23.3.16

സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ: ചില പരിചയപ്പെടുത്തലുകള്‍


കാലത്തിനൊപ്പം നടക്കുന്ന കഥകള്‍

മാറുന്ന കാലത്തിനൊപ്പം നടക്കുകയും കാലപ്പഴക്കമേല്‍ക്കാതിരിക്കുകയും ചെയ്യുന്ന രചനകളാണ് മികച്ച സാഹിത്യ സൃഷ്ടികളാകുന്നത്. പുതിയ കാലത്തിനപ്പുറത്തേക്കു കടക്കുന്ന വ്യത്യസ്തമായ 15 കഥകളുടെ സമാഹാരമാണ് ജോസ്‌ലെറ്റ് ജോസഫിന്റെ 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ'. ഒരു ബാലസാഹിത്യ കൃതി എന്നതിനപ്പുറം എല്ലാ പ്രായക്കാരെയും ഒരുപോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു ഇതിലെ കഥകള്‍.

കുട്ടികളുടെ വ്യക്തിത്വ വികസനത്തില്‍ സ്വാധീനം ചെലുത്തുവാനും ഉള്ളിലുള്ള കഴിവുകള്‍ക്ക് മിഴിവേകുവാനും നല്ല പുസ്തകങ്ങള്‍ക്ക് സാധിക്കും. ലോകത്തിന്റെ സമ്മര്‍ദങ്ങളെ അതിജീവിക്കുവാനും നാടിന്റെ പാരമ്പര്യവും സംസ്‌കൃതിയും തിരിച്ചറിയുവാനും പ്രകൃതിയെയും മനുഷ്യനെയും ജീവജാലങ്ങളെയും സ്‌നേഹിക്കുവാനും പ്രചോദനം നല്‍കുന്നവയാണ് ഈ പുസ്തകത്തിലെ കഥകള്‍. ഇന്നിന്റെ കുട്ടികളെ, പ്രത്യേകിച്ച് വായനയില്‍നിന്ന് അകന്നുപോകുന്ന കൗമാരപ്രായക്കാര്‍ക്ക് ചുമതലാബോധവും തൊഴിലിന്റെ മഹത്വവുമൊക്കെ പകര്‍ന്നു നല്‍കുവാനും ദിശാബോധം നല്‍കാനും ഈ കൃതിക്ക് കഴിയുന്നുണ്ട്. 

കാലഘട്ടത്തിന് അനുസൃതമായി കുട്ടികളുടെ കാഴ്ചപ്പാടിലും കാര്യമായ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇന്നത്തെ കുട്ടിയുടെ ബൗദ്ധിക നിലവാരം 10 കൊല്ലം മുമ്പത്തെ അതേ പ്രായക്കാരനേക്കാള്‍ എത്രയോ മുകളിലാണ്. പുതിയ കാലത്തെ കഥകള്‍ ആ ബുദ്ധിയെ ബഹുമാനിച്ചുകൊണ്ടുള്ളവയാകണം. ദൃശ്യ മാധ്യമ രംഗത്തെ വളര്‍ച്ചയും സാങ്കേതികതയുടെ കുതിച്ചുചാട്ടവുമൊക്കെയായി കുട്ടികളുടേ അഭിരുചികള്‍ക്കുപോലും വളരെയേറെ മാറ്റം വന്നിരിക്കുന്നു. 'ഒരിടത്തൊരിടത്ത്' എന്നു തുടങ്ങുന്ന പഴഞ്ചന്‍ മുത്തശ്ശിക്കഥകള്‍ പുതുതലമുറയെ ആകര്‍ഷിക്കുന്നില്ല. അവരുടെ ചിന്തകളും ഭാവനകളും കാഴ്ചപ്പാടുകളുമൊക്കെ റിയാലിറ്റിഷോകളുടെ പുതിയ കാലത്തു തങ്ങിനില്‍ക്കുന്നു.

