13.10.11

പറയാന്‍ ബാക്കിവച്ചത്


എന്തുകൊണ്ട് ആ രഹസ്യം ആദ്യം പുഴയറിഞ്ഞില്ല!

എത്രയോ നാളായ യാത്രകള്‍? എത്രയെ ഭാരങ്ങള്‍ നെഞ്ചില്‍ വഹിച്ചിരിക്കുന്നു. ഒരു പ്രളയം മുതല്‍ മാമലകള്‍ കുലുക്കിത്തുപ്പിയ കൂറ്റന്‍ ഉരുള്‍പൊട്ടല്‍ വരെ! എങ്കിലും പുഴ നിര്‍വികാരയായി തനിഷ്ടമുള്ളിടത്തേയ്ക്കൊഴുകുന്നു. ആളുകള്‍, വഞ്ചികള്‍, കടപുഴകിയ വൃക്ഷങ്ങള്‍, മൃതദേഹങ്ങള്‍! അവയുടെ വേദന ഒരുപാടു കേട്ടുമടുത്തതോ അതോ മനപ്പൂര്‍വം മൗനിയായതോ? 

കാക്കപ്പോളകള്‍ നീക്കി, കാലൊന്ന് നനച്ച് കല്‍ക്കെട്ടില്‍ പമ്പയാറിനെ നോക്കിയിരുന്നപ്പോള്‍ വെറുതെ ഓര്‍ത്തുപോയി ബാല്യം. ഒരു പഴയ രഹസ്യം. അല്ല! പഴയ സത്യം.

സത്യത്തിനു പഴക്കമുണ്ടോ? അധികമാര്‍ക്കും അറിയാത്തത്; ഒരു പക്ഷേ താന്‍ കണ്ടെത്തിയത്, വിവരിച്ചാല്‍ വിശ്വസയോഗ്യമല്ലാത്തത്, അവ എങ്ങനെ സത്യമാകും? എന്തിനും ആധികാരികത വേണം. അല്ലെങ്കില്‍ സാക്ഷികള്‍, തെളിവുകള്‍. 
പക്ഷെ..........എന്തിനു വേണ്ടി? ആര്‍ക്കുവേണ്ടി? അവരാരും ഇന്നില്ല. മറഞ്ഞു കിടക്കുന്ന സത്യത്തിലെ മറന്നുപോയ കഥാപാത്രങ്ങള്‍!

അന്ന് വയസു പന്ത്രണ്ട്. ഏഴാം ക്ലാസ്സിലാണ്. എന്നും വെറുപ്പോടെ ഓര്‍ക്കുന്ന ഒന്ന്. സ്കൂള്‍ സമയത്തിന് ശേഷമുള്ള ടുഷന്‍! നാലുമണിക്ക് ശേഷമുള്ള മടുപ്പിക്കുന്ന മാത്ത്മാറ്റിക്സ്. അന്നുപോലുമില്ലാത്ത കണക്കക്കുകൂട്ടല്‍ പിന്നീടിങ്ങോട്ട് ജീവിതത്തില്‍ ഇന്നോളം കൂട്ടിനില്ല.

വീട് ഒരുപാട് ദൂരെയാണ്; വീട്ടിലേക്കുള്ള വഴിയും. സമയത്തെ തെല്ലും കൂസക്കാതെ കനമുള്ള പുസ്തക സഞ്ചിയും തൂക്കിയുള്ള വൈകുന്നേരത്തെ യാത്രകള്‍. ഒന്നിനെയും പറ്റി ആകുലതകളില്ലാതെ, ബന്ധനങ്ങള്‍ക്കതീനനായ തന്‍റെയാബാല്യം ഇന്നും മായാതെ മനസിലുണ്ട്. പുല്ലിനോടും പൂവിനോടും സല്ലപിച്ച്, കിളികളേയും മീനിനെയും കണ്ടാസ്വദിച്ച്, തെളിനീരില്‍ മുഖം നോക്കി, കുഞ്ഞോളങ്ങളെ കല്ലാലിളക്കി, കണ്ണിനു മുന്പിലുള്ളതെല്ലാം കണ്ടാസ്വദിച്ച് വീട്ടിലേക്കുള്ള നടത്തം. പുഴയുടെ മൂന്നു കൈവഴികള്‍ ഒന്നായി ചേരുന്ന വളവിനു മുന്‍പായുള്ള ആ നടുവളഞ്ഞ പാലത്തില്‍ എത്തും വരെ എന്നും തന്നെക്കാണാതെ സൂര്യന്‍ മറയാറില്ലായിരുന്നു. 

