്യാമറാ ദൃശ്യങ്ങളും ശബ്ദശകലവും ലഭ്യമായിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥ വിളിച്ചുപറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഐ.ടി സെല്ലില്‍നിന്നുള്ള ഇമെയില്‍ കാത്തിരിക്കുകയായിരുന്നു അവരെല്ലാവരും. ആരുടെ വാദമാണ് ശരി എന്നറിയാന്‍ ഇനി നിമിഷങ്ങള്‍ മതി. എല്ലാവരും കംപ്യൂട്ട മോണിറ്ററിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കി.

വീഡിയോ ദൃശ്യത്തില്‍ വെള്ളക്കാരന്‍ ടാക്സിയുടെ പിന്‍വാതില്‍  തുറക്കുന്നതും എന്തോ പിറുപിറുക്കുന്നതും കാണാം. തുടര്‍ന്ന് മുന്‍സീറ്റില്‍ ഇരിപ്പുറപ്പിച്ച് അറേബ്യന്‍ റസിഡന്‍സിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു. അയാളല്ലാതെ മറ്റാരും ടാക്സിയില്‍ കയറിയിട്ടില്ലന്ന്  വ്യക്തമാണ്.

സര്‍, നോക്കൂ.. ഇയാള്‍ ക്രിമിനല്‍ ബാഗ്രൌണ്ട് ഉള്ളയാളാണ്. മുന്‍പ് ജയില്‍ ശിക്ഷയും അനുഭവിച്ചതായി റിക്കാര്‍ഡ്സ് ഉണ്ട്. വെള്ളക്കാരന്റെ ഐഡി കാര്‍ഡ് സ്കാന്‍ ചെയ്ത ശേഷം ഉദ്ദ്യോഗസ്ഥന്‍  മുദീറിനെ വിവരം അറിയിച്ചു.  

പട്ടാപ്പകല്‍ പച്ചക്കള്ളവുമായി തങ്ങളെ വിഡ്ഢികളാക്കിയ അയാളെ എടുത്തു പെരുമാറാനുള്ള ദേഷ്യം ഉദ്യോഗസ്ഥരില്‍ പലര്‍ക്കുമുണ്ടായി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവായി കിട്ടിയതില്‍ ജാസിം സമാധാനിച്ചു.

ഒട്ടുമിക്ക പോലീസുകാരും സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവരാണ്. തൊലിവെളുപ്പും പാസ്സ്പോര്‍ട്ടും ഭാഷയും എപ്പോഴും വെള്ളക്കാരന്റെ തുണയ്ക്കുണ്ടാവും. തന്നെ നിരന്തരം നിരീക്ഷിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാറിനുള്ളിലെ ക്യാമറയോട് ആദ്യമായ് ജാസിമിന് മതിപ്പ് തോന്നി. അതില്ലായിരുന്നെങ്കില്‍ കുറ്റം തെളിയും വരെ അകത്തായേനെ.

എന്താ ഇവിടെ ഒരു ആള്‍ക്കൂട്ടം?

കുശലം ചോദിച്ചെത്തിയ ചീഫിനെ കണ്ട് ഉദ്യോഗസ്ഥ എഴുന്നേറ്റ് ആദരം പ്രകടിപ്പിച്ചു. മുദീര്‍ സംഭവങ്ങ വിവരിച്ചു.ക്രൌര്യമെല്ലാം കെട്ടടങ്ങിയ വെള്ളക്കാരന്‍ നിലത്തേക്ക് ദൃഷ്ടിയൂന്നി ഇരിക്കുകയായിരുന്നു. അപ്പോഴാണ് ചീഫ് അയാളെ ശ്രദ്ധിച്ചത്.  

യു..ഡേവിഡ്?

അയാളുടെ തളര്‍ന്ന കണ്ണുകള്‍ പരിചിതമായ ശബ്ദം കേട്ട ദിക്കിലേക്ക് തിരിഞ്ഞു. അതെ ഞാന്‍ തന്നെ എന്ന അര്‍ത്ഥത്തില്‍ വെള്ളക്കാരന്‍ ചീഫിനെ നോക്കി. പിന്നെ ഒന്നും മിണ്ടാതെ ഇരിപ്പിടത്തിനു വലതുവശത്തെ ചില്ല് ജാലകത്തിലൂടെ വിദൂരതയിലേക്ക് ദൃഷ്ടിയൂന്നി. നിറഞ്ഞൊഴുകുന്ന നിരത്തുകള്‍ക്ക് മുകളിലൂടെ, മേഘചുംബികളായ ചത്വരങ്ങള്‍ക്കിടയിലൂടെ, തുളഞ്ഞു പോകുന്നൊരു നോട്ടം പായിച്ചു;കാലത്തിനു പിന്നിലേക്ക്..

അപ്പോ സെഞ്ച്വറി മാളിന്റെ  മൂന്നാംനിലയിലെ കാര്‍പാര്‍ക്കിങ്ങില്‍ വണ്ടി ഇട്ട് തിടുക്കത്തില്‍  ഓടുകയായിരുന്നു അയാള്‍. അല്പം വൈകിപ്പോയി. ക്ലൈന്റ് മീറ്റിംഗ് ഇവിടുത്തെ കോഫി ഷോപ്പിലാകാമെന്ന് നിര്‍ദ്ദേശിച്ചത് താനായിരുന്നു.

മീറ്റിംഗ് വിജയകരമായിരുന്നു. തന്റെ ക്വെട്ടെഷന്‍ ക്ലൈന്റിനു സ്വീകാര്യമാണ്. ആളുകള്‍ ഒഴുകി നടക്കുന്ന ഈ ഷോപ്പിംഗ്‌ മാളുകളില്‍ എപ്പോഴും ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്. അടച്ചിട്ട കോറന്‍സ്‌ മുറികളെക്കാള്‍ ബിസ്സിനസ്സ് ഡീലിനു നല്ലത് ഇവിടമാണെന്ന്‍ താന്‍ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. മിടുക്കനായ സെയില്‍സ്മാനെപ്പോലെ നിരന്തരം ഓഫറുകള്‍ നീട്ടി ഈ വാണിജ്യ സമുച്ചയങ്ങ നമ്മെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും.

തിരികെ മടങ്ങുമ്പോ അത്തരം ഒരു പ്രലോഭനത്തിന് വശംവദനായി മാളിനുള്ളിലെ ഗാര്‍മെന്റ് ഷോപ്പില്‍ തങ്ങി. ഇഷ്ട ബ്രാഡ് സ്യൂട്ടിനു മേലുള്ള ഡിസ്‌കൗണ്ടി കണ്ണുടക്കി നില്‍ക്കുമ്പോഴാണ് എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടത്. ഒരു കൊച്ചു പെണ്‍കുട്ടി. അവളുടെ കൈതട്ടി റാക്കിലെ ഷൂസുകളി ഒന്നു വീണതാണ്. പെട്ടന്നാണ് അയാള്‍ ഓര്‍ത്തത്. ഓ..മൈ ഗോഡ്!

പിന്നെ ആളുകളെ വകവെക്കാതെ, എസ്കലേറ്ററിന്റെ പടികള്‍ ചാടിക്കടന്ന് പാര്‍ക്കിങ്ങിലൂടെ ഓടി. കിതച്ച്, കാറിനടുത്തേക്ക്.
എന്റെ പോന്നുമോനെ, നിന്നെ ഞാന്‍ മറന്നു പോയല്ലോ! ഓട്ടത്തിനിടയിലും അയാ നിലവിളിക്കുന്നുണ്ടായിരുന്നു. 

എഡ്വിനയുടെ കോള്‍ വന്നത് അയാള്‍ മീറ്റിങ്ങിനു തിരിക്കുമ്പോഴായിരുന്നു. മകനെ സ്കൂളില്‍ നിന്ന്‍ പിക്ക് ചെയ്യണം. അവള്‍ക്ക് ഒഴിവാനാകാത്ത ഒരു അപ്പോയിന്റ്മെന്റ് ഉണ്ടത്രേ.

