1.11.11

ഒഴുക്കിനെതിരേ

പതിവ് വായന കഴിഞ്ഞു ജോണി തിടുക്കത്തില്‍ പത്രം മടക്കി.


വരാന്തയിലെ ചാരുകസേരയില്‍ വിസ്തരിച്ചിരുന്നുള്ളതോ, പഴഞ്ചന്‍ ബഞ്ചിന്‍റെയും വയസരുടെയും മൂളലിലിഴഞ്ഞ ചായക്കടയിലെ നേരമ്പോക്ക്‌ വായനയോ അല്ല അത്. ഓടിച്ചൊരു നോട്ടം . ആദ്യം മുന്‍ പേജ്, പിന്നെ അവസാന പേജ്, കായികം, ബിസിനെസ്സ്. കുന്നിക്കുരു പോലെയുള്ള അക്ഷരങ്ങള്‍ക്കിടയില്‍ കണ്ണുടക്കുന്നിടങ്ങളില്‍ മാത്രം അല്പമൊന്നു തങ്ങും. അത്രമാത്രം!


ചരമകോളം ഒരിക്കലും തുറക്കാറില്ല. അതൊരു പഴഞ്ചന്‍ ഏര്‍പ്പാടാണ്.പത്രക്കാര്‍ക്ക് കാശില്‍ കണ്ണില്ലായിരുന്നെങ്കില്‍ ആ താളുകള്‍ എന്നേ അപ്രത്യക്ഷമായേനെ! ഇന്നു തനിക്ക് വേണ്ടപ്പെട്ടവരുടെ വേര്‍പാടുകള്‍ ആരെങ്കിലും വിളിച്ചറിയിക്കും. പിന്നെതിന് വെറുതെ?
എന്നും കാണാം ആത്മഹത്യകള്‍! ഒറ്റക്കും, കുടുംബമായും, എത്ര പ്രമുഖവും പ്രമാദവുമായാലും അതൊട്ടും താന്‍ നോക്കാറില്ല. തന്‍റെ കാഴ്ചപ്പാടില്‍ "ആത്മഹത്യചെയ്യുന്നത് ഭീരുക്കളാണ്." ജീവിതത്തെ ഭയപ്പെടുന്നവര്‍. ഒരു മനുഷ്യായുസ് അങ്ങനെയങ്ങു തീര്‍ക്കാനായിരുന്നെങ്കില്‍ ജന്മത്തിനെന്തര്‍ത്ഥം? ജോണിക്കവരോട് അനുകമ്പയല്ല പുച്ഛമാണ്.


ഇന്നോളം താന്‍ നീന്തിയതൊക്കെ ഒഴുക്കിനെതിരേയായിരുന്നു. കൈകാല്‍ കുഴഞ്ഞ്, കണ്ണെത്താവുന്നതിനപ്പുറം കര ദൂരത്തായപ്പോഴും, ആഴിയുടെ ആഴങ്ങളില്‍ ആഴ്ന്നു പോയപ്പോഴും, ഒരു ചെറുവള്ളമെങ്കിലും തന്നെ തേടി വരുമെന്ന വിശ്വാസമാണ് ഇവിടെവരെയെത്തിച്ചത്.


വീട്ടിലെ ഇളയവനായിരുന്നു ജോണി. അപ്പനും  അമ്മയും രണ്ടു സഹോദരിമാരും ജ്യേഷ്ഠനുമടങ്ങുന്ന, പ്രതാപത്തില്‍ തെല്ലും കുറവില്ലാത്ത "പറമ്പില്‍" തറവാട്.  അപ്പനു മൂന്നു തലമുറ മുന്‍പേ കണ്ണെത്താദൂരത്തോളം വനം വളച്ചുകെട്ടി, കാടു വെട്ടി, റബറും, കാപ്പിയും, ഏലവും കുരുമുളകും നട്ട്, കഷ്ടപ്പെട്ട് മണ്ണില്‍ കനകം വിളയിച്ച ചരിത്രമാണ് അവരുടേത്. അതിനു ശേഷം വന്നവരൊക്കെ, ജോണിയുടെ അപ്പനടക്കം അതില്‍നിന്നും വിയര്‍പ്പറിയാതെ ഭക്ഷിച്ചവരാണ്. തന്‍റെ തലമുറയിലെ സാമാന്യം സമ്പന്ന കുടുംബത്തില്‍ ജനിച്ചതിന്‍റെ അഭിമാനവും ഒപ്പം തെല്ലഹങ്കാരവും ജ്യേഷ്ഠനും താനും മറച്ചു വച്ചിരുന്നില്ല. അന്നാടുകളിലൊന്നും കര്‍ഷക ഭൂ മുതലാളിമാരുടെ മക്കള്‍ പഠിപ്പിനെ തെല്ലും ഗൌനിച്ചതേയില്ല, സമൂഹത്തില്‍ അത് ഒരു കുറവേ ആയിരുന്നില്ല.