കഥകള്‍ വായിക്കുമ്പോള്‍ കുട്ടികള്‍ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ച് തങ്ങളുടെ ഭാവനാലോകത്ത് യഥേഷ്ടം വിഹരിക്കുന്നു. കുട്ടിക്കഥകളിലായാലും ആവശ്യത്തിലധികം ഉപദേശങ്ങള്‍ നിറക്കുന്നത് മടുപ്പുളവാക്കും. കുഞ്ഞുങ്ങളുടെ മരുന്നുപോലും മധുരകരമാവണമെന്നാണല്ലോ. ആതിരിച്ചറിവില്‍ പാകപ്പെടുത്തിയവയാണ് ഈ കഥകള്‍. ഏത് അപകടഘട്ടത്തിലും മനസ്സാന്നിധ്യം കൈവിടാതെ പ്രതിസന്ധികളെ തരണം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന 'ബോയ് ആന്റ് ദ ബലൂണ്‍', 'സ്വര്‍ണമത്സ്യം' സഹജീവിസ്‌നേഹവും ദയയും കാരുണ്യവും അവസരസമത്വത്തിന്റെ പ്രാധാന്യവും വിവരിക്കുന്ന 'ന്യൂസ് പേപ്പര്‍ ബോയ്', 'കടല്‍ക്കരയിലെ പെണ്‍കുട്ടി', 'ബര്‍ത്ത്‌ഡേ പാര്‍ട്ടി' തുടങ്ങിയ കഥകളും മികച്ച ഉദാഹരണങ്ങളാണ്.

ഭൂമിയില്‍ എല്ലാ ജീവജാലങ്ങള്‍ക്കും വസിക്കുവാനുള്ള അവകാശമുണ്ടെന്നും ആവാസ വ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം അവരവരില്‍ നിക്ഷിപ്തമാണെന്നും 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ', 'സര്‍പ്പസൂത്രം', 'അത്ഭുതക്കാഴ്ചകള്‍ക്കപ്പുറം' എന്നീ കഥകളിലൂടെ വ്യക്തമാക്കുന്നു.
ബാലസാഹിത്യം എന്ന ലേബലിന് അപ്പുറം നില്‍ക്കുന്ന, വ്യത്യസ്ത മാനങ്ങളുള്ള 'അത്ഭുതക്കാഴ്ചകള്‍ക്കപ്പുറം' എന്ന ചെറുകഥയില്‍ എഴുത്തുകാരന്‍ കുറിക്കുന്നു; 'നമ്മള്‍ ജീവിക്കുന്ന സ്ഥലം തന്നെയാണ് ലോകത്തിലെ ഏറ്റവും മനോഹരം. ഏത് പാഴ്ഭൂമിയേയും സ്വര്‍ഗമാക്കി മാറ്റുന്നത് അവിടെ വസിക്കുന്നവരാണ്'.
അച്ഛനമ്മമാര്‍ക്കിടയിലെ കൊച്ചുകൊച്ചു പിണക്കങ്ങള്‍ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് 'സര്‍പ്പസൂത്രം' എന്ന കഥ കാട്ടിത്തരുന്നു. 'കൊച്ചു കൊച്ചു കാര്യങ്ങള്‍ക്കെന്തിനാ വലിയവര്‍ ദേഷ്യപ്പെടുന്നത്' എന്ന കൊച്ചു ചോദ്യം വലിയവരെയും ചിന്തിപ്പിക്കും.
'വീ ഹെല്‍പ്', 'കുയില്‍', 'പ്രകാശം പരത്തുന്ന പ്രതിമകള്‍', 'കുട്ടികളുടെ റിപ്പബ്ലിക്' എന്നീ കഥകള്‍ കര്‍ത്തവ്യ ബോധവും അധ്വാനത്തിന്റെ മഹത്വവും ഓര്‍മപ്പെടുത്തുന്നു.
പിതാക്കന്മാരുടെ മദ്യപാനം എത്ര ആഴത്തില്‍ പിഞ്ചു ഹൃദയങ്ങളെ മുറിവേല്‍പ്പിക്കുമെന്ന് 'ന്യൂസ് പേപ്പര്‍ ബോയ്' എന്ന കഥയില്‍ ഹൃദയസ്പര്‍ശിയായി വിവരിച്ചിരിക്കുന്നു. 'ചുറ്റുമുള്ളതിനെ കാണാന്‍ കഴിയുന്നില്ലെങ്കില്‍ നമുക്ക് കണ്ണുകള്‍ എന്തിനാണ്? സകലതിനേയും അവഗണിച്ചും പരിഹസിച്ചും നാം പായുന്നത് എങ്ങോട്ടാണ്?. കഥയിലെ ചില ചോദ്യങ്ങള്‍ എല്ലാവരുടേയും കണ്ണുതുറപ്പിക്കും. 'അപ്പുവിന്റെ നഗരക്കാഴ്ച്ചകള്‍' അത്തരം ഒരു ഉള്‍ക്കാഴ്ചയില്‍ നിന്നുണ്ടായ കരുണയുടെ ഉറവയാണ്. 