ഇതൊക്കെയായാലും വഴിമധ്യേ പള്ളിവക ശ്മശാനത്തിനു വശത്തുകൂടിയുള്ള വിജനമായ പാത കടന്നുപോകുക!! എത്ര വേഗം നടന്നാലും തീരാത്ത ഭീമന്‍ മതില്‍ക്കെട്ട്. മിക്കവാറും യാത്ര തനിയെയെങ്കിലും ഭീതി തോന്നിയിട്ടേയില്ലകാരണം തന്‍റെ കണ്ണെത്താത്ത ഒരില പോലും ആ വഴിയിലില്ല!

അന്ന്........പതിവില്ലാത്ത നിശബ്ദത തോന്നി. ശ്......ശ്........ഒരനക്കം മതിലിനപ്പുറത്ത് നിന്നും! ഇല്ല. തോന്നലാവാം, പക്ഷേ ഭയന്ന് പോയി. അത് അപമൃത്യു സംഭവിച്ചവരെ കുഴിച്ചിടുന്ന തെമ്മാടിക്കുഴിയുടെ ഭാഗമാണ്. ആര് അതിനുള്ളില്‍ വരാന്‍? ഇല്ല തീരെ സാദ്ധ്യതയില്ല. വെറുത നിരങ്ങിനീങ്ങി സ്ഥലകാല ബോധം നഷ്ടപ്പെട്ടുവോ?

ആരോടും ഒന്നും മിണ്ടിയില്ല. പിറ്റേന്ന് കൃത്യസമയം. വീണ്ടും അതേ ശബ്ദം! താന്‍ നടക്കുന്നതിനോപ്പം മതിലിനപ്പുറം കൂടെ ആരോ നടക്കുന്ന കാലടിശബ്ദം! മറ്റൊന്നും കേള്‍ക്കാനില്ല. അടുത്ത രണ്ടു ദിവസവും ഇതുപോലെ തന്നെ. ഭയം ക്രമേണ കുറഞ്ഞുവന്നു. അതു മറ്റെന്തോ ആകാം........

"ശ്......ശ്.......പക്ഷെ ഇന്നു കേട്ട നേര്‍ത്ത ശബ്ദം ഒരു പുരുഷന്‍റെയാണ്. ഇതുവരെ പരിചിതമല്ലാത്തത്.


"ഇന്നെന്താ വൈകിയത്?"
വാച്ചില്‍ നോക്കി ശരിയാണ് ഇരുപതു മിനിട്ട് വൈകിയാണ്. നടപ്പിന്‍റെ വേഗത താനെകൂടി.
"എന്നെ ഓര്‍മയില്ലേ കുട്ടീ നിനക്ക്? സൗഭാഗ്യ ചിട്ടി ഫണ്ട്സ് മാനേജര്‍ മൈക്കിള്‍! നിന്‍റെ ടുഷന്‍ ക്ലാസ്സിനോട് ചേര്‍ന്ന ആപ്പീസ് മുറിയിലാണ് കഴിഞ്ഞ ആഴ്ചവരെ ഞാനിരുന്നത്." 

ഓര്‍മ്മയില്‍ തെളിഞ്ഞു വന്നത് അച്ഛന്‍ പത്രം വായിച്ച് അമ്മയോട് ഉറക്കെ വിളിച്ചു പറയുന്നതാണ്. "എങ്കിലും ഭാര്യയെയും മക്കളെയും പെരുവഴിയിലാക്കിയിട്ടു ഇവനൊക്കെ ഇതു ചെയ്യാന്‍ തോന്നിയല്ലോ?" സംഭവം നടന്നിട്ട് ആഴ്ച ഒന്നാകുന്നു.സ്വന്തം ബാങ്കില്‍ നിന്നും പണവും പണ്ടങ്ങളും മോഷ്ടിച്ച സ്വകാര്യ ബാങ്ക് മാനേജര്‍ പോലീസ് പിടികൂടുന്നതിന് മുന്‍പ് ആത്മഹത്യ ചെയ്തു.

"ഞാന്‍ ആത്മഹത്യ ചെയ്യില്ല. എന്നെ കൊന്നതാണ്." പത്തിഞ്ഞ ശബ്ദം തുടര്‍ന്നു.

