30.1.16

രംഗബോധമില്ലാത്ത കോമാളി

ജീവിതയാത്രയുടെ ചില മുനമ്പുകളില്‍ നമ്മള്‍ ഒറ്റപ്പെട്ടുപോകാറുണ്ട്‌. കൂടെ ആളുകള്‍ ഇല്ലാത്തതുകൊണ്ടല്ല, ഒറ്റയ്ക്കെടുക്കേണ്ട തീരുമാനങ്ങളുടെ സന്നിഗ്ദ്ധതകൊണ്ട്. അപകടം പിന്നിലുള്ളപ്പോള്‍ മുനമ്പില്‍ നിന്ന് താഴേക്ക് ചാടണോ അതോ പിന്‍തിരിഞ്ഞു നിന്ന് പൊരുതണോ എന്ന ആശയക്കുഴപ്പമുണ്ടാവും. ജീവനും മരണവും ഒരു തീരുമാനത്തിന്റെ സമയദൈര്‍ഘ്യത്തിനുള്ളില്‍ തന്നെ സംഭവിക്കാം!

അനുഭവങ്ങള്‍ അതേപടി എഴുതാന്‍ മടിയുള്ള കൂട്ടത്തിലാണ് ഞാന്‍. അത്ര തീവ്രമായതൊന്നും പങ്കുവെയ്ക്കാനില്ലാത്തതുകൊണ്ട് അല്പമെന്തെങ്കിലും പൊടിപ്പും തൊങ്ങലുംവെച്ച് തട്ടിവിടുകയാണ് പതിവ്. പലപ്പോഴും വായിക്കുന്ന പുസ്തകങ്ങളിലൂടെ മറ്റുള്ളവരെ അറിയാനും ആ ജീവിതാനുഭവങ്ങള്‍ പുതിയൊരു ദര്‍ശനത്തിന് നിദാനമാകുകയും ചെയ്യാറുണ്ട്. അതിനേക്കാളൊക്കെ എത്രയോ വലുതാണ്‌ സ്വജിവിതം സമ്മാനിക്കുന്ന അറിവുകള്‍. ജീവിതമാണ് ഏറ്റവും വലിയ പാഠശാല.

ഇക്കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ്. ‘അച്ചായന്‍’ എന്ന്‍ ഞങ്ങള്‍ വിളിക്കുന്ന എന്റെ പിതാവ് വിട്ടുപിരിഞ്ഞത്. എട്ടുമക്കളും ഇരുപത്തൊന്നു പേരക്കിടാങ്ങളും അതിനൊത്ത ബന്ധുബലവുമുള്ള ഒരു കുടുംബത്തെ താങ്ങിനിര്‍ത്തിയിരുന്ന വന്‍വൃക്ഷമാണ് വേരറ്റുപോയത്. വീഴുമ്പോള്‍ വൃക്ഷത്തിന്റെ ഉള്ള് പൊള്ളയായിരുന്നു. വയറ്റിനുള്ളിലെ ക്യാന്‍സറാണ് തന്നെ വീഴ്ത്തിയതെന്ന് മരിക്കുമ്പോഴും അദ്ദേഹം അറിഞ്ഞിരുന്നില്ല. രോഗകാരണം അറിഞ്ഞ് മൂന്നു മാസത്തിനുള്ളില്‍ തന്നെ ആളു പോയി. ഒന്നും പറയേണ്ടതില്ലെന്ന്‍ ഞങ്ങള്‍ മക്കള്‍ മുന്‍പേ തീര്‍ച്ചപ്പെടുത്തിയിരുന്നു. കഠിനാധ്വാനംകൊണ്ടും ചിട്ടയായ ജീവിതക്രമംകൊണ്ടും കാര്യമായ രോഗങ്ങളൊന്നും തനിക്കില്ലെന്ന് അഭിമാനിച്ചിരുന്ന അച്ചായന് യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവില്ലന്നത് ഞങ്ങളുടെ തെറ്റിദ്ധാരണയാകാം.

