26.10.11

ഭൂതാവിഷ്ടര്‍




ഞാന്‍ ഒരു സഞ്ചാരിയാണ്‌, ഭൂഗോളം മുഴുവനും ചുറ്റിനടന്നു കണ്ടിട്ടുണ്ട്. ചെളിയും മണ്ണും കാടും കടലും കടന്ന് മരുഭൂമിയിലൂടെ, ആകാശത്തിന്‍റെ അനന്ത വിഹായുസിലൂടെ, ലോകത്തിന്റെ ഒരു കോണില്‍ നിന്നും അടുത്തിടത്തേക്ക് നിത്യവും വിഹരിക്കുന്നു. സന്ദേശങ്ങള്‍ വഹിക്കാന്‍ എനിക്കിഷ്ടമാണ്, എല്ലാ ഉള്ളറകളിളും ഒരിക്കലെങ്കിലും ഞാന്‍ എത്തിനോക്കിയിട്ടുണ്ട്. ഞാനറിയാത്ത രഹസ്യങ്ങള്‍ ഒന്നും തന്നെയില്ല, എന്നെ അറിയില്ലേ?.......ഞാന്‍........ കാറ്റ്! 


എനിക്കും ഇഷ്ടങ്ങളുണ്ട്. ചില സ്ഥലങ്ങള്‍! ഞാന്‍ ഏറിയ സമയം തങ്ങുന്ന നാടുകളൊക്കെ സ്വര്‍ഗ്ഗംപോലെ സുന്ദരമാണ്. അവിടെയൊക്കെ മനുഷ്യരും, പക്ഷിമൃഗാദികളും, പൂവും പുല്ലും വയലും പുഴയുമുണ്ട്. എന്നെ പല  പേരിട്ടു വിളിച്ചവര്‍ അതിനെ "ദൈവത്തിന്റെ സ്വന്തം നാടെന്ന് "വിളിക്കുന്നു!


ആ പേരിനു കാരണഭൂതന്‍ ശരിക്കും ഞാനല്ലേ?
മടി പിടിച്ച മഴമേഘങ്ങളെ ഉന്തിത്തള്ളി മലയോളം  കൊണ്ടുചെന്നെത്തിക്കുന്നത് ഞാനല്ലേ?. എന്‍റെ തോളില്‍ തൂങ്ങിയല്ലേ  മഴത്തുള്ളികള്‍ സഹ്യന്റെ മാറിലെ പച്ചപ്പിലേക്കൂര്‍ന്നിറങ്ങുന്നത്? നാട്ടിലുടനീളമുള്ള  ഹരിതാഭ ശീതളിമ എന്‍റെ തലോടലില്‍ നിന്നുടലെടുത്തതല്ലേ? 


വികാരങ്ങളോക്കെതന്നെയാണ് വിവിധ ഭാവത്തില്‍ ഞാന്‍ പ്രകടിപ്പിക്കാര്, എന്‍റെ  സ്നേഹത്തെ നിങ്ങള്‍ മന്ദമാരുതനെന്നും, ദേഷ്യത്തെ കൊടുങ്കാറ്റെന്നും വിളിക്കുന്നു.  "മൈമുവെന്നും,  കത്രീനയെന്നും"  ദേശങ്ങള്‍ക്കുതകും വിധം അവര്‍ എനിക്കു പേരിടുന്നു. "വായു" ഭഗവാനെങ്കിലും, അവ മിക്കതും സ്ത്രീ നാമങ്ങള്‍. അതെനിക്കിഷ്ടം തന്നെയാണ് കാരണം പ്രകൃതിയില്‍ എന്‍റെ സഹചാരികള്‍ മിക്കതും മഹതികളാണ്. ഭൂമി ദേവി, വനദേവത, മത്സ്യകന്യക............അങ്ങനെ പലതും. 


ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള എന്‍റെ  പ്രയാണത്തില്‍ കണ്ണിലുടക്കിയവ പലതും ഞാന്‍ ഓടിയെത്തും മുന്പു സംഭവിച്ചു കഴിഞ്ഞവയായിരിക്കും. നിത്യേന യാത്രയില്‍ ഞാന്‍ കണ്ടതൊക്കെയും ഉച്ചത്തില്‍ വിളിച്ചു പറയാന്‍ എനിക്കു കഴിയാറില്ല. പകരമൊരു മര്‍മ്മരമായോ, മണമായോ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കും. അങ്ങനെ എന്‍റെ കണ്ണു കണ്ടതിലേറയും ഇവിടുത്തെ സ്ത്രീകളുടെ വേദനകളായിരുന്നു. ഏറ്റവുമധികമായി ഞാന്‍ തങ്ങുന്ന, എന്‍റെ സ്വകാര്യ അഹങ്കാരമായ "ദൈവത്തിന്റെ സ്വന്തം നാട്."
 "സ്ത്രീ" എന്നവാക്കിനെപ്പോലും വികൃതമാക്കിയ, വിവേചിച്ചറിയാന്‍ പാടില്ലാത്ത നാട്!


കല്‍ക്കരി മാറി കറന്‍ന്ടില്‍  ഓടിയിട്ടും, എന്നെ കീറിമുറിച്ചു പാഞ്ഞിട്ടും എന്‍റെ കാഴ്ച്ച മറയ്ക്കാനോ വേഗതിനോപ്പമെത്താനോ കഴിയാത്ത തീവണ്ടികളില്‍നിന്നും സ്ത്രീത്വം നശിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വലിച്ചെറിയപ്പെട്ടത്‌ ഞാന്‍ കണ്ടു. വണ്ടിക്കുള്ളിലും പുറത്തും ഒറ്റക്കയ്യന്മാരെ മാത്രമല്ല കോട്ടും ടയ്യും കേട്ടിയവരെയും ഖദറിട്ടവരെയും ദ്രംഷ്ടങ്ങള്‍ കാട്ടി ചിരിക്കുന്ന ഡോക്ടര്‍മാരെയും കണ്ടു. എല്ലാം കാമവെറിപൂണ്ടവര്‍.......... വിധിയുടെ ബലിമൃഗങ്ങളുറങ്ങുന്ന ആശുപത്രിവളപ്പില്‍ യമ ദൂതുമായി വി.ഐ .പി മാരെയും വേട്ടക്കാരുടെ കൂടെ അവരുടെ മക്കളെയും കണ്ടിട്ടുണ്ട്. എന്റെ കാഴ്ച കെടുത്താനാവാത്ത കൂരിരുട്ടിലും കിണറിന്റെ ആഴങ്ങളില്‍ ശുഭ്രവസ്തം ധരിച്ചു മൃത്യുവിന്‍ നിദ്രയിലഭയംതേടിയ സന്യാസിനിയെ കണ്ടു.


ലോകത്തിന്‍റെ മറ്റൊരുകോണിലും രണ്ടും മൂന്നും വയസുള്ള പിഞ്ചു ബാലികകള്‍ പീഡിപ്പിക്കപ്പെട്ടത് ഞാന്‍ കണ്ടില്ല. മറ്റെല്ലായിടത്തും പകലും, രാത്രിയുടെ എല്ലാ യാമങ്ങളിലും പൊതു നിരത്തിലൂടെ നിര്‍ഭയരായി സ്ത്രീകള്‍ ജോലിക്ക് പോകുന്നതും തിരികെ വരുന്നതും ഞാന്‍ കണ്ടുകൊണ്ടേയിരിക്കുന്നു. ഇവിടെയാകട്ടെ സൂര്യന്‍ മറഞ്ഞാല്‍, എഴുമണിക്കുശേഷം മനുഷ്യനോ മൃഗമോ ആയ ഒരു പെണ്‍തരിയെയും പുറത്തു കാണുന്നില്ല. നിര്‍ഭാഗ്യകരമായി വൈകി വഴി നടക്കുന്നവര്‍ അപ്രത്യക്ഷരാവുകയോ കുറുനരികളാല്‍ വലയം ചെയ്യപ്പെട്ട് ആക്രമിക്കപ്പെടുകയോ അപമാനിതരാവുകയോ ചെയ്യുന്നു. കൈലിയുടുത്ത, കോട്ടും ടയ്യുമിട്ട, ഖദറിട്ട കുറുനരികള്........! ഒറ്റയ്ക്കേതു പെണ്‍ വര്‍ഗ്ഗ ജീവി എതിരേവന്നാലും അറിയാതസഭ്യം വായില്‍വന്നുപോകുന്ന പുരുഷ പ്രജകളില്‍ പകല്‍മാന്യന്മാരെയും കണ്ടു.