ഒരെത്തും പിടിയും കിട്ടണില്ല.കാണാന്‍ മേല. കേള്‍ക്കുന്നത് സത്യമോ മിഥ്യയോ? എങ്കില്‍തന്നെയും ഇതൊക്കെ എന്തിനു കുട്ടിയായ തന്നോട് പറയണം? അതുകൊണ്ട് എന്ത് പ്രയോജനം? മതിലുകല്‍ക്കപ്പുരെ നിന്നും അതിങ്ങനെ തുടര്‍ന്നു.

"കഴിഞ്ഞ നാലു വര്‍ഷമായി മോഹന്‍ദാസ്‌ സാറിന്റെ ബാങ്കിലെ ഏറ്റവും വിശ്വസ്തനായ മാനേജരായിരുന്നു ഞാന്‍. ആ ദിവസം ഞങ്ങള്‍ സാറ് പുതിയതായി വാങ്ങിയ തോട്ടത്തിനുളിലെ ബന്ഗ്ലാവിലായിരുന്നു രാത്രി കൂടിയത്. ഞാനാണ് അവര്‍ക്ക് മദ്യം ഒഴിച്ചുകൊടുത്തത്.പിന്നെ ഞാനും കൂടെ കൂടി. അല്ല അവര്‍ എന്നെ നിര്‍ബന്ധിച്ചു കുടിപ്പിക്കുകയായിരുന്നു. രണ്ടു പേരുംചേര്‍ന്ന് കഴുത്തില്‍ കയര്‍ കുരുക്കുന്നതും എനിക്കോര്‍മ്മയുണ്ട്. അതിനുശേഷവും!.....ഇല്ല ഞാന്‍ അപ്പോഴും മരിച്ചിരുന്നില്ല! 

അവിടെവച്ചുതന്നെയാണ് പത്തു ദിവസങ്ങള്‍ക്കു മുന്‍പ് സാറിന്റെ സുഹൃത്തായ എസ്.ഐ നിരഞ്ജന്‍ കൃത്യം ആസൂത്രണം ചെയ്തത്. മുതലാളി തോട്ടം വാങ്ങിയ കടം തീര്‍ക്കാനായി സ്വന്തം ബാങ്ക് കൊള്ളയടിക്കുക! പണവും പണ്ടവും മുന്‍പേതന്നെ മാറ്റി. അതിനുശേഷമാണ് സ്ട്രോന്ഗ് റൂം പോളിക്കാനാരംഭിച്ചത്. ബാങ്ക് കൊള്ളയടിക്കപ്പെട്ടു എന്ന വാര്‍ത്ത‍ പുറത്താകുന്നതിനു തലേന്നാണ് അവര്‍ എന്റെ ജീവനെടുത്തത്. ഒരേ ഒരു സാക്ഷി അങ്ങനെ ഉന്മൂലനം ചെയ്യപ്പെട്ടു. അവരെന്നെ പ്രതിയാക്കി. അപമാനം സഹിക്കവയ്യാത്ത ആത്മഹത്യയാക്കി മാറ്റി. അവസാന ഗ്ലാസില്‍ വിഷത്തിന്റെ മണം ഞാന്‍ രുചിച്ചിരുന്നു. പാലത്തിന്റെ മുകളില്‍നിന്നും വെള്ളത്തിലേക്ക്‌ വലിചെറിയുംമ്പോഴും എന്നില്‍ ശ്വാസം തങ്ങി നിന്നിരുന്നു. എന്റെ അവസാന കണ്ണീരും വേദനയും ആ പുഴയിലാണ് ഞാനൊഴുക്കിക്കളഞ്ഞത്. ലോകത്തിന്റെ ഓരോ കോണിലും ഇപ്പോഴും തന്നെപ്പോലെ നിരപരാധികളാരെക്കൊയോ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. ഇന്നു ഞാന്‍ പ്രകൃതിയുടെ ഭാഗമാണ്. കാറ്റായെധേഷ്ടം പാറി നടക്കുന്നു. പക്ഷെ എന്നില്‍ പറയാന്‍ ബാക്കിവച്ചത് എനിക്ക് പറഞ്ഞേ പറ്റൂ. ഇതുവഴി വന്നവരോടൊക്കെ ഞാന്‍ സംസാരിച്ചത് ആരും കേട്ടില്ല. നീയൊഴികെ! അവരാരും പ്രകൃതിയെ, ചുറ്റുപാടുകളെ കണ്ടില്ല, ജീവന്റെ വായുവിനെ അറിഞ്ഞില്ല. അവരുടെ ചിന്തകള്‍ മറ്റേതോ ലോകത്തായിരുന്നു." 