പതിനാലാം വയസില്‍ അപ്പന്‍ ഹൃദയാഘാതം മൂലം മരിച്ചതിനു ശേഷവും, തന്നെക്കാള്‍ ഒരു വയസു മാത്രം മൂത്ത, ഏറ്റവും അടുത്ത കൂട്ടുകാരനായ ജേഷ്ഠന്‍റെ തണലില്‍ സര്‍വ സ്വാതന്ത്ര്യത്തോടും ജീവിതം ആഘോഷിച്ചു. നിനച്ചിരിക്കാതെ കയ്യില്‍ വന്ന കണക്കില്ലാത്ത സ്വത്തുക്കള്‍! എണ്ണമില്ലാത്ത സുഹൃത്തുക്കള്‍! ഏറ്റവും പുതിയ വണ്ടികള്‍!......!!. ബൈക്കിനോടയിരുന്നു കൂടുതല്‍ പ്രിയം. ജീവിതം ആസ്വദിക്കുക എന്നതിനപ്പുറം മറ്റൊന്നും താന്‍ ചിന്തിച്ചിരുന്നില്ല.


ഇന്നും ആ വളവിലൂടെ യാത്രചെയ്യുമ്പോള്‍ ഉള്ളിലൊരു വെള്ളിടി താന്‍ അനുഭവിക്കാറുണ്ട്. എന്താണോ അന്ന് സംഭവിച്ചത്? അമിത വേഗത, അശ്രദ്ധ, മഴ, എതിരെ വന്ന ബസ്സ്........ഓര്‍ക്കാനാവുന്നില്ല.  "നീ യാണ് എന്നേക്കാള്‍ നല്ല ഡ്രൈവര്‍" എന്ന് പിന്നിലിരുന്നു ജ്യേഷ്ഠന്‍ പറയുമ്പോള്‍ ഉള്ളില്‍ അതുവരെ തോന്നിയ അഭിമാനം ആ ദിവസം കൊണ്ടില്ലാതായി. ഒപ്പം ജ്യേഷ്ഠനും!


ജ്യേഷ്ഠന്‍ ഒരു വിടവായി ഇന്നും തനിക്ക് ചുറ്റുമുണ്ട്, പക്ഷേ പതിനഞ്ചാം വയസ്സില്‍ കുടുംബത്തിന്റെ അമരക്കാരനായി. എന്തിനും കൂട്ടിനു സുഹൃത്തുക്കള്‍. വിദഗ്ധോപദേശത്തിനു പഞ്ഞമില്ല. തന്‍റെ പ്രായത്തില്‍പ്പെട്ട പലരുടെയും വിദൂര ചിന്തയില്‍ പോലും കടന്നുവരാന്‍ സാധ്യതയില്ലാത്തവ പലതും ബിസിനെസ്സില്‍ പയറ്റിനോക്കി.  മരക്കച്ചവടം വന്‍ ലാഭം കൊയ്യുന്ന പണിയെന്നാരോ പറഞ്ഞപ്പോള്‍ പിന്നെന്തിനു സന്ദേഹം? തടിമില്ലു വിലക്കെടുത്തു നടത്തി കച്ചവടം! അന്നാട്ടിലെ ആളുകള്‍ ആദ്യമായി ഹെലികൊപ്ടര്‍ തലക്കുമേളില്‍ ഇത്ര താഴ്ന്നു പറന്നു കാണുന്നത് താന്‍ ആദ്യമായി വാടകക്കെടുത്തു തോട്ടങ്ങളിലുടനീളം മരുന്ന് തളിച്ചപ്പോളാണ്. ആ ധൈര്യം ഇന്നും തെല്ലു കൈമോശം വന്നിട്ടില്ലെങ്കിലും, കൂടുതല്‍ പോക്കത്തിനൊപ്പിച്ചു വീഴ്ചയുടെ ആക്കവും കൂടും എന്ന് ആദ്യമായി  അറിഞ്ഞതന്നാണ്. കാലഹരണപ്പെട്ട മീറ്റര്‍ ഗയ്ജു റയില്പാളങ്ങള്‍ കാണുമ്പോള്‍ തന്‍റെ തടിമില്ലും, തുരുമ്പരിച്ച് ഉപേക്ഷിക്കപ്പെട്ട ബസ്സോ, ലോറിയോ കാണുമ്പോള്‍ ചിറകുതകര്‍ന്ന ഹെലികൊപ്ടറും ഓര്‍മയില്‍ മിന്നിമറയും.


