11.11.11

നഷ്ടസ്വപ്നങ്ങള്‍

ചന്ദ്രന്‍ എനിക്കേറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ്. 

"മിത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ തെളിയുന്നത് അവന്‍റെ മുഖമാണ്.


രാവിലെ എണീറ്റ്‌ ടൂത്ത്‌ ബ്രഷുമായി വീടിന്‍റെ വേലി കടന്നാല്‍ പിന്നെ അവനോടോപ്പമുള്ള ഒരു ദിവസം തുടങ്ങുകയായി. എന്നും സ്കൂളില്‍ പോകുന്നതിനു മുന്‍പുള്ള കുളി കഴിഞ്ഞു തോട്ടില്‍ നിന്നു കയറണമെങ്കില്‍ വീട്ടില്‍നിന്നാരെങ്കിലും ചൂരലുമായി വരണം.


"കന്നു വെള്ളതിലിറങ്ങിയാല്‍പോലും ഇത്രയും കലങ്ങില്ലല്ലോടാ, കുറുന്തൈര് പോലായി വെള്ളം. കേറിവാ ഇങ്ങോട്ട്"...........


നിത്യവും കേട്ടുപതിഞ്ഞ ശകാരം! എങ്കിലും ഒരു മാറ്റവുമില്ല. കുളി ഒരാഘോഷമാണ്. ചന്ദ്രന്‍ ഓട്ടത്തില്‍ കേമനായതുകൊണ്ട് മഷിയിട്ടു നോക്കിയാല്‍ പോലും പിന്നെ അവനെ കാണില്ല. അടുത്ത കടവിലേക്ക് മുങ്ങാംകുഴിയിട്ടു മറു കരയില്‍ നിക്കറുപേക്ഷിച്ച് അവന്‍ ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല. നനഞ്ഞ കാലില്‍ വന്നു വീഴുന്നത്‌ വള്ളുന്ന ചൂരലോ പേരക്കമ്പോ അതോ കൊന്നപ്പത്തലോ എന്നു നോക്കാനാവും മുന്‍പ് കണ്ണില്‍ നിന്നു പോന്നീച്ച പറന്നിരിക്കും. കരഞ്ഞു കാറിക്കൊണ്ട് ഞാന്‍ ഓടുമ്പോള്‍ കൈത മറവില്‍ പതുങ്ങിയിരിക്കുന്ന അവനെ കണ്ണീരാല്‍ മങ്ങിയ എന്‍റെ ഇമകള്‍ തിരയാരുണ്ട്. 


ഇനി സൂളിലേക്കുള്ള യാത്രയാണ്‌. ആഞ്ഞു നടന്നാല്‍ നാല്പത്തഞ്ചു മിനിട്ടുണ്ട് ദൂരം. അതാതു ദിവസത്തെ കുളിയുടെ സമയമാണ് നടപ്പിന്‍റെ വേഗത നിശ്ചയിക്കുന്നത്. എന്‍റെ പുസ്തകവും ചോറ്റുപാത്രവും ചെറിയ അലുമിനിയം പെട്ടിയിലാണ്. ചന്ദ്രന്‍റെ സാമഗ്രികള്‍ തോളിലെ തുണി സഞ്ചിയിലും. കക്കത്തെറ്റാലി, കല്ലുവട്ട്, റബര്‍ പന്ത്‌, കണ്ണിമാങ്ങ എന്നുവേണ്ട അതിലില്ലാത്ത സാധനങ്ങളില്ല. അച്ഛന്‍ ചായക്കട നടത്തുന്നതുകൊണ്ട് ആ വിഭവങ്ങള്‍ ഒക്കെ തന്നെയാണ് അവന്‍റെ തൂക്കുപാത്രത്തിലും. വീട്ടിലെ കറികളെക്കാളും എനിക്കിഷ്ടം അവന്‍റെ പാത്രത്തിലെ രുചികളാണ്.