മലയാള ബാലസാഹിത്യലോകത്തിന്റെ മുത്തശ്ശി സുമംഗലയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. 'സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ' കുട്ടികളുടെ ബുദ്ധിയെ തൃപ്തിപ്പെടുത്തുകയും ഭാവനയെ ഉയരങ്ങളില്‍ എത്തിക്കുകയും പ്രായമേറിയവര്‍ക്ക് അവരുടെ മധുര ശൈശവത്തിലേക്കൊരു തിരിച്ചുപോക്കും സമ്മാനിക്കുമെന്നതും തീര്‍ച്ചയാണ്.

ഒരു ചെറിയ – 'വലിയ' പുസ്തകം തീര്‍ക്കുന്ന സാങ്കല്‍പ്പിക ലോകവും അത് സൃഷ്ട്ടിക്കുന്ന കരുത്തും മാസ്മരികതയും.
 
(മലയാളം ന്യൂസ് - സൗദി)

കുട്ടികള്‍ വായനയില്‍ അവരുടെതായ ഒരു സാങ്കല്‍പ്പിക ലോകം തീര്‍ത്ത്‌ അതിലെ ഇഷ്ടമുള്ള കഥാപരിസരങ്ങള്‍ കണ്ടെത്തി അവിടേക്ക് കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ തുടങ്ങുന്നു. കഥയുടെ ഗതിവിഗതിക്കള്‍ക്കൊപ്പം യാത്ര തുടരുമ്പോള്‍ ആകാംഷ തുടര്‍ പ്രയാണത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നു. കഥകളിലൂടെയുള്ള ഇത്തരം യാത്രകള്‍ പുതിയ അറിവുകളും ചില തിരിച്ചറിവുകളും നല്‍കുന്നതിനൊപ്പം സ്നേഹവും നന്മയും കുട്ടികളില്‍ ഉരുവം കൊള്ളാന്‍ കാരണമാകുന്നു.
മേല്‍പ്പറഞ്ഞതൊക്കെ സാധ്യമായായാല്‍ ഒരു ബാലസാഹിത്യ കൃതി ഏറെക്കുറെ അതിന്റെ ലക്‌ഷ്യം കണ്ടു എന്ന് അനുമാനിക്കാം. ഇത്തരത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിച്ച ഒരു ബാലസാഹിത്യ കൃതിയാണ് ജോസ്ലെറ്റ്‌ ജോസെഫിന്റെ ‘സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ’ എന്ന പുസ്തകം. അതുകൊണ്ടു തന്നെയാകാം ഈ പുസ്തകം ഓണ്‍ലൈന്‍ ഇടങ്ങളിലും ഓഫ്‌ലൈന്‍ കൂട്ടായ്മകളിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
സാധാരണ കുട്ടിക്കഥകളില്‍ കണ്ടുവരുന്ന ഒരിക്കല്‍, ഒരിടത്ത് എന്നീ പഴഞ്ചന്‍ മുത്തശ്ശികഥാ കഥന ശൈലി ഉപേക്ഷിച്ച് തന്റെതായ രീതിയില്‍ കുട്ടികളെയും മുതിര്‍ന്നവരേയും കഥയ്ക്കൊപ്പം കൂട്ടാനുള്ള പ്രതിഭ ഈ എഴുത്തുകാരനുണ്ട് എന്ന് ‘സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ’ തെളിയിക്കുന്നു. അതിന്റെ മികവുറ്റ ഉദാഹരണങ്ങളാണ് ന്യൂസ്‌പേപ്പര്‍ ബോയ്‌, ബോയ്‌ ആന്‍ഡ്‌ ബലൂണ്‍ തുടങ്ങിയ കഥകള്‍.
അമ്മയ്ക്കൊപ്പം വഴിയെ നടന്നു പോകുന്ന കുട്ടി വഴിയരികില്‍ വീണുകിടക്കുന്ന ഒരാളെ കണ്ട് ” അമ്മേ…. ദേ ഒരാള്‍ കിടക്കുന്നു” എന്ന് പറഞ്ഞാല്‍ ഉത്തരമായി “മോന്‍ അങ്ങോട്ട്‌ നോക്കണ്ട…. അത് വല്ലവരും കള്ള കുടിച്ചു കിടക്കയാവും” എന്ന് പറയുന്ന നമ്മിലെ മാതാപിതാക്കളുടെ കണ്ണുകള്‍ സ്വന്തം കുഞ്ഞിന്റെ കണ്കള്‍ക്കൊപ്പം നന്മയുടെ മറ്റൊരു ലോകത്തേക്ക് തുറപ്പിക്കാന്‍ കഴിയും വിധം ബലമുള്ള സന്ദേശം ന്യൂസ്‌ പേപ്പര്‍ ബോയ്‌ എന്ന കഥ നല്‍കുന്നുണ്ട്.
ആകാംക്ഷാഭരിതമായൊരു ബലൂണ്‍ യാത്ര കഥാനായകനായ ബാലന് തുറന്നു കൊടുക്കുന്ന വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്കപ്പുറം പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യണമെന്ന തിരിച്ചറിവിനും ഒരു വലിയ തിന്മയുടെ ഉന്മൂലനത്തിനും അവന്‍ നിമിത്തമാകുന്നത് ‘ബോയ്‌ ആന്‍ഡ്‌ ദി ബലൂണ്‍’ എന്ന കഥയില്‍ ഉജ്വലമായി വിവരിച്ചിട്ടുണ്ട്.
സൂപ്പര്‍ ജങ്കിള്‍ റിയാലിറ്റി ഷോ’ എന്ന കഥയില്‍ പുതിയ ലോകം പ്രകൃതിയേയും ജീവജാലങ്ങളെയും എങ്ങനെ കബളിപ്പിച്ചു ചൂക്ഷണ വിധേയമാക്കുന്നു എന്ന വലിയ പാഠം ഏറ്റവും ലളിതമായി ആലേഖനം ചെയ്യുന്നതില്‍ വിജയിച്ചിരിക്കുന്നു.