ആ നഷ്ടങ്ങളില്‍ കാര്യമായി മുറിവേറ്റിട്ടും മറിയാതെ നിന്നത്  പൂര്‍വ്വികന്മാര്‍ തനിക്കായി കരുതിവച്ചിന്ന വസ്തുവകകളുടെ വ്യാപ്തികൊണ്ടു മാത്രമായിരുന്നു. താനുള്‍പ്പെട്ട കഴിഞ്ഞ മൂന്നു തലമുറ നഷ്ടപ്പെടുത്തുകയല്ലാതെ അതിലൊന്നും കൂട്ടിചെര്‍ത്തിട്ടില്ല. ശേഷിച്ച മുപ്പതെക്കര്‍ "പറമ്പില്‍" പുരയിടം അന്ന് കിട്ടാവുന്നതില്‍ വെച്ചെറ്റം വലിയ വിലയ്‌ക്ക് കയ്യോഴിയുമ്പോള്‍ കണക്കുകൂട്ടല്‍ പലതായിരുന്നു. കുടുംബ മഹിമക്കുതകും വിധം സഹോദരിമാരെ കെട്ടിച്ചയക്കുക, ചെറുതെങ്കിലും പുതിയൊരു വീടുവാങ്ങി ടൗണിലേക്ക് ചേക്കേറുക, ബാക്കി പണം കൊണ്ട് ഒരു ഫിനാന്‍സ് കമ്പനി തുടങ്ങി പിടിച്ചുനില്‍ക്കുക.


ആദ്യത്തെ കാര്യം ഭംഗിയായിത്തന്നെ നടന്നു. പെങ്ങന്മാര്‍ കെട്ടിയവര്‍ക്കൊപ്പം കടല്‍ കടന്ന് അമേരിക്കയിലേക്ക് കുടിയേറി. പിന്നീടെല്ലാം തന്‍റെ കണക്കുകൂട്ടലുകള്‍ക്കപ്പുറമായിരുന്നു. പരിഭവമോ പരാതിയോ ഇല്ലാത്ത നിശബ്ദ സാന്നിധ്യമായ അമ്മ തളര്‍ന്നു വീണപ്പോള്‍......ആഴ്ചയില്‍ ഇരുവട്ടമുള്ള ഡയാലിസിസില്‍ നാലുവര്‍ഷ്ങ്ങള്‍കൊണ്ട് തനിക്കുള്ളതെല്ലാം നാമമാത്രമായപ്പോഴും, പിന്നീട് അമ്മ ഓര്‍മ്മയോടോട്ടി ചേര്‍ന്നപ്പോഴും, "പറമ്പില്‍" എന്ന പേര് ഇറക്കിവെക്കുവാന്‍ സ്വന്തമായി ഒരു ചുവരുപോലും തനിക്കില്ലായിരുന്നു. ആദ്യം ആഡംബരമായതില്‍നിന്നും ഇന്നു അത്യാവശ്യമുള്ളതിലേക്കൊതുങ്ങി........ എല്ലാം വാടക വീടുകള്‍!.............ഇന്നും വീട് ഒരു സ്വപ്നമായി അവശേഷിക്കുന്നു.


