5.10.11

തിരക്കിനിടയില്‍ അല്‍പനേരം

ആളൊഴിഞ്ഞ ആശുപത്രി വളപ്പിലെ വയസന്‍ മരച്ചുവട്ടില്‍ അയാളിരുന്നു. കണ്ണടയുടെ ചില്ലുകള്‍ തുവാലത്തലപ്പാല്‍ തുടയ്ക്കുമ്പോള്‍ കണ്ണുകളിലെ നൈരാശ്യം കൂടുതല്‍ വ്യക്തമാകുന്നുവോ എന്തോ?
വലതുകൈകൊണ്ട് കണ്പോളകള്‍ തിരുമിയടച്ച്‌ ഒരുനിമിഷം ശൂന്യതയിലെവിടെയോ ചേക്കേറിയ മനസ് പൊടുന്നനെ മരുന്നിന്റെ മണമുള്ള അന്തരീക്ഷത്തിലേയ്ക്കുതന്നെ മടങ്ങിവന്നു.


അല്പം മുന്പേ ഡോക്ടറെകണ്ടപ്പോള്‍ പറഞ്ഞു.
"ഇന്ന് ഇത്തിരി വഷളാണ്. ആരെയും കാണാതിരിക്കുന്നതാണ് നല്ലത്".


എല്ലാ  ഞായറാഴ്ചത്തെയും പോലെ തന്റെ പതിവു സന്ദര്‍ശന മധ്യാഹ്നം. ഇന്നിനി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. ദിവസങ്ങള്‍ക്ക് പഴയ വേഗതയില്ല. സമയം ഒരു മുഴുനീളന്‍ റെയില്‍ പാതപോലെ മുന്നിലുണ്ട്.


ഒരിലപോലും അനക്കാതെ പ്രകൃതി നിശ്ചലയായപോലെ! ഉച്ചവെയിലില്‍ ചുറ്റുമുള്ള പച്ചപ്പുകളാകെ വിളറി വെളുത്തിരിക്കുന്നുവോ? ഇല്ല! കണ്ണുകള്‍ തന്‍റെ മനസിനെ ചൂഴ്ന്നു നില്‍ക്കുകയാണ്. 


നിര്‍ജീവമായ നാഴികകള്‍ക്കിടയിലെപ്പോഴോ അവള്‍ക്കായി കൊണ്ടുവന്ന ചെട്ട്യാര്‍ ഹോട്ടലിലെ ചോറും പൊതി വെറുതേ തുറന്നു വച്ചു. തന്‍റെ മെയ്യും മനവും പോലെ തണുത്തുറഞ്ഞ അരിമണികളിലൊരുരുള നാവിലെത്തുംമുന്‍പേ ഓര്‍മ്മകള്‍ പിന്നോട്ട് വലിച്ചു.


പണ്ട് തനിക്ക് സമയം തികയുമായിരുന്നില്ല. തിരക്കോട് തിരക്ക്! ഇന്നത്തെപോലെ ഒരു ഞായറാഴ്ച്ചക്കുവേണ്ടി ഓഫീസിലെ ആറു ദിവസങ്ങള്‍ തള്ളിനീക്കുകയായിരുന്നില്ല അന്ന്. ജോലി, പൊതുപ്രവര്‍ത്തനം, പ്രസംഗങ്ങള്‍, താന്‍ നയിക്കുന്ന പരിശീലന കളരികള്‍..........അങ്ങനെ പോകുന്നു. എന്തിന്‌? താനില്ലാതെ ഈ നാടിനു നടുവില്ല എന്ന് കരുതിയ ഒരുകാലം.


വീട്ടില്‍ ചിലവോഴിക്കാന്‍ സമയമില്ല! എപ്പോഴെങ്കിലും വരുമ്പോളോ? കൂടെയെന്നും  വിശിഷ്ട അതിഥികള്‍, വിലപ്പെട്ട സുഹൃത്തുക്കള്‍. ചിലപ്പോള്‍ ബന്ധുക്കള്‍....,.....


വൈകുന്നേരങ്ങളില്‍ ഒട്ടു മിക്ക ദിവസവും കുട്ടികള്‍ തന്നെക്കാണാതെ ഉറങ്ങിപ്പോകുമായിരുന്നു. അമ്മ നാമംജപിച്ചു മുന്‍പേ തന്നെ മുറിയുടെ കതകടച്ചു കിടപ്പാകും. എങ്കിലും അവള്‍!
അവള്‍ മാത്രം ഒരു മെഴുതിരി വെട്ടത്തില്‍  തനിക്കായി വിളമ്പിയ പാത്രത്തിനരികില്‍ ഊണുമേശയില്‍ തലചായ്ച്ചുകിടപ്പുണ്ടാവും!!