കഥകളെ തരം തിരിച്ചു പ്രതിപാദിക്കാന്‍ ഏറെയുണ്ടെങ്കിലും നീണ്ട ഒരു പുസ്തകനിരൂപണത്തിന് മുതിരുന്നില്ല. എങ്കിലും ഒന്നു തറപ്പിച്ചു പറയുന്നു, വ്യത്യസ്തമായ അനുഭവപാഠങ്ങളും നന്മയുടെ സന്ദേശങ്ങളുംകൊണ്ട് സമ്പന്നമായ പതിനഞ്ചു കഥകളുടെ ഈ സമാഹാരം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ വായിച്ചു ആസ്വദിക്കാനാവും. ആകര്‍ഷകമായ കവറും കുട്ടികളെ കഥയിലേക്ക് പിടിച്ചടുപ്പിക്കു വിധം ഭംഗിയുള്ള ചിത്രങ്ങളും പുസ്തകത്തിന്റെ പകിട്ടാണ്. മലയാള ബാലസാഹിത്യരംഗത്തിന് ഒരു പിടി മികച്ച രചനകള്‍ സമ്മാനിച്ച കഥമുത്തശ്ശി സുമംഗലയാണ് അവതാരിക എഴുതിയിരിക്കുന്നത്. സി.എസ്.എസ് ബുക്ക്സ് തിരുവല്ല യാണ് പ്രസാധകര്‍.

ലാസ്റ്റ്‌ ബട്ട്‌ നോട്ട് ലീസ്റ്റ്:
നന്മയുടെ ലോകത്ത് സ്നേഹത്തെയും സാഹോദര്യത്തെയും കൂട്ടുപിടിച്ചു ജീവിക്കേണ്ട നമ്മുടെ കുഞ്ഞുങ്ങള്‍ മതം, രാഷ്ട്രീയം, ലൈംഗീക അരാജകത്വം തുടങ്ങി വിഷലിപ്തമായ വാര്‍ത്തകളിലേക്കും നിയന്ത്രണംവിട്ട നവമാധ്യമ ഇടങ്ങളിലെക്കും വലിച്ചിഴയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികള്‍ പരിസരങ്ങളെ പഠിച്ചെടുക്കുന്നു, കൌതുകകരമായ എന്തിലെക്കും ആകര്‍ഷിക്കപ്പെടുന്നു. അവിടെയാണ് ബുദ്ധി വികാസത്തിനനുസൃതമായി സ്നേഹവും സഹോദര്യവും സമൂഹനന്മയുമൊക്കെ അവരിലേക്ക് എത്തിക്കുന്ന പുസ്തകങ്ങളുടെ പ്രസക്തി. അത്തരം സ്നേഹസന്ദേശങ്ങള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കാനാകാതെ പോയാല്‍ നാളെ നമ്മള്‍ ദുഖിക്കേണ്ടി വരും. ആരുടെ മുന്നിലേക്കും കൂസലില്ലാതെ അവര്‍ തൊടുക്കുന്ന ചോദ്യശരങ്ങളില്‍ നാം വെന്തുപിടയാന്‍ ഇടവന്നേക്കാം. സഹാനുഭൂതിയോടെയും ഉള്‍ക്കാഴ്ചയോടെയും ലോകത്തെ കാണാന്‍ നന്മകളുടെ ലോകത്തേക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൈ പിടിച്ചു നടത്താന്‍ ഇത്തരം നിരവധി പുസ്തകങ്ങള്‍ ഇനിയും എഴുതപ്പെടെണ്ടതുണ്ട്.