ചായക്കടയും പരിസരവും എപ്പോഴും മുതിര്‍ന്നവരുടെ വിഹാര കേന്ദ്രമായതിനാല്‍ കുട്ടികള്‍ തെല്ലകന്നേ നില്‍ക്കൂ. ചന്ദ്രന്‍റെ അച്ഛന്‍ കമ്യുണിസ്റ്റാണ്. പരപരാ വെളുപ്പിനെ ദോശയുടെ അരിമാവിനോപ്പം പത്രം അരച്ചു കലക്കി കുടിച്ച്, അന്നത്തെക്കു വിളമ്പാന്‍ ഉള്ളില്‍ ആശയം സ്വരൂപിച്ചുവച്ച് അദേഹത്തിന്‍റെ മുഖം തെല്ലു ഗൌരവ പ്രകൃതമായിപ്പോയി. "ഇവിടെ രാഷ്ട്രിയം പറയരുത്" എന്ന് കരിപിടിച്ച ഭിത്തിയില്‍ വെളുത്ത ചോക്കുകൊണ്ട് എഴുതിവച്ചിട്ടുണ്ടെങ്കിലും വെറുമൊരു ചായകുടിക്കാന്‍ വരുന്നവരെ ബ്രേക്ക്ഫാസ്റ്റിലേക്കും പിന്നെ പത്തുമണിക്കുള്ള ചെറു കടിയിലേക്കും വരെ പിടിച്ചിരുത്താന്‍ തക്ക ഒരു ചര്‍ച്ചക്കുള്ള രസകൂട്ടുകളില്‍ ആദ്യ ചേരുവ ചേര്‍ക്കുന്നത് ഉടമസ്ഥന്‍ തന്നെയാണ്. കോണ്‍ഗ്രസുകാരെയും കമ്മൂണിസ്റ്റ്കളെയും കൂടാതെ നിക്ഷ്പക്ഷവും ചൂടുചായക്കൊപ്പം ആവിപറക്കുന്ന ആ വാഗ്വാദങ്ങള്‍ ആസ്വദിക്കാറുണ്ട്.


എങ്കിലും പിന്നീടുള്ള ചീട്ടുകളിയില്‍ ഒരു കയ്യായിരിക്കാനോ എതിര്‍ പാര്‍ടിക്കാരന്‍റെ കയ്യില്‍നിന്നും ഈര്‍ക്കിലില്‍ കോര്‍ത്ത വെള്ളക്കാകുണുക്കു വാങ്ങി അണിയാണോ അവര്‍ വൈമുഖ്യം കാട്ടാറില്ല. 
ഇതെല്ലാം കണ്ടു വൃത്തികെട്ട ചുമരില്‍ പതിഞ്ഞ എ. കെ. ജി. യും, വി. പി. സിങ്ങും, ഇ. എം. എസ്. നമ്പൂതിരിപ്പാടും ചിരിച്ചിരുന്നു.


ചന്ദ്രനെപ്പോലെ ഞാനും അവന്‍റെ അച്ഛന് പ്രിയപ്പെട്ടവനാണെങ്കിലും ഒരു കോണ്ഗ്രസ് അനുഭാവ കര്‍ഷക മുതലാളിയോടുള്ള "പെറ്റി ബൂര്‍ഷാ" മനോഭാവം അയാള്‍ക്കുണ്ട് എന്ന് എന്‍റെ അപ്പന്‍ സംശയിച്ചിരുന്നു. പാടത്തു പണിയാളര്‍ക്ക് വൈകിട്ട് വേല അവസാനിപ്പിക്കാനുള്ള സയറന്‍, ആകാശവാണി ചലച്ചിത്രഗാനങ്ങള്‍ക്കു ശേഷമുള്ള മൂന്നുമണിയുടെ "ഓള്‍ ഇന്ത്യാ റേഡിയോ" ഇംഗ്ലീഷ് വാര്‍ത്ത ഉച്ചത്തില്‍ കേള്‍പിക്കുന്നത് അയാളാണ് എന്ന് അപ്പന്‍ വീട്ടിലിരുന്നു പരിതപിക്കാറുണ്ട്. പത്താള്‍ പത്തു മിനിറ്റ് കൂടുതല്‍ പണിതാല്‍ ഏകദേശം രണ്ടുമണിക്കൂര്‍ കൂലി വെറുതെ ലാഭിക്കാം എന്ന അപ്പന്‍റെ വ്യാമോഹമാണ് ആ കമ്യുണിസ്റ്റ്‌ തകത്തുകളയുന്നത്.