കാറിന്റെ ലോക്ക് തുറന്ന് സകല പ്രതീക്ഷകളോടും കൂടെ പിന്‍സീറ്റില്‍ കിടന്നിരുന്ന മകനെ അയാള്‍ വാരിയെടുത്തു. എപ്പൊഴോ തളര്‍ന്നുറങ്ങിപ്പോയ നാല് വയസ്സുകാരന്‍ വായുകടക്കാത്ത വാഹനത്തിനുള്ളി വിയത്ത് ചലനമറ്റു കിടക്കുകയായിരുന്നു. അവന്റെ ശ്വാസം നിലച്ചിരുന്നു!

ആ കാലത്തില്‍ ചേര്‍ത്തു തറയ്ക്കപ്പെട്ടിരുന്നു ഡേവിഡ്. 

അപ്പോള്‍ പോലീസ് ഹെഡ്കോട്ടേഴ്സിലെ ഓഫീസിന്റെ ചില്ലുവാതില്‍ തുറന്ന് ഒരു സ്ത്രീ അങ്കലാപ്പോടെ അകത്തേക്ക് നോക്കി.

വരൂ എഡ്വിന, ഞാനാണു വിളിച്ചത്. ചീഫ് അവളെ അകത്തേക്ക്‌ ക്ഷണിച്ചു.

ഡേവിഡിന് അല്പം വിശ്രമം ആവശ്യമാണ്. അയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകൂ.

തല കുമ്പിട്ട്‌ താഴേക്ക് നോക്കിയിരിക്കുന്ന ഡേവിഡിനെ കണ്ടപ്പോള്‍ ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു. അവള്‍ അയാളെ ഒരു കുഞ്ഞിനെ എന്നവണ്ണം മാറോടണച്ചു. അനന്തതയി എവിടെയോ സ്വയം നഷ്ടപ്പെട്ടു നില്‍ക്കുകയായിരുന്നു ഡേവിഡ്.

അയാളെ തോളോടു ചേര്‍ത്തുപിടിച്ച് ഇടനാഴിയിലൂടെ എഡ്വിന നടന്നു പോകുന്നത് നോക്കിനില്‍ക്കെ ജാസിം ചോദിച്ചു.

സര്‍ പിന്നെന്തിനാണ് അയാള്‍ മകനെ കാണുന്നില്ലെന്നു പറഞ്ഞു ബഹളം കൂട്ടിയത്?

തെല്ലു മൌനത്തിനു ശേഷം ചീഫ് പറഞ്ഞു. ഒരു പക്ഷേ അയാള്‍ കാണുന്നുണ്ടായിക്കാം. അയാള്‍ മാത്രം!

ഒരുപേക്കിനാവുപോലെ തന്റെ ഈ ദിവസത്തിലേക്ക് കടന്നുവന്ന ഡേവിഡ് കെയ്ന്‍ എന്ന വെള്ളക്കാരന്‍ അകലെ വിഭ്രാന്തിയുടെ ചക്രവാളത്തിലേക്ക് വേച്ചു വേച്ചു നടന്നുപോകവേ എവിടെനിന്നോ ഓടിയെത്തിയ ഒരു നാലുവയസ്സുകാരന്‍ ആ വിരതുമ്പില്‍ കൈകോര്‍ത്ത് കൂടെ ചേരുന്നത് മങ്ങിയ ചിത്രത്തിലെന്നപോലെ ജാസിം കണ്ടു. മഞ്ഞയില്‍ വെള്ള പൂക്കളുള്ള കുപ്പായമാണ് അവന്‍ ധരിച്ചിരുന്നത്. കഴിഞ്ഞ അവധിക്ക് താന്‍ മകനു സമ്മാനിച്ച കുപ്പായത്തിനും അതേ നിറമായിരുന്നുവെന്ന്‌ അപ്പോള്‍ അയാള്‍ ഓര്‍ത്തു.   
     