സാധാരണ ആ സമയങ്ങളില്‍ അവളോന്നും ചോദിക്ക പതിവില്ല. തനിക്കു പ്രത്യേകിച്ചൊന്നും പറയാനുമില്ല. മൂകത!
അവളോടുള്ള തന്റെ ഉത്തരങ്ങള്‍  മിക്കവാറും മൂളലുകള്‍ മാത്രമായിരുന്നു.
ഇന്നു തനിക്കറിയാം വാക്കുകളുടെ വില. എല്ലാം പക്ഷെ വൈകിപ്പോയിരിക്കുന്നു!


എന്നും രാവിലെ അവള്‍  ഇസ്തിരിയിട്ടു തരുന്ന ഷര്‍ട്ട്‌ തിരക്കിട്ടു വാങ്ങിയിടുമ്പോള്‍, അവള്‍ക്കു തന്നോടെന്തോ പറയാനുണ്ടെന്നറിയാമായിരുന്നിട്ടും "ചുളിവ് മാറിയില്ല" എന്ന് വെറുപ്പോടെ പറഞ്ഞ് ആ മുഖം വാടിക്കുക തന്‍റെ പതിവായിരുന്നു.


അച്ഛന്റെ കാലത്ത് ഒന്നോ രണ്ടോ ജോലിക്കാര്‍ ചെയ്തിരുന്ന വീട്ടുപണിയെല്ലാം അവള്‍ക്കിന്നു തനിയെ വഴങ്ങും. വിയര്‍പ്പോഴുകാത്ത മുഖത്തോടെ ഒരിക്കലും താനവളെ കണ്ടിട്ടില്ല. 


കുട്ടികളുണരുംമുതല്‍ സ്കൂള്‍ പാതിവഴിയില്‍ മറന്ന ചോറ്റുപാത്രം കൊടുക്കാന്‍ അവള്‍ പിറകെ ഓടും വരെ നിത്യവും തന്‍റെ പത്രവായന മുടങ്ങാരുണ്ടായിരുന്നില്ല. കിടക്കയില്‍ പലപ്പോളും ആ ഒഴുകുന്ന കണ്ണീര്‍ കണ്ടില്ലെന്നുനടിച്ചു. "നിനക്കു സുഖമില്ലേ?" എന്നൊരിക്കലും താന്‍ ചോദിച്ചിട്ടില്ല. 


അവള്‍ക്കുനെരെയുള്ള അമ്മയുടെ പതിവ് ശകാരം തന്നെ ബാധിക്കുന്ന കാര്യമേയായിരുന്നില്ല. അവള്‍ വന്നതിനപ്പുറം അമ്മക്ക് അടുക്കള ചതുര്‍ഥി ആയിരുന്നു.
വിശേഷദിവസങ്ങളിലെന്നും വിരുന്നുകാരുടെ തിരക്കായിരുന്നു. വിഭവങ്ങള്‍ തീന്‍മേശയില്‍ നിറയുമ്പോഴോ അതിനുശേഷമോ ആരും അവളെക്കുറിച്ച് തിരക്കാറില്ലായിരുന്നു. നക്കി വടിച്ച പാത്രങ്ങള്‍ ഒരിക്കലും അവള്‍ക്കു വിശപ്പുണ്ടോ എന്നു ചിന്തിച്ചിരുന്നില്ല.


ഇന്നു താനോര്‍ക്കുന്നു. അല്പം ക്ഷമയുണ്ടായിരുന്നെങ്കില്‍........? അവള്‍ക്കായി അല്പം സമയം നീക്കിവചിരുന്നെങ്കില്‍? ആ ഹൃദയം കൊതിച്ചപോലെ തെല്ലുനേരം അവളെ കേട്ടിരുന്നെകില്‍? 
അവള്‍ക്ക് അതുമാത്രം മതിയായിരുന്നു!!


ആ ദിവസം, 
തന്‍റെ ഷര്‍ട്ട്‌ പിച്ചിചീന്തി, അതിരുകള്‍ക്കപ്പുറം കേള്‍ക്കുമാറ് അലറിവിളിച്ച് വര്‍ഷങ്ങളായി ഉള്ളില്‍ വിഴുങ്ങി പറയാതിരുന്നതു മുഴുവന്‍ അവള്‍ ഒന്നിച്ചു പറഞ്ഞപ്പോള്‍.............  ലോകത്തിനു മുന്പില്‍ വിയര്‍ത്തോലിച്ച്, ഇളിഭ്യനായി, വിവസ്ത്രനാക്കപ്പെട്ടവനെ പോലെ നിന്നുപോയി താന്‍!!


അന്ന്‍ ഉരിഞ്ഞുപോയതാണ് തന്‍റെയുള്ളിലെ കാപട്യം! ഞാന്‍ എന്ന ഭാവം. അതിനിപ്പുറം ചിന്തിച്ചതൊക്കെയും യാഥാര്‍ത്ഥ്യങ്ങളായിരുന്നു.