മക്കളുടെയും കൊച്ചുമക്കളുടെയും അമ്മച്ചിയുടെയും പരിലാളനം ഏറ്റുവാങ്ങിക്കൊണ്ടാണ് അച്ചായന്‍ പോയത്. അത് അങ്ങനെതന്നെ വേണമെന്നത് ഞങ്ങള്‍ തീര്‍ച്ചപ്പെടുത്തിയത് വൈകാരികമായ സ്വാര്‍ത്ഥതകൊണ്ടു മാത്രമല്ല, ചികിത്സിച്ചുഭേദമാക്കാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടു കൂടിയാണ്.

ആറുമാസം മുന്‍പ് ഒരു ശവസംസ്കാരചടങ്ങില്‍ പങ്കടുക്കവേ ആ വീട്ടിലെ അമ്മച്ചി പറഞ്ഞു;

“മോനെ, ഇത്രകാലം ഞാന്‍ കൂടെയുണ്ടായിട്ടും മരിക്കുമ്പോള്‍ ആ കൈ ഒന്നു പിടിക്കാന്‍, ഒരുതുള്ളി വെള്ളം കൊടുക്കാന്‍, എനിക്കായില്ല. ആരെയും ഐ.സി.യു.വില്‍ കിടത്തരുത് മോനേ... അടുത്തിരുന്ന് എന്തെങ്കിലും വര്‍ത്തമാനം പറഞ്ഞുകൊണ്ട് മരിക്കാമല്ലോ...”

ആ അമ്മയുടെ വാക്കുകള്‍ ഉള്ളില്‍ വലിയൊരു വിങ്ങലായി നില്‍ക്കുമ്പോഴാണ് അച്ചായന്റെ നാളുകളും എണ്ണപ്പെട്ടിരിക്കുന്നു എന്നറിയുന്നത്. കീമോതെറാപ്പിയും മറ്റു ട്രീറ്റ്മെന്റ്റുകളും നിഷ്ഫലമെന്ന് അറിയിച്ച്, ഒപ്പം നിന്ന് ‘നന്നായി മരിക്കാന്‍’ അവസരം ഒരുക്കിയ ഡോക്ടറോടും നന്ദിയുണ്ട്. മെഡിക്കല്‍ എത്തിക്സിനേക്കാള്‍ മനുഷ്യരുടെ മനസിനെ അറിയുന്ന മാര്‍ക്കെറ്റ് ചെയ്യപ്പെടാത്ത ചിലയാളുകള്‍ ഇന്നുമുണ്ട്.

എല്ലാം അറിയാമെങ്കിലും നമ്മുടെ പ്രിയപ്പെട്ടവരുടെ കാര്യത്തില്‍ എന്തെങ്കിലും അത്ഭുതം അവസാന നിമിഷം സംഭവിക്കും എന്ന് നമ്മള്‍ പ്രത്യാശിക്കും. അവരെ വെറുതേ അങ്ങു പറഞ്ഞുവിടാനുള്ള മനക്കരുത്ത് അപ്പോള്‍ ഉണ്ടാവില്ല. ജീവനും മരണവും ഒരു തീരുമാനത്തിന്റെ സമയ ദൈര്‍ഘ്യത്തില്‍ തൂങ്ങി നില്‍ക്കുന്ന അവസ്ഥ. അതും ഞാന്‍ അറിഞ്ഞിട്ടുണ്ട്. ഏതാണ്ട് ഏഴു വര്ഷം മുന്‍പ്.