30.1.16

രംഗബോധമില്ലാത്ത കോമാളി

ജീവിതയാത്രയുടെ ചില മുനമ്പുകളില്‍ നമ്മള്‍ ഒറ്റപ്പെട്ടുപോകാറുണ്ട്‌. കൂടെ ആളുകള്‍ ഇല്ലാത്തതുകൊണ്ടല്ല, ഒറ്റയ്ക്കെടുക്കേണ്ട തീരുമാനങ്ങളുടെ സന്നിഗ്ദ്ധതകൊണ്ട്. അപകടം പിന്നിലുള്ളപ്പോള്‍ മുനമ്പില്‍ നിന്ന് താഴേക്ക് ചാടണോ അതോ പിന്‍തിരിഞ്ഞു നിന്ന് പൊരുതണോ എന്ന ആശയക്കുഴപ്പമുണ്ടാവും. ജീവനും മരണവും ഒരു തീരുമാനത്തിന്റെ സമയദൈര്‍ഘ്യത്തിനുള്ളില്‍ തന്നെ സംഭവിക്കാം!

അനുഭവങ്ങള്‍ അതേപടി എഴുതാന്‍ മടിയുള്ള കൂട്ടത്തിലാണ് ഞാന്‍. അത്ര തീവ്രമായതൊന്നും പങ്കുവെയ്ക്കാനില്ലാത്തതുകൊണ്ട് അല്പമെന്തെങ്കിലും പൊടിപ്പും തൊങ്ങലുംവെച്ച് തട്ടിവിടുകയാണ് പതിവ്. പലപ്പോഴും വായിക്കുന്ന പുസ്തകങ്ങളിലൂടെ മറ്റുള്ളവരെ അറിയാനും ആ ജീവിതാനുഭവങ്ങള്‍ പുതിയൊരു ദര്‍ശനത്തിന് നിദാനമാകുകയും ചെയ്യാറുണ്ട്. അതിനേക്കാളൊക്കെ എത്രയോ വലുതാണ്‌ സ്വജിവിതം സമ്മാനിക്കുന്ന അറിവുകള്‍. ജീവിതമാണ് ഏറ്റവും വലിയ പാഠശാല.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ്. ‘അച്ചായന്‍’ എന്ന്‍ ഞങ്ങള്‍ വിളിക്കുന്ന എന്റെ പിതാവ് വിട്ടുപിരിഞ്ഞത്. എട്ടുമക്കളും ഇരുപത്തൊന്നു പേരക്കിടാങ്ങളും അതിനൊത്ത ബന്ധുബലവുമുള്ള ഒരു കുടുംബത്തെ താങ്ങിനിര്‍ത്തിയിരുന്ന വന്‍വൃക്ഷമാണ് വേരറ്റുപോയത്. വീഴുമ്പോള്‍ വൃക്ഷത്തിന്റെ ഉള്ള് പൊള്ളയായിരുന്നു. വയറ്റിനുള്ളിലെ ക്യാന്‍സറാണ് തന്നെ വീഴ്ത്തിയതെന്ന് മരിക്കുമ്പോഴും അദ്ദേഹം അറിഞ്ഞിരുന്നില്ല. രോഗകാരണം അറിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ തന്നെ ആളു പോയി. ഒന്നും പറയേണ്ടതില്ലെന്ന്‍ ഞങ്ങള്‍ മക്കള്‍ മുന്‍പേ തീര്‍ച്ചപ്പെടുത്തിയിരുന്നു. കഠിനാധ്വാനംകൊണ്ടും ചിട്ടയായ ജീവിതക്രമംകൊണ്ടും കാര്യമായ രോഗങ്ങളൊന്നും തനിക്കില്ലെന്ന് അഭിമാനിച്ചിരുന്ന അച്ചായന് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവില്ലന്നത് ഞങ്ങളുടെ തെറ്റിദ്ധാരണയാകാം.

മക്കളുടെയും കൊച്ചുമക്കളുടെയും അമ്മച്ചിയുടെയും പരിലാളനം ഏറ്റുവാങ്ങിക്കൊണ്ടാണ് അച്ചായന്‍ പോയത്. അത് അങ്ങനെതന്നെ വേണമെന്നത് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയത് വൈകാരികമായ സ്വാര്‍ത്ഥതകൊണ്ടു മാത്രമല്ല, ചികിത്സിച്ചുഭേദമാക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്.