ഇല്ല! ഈ കേട്ടതൊക്കെ മിഥ്യയാണ്‌. തന്റെ തോന്നലുകളാണ്. താന്‍ വെറുമൊരു ബാലനാണ്.
അതിനുശേഷം ഇന്നേവരെ ആ വഴി സഞ്ചരിച്ചിട്ടില്ല. ഭയം! ആരോടും പറയാന്‍ വയ്യ. അല്ലെങ്കില്‍ അവര്‍ തന്നെ ഭ്രാന്തനെന്നു വിളിച്ചേക്കാം.

ഇരുപതു  വര്‍ഷങ്ങള്‍ക്കിപ്പുറം താനീ പുഴയോരത്തിരിക്കുന്നു. രണ്ടു ദിവസം മുന്‍പാണ്‌ സൗഭാഗ്യ ചിട്ടി ഫണ്ട്സ് ഉടമ മോഹന്‍ദാസ്‌ മരിച്ചത്. വെള്ളത്തില്‍ വീണ്! അര്‍ദ്ധരാത്രിയില്‍ ശ്മശാനതിനു മുന്‍പിലെ റോഡില്‍ പട്ടി വട്ടംചാടി, അയാളോടിച്ച കാര്‍ നിയന്ത്രണം വിട്ടു പുഴയിലേയ്ക്ക് വഴുതി. എന്തോ കണ്ടു ഭയപ്പെട്ടതാണെന്നും ആളുകള്‍ക്കിടയില്‍ സംസാരമുണ്ട്.


സംഭവത്തിന്‍റെ സൂത്രധാരനും മുന്‍പ് കേസന്വേഷിച്ചവനുമായ എസ്.ഐ നിരഞ്ജന്‍ ഭാര്യാ കാമുകനെ തുണ്ടം തുണ്ടമായി പുഴയില്‍ തള്ളിയ കേസില്‍ കഴുമരത്തിലവസാനിച്ചിട്ടു വര്ഷം മൂന്നു കഴിയുന്നു. ഈ പുഴയോരത്തിരിക്കുമ്പോള്‍, വെള്ളത്തിലേക്ക് ചെറുപാറകള്‍ വലിച്ചെറിയുമ്പോള്‍ ഓളങ്ങള്‍ തന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ട്. അതെ എല്ലാമറിയുന്ന പുഴ! എല്ലാത്തിനും സാക്ഷിയാണ് പുഴ.

രണ്ടു ദാശാബ്ദങ്ങല്‍ക്കിപ്പുറം ഇന്നലെ വൈകിട്ട് താനാ പഴയ ശ്മശാനവീഥിയിലൂടെ യാത്രചെയ്തു. മനസ് പറഞ്ഞു ഒരിക്കല്‍ക്കൂടി പോയിനോക്കൂ. ആ പഴയ ശബ്ദം കേള്‍ക്കുന്നുണ്ടോ?

ഇല്ല. അന്ന് ചെവികളില്‍ മുഴങ്ങിയ വാക്കുകള്‍ ഓര്‍മ്മ വന്നു. 

"അവരാരും പ്രകൃതിയെ, ചുറ്റുപാടുകളെ കണ്ടില്ല. അവരുടെ ചിന്തകള്‍ മറ്റേതോ ലോകത്തായിരുന്നു." 

അതെ. താനിന്നു വളരെയേറെ മാറിയിരിക്കുന്നു. കാര്‍മേഘങ്ങള്‍പൊലെ പെയ്തൊഴിയാത്ത മനസ്. ജീവിതം, പ്രാരബ്ധങ്ങള്‍! താന്‍ നടന്ന വഴിയില്‍ ഒന്നിനെയുംകണ്ടില്ല. പൂക്കളെ, പുല്ലിനെ, കിളികളെ, പ്രകൃതിയെ. എന്തുകൊണ്ട് അന്ന് താന്‍ മാത്രം മറ്റാരും കേള്‍ക്കാത്തത് കേട്ടു? അതോ എല്ലാം മിഥ്യയോ? മനസിന്‍റെ തോന്നലുകളോ? എങ്കിലുമൊരുകാര്യം തനിക്കുറപ്പാണ്. തന്നോട് സംസാരിച്ചത് പ്രകൃതിയോ ആത്മാവോ അല്ലെങ്കിലും, ഒക്കെ ഉള്ളിലുടലെടുത്ത വിഭ്രാന്തിയായിരുന്നാലും, മൈക്കിളിന്റെ മരണം ഇന്നും ദുരൂഹമായി അവശേഷിക്കുന്നു. പ്രസ്തുത കഥാപാത്രങ്ങളൊക്കെയും മൃത്യുവിന് കീഴടങ്ങിയത് ഇപ്രകാരം തന്നെയായിരുന്നു.  