രാഷ്ട്രിയ വയ്പരീത്യമോ വിഭിന്ന മതവിശ്വാസമോ ഒന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേയല്ല.  ചന്ദ്രനെ കൂടാതെ ഒരു ദിവസം എനിക്കിക്കും മറിച്ച് അവനുമില്ല. ശ്രീകൃഷ്ണജയന്തിയിലെ ഘോഷയാത്രയില്‍ ഒത്തിരി ഉണ്ണിക്കണ്ണന്‍ന്മാരോടൊപ്പം അവനും ഞാനും കൃഷ്ണവേഷം കെട്ടി. പള്ളിയിലെ കരോളിലും പെരുന്നാള്‍ നാടകത്തിലും ഞങ്ങള്‍ ആട്ടിടയനും മാലാഖയുമായി. ബാല്യം കടന്നു കൌമാരത്തിലും ഞങ്ങള്‍ വേര്‍പിരിയാത്ത കൂട്ടുകാരായി. സ്കൂളിലും, കളിസ്ഥലത്തും, പള്ളിയിലും, അമ്പലത്തിലും എല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്‍റെ ചേച്ചിയുടെ വിവാഹസദ്യക്ക് അമ്പലത്തിലെ ഊട്ടുപുരയില്‍ ഞങ്ങള്‍ ഒന്നിച്ചാണ് സദ്യ വിളമ്പിയത്. പക്ഷേ എന്നുമുതലാണ് ആ മതില്‍ ഉയര്‍ന്നു തുടങ്ങിയത്? പിന്നീടിന്നോളം ചാടിക്കടക്കാനാവാത്തവിധം തങ്ങള്‍ക്കിടയിലൂടെ അറിയാതെ പൊങ്ങി ഇരുവര്‍ക്കുമിടയിലെ കാഴ്ച മറച്ചത്?
എന്നാണ് വളര്‍ന്നത്‌? വാക്കുകള്‍ക്ക് അര്‍ഥം വച്ചുതുടങ്ങിയത് എപ്പോളാണ്? കൃത്യമായി ഓര്‍മ്മയില്ല. ചെറുപ്പം മുതലിങ്ങോട്ട് ഞങ്ങള്‍ കാട്ടിക്കൂട്ടുന്നതും കളിപറയുന്നതും  കൌതുകത്തോടെ കണ്ടിരുന്ന ആളുകള്‍ പെട്ടോന്നോരുദിവസം വരികള്‍ക്കിടയില്‍ അര്‍ത്ഥം ചികയാന്‍ തുടങ്ങി.ആ ദിവസത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. എന്നുമുതല്‍? ഏതു സമയത്തും ഞങ്ങളെ ഒന്നിച്ചിരുത്തി ഭക്ഷണം വിളമ്പിയിരുന്ന അമ്മ അന്നുമുതലാണോ ആദ്യമായി "ഉച്ചയൂണിനു സമയമായില്ലേ വീട്ടില്‍ പോണില്ലേ?" എന്ന് ചന്ദ്രനോട്‌ ചോദിച്ചുതുടങ്ങിയത്? എന്‍റെ വീട്ടിലെത്തുന്ന ബന്ധുക്കള്‍ "നമ്മുടെ പിള്ളേര്‍ ആരുമില്ലെടാ നിനക്ക് കൂട്ടിന്"? എന്നുചോദിച്ചതിന്‍റെ അര്‍ഥം മനസിലാകാന്‍ അന്ന് അമ്പലത്തില്‍ ഊട്ടുപുരയില്‍  ഊണു വിളമ്പാനെത്തിയപ്പോള്‍ അതുവരെ കാണാത്ത മറ്റുള്ളവരുടെ മുറുമുറുപ്പും ആക്ഷേപവും സഹിച്ച് പിന്‍വാങ്ങിയ നാള്‍വരെ വേണ്ടിവന്നു. പള്ളിപരിപാടികളില്‍ ചന്ദ്രനെ കൂട്ടാന്‍ വീട്ടുമുറ്റത്തെത്തുമ്പോള്‍ "ഇല്ല അവന്‍ വരുന്നില്ല. കുഞ്ഞു പോയ്ക്കോളു"എന്നു പറഞ്ഞു അവന്‍റെ അമ്മ തന്നെ നിരാശനാക്കി തിരിച്ചയച്ചത് ആദ്യമായി അന്നുമുതലാണ്. അതുവരെ നിഴലായി നടന്നവര്‍ പതിയെ അകന്നകന്നു പോയി.അല്ല! അകറ്റപ്പെട്ടു എന്നതാണ് സത്യം! ഒരുനാള്‍വരെ എന്തും വിളിച്ചു കൂവമായിരുന്നു. പെട്ടന്നോരുദിവസം നാവിന് കടിഞ്ഞാണ്‍ വീണു. ഇനി സൂക്ഷിച്ചു സംസാരിക്കണം, പ്രവര്‍ത്തിക്കണം. ബാല്യത്തിന്‍റെ, കൌമാരത്തിന്‍റെ, രസകരമായ നാളുകള്‍ അവസാനിച്ചിരിക്കുന്നു. ചുറ്റുമുള്ള സമൂഹം തന്നെ യുവാവായി അന്ഗീകരിച്ചത് അന്നുമുതലാണോ? അറിയില്ല.