കൈ  അറിഞ്ഞു കൊടുത്തിട്ടെയുള്ളൂ കൈനീട്ടി വാങ്ങി ശീലമില്ല.  സുഹൃത്തുക്കളൊക്കെ തന്നെപ്പോലെ പ്രാരബ്ധക്കരായി ഒതുങ്ങി. ചിലര്‍ ബോംബെയ്ക്കോ മറ്റു പലയിടങ്ങളിലേക്കോ ക്ഷണിച്ചപ്പോഴും നാടുവിട്ടുപോകാന്‍ മനസുവന്നില്ല. ജീവിതം ഇഴഞ്ഞോഴുകി ഒറ്റക്കായപ്പോഴും, ഇടക്കുവച്ചെവിടെവെച്ചോ ചേര്‍ന്നോഴുകിയ കൈവഴിയായി തന്‍റെ ശൂന്യതയിലേക്ക് അവള്‍ കൂട്ടായി വന്നു. ഭാര്യവീട്ടുകാരെതിര്‍ത്ത വിവാഹത്തിനു ശേഷവും പണത്തിനു പകരം നിലക്കാത്ത, ഉപയോഗശൂന്യമായ കുടുംബമഹിമയോഴിച്ചോന്നും തനിക്കു കൈമുതലായുണ്ടായില്ല. തന്‍റെ സഹായം കൊണ്ടാണ് പച്ചപിടിച്ചതെന്നു കാണുമ്പോളോക്കെ സുഖിപ്പിക്കുന്നൊരു സുഹൃത്തിന്റെ നിര്‍ബന്ധത്താല്‍ അയാളുടെ വസ്ത്ര വ്യാപാരത്തില്‍ കൂടെ കൂടാമെന്ന് സമ്മതിച്ചു. കുടുംബത്തെ നാട്ടില്‍ തനിച്ചാക്കി കൊച്ചിയിലേക്ക് കളം മാറ്റി. കാര്യങ്ങള്‍ പഠിക്കാന്‍ ഉപദേശിച്ച് സുഹൃത്ത്‌ തിരക്കിലേക്ക് പിന്‍വാങ്ങിയപ്പോള്‍ "വസ്ത്രവ്യാപാരം" ഇന്ന വാക്ക് മനസ്സില്‍ കോറിയിട്ട ചിത്രവും യാതാര്‍ത്ഥ്യവും തമ്മില്‍ വലിയ അന്തരമുണ്ടായിരുന്നു. മൊത്തമായി എത്തിക്കുന്ന തുണികള്‍ നാടിന്‍റെ നാനാഭാഗങ്ങളിലെത്തിച്ചു കടയോ,സ്ഥലമോ ഇല്ലാതെ ലാഭം കൊയ്യുന്ന തെരുവ് കച്ചവടം!എം.ജി റോഡിന്‍റെ വക്കത്തിരുന്നു ബനിയനും, നിക്കറും, അടിവസ്ത്രങ്ങളും വിറ്റപ്പോഴും കുറച്ചില്‍ തോന്നിയിട്ടില്ല. കച്ചവടം നടത്തുമ്പോള്‍ വാഹനങ്ങള്‍ക്കും ആളുകള്‍ക്കും തിരക്കിനുമിടയില്‍  ലോകത്തെ നിരീക്ഷിക്കുമ്പോള്‍, കുട്ടികളെ മാതാപിതാക്കള്‍ സ്കൂളിലേകക്കാനയിക്കുന്നതു കാണുമ്പോള്‍ തന്‍റെ പതിനഞ്ചാം വയസ്സില്‍ മുതിര്‍ന്നവര്‍ ആരെങ്കിലും ഒന്നു കൈപിടിച്ച് നടത്തിയിരുന്നെങ്കില്‍, ഉപദേശിച്ചിരുന്നെന്കില്‍ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി.


ആള്‍ക്കൂട്ടത്തിലോരിക്കലും പരിചയക്കാരെ കാണാതെ ഉള്‍വലിഞ്ഞത് അപമാനമോര്‍ത്തല്ല മറിച്ച് അവരുടെ സഹതാപം ഭയന്നാണ്. താന്‍ എന്നും ചുറ്റുമുള്ളവരെ സഹായിച്ചിട്ടെയുള്ളൂ. അതിലൊന്നും നഷ്ടബോധം തോന്നിയിട്ടില്ല. നഷ്ടപ്പെട്ട ഭൂമി, ബന്ധുക്കള്‍, പണം ഇതൊക്കെ ഒരു മലവേള്ളപ്പാച്ചിലിലോ, ഭൂകംബത്തിലോ ആര്‍ക്കും കൈവിട്ടുപോകാവുന്നത്തെയുള്ളൂ. വിട്ടകന്ന സൗഹൃദങ്ങളോടോ, തിരിഞ്ഞു നോക്കാതെ പടിയിറങ്ങിപ്പോയ പെങ്ങന്മാരോടോ പരിഭവം തോന്നിയിട്ടില്ല.  വര്‍ഷങ്ങള്‍ വഴിയരികില്‍ പാഴായതായി തോന്നിയില്ല, മറിച്ച് പുതിയത് പലതും പഠിക്കുകയായിരുന്നു. അന്നോ അതിനുശേഷമോ തന്നോട് ഏറ്റവുമടുത്ത സുഹൃത്തിന്റെ ഫര്‍ണിച്ചര്‍ വര്‍ക്ഷോപ്പില്‍ കൂലിക്കാരനായിരുന്നപ്പോളോ ചുറ്റുമുള്ളവരുടെ പ്രേരണയെ താന്‍ മനക്കരുത്തുകൊണ്ട് മറികടന്നു. പ്രശ്നം വെയ്ക്കലിലേക്കോ, ആത്മീയ ശുദ്ധികലശം വരുത്തുന്ന ധ്യാന കൂടാരങ്ങളിലെക്കോ മനസ്സ് ആനയിക്കപ്പെട്ടില്ല. "എല്ലാം വിധി" എന്ന വ്യസനിച്ച പതിവ് പല്ലവിക്കു  ചെവികൊടുത്തില്ല. എന്നും താങ്ങി നിര്‍ത്തിയത് "ഈ ലോകം ഇന്നുകൊണ്ടാവസാനിക്കുന്നില്ല" എന്ന ശുഭാപ്തി വിശ്വാസമാണ്.


