ഞാന്‍ ഒരു സഞ്ചാരിയാണ്, ഭൂഗോളം മുഴുവനും ചുറ്റിനടന്നു കണ്ടിട്ടുണ്ട്. ചെളിയും മണ്ണും കാടും കടലും കടന്ന് മരുഭൂമിയിലൂടെ, ആകാശത്തിന്‍റെ അനന്ത വിഹായുസിലൂടെ, ലോകത്തിന്റെ ഒരു കോണില്‍ നിന്നും അടുത്തിടത്തേക്ക് നിത്യവും വിഹരിക്കുന്നു. സന്ദേശങ്ങള്‍ വഹിക്കാന്‍ എനിക്കിഷ്ടമാണ്, എല്ലാ ഉള്ളറകളിളും ഒരിക്കലെങ്കിലും ഞാന്‍ എത്തിനോക്കിയിട്ടുണ്ട്. ഞാനറിയാത്ത രഹസ്യങ്ങള്‍ ഒന്നും തന്നെയില്ല, എന്നെ അറിയില്ലേ?.......ഞാന്‍........ കാറ്റ്!
എനിക്കും ഇഷ്ടങ്ങളുണ്ട്. ചില സ്ഥലങ്ങള്‍! ഞാന്‍ ഏറിയ സമയം തങ്ങുന്ന നാടുകളൊക്കെ സ്വര്‍ഗ്ഗംപോലെ സുന്ദരമാണ്. അവിടെയൊക്കെ മനുഷ്യരും, പക്ഷിമൃഗാദികളും, പൂവും പുല്ലും വയലും പുഴയുമുണ്ട്. എന്നെ പല പേരിട്ടു വിളിച്ചവര്‍ അതിനെ "ദൈവത്തിന്റെ സ്വന്തം നാടെന്ന് "വിളിക്കുന്നു!
ആ പേരിനു കാരണഭൂതന്‍ ശരിക്കും ഞാനല്ലേ?
മടി പിടിച്ച മഴമേഘങ്ങളെ ഉന്തിത്തള്ളി മലയോളം കൊണ്ടുചെന്നെത്തിക്കുന്നത് ഞാനല്ലേ?. എന്‍റെ തോളില്‍ തൂങ്ങിയല്ലേ മഴത്തുള്ളികള്‍ സഹ്യന്റെ മാറിലെ പച്ചപ്പിലേക്കൂര്‍ന്നിറങ്ങുന്നത്? നാട്ടിലുടനീളമുള്ള ഹരിതാഭ ശീതളിമ എന്‍റെ തലോടലില്‍ നിന്നുടലെടുത്തതല്ലേ?
വികാരങ്ങളോക്കെതന്നെയാണ് വിവിധ ഭാവത്തില്‍ ഞാന്‍ പ്രകടിപ്പിക്കാര്, എന്‍റെ സ്നേഹത്തെ നിങ്ങള്‍ മന്ദമാരുതനെന്നും, ദേഷ്യത്തെ കൊടുങ്കാറ്റെന്നും വിളിക്കുന്നു. "മൈമുവെന്നും, കത്രീനയെന്നും" ദേശങ്ങള്‍ക്കുതകും വിധം അവര്‍ എനിക്കു പേരിടുന്നു. "വായു" ഭഗവാനെങ്കിലും, അവ മിക്കതും സ്ത്രീ നാമങ്ങള്‍. അതെനിക്കിഷ്ടം തന്നെയാണ് കാരണം പ്രകൃതിയില്‍ എന്‍റെ സഹചാരികള്‍ മിക്കതും മഹതികളാണ്. ഭൂമി ദേവി, വനദേവത, മത്സ്യകന്യക............അങ്ങനെ പലതും.
ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള എന്‍റെ പ്രയാണത്തില്‍ കണ്ണിലുടക്കിയവ പലതും ഞാന്‍ ഓടിയെത്തും മുന്പു സംഭവിച്ചു കഴിഞ്ഞവയായിരിക്കും. നിത്യേന യാത്രയില്‍ ഞാന്‍ കണ്ടതൊക്കെയും ഉച്ചത്തില്‍ വിളിച്ചു പറയാന്‍ എനിക്കു കഴിയാറില്ല. പകരമൊരു മര്‍മ്മരമായോ, മണമായോ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കും. അങ്ങനെ എന്‍റെ കണ്ണു കണ്ടതിലേറയും ഇവിടുത്തെ സ്ത്രീകളുടെ വേദനകളായിരുന്നു. ഏറ്റവുമധികമായി ഞാന്‍ തങ്ങുന്ന, എന്‍റെ സ്വകാര്യ അഹങ്കാരമായ "ദൈവത്തിന്റെ സ്വന്തം നാട്."