ഹാര്‍ട്ട് ചെക്കപ്പിനായി കൊണ്ടുവന്ന അമ്മച്ചിക്ക് ആശുപത്രിയില്‍ വെച്ച് വീണ്ടും അറ്റാക്ക് വന്നു. എ.സി.യു.വില്‍ എത്തും മുന്‍പേ ബോധം മറഞ്ഞു. ഓപ്പന്‍ ഹാര്‍ട്ട് ശസ്ത്രക്രിയ അല്ലാതെ പോംവഴിയില്ല. രോഗിയുടെ പ്രായവും ആഘാതത്തിന്റെ വ്യാപ്തിയും കൂടുതലായതിനാല്‍ ഓപ്പറേഷന്‍ ടേബിളില്‍ മരണം സംഭവിക്കാനുള്ള സാധ്യത അമ്പതു ശതമാനത്തിലും അധികമാണ്. മകനായ ഞാന്‍ എഴുതി ഒപ്പിട്ടു കൊടുത്താല്‍ സര്‍ജറി അല്ലെങ്കില്‍ ഓക്സിജന്റെ സഹായത്തോടെ മരുന്നും മന്ത്രവുമായി വീട്ടിലേക്ക് കൊണ്ടുപോകാം. എന്തുചെയ്യണമെന്നറിയാതെ നിന്ന ഞാന്‍ വിദേശത്തുള്ള ബന്ധുവായ ഡോക്ടറെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ വാക്കുകളാണ് ഒരു തീരുമാനമെടുക്കാന്‍ സഹായകമായത്.

“എന്റെ അമ്മയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഓപ്പറേഷന്‍ ചെയ്തിരിക്കും, ഒരു ഡോക്ടര്‍ ആയതുകൊണ്ടല്ല മറിച്ച്, അത് ചെയ്തിരുന്നെങ്കില്‍ അമ്മ ജീവിച്ചേനെ എന്ന വിചാരം നാളെയെന്നെ പീഡിപ്പിക്കാതിരിക്കാന്‍.’

അതേ ഞാന്‍ തന്നെയാണ് അച്ചായനെ കാഠിന്യമുള്ള മരുന്നുകളുടെ പീഡനം ഏല്‍പ്പിക്കാതെ മരണത്തിനു വിട്ടുകൊടുക്കാന്‍ തീരുമാനമെടുത്തത്. എന്തൊരു വിരോധാഭാസം! നിയതിയുടെ നിര്‍ദാക്ഷിണ്യത.

Die in dignity. ‘അന്തസോടെ വിടവാങ്ങുക.’ അത് അച്ചായന്‍ പണ്ടേ തീരുമാനിച്ചുറപ്പിച്ചതായിരുന്നു. സ്വന്തം ശവപ്പെട്ടി വെയ്ക്കാന്‍ ആറടി നീളത്തില്‍ ഒരു മേശ, പത്രത്തില്‍ കൊടുക്കാനുള്ള ഫോട്ടോ, വിളിച്ചറിയിക്കേണ്ട ആളുകളുടെ പേരും ഫോണ്‍ നമ്പരും, വസ്തു, ബാങ്ക് അനുബന്ധ വസ്തുതകള്‍ എഴുതിയ ഡയറി, വില്‍പത്രം. ഇതൊക്കെ നേരത്തെ തയ്യാറാക്കി വെച്ചിരുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരിട്ടും വിളിച്ചു വരുത്തിയും കണ്ടു. വന്നവരോടൊക്കെ പറഞ്ഞു. ‘ഞാനിനി അധികനാളില്ല.’ ഏത് യാത്ര പുറപ്പെടുമ്പോഴും വളരെ നേരത്തെ ഒരുങ്ങി നില്‍ക്കാറുള്ള അച്ചായന്റെ ഈ പ്രവര്‍ത്തികളൊക്കെ അന്ന് തമാശയായേ കണ്ടിരുന്നുവെങ്കിലും ഏറ്റവും നന്നായി ഒരുങ്ങേണ്ട യാത്ര ഏതാണെന്ന് ഇന്നെനിക്കറിയാം.