v   
Written by Joselet Joseph
Email: joseletmampra1@gmail.com


31.12.17

ടൈപ്റൈറ്റർ

ഇവിടെ ദിവസങ്ങള്‍ക്കെന്ത് വേഗതയാണ്. ട്രെഡ് മിൽ ടെസ്റ്റ് പോലെ ഈ വേഗത്തിനൊപ്പമെത്താൻ കിതച്ചോടുകയാണ് ഞാൻ.  ഇടയ്ക്ക് നിന്നാൽ മറ്റാരെങ്കിലും നമ്മെ മറികടക്കുമോ എന്ന ഭയം ടെസ്റ്റിനെ വ്യത്യസ്തമാക്കുന്നു. ആരും വിളിച്ചുണർത്താതെ പുലർച്ചെ കിടക്കയിൽ നിന്ന് എണീക്കുമെങ്കിലും അലാറത്തിൻ്റെ സപ്പോർട്ട് വേണം ധൈര്യത്തിന്. ഇനിയെങ്ങാനും ഉണർന്നില്ലെങ്കിലോ? വേഗം വീക്ക് ഏന്‍ഡ്  എത്തുമല്ലോ എന്ന പ്രതീക്ഷയാണ് കടുത്ത ട്രാഫിക് ബ്ലോക്കിനോട് പടവെട്ടിയും യാത്ര ചെയ്യാനുള്ള ഇന്ധനം. ഈ ചിവിട്ടിത്തള്ളലിനിടെ പ്രായവും കാലവും തനിക്കു മുകളിലൂടെ നരച്ചമേഘം പോലെ പാഞ്ഞു പോകുന്നുത് അറിയുന്നേയില്ല. 
മുറി പൂട്ടിയിറങ്ങി. തലേന്ന് കാറ് പാര്‍ക്ക് ചെയ്തത് എവിടെ എന്ന് റഡാറില്‍ സൂം ചെയ്തു നോക്കി. ചില ദിവസങ്ങളില്‍ ഒരു പൊടിനേരത്തേക്ക് ലൊക്കേഷന്‍ തെളിഞ്ഞു കിട്ടില്ല. അപ്പോള്‍ ഊഹം വെച്ചങ്ങു നടക്കും. കാറ് ബില്‍ഡിങ്ങിന്റെ മുന്നിലോ പിന്നിലോ കച്ചാ പാര്‍ക്കിങ്ങിലോ കാണും. ഹോ, ഈ മെമ്മറി ഒരു സംഭവമാണല്ലേ.. ചിപ്പ് അടിച്ചുപോയാല്‍ കഴിഞ്ഞില്ലേ എല്ലാം!
ഊഹംപോലെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സിനപ്പുറത്തു കിടപ്പുണ്ടായിരുന്നു ഇഷ്ടന്‍. ഇഷ്ടം തോന്നാതിരിക്കുന്നതെങ്ങനെ? ഒരു ദിവസത്തിൻറെ ഭൂരിഭാഗവും ഒപ്പമുള്ള കൂട്ടുകാരൻ. പല്ലും പൂടയും പൊഴിഞ്ഞെങ്കിലും സാരമില്ല. പുലിയായിരുന്നു ഒരു കാലത്ത്. സ്മരണയുണ്ട്, വഴിയില്‍ കിടത്താത്തതിന്, എന്നെ വെറും സ്മരണയാക്കാത്തതിന്. എങ്കിലും സ്റ്റാര്‍ട്ടാകുമോ എന്ന ഭയം അല്പമില്ലാതില്ല.  ‘കുതിരപ്പടയാളിയെ..ഗീവര്‍ഗ്ഗീസേ...നീ തന്നെ ശരണം.’ ബാറ്ററി വീക്കാണെന്ന് മെക്കാനിക് ഗീവര്‍ഗ്ഗീസു പറഞ്ഞിട്ട് മാസം രണ്ടായി. മാറ്റാം.. സാലറി വന്നോട്ടെ.  
കാറില്‍ കയറും മുന്‍പേ ഞാനൊരു സഡന്‍ ബ്രേക്കിട്ടു. കച്ചറ വീപ്പയുടെ താഴെക്കിടക്കുന്ന വസ്തുവില്‍ അത്ഭുതത്തോടെ നോക്കി. ‘വാട്ട് എ പ്ലെസന്റ് സര്‍പ്രൈസ്! മനുഷ്യനല്ലാത്തതുകൊണ്ട് അഭിവാദനത്തിനു മറുപടി വന്നില്ല.  കാരണം അതൊരു ടൈപ്പ്റൈറ്ററായിരുന്നു! ഓര്‍മ്മച്ചിപ്പ് ഇരുപതു വര്‍ഷം പിന്നിലെ ഫയലുകളില്‍ ഒന്നിലേക്ക് മൈക്രോ സെക്കന്റുകള്‍ കൊണ്ട് സഞ്ചരിച്ച് മാത്യൂസേട്ടന്റെ മുഖം സൂം ചെയ്തു തന്നു.
ബാംഗ്ലൂര്‍ സിറ്റി. സിറ്റിയെന്നൊക്കെ ചുമ്മാതെ ജാഡക്ക് പറയുന്നതല്ലേ. ഇതേതൊ ഒരു ‘ഹള്ളി’, സിറ്റിയില്‍നിന്ന് അകന്ന ഗ്രാമം. ജോലി തേടി ആദ്യമെത്തിയത്‌ ഇവിടെയാണ്‌. വീടിനടുത്തുള്ള മോഹനേട്ടനാണ്‌ അവിടെയെത്തിച്ചതും താമസം തരപ്പെടുത്തിത്തന്നതും. മോഹനേട്ടനും മാത്യൂസേട്ടനും കൂട്ടുകാരാണ്. ടൈപ്പ്റൈറ്റര്‍ റിപ്പയറിങ്ങായിരുന്നു മാത്യൂസേട്ടന്റെ തൊഴില്‍.
അന്നേ കാലഹരണപ്പെട്ടുപോയ രണ്ടു വസ്തുക്കളായിരുന്നു ടൈപ്പ്റൈറ്ററും മാത്യൂസേട്ടനും. പക്ഷേ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, കടലുകള്‍ക്കിപ്പുറം, ഒരു മഹാനഗരത്തിന്റെ തെരുവീഥിയിലെ കുപ്പയില്‍ ഉപേക്ഷിക്കപ്പെട്ട കൗതുകമുള്ള ഈ പുരാവസ്തു ആരുടെതാകുമെന്ന വിചാരം എന്നെ അലട്ടി. ഒരുപക്ഷേ മാറുന്ന കാലത്തോടു സമരസപ്പെടാനാകാതെ പോയ വൃദ്ധയായ ഒരു പേര്‍സണല്‍ അസിസ്റ്റന്റിൻ്റെത്. അല്ലെങ്കില്‍ മരിച്ചുപോയ ഒരെഴുത്തുകാരൻ്റെയോ എഴുത്തുകാരിയുടെതോ. അവരുടെ ഓര്‍മ്മകള്‍ പുതുതലമുറക്ക് ബാധ്യതയാകാതെ തൂക്കിയെറിയപ്പെട്ടതാകാം.
വന്യമൃഗങ്ങളെ, വളര്‍ത്തുജീവികളെ എല്ലാം അവറ്റയുടെ തന്നെ ദേഹത്ത് ഒളിപ്പിച്ച മൈക്രോ ചിപ്പുകളാല്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കാലത്ത്, മൊബൈല്‍ഫോണ്‍ ഇല്ലാത്ത മനുഷ്യര്‍ ഈ ലോകത്ത് ജീവിക്കുന്നേയില്ലെന്നു കണക്കെടുപ്പു നടക്കുന്ന കാലത്ത്, പുല്ലിനും പൂമ്പാറ്റക്കും ജയില്‍പുള്ളികളെപ്പോലെ പേര്‍സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പരിട്ട് പരിധി നിര്‍ണ്ണയിക്കുന്ന കാലത്തെ വെല്ലുവിളിച്ച ഒരു വിപ്ലവകാരിയാകാം ആ ടൈപ്പ്റൈറ്ററിൻ്റെ ഉടമ.
അനേകായിരം ടൈപ്പ്റൈറ്ററുകള്‍ക്കിടയില്‍ ജീവിച്ച മാത്യൂസേട്ടനു പക്ഷേ വിപ്ലവകരമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഐ.ടി വിപ്ലവത്തില്‍ ഒലിച്ചുപോകാതെ ആ കയറുകട്ടിലില്‍ അള്ളിപ്പിടിച്ച് എത്രനാള്‍ കിടന്നെന്നുകാണുമെന്നും എനിക്കറിയില്ല. നഗരത്തിൻ്റെ ആരവം ഒട്ടുമെത്താത്ത പരുക്കനിട്ട ഒറ്റമുറി ചാര്‍ത്തിലായിരുന്നു ഞങ്ങളുടെ വാസം. ഉള്ളവനും  ഇല്ലാത്തവനും തമ്മിലുള്ള ഗ്യാപ്പ് വെടിയും പൊഹയും കൊണ്ട് നികത്താമെന്നായിരുന്നല്ലോ ഒറിജിനല്‍ വിപ്ലവകാരികളുടെ പ്ലാന്‍. പക്ഷേ പലരുടെ പൊഹ കണ്ടിട്ടും മേല്‍പ്പറഞ്ഞ ഗ്യാപ്പ് വര്‍ദ്ധിച്ച്, അവിടെ പാലവും പാലമെത്താത്ത കടലുകൾക്ക് മീതേ വിമാനങ്ങളും പറന്നു. അന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ ഇരുപത്തയ്യായിരം വാങ്ങുമ്പോള്‍ ആയിരത്തി ഇരുനൂറ്റമ്പതായിരുന്നു എൻ്റെ  മാസശമ്പളം. ആ സമത്വമാണ് എന്നെയും മാത്യൂസേട്ടനെയും ഒരുമിപ്പിച്ചത്.

തൃശൂരും ബാംഗ്ലൂരും തമ്മില്‍ വലിയ ദൂരമൊന്നുമില്ലെങ്കിലും ക്രിസ്മസ് കൂടാനായി വര്‍ഷത്തിലൊരിക്കലേ മാത്യൂസേട്ടന്‍ നാട്ടില്‍ പോകുമായിരുന്നുള്ളൂ. കിട്ടാനുള്ള ഡ്യൂസും കിട്ടാക്കടവും വാങ്ങിയാവും പോകുക. റിപ്പയറിംഗ് തേടി ഓഫീസുകൾ  കയറിയിറങ്ങുമ്പോള്‍ ടൈപ്പ്റൈറ്ററുകള്‍ വേണമെങ്കില്‍ നിങ്ങള്‍ എടുത്തോളൂ, ഞങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറുകയാണെന്ന് അറിയിപ്പുകിട്ടും. അങ്ങനെ നിന്നുതിരിയാന്‍ ഇടയില്ലാത്ത മുറിയുടെ കോണില്‍ കോസടി വിരിച്ചുറങ്ങുമ്പോള്‍ എൻ്റെ തലക്ക് മീതേ വീഴുന്ന നീളന്‍ നിഴല്‍ പൊക്കത്തില്‍ ടൈപ്പ്റൈറ്ററുകളുടെ ഒരടുക്ക് രൂപപ്പെട്ടു. ഉപയോഗശൂന്യമെങ്കിലും ജീവിതത്തോട് ഒട്ടിനില്‍ക്കുന്ന വസ്തുക്കളൊന്നും എളുപ്പം ഉപേക്ഷിക്കാന്‍ നമുക്ക് മനസ്സ് വരില്ല. കേടായ വാച്ച്, മഷിതീര്‍ന്ന പേന, ഉടുപ്പ്, ചീപ്പ്, ടൂത്ത് ബ്രഷ്.... അങ്ങനെപോകുന്നു ചിലത്.   