മരിക്കുന്നതിനു മുന്‍പുവരെ അമ്മ പുതിയ വിവാഹാലോചനകള്‍ക്കായി വിവരിച്ച സ്ത്രീ രത്നങ്ങളിലൊന്നും അവളെക്കാള്‍ മികച്ചത് താന്‍ കണ്ടില്ല. അതിനുശേഷം ഇന്നുവരെ വീട് അത്ര ഭംഗിയായി കണ്ടിട്ടില്ല. അവള്‍ വിളമ്പിയത്ര രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ല. അത്രയും പ്രസന്നമായ ഒരുമുഖം വേറെ കണ്ടിട്ടില്ല. അവളെന്തായിരുന്നുവെന്ന് ഇന്നു തനിക്കറിയാം! 


കുട്ടികളുടെ വായനശാല ഉത്ഘാടനത്തിനു താന്‍ പറഞ്ഞ പ്രസംഗത്തിലെ ഇടയബാലന്റെ കഥയോര്‍ത്തു.
വീട്ടിനുള്ളില്‍ നിധിയിരിക്കുന്നതറിയാതെ സ്വപ്നത്തിലെ നിധി അന്വേഷിച്ചു ലോകം ചുറ്റിയലഞ്ഞ് അവസാനം സ്വന്തം കട്ടിലിനു കീഴില്‍ അതുകണ്ടെത്തിയത്!!
അതുപോലെ തനിക്കും ഒരവസരം കൂടി ലഭിക്കുമോ? അതോ വൈകിപ്പോയോ?


ചോറും പോതി മടക്കിയില്ല. പൈപ്പിന്  നേരെ നടക്കുമ്പോള്‍ ഉണങ്ങിപ്പറ്റിപ്പിടിച്ച ആദ്യത്തെ ഒരു പിടി വറ്റ് അപ്പോളും കൈയില്‍ തങ്ങിനിന്നിരുന്നു. 
കണ്ണീരുവീണ വാഴയില കാക്കകള്‍ കൊതിയോടെ കൊത്തിപറിച്ചു.
"മനോചികിത്സാകേന്ദ്രം" എന്ന  ബോര്‍ഡ്‌വച്ച  കമാനം കടന്നു നടക്കുമ്പോള്‍ അടുത്ത ഞാറാഴ്ചവരെ ഇനി എത്രദൂരം ബാക്കിയെന്ന് വേദനയോടെ ഓര്‍ത്തു.
ഇനി മക്കളെ കാണണം...അവരുടെ അടുത്തേക്ക്.........ഹോസ്റലിലേക്ക്.....

11 comments:

  1. നന്നായി പറഞ്ഞ ഈ കഥക്ക് ഒരു കമെന്റും ഇല്ലെന്നോ?
    ആകുലതകള്‍ പേറിയ ഒരു വീട്ടമ്മയുടെ മാനസിക പിരിമുറുക്കങ്ങള്‍ അവരെ
    മാനസിക രോഗാശുപത്രിയുടെ അകത്തളങ്ങളില്‍ എത്തിച്ച കഥ ...
    അത് ഭര്‍ത്താവിന്റെ മനോവ്യാപാരങ്ങളിലൂടെ ഇത്രയും വൃത്തിയായി പറഞ്ഞതു
    ഏറെ വായിക്കപ്പെടേണ്ട ഒന്നാണ് എന്ന് ഞാന്‍ കരുതുന്നു.

    എന്ത് പറ്റി.... ജോസ് ഇത് ഗ്രൂപ്പിലിട്ടു വായനക്കാരെ ക്ഷണിച്ചില്ലേ ?

    ReplyDelete
  2. വേണുവേട്ടാ,
    ഇത് ഒരുതവണ ഇട്ടിരുന്നു. ആരും ശ്രദ്ധിച്ചു കാണില്ല.

    ReplyDelete
  3. തിരക്കിനിടയില്‍ നല്ലൊരു കഥ വായിക്കാന്‍ എല്ലാവരും മറന്നു അല്ലേ....
    എഴുതുന്നതോടൊപ്പം അവ കൂടുതല്‍ പേരിലേക്ക് എത്തിക്കാനും ശ്രമിക്കുക.