മറ്റു  പല നാട്ടിലും എന്‍റെ ചിറകുകളുടെ വേഗതയില്‍ കുത്തഴിഞ്ഞു പാറിനടന്ന കുട്ടികളുടെ പുസ്തകത്താളുകളില്‍  ലൈംഗിക വിദ്യാഭ്യാസ പാഠഭാഗം ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ "ലൈഗികം" എന്ന വാക്കേ ആരോചകമാണ്. കുട്ടികളില്‍ നിന്നെല്ലാമവര്‍ ഒളിക്കുന്നു. കുഞ്ഞു സംശയങ്ങള്‍ ശകാരങ്ങലാലോ കണ്ണു പോത്തലുകളാലോ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നു. അവ വളര്‍ന്നു വലിയ ചോദ്യങ്ങളും ആകാംഷമൂത്തതിര്‍വരമ്പ് ഭേദിച്ചവര്‍ ചോദ്യചിഹ്നങ്ങളുമാകുന്നു.


അവിടുത്തെ കുഞ്ഞുങ്ങളും അച്ഛന്മ്മാരും അമ്മമാരും ഒന്നിച്ചു കളിച്ച്‌, ഒരേ കടലില്‍ കുളിച്ച് ഒരു കിടക്കയില്‍ കേട്ടിപ്പിടിച്ചുറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ കുട്ടികളെയും ഭാര്യയെയും ഇരുകരങ്ങളില്‍ ചേര്‍ത്തുനിര്‍ത്തി കവിളില്‍ മുത്തം നല്‍കാന്‍ പോലും അച്ഛന്മാരും തിരിച്ച് അമ്മമാരും ലജ്ജിക്കുന്നു.


അവിടെ യുവതീ യുവാക്കളും, കൌമാരക്കാരും വഴിയോരങ്ങളില്‍ കൈകോര്‍ത്തു ഒന്നിച്ചുനടന്ന് ഒരേ സീറ്റില്‍ യാത്രചെയ്തതും ഞാന്‍ കണ്ടു. എന്നാല്‍ ഇവിടെ എതിര്‍ലിഗത്തിലുള്ളവര്‍ കാണുന്നതും ഒന്നിച്ചിടപെടുന്നതും ചെറുപ്പംമുതലേ വിലക്കപ്പെടുന്നു.


ലോകത്തിന്റെ  മിക്ക കോണുകളിലും സ്ത്രീകളെ ധൈര്യശാലികളായും പുരുഷന്‍മാരാല്‍ ബഹുമാനിക്കുന്നപ്പെടുന്നവരായും കണ്ടു. സമസ്ത മേഖലകളിലും സമത്വമുള്ളതായും എനിക്കു തോന്നി. എന്തേ ഇവിടം മാത്രം ഇങ്ങനെ?


ഇന്ന് ആഗോളതാപനമെന്ന് ആരൊക്കെയോ ആര്‍ത്തുവിളിച്ചിട്ടും പതിവിലും വേഗത്തില്‍ വീശി ഞാനെന്‍റെ പ്രിയ നാടിന്‍റെ വിയര്‍പ്പകറ്റിക്കൊണ്ടിരിക്കുന്നു. സൂര്യന്‍ തെല്ലു ഗര്‍വിച്ചു നിന്നിട്ടും തളരാതെ ഞാന്‍ സഹ്യന്‍റെ കൊടുമുടിയിലേയ്ക്ക് കാര്മുകിലിനെയും കൂട്ടുപിടിച്ചു പറക്കുന്നു. നിനക്കായി......കൂടുതല്‍ മഴയ്ക്കായി. 
എന്നെങ്കിലും നിങ്ങളെന്റെ കൂടെ വരുമെങ്കില്‍ ഈ കാഴ്ച്ചകളോക്കെയും ഞാന്‍ കാട്ടിത്തരാം.