"സ്ത്രീ" എന്നവാക്കിനെപ്പോലും വികൃതമാക്കിയ, വിവേചിച്ചറിയാന്‍ പാടില്ലാത്ത നാട്!
കല്‍ക്കരി മാറി കറന്‍ന്ടില്‍ ഓടിയിട്ടും, എന്നെ കീറിമുറിച്ചു പാഞ്ഞിട്ടും എന്‍റെ കാഴ്ച്ച മറയ്ക്കാനോ വേഗതിനോപ്പമെത്താനോ കഴിയാത്ത തീവണ്ടികളില്‍നിന്നും സ്ത്രീത്വം നശിപ്പിക്കപ്പെട്ട പെണ്‍കുട്ടികള്‍ വലിച്ചെറിയപ്പെട്ടത് ഞാന്‍ കണ്ടു. വണ്ടിക്കുള്ളിലും പുറത്തും ഒറ്റക്കയ്യന്മാരെ മാത്രമല്ല കോട്ടും ടയ്യും കേട്ടിയവരെയും ഖദറിട്ടവരെയും ദ്രംഷ്ടങ്ങള്‍ കാട്ടി ചിരിക്കുന്ന ഡോക്ടര്‍മാരെയും കണ്ടു. എല്ലാം കാമവെറിപൂണ്ടവര്‍.......... വിധിയുടെ ബലിമൃഗങ്ങളുറങ്ങുന്ന ആശുപത്രിവളപ്പില്‍ യമ ദൂതുമായി വി.ഐ .പി മാരെയും വേട്ടക്കാരുടെ കൂടെ അവരുടെ മക്കളെയും കണ്ടിട്ടുണ്ട്. എന്റെ കാഴ്ച കെടുത്താനാവാത്ത കൂരിരുട്ടിലും കിണറിന്റെ ആഴങ്ങളില്‍ ശുഭ്രവസ്തം ധരിച്ചു മൃത്യുവിന്‍ നിദ്രയിലഭയംതേടിയ സന്യാസിനിയെ കണ്ടു.
ലോകത്തിന്‍റെ മറ്റൊരുകോണിലും രണ്ടും മൂന്നും വയസുള്ള പിഞ്ചു ബാലികകള്‍ പീഡിപ്പിക്കപ്പെട്ടത് ഞാന്‍ കണ്ടില്ല. മറ്റെല്ലായിടത്തും പകലും, രാത്രിയുടെ എല്ലാ യാമങ്ങളിലും പൊതു നിരത്തിലൂടെ നിര്‍ഭയരായി സ്ത്രീകള്‍ ജോലിക്ക് പോകുന്നതും തിരികെ വരുന്നതും ഞാന്‍ കണ്ടുകൊണ്ടേയിരിക്കുന്നു. ഇവിടെയാകട്ടെ സൂര്യന്‍ മറഞ്ഞാല്‍, എഴുമണിക്കുശേഷം മനുഷ്യനോ മൃഗമോ ആയ ഒരു പെണ്‍തരിയെയും പുറത്തു കാണുന്നില്ല. നിര്‍ഭാഗ്യകരമായി വൈകി വഴി നടക്കുന്നവര്‍ അപ്രത്യക്ഷരാവുകയോ കുറുനരികളാല്‍ വലയം ചെയ്യപ്പെട്ട് ആക്രമിക്കപ്പെടുകയോ അപമാനിതരാവുകയോ ചെയ്യുന്നു. കൈലിയുടുത്ത, കോട്ടും ടയ്യുമിട്ട, ഖദറിട്ട കുറുനരികള്........! ഒറ്റയ്ക്കേതു പെണ്‍ വര്‍ഗ്ഗ ജീവി എതിരേവന്നാലും അറിയാതസഭ്യം വായില്‍വന്നുപോകുന്ന പുരുഷ പ്രജകളില്‍ പകല്‍മാന്യന്മാരെയും കണ്ടു.