ആറുമാസം മുന്‍പ് ഒരു ശവസംസ്കാരചടങ്ങില്‍ പങ്കടുക്കവേ ആ വീട്ടിലെ അമ്മച്ചി പറഞ്ഞു;

“മോനെ, ഇത്രകാലം ഞാന്‍ കൂടെയുണ്ടായിട്ടും മരിക്കുമ്പോള്‍ ആ കൈ ഒന്നു പിടിക്കാന്‍, ഒരുതുള്ളി വെള്ളം കൊടുക്കാന്‍, എനിക്കായില്ല. ആരെയും ഐ.സി.യു.വില്‍ കിടത്തരുത് മോനേ... അടുത്തിരുന്ന് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞുകൊണ്ട് മരിക്കാമല്ലോ...”

ആ അമ്മയുടെ വാക്കുകള്‍ ഉള്ളില്‍ വലിയൊരു വിങ്ങലായി നില്‍ക്കുമ്പോഴാണ് അച്ചായന്റെ നാളുകളും എണ്ണപ്പെട്ടിരിക്കുന്നു എന്നറിയുന്നത്. കീമോതെറാപ്പിയും മറ്റു ട്രീറ്റ്മെന്റ്റുകളും നിഷ്ഫലമെന്ന് അറിയിച്ച്, ഒപ്പം നിന്ന് ‘നന്നായി മരിക്കാന്‍’ അവസരം ഒരുക്കിയ ഡോക്ടറോടും നന്ദിയുണ്ട്. മെഡിക്കല്‍ എത്തിക്സിനേക്കാള്‍ മനുഷ്യരുടെ മനസിനെ അറിയുന്ന മാര്‍ക്കെറ്റ് ചെയ്യപ്പെടാത്ത ചിലയാളുകള്‍ ഇന്നുമുണ്ട്.

എല്ലാം അറിയാമെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ എന്തെങ്കിലും അത്ഭുതം അവസാന നിമിഷം സംഭവിക്കും എന്ന് നമ്മള്‍ പ്രത്യാശിക്കും. അവരെ വെറുതേ അങ്ങു പറഞ്ഞുവിടാനുള്ള മനക്കരുത്ത് അപ്പോള്‍ ഉണ്ടാവില്ല. ജീവനും മരണവും ഒരു തീരുമാനത്തിന്റെ സമയ ദൈര്‍ഘ്യത്തില്‍ തൂങ്ങി നില്‍ക്കുന്ന അവസ്ഥ. അതും ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഏതാണ്ട് ഏഴു വര്ഷം മുന്‍പ്.

ഹാര്‍ട്ട് ചെക്കപ്പിനായി കൊണ്ടുവന്ന അമ്മച്ചിക്ക് ആശുപത്രിയില്‍ വെച്ച് വീണ്ടും അറ്റാക്ക് വന്നു. എ.സി.യു.വില്‍ എത്തും മുന്‍പേ ബോധം മറഞ്ഞു. ഓപ്പന്‍ ഹാര്‍ട്ട് ശസ്ത്രക്രിയ അല്ലാതെ പോംവഴിയില്ല. രോഗിയുടെ പ്രായവും ആഘാതത്തിന്റെ വ്യാപ്തിയും കൂടുതലായതിനാല്‍ ഓപ്പറേഷന്‍ ടേബിളില്‍ മരണം സംഭവിക്കാനുള്ള സാധ്യത അമ്പതു ശതമാനത്തിലും അധികമാണ്. മകനായ ഞാന്‍ എഴുതി ഒപ്പിട്ടു കൊടുത്താല്‍ സര്‍ജറി അല്ലെങ്കില്‍ ഓക്സിജന്റെ സഹായത്തോടെ മരുന്നും മന്ത്രവുമായി വീട്ടിലേക്ക് കൊണ്ടുപോകാം. എന്തുചെയ്യണമെന്നറിയാതെ നിന്ന ഞാന്‍ വിദേശത്തുള്ള ബന്ധുവായ ഡോക്ടറെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ വാക്കുകളാണ് ഒരു തീരുമാനമെടുക്കാന്‍ സഹായകമായത്.

“എന്റെ അമ്മയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഓപ്പറേഷന്‍ ചെയ്തിരിക്കും, ഒരു ഡോക്ടര്‍ ആയതുകൊണ്ടല്ല മറിച്ച്, അത് ചെയ്തിരുന്നെങ്കില്‍ അമ്മ ജീവിച്ചേനെ എന്ന വിചാരം നാളെയെന്നെ പീഡിപ്പിക്കാതിരിക്കാന്‍.’