കാലക്രമേണ വിദ്യ തേടി, പിന്നെ ജോലി തേടി നാടുവിട്ടപ്പോളും അവന്‍ എന്‍റെയുള്ളിലെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. ചന്ദ്രന് മിലിട്രി ഇന്റെര്‍വ്യൂകള്‍ ആവേശമായിരുന്നു. ആവശ്യത്തിലും കായികഷമത ഉണ്ടായിട്ടും അവനതു വിദൂരമായ സ്വപ്നമായി അവശേഷിച്ചു.പിന്നെ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി, രക്തതിലലിഞ്ഞുചേര്‍ന്ന പ്രത്യേയശാസ്ത്രങ്ങളാല്‍ വളര്‍ന്നു ട്രേഡ് യൂനിയന്‍ നേതാവായി. കാലം വഴിതെറ്റിയപ്പോളും, കുട്ടനാടന്‍ പാടശേഘരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ അപ്രത്യക്ഷമായപ്പോഴും, കൂടെനിന്നവര്‍ നോക്കുകൂലിയാല്‍ വിയര്‍പ്പറിയാത്ത അന്നം ആസ്വദിച്ചപ്പോളും അവര്‍ക്കിടയില്‍ വേറിട്ടുനിന്നു തലയുയര്‍ത്തിപ്പിടിച്ച് അവന്‍ കറകളഞ്ഞ കമ്യുണിസ്റ്റായി. ആദ്യമായി വിദേശത്തുനിന്നും നാട്ടിലെത്തിയപ്പോള്‍ അവനായി കരുതിവച്ചിരുന്നവയൊന്നും നല്‍കുവാന്‍ കവലയിലെ കോളാമ്പി മൈക്കില്‍ നിന്നും ഉയര്‍ന്നുകേട്ട അവന്‍റെ പ്രസംഗം തന്നെ അനുവദിച്ചില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുരവും മനസ്സില്‍ പഴങ്കഥപോലെ ചായക്കടക്കാരനും കര്‍ഷക മുതലാളിയും തെളിഞ്ഞു നിന്നു. അവരുടെ മക്കള്‍ ഒരുകാലത്ത് മിത്രങ്ങളായിരുന്നെന്നും, ഇപ്പോള്‍ വിരുദ്ധ ചേരിയില്‍ സന്ജരിക്കുന്നവരാണെന്നും, അവന്‍റെയുള്ളില്‍ ഇന്നു താന്‍ അപ്പനെപ്പോലെ ഒരു പെറ്റി ബൂര്‍ഷ മുതലാളിയാണെന്നതും തന്‍റെ തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് അവന്‍ തന്നെ ഗൌനിക്കാതെ നടന്നകന്നത്?


