പുസ്തകപ്രപഞ്ചത്തില്‍ അഭിരുചികളുടെ കാന്തികവലയത്തില്‍ ഭ്രമണം ചെയ്യുകയാണ് ഓരോ വായനക്കാരനും. വൈയക്തികമായ ആകര്‍ഷണ വികര്‍ഷണങ്ങള്‍ക്കൊടുവില്‍ വായനാവീഥിയില്‍ എത്തിപ്പെടുന്നത് നാമമാത്രമായ പുസ്തകങ്ങള്‍ മാത്രം. അവിചാരിതമായി വായിക്കപ്പെടുന്ന ചിലത് മറ്റൊന്നിലേക്ക് വഴികാട്ടാറുണ്ട്.
മുരളി തുമ്മാരുകുടിയുടെ ‘കാഴ്ചപ്പാടുകള്‍’ വായിക്കവേ കണ്ണിലുടക്കിയ ഒന്ന്‍ പാരീസിലെ ലൂവ്റെ മ്യൂസിയത്തെക്കുറിച്ചുള്ള വിവരണമാണ്. അമൂല്യങ്ങളായ അനേകം കലാസൃഷ്ടികളുടെ കലവറ. സന്ദര്‍ശക ബാഹുല്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം. മൊത്തം നടന്നു കാണണമെങ്കില്‍ ആഴ്ചകളോ മാസങ്ങളോ വേണ്ടിവന്നേക്കാം. ലൂവറിനോടുള്ള താത്പര്യമാണ് ഡാന്‍ബ്രൌണിനെ ‘ഡാവഞ്ചി കോഡി’ ന്റെ രചനയിലേക്ക് നയിച്ചത് എന്ന പ്രതിപാദ്യമാണ് നോവല്‍ വായിക്കാന്‍ പ്രേരണയായത്.
ഡാവഞ്ചി ചിത്രങ്ങളുടെ നിഗൂഢതകള്‍ വിശകലനം ചെയ്ത്, മഗ്ദലന മറിയത്തെ ബൈബിളിന്റെ കാണാപ്പുറങ്ങളിലൂടെ വെളിവാക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഒരുപറ്റം ക്രിയാത്മക ബുദ്ധിജീവികള്‍ എഴുതപ്പെട്ട വിശ്വാസ സംഹിതകളെ മുഖവിലയ്ക്കെടുക്കാതിരിക്കുകയും ക്രൈസ്തവസഭ അടിച്ചേല്‍പ്പിക്കുന്നതിനപ്പുറമുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍ വരുംതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടണം എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിവിധ കാലഘട്ടങ്ങളില്‍ ‘പ്രിയറി ഓഫ് സീനായ്’എന്ന ഈ രഹസ്യ സംഘത്തില്‍ പ്രതിഭാശാലികളായ ഡാവഞ്ചിയും വികടര്‍ ഹ്യൂഗോയും ഐസക്ക് ന്യൂട്ടണുമൊക്കെ അംഗങ്ങളായിരുന്നുവെന്നും രഹസ്യങ്ങള്‍ അടങ്ങുന്ന പെട്ടി ‘വിശുദ്ധ കാസ’ എന്ന പേരില്‍ ഭൂഗര്‍ഭ അറയിലെവിടെയോ അടക്കം ചെയ്തിട്ടുണ്ടെന്നും സമര്‍ത്ഥിക്കുന്നു. ‘വിശുദ്ധ കാസ’ മഗ്ദലന മറിയത്തെ പ്രതിനിധാനം ചെയ്യുന്നു.
സഭയുടെ രക്തരൂക്ഷിതമായ പൂര്‍വകാലം, ഒപൂസ് ദേയി എന്ന യാഥാസ്ഥിതിക സംഘടന, വര്‍ത്തിക്കാന്‍-സ്വിസ്സ് ബാങ്കുകള്‍, പ്രിയറി ഓഫ് സീനായ് തുടങ്ങിയവ സഭക്കുള്ളിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും എക്കാലത്തും താത്പര്യമുള്ള വിഷയങ്ങളായിരുന്നു. യേശുവിന്റെ ബ്രഹ്മചര്യത്തില്‍ ഊന്നിയാണ് വിശ്വാസങ്ങളുടെ അടിത്തറ സഭ കെട്ടിപ്പൊക്കിയിരിക്കുന്നത്. ഡാന്‍ബ്രൌണിന്റെ വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്ന്‍ വര്‍ത്തിക്കാന്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും വിവാദവും ലൂവറിന്റെ പ്രശസ്തിയും പുസ്തകവില്പനയില്‍ തുണയായി.