അതേ ഞാന്‍ തന്നെയാണ് അച്ചായനെ കാഠിന്യമുള്ള മരുന്നുകളുടെ പീഡനം ഏല്‍പ്പിക്കാതെ മരണത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനമെടുത്തത്. എന്തൊരു വിരോധാഭാസം! നിയതിയുടെ നിര്‍ദാക്ഷിണ്യത.

Die in dignity. ‘അന്തസോടെ വിടവാങ്ങുക.’ അത് അച്ചായന്‍ പണ്ടേ തീരുമാനിച്ചുറപ്പിച്ചതായിരുന്നു. സ്വന്തം ശവപ്പെട്ടി വെയ്ക്കാന്‍ ആറടി നീളത്തില്‍ ഒരു മേശ, പത്രത്തില്‍ കൊടുക്കാനുള്ള ഫോട്ടോ, വിളിച്ചറിയിക്കേണ്ട ആളുകളുടെ പേരും ഫോണ്‍ നമ്പരും, വസ്തു, ബാങ്ക് അനുബന്ധ വസ്തുതകള്‍ എഴുതിയ ഡയറി, വില്‍പത്രം. ഇതൊക്കെ നേരത്തെ തയ്യാറാക്കി വെച്ചിരുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരിട്ടും വിളിച്ചു വരുത്തിയും കണ്ടു. വന്നവരോടൊക്കെ പറഞ്ഞു. ‘ഞാനിനി അധികനാളില്ല.’ ഏത് യാത്ര പുറപ്പെടുമ്പോഴും വളരെ നേരത്തെ ഒരുങ്ങി നില്‍ക്കാറുള്ള അച്ചായന്റെ ഈ പ്രവര്‍ത്തികളൊക്കെ അന്ന് തമാശയായേ കണ്ടിരുന്നുവെങ്കിലും ഏറ്റവും നന്നായി ഒരുങ്ങേണ്ട യാത്ര ഏതാണെന്ന് ഇന്നെനിക്കറിയാം.

മതില്‍ കെട്ടിയപ്പോള്‍ അയല്‍പക്കത്തെ അതിരിന് ഗേറ്റ് സ്ഥാപിച്ചത്, മതാതീതമായ മനുഷ്യബന്ധം ലോകത്തിന് കാട്ടിക്കൊടുക്കാനായിരുന്നെന്ന് അച്ചായന്റെ മരണാനത്തരമാണ് പലര്‍ക്കും മനസിലായത്. മരണവീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാലുനാള്‍ ഭക്ഷണമൊരുക്കിയത് അവരാണ്. ‘സ്വന്തമായി കൃഷിചെയ്യുന്നതിന്റെ വിഹിതം അയല്‍ക്കാര്‍ക്കും നല്‍കണം’ എന്ന് മരണക്കിടക്കയില്‍ വെച്ചും പുള്ളി പറഞ്ഞിരുന്നു. അയല്‍ക്കൂട്ടം പിറ്റേന്നത്തെ ഊണിനുള്ള ചുറ്റുവട്ടങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്ന രാത്രിയിലാണ് വീട്ടിലെ തെങ്ങ് വീണത്. ‘സാറ്, ഇവിടെത്തന്നെയുണ്ട്‌’ എന്ന് പറഞ്ഞ് സ്ത്രീകള്‍ നിലവിളിച്ചതും ‘പുള്ളി പണ്ടേ സ്ഥലം കാലിയാക്കി’യെന്നു ഞങ്ങള്‍ കളിയാക്കിയതുമൊക്കെ പ്രകൃത്യാ സംഭവിച്ചതു തന്നെയാണ്.

ഉള്ളില്‍ വേദന പേറുന്ന നിമിഷങ്ങളിലും ചിലത് നമ്മെ ചിരിപ്പിക്കും. ‘മരണം രംഗബോധമില്ലാത്ത കോമാളി’യെങ്കില്‍ ആ കളി കണ്ടിരിക്കുന്ന നമുക്കും ആസ്വദിക്കാനുള്ള അവസരം അതൊരുക്കുന്നുണ്ട്‌. മോര്‍ച്ചറിയുടെ തണുപ്പില്‍ തന്റെ അവസാന സന്ദര്‍ശകരെ കാത്ത് അച്ചായന്‍ കിടക്കുമ്പോള്‍, ആശുപത്രിക്കിടക്കയില്‍ വെച്ച് പുള്ളി പറഞ്ഞ തമാശകള്‍ അയവിറക്കി വീട്ടില്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. ചിരിയ്ക്കൊടുവില്‍ കണ്ണുനിറയും.