ചില നിമിഷങ്ങളില്‍ ഏകാന്തത അനുഗ്രഹമാകാറുണ്ട്. അതോ ഉള്ളു പൊള്ളയായ പുതിയ സ്വാര്‍ത്ഥ സൗഹൃദങ്ങളില്‍ തോന്നിയ നഷ്ടബോധാമോ എന്തോ പഴയ കൂട്ടുകാരനിലേക്ക് മനസ് ഓടിയെത്തിയതും ഈ അവധിക്ക് അവനെ കാണണമെന്നും അതിയായി ആഗ്രഹിച്ചതും. പക്ഷേ എല്ലാത്തവണെയുംപോലെ നാട്ടിലെത്തി ആദ്യ തിരക്കുകള്‍ തീര്‍ത്തു അവനിലേക്കൊടിയെത്താന്‍ താന്‍ വൈകിപ്പോയിരുന്നു. ജോലിയോടുള്ള ചന്ദ്രന്‍റെ ആത്മാര്‍ത്ഥത തനിക്ക് പണ്ടേ അറിവുള്ളതാണ്, അന്നും സംഭവിച്ചതതായിരിക്കാം. കൊയ്ത്തുകാലങ്ങളിലെ നെല്‍ ചുമടെടുപ്പില്‍ ത്രാസില്‍ 100 കിലോ തൂങ്ങുന്ന "കിന്‍റെല്‍" ചാക്കുകള്‍ കണ്ടു പകച്ച് മറ്റു തൊഴിലാളികള്‍ മാറിനില്‍ക്കുമ്പോള്‍, വെല്ലുവിളിച്ചുഅതെല്ലാം തലയിലേറ്റുന്ന അവനെ "കിന്‍റെല്‍ ചന്ദ്രന്‍" എന്നാണ് വിളിച്ചിരുന്നത്‌. അന്ന് സായാഹ്നം എണ്ണത്തില്‍ കൂടുതല്‍ ചുമടെടുത്ത്, ജോലി തീര്‍ത്ത്, പുഴയില്‍ കുളിച്ച്, ഇളം കാറ്റുകൊണ്ടു കല്‍ക്കെട്ടില്‍ കിടന്നുറങ്ങിയ അവന്‍ പിന്നീടുണര്‍ന്നില്ല. ആരോ പറഞ്ഞു വീട്ടില്‍നിന്നും ഞാന്‍ ഓടിയെത്തുമ്പോള്‍ അവനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുകയായിരുന്നു. വായില്‍നിന്നും ചോര വാര്‍ന്നിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആളുകള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു. ആറുമാസം പ്രായമായ ഒരു കുഞ്ഞ് ആരുടേയോ കയ്യിലിരുന്നു എന്നെനോക്കി ചിരിക്കുമ്പോള്‍ അത് ചന്ദ്രന്‍റെ മകനാണെന്ന് ഒരാള്‍ തന്‍റെ ചെവിയില്‍ പിറുപിത്തു. അധികനേരം അവിടെ നില്‍ക്കാന്‍ കഴിയാതെ തിരിഞ്ഞുനടക്കുമ്പോള്‍ ഒരുപാട്‌ ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞു.


ഇന്നും പുഴയരികില്‍ നില്‍ക്കുമ്പോള്‍.........സ്കൂള്‍ വഴില്‍ കുട്ടികളെ കാണുമ്പോള്‍.........ആത്മാര്‍ത്ഥതയില്ലാത്ത പോയ്മുഖങ്ങള്‍ കാണുമ്പോള്‍...........അവനെന്‍റെ തോളില്‍ ഒന്നു കയ്യിട്ട്‌ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.
                 ******

31 comments:

 1. I liked it......... heart touching.........

  ReplyDelete
 2. നന്നായി എഴുതിയിരിക്കുന്നു ,സൌഹൃദം ഹൃദയസ്പര്സ്സീയായി ,കൂടാതെ ആ നാടിന്‍പുറചിത്രവും ,മനസ്സില്‍ തങ്ങി നില്ക്കുന്നു ,നമ്മുടെ ആഗ്രഹങ്ങല്‍ക്കപ്പുറത്തേക്ക് വഴുതി മാറുന്ന ജീവിതം ,നാമറിയാതെ നമ്മെ കൈവിട്ടുകളയുന്ന ജീവിതം .....

  വഴിതെറ്റി വന്നയിടം മോശമായില്ല !!! തുടരുക !!!!

  ReplyDelete
 3. അസ്സലായി എഴുതി ....
  ഈ പോസ്റ്റ്‌ കണ്ടില്ലായിരുന്നു ...
  ഒരു നല്ല സുഹൃത്തിന്റെ വേര്‍പാടിന്റെ വേദന. അത് താങ്ങാവുന്നതിലും അപ്പുറമാണ് . ചന്ദ്രന്‍ വായനക്കാരനിലും ഒരു തേങ്ങലായി .

  ഗ്രാമത്തിന്റെ വിവിധ മുഖങ്ങള്‍ നനായി വരച്ചു . ആ ചായകടയും കടക്കാരന്‍ കമ്മുനിസ്റ്റ്‌ ഓര്‍മയില്‍ തെളിഞ്ഞു നില്‍ക്കും

  ReplyDelete
 4. കുട്ടിക്കാലത്ത് നമ്മുടെ ഉറ്റമിത്രമായ പലരും കാലക്രമേണ അറിയാതെ അകന്നു പോകുന്നു.അതിന് സാമൂഹികവും മതപരവും രാഷ്ട്രീയപരവുമായ കാരണങ്ങള്‍ കാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ ആ മാറ്റം അത്ഭുതപ്പെടുത്തുന്നതും, അതിലുപരി വേദനയുളവാക്കുന്നതുമാണ്. ഞാന്‍ ജീവിച്ചുവന്ന സാഹചര്യത്തിലൂടെ ആത്മാംശമുള്ള ഒരു കഥ പറയാന്‍ ശ്രമിച്ചു. അതില്‍ ഞാന്‍ വിജയിച്ചോ എന്ന് നിങ്ങളുടെ അഭിപ്രായങ്ങള്‍ നോക്കി തീരുമാനിക്കാം. നന്ദി.