വേസ്റ്റ് ബോക്സില്‍ നിന്നും ചാടിയിറങ്ങിയ പൂച്ച അപ്പോഴാണ്‌ ടൈപ്പ്റൈറ്റര്‍ ശ്രദ്ധിച്ചത്. അത് അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും മീതെ കയറി മാന്തിയും മണത്തും നോക്കി. പള്ള നിറഞ്ഞപ്പോള്‍ വെറുമൊരു നേരംപോക്ക്. സമൃദ്ധമായ ഭക്ഷണം അമിതമായ് തിന്നു കൊഴുത്ത ഇവിടുത്തെ പൂച്ചകളെ എനിക്ക് വെറുപ്പാണ്. നാട്ടിലെ പൂച്ചകളെപോലെ ഇവയ്ക്ക് ദയനീയമായ നോട്ടമില്ല, കരച്ചിലില്ല. കണ്ണുകളിൽ ക്രൗര്യമാണ്. ഒരു കല്ലെടുത്ത് എറിയണമെന്ന് തോന്നി. വേണ്ട. കൊളസ്‌ട്രോൾ കൂടി വല്ല അറ്റാക്കും വന്ന് ചത്തോളും. എനിക്കെന്തോ ആ ടൈപ്പ്റൈറ്റര്‍ എൻ്റെയാണെന്നപോലെ ഒരിഷ്ടം. ഒരു നിമിഷം ശങ്കിച്ചുനിന്ന ശേഷം ഞാന്‍ കാറിനടുത്തേക്ക് നടന്നു.        
അന്തിനേരത്ത് ഒരു ക്വോര്‍ട്ടര്‍ കുപ്പിക്ക് ഇരുപുറവും ഞങ്ങൾ ഇരിക്കുമ്പോഴാണ് മാത്യൂസേട്ടന്‍ മനസ്സ് തുറക്കുക. എന്നും പൈൻറ് അടിക്കണമെന്നാ ആഗ്രഹം. പക്ഷേ പട്ടിണി കിടക്കേണ്ടി വരും. കഞ്ഞിയും പയറും അച്ചാറുമാണ് രാത്രി ഭക്ഷണം. നല്ല ശോധന കിട്ടും. ശോധന ഏറിയാലും ഞങ്ങള്‍ തന്നെ സഹിക്കണം. കാരണം മുറിയോടു ചേര്‍ന്നുള്ള ചെറിയ ചായ്പ്പാണ് അടുക്കള. അടുക്കള തന്നെയാണ് കക്കൂസും. അതിനു മറയൊന്നുമില്ല. സ്റ്റവ് വെയ്ക്കുന്ന സ്ലാബും കക്കൂസു കുഴിയും തമ്മില്‍  അരഭിത്തിയുടെ വേര്‍തിരിവുണ്ട്. വെള്ളം പബ്ലിക് ടാപ്പില്‍നിന്ന് പിടിക്കണം. ക്യൂ നിന്ന്. മൂളിപ്പാട്ടും പാടി ഒന്നാമന്‍ മൂലയ്ക്കിരിക്കുമ്പോള്‍ രണ്ടാമന്‍ തലവെട്ടിച്ച് നോക്കില്ല എന്നത് മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിംഗ്.

തൊണ്ണൂറ് എം.എല്‍ തലയില്‍ തട്ടുപോള്‍ മാത്യൂസേട്ടന്‍ പതിഞ്ഞ ശബ്ദത്തില്‍ പാടും. ബാബുരാജിൻ്റെ പാട്ട്. ലഹരിയുടെ സുഖമുള്ള തരിപ്പില്‍ ആ വട്ടമുഖത്തെ പ്രകാശിപ്പിക്കുന്ന ഉണ്ടക്കണ്ണുകള്‍ ഇളം ചുവപ്പ് നിറമാകും. നാല്‍പതിൻ്റെ പ്രായം പറയാത്ത, പന്തലിച്ച ചുരുളന്‍ തലമുടിയും കട്ടിയുള്ള പുരികങ്ങളും താളത്തിനൊപ്പിച്ച് ഇളകും. പാട്ടിൻ്റെ പര്യവസാനത്തിൽ കട്ടിലിനടിയില്‍ നിന്നും സൂട്ട്കേസ് വലിച്ചെടുത്ത് ഭാര്യയുടെയും മകളുടെയും ഫോട്ടോ എടുത്ത് നോക്കും. മകള്‍ക്ക് ആറു വയസ്സു പ്രായം. ഒരു മിടുക്കിക്കുട്ടി. അപ്പോൾ ആ മുഖത്തെ ഭാവവ്യതിയാനങ്ങൾ ഒരു കള്ളനെപ്പോലെ ഞാൻ ഒളിഞ്ഞുനോക്കും. എന്തിനാണ് അയാളീ കുടുസിൽ കിടന്നു വീർപ്പുമുട്ടുന്നത്? അതൊന്നും മനസ്സിലാക്കാനുള്ള പ്രായം എനിക്കില്ലായിരുന്നു.  

ഓഫീസിനടുത്ത് ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു. എഫ്.എം റേഡിയോയില്‍ ഉടന്‍ നിരത്തില്‍ ഇറങ്ങാന്‍ പോകുന്ന റോബോട്ടിക് സംവിധാനമുള്ള ഡ്രൈവര്‍ലെസ്സ് കാറുകളെക്കുറിച്ചുള്ള സംഭാഷണമാണ്. എൻ്റെ  പഴഞ്ചന്‍ കാറിലെ റോബോട്ട് ആരാണെന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്നെങ്കിലും ഓര്‍മ്മകളുടെ ട്രാക്കിലൂടെയാണ് എൻ്റെ സഞ്ചാരം. പ്രോഗ്രാം ചെയ്തപോലെ സിഗ്നലുകളില്‍ നിര്‍ത്തിയും തട്ടാതെയും മുട്ടാതെയും അതെന്നെ ഉദ്ദേശസ്ഥാനത്ത് എത്തിക്കുന്നതും ഒരത്ഭുതം തന്നെ.

ഓഫീസ് മെയില്‍ തുറന്നപ്പോള്‍ അതില്‍ എനിക്കുള്ള സര്‍പ്രൈസ് കിടപ്പുണ്ടായിരുന്നു. ടെര്‍മിനേഷന്‍ ലെറ്റര്‍! കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഈ കമ്പനിയില്‍ ജോലി നോക്കുന്നു. അക്കൌണ്ടിംഗ് സോഫ്റ്റ്‌വെയര്‍ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. പഴയ സ്റ്റാഫിനെ ട്രെയ്ന്‍ ചെയ്തെടുക്കുന്നതിലെ കാലതാമസം മറികടക്കാന്‍ അപ്പ്ഡേറ്റഡായ പുതിയ ചെറുപ്പക്കാരെ കമ്പനി റിക്രൂട്ട് ചെയ്തിരിക്കുന്നു.     