പൈങ്കിളി സാഹിത്യത്തിന്റെ നിലവാരമേ പുസ്തകത്തിനുള്ളൂ എന്ന വിമര്‍ശനങ്ങള്‍ക്കിടയിലും ചരിത്രത്തിന്റെ ചുവടുപിടിച്ച് ചിത്രങ്ങളുടെ രഹസ്യാത്മകതയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ ഡാന്‍ബ്രൌണിനാകുന്നുണ്ട്. കഥ മെനഞ്ഞെടുക്കാനുള്ള വൈഭവവും വിവര സമാഹരണത്തിനായി നടത്തിയ പരിശ്രമങ്ങളും കണ്ടില്ലന്ന് നടിക്കാനാവില്ലെങ്കിലും അവസാന ഭാഗങ്ങള്‍ ബാലിശമായ പരിസമാപ്തിയിലേക്കാണ് ചെന്നെത്തുന്നത്. വേര്‍പിരിഞ്ഞുപോയ ഇരട്ടക്കുട്ടികളെ വര്‍ഷങ്ങള്‍ക്ക് ശേഷം മറുക് നോക്കി കണ്ടെത്തുന്ന പഴയ സിനിമകളെ അത് ഓര്‍മ്മിപ്പിച്ചു. ഡാവഞ്ചി കോഡ് സിനിമയാക്കിയപ്പോള്‍ ആശയം പൂര്‍ണ്ണമായി സംവദിക്കപ്പെട്ടില്ലെങ്കില്‍ കൂടിയും മേല്‍പ്പറഞ്ഞ ഭാഗങ്ങള്‍ ഒഴിവാക്കി പക്വതയോടെ കൈകാര്യം ചെയ്യാന്‍ സംവിധായകന് ശ്രദ്ധിച്ചിട്ടുണ്ട്.
താന്‍ അന്വേഷിച്ച നിധി എവിടെയെന്ന് നോവലിലെ നായകന്‍ റോബര്‍ട്ട് ലാങ്ങ്ടന്‍ ഒടുവില്‍ കണ്ടെത്തുന്നുണ്ട്. അതുപോലെ പുസ്തകം ദിശകാട്ടിയ വഴിയിയേ സഞ്ചരിച്ചപ്പോള്‍ യഥാര്‍ത്ഥ നിധി കണ്ടെത്താനായി എന്നതാണ് എന്റെ വായനയുടെ സാഫല്യം.
പള്ളികളുടെ ചുവരിലും കമാനങ്ങളിലും കൊത്തി വെച്ചിരിക്കുന്ന കോഡുകളെക്കുറിച്ച് വിവരിക്കുമ്പോള്‍ വികടര്‍ ഹ്യൂഗോയുടെ ‘നോട്ടര്‍ഡാമിലെ കൂനന്‍’ എന്ന കൃതിയിലും ഈ വാദഗതിയെ സാധൂകരിക്കുന്ന വസ്തുതകള്‍ ഒളിഞ്ഞിരിപ്പുണ്ട് എന്ന് നോവലിസ്റ്റ് പറയുന്നു. തന്മൂലം ഞാന്‍ ‘നോട്ടര്‍ ഡാമിലെ കൂനെനെ’ പിന്തുടര്‍ന്നു. ഡാന്‍ബ്രൌണിന്റെ ഡാവഞ്ചി കോഡും പൌളോ കൊയ്ലോയുടെ ആള്‍ക്കമിസ്റ്റും ഒക്കെ മുളപൊട്ടിയത് വിക്ടര്‍ ഹ്യൂഗോ പാകിയ വിത്തില്‍ നിന്നാണോ എന്ന സംശയം അപ്പോള്‍ ബലപ്പെട്ടു. ബെസ്റ്റ് സെല്ലറുകളായ മേല്‍പ്പറഞ്ഞ രണ്ട് പുസ്തകങ്ങളെക്കാളും എത്രയോ ഉയരത്തിലാണ് ഹ്യൂഗോയുടെ കൃതി നില്‍ക്കുന്നത്.
നോട്ടര്‍ഡാം പള്ളിയിലെ അന്തേവാസിയായ വിരൂപനായ കൂനന്‍ കൊസിമോദോ, ശെമ്മാച്ചന്റെ ആജ്ഞാനുവര്‍ത്തിയായ അയാളില്‍ നിന്നാവുമോ കര്‍ദിനാള്‍ അരിംഗറോസായുടെ വാത്സല്യപുത്രനായ ക്രിമിനല്‍ സൈലാസിനെ ഡാന്‍ബ്രൌണ്‍ സൃഷ്ടിച്ചെടുത്തത്?
ദേവാലയത്തില്‍ തന്റെ കാല്‍ച്ചുവട്ടില്‍ ഒളിഞ്ഞു കിടക്കുന്ന നിധികളുടെ മൂല്യമറിയാത്തവനെന്നു കൂനനെപ്പറ്റി ഹ്യൂഗോ കുറിച്ചപ്പോഴല്ലേ ആള്‍ക്കമിസ്റ്റിലെ സാന്റിയാഗോ ഉറക്കമുണര്‍ന്നു നടന്നു തുടങ്ങിയത്?
അമല്‍ നീരദിന്റെ ‘ഇയ്യോബിന്റെ പുസ്തക’ത്തില്‍ കാളയുമായി നടക്കുന്ന സുന്ദരി മാര്‍ത്ത, ആടിനെ സഹയാത്രികയാക്കിയ ഹ്യൂഗോയുടെ മന്ത്രവാദിനി സുന്ദരി എസ്മരാള്‍ഡ ആവില്ലേ?
അമ്മയുടെ നെഞ്ചിലെ മുറിപ്പാടായ രണ്ടു കുഞ്ഞു ചെരിപ്പുകള്‍.... അത് ഏതൊക്കെ ദേശങ്ങളില്‍ എത്രയെത്ര ആശയങ്ങളായി പുനരാവിഷ്കരിക്കപ്പെട്ടിരിക്കാം. For sale: baby shoes, never worn എന്നെഴുതിയ ഹെമിംഗ് വേയിലൂടെ, മജീദ് മജദിയുടെ ‘ചില്‍ഡ്രണ്‍ ഓഫ് ഹെവനിലൂടെ.’
(ഡാവഞ്ചികോഡില്‍ ഷൂസുകള്‍ക്ക് പകരം ഒരേ മാതൃകയിലുള്ള രണ്ടു പെട്ടികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട് വീണ്ടും ഡാന്‍ബ്രൌണിന്. )
‘ഫ്രാന്‍സിസ് ഇട്ടിക്കോര’യെന്ന നോവലിനെ മലയാളത്തിലെ ഡാവഞ്ചിക്കോഡ് എന്ന് ചിലര്‍ വാഴ്ത്തുമ്പോള്‍ നോട്ടര്‍ഡാം ദേവാലയം പോലെ, ലൂവ്റെ മ്യൂസിയം പോലെ, കാലത്തെ പ്രതിനിധീകരിക്കുന്ന ഒരു സ്മാരകം പശ്ചാത്തലത്തില്‍ നിലനിര്‍ത്തുവാന്‍ ടി.ഡി രാമകൃഷ്ണന് സാധിച്ചുവോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. വിക്ടര്‍ ഹ്യോഗോയുടെ ‘നോട്ടര്‍ ഡാമിലെ കൂനന്‍’ കാലഘട്ടത്തെ ഒപ്പിയെടുക്കുന്നത് എപ്രകാരമാണെന്നറിയുമ്പോള്‍ മാത്രമേ ആ കൃതിയുടെ മഹത്വം വെളിവാകുകയുള്ളൂ.
കലയുടെ ആവിഷ്ക്കാരം പൂര്‍ണ്ണമായും ശില്പങ്ങളിലൂടെ മാത്രം സാധ്യമായിരുന്ന കാലം. അന്നത്തെ പള്ളികളും കൊട്ടാരങ്ങളും ഗോത്തിക്ക് ശില്പകലയുടെ ഉദാത്ത മാതൃകകളായിരുന്നു. ശില്‍പഭംഗിയില്ലാത്ത പുതിയ നിര്‍മ്മാണ രീതി ആവിര്‍ഭവിച്ചതോടെ പഴയമയുടെ സ്മാരകങ്ങള്‍ അന്യം നിന്നുപോകുന്ന സ്ഥിതിവിശേഷമുണ്ടായി. അച്ചടിയുടെ വരവോടെ ചിന്തകളെ ബദ്ധപ്പാടില്ലാതെ കടലാസിലേക്ക് പകര്‍ത്താനായതിനാല്‍ വരുംകാലങ്ങളില്‍ പുസ്തകങ്ങള്‍ക്ക് പകരമായി ശില്‍പം ആശയത്തെ പ്രതിനിധാനം ചെയ്യില്ലെന്നും ആകൃതിയിലൂടെ ആശയത്തെ സാക്ഷാത്ക്കരിക്കാന്‍ ഒരു കാട്ടിലെ മരങ്ങള്‍ മുഴുവനോ ഒരു മലയിലെ കല്ലു മുഴുവനോ നശിപ്പിക്കേണ്ടി വരുന്ന അവസ്ഥ ഇനി ഉണ്ടാവില്ലെന്നും ഹ്യൂഗോ പറഞ്ഞു.
പഴയ നിര്‍മ്മിതികളെ സ്മാരകങ്ങളായി സംരക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് നോട്ടര്‍ഡാം പള്ളിയെ കേന്ദ്ര ബിന്ദുവാക്കി പതിനാലാം നൂറ്റണ്ടിലെ പാരീസ് നഗരത്തെ പുനസൃഷ്ടിക്കുകയായിരുന്നു വിക്ടര്‍ ഹ്യൂഗോ. പള്ളിയും കൊട്ടാരവും, പട്ടാളവും പട്ടക്കാരും, ന്യായാധിപരും പ്രഭുക്കളും, രാജാവും പരിവാരങ്ങളും, അക്രമിയും തെരുവു തെണ്ടികളും, മദ്യശാലയും കഴുമരവും, മതദ്രോഹ വിചാരകരും പ്രതികളും ഒക്കെയുള്ള പാരീസ്...... പള്ളികള്‍ക്കും കൊട്ടാരങ്ങള്‍ക്കും അടിയില്‍ നിര്‍മ്മിക്കപ്പെട്ട നിലവറകള്‍, കാരഗ്രഹങ്ങള്‍, വാതിലുകളിലെ കൊത്തുപണികള്‍, ചുവരിലെ ചിത്രപ്പണികള്‍, കമാനങ്ങളിലെ ലിഖിതങ്ങള്‍, ആള്‍ രൂപങ്ങള്‍...എല്ല്ലാമെല്ലാം ചരിത്രത്തിന്റെ പശിമ ചേര്‍ത്ത് കുഴച്ച് ദൃഡമാക്കിയ പ്രതലത്തില്‍ കോറിയിട്ടൂ.
വികടര്‍ ഹ്യൂഗോയെ പോലെയുള്ള പലരുടെ പ്രയത്നവും ദീര്‍ഘവീക്ഷവും കൊണ്ടാണ് പാരീസ് ഇന്നും പൌരാണികതയുടെ പ്രതീകമായി നിലകൊള്ളുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കൊട്ടാരമായിരുന്ന ലൂവ്റെ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കപ്പെട്ടു. മിത്തറാങ്ങിനെപ്പോലെയുള്ള ഭരണാധികാരികള്‍ പഴമക്ക് മുന്‍പില്‍ ഗ്ലാസുകൊണ്ട് പിരമിഡ് തീര്‍ത്തപ്പോള്‍ കടുത്ത പ്രതിഷേധങ്ങളുണ്ടായി. ആ ഏച്ചുകെട്ടലിലും ചരിത്രത്തോട് ചേര്‍ത്തുവെയ്ക്കാവുന്ന പ്രതീകങ്ങള്‍ കണ്ടെത്താന്‍ ഡാന്‍ബ്രൌണിനെപ്പോലെയുള്ള ആധുനിക എഴുത്തുകാര്‍ പരിശ്രമിച്ചു.
രഹസ്യ കോഡുകള്‍ തേടിയുള്ള യാത്രയാണല്ലോ നോവലിനെ ത്രസിപ്പിച്ചു നിര്‍ത്തുന്നത്. കാലഹരണപ്പെട്ടതെന്ന് തോന്നുമെങ്കിലും ചിഹ്നശാസ്ത്രവും ഗൂഡാലേഖനവിദ്യയും എക്കാലവും നിത്യജീവിതത്തിന്റെ ഭാഗങ്ങള്‍ തന്നെയായിരുന്നു. വിവരങ്ങളുടെ സുരക്ഷിതത്ത്വത്തിനായി ഒരുക്കുന്ന (എ.ടി.എം, ക്രെഡിറ്റ്കാര്‍ഡ്, ഐ.ഡി കാര്‍ഡുകള്‍) മൈക്രോചിപ്പുകളുടെ തത്വവും പഴമക്കാരുടെ ബുദ്ധിയെ പിന്തുടര്‍ന്നു വന്നതുതന്നെ. ഉമ്പെര്‍ട്ടോ എക്കോ പറയുന്നു; ‘ഫൂക്കോസ് പെന്‍ഡുലം’ എന്ന നോവലില്‍ താന്‍ വികസിപ്പിച്ചെടുത്ത ഒരു കഥാപാത്രം മാത്രമാണ് ഡാന്‍ബ്രൌണ്‍ എന്ന്‍! ഡാവഞ്ചി കോഡിന് ഉമ്പെര്‍ട്ടോയുടെ കൃതിയോട് അത്രകണ്ട് സാമ്യമുണ്ടെന്നതില്‍ വായനക്കാര്‍ക്കും തര്‍ക്കമില്ല. കണ്ടെത്തലുകളെന്നോ, തുടര്‍ച്ചയെന്നോ, പ്രചോദനനമെന്നോ വിശേഷിപ്പിക്കാനാവാത്തവണ്ണം ആശയങ്ങളും നിര്‍മ്മിതിയും അന്യോന്യം കെട്ടുപിണഞ്ഞു കിടക്കുന്നു. പണ്ടുമുതല്‍ ഉണ്ടായിരുന്നവയുടെ പരിണാമമല്ലാതെ പുതുതായൊന്നും പ്രപഞ്ചത്തില്‍ സംഭവിക്കുന്നില്ലന്ന വീക്ഷണം തന്നെയാണ് കലയിലുമെന്ന് വിവക്ഷിക്കാം.
(പ്രസാധകന്‍ മാസിക- ജൂണ്‍ 2016) |
അക്ഷരങ്ങളുടെ വിടവില്‍ ഒരു ചങ്ങലയുടെ കണ്ണി തുറന്നുകിടക്കുന്നത് കാണുക, പാഴ്വേലയെന്നറിഞ്ഞുകൊണ്ടു തന്നെ അവ കൂട്ടിയിണക്കാന്‍ പരിശ്രമിക്കുക. ഇത്തരം ഭ്രമാത്മക ലോകങ്ങളിലൂടെ അലഞ്ഞുനടക്കുകയാണല്ലോ ഒരു വായനക്കാരന്റെ സ്വാതന്ത്ര്യവും സാഫല്യവും.
അവിചാരിതമായി വായിക്കപ്പെടുന്നത് മറ്റൊന്നിലേക്കു വഴിക്കാട്ടാറുണ്ട്... ഇതുപോലെയുള്ള അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. കാഴ്ചപ്പാടുകള്‍ അന്വേഷിക്കണം. വായിച്ചിട്ടില്ല. നന്ദി :)
ReplyDeleteപഴയ വമ്പൻ വായനക്കളെ
ReplyDeleteഅനുസ്മരിപ്പിക്കുന്ന മലയാളത്തിലെ
പുത്തൻ എഴുത്തുകാരുടെ വേറിട്ട പുസ്തകങ്ങൾ
നല്ല കാഴ്ച്ചപ്പാടുകൾ ...
അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം ഡോസ്ടോവ്സ്കിയുടെ കാരമസോവ് സഹോദരന്മാരുടെ അനുകരണമാണ്. കൂനന്‍ ലോകം കണ്ട ഏറ്റവും നല്ല പത്ത് നോവലുകളില്‍ ഒന്നായി നില നില്‍ക്കുന്നു.
ReplyDeleteവായനയിലെ കാഴ്ചപ്പാടുകൾ പുതിയ കാഴ്ചയായി....
ReplyDelete