ഇന്നു നിന്‍റെ കൈപിടിച്ചു പിച്ചവെയ്ക്കുന്ന പെണ്‍കുഞ്ഞിനെ കാണുമ്പോള്‍; നൈരാശ്യമായ ഈ കൂരിരുട്ടിനപ്പുറം അകെലെയോരു ചെറുവെളിച്ചം ഞാന്‍ കാണുന്നു. 
കാലചക്രത്തിലെന്നോ പഠനമോ ജോലിയോ കഴിഞ്ഞുള്ള ഇവളുടെ വരവും കാത്ത്, ഉമ്മറത്തെ ചാരുകസേരയില്‍ സ്വസ്ഥമായി നിവര്‍ന്നു കിടന്ന്  എന്റെ തണുത്ത തലോടലാസ്വദിക്കുന്ന നിന്നോടു പുതിയ വാര്‍ത്തകള്‍ ചൊല്ലാനും, സ്ത്രീകള്‍ സ്വൈര്യമായി പാതിരാവിലും നിരത്തുകളില്‍ നീങ്ങുന്ന "ദൈവത്തിന്റെയീ സ്വന്തം നാടിനു" കൂട്ടുമായി ഞാനുണ്ടാവും.

24.10.11

ഞാന്‍ കടവുള്‍.

ശുഭ്ര കാഷായ വേഷധാരികള്‍,
താടി വെച്ചവര്‍, തലമുടി നീട്ടിയവര്‍,
തലയും മുഖവും മുണ്ഡനം ചെയ്തവര്‍..,
ഒരു പറ്റം കൊറ്റിപോല്‍ ഒന്നായ്‌ പറന്ന്,
ഞാന്‍ നടന്നാല്‍ ഇരുന്നാല്‍ എനിക്കൊപ്പം!!

ചിലര്‍ കണ്ണീരോഴുക്കുന്നു,
കാല്‍ തൊട്ടുവണങ്ങുന്നു, കഴുകുന്നു,
അമൃതായി ആവോളം മോന്തിക്കുടിക്കുന്നു. 
ചൂടായെന്‍ ശിരസില്‍ അഭിഷേകപ്പെരുമഴ നടത്തുന്നു! എങ്ങും ആബാലവൃദ്ധം! 
ആപാദചൂഡംഎനിക്കാരാധന!!

എനിക്ക് അപ്രാപ്യമായവ തുലോം തുശ്ചം. അങ്കം മുറുക്കും മുന്‍പ് ആചാര്യര്‍ തേടിവരുന്നു. 

കലാ രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ ലിംഗ വ്യത്യാസമെന്യേ ബഹുജനപ്രവാഹം. കണ്‍കണ്ടിടത്തെല്ലാ മുക്കിലും മൂലയിലും, പെട്ടിക്കടയിലും പേഴ്സിലും 
എന്‍റെ വിവിധ ഭാവവര്‍ണ്ണ ചിത്രങ്ങള്‍!.,

പണത്തിനോ പഞ്ഞം? 

ഇല്ല! കുമിഞ്ഞുകൂടുന്ന പണം. 
ഒരു മനുഷ്യായുസ് അഭിലഷിക്കുന്നത് ഇതില്‍ കൂടുതലെന്ത്? 

മനസിലായില്ലേ എന്നെ?  ഇത്രയേറെ കേട്ടിട്ടും? "ഞാന്‍ കടവുള്‍!!!""!! അതായതു ദൈവം..........മനുഷ്യ ദൈവം!

മുന്‍പത്തെ കഥ ഞാന്‍ പറയാം.......
പക്ഷെ മൂന്നാമതൊരാള്‍ അറിയരുത്!

മൂന്നുനേരം വിശപ്പ്‌ മാറാന്‍ എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമായിരുന്നു. ഒന്നുമില്ലാത്തവന്റെ വെറുപ്പ്‌, വേദന, അപകര്‍ഷതാബോധം. നന്നേ ചെറുപ്പത്തില്‍ വേലചെയ്തു വലഞ്ഞപ്പോള്‍ , വെള്ളം കുടിച്ചു വിശപ്പ്‌ മറാത്തപ്പോള്‍, ബോധം നഷ്ടപ്പെട്ടു വീണുപോയപ്പോള്‍, വികല്‍പ്പം വിളിച്ചു പറഞ്ഞ വാക്കുകളൊക്കെ വിവരക്കേടുകള്‍.!,! ആളുകള്‍ പറഞ്ഞ് ആദ്യം ഭ്രാന്തായി പിന്നെ വെളിപാടായി വളച്ചോടിക്കപ്പെട്ടവ. കൂട്ടത്തില്‍ വിദ്വാനെന്നു ഞെളിഞ്ഞ ഒരു വിഡ്ഢി അതില്‍ ദൈവന്ജ്യാനവും തത്വന്ജ്യാനവും കണ്ടു . എന്‍റെ മൌനം വിജ്ഞാനിയുടെ വീക്ഷണമായി, പതിയെ ഞാന്‍ ദൈവത്തിന്റെ ഭാഷയുടെ വിവര്‍ത്തകനായി, ക്രമേണ ദൈവ അവതാരവുമായി!!