 കാലാന്തരേ കടബാധ്യതയാല്‍ സുഹൃത്ത് കൈയ്യൊഴിഞ്ഞ ഫര്‍ണിച്ചര്‍ വര്‍ക്ഷോപ്  ഏറ്റെടുത്തു നടത്തേണ്ടി വന്നപ്പോഴും, പണ്ടെങ്ങോ തന്‍റെ സഹായം സ്വീകരിച്ച മറ്റൊരു സുഹൃത്തിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍ പ്രത്യുപകാരമായി വച്ചുനീട്ടിയ വീട്ടുവളപ്പിലെ കൂറ്റന്‍ തേക്ക് മരവും ഒപ്പം അയാളുടെ പുതിയ വീടിന്‍റെ പണിയും താനിന്നോര്‍ക്കുന്നത്, ഒന്നുറങ്ങി വീണ്ടുമുണര്‍ന്ന ഒരു തൊട്ടാവാടി ഇലയുടെ മനസ്സോടെയാണ്.


ജീവിത യാത്രയിലുടനീളം കണ്ടുമുട്ടിയ ഏതപരിചിതനിലും തന്നെക്കാള്‍ മികച്ച ഒരു ഗുണമെന്കിലും കണ്ടുപിടിക്കാന്‍ തനിക്കാവും. ഒരു സൗഹൃദ്‌ത്തിലെന്തിരിക്കുന്നു എന്നു ചോദിക്കുന്നവര്‍ക്ക് മറുപടിയായി ഇന്നും താന്‍ കാത്തുസൂക്ഷിക്കുന്ന, തന്നെത്തേടിവന്ന ബന്ധങ്ങള്‍ കാട്ടിക്കൊടുക്കുന്നു. ഒരുകാലത്തെപ്പോഴാ മറന്ന് വീണ്ടും കാണുമ്പോള്‍, പരിഭവമില്ലാതെ, ലാഭേച്ച കൂടാതെ, ചെറുതും വലുതുമായ നീരസങ്ങള്‍ ഒരുചിരിയിലോ വാക്കിലോ ആശ്ലെഷത്തിലോ അലിഞ്ഞില്ലാതാകുന്നു. ആ ലാളിത്യവും നിഷ്കളങ്കതയും  സുഹൃദ്‌ ബന്ധങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അങ്ങനെ എപ്പോഴോ കണ്ടുമുട്ടിയതാണ് ആ സായിപ്പിനെയും.


ഓര്‍മ്മിച്ചതും മൊബൈലില്‍ റിംഗ് ചെയ്തു. അത് അയാള്‍ തന്നെ! സ്റ്റീവ്. ഇന്നു രാവിലെ ഒന്‍പതു മണിക്ക് മീറ്റിംഗ് ഫിക്സ് ചെയ്തിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള പുതിയ ഓര്‍ഡറിന്‍റെ കൊട്ടഷനെപ്പറ്റി സംസാരിക്കാനാണ്. "ജോണീസ് മാസ്റ്റര്‍ ക്രാഫ്റ്സ്" ഇന്നു പെരുമയ്ക്കപ്പുറം കടല്‍ കടന്ന് ഓസ്ട്രലിയയിലേക്കു പോയികൊണ്ടിരിക്കുന്നു മാസത്തില്‍ ഒരു കണ്ടൈനെര്‍ എന്ന കണക്കിന്. കേരള, ഇംഗ്ലീഷ് സ്റ്റൈല്‍ ഫര്‍ണിച്ചറും കടെഞ്ഞെടുത്ത ശില്പങ്ങളും!