മതില്‍ കെട്ടിയപ്പോള്‍ അയല്‍പക്കത്തെ അതിരിന് ഗേറ്റ് സ്ഥാപിച്ചത്, മതാതീതമായ മനുഷ്യബന്ധം ലോകത്തിന് കാട്ടിക്കൊടുക്കാനായിരുന്നെന്ന് അച്ചായന്റെ മരണാനത്തരമാണ് പലര്‍ക്കും മനസിലായത്. മരണവീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാലുനാള്‍ ഭക്ഷണമൊരുക്കിയത് അവരാണ്. ‘സ്വന്തമായി കൃഷിചെയ്യുന്നതിന്റെ വിഹിതം അയല്‍ക്കാര്‍ക്കും നല്‍കണം’ എന്ന് മരണക്കിടക്കയില്‍ വെച്ചും പുള്ളി പറഞ്ഞിരുന്നു. അയല്‍ക്കൂട്ടം പിറ്റേന്നത്തെ ഊണിനുള്ള ചുറ്റുവട്ടങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്ന രാത്രിയിലാണ് വീട്ടിലെ തെങ്ങ് വീണത്. ‘സാറ്, ഇവിടെത്തന്നെയുണ്ട്‌’ എന്ന് പറഞ്ഞ് സ്ത്രീകള്‍ നിലവിളിച്ചതും ‘പുള്ളി പണ്ടേ സ്ഥലം കാലിയാക്കി’യെന്നു ഞങ്ങള്‍ കളിയാക്കിയതുമൊക്കെ പ്രകൃത്യാ സംഭവിച്ചതു തന്നെയാണ്.

ഉള്ളില്‍ വേദന പേറുന്ന നിമിഷങ്ങളിലും ചിലത് നമ്മെ ചിരിപ്പിക്കും. ‘മരണം രംഗബോധമില്ലാത്ത കോമാളി’യെങ്കില്‍ ആ കളി കണ്ടിരിക്കുന്ന നമുക്കും ആസ്വദിക്കാനുള്ള അവസരം അതൊരുക്കുന്നുണ്ട്‌. മോര്‍ച്ചറിയുടെ തണുപ്പില്‍ തന്റെ അവസാന സന്ദര്‍ശകരെ കാത്ത് അച്ചായന്‍ കിടക്കുമ്പോള്‍, ആശുപത്രിക്കിടക്കയില്‍ വെച്ച് പുള്ളി പറഞ്ഞ തമാശകള്‍ അയവിറക്കി വീട്ടില്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. ചിരിയ്ക്കൊടുവില്‍ കണ്ണുനിറയും.

സെമിത്തേരിയിലേക്കുള്ള യാത്രയില്‍, എന്നെക്കൊണ്ട് വാങ്ങിപ്പിച്ച ഇഷ്ടനിറമായ നീലക്കര മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച് പുള്ളി കിടന്നു. മഞ്ചം ഒരുക്കിയിരിക്കുന്ന ഒമ്നിവാനില്‍ ആ മാന്യദേഹത്ത് സുഗന്ധ ദ്രവ്യങ്ങള്‍ പൂശി ഞാനിരുന്നു. എല്ലാ വാഹനങ്ങള്‍ക്കും സൈഡ് കൊടുത്ത് ഏറ്റവും പിന്നിലായി നിന്നിരുന്ന വാനിന്റെ ഡ്രൈവര്‍ക്ക് വൈകിയാണ് മനസിലായത് കുറേനേരമായി താന്‍ കടത്തിവിട്ടുകൊണ്ടിരിക്കുന്നത് വിലാപയാത്രയിലില്ലാത്ത വാഹനങ്ങളെയാണെന്ന്! ഒരുപാടു പിന്നിലായെന്നു തിരിച്ചറിഞ്ഞതോടെ വലിച്ചുവിട്ടൊരു പോക്കായിരുന്നു. ലോകത്ത് ഒരു ശവമഞ്ചവും ഇങ്ങനെ പായുന്നത് ഞാന്‍ കണ്ടിട്ടില്ല! ഗട്ടറില്‍ തട്ടിത്തെറിച്ച് ബാക്ക് ഡോര്‍ തുറന്ന് അച്ചായനെങ്ങാനും പുറത്തുപോയാലോ എന്ന് ഞാന്‍ ഭയന്നു. പറക്കും തളികയെ അനുസ്മരിപ്പിക്കുന്ന വിധം വാഹനം വഴിതെറ്റിയോ പാടത്തേക്ക് മറിഞ്ഞോ അപ്രത്യക്ഷമായാല്‍ പരേതനെ പ്രതീക്ഷിച്ചിച്ച് പള്ളിയങ്കണത്തില്‍ നില്‍ക്കുന്നവരുടെ ഗതിയെന്താകുമെന്ന് ഓര്‍ത്തുനോക്കി. അവസാന യാത്രയിലും അങ്ങേരെന്നെ ചിരിപ്പിച്ചു. രംഗബോധമില്ലാത്ത കോമാളി സത്യത്തില്‍ ആരായിരുന്നു?