മറ്റു പല നാട്ടിലും എന്‍റെ ചിറകുകളുടെ വേഗതയില്‍ കുത്തഴിഞ്ഞു പാറിനടന്ന കുട്ടികളുടെ പുസ്തകത്താളുകളില്‍ ലൈംഗിക വിദ്യാഭ്യാസ പാഠഭാഗം ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ "ലൈഗികം" എന്ന വാക്കേ ആരോചകമാണ്. കുട്ടികളില്‍ നിന്നെല്ലാമവര്‍ ഒളിക്കുന്നു. കുഞ്ഞു സംശയങ്ങള്‍ ശകാരങ്ങലാലോ കണ്ണു പോത്തലുകളാലോ നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നു. അവ വളര്‍ന്നു വലിയ ചോദ്യങ്ങളും ആകാംഷമൂത്തതിര്‍വരമ്പ് ഭേദിച്ചവര്‍ ചോദ്യചിഹ്നങ്ങളുമാകുന്നു.
അവിടുത്തെ കുഞ്ഞുങ്ങളും അച്ഛന്മ്മാരും അമ്മമാരും ഒന്നിച്ചു കളിച്ച്, ഒരേ കടലില്‍ കുളിച്ച് ഒരു കിടക്കയില്‍ കേട്ടിപ്പിടിച്ചുറങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെ കുട്ടികളെയും ഭാര്യയെയും ഇരുകരങ്ങളില്‍ ചേര്‍ത്തുനിര്‍ത്തി കവിളില്‍ മുത്തം നല്‍കാന്‍ പോലും അച്ഛന്മാരും തിരിച്ച് അമ്മമാരും ലജ്ജിക്കുന്നു.
അവിടെ യുവതീ യുവാക്കളും, കൌമാരക്കാരും വഴിയോരങ്ങളില്‍ കൈകോര്‍ത്തു ഒന്നിച്ചുനടന്ന് ഒരേ സീറ്റില്‍ യാത്രചെയ്തതും ഞാന്‍ കണ്ടു. എന്നാല്‍ ഇവിടെ എതിര്‍ലിഗത്തിലുള്ളവര്‍ കാണുന്നതും ഒന്നിച്ചിടപെടുന്നതും ചെറുപ്പംമുതലേ വിലക്കപ്പെടുന്നു.
ലോകത്തിന്റെ മിക്ക കോണുകളിലും സ്ത്രീകളെ ധൈര്യശാലികളായും പുരുഷന്‍മാരാല്‍ ബഹുമാനിക്കുന്നപ്പെടുന്നവരായും കണ്ടു. സമസ്ത മേഖലകളിലും സമത്വമുള്ളതായും എനിക്കു തോന്നി. എന്തേ ഇവിടം മാത്രം ഇങ്ങനെ?
ഇന്ന് ആഗോളതാപനമെന്ന് ആരൊക്കെയോ ആര്‍ത്തുവിളിച്ചിട്ടും പതിവിലും വേഗത്തില്‍ വീശി ഞാനെന്‍റെ പ്രിയ നാടിന്‍റെ വിയര്‍പ്പകറ്റിക്കൊണ്ടിരിക്കുന്നു. സൂര്യന്‍ തെല്ലു ഗര്‍വിച്ചു നിന്നിട്ടും തളരാതെ ഞാന്‍ സഹ്യന്‍റെ കൊടുമുടിയിലേയ്ക്ക് കാര്മുകിലിനെയും കൂട്ടുപിടിച്ചു പറക്കുന്നു. നിനക്കായി......കൂടുതല്‍ മഴയ്ക്കായി.
എന്നെങ്കിലും നിങ്ങളെന്റെ കൂടെ വരുമെങ്കില്‍ ഈ കാഴ്ച്ചകളോക്കെയും ഞാന്‍ കാട്ടിത്തരാം.

ഇന്നു നിന്‍റെ കൈപിടിച്ചു പിച്ചവെയ്ക്കുന്ന പെണ്‍കുഞ്ഞിനെ കാണുമ്പോള്‍; നൈരാശ്യമായ ഈ കൂരിരുട്ടിനപ്പുറം അകെലെയോരു ചെറുവെളിച്ചം ഞാന്‍ കാണുന്നു.
കാലചക്രത്തിലെന്നോ പഠനമോ ജോലിയോ കഴിഞ്ഞുള്ള ഇവളുടെ വരവും കാത്ത്, ഉമ്മറത്തെ ചാരുകസേരയില്‍ സ്വസ്ഥമായി നിവര്‍ന്നു കിടന്ന് എന്റെ തണുത്ത തലോടലാസ്വദിക്കുന്ന നിന്നോടു പുതിയ വാര്‍ത്തകള്‍ ചൊല്ലാനും, സ്ത്രീകള്‍ സ്വൈര്യമായി പാതിരാവിലും നിരത്തുകളില്‍ നീങ്ങുന്ന "ദൈവത്തിന്റെയീ സ്വന്തം നാടിനു" കൂട്ടുമായി ഞാനുണ്ടാവും.