ഡ്രോ തുറന്നു നോക്കി. പത്തുവര്‍ഷത്തെ വിശിഷ്ട സേവനത്തിന് ഉപഹാരമായി കിട്ടിയ ഫൌണ്ടേന്‍ പെന്‍ മഷി തീര്‍ന്നു കിടപ്പുണ്ട്. അതെടുത്ത് പോക്കറ്റില്‍ കുത്തി. കംപ്യൂട്ടറില്‍ നിന്നും പേര്‍സണല്‍ ഫയലുകള്‍ യു.എസ്.ബിയിലേക്ക് പകര്‍ത്തി. കോപ്പി ചെയ്തു തീരുംമുന്‍പ് “റീപ്ലെസ്‌ ദ ഫയൽ ഇൻ ദ ഡെസ്റ്റിനേഷൻ’ എന്ന് സ്ക്രീനില്‍ കാണിച്ചു. ഭാര്യക്കും മകനുമൊപ്പം നില്‍ക്കുന്ന ഫാമിലി ഫോട്ടോയായിരുന്നു അത്. കഴിഞ്ഞ വെക്കേഷന് എടുത്തത്. ‘നോ’ അമര്‍ത്തി, പെന്‍ ഡ്രൈവ് പോക്കറ്റിലാക്കി ഞാന്‍ ഇറങ്ങി നടന്നു.

എനിക്കപ്പോള്‍ മാത്യൂസേട്ടൻ്റെ പ്രായമായിരുന്നു.

22.11.17

ആരോടും പറയാത്തൊരു കാര്യം

ഞാനാരോടും ഇതുവരെ പറയാത്തൊരു കാര്യം പറയട്ടെ?

അമ്മ കരുതുംപോലെ എനിക്കീ പാവക്കുട്ടിയെ ക്രിസ്മസ് അപ്പൂപ്പൻ തന്നതല്ല. പിന്നെയോ? അതൊരു കഥയാണ്.

‘സ്‌കൂളടച്ചു കഴിഞ്ഞാൽ ഇഷ്ടം പോലെ കളിക്കാമല്ലോ ഇപ്പൊ മോൻ പഠിക്ക്’ എന്ന് പറഞ്ഞാണ് അമ്മ എന്നെക്കൊണ്ടു ഹോം വർക്ക് മുഴുവൻ ചെയ്യിപ്പിക്കുന്നത്. എന്നിട്ടോ? കഴിഞ്ഞ വലിയ അവധിക്ക് എന്നെ ആശാൻ കളരിയിലാക്കി. അക്ഷരം പഠിക്കാനാണെങ്കിലും അവധിക്കാലത്ത് കളരിയിൽ പോകാൻ എനിക്കിഷ്ടമല്ല. അപ്പുറത്തെ അമ്മുച്ചേച്ചിയുടെയും അപ്പൂസിൻ്റെയുമൊപ്പം കളിക്കാനാ എനിക്കിഷ്ടം.

ചിലപ്പോഴൊക്കെ വയറുവേദനയാണെന്നോ മറ്റോ കള്ളം പറഞ്ഞാലും അമ്മ സമ്മതിക്കില്ല. അങ്ങനെ ഒരു ദിവസം മടി പിടിച്ച് കളരിയിൽ ചെന്നപ്പോൾ ഇനി കുറച്ചു ദിവസം അവധിയാണെന്ന് ആൻറ്റിയമ്മ പറഞ്ഞു. ഹായ്! പെട്ടന്ന് വീട്ടിലേക്ക് ഓടിയാൽ അപ്പൂസിൻ്റെ കൂടെ കളിക്കാം. പക്ഷേ, ആശാട്ടിയമ്മക്ക് സുഖമില്ലാതെ ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോൾ സങ്കടമായ്. പാവം.

വീടടുത്തപ്പോൾ ദാ നിൽക്കുന്നു ബസ്സ്സ്റ്റോപ്പിൽ അപ്പൂസും അമ്മുച്ചേച്ചിയും. അവർ അവധിക്കാലം ആഘോഷിക്കാൻ അമ്മ വീട്ടിൽ പോകുകാണത്രേ. കുറേ ദിവസം കഴിഞ്ഞേ ഇനി മടങ്ങി വരൂ. എനിക്കാകെ വിഷമമായി.


ഒരു ദിവസം. കളിക്കാൻ കൂട്ടുകാരാരുമില്ലാതെ ഞാൻ പസ്സിൽ അടുക്കിക്കൊണ്ടിരിക്കുമ്പോൾ മുറ്റത്തു നിന്നും വിളി കേട്ടു.


‘അമ്മാ വല്ലോം തരണേ.....’.




ഈ ഭിക്ഷക്കാർക്കൊന്നും അമ്മയുണ്ടാവില്ല. പാവങ്ങൾ. അയാൾ മിക്കവാറും വരാറുള്ളതാണ്. അപ്പോഴൊക്കെ ഞാൻ ഓടിപ്പോയി അമ്മയോടു പറയും.

‘ഈശോയുടെ രൂപത്തിനരികിൽ വെച്ചിരിക്കുന്ന ഡപ്പിയിൽ നിന്ന് രണ്ടുരൂപ എടുത്തു കൊടുക്ക്.’

അമ്മ പതിവായി പറയുന്നത് എനിക്ക് കാണാപ്പാഠമാണ്. ഞാനുടനെ സ്റ്റൂൾ വലിച്ചിട്ട് മുകളിൽ കയറി, തട്ടിലിരിക്കുന്ന കരടിക്കുട്ടൻ്റെ രൂപമുള്ള കുടുക്കയിൽ നിന്നും പൈസയെടുത്ത് അയാൾക്ക് കൊടുക്കും.

അന്ന് ഭിക്ഷക്കാരൻ വന്നപ്പോൾ എനിക്കെന്തോ അമ്മോട് പറയണന്നു തോന്നിയില്ല. ഒരു ഗ്ലാസ് താഴെയിട്ടു പൊട്ടിച്ചതിന് അല്പം മുൻപ് എന്നെ കുറേ വഴക്കു പറഞ്ഞു. അത് കയ്യിൽ നിന്ന് അറിയാതെ വഴുതിപ്പോയതാന്നു പറഞ്ഞിട്ടും അമ്മ കൂട്ടാക്കിയില്ല. എനിക്ക് സങ്കടമായി.
ഞാൻ അമ്മയോട് പിണങ്ങി. ഭിക്ഷക്കാരനു പൈസ കൊടുക്കാൻ എനിക്കറിയാം.

ഞാൻ ശബ്ദമുണ്ടാക്കാതെ ഡപ്പി തുറന്ന് പൈസയെടുത്തു. എന്നിട്ട് ചില്ലറത്തുട്ട് അയാൾക്കു കൊടുത്തു. പൈസ വെച്ചു നീട്ടുമ്പോൾ അയാൾ ചുറ്റും നോക്കിയിട്ട് പതിഞ്ഞ ശബ്ദത്തില് എന്നോടു ചോദിച്ചു;

'വരുന്നോ എൻ്റെ കൂടെ?'

എനിക്കപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. ആരെങ്കിലും എന്നെയൊന്നു പുറത്തു കൊണ്ടുപോയി ടൌണിലെ കളിപ്പാട്ടങ്ങളുടെ ആ പുതിയ കട ഒന്നു കാണിച്ചു തന്നിരുന്നെങ്കിലെന്ന് കുറേ നാളായി ആശിക്കുന്നു.

ഞാനിതൊക്കെ ആലോചിച്ചു നിൽക്കെ അയാളെന്നെ വാരിയെടുത്ത് പുറത്തേക്ക് പാഞ്ഞു. തിടുക്കത്തിൽ റോഡ് മുറിച്ചുകടക്കുമ്പോൾ വളവ് തിരിഞ്ഞു വന്നൊരു ബൈക്ക് അയാളെ ഇടിച്ചു! ഞാൻ തെറിച്ച് റോഡിനപ്പുറത്തേക്ക് വീണു. ഭിക്ഷക്കാരൻ്റെ കാലിലൂടെ വണ്ടിയുടെ ചക്രങ്ങൾ കയറിയെങ്കിലും ബൈക്കുകാരൻ നിർത്താതെ ഓടിച്ചുപോയി.