  ReplyDelete
 5. എഴുത്തില്‍ കാണുന്ന കൂട്ടുകാര്‍ ഒരു വലിയ നോവാണ്. സമൂഹത്തിന്റെ ബോധത്തിന് നേരെ പിടിക്കാനുള്ള ശക്തമായ ഒരു കൊടിയടയാളം.
  മനുഷ്യനെ വിഭജിച്ചു വിഭജിച്ചു ഒടുക്കം കഷ്ണിച്ചു കളയുന്ന തെമ്മാടിത്തം. ചന്ദ്രനിലെ കമ്മ്യൂണിസ്റ്റിനു പോലും ഭേദിക്കാനാവാത്ത വിധം ആ മതിലുയര്‍ത്തിയത് ആരാണ്. പാരസ്പര്യത്തിന്റെയും പങ്കുവെക്കലുകളുടെയും വിശാലതയില്‍ നിന്നും അസൂയയുടെയും മാത്സര്യത്തിന്റെയും കാലത്തിലേക്ക്‌ മനുഷ്യനെ ചുരുക്കിയത് അവന്റെ ബോധത്തെ കെടുത്തിയത് എന്തിനാണ്..? അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തി കൊണ്ടാണ് ഈ എഴുത്ത് അവസാനിക്കുന്നത്. നല്ലൊരു വായന നല്‍കിയതിനു അഭിനന്ദനം സുഹൃത്തെ.

  ReplyDelete
 6. manassu thurannu parayunnu, nannnayirkunnu

  ReplyDelete
 7. ബാല്യകാല സ്മരണകളില്‍ ചാലിച്ചടുത്തെഴുതിയ കഥ
  ദുഃഖ പര്യവസാനി ആയതില്‍ ദുഃഖം തോന്നി, ഇതു വെറും കഥയോ
  അതോ അനുഭവ കഥയോ?

  പിന്നെ.
  കുട്ടനാട് പേജു കണ്ടു പക്ഷെ പ്രതികരിക്കാന്‍ ഇടം കണ്ടില്ല.
  എന്റെ പഴയകാല കോളേജു ജീവിതതിലെക്കൊന്നെതി നോക്കാന്‍
  അതിടയാക്കി സെന്റ്‌ അലോഷ്യസ് കോളേജില്‍ നിന്ന് ആ പാഠ
  വരമ്പുകളിലൂടെ നടന്നു നീങ്ങുന്ന ഒരു പ്രതീതി
  വിവരണങ്ങള്‍ കൊള്ളാം
  വീണ്ടും വരാം പുഞ്ചപ്പാട വിശേഷങ്ങള്‍ അറിവാന്‍