നിമ്നോന്നതങ്ങള്‍ പിന്നിട്ട പാതയില്‍ തന്‍റെ കാല്പാടുകള്‍ ഇപ്പോള്‍ പതിഞ്ഞുനില്‍ക്കുന്നത് കുന്നിന്‍മുകളിലുള്ള ഒരു ലക്ഷ്യത്തിന്‍റെ മധ്യത്തിലാണ്. അതെ, താനിന്നുയര്‍ച്ചയുടെ പാതയിലാണ്. ഫാക്ടറിയില്‍ ദിവസവും ഇരുനൂറോളം ആളുകള്‍  പണിയെടുക്കുന്നു. ഭാര്യയും രണ്ട് ആണ്‍മക്കളും തന്നോടൊപ്പം കൊച്ചിയില്‍ താമസിക്കുന്നു. മോശമല്ലാത്തൊരു വീട് കെട്ടിപ്പെടുക്കുവാന്‍ തനിക്കിന്നാവും. എന്നാലും ഈ വാടക വീട്ടില്‍ ആ ആര്‍ഭാടെത്തേക്കാള്‍ താനിന്നു വിലമതിക്കുന്നത് കുട്ടികള്‌ടെ പഠിപ്പിനാണ്. അറിവു നേടി, ആഗ്രഹിക്കുന്ന ഏതു സ്ഥാനത്തെത്താനും പണം അവര്‍ക്കൊരിക്കലും തടസമാവരുത്. തലമുറകള്‍ക്കായി പൂര്‍വികര്‍ സമ്പാദിച്ചു വെയ്ക്കുന്നത് വെറുതെയാണെന്നും "വിദ്യാധനം സര്‍വധനാല്‍ പ്രധാനമെന്നും" പഠിക്കാന്‍ മറന്ന തന്നെ അനുഭവം പഠിപ്പിച്ചു. എങ്കിലും ജീവിത പരിചയത്തോളം വലുതായൊരു പരീക്ഷണശാലയുമില്ല. വിജയത്തിന്‍റെ രസതന്ത്രങ്ങള്‍ സ്വായത്തമാക്കിയവനാണ്  ഇന്നു താന്‍...


ബൈക്കിനടുത്തേക്ക് നടന്നു. 
ഒരു ദുരന്ത സ്മാരകത്തെ സാധാരണ ആളുകള്‍ പെട്ടന്നു കൈയ്യോഴിയുകയാണ് പതിവ്. താനിന്നു കാറിലാണ് യാത്രചെയ്യാരെങ്കിലും പ്രിയപ്പെട്ട ബൈക്കിനു തന്‍റെ ജീവിതാനുഭവത്തോളം പഴക്കമുണ്ട്. മിക്കദിവസവും, ഏതു പ്രധാന യാത്രക്കുമുന്പും രാവിലെ ആ  പഴഞ്ചന്‍ ബൈക്ക് തൂത്തുമിനുക്കി  ആക്സിലേറ്ററിന്റെ മുരള്‍ച്ചക്കൊപ്പം മനസൊന്നു പായിക്കുക പതിവാണ്. തന്‍റെ  കൌമാരയവ്വനങ്ങളിലേക്ക്........പ്രിയപ്പെട്ട ജേഷ്ടനിലേക്ക്........ ജീവിതമിന്നോളം പിന്നിട്ട പഴയ നാട്ടുവഴികളിലേക്ക്.........ഇന്നു താന്‍ കീഴടക്കാന്‍ പോകുന്ന ഏറ്റവും പുതിയ നേട്ടത്തിലേക്ക്.................ഒരു കുതിപ്പിനായി!

15 comments:

  1. ജീവിതവഴിയില്‍, ഇനി മുന്നോട്ട് എന്ത്? എന്നറിയാതെ പകച്ചുനിന്ന അവസരങ്ങളില്‍ സ്വന്തം ജീവിതാനുഭവങ്ങള്‍ പകര്‍ന്നുതന്ന്‌, പുതിയ ലക്ഷ്യബോധം നല്‍കിയ, ആത്മധൈര്യം നല്‍കിയ ഒരു പ്രിയപ്പെട്ട സുഹൃത്തിന് ഈ പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

    ReplyDelete
  2. നന്നായിട്ടുണ്ട് ഈ തിരിഞ്ഞു നോട്ടം....നാം പിന്നിട്ട വഴികളെ മറക്കാതിരുന്നവന്‍ രക്ഷപ്പെടും തീര്‍ച്ച ...