    ReplyDelete
  4. നല്ല കഥ ജോസ്ലെറ്റ്,എനിക്ക് ചില സമയങ്ങളിൽ ഇമ്മാതിരി ഉടായിപ്പുകൾ കാണുമ്പോൾ സങ്കടം തോന്നും, ഇതിനു കമന്റില്ലാത്ത ഉടായിപ്പാ ട്ടോ. ചിലപ്പോ അതിനു കാരണം നീ അടുപ്പിച്ചടുപ്പിച്ച് പോസ്റ്റ് ചെയ്യുന്നത് കൊണ്ടാവും. കുറച്ച് സമയം കൊടുക്കണ്ടേ എല്ലാവർക്കും. ഒന്ന് വായിച്ച് ഒരു റൗണ്ട് എല്ലാവരേയും എത്തീട്ടുണ്ടാവില്ല ആരും. അതാവും ആരും വരാതിരികാനുള്ള കാരണം. അല്ലാതെ ആരും വായിച്ച് കമന്റാതിരിക്കാൻ മാത്രമുള്ള കുറ്റമൊന്നും ഇതിനില്ല. എന്നല്ല അതിമനോഹരം. പിന്നെ ഈ വാചകത്തിനെന്തേലും കുഴപ്പമുണ്ടോ ന്ന് നന്നായി ഭാഷാപരിജ്ഞാനമുള്ള ആരോടേലും ഒന്ന് ചോദിച്ചേക്ക്. കുഴപ്പമില്ലേൽ വിട്ടേക്ക്. നന്നായി വായിച്ച് നോക്കാൻ പറയുക. ട്ടോ.
    'കുട്ടികളുണരുംമുതല്‍ സ്കൂള്‍ പാതിവഴിയില്‍ മറന്ന ചോറ്റുപാത്രം കൊടുക്കാന്‍ അവള്‍ പിറകെ ഓടും വരെ നിത്യവും തന്‍റെ പത്രവായന മുടങ്ങാരുണ്ടായിരുന്നില്ല.'

    നന്നായിരിക്കുന്നു ജോസ്ലെറ്റ് ആശംസകൾ.

    ReplyDelete
  5. വിശേഷദിവസങ്ങളിലെന്നും വിരുന്നുകാരുടെ തിരക്കായിരുന്നു.വിഭവങ്ങള്‍ തീന്‍മേശയില്‍ നിറയുമ്പോളോ അതിനുശേഷമോ ആരും അവളെക്കുറിച്ച് തിരക്കാറില്ലായിരുന്നു.നക്കി വടിച്ച പാത്രങ്ങള്‍ ഒരിക്കലും അവള്‍ക്കു വിശപ്പുണ്ടോ എന്നു ചിന്തിച്ചിരുന്നില്ല...

    നന്നായിരിക്കുന്നു, ആശംസകൾ.

    ReplyDelete
  6. നന്നായി എഴുതി....ശ്രദ്ധിക്കപ്പെടേണ്ട എഴുത്ത്.

    ReplyDelete
  7. ജോസേ പുതിയ കഥയെ കാളും എനിക്കിഷ്ടായി ഇത് ...വളരെ നന്നായി എഴുതി ...ജോസ് തല്‍ക്കാലം അബ്സറിന്റെ ശിഷ്യന്‍ ആകൂ ...മാര്‍ക്കെറ്റിംഗ് നന്നായി പഠിക്കൂ ...അബ്സര്‍ ഇനി വണ്ടി ഇങ്ങോട്ട് വിടുന്നതിനു മുന്നേ ഞാന്‍ ഓടി ട്ടോ ...!!

    ReplyDelete
  8. ജീവിതം :
    ജീവിച്ചു തീര്‍ക്കുന്നതിനു പകരം കലഹിച്ചു തീര്‍ക്കുന്നു ചിലര്‍
    ഒടുവില്‍
    സമയ പരിധി കഴിഞ്ഞ്‌ തെറ്റും ശരിയും കണ്ടെത്തുമ്പോള്‍
    നഷ്ടപ്പെട്ടത് ഒരു ആയുസ്സ് മാത്രമായിരിക്കില്ല
    ഒരു പാട് ജീവിതങ്ങള്‍ ആയിരിക്കും
    പലരുടെയും ജീവിക്കാനുള്ള അവകാശങ്ങള്‍ ആയിരിക്കും
    മക്കള്‍ക്ക്‌ അച്ഛനെ , അല്ലെങ്കില്‍ അമ്മയെ ആയിരിക്കും
    കളിച്ചു നടക്കേണ്ട ബാല്യം കരഞ്ഞു തീര്‍ക്കേണ്ടി വരുന്ന ബാല്യങ്ങള്‍
    അവരുടെതാണ് ഈ കഥ
    വളരെ മനോഹരമായി എഴുതി ഈ കഥയും
    ആശംസകള്‍

    ReplyDelete
  9. വരികളിലൂടെ സഞ്ചരിച്ചപ്പോള്‍ ഹൃദയം നൊമ്പരപ്പെട്ടു ഹൃദയ സ്പര്‍ശിയായി ഈ കഥ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  10. It is really touching. no words more...........

    ReplyDelete
  11. Some words are really hurting...Good Job..May God bless You..

    ReplyDelete

Related Posts Plugin for WordPress, Blogger...