താനിതൊക്കെ ചെയ്ത് എന്തിനു അപഹാസ്യനാകുന്നു എന്നൊരു കോമാളിക്ക് തോന്നിയാല്‍...? പിന്നെ അയാള്‍ക്ക് അരങ്ങില്‍ സ്ഥാനമില്ല.

അബ്ബാസ് കരിസ്തോമിയുടെ ‘ആന്‍ഡ്‌ ലൈഫ് ഗോസ് ഓണ്‍’ എന്ന സിനിമയില്‍ ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ നിന്നും കോട്ടും ടയ്യും ധരിച്ച് ഇറങ്ങിവരുന്ന ഒരു ചെറുപ്പക്കാരനെ അത്ഭുതത്തോടെ നോക്കിക്കൊണ്ട് യാത്രികന്‍ ചോദിക്കുന്നു.

‘സുഹൃത്തേ താങ്കെളെന്താണ് ഈ വേഷത്തില്‍’.

‘എന്റെ വിവാഹം കഴിഞ്ഞതേയുള്ളൂ..’

‘ഈ ഭൂകമ്പത്തിന് ഇടയിലുമോ?’

‘ഒരുപാട് കാത്തിരുന്ന വിവാഹമാണ്. ഞങ്ങള്‍ ഇരുവരുടെയും അനേകം ബന്ധുക്കള്‍ മരിച്ചു. ദുഖാചരണം കുറെ ദിവസമെങ്കിലും ഉണ്ടാകും. ചിലപ്പോള്‍ വീണ്ടും ഭൂകമ്പം വരും. വീണ്ടും ആളുകള്‍ മരിക്കും...’

വെയിലും മഴയും പേമാരിയും ഭൂകമ്പവും ഋതുഭേദങ്ങളും വന്നുപോകും. പക്ഷേ ജീവിതം ഒന്നുമാത്രം. അതുപോലെ സുന്ദരമായ മറ്റൊന്നില്ല, അത് സമ്മാനിക്കുന്ന ദുഖങ്ങളും ചെറുതല്ല. ബട്ട്, ലൈഫ് ഗോസ് ഓണ്‍............

14 comments:

 1. റെസ്റ്റ് ഇൻ പീസ്

  ReplyDelete
 2. ജോസ്,മനസ്സ് കൊണ്ട് കൂടെയിരിക്കുന്നു

  ReplyDelete
 3. മേ ഹിസ്‌ സോള്‍ റെസ്റ്റ് ഇന്‍ പീസ്‌..

  ReplyDelete
 4. In our thought's Joselet... May his soul rest in peace

  ReplyDelete
 5. ജോസേ, എന്താ ഇപ്പോ പറയുക...! ഉമ്മറക്കോലായിലെ ഒഴിഞ്ഞ ചരുകസേരയോട് യാത്ര പറഞ്ഞ്, പടിക്കെട്ടിനപ്പുറത്തെ കുഴിമാടത്തിലെ ഇനിയും കരിയാത്ത പൂവുകൾക്കരികിൽ നിന്ന് തൈത്തെങ്ങിന്റെ ഓലകൾ എന്നേയും കൈവീശി യാത്രയാക്കിയിട്ട് അധികമായില്ല... ‘ബട്ട്, ലൈഫ് ഗോസ് ഓണ്‍....‘ ശരിയാണ്.