    ReplyDelete
  3. പോസ്റ്റിനു ദൈര്‍ഘ്യം കൂടുതല്‍ ഉണ്ടെങ്കിലും ഒട്ടും മുഷിപ്പിച്ചില്ല.." ജീവിത യാത്രയിലുടനീളം കണ്ടുമുട്ടിയ ഏതപരിചിതനിലും തന്നെക്കാള്‍ മികച്ച ഒരു ഗുണമെന്കിലും കണ്ടുപിടിക്കാന്‍ തനിക്കാവും"..നല്ല നിരീക്ഷണം. ആശംസകള്‍

    ReplyDelete
  4. നീ കണ്ണ് നനയിച്ചു ട്ട്രാ ഗട്യേ! നന്നായി എഴുതി!
    താഴെയുള്ള ഉപദേശം ജോസുട്ടിയ്ക്ക് പകരം ജോണിന്ന്‍ ആക്കി വായിച്ചോളൂ ആശ്വാസം കിട്ടും. :)

    "ഇതെല്ലം കണ്ട് വിസ്മയിച്ച ജോസുട്ടിയുടെ പുറത്ത് തട്ടിക്കൊണ്ട് പൂണ്യാളൻ: “ പകൽ വെളിച്ചത്തിൽ നീ കാണുന്നതൊന്നും പൂർണ്ണമല്ല. ജോസൂട്ടി. ഇവിടെ ആരാണു വിജയി? ജയാപജയങ്ങൾ ആപേക്ഷികമല്ലേ? ധൈര്യമായി കിടന്നുറങ്ങൂ. നിനക്ക് ശരിയെന്നു തോന്നുന്നത് പ്രവർത്തിയ്ക്കൂ, മകനേ. നല്ല ഒരു തേങ്ങ തലയിൽ വീണാൽ കഴിയുന്നതല്ലേ ജീവിതം?”
    //

    ReplyDelete
  5. ഒഴുക്കിനെതിരെ നീന്തുമ്പോഴാണ് തന്നിലെ ജീവന്‍ ബോധ്യപെടുക, കണ്ടിട്ടില്ലേ ചെറിയ പരല്‍ മീനുകള്‍ പോലും ഒഴുക്കിനെതിരെ മുന്നോട്ടു കുതിക്കുന്നത്.. അതിനു നമ്മുക്ക് പറ്റിയില്ലെങ്കില്‍ തന്‍റെ ജീവന്‍ തീര്‍ന്നു എന്ന് കരുതുക.. കണ്ടിട്ടില്ലേ ചത്തുപോയ കാട്ടു പോത്തുകളും ആനകളും ഒഴുക്കിന്നൊപ്പം നീന്തി വരുന്നത് .. നല്ല ബ്ലോഗ്‌.. അഭിനന്ദനം.

    ReplyDelete
  6. നന്നായിരിക്കുന്നു. ചിലര്‍ പിന്നിട്ടുവന്ന വഴിയിലേയ്ക്ക് ഒന്നു തിരിഞ്ഞുനോക്കുവാന്‍ കൂടി മടിയ്ക്കും..മറ്റു ചിലരാവട്ടെ തങ്ങളെവിടെനിന്നാണു വന്നതെന്ന്‍ സദാ ഓര്‍ത്തിരിക്കും....നന്മകള്‍ ഉണ്ടാവട്ടെ...

    ReplyDelete
  7. കഥ വായിച്ചു. ധാരാളം എഴുതുക. നന്മകള്‍ നേരുന്നു.