ഒരുവിധത്തിൽ തപ്പിത്തടഞ്ഞ് എണീറ്റപ്പോൾ എനിക്കൊന്നും പറ്റിയിട്ടില്ലെന്നു മനസ്സിലായി. ഭാഗ്യം! ഞാൻ അപ്പൂസിൻ്റെ വീട്ടിലേക്ക് ഓടി അവൻ്റെ അച്ഛനെ വിളിച്ചുകൊണ്ടുവന്നു. അപ്പൂസിൻ്റെ അച്ചൻ ഭിക്ഷക്കാരനെ ഉടനെ ഒരു ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വീട്ടിൽ നിന്ന് അമ്മയുടെ ഉച്ചത്തിലുള്ള വിളി കേട്ടു. ‘എന്തോന്ന്....’ വിളികേട്ട് ഞാൻ അമ്മയുടെ അത്തേക്ക് ഓടി. ഒന്നും അറിയാത്ത മട്ടിൽ അവിടെ പമ്മിക്കൂടി. വീണ്ടും വഴക്കു കിട്ടുമെന്ന പേടിയിൽ നടന്നതൊന്നും പറഞ്ഞില്ല.

നാളുകൾ ഏറെ കഴിഞ്ഞിട്ടും ആ ഭിക്ഷക്കാരനെ പിന്നെ കണ്ടില്ല.

കാത്തുകാത്തിരുന്ന് ക്രിസ്തുമസ് വന്നു. പടക്കങ്ങൾ പണ്ടേ എനിക്ക് പേടിയാ. പക്ഷേ കമ്പിത്തിരി ഒത്തിരിഇഷ്ടമാ. പാട്ടും ഡാൻസും ബാൻഡും ഒക്കെയായി കരോൾ സംഘങ്ങളെത്തും. മിക്കവാറും ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയാവും അമ്മയെന്നെ കരോൾ കാണിക്കുക. ആട്ടിടയന്മാരുടെയും മാലാഖയുടെയും രാജാവിൻ്റെയുമൊക്കെ വേഷം കെട്ടിയത് അടുത്ത വീടുകളിലെ ചേട്ടന്മാരാണെന്ന് എനിക്ക് മനസ്സിലാകുകേയില്ല. പിറ്റേന്ന് അമ്മുച്ചേച്ചി പറയുമ്പോഴേ അതു പിടികിട്ടൂ. പിന്നെ ‘പോടാ ബുദ്ധൂസെന്നു’ പറഞ്ഞെന്നെ കളിയാക്കും.

ക്രിസ്മസ് രാത്രി. അവസാനത്തെ കരോൾ സംഘം പിരിയുന്ന നേരത്ത് ഒരാളെൻ്റെ അരികിലെത്തി. അമ്മ പൈസയെടുക്കാൻ അകത്തു പോയിരുന്നു. അയാൾ ഒരു സമ്മാനപ്പൊതി എനിക്കു നീട്ടി. പരുപരുത്ത കൈകൾക്കൊണ്ട് എൻ്റെ കവിളിൽ തലോടി. എന്നിട്ട് ഒന്നും മിണ്ടാതെ മുടന്തി മുടന്തി ഇരുട്ടിലേക്ക് നടന്നു നീങ്ങി.

അയാൾ നൽകിയ പൊതി ഞാൻ കൌതുകത്തോടെ തുറന്നു. ഹായ്! അതിമനോഹരമായൊരു പാവക്കുട്ടി.

അമ്മ പറഞ്ഞു; ഇത് സാന്താക്ലോസ് കുട്ടികൾക്ക്‌ നൽകുന്ന സമ്മാനമാണെന്ന്. പക്ഷേ എൻ്റെ ഒരു കൂട്ടുകാർക്കും മിഠായിയല്ലാതെ മറ്റൊന്നും ക്രിസ്മസ് അപ്പൂപ്പന് കൊടുത്തിട്ടില്ല.

എനിക്കറിയാം ഇതാരാണ് സമ്മാനിച്ചതെന്ന്. നിങ്ങൾക്കറിയാമോ കൂട്ടുകാരേ?

5.12.16

പതനം




ഊണുമേശയില്‍ നിന്നും വലിച്ചെറിയപ്പെട്ട സ്റ്റീല്‍ പാത്രത്തിന്റെ കലമ്പല്‍ കേട്ടാണ് രവീന്ദ്രന്‍ ഞെട്ടിയുണര്‍ന്നത്. ഉറങ്ങുകയായിരുന്നില്ല, വെറും മയക്കം. പ്രിയമില്ലാത്ത പ്രാതലിനെ ചൊല്ലിയാണ്  മകന്റെ രോക്ഷപ്രകടനം. അസഭ്യ വര്‍ഷം എന്നും അമ്മയുടെ നേര്‍ക്ക്. പുറത്ത് ബൈക്കുകളുടെ പട..പട ശബ്ദം കേട്ടപ്പോള്‍ കൊടുങ്കാറ്റിന്റെ വേഗത്തില്‍ അവന്‍ ഇറങ്ങിപ്പോയി. വീട് ശാന്തം. 


അച്ഛന്റെ കണ്‍വെട്ടത്ത് മകന്‍ തങ്ങാറില്ല. രണ്ടു ദിവസമായിക്കാണും അയാള്‍ അവനെ നന്നായൊന്നു കണ്ടിട്ട്. ഈ കൌമാരക്കാര്‍ക്കെല്ലാം എന്താണ് പിണഞ്ഞത്? അവര്‍ക്ക് ലോകത്തോടു തന്നെ വെറുപ്പായിരിക്കുന്നു. ക്ഷുഭിത യൌവനങ്ങളാണ് എക്കാലവും മാറ്റത്തിന്റെ ധ്വനി മുഴക്കിയിട്ടുള്ളതെന്നു ഘോഷിക്കാറുള്ള തന്നെയും വേഗം വാര്‍ദ്ധക്യം ബാധിച്ചുവോ എന്നോര്‍ത്ത് രവി അത്ഭുതപ്പെട്ടു. അന്ന്‍ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു തങ്ങളുടെ കലഹമൊക്കെ. കലാലയ കാലത്തെ സുഖകരമായ ചില സ്മരണകള്‍ ഒരു കുളിര്‍കാറ്റിനൊപ്പം അയാളെ തഴുകി കടന്നുപോയി.


  ചെമ്മണ്‍ വഴിയിലൂടെ പാഞ്ഞുപോയ മോട്ടോര്‍ ബൈക്കുകള്‍ ഉയര്‍ത്തിയ ആരവവും പുകപടലങ്ങളും തങ്ങിയെങ്കിലും അവ അകലേക്ക്‌ പൊട്ടുപോലെ മാഞ്ഞുപോകുന്നതും നോക്കി നില്‍ക്കുകയാണ് സുമ. വീട്ടിലുള്ളവരുടെ ചങ്കിടിപ്പുകള്‍ കേള്‍ക്കാന്‍ ഈ കുട്ടികള്‍ക്ക് ആകാത്തതെന്തുകൊണ്ടാണ്? ചെകിടടപ്പിക്കുന്ന ആ ശബ്ദം കേള്‍ക്കുമ്പോഴൊക്കെ കുഴിമാടത്തിനരികില്‍ നിന്ന്‍ഏങ്ങലടിക്കുന്ന ഒരമ്മയുടെ രൂപമാണ് മനസ്സില്‍. അന്ന് ബൈക്കോടിച്ചിരുന്ന കൂട്ടുകാരന്‍ പോയെങ്കിലും മരണമുഖത്തു നിന്ന് രക്ഷപെട്ടത് തന്റെ മകനാണ്. ഇന്ന് അവന്‍ കോപപ്പെടുമ്പോള്‍ ആ മുഖത്ത് ബാക്കിയായ മുറിപ്പാടുകള്‍ തീര്‍ക്കുന്ന ക്രൂരഭാവത്തില്‍ അവള്‍ വിറക്കും. ഇത്രയൊക്കെയായിട്ടും ബൈക്ക് വാങ്ങിക്കൊടുക്കാത്തതിലാണ് അവന്റെ പക മുഴുവനും. അച്ഛനു കമ്പനിയില്‍ നിന്ന് ലഭിക്കാന്‍ സാധ്യതയുള്ള തുകയുടെ കാര്യം പറഞ്ഞാണ് അവനെ സമാധാനിപ്പിക്കുക. ഒരുപക്ഷേ ആ പ്രതീക്ഷ കൂടിയില്ലായിരുന്നെങ്കില്‍ ഇവന്‍ പണ്ടേ വീടുവിട്ടു പോയേനെ എന്ന് സുമ സംശയിക്കാറുണ്ട്. എന്തു പറഞ്ഞു മനസ്സിലാക്കും ഇന്നത്തെ കുട്ടികളെ?