ദക്ഷിണയുമായി ആളുകള്‍ വന്നപ്പോള്‍ ആദ്യമായി എന്‍റെ വിശപ്പ്‌ മാറി. വീണുകിട്ടിയ അവസരം വിട്ടുകളയുന്നതെങ്ങനെ? ഉച്ചിയുടെ ഉപരിമണ്ഡലത്തില്‍ ബള്‍ബുകള്‍ മിന്നിത്തെളിഞ്ഞു. പൂച്ച, പാല്, സന്യാസി.......
അത് പഴയകഥ. ആരതോര്‍ക്കാന്‍?

എങ്കിലും വഴിത്തിരിവായത് അതൊന്നുമല്ല . ചില യുവാക്കള്‍!!,!തത്വഞാനികള്‍, വിവിധ വിഷയങ്ങളില്‍ ഡോകടറേറ്റ്‌ ഉള്ളവര്‍, പേരുകേട്ട കമ്പനിയുടെ തലപ്പത്തിരുന്നവര്‍, മാര്‍ക്കറ്റിംഗ് ബുദ്ധിരാക്ഷസന്മാര്‍, ഇവെന്റ്റ്‌ മാനേജിംഗ് കേമന്മാര്‍...............,..........അങ്ങനെ നീളുന്നു ആ നിര!അവര്‍ എന്‍റെ ശിഷ്യരാകാന്‍ വന്നപ്പോള്‍ എന്നിലെ സ്വാമിക്കുള്ളിലെ എട്ടാം ക്ലാസുകാരനു ആദ്യമായി ലജ്ജ തോന്നി. തലയില്‍ തോട്ടനുഗ്രഹിച്ചു. അപകര്‍ഷതാബോധമാവണം എന്നെ വേഗം അവരിലേക്കടുപ്പിച്ചത്. അല്ല! ഒരു കാന്തം പോലെ ഞാന്‍ ആകര്‍ഷിക്കപ്പെട്ടു എന്നതാണ് സത്യം!പിന്നെ പതിയെ അവരെന്നെ പലതും പഠിപ്പിച്ചു. പുതിയ വേഷം, ഭാഷ, രൂപം, നടത്തം, പ്രസംഗങ്ങള്‍....!,! എന്നിലെ നടനെ എനിക്കുമുന്പേ കണ്ടെത്തിയത് അവരാണ്.കാലക്രമേണ കാര്യങ്ങള്‍ ബോധ്യമായി. "ആടിനെ പട്ടിയാക്കുക"! പണ്ട് കഥയായി ഇന്ന് കാര്യമായി. വെറുമൊരു വൈക്കോല്‍ തുരുമ്പിനെ ഒരു സിനിമ താരമോ കായിക താരമോ നടിക്കുന്ന പരസ്യത്തിലൂടെ ഏറ്റവും മൂല്യമുള്ള കച്ചവടച്ചരക്കാക്കി, ഒരു പുതിയ "ബ്രാന്‍ഡ്‌" ആക്കി മാറ്റുന്ന വന്‍കിട കോര്‍പറേറ്റ് കുബുദ്ധി! എന്നിലേക്കുള്ള ആളുകളുടെ ആകര്ഷണത്തെ ആശ്രമ സാമൂഹത്തിനപ്പുറം വിശാലമായി കണ്ടതൊക്കയും എനിക്കില്ലാത്ത അവരുടെ ബുദ്ധിയാണ്.പിന്നെയൊരു കുതിപ്പായിരുന്നു. ആല്‍ത്തറയില്‍ നിന്നും ആശ്രമത്തിലേക്ക്, വിശപ്പില്‍നിന്നും വിഭവസമൃദ്ധിയിലേക്ക്, വിവരിക്കാനാവുന്നതിലുമപ്പുറമുള്ള വളര്‍ച്ച! ഇന്നു ലോകത്തെമ്പാടും ആരാധകര്‍, ഭക്തര്‍.!,! എന്റെ നാമധേയത്തിലില്ലാത്ത സമുച്ചയവും പ്രസ്ഥാനവുമില്ല, യാത്രചെയ്യാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍.!,!