ഇന്നും ലോകത്തിന്റെ പല കോണില്‍ നിരപരാധികള്‍ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു. മരിച്ചവര്‍ തിരിച്ചുവന്നു പറയാത്തിടത്തോളംകാലം അതൊക്കെ മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കപ്പെടുകയോ വിസ്മരിക്കപ്പെടുകയോ ചെയ്യുന്നു.
വാസ്തവം ആരുമറിയുന്നില്ല........ ചിലപ്പോള്‍ പുഴയോഴികെ!

6 comments:

 1. അങ്ങിനെ ആണോ..?? അങ്ങിനെ മരിച്ച് പോകുന്നവരുടെ ആത്മാക്കൾ പ്രതികാരം ചെയ്യുമോ..???

  ReplyDelete
 2. പ്രവര്‍ത്തികള്‍ക്ക് പ്രതികാരം നല്‍കാനുള്ള അധികാരം ദൈവത്തിനാണ്.ചിലപ്പോള്‍ ഉടനെ,അല്ലെങ്കില്‍ അടുത്ത തലമുറയിലൂടെ അത് നടപ്പായിരിക്കും.എന്‍റെ ചെറുപ്പത്തില്‍ നാട്ടില്‍ നടന്ന ഒരു മരണം,അതിനു കാരണക്കാരനെന്ന് ആളുകള്‍ പറഞ്ഞ ഒരു വ്യക്തിയുടെ മരണം മുകളില്‍ പറഞ്ഞപോലെ ആയിരുന്നു. ബാക്കിയൊക്കെ സാങ്കല്‍പികം. നന്ദി

  ReplyDelete
 3. അവിശ്വസനീയമായ കഥ... കഥയല്ലെയെന്നു സമാടാനിക്കാം... ആശംസകള്‍..

  ReplyDelete
 4. ഞാനും ഇത് പോലെ ചില കഥകള്‍ എന്റെ ഗ്രാമത്തില്‍ കേട്ടിട്ടുണ്ട് ....
  അതിന്റെ പ്രതികാരം എന്നോണം ചില ഉദാഹരണങ്ങളും ഗ്രാമവാസികള്‍ ചൂണ്ടി കാട്ടുന്നുണ്ട് ,
  ഇപ്പോഴത്തെ ഒരാളുടെ അവസ്ഥ അയാളുടെ പൂര്‍വ കര്‍മങ്ങളുടെ ഫലം എന്ന് തോന്നിപ്പിക്കും
  വിധം ദയനീയമാണ് ആ കാഴ്ചകള്‍ ... അത്തരത്തില്‍ ഒരെണ്ണം ഇവിടെയും വായിച്ചു

  ReplyDelete
 5. ഈ പോസ്റ്റിനു വെറും നാല് കമെന്റ് മാത്രമോ ? എന്ത് കൊണ്ട് ? ജോസ്സൂ. ഇതൊന്നു കൂടി ഒന്ന് ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യ് ..പലരും വായിക്കാന്‍ വിട്ടതായിരിക്കും.

  പ്രകൃതിക്ക് മാത്രം അറിയാവുന്ന ഒരുപാട് രഹസ്യങ്ങള്‍ ഇത് പോലെ ഇനിയുമുണ്ട്. ഇവിടെ ഒരു പുഴയെങ്കില്‍ , ചിലയിടങ്ങളില്‍ കാടും, മരുഭൂമിയും, മഞ്ഞുമാലയും ഒക്കെ ആയിരിക്കും സാക്ഷ്യം വഹിച്ചിരിക്കുക

  ആശംസകള്‍//.

  ReplyDelete
 6. AMAZING.TRUTH IS DANGER THAN FICTION.

  ReplyDelete

Related Posts Plugin for WordPress, Blogger...