 അവനെ ഒന്നുപദേശിച്ചു കൂടേ..?സുമയുടെ ചോദ്യം മിക്കവാറും രവി കേട്ടില്ലന്ന് നടിക്കും. പ്രായമേറുന്തോറും കുട്ടികള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. മാതാപിതാക്കളുടെ സവിശേഷ ഗുണങ്ങള്‍ ചിലര്‍ പകര്‍ത്താറുമുണ്ട്.  ഏതായാലും ഒരു കൌമാരക്കാരനെ ആകര്‍ഷിക്കുന്ന ഹീറോയിക് പരിവേഷമോന്നും ഇന്ന് തനിക്കില്ലന്ന്‍ രവിക്കറിയാം. അവന്റെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ള ശേഷിയുമില്ല. ഓരോരുത്തരുടെയും നിസ്സഹായതകളാവാം ജീവിതത്തോടു തന്നെയുള്ള നിസ്സംഗതയായി പരിണമിക്കുന്നത്. പണ്ട് കുട്ടികളുടെ ആഗ്രഹങ്ങള്‍ പരിമിതങ്ങളായിരുന്നു. അവര്‍ക്ക് പണം കിട്ടാനുള്ള വഴികളും കുറവായിരുന്നു. ഇന്ന്‍ വണ്ടിയില്‍ പെട്രോള്‍ നിറക്കാനും, പ്രിയപ്പെട്ട വസ്ത്രം വാങ്ങാനും, ഇഷ്ടമുള്ള ഹോട്ടല്‍ ഭക്ഷണം കഴിക്കാനുമുള്ള വക അവര്‍ തന്നെ സംഘടിപ്പിക്കുന്നു. നാട്ടിലെ സദ്യവട്ടങ്ങള്‍ മുഴുവന്‍ കാറ്ററിംഗ് സര്‍വീസുകാര്‍ ഏറ്റെടുത്തപ്പോള്‍ കുട്ടിവിളമ്പുകാര്‍ക്കും ഭക്ഷണവും കൂലിയും സുലഭം. എങ്കിലും കിട്ടുന്നതിനേക്കാള്‍ എത്രയോ അധികമാണ് പുതുതലമുറ ചിലവൊഴിക്കുന്നത്!  


വൈകുന്നേരങ്ങളില്‍ അയല്‍പക്കത്തെ കുട്ടികള്‍ വരുന്നതാണ് രവീന്ദ്രന് ഒരാശ്വാസം. അവര്‍ക്ക് അയാള്‍ രവിമാഷാണ്. മുറിവിട്ടു പുറത്തിറങ്ങാത്ത ഒരാള്‍ ഈ ലോക കാര്യങ്ങളെല്ലാം കൃത്യമായി അറിയുന്നതില്‍ രക്ഷിതാക്കള്‍ക്കും അത്ഭുതം. കണക്കും ഇംഗ്ലീഷുമാണ് ട്യൂഷനെങ്കിലും സന്ദര്‍ഭോചിതമായി കവിതയും സാഹിത്യവുമൊക്കെ ക്ലാസ്സില്‍ ഇടകലരും. 


തേയ്ക്കാത്ത ചുവരോട് ചേര്‍ന്നിരിക്കുന്ന ആ പഴഞ്ചന്‍ ടി.വിയാണ് അയാളുടെ കണ്ണും കാതും. ബോംബയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരു വേനല്‍ അവധിക്ക് ജയന്തി ജനതാ എക്സ്പ്രസ്സില്‍ അയാള്‍ക്കൊപ്പം നാട്ടിലെത്തിയതാണ് ആ വസ്തു. കാല്പപഴക്കം അതിലെ നിറങ്ങളെ അവ്യക്തമാക്കിയതോ പുഴയിലെ ഓളം വെട്ടലുകള്‍ പോലെ ചിത്രങ്ങളെ ചാഞ്ചാടിക്കുന്നതോ ഒന്നും അയാളുടെ കാഴ്ചയെ ആലോസരപ്പെടുത്തിയില്ല. ഒരു മജീഷ്യനില്‍ നിന്ന് ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന  വിസ്മയങ്ങളെ സാകൂതം വീക്ഷിക്കുന്ന കുട്ടിയെപ്പോലെ രവീന്ദ്രന്റെ ഇരുകണ്ണുകളും ആ ഇരുപത്തൊന്നിഞ്ചു ചതുരത്തില്‍ തറഞ്ഞു നിന്നു. സത്യത്തില്‍ ആ വീട്ടിലെ ഉപയോഗശൂന്യമായ രണ്ടു വസ്തുക്കളില്‍ ഒന്ന് മാത്രമായിരുന്നു ടിവി.  മറ്റേത് അയാള്‍ തന്നെയായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി പരസഹായം കൂടാതെ ചലിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ അയാള്‍ കട്ടിലില്‍ പറ്റിക്കിടക്കുകയായിരുന്നു. 


കമ്പനിയിലെ സ്ഥിരോത്സാഹിയായൊരു ഫോര്‍മാനായിരുന്നു അയാള്‍. ഏറെക്കാലത്തെ ആശുപത്രി വാസത്തിനൊടുവില്‍ ഇനി എണീറ്റു നടക്കാനാവില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് അയാള്‍ നാട്ടിലേക്ക് മടങ്ങിയത്. പായലും പുല്ലും പടര്‍ന്ന അടിത്തറ കെട്ടിനുമേല്‍ ചുവരുകള്‍ ഉയര്‍ന്നത് കമ്പനി നല്‍കിയ നഷ്ടപരിഹാര തുകകൊണ്ടും. എട്ടു വയസ്സുകാരനായ മകനൊപ്പം മഴയും വെയിലുമേല്‍ക്കാത്തൊരു കൂരക്കു താഴെ രവീന്ദ്രനു  സ്വസ്ഥമായി വസിക്കാന്‍ ഇടമൊരുക്കുക എന്നതു മാത്രമായിരുന്നു അന്ന് സുമയുടെ ആധി. ഇഷ്ടികയുടെ ചുവപ്പും തറയുടെ പരുപരുപ്പും  ജനല്‍പാളികളില്‍ തറച്ച പോളിത്തീന്‍ ഷീറ്റും പരിഷ്ക്കാരങ്ങള്‍ക്ക്‌ വിധേയമാകാതെ നരച്ചും പൊട്ടിപ്പൊളിഞ്ഞും കാലത്തെ അടയാളപ്പെടുത്തി. 