എന്തിനാണ് ഇതൊക്കെ ഞാന്‍ വൃഥാ പുലമ്പുന്നത്?............എന്നെപ്പോലെയാകാന്‍, വിയര്‍പ്പ് പൊടിയാതെ  പള്ള നിറക്കാന്‍ പാടുപെട്ട് ഇറങ്ങിപ്പുറപ്പെട്ട പല വിദ്വാന്മാരും ചേരുംപടി ചേരുംവിധം ബാലിക-സ്ത്രീ, നീലച്ചിത്രം-വിവാഹതട്ടിപ്, കോടതി-ജയില്‍, തുടങ്ങി ഇന്ന് എങ്ങുമെങ്ങും എത്താതെ നില്‍ക്കുന്നു. നാളെ ഈ കടമ്പകളൊക്കെ കടന്ന്‍ അവര്‍ വരുമ്പോള്‍, നിങ്ങള്‍ക്കെന്‍റെ ഈ അനുഭവകഥ ഗുണപ്പെട്ടെക്കാം. എങ്കിലും ഓര്‍മ്മിക്കാനായി ചിലത്......എല്ലാവരും എന്നില്‍ അഭയം തേടുമ്പോഴും എനിക്കു സുഖമാണോ എന്നറിയേണ്ടേ? പറയാം.......ആത്മീയാചാര്യനു വേദനയോ അല്ലേ?എന്‍റെ ശിഷ്യന്മാര്‍,........അല്ല, ആ വാക്ക് ചേരില്ല........"ഉപചാപക വൃന്ദം"! അര്‍ജുനന്‍ ശിഖണ്ഡിയെ എന്നപോലെ എന്നെ മുന്‍നിര്‍ത്തി അവരാണ് എല്ലാം നേടിയത്. അവരെന്നെ "ബ്രാന്‍ഡ്‌" ചെയ്തു കൊടിശ്വരരായി. വാനോളം വളര്‍ന്നത്‌കൊണ്ട്‌ ഞാന്‍ എന്ത് നേടി?ഇന്നു ഞാന്‍ ഒരു കുട്ടിയുടെ കയ്യാല്‍ നിയന്ത്രിക്കപ്പെട്ട പട്ടം പോലയോ അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്‌ട്രപതി പോലെയോ ആണ്. അവര്‍ എഴുതിത്തരുന്നതേ ഞാന്‍ പറയാറുള്ളൂ, അവര്‍ പറയുന്നതെ ഞാന്‍ ചെയ്യാറുള്ളൂ. എന്നിലെ എന്നെ പുറത്തു കാട്ടാനാവാത്തവിധം അവരെന്നെ ലോകത്തിനു മുന്‍പില്‍ തുറന്നുവച്ചിരിക്കുന്നു.
എങ്കിലും അതൊന്നുമല്ല എന്‍റെ ദുഃഖം. അത് മറ്റാരോടു പറയാന്‍................?സര്‍വ്വത്യാഗി, ഇഷ്ടങ്ങളെല്ലാം ഉള്ളിലൊതുക്കി, എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാന്‍ യോഗമില്ലത്തവന്‍!,. അവരുടെ മുടിഞ്ഞ സമയക്രമീകരണം. തിരക്കുകള്‍,.........  എന്‍റെ ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പ്രിയപ്പെട്ട മാംസാഹാരത്തിന്റെ മണമടിക്കുമ്പോള്‍ ഇന്ന് നഷ്ടബോധത്താല്‍ കണ്ണുകള്‍ നിറയും, സന്യാസി സസ്യഭുക്കാകണമെന്ന് ആരാണ് പറഞ്ഞത്? സ്വര്‍ണമായും, പണമായും കാണിക്ക നിറയുമ്പോള്‍ സര്‍വ്വത്യാഗിക്ക് ബാങ്ക് അക്കൗണ്ട്‌ ആകാന്‍ പാടില്ല എന്നത് എവിടുത്തെ നിയമം?
