12.6.16

ഒരു തുള്ളി


മാധ്യമം- ചെപ്പ്(11.06.2016)


മഞ്ഞുമലയുടെ തുഞ്ചത്തു തങ്ങിനില്‍ക്കുന്ന മേഘശകലങ്ങള്‍ക്കിടയിലൂടെയും  നീലാകാശം തളര്‍ന്നുറങ്ങുന്ന നിശ്ചല തടാകങ്ങള്‍ക്ക് മുകളിലൂടെയും അവ ചിറകടിച്ച് പറന്നുപോയി. യാത്രകള്‍.....ഒരിക്കലും തീരാത്ത യാത്രകള്‍.
വിണ്ണിനെ പ്രകമ്പനം കൊള്ളിക്കുന്നൊരു ഇരമ്പല്‍ കേട്ടു. വെള്ളിമേഘങ്ങളുടെ നെഞ്ചു തുളച്ച് ഒരുസൂപ്പര്‍ സോണിക് വിമാനം പാഞ്ഞുപോയി. പകപ്പോടെ പെണ്‍കിളി പറഞ്ഞു. ഇന്നു നമ്മുടേതല്ല ആകാശം.
വിമാനം വരച്ചിട്ട വെണ്‍രേഖകള്‍ കൌതുകത്തോടെ നോക്കി അവന്‍ പറഞ്ഞു. വരൂ.. നമുക്ക് താഴ്ന്നു പറക്കാം.
കേട്ടറിഞ്ഞ കഥകളും കണ്ടറിഞ്ഞ പ്രകൃതിയും യാത്രയിലുടെനീളം അവനെ വാചാലനാക്കും. മഞ്ഞുറഞ്ഞ താഴ്വാരങ്ങള്‍ കാണുമ്പോള്‍ പറയും, മലകള്‍ അലിഞ്ഞില്ലാതായതാണ് ഇവിടം. അനന്തമായ മണല്‍പ്പരപ്പിനു മുകളിലെത്തുമ്പോള്‍ കാട്ടിത്തരും, കടല്‍ വറ്റിപ്പോയത് ഇവിടെയാണ്.
ഒക്കെയും കളവാണെന്നു പറഞ്ഞ് അവള്‍ കളിയാക്കും. കൊക്കുരുമിയും കിന്നരിച്ചും കാതങ്ങള്‍ താണ്ടുന്നത് അറിയില്ല.  നീണ്ട യാത്രകള്‍ മതിയാക്കി അവന്റെ തണലില്‍ പറ്റിച്ചേര്‍ന്നിരുന്ന് മുട്ടകള്‍ വിരിയിക്കുന്നതിനെക്കുറിച്ചാണ് അവള്‍ക്ക് പറയാനുള്ളതത്രയും. നമ്മുടെ കുഞ്ഞുങ്ങള്‍....!
ഓരോ പറക്കയുടെയും തുടക്കത്തില്‍ അവന്‍ വ്യാമോഹിപ്പിക്കും. ഈ യാത്രയുടെ അവസാനം.
പിണങ്ങിയാലും വഴക്കടിച്ചാലും കൂടെപ്പോകാതിരിക്കാനാവില്ല അവള്‍ക്ക്. ഒരായുസ്സ് മുഴുവന്‍ നിര്‍ത്താതെ പറക്കാനുള്ള കരുത്തുണ്ട് അവന്റെ വാക്കുകള്‍ക്ക്. കടലിനു മീതേ ചിറകു വിരിക്കുമ്പോള്‍ എന്തൊരാനന്ദമാണെന്നോ! നിനക്കറിയുമോ നമ്മെപ്പോലെ ലോകത്തെ ഇത്രമേല്‍ കണ്ടറിഞ്ഞിട്ടുള്ളവര്‍ ആരുമില്ല.
ഒക്കെയും സത്യമാണ്. പക്ഷേ എന്തിനാണീ സാഹസമെന്നു തോന്നും ചിലപ്പോള്‍! എന്നും കാഴ്ചകള്‍ക്ക് പുതുമയുണ്ട്. ഓരോ ഇടവും അടുത്ത ദേശാടനത്തില്‍ തിരിച്ചറിയാനാവാത്തവിധം മാറിപ്പോകുന്നു. അതേ സമുദ്രത്തില്‍ കാണാം തകര്‍ന്നടിഞ്ഞ ബോട്ടുകള്‍.... ചീര്‍ത്തു പൊങ്ങിയ മൃതശരീരങ്ങള്‍... ഒഴുകിപ്പരക്കുന്ന എണ്ണപ്പാടകള്‍. അതേ കരയില്‍ കാണാതാവുന്നു കൊടുമുടികള്‍... വനങ്ങള്‍... നഗരങ്ങള്‍...
വന്‍കടല്‍ താണ്ടിക്കടന്നപ്പോള്‍ അല്പം വിശ്രമിക്കണമെന്നു തോന്നി പെണ്‍കിളിക്ക്.
കുറച്ചു ദൂരം കൂടി..... അന്തിനേരമാകട്ടെ.അവന്‍ പിന്‍തിരിപ്പിച്ചു.
ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ നിന്നുയരുന്ന പൊടിക്കാറ്റ് അവരുടെ ചിറകുകളെ തളര്‍ത്തി. അങ്ങിങ്ങ് കഴുത്തൊടിഞ്ഞു നില്ക്കുന്ന കരിഞ്ഞുണങ്ങിയ കൊമ്പുകള്‍ മാത്രം. തണലുള്ളൊരു ചില്ലപോലുമില്ല ചേക്കേറാന്‍.
തലയ്ക്കു മുകളില്‍ ഒരു നിഴലനക്കം കണ്ടു. എല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് ഉയരത്തില്‍ നില്‍ക്കുന്നു പക്ഷിരാജന്‍.  വന്‍ ചിറകിന്റെ തണല്‍.
ക്ഷണനേരത്തില്‍ പാഞ്ഞു വന്നു  ഒരു തീഗോളം! പെണ്‍കിളി ചിറകു വെട്ടിയൊഴിഞ്ഞു. ആണ്‍കിളി കരിഞ്ഞ മാംസകഷ്ണങ്ങളായി ചിതറിത്തെറിച്ചു.
വര്‍ഷംപോലെ പെയ്യുന്നു വെടിയുണ്ടകള്‍. വേരറ്റ മരത്തിന്റെ പോതില്‍ ഒളിച്ച പെണ്‍കിളി മുകളില്‍ ചിറകു വിരിച്ചുനില്‍ക്കുന്ന പരുന്തിനെ കണ്ടു. അല്ല, വെടിയുതിര്‍ക്കുന്ന പരുന്താകൃതിയെ! നാളത്തെ കിളികളുടെ കഥയിലെ ഡ്രോണ്‍ പക്ഷിയെ.
വെടിയൊച്ചകള്‍ അകന്നപ്പോള്‍ അടുത്തെവിടെയോ ഒരു മനുഷ്യജീവിയുടെ കരച്ചില്‍ കേട്ടു. വെടിയേറ്റു തുളഞ്ഞ ശരീരം. ചോര മാത്രം. അയാള്‍ക്ക് രക്ഷയേകാതെ പോയ യന്ത്രത്തോക്ക് അകലെ മാറിക്കിടക്കുന്നു.
വെള്ളം...വെള്ളം....ജീവന്റെ അവസാന നിശ്വാസങ്ങള്‍.
ഈ മരുഭൂമിയില്‍ ഒരുതുള്ളി ജലമെവിടെ? പക്ഷി ചുറ്റും നോക്കി.. പ്രാണന്റെ പിടച്ചിലില്‍ അയാളുടെ കണ്‍കോണില്‍ നിന്നടരുന്ന തുള്ളികളില്‍ പക്ഷിയുടെ നോട്ടം തറച്ചു. കണ്ണീരിന്‍ ദാഹജലം!
ചലനമറ്റ ആ ശരീരത്തില്‍ വന്നിരുന്ന പക്ഷി തന്റെ ചെറുചുണ്ടാല്‍ അയാളുടെ തുറന്ന വായിലേക്ക് കണ്ണീര് പകര്‍ന്നു നല്കാനുള്ള ശ്രമം നടത്തി. പൊടുന്നനെ വന്യമായൊരു ശക്തിയാലെന്നവണ്ണം അയാള്‍ പക്ഷിയെ കടന്നുപിടിച്ചു. വിരലുകളുടെ നീരാളിപ്പിടുത്തത്തില്‍  അമര്‍ത്തിപ്പിഴിഞ്ഞ് ചുടുചോര വായിലേക്ക് ഇറ്റിച്ച് ദാഹമകറ്റി നിശ്ചലനായി.   


v   

10 comments:

 1. സ്വാർത്ഥതയോ.... അതോ മരണവെപ്രാളമോ? രക്ഷിക്കാനായി എത്തി അവസാനം സ്വന്തം ജീവൻ കുരുതിക്ക് കൊടുത്തുകൊണ്ട്.
  നല്ല കഥയായിരുന്നു.

  ReplyDelete
  Replies
  1. നന്ദി, സന്തോഷം.......
   ഗീതാ ഓമനക്കുട്ടന്‍ :)

   Delete
 2. ഒരു തുള്ളി ദാഹജലത്തിനായി... :(

  ReplyDelete
  Replies
  1. കരുണയുടെ ഒരു തുള്ളി. :)

   Delete
 3. ആ അവസാനം ഒന്നാന്തരമായി. ഓരോ പറക്കയുടെയും എന്നത് പറക്കലിന്റെയും