അപ്രതീക്ഷിതമായാണ് രവീന്ദ്രന്റെ പൂര്‍വകാല സുഹൃത്തുക്കള്‍ ഒരുമിച്ചെത്തി അയാള്‍ക്ക് വലിയൊരു സര്‍പ്രൈസ് സമ്മാനിച്ചത്. നാട്ടിലെത്തുന്ന അവസരത്തില്‍ അവരില്‍ ചിലരൊക്കെ അയാളെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. വിക്ടോറിയ ടെര്‍മിനല്‍സിന്റെ പ്ലാറ്റ്ഫോമില്‍ തീവണ്ടി പുകച്ചുതള്ളിയ കഥാപാത്രങ്ങളെപ്പോലെ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട് നിന്നതും ബാച്ചിലര്‍ റൂമിന്റെ വീര്‍പ്പുമുട്ടലില്‍ നിന്ന് വിടുതല്‍ തേടി വിലകുറഞ്ഞ മദ്യത്തിന്റെ ലഹരിയില്‍ ഉഴറിനടന്നതും നിലാവിലൂടെ അരിച്ചിറങ്ങിയ ഗസലിന്റെ ശീലുകളുമൊക്കെ ആ കൂടിക്കാഴ്ചകളില്‍ അവര്‍ അയവിറക്കും. ആദ്യമൊക്കെ കൂട്ടുകാര്‍ക്കു മുന്‍പില്‍ രവീന്ദ്രന്‍ വിതുമ്പിപ്പോകുമായിരുന്നു.  പിന്നെ പിന്നെ, ആ ഓര്‍മ്മകളുടെ വള്ളിയില്‍ പിടിച്ചായി നടത്തം.  ഉഷ്ണകാലത്ത് വെന്തും വിയര്‍ത്തും വിണ്ടുകീറുന്ന ചര്‍മ്മം സമ്മാനിക്കുന്ന ശാരീരിക പീഡകള്‍ക്കിടയിലും അല്പായുസ്സുക്കളായ വേദന സംഹാരികള്‍ നല്‍കുന്ന ചെറു മയക്കത്തിനിടെയിലും അയാള്‍ക്കു മാത്രം കേള്‍ക്കാവുന്ന ശബ്ദത്തില്‍ മെഹബൂബും മുഹമ്മദ്‌ റാഫിയും പാടിക്കൊണ്ടിരുന്നു.  


കാറില്‍ നിന്നിറക്കിയ വലിയ കാര്‍ഡ്ബോര്‍ഡ് പെട്ടി കൂട്ടുകാര്‍ ചുമന്നു കൊണ്ടുവന്നു. പാക്കിംഗ് നീക്കി പുതിയ LCD ടി.വിക്കായി മുറിക്കുള്ളില്‍ ഇടമൊരുങ്ങി. ആ നിമിഷത്തില്‍ എന്താണ് രവീന്ദ്രനില്‍ നിറഞ്ഞു നിന്നതെന്ന് കൃത്യമായി ഗണിക്കുക സാധ്യമല്ല, ആശ്ചര്യമോ പരിഭ്രമമോ? അത്ര ആഡംബരമുള്ള ഒരു വസ്തു തന്റെ ചുറ്റുപാടിന് ഇണങ്ങില്ലെന്ന വിചാരം അയാളെ ആത്മസംഘര്‍ഷത്തിലാഴ്ത്തി. എന്നാല്‍ ആ മനുഷ്യന്റെ ജീവിതത്തെ അല്പമെങ്കിലും ഉല്ലാസപ്രദമാക്കുന്ന ഘടകം ടി.വി മാത്രമാണെന്ന് സുഹൃത്തുക്കള്‍ തീര്‍ച്ചപ്പെടുത്തിയിരുന്നു. ഏറെ നാളുകള്‍ക്കുശേഷം, അന്നു വൈകുന്നേരം വീട്ടുജോലിയുടെ ഭാരം ലഘൂകരിച്ച് ഭാര്യയും തന്റെ അടുത്തിരുന്നപ്പോള്‍  കൂട്ടുകാരുടെ സമ്മാനം അമൂല്യമാണെന്ന സത്യം രവീന്ദ്രന്‍ തിരിച്ചറിഞ്ഞു.  


പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൌതുകത്തോടെ അയാളുടെ വിരലുകള്‍ റിമോട്ടില്‍ ഓടിക്കളിച്ചു. ഇപ്പോള്‍ കാഴ്ചകള്‍ക്ക് മിഴിവേറയാണ്‌. നിറമുള്ള കലാപങ്ങള്‍, നിറമുള്ള യുദ്ധ രംഗങ്ങള്‍... യാഥാര്‍ഥ്യം അടുത്തുനിന്ന് വീക്ഷിക്കുംപോലെ വ്യക്തമാര്‍ന്ന ചിത്രങ്ങള്‍! അപ്പോള്‍  ഊണുമുറിയില്‍ നിന്നും പാത്രങ്ങള്‍ വീണുചിതറുന്ന ശബ്ദം കേട്ടു. രാത്രിയുടെ സ്വച്ഛതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് മകനെത്തിയിരിക്കുന്നു! പരുഷമായ വാക്കുകള്‍ ഉയര്‍ന്നു കേള്‍ക്കാം. സുമയും വിട്ടുകൊടുക്കുന്നില്ല. കൊടുംകാറ്റിന്റെ ആരവം ഇതാ അയാളുടെ മുറിയുടെ പടിക്കലും എത്തിയിരിക്കുന്നു. അരുത്! എന്ന്‍ അലമുറയിട്ടുകൊണ്ട് സുമ മകനെ കടന്നു പിടിച്ചിട്ടുണ്ട്. ഷെല്ലാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ചിതറിത്തെറിച്ച മനുഷ്യഭാഗങ്ങളിലേക്ക് കണ്ണുംനട്ടിരിക്കുകയായിരുന്നു രവീന്ദ്രന്‍. രക്തംപുരണ്ട ഒരു പാവക്കുട്ടിയെ ചവിട്ടിയരച്ച് കടന്നുപോകുന്ന പട്ടാള ബൂട്ടിന്റെ ക്ലോസപ്പിലേക്ക് അതേ ഘനുള്ള ഒരു കാലുയര്‍ന്ന വരുന്നത് അയാള്‍ കണ്ടു. ഒറ്റ ചവിട്ടിന് LCD ടി.വിയുടെ സ്ക്രീന്‍ തകര്‍ത്ത് മകന്‍ അച്ഛനെ പകയോടെ നോക്കി. നെറ്റിയിലൂടെ പടര്‍ന്നു കിടന്ന മുടിയിഴകള്‍ക്കിടയിലൂടെ കത്തിജ്വലിക്കുന്ന അവന്റെ കണ്ണുകള്‍ ലഹരിയുടെ ഏതോ കയങ്ങളില്‍ മുങ്ങിക്കിടക്കുകയായിരുന്നു. 


എട്ടാം നിലയുടെ ഉയരത്തില്‍ നിന്ന് സ്കഫോള്‍ഡിങ്ങുകള്‍ക്കിടയിലൂടെ ഊര്‍ന്ന്, ഇരുമ്പ് തകിടുകളില്‍ തട്ടിത്തെറിച്ച് താഴേക്ക് നിപതിച്ച നിമിഷാര്‍ദ്ധത്തില്‍ അനുഭവപ്പെട്ടൊരു ശൂന്യത, ഒരു തൂവലോളം ഭാരമില്ലായ്മ, ഭൂമിയോടു പറ്റിക്കിടക്കുന്ന കൃമിയുടെ നിസ്സാരത, ഒക്കെ അയാള്‍ ഒരിക്കല്‍ക്കൂടി അനുഭവിച്ചു. നട്ടെല്ലിന്റെ കശേരുക്കള്‍ ഒടിയുന്ന ചെറിയ ശബ്ദത്തിന്‌ കാതോര്‍ത്ത് കിടക്കുമ്പോള്‍ ചോരയുടെ നനവ് പടരുന്നതറിയാല്‍ അയാളുടെ വിറയാര്‍ന്ന വിരലുകള്‍ കിടക്കയില്‍ പരതിക്കൊണ്ടേയിരുന്നു.  


(തസ്രാക്ക്.കോമില്‍ പ്രസിദ്ധീകരിച്ചത്) 

 
Related Posts Plugin for WordPress, Blogger...