സെമിത്തേരിയിലേക്കുള്ള യാത്രയില്‍, എന്നെക്കൊണ്ട് വാങ്ങിപ്പിച്ച ഇഷ്ടനിറമായ നീലക്കര മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് പുള്ളി കിടന്നു. മഞ്ചം ഒരുക്കിയിരിക്കുന്ന ഒമ്നിവാനില്‍ ആ മാന്യദേഹത്ത് സുഗന്ധ ദ്രവ്യങ്ങള്‍ പൂശി ഞാനിരുന്നു. എല്ലാ വാഹനങ്ങള്‍ക്കും സൈഡ് കൊടുത്ത് ഏറ്റവും പിന്നിലായി നിന്നിരുന്ന വാനിന്റെ ഡ്രൈവര്‍ക്ക് വൈകിയാണ് മനസിലായത് കുറേനേരമായി താന്‍ കടത്തിവിട്ടുകൊണ്ടിരിക്കുന്നത് വിലാപയാത്രയിലില്ലാത്ത വാഹനങ്ങളെയാണെന്ന്! ഒരുപാടു പിന്നിലായെന്നു തിരിച്ചറിഞ്ഞതോടെ വലിച്ചുവിട്ടൊരു പോക്കായിരുന്നു. ലോകത്ത് ഒരു ശവമഞ്ചവും ഇങ്ങനെ പായുന്നത് ഞാന്‍ കണ്ടിട്ടില്ല! ഗട്ടറില്‍ തട്ടിത്തെറിച്ച് ബാക്ക് ഡോര്‍ തുറന്ന് അച്ചായനെങ്ങാനും പുറത്തുപോയാലോ എന്ന് ഞാന്‍ ഭയന്നു. പറക്കും തളികയെ അനുസ്മരിപ്പിക്കുന്ന വിധം വാഹനം വഴിതെറ്റിയോ പാടത്തേക്ക് മറിഞ്ഞോ അപ്രത്യക്ഷമായാല്‍ പരേതനെ പ്രതീക്ഷിച്ചിച്ച് പള്ളിയങ്കണത്തില്‍ നില്‍ക്കുന്നവരുടെ ഗതിയെന്താകുമെന്ന് ഓര്‍ത്തുനോക്കി. അവസാന യാത്രയിലും അങ്ങേരെന്നെ ചിരിപ്പിച്ചു. രംഗബോധമില്ലാത്ത കോമാളി സത്യത്തില്‍ ആരായിരുന്നു?

താനിതൊക്കെ ചെയ്ത് എന്തിനു അപഹാസ്യനാകുന്നു എന്നൊരു കോമാളിക്ക് തോന്നിയാല്‍...? പിന്നെ അയാള്‍ക്ക് അരങ്ങില്‍ സ്ഥാനമില്ല.

അബ്ബാസ് കരിസ്തോമിയുടെ ‘ആന്‍ഡ്‌ ലൈഫ് ഗോസ് ഓണ്‍’ എന്ന സിനിമയില്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ നിന്നും കോട്ടും ടയ്യും ധരിച്ച് ഇറങ്ങിവരുന്ന ഒരു ചെറുപ്പക്കാരനെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് യാത്രികന്‍ ചോദിക്കുന്നു.

‘സുഹൃത്തേ താങ്കെളെന്താണ് ഈ വേഷത്തില്‍’.

‘എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ..’

‘ഈ ഭൂകമ്പത്തിന് ഇടയിലുമോ?’

‘ഒരുപാട് കാത്തിരുന്ന വിവാഹമാണ്. ഞങ്ങള്‍ ഇരുവരുടെയും അനേകം ബന്ധുക്കള്‍ മരിച്ചു. ദുഖാചരണം കുറെ ദിവസമെങ്കിലും ഉണ്ടാകും. ചിലപ്പോള്‍ വീണ്ടും ഭൂകമ്പം വരും. വീണ്ടും ആളുകള്‍ മരിക്കും...’

വെയിലും മഴയും പേമാരിയും ഭൂകമ്പവും ഋതുഭേദങ്ങളും വന്നുപോകും. പക്ഷേ ജീവിതം ഒന്നുമാത്രം. അതുപോലെ സുന്ദരമായ മറ്റൊന്നില്ല, അത് സമ്മാനിക്കുന്ന ദുഖങ്ങളും ചെറുതല്ല. ബട്ട്, ലൈഫ് ഗോസ് ഓണ്‍............
Related Posts Plugin for WordPress, Blogger...