  എഴുതുക അറിയിക്കുക ബ്ലോഗില്‍ ചേരുന്നു

  വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്പ്

  ReplyDelete
  Replies
  1. @നാമൂസ്, ഫിലിപ്പ് ചേട്ടന്‍, ദീപു,
   ഇതു ഒരു കഥയായി എഴുതാന്‍ ഉത്ധേശിച്ചല്ല തുടങ്ങിയത്. എന്റെ ചെറുപ്പത്തിലെ ഒരു നല്ല സുഹൃത്ത് അകന്നുപോയത് എങ്ങനെയെന്ന് വിവരിക്കണമെന്നുണ്ടായിരുന്നു.(എന്നെപ്പോലെ മറ്റു പലരുടെയും അനുഭവമാകാം) ഈ സാമൂഹിക വിഷയം സുഹൃത് സംവാദങ്ങള്‍ക്കിടയില്‍ മറ്റു പലരോടും സൂചിപ്പിക്കുകയുണ്ടായി. അത് നിങ്ങളുടെ മാത്രം അനുഭവമാകാം, ഇപ്പോഴും ഇതുപോലെ നല്ല ബന്ധങ്ങള്‍ സൂക്ഷിച്ചുകൊണ്ടുപോകുന്ന ആളുകളും ഉണ്ട് എന്ന അഭിപ്രായം ഉരുത്തിരിഞ്ഞു വന്നു. അതാണ്‌ എന്നെ കുറ്റബോധത്തിന്റെ നിഴലിലെയ്ക്ക് കൊണ്ടുചെന്നെത്തിച്ചത്. അങ്ങനെ വേര്പിരിയാത്തവര്‍ ഭാഗ്യവാന്മാര്‍!., കാരണം ജീവിതയാത്രയില്‍ സ്വന്തം ഭാര്യയെക്കാളും കുഞ്ഞുനാളിലെമുതലുള്ള തന്നെ തൊട്ടറിഞ്ഞ് മനസുവായിച്ച് എന്തിനും തുണയായി നടക്കുന്ന ഒരു സുഹൃത്തിനെ പിന്നീടെപ്പോഴെങ്കിലും നമുക്ക് കിട്ടുമോ?

   @ഫിലിപ്പ് ചേട്ടന്‍,
   അവന്‍ മരിച്ചിട്ടില്ലെങ്കിലും, വെറും അപരിചിതരെക്കാള്‍ അകന്നുപോയി ഇന്നു ഞങ്ങള്‍.

   Delete
 8. This comment has been removed by the author.

  ReplyDelete
  Replies
  1. ഹൃദയത്തോട് തൊട്ടു നിന്നിരുന്ന ഇത്തരം സുഹൃത്തുക്കള്‍
   നമ്മില്‍ പലര്‍ക്കും ഉണ്ട്
   പക്ഷെ അത് ജോസ്സൂട്ടി ഇവിടെ ഹൃദയം തൊടും പോലെ
   അവതരിപ്പിച്ചു, പക്ഷെ ആ സത്യം അയാള്‍ ജീവിച്ചിരിക്കുന്നുയെങ്കിലും
   അപരിചിതരെപ്പോലെ എന്നത്, വീണ്ടും ദുഃഖം നല്‍കി
   നല്ല അവതരണം
   മറുപടി nottification മെയിലില്‍ കിട്ടിയില്ല അതത്രേ ഈ മറുപടിയും
   വൈകിയത്
   എഴുതുക അറിയിക്കുക
   വീണ്ടും കാണാം

   Delete
 9. ഒത്തിരി ഇഷ്ടമായി .....

  ReplyDelete
 10. നാട്ടിന്‍പുറവും സൌഹൃദ ബന്ധവും എല്ലാം നന്നായി എഴുതി
  പുഞ്ചപ്പാടം നല്ല വിളവു തന്നു കൊണ്ടിരിക്കുന്നു .....

  ReplyDelete
 11. ആ ചിത്രം വളരെ നന്നായിരിക്കുന്നു , ....

  ReplyDelete
 12. ഹൃദയ സ്പര്‍ശിയായ എഴുത്ത് .. ഗൃഹാതുരത മുറ്റി നില്‍ക്കുന്ന നാട്ടുചിത്രങ്ങളെ പകര്‍ത്തി, അതിലുപരി സുഹൃദ്‌ ബന്ധത്തിന്റെ ഊഷ്മളമായ ഓര്‍മ്മകള്‍ പങ്കു വെച്ചു, ആശംസകള്‍

  ReplyDelete
 13. പ്രിയ സുഹൃത്തിന്റെ വേര്‍പാട് , നൊമ്പരമായി അവശേഷിക്കുമ്പോള്‍ തന്നെ ,
  ആ ബന്ധം രൂപപ്പെടുത്തിയ ഗ്രാമ വിശുദ്ധിയും കാഴ്ചകളും മനോഹരമായി അവതരിപ്പിച്ചു

  ReplyDelete
  Replies
  1. ഗദകാല ചിന്തകള്‍ ഉണര്‍ത്തിയ സുഹുര്‍ത്തെ നന്ദി

   Delete
 14. ഗദകാല ചിന്തകള്‍ ഉണര്‍ത്തിയ സുഹുര്‍ത്തെ നന്ദി

  ReplyDelete
 15. ജോസെലെറ്റ് നന്നായി എഴുതി.നന്നേ ചെറുപ്പത്തിലെ കൂട്ടുകാരൊക്കെ എവിടെ?ശരിക്കും ഗൃഹാതുരത്വം ഉണര്‍ത്തുന്ന രചന.