    ReplyDelete
  8. താന്‍ എന്നും ചുറ്റുമുള്ളവരെ സഹായിച്ചിട്ടെയുള്ളൂ. അതിലൊന്നും നഷ്ടബോധം തോന്നിയിട്ടില്ല. നഷ്ടപ്പെട്ട ഭൂമി, ബന്ധുക്കള്‍, പണം ഇതൊക്കെ ഒരു മലവേള്ളപ്പാച്ചിലിലോ, ഭൂകംബത്തിലോ ആര്‍ക്കും കൈവിട്ടുപോകാവുന്നത്തെയുള്ളൂ. വിട്ടകന്ന സൗഹൃദങ്ങളോടോ, തിരിഞ്ഞു നോക്കാതെ പടിയിറങ്ങിപ്പോയ പെങ്ങന്മാരോടോ പരിഭവം തോന്നിയിട്ടില്ല. വര്‍ഷങ്ങള്‍ വഴിയരികില്‍ പാഴായതായി തോന്നിയില്ല, മറിച്ച് പുതിയത് പലതും പഠിക്കുകയായിരുന്നു...
    അതാണ്‌ പുഞ്ചപ്പാടത്തിന്റെ വിജയം ..നൂറു ഉദാഹരണങ്ങളില്‍ നിന്നല്ല ,പത്ത് അബദ്ധങ്ങളില്‍ നിന്നാണ് ശരി എന്തെന്ന് മനസ്സിലാക്കേണ്ടത് എന്നല്ലേ ..പുഞ്ചാപ്പാടത്ത്തിന്റെ അനുഭവത്തില്‍ കൂടി തെളിയിച്ചില്ലേ ഒക്കെ ..ഇനിയും ഉയരങ്ങളിലേക്ക് പോകട്ടെ ..

    ReplyDelete
  9. നല്ല പോസ്റ്റ്‌ - ഇഷ്ടപ്പെട്ടു

    ReplyDelete
  10. നന്ദി പ്രിയ ഇമ്തിയാസ്‌, ബിജു, അക്ബര്‍ ചാലിയാര്‍,ഷുക്കൂര്‍,ശ്രീക്കുട്ടന്‍,ദുബായിക്കാരന്‍,കൊച്ചുമോള്‍......,........

    ഇതു ഞാന്‍ എഴുതിയത് 1.11.11 ലാണെങ്കിലും നിങ്ങള്ക്ക് മുന്‍പില്‍ ഒന്നുകൂടി പങ്കുവയ്ക്കാന്‍ മനസ് തോന്നിയത് ഇന്നാണ്.

    രക്തബന്ധങ്ങളെക്കാള്‍ ജീവിതവഴിയില്‍ കണ്ടുമുട്ടുന്ന ചില വ്യക്തികള്‍,സൗഹൃദങ്ങള്‍ ഒക്കെ നിമിത്തങ്ങളായോ,വഴികാട്ടിയായോ നിര്‍ണായക ഘട്ടങ്ങളില്‍ നമുക്ക് താങ്ങാവുന്നു.

    മുതിര്‍ന്ന ചിലരുടെ ജീവിതാനുഭവങ്ങള്‍, അവര്‍ പകര്‍ന്നു തന്ന അറിവുകള്‍.... അതൊക്കെ വിദ്യാഭ്യാസമോ, സമ്പത്തോ, പദവിയോ നോക്കാതെ പ്രായമായവരെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നു, പ്രേരിപ്പിക്കുന്നു.

    ജീവിത സായാഹ്നത്തിലെത്തിയവര്‍,"ഞാന്‍ എന്റെ ഓട്ടം പൂര്‍ത്തിയാക്കി" എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയുന്നവര്‍.., അക്ഷരാഭ്യാസമില്ലെങ്കില്‍പോലും അവര്‍ എന്തുകൊണ്ടും നമ്മേക്കാള്‍ ശ്രേഷ്ടരാന് എന്ന് ഞാന്‍ വിശ്വസിക്കുന്നു.

    ReplyDelete
  11. ഒരു സാധാരണ പ്രമേയം കുഴപ്പമില്ലാതെ പറഞ്ഞു ...
    വായനാ സുഖമുള്ള ആഖ്യാനം...
    പിന്നിട്ട പാതകള്‍ മനസ്സില്‍ സൂക്ഷിച്ചു ഇടക്കൊന്നു ഓര്‍ക്കാന്‍ കഴിയുന്നവര്‍ തീര്‍ച്ചയായും ജീവിത വിജയം കണ്ടിരിക്കും . ഇത് ജോസിന്റെ കഥാ സാരം മാത്രമല്ല . ഒട്ടനവധി പേരുടെ അനുഭവം കൂടിയാണ് .
    കഥ നന്നായി .. ആശംസകള്‍

    ReplyDelete
  12. വായനാസുഖം തോന്നിയ എഴുത്ത്..ആശംസകള്‍

    ReplyDelete

Related Posts Plugin for WordPress, Blogger...