  ReplyDelete
 6. ലൈഫ് ഗോസ് ഓണ്‍....:(

  ReplyDelete
 7. മനസ്സിനെ സ്പര്‍ശിക്കുന്നു,വാക്കുകളും സംഭവങ്ങളും..ചിന്തിപ്പിക്കുന്നു,വീണ്ടും ജീവിതത്തെയും..

  ReplyDelete
 8. ചില പൂക്കൾക്ക് ഇപ്പോൾ അവരുടെ ഭാഷയാ, ചിലപ്പോൾ കാറ്റിനും..
  പ്രാർഥനകൾ ജോസേ..

  ReplyDelete
 9. ഉള്ളില്‍ വേദന പേറുന്ന നിമിഷങ്ങളിലും ചിലത് നമ്മെ ചിരിപ്പിക്കും. ‘മരണം രംഗബോധമില്ലാത്ത കോമാളി’യെങ്കില്‍ ആ കളി കണ്ടിരിക്കുന്ന നമുക്കും ആസ്വദിക്കാനുള്ള അവസരം അതൊരുക്കുന്നുണ്ട്‌. മോര്‍ച്ചറിയുടെ തണുപ്പില്‍ തന്റെ അവസാന സന്ദര്‍ശകരെ കാത്ത് അച്ചായന്‍ കിടക്കുമ്പോള്‍, ആശുപത്രിക്കിടക്കയില്‍ വെച്ച് പുള്ളി പറഞ്ഞ തമാശകള്‍ അയവിറക്കി വീട്ടില്‍ ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.


  ചിരിയ്ക്കൊടുവില്‍ കണ്ണുനിറയും....ജീവിതത്തിന്റെ നൊമ്പരക്കണ്ണീർ

  ReplyDelete
 10. അശ്രുപുഷ്പങ്ങൾ...

  കാലം.... കാലത്തിന് മായ്ക്കാൻ പറ്റാത്തതായി ഒന്നുമില്ലല്ലോ ജോസ്‌ലെറ്റ്... അതെ... ലൈഫ് ഗോസ് ഓൺ... ലൈഫ് ഹാസ് റ്റു ഗോ ഓൺ....

  ReplyDelete
 11. എല്ലാം ദൈവനിശ്ചയം. അതിനെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ. പ്രാർത്ഥനയോടെ.

  ReplyDelete
 12. വായിച്ച്‌ സങ്കടം വന്നു.എന്റെ സ്നേഹവും ദുഃഖവും അറിയിക്കട്ടെ!!

  ReplyDelete
 13. പുല്ലിലും പൂവിലും ഫലവൃക്ഷങ്ങളിലും വയലേലകളിലും സർവ്വോപരി ചുറ്റുമുള്ള മനുഷ്യരുടെ മനസ്സുകളിലും സ്വന്തം മുദ്ര ആഴത്തിൽ പതിപ്പിച്ചു കാണാമറയത്തേക്ക് മാറിയവർക്ക് മരണമെവിടെ ! അടർന്ന് മാറുമ്പോഴും ആത്മസത്ത അവശേഷിപ്പിക്കുകയും അനുഗ്രഹങ്ങൾ അനുസ്യൂതമായി തുടരുകയും ചെയ്യുമ്പോൾ തനിച്ചാകുന്നില്ലെന്ന് തന്നെ തീർച്ചയാക്കാം..

  മനസ്സിന്റെ ആഴങ്ങളിൽ നിന്ന് തികഞ്ഞ സ്വാഭാവികതയോടെ വാർന്നുവീണ വാക്കുകളാൽ ആവിഷ്കൃതമായ ഈ കുറിപ്പ് വായിക്കുന്നവരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്നതും അതേ അനായാസതയോടെ.

  ReplyDelete

Related Posts Plugin for WordPress, Blogger...