  ReplyDelete
 16. അത്തരം ഒരു മാനസികമായ അകല്‍ച്ച ഇപ്പോള്‍ സംജാതമായിരിക്കുന്നു എന്നത് വാസ്തവമാണ്. സത്യത്തില്‍ അങ്ങിനെ സംഭവിക്കുന്നു എന്നത് ഓരോരുത്തള്‍ക്കും മനസ്സില്‍ തോന്നുന്ന സംശയങ്ങള്‍ ആണോ...അല്ലെങ്കില്‍ അങ്ങിനെ ഒരു മാറ്റം ഉണ്ടോ? കേള്വികളില്‍ നിന്ന് നാം സ്വയം സ്വരുക്കൂട്ടുന്ന അതിശയോക്തിയും ഒരു ഭാഗമല്ലേ എന്നെനിക്ക് തോന്നുന്നു.
  വളരെ സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 17. കുറച്ചു ദിവസം മുന്‍പ് ഈ കഥ വേറൊരു സൈറ്റില്‍ വായിച്ചിരുന്നു... അന്ന് ഞാന്‍ ഇവിടെ നോക്കിയപ്പോള്‍ ഇവിടെ പോസ്റ്റ്‌ ചെയ്തു കണ്ടില്ല...
  എന്തായാലും നന്നായി എഴുതി...

  ReplyDelete
 18. കഥ പോലെ തോന്നിയതേയില്ല...നേരെമറിച്ച് ഒരനുഭവം പറയുന്നതുപോലെ മനസ്സിനെ സ്പര്‍ശിക്കുന്നു

  ReplyDelete
 19. നന്നായി ട്ടോ...
  പഴയ നല്ല കാലത്തേക്കൊരു തിരിഞ്ഞു നോട്ടം ..!

  ReplyDelete
 20. nannaayitund....machu.. kure yaadaarthyangal.. ellaavaruTEyum anubhavam...

  ReplyDelete
 21. നന്നായി എഴുതിയിരിക്കുന്നു

  ReplyDelete
 22. നല്ല ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ
  ആശംസകള്‍

  ReplyDelete
 23. നന്നായി എഴുതി....

  ReplyDelete
 24. കാലം അടുപ്പിക്കുകയും അകറ്റുകയും ചെയ്യുന്ന
  സൗഹൃദത്തിന്റെ രസതന്ത്രത്തെ ഓര്‍ത്ത്‌
  ഞാനും പകച്ചു നില്‍ക്കുന്നു, ഏകാനായ്‌...,...
  എന്റെ നിഴലുകള്‍ നിറഞ്ഞും വറ്റി മനസ്സൊരു പുഴപോലെ ഒഴുകുന്നു....

  കഥ നന്നായി....

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  ReplyDelete
 25. നന്നായി എഴുതി, അഭിനന്ദനങ്ങൾ.

  ReplyDelete
 26. ഗ്രാമത്തിന്റെ വിശുദ്ധിയുള്ള ഈ കഥ വായിച്ചപ്പോള്‍ ഒരല്പ നേരം എന്റെ കുട്ടിക്കാലത്തെ കുറിച്ച് ഓര്‍ത്തുപോയി കൂട്ടുകാരാ !

  ReplyDelete
 27. ഇന്നും പുഴയരികില്‍ നില്‍ക്കുമ്പോള്‍.........സ്കൂള്‍ വഴില്‍ കുട്ടികളെ കാണുമ്പോള്‍.........ആത്മാര്‍ത്ഥതയില്ലാത്ത പോയ്മുഖങ്ങള്‍ കാണുമ്പോള്‍...........അവനെന്‍റെ തോളില്‍ ഒന്നു കയ്യിട്ട്‌ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന്

  അഭിനന്ദനങ്ങൾ.

  ReplyDelete
 28. ജോസേട്ട... ഇത് വായിക്കാന്‍ ഞാന്‍ അല്പം താമസിച്ചു. സൌഹൃദ ദിനത്തില്‍ തന്നെ വായിച്ചു എന്നത് ചിലപ്പോള്‍ ആകസ്മികത ആകാം. മനസ്സില്‍ തൊട്ടു പോയി ആ 'കിന്‍റെല്‍ ചന്ദ്രന്‍'.....

  ReplyDelete

Related Posts Plugin for WordPress, Blogger...