24.10.11

ഞാന്‍ കടവുള്‍.

ശുഭ്ര കാഷായ വേഷധാരികള്‍,
താടി വെച്ചവര്‍, തലമുടി നീട്ടിയവര്‍,
തലയും മുഖവും മുണ്ഡനം ചെയ്തവര്‍..,
ഒരു പറ്റം കൊറ്റിപോല്‍ ഒന്നായ്‌ പറന്ന്,
ഞാന്‍ നടന്നാല്‍ ഇരുന്നാല്‍ എനിക്കൊപ്പം!!

ചിലര്‍ കണ്ണീരോഴുക്കുന്നു,
കാല്‍ തൊട്ടുവണങ്ങുന്നു, കഴുകുന്നു,
അമൃതായി ആവോളം മോന്തിക്കുടിക്കുന്നു. 
ചൂടായെന്‍ ശിരസില്‍ അഭിഷേകപ്പെരുമഴ നടത്തുന്നു! എങ്ങും ആബാലവൃദ്ധം! 
ആപാദചൂഡംഎനിക്കാരാധന!!

എനിക്ക് അപ്രാപ്യമായവ തുലോം തുശ്ചം. അങ്കം മുറുക്കും മുന്‍പ് ആചാര്യര്‍ തേടിവരുന്നു. 

കലാ രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ ലിംഗ വ്യത്യാസമെന്യേ ബഹുജനപ്രവാഹം. കണ്‍കണ്ടിടത്തെല്ലാ മുക്കിലും മൂലയിലും, പെട്ടിക്കടയിലും പേഴ്സിലും 
എന്‍റെ വിവിധ ഭാവവര്‍ണ്ണ ചിത്രങ്ങള്‍!.,

പണത്തിനോ പഞ്ഞം? 

ഇല്ല! കുമിഞ്ഞുകൂടുന്ന പണം. 
ഒരു മനുഷ്യായുസ് അഭിലഷിക്കുന്നത് ഇതില്‍ കൂടുതലെന്ത്? 

മനസിലായില്ലേ എന്നെ?  ഇത്രയേറെ കേട്ടിട്ടും? "ഞാന്‍ കടവുള്‍!!!""!! അതായതു ദൈവം..........മനുഷ്യ ദൈവം!

മുന്‍പത്തെ കഥ ഞാന്‍ പറയാം.......
പക്ഷെ മൂന്നാമതൊരാള്‍ അറിയരുത്!

മൂന്നുനേരം വിശപ്പ്‌ മാറാന്‍ എന്തും ചെയ്യാന്‍ ഞാന്‍ ഒരുക്കമായിരുന്നു. ഒന്നുമില്ലാത്തവന്റെ വെറുപ്പ്‌, വേദന, അപകര്‍ഷതാബോധം. നന്നേ ചെറുപ്പത്തില്‍ വേലചെയ്തു വലഞ്ഞപ്പോള്‍ , വെള്ളം കുടിച്ചു വിശപ്പ്‌ മറാത്തപ്പോള്‍, ബോധം നഷ്ടപ്പെട്ടു വീണുപോയപ്പോള്‍, വികല്‍പ്പം വിളിച്ചു പറഞ്ഞ വാക്കുകളൊക്കെ വിവരക്കേടുകള്‍.!,! ആളുകള്‍ പറഞ്ഞ് ആദ്യം ഭ്രാന്തായി പിന്നെ വെളിപാടായി വളച്ചോടിക്കപ്പെട്ടവ. കൂട്ടത്തില്‍ വിദ്വാനെന്നു ഞെളിഞ്ഞ ഒരു വിഡ്ഢി അതില്‍ ദൈവന്ജ്യാനവും തത്വന്ജ്യാനവും കണ്ടു . എന്‍റെ മൌനം വിജ്ഞാനിയുടെ വീക്ഷണമായി, പതിയെ ഞാന്‍ ദൈവത്തിന്റെ ഭാഷയുടെ വിവര്‍ത്തകനായി, ക്രമേണ ദൈവ അവതാരവുമായി!!