കവി കടമനിട്ട എന്നെക്കണ്ട് എഴുതിയ വരികള്‍ എട്ടുദിക്കും പൊട്ടുമാറ് ഉച്ചത്തില്‍ വിളിച്ചു കൂവണമെന്നുണ്ട്!"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്?"
ഇല്ല.........പറ്റില്ല! ഞാനിന്നു മറ്റുള്ളവരുടെ വേദന മാറ്റുന്ന സിദ്ധനാണ്, പലര്‍ക്കും കണ്കണ്ട ദൈവമാണ്.
സത്യത്തില്‍ ഇവരൊക്കെ എന്നെ ദൈവമെന്നു വിളിക്കുമ്പോള്‍, സ്വന്തം മാതാപിതാക്കള്‍ എന്‍റെ കാലില്‍ തൊട്ടു വണങ്ങുമ്പോള്‍ ഉള്ളൊന്നു കാളി ഞാന്‍ യാഥാര്‍ത്ഥ ദൈവത്തെപ്പറ്റി ഓര്‍ക്കാറുണ്ട്. എല്ലാറ്റിനും അവസാനം എന്താകുമോ എന്തോ? എങ്കിലും ഭീതിപ്പെടുത്തുന്ന ആ അവസാന വിധിയില്‍ രക്ഷപെടാനുള്ള പഴുതുകള്‍, ദൈവത്തോട് യാചിക്കേണ്ടതൊക്കെ ഇപ്പോഴേ മനസ്സില്‍ കണക്ക് കൂട്ടി വച്ചിട്ടുമുണ്ട്."ദയവായി എന്നെ ശിക്ഷിക്കരുത്!ഈ ജീവിതം ശരിക്കുമൊരു സന്യാസിക്കു തുല്യമല്ലേ? എനിക്കേറ്റം പ്രിയപ്പെട്ടതൊക്കെ ഞാനുപേക്ഷിച്ചില്ലേ? എന്‍റെ പേരില്‍ എന്തൊക്കെ സല്‍ക്കര്‍മ്മങ്ങള്‍ ട്രസ്റ്റു നാട്ടില്‍ നടത്തുന്നു. ഇത്ര വിദേശപണം വന്നിട്ടും ഒരു നയാപൈസ പോലും എനിക്കെടുക്കാനാവുന്നില്ലല്ലോ. ഞാന്‍ ആഗ്രഹിച്ചിട്ടില്ലന്നല്ല, പക്ഷെ വഞ്ചിക്കപ്പെട്ടു പോയി. ഇന്നെല്ലാം അവര്‍ നിയന്ത്രിക്കുന്നു. ഇത്രക്കൊക്കെ വളരുമെന്നും അനുഭവിക്കാന്‍ യോഗമില്ലാത്തവിധം വലുതാകുമെന്നും കരുതിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ പണിക്ക് ഞാനിറങ്ങില്ല!എല്ലാം കണ്മുന്പിലുണ്ടായിട്ടും, കൈതൊട്ടു നോക്കാമായിരുന്നിട്ടും ഒന്ന് രുചിക്കാനോ അനുഭവിക്കാനോ യോഗമില്ലാതെ വിഡ്ഢിയാക്കപ്പെട്ട ഞാന്‍ ഇതൊക്കെ പൊതുജനത്തെ പറഞ്ഞു മനസിലാക്കിയെക്കാം. ഇത്തവണത്തേക്ക് വെറുതെ വിടണം.......മാപ്പ്!!***************************************************************"എല്ലാവരും കൈകൂപ്പി എഴുനേറ്റു നില്‍ക്കുക അല്പസമയത്തിനകം ഗുരു ദര്‍ശനം നല്‍കുന്നതാന്".
മൈക്രോഫോണില്‍ കൂടി ഒരു താടിവച്ച ശിഷ്യന്‍റെ വിനീത ശബ്ദം!

Related Posts Plugin for WordPress, Blogger...