ദക്ഷിണയുമായി ആളുകള്‍ വന്നപ്പോള്‍ ആദ്യമായി എന്‍റെ വിശപ്പ്‌ മാറി. വീണുകിട്ടിയ അവസരം വിട്ടുകളയുന്നതെങ്ങനെ? ഉച്ചിയുടെ ഉപരിമണ്ഡലത്തില്‍ ബള്‍ബുകള്‍ മിന്നിത്തെളിഞ്ഞു. പൂച്ച, പാല്, സന്യാസി.......
അത് പഴയകഥ. ആരതോര്‍ക്കാന്‍?

എങ്കിലും വഴിത്തിരിവായത് അതൊന്നുമല്ല . ചില യുവാക്കള്‍!!,!തത്വഞാനികള്‍, വിവിധ വിഷയങ്ങളില്‍ ഡോകടറേറ്റ്‌ ഉള്ളവര്‍, പേരുകേട്ട കമ്പനിയുടെ തലപ്പത്തിരുന്നവര്‍, മാര്‍ക്കറ്റിംഗ് ബുദ്ധിരാക്ഷസന്മാര്‍, ഇവെന്റ്റ്‌ മാനേജിംഗ് കേമന്മാര്‍...............,..........അങ്ങനെ നീളുന്നു ആ നിര!അവര്‍ എന്‍റെ ശിഷ്യരാകാന്‍ വന്നപ്പോള്‍ എന്നിലെ സ്വാമിക്കുള്ളിലെ എട്ടാം ക്ലാസുകാരനു ആദ്യമായി ലജ്ജ തോന്നി. തലയില്‍ തോട്ടനുഗ്രഹിച്ചു. അപകര്‍ഷതാബോധമാവണം എന്നെ വേഗം അവരിലേക്കടുപ്പിച്ചത്. അല്ല! ഒരു കാന്തം പോലെ ഞാന്‍ ആകര്‍ഷിക്കപ്പെട്ടു എന്നതാണ് സത്യം!പിന്നെ പതിയെ അവരെന്നെ പലതും പഠിപ്പിച്ചു. പുതിയ വേഷം, ഭാഷ, രൂപം, നടത്തം, പ്രസംഗങ്ങള്‍....!,! എന്നിലെ നടനെ എനിക്കുമുന്പേ കണ്ടെത്തിയത് അവരാണ്.കാലക്രമേണ കാര്യങ്ങള്‍ ബോധ്യമായി. "ആടിനെ പട്ടിയാക്കുക"! പണ്ട് കഥയായി ഇന്ന് കാര്യമായി. വെറുമൊരു വൈക്കോല്‍ തുരുമ്പിനെ ഒരു സിനിമ താരമോ കായിക താരമോ നടിക്കുന്ന പരസ്യത്തിലൂടെ ഏറ്റവും മൂല്യമുള്ള കച്ചവടച്ചരക്കാക്കി, ഒരു പുതിയ "ബ്രാന്‍ഡ്‌" ആക്കി മാറ്റുന്ന വന്‍കിട കോര്‍പറേറ്റ് കുബുദ്ധി! എന്നിലേക്കുള്ള ആളുകളുടെ ആകര്ഷണത്തെ ആശ്രമ സാമൂഹത്തിനപ്പുറം വിശാലമായി കണ്ടതൊക്കയും എനിക്കില്ലാത്ത അവരുടെ ബുദ്ധിയാണ്.പിന്നെയൊരു കുതിപ്പായിരുന്നു. ആല്‍ത്തറയില്‍ നിന്നും ആശ്രമത്തിലേക്ക്, വിശപ്പില്‍നിന്നും വിഭവസമൃദ്ധിയിലേക്ക്, വിവരിക്കാനാവുന്നതിലുമപ്പുറമുള്ള വളര്‍ച്ച! ഇന്നു ലോകത്തെമ്പാടും ആരാധകര്‍, ഭക്തര്‍.!,! എന്റെ നാമധേയത്തിലില്ലാത്ത സമുച്ചയവും പ്രസ്ഥാനവുമില്ല, യാത്രചെയ്യാന്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍.!,!എന്തിനാണ് ഇതൊക്കെ ഞാന്‍ വൃഥാ പുലമ്പുന്നത്?............എന്നെപ്പോലെയാകാന്‍, വിയര്‍പ്പ് പൊടിയാതെ  പള്ള നിറക്കാന്‍ പാടുപെട്ട് ഇറങ്ങിപ്പുറപ്പെട്ട പല വിദ്വാന്മാരും ചേരുംപടി ചേരുംവിധം ബാലിക-സ്ത്രീ, നീലച്ചിത്രം-വിവാഹതട്ടിപ്, കോടതി-ജയില്‍, തുടങ്ങി ഇന്ന് എങ്ങുമെങ്ങും എത്താതെ നില്‍ക്കുന്നു. നാളെ ഈ കടമ്പകളൊക്കെ കടന്ന്‍ അവര്‍ വരുമ്പോള്‍, നിങ്ങള്‍ക്കെന്‍റെ ഈ അനുഭവകഥ ഗുണപ്പെട്ടെക്കാം. എങ്കിലും ഓര്‍മ്മിക്കാനായി ചിലത്......എല്ലാവരും എന്നില്‍ അഭയം തേടുമ്പോഴും എനിക്കു സുഖമാണോ എന്നറിയേണ്ടേ? പറയാം.......ആത്മീയാചാര്യനു വേദനയോ അല്ലേ?എന്‍റെ ശിഷ്യന്മാര്‍,........അല്ല, ആ വാക്ക് ചേരില്ല........"ഉപചാപക വൃന്ദം"! അര്‍ജുനന്‍ ശിഖണ്ഡിയെ എന്നപോലെ എന്നെ മുന്‍നിര്‍ത്തി അവരാണ് എല്ലാം നേടിയത്. അവരെന്നെ "ബ്രാന്‍ഡ്‌" ചെയ്തു കൊടിശ്വരരായി. വാനോളം വളര്‍ന്നത്‌കൊണ്ട്‌ ഞാന്‍ എന്ത് നേടി?ഇന്നു ഞാന്‍ ഒരു കുട്ടിയുടെ കയ്യാല്‍ നിയന്ത്രിക്കപ്പെട്ട പട്ടം പോലയോ അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്‌ട്രപതി പോലെയോ ആണ്. അവര്‍ എഴുതിത്തരുന്നതേ ഞാന്‍ പറയാറുള്ളൂ, അവര്‍ പറയുന്നതെ ഞാന്‍ ചെയ്യാറുള്ളൂ. എന്നിലെ എന്നെ പുറത്തു കാട്ടാനാവാത്തവിധം അവരെന്നെ ലോകത്തിനു മുന്‍പില്‍ തുറന്നുവച്ചിരിക്കുന്നു.
എങ്കിലും അതൊന്നുമല്ല എന്‍റെ ദുഃഖം. അത് മറ്റാരോടു പറയാന്‍................?സര്‍വ്വത്യാഗി, ഇഷ്ടങ്ങളെല്ലാം ഉള്ളിലൊതുക്കി, എല്ലാമുണ്ടായിട്ടും ഒന്നും അനുഭവിക്കാന്‍ യോഗമില്ലത്തവന്‍!,. അവരുടെ മുടിഞ്ഞ സമയക്രമീകരണം. തിരക്കുകള്‍,.........  എന്‍റെ ഉറക്കം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. പ്രിയപ്പെട്ട മാംസാഹാരത്തിന്റെ മണമടിക്കുമ്പോള്‍ ഇന്ന് നഷ്ടബോധത്താല്‍ കണ്ണുകള്‍ നിറയും, സന്യാസി സസ്യഭുക്കാകണമെന്ന് ആരാണ് പറഞ്ഞത്? സ്വര്‍ണമായും, പണമായും കാണിക്ക നിറയുമ്പോള്‍ സര്‍വ്വത്യാഗിക്ക് ബാങ്ക് അക്കൗണ്ട്‌ ആകാന്‍ പാടില്ല എന്നത് എവിടുത്തെ നിയമം?
കവി കടമനിട്ട എന്നെക്കണ്ട് എഴുതിയ വരികള്‍ എട്ടുദിക്കും പൊട്ടുമാറ് ഉച്ചത്തില്‍ വിളിച്ചു കൂവണമെന്നുണ്ട്!"നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്?"
ഇല്ല.........പറ്റില്ല! ഞാനിന്നു മറ്റുള്ളവരുടെ വേദന മാറ്റുന്ന സിദ്ധനാണ്, പലര്‍ക്കും കണ്കണ്ട ദൈവമാണ്.
സത്യത്തില്‍ ഇവരൊക്കെ എന്നെ ദൈവമെന്നു വിളിക്കുമ്പോള്‍, സ്വന്തം മാതാപിതാക്കള്‍ എന്‍റെ കാലില്‍ തൊട്ടു വണങ്ങുമ്പോള്‍ ഉള്ളൊന്നു കാളി ഞാന്‍ യാഥാര്‍ത്ഥ ദൈവത്തെപ്പറ്റി ഓര്‍ക്കാറുണ്ട്. എല്ലാറ്റിനും അവസാനം എന്താകുമോ എന്തോ? എങ്കിലും ഭീതിപ്പെടുത്തുന്ന ആ അവസാന വിധിയില്‍ രക്ഷപെടാനുള്ള പഴുതുകള്‍, ദൈവത്തോട് യാചിക്കേണ്ടതൊക്കെ ഇപ്പോഴേ മനസ്സില്‍ കണക്ക് കൂട്ടി വച്ചിട്ടുമുണ്ട്."ദയവായി എന്നെ ശിക്ഷിക്കരുത്!ഈ ജീവിതം ശരിക്കുമൊരു സന്യാസിക്കു തുല്യമല്ലേ? എനിക്കേറ്റം പ്രിയപ്പെട്ടതൊക്കെ ഞാനുപേക്ഷിച്ചില്ലേ? എന്‍റെ പേരില്‍ എന്തൊക്കെ സല്‍ക്കര്‍മ്മങ്ങള്‍ ട്രസ്റ്റു നാട്ടില്‍ നടത്തുന്നു. ഇത്ര വിദേശപണം വന്നിട്ടും ഒരു നയാപൈസ പോലും എനിക്കെടുക്കാനാവുന്നില്ലല്ലോ. ഞാന്‍ ആഗ്രഹിച്ചിട്ടില്ലന്നല്ല, പക്ഷെ വഞ്ചിക്കപ്പെട്ടു പോയി. ഇന്നെല്ലാം അവര്‍ നിയന്ത്രിക്കുന്നു. ഇത്രക്കൊക്കെ വളരുമെന്നും അനുഭവിക്കാന്‍ യോഗമില്ലാത്തവിധം വലുതാകുമെന്നും കരുതിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ പണിക്ക് ഞാനിറങ്ങില്ല!എല്ലാം കണ്മുന്പിലുണ്ടായിട്ടും, കൈതൊട്ടു നോക്കാമായിരുന്നിട്ടും ഒന്ന് രുചിക്കാനോ അനുഭവിക്കാനോ യോഗമില്ലാതെ വിഡ്ഢിയാക്കപ്പെട്ട ഞാന്‍ ഇതൊക്കെ പൊതുജനത്തെ പറഞ്ഞു മനസിലാക്കിയെക്കാം. ഇത്തവണത്തേക്ക് വെറുതെ വിടണം.......മാപ്പ്!!***************************************************************"എല്ലാവരും കൈകൂപ്പി എഴുനേറ്റു നില്‍ക്കുക അല്പസമയത്തിനകം ഗുരു ദര്‍ശനം നല്‍കുന്നതാന്".
മൈക്രോഫോണില്‍ കൂടി ഒരു താടിവച്ച ശിഷ്യന്‍റെ വിനീത ശബ്ദം!

11 comments:

  1. നൂറു ശതമാനം സാക്ഷരതയുള്ള നാട്ടിലും, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സകല ടെക്നോളജിയെയും മനുഷന്‍ തന്റെചൂണ്ടുവിരലിലെന്നപോലെ നിയന്ത്രിക്കുമ്പോഴും ഇത്തരം കണ്ണില്പോടിയിടല്‍ തന്ത്രങ്ങള്‍ക്ക് വശംവദരാകുന്നതെന്തുകൊണ്ട്? കാപട്യമെന്ന് സ്പഷ്ടമായി അറിയാവുന്നവര്‍ പോലും മൌനംഭജിക്കുന്നതെന്ത്‌? മതവികാരം മറയാക്കി മറ്റുള്ളവന്റെ വായടയ്ക്കുമ്പോള്‍പോലും സാംസ്‌കാരികനായകര്‍ എന്ന് നെറ്റിപ്പട്ടംചാര്‍ത്തപ്പെട്ടവരും മിണ്ടാതെ നില്‍ക്കുന്നു. എന്നാണു ഇതിനൊക്കെ ഒരവസാനം?

    ReplyDelete
  2. നല്ല ലേഖനം ജോസഫ്‌ അഭിനന്ദനങ്ങള്‍.

    ഇത് പക്ഷെ എത്ര കേട്ടാലും മാറില്ല എന്ന് നമുക്ക് തന്നെ നിര്‍ബന്ധമാണ്. അവരിലൂടെ ദൈവത്തില്‍ എത്താന്‍ ആണ് നമുക്ക്‌ താത്പര്യം.

    അവസാന രണ്ടു പാര ഒന്ന് റിവൈസ് ചെയ്യുന്നത് കൂടുതല്‍ എഫക്റ്റ് ഉണ്ടാക്കും എന്ന അഭിപ്രായം ഉണ്ട്.

    ReplyDelete
    Replies
    1. കെട്ടിലും മട്ടിലും ചെറിയ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട് താഹിര്‍,
      നന്ദി വിലയിരുത്തലുകള്‍ക്കും, സ്നേഹനിര്‍ഭരമായ ഉപദേഷത്തിനും

      Delete
  3. നന്നായി പറഞ്ഞു ജോസലെറ്റ്‌

    ReplyDelete
  4. നന്നായി അവതരിപ്പിച്ചു. ഇത്തരം കപടതകള്‍ക്ക് എതിരെ കൂടുതല്‍ പ്രതികരണങ്ങള്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഉയരേണ്ടതുണ്ട്.. ആശംസകള്‍....

    ReplyDelete
  5. എന്നെ തല്ലണ്ടമ്മാവാ..ഞാൻ നന്നാവില്ല..


    എല്ലാവരും കൈ കൂപ്പി എഴുന്നേറ്റു നിൽക്കുക എന്ന് ശിഷ്യൻ പറയാനിടയുണ്ടോ ?

    ReplyDelete
    Replies
    1. പിന്നേ........:)
      പ്രത്യേകിച്ച് ഇതു ഡ്യൂപ്ലിക്കെട്ട് ആയകൊണ്ട് ഭക്ത്യാദരങ്ങളാല്‍ ആരും എഴുനേറ്റില്ലന്കിലോ എന്ന സംശയമുള്ളതിനാല്‍ സ്ഥിരം പറയുന്ന പല്ലവി. എന്നായിക്കൂടെ ഭക്താ? ആകാശവാണിയുടെ സംസ്കൃത വാര്‍ത്തക്ക് മുന്‍പേ പറയുന്നപോലെ?
      വായിക്കാന്‍ സമയം കണ്ടെത്തിയതില്‍ നന്ദി മനോജ്‌,(വിഡ്ഢിമാന്‍)

      Delete
  6. ഭക്തി കച്ചവടം . ഒരു ദൈവം ജനിക്കുമ്പോള്‍ . ആശംസകള്‍ .

    ReplyDelete
  7. this is a reality....the hidden truth.....

    ReplyDelete

Related Posts Plugin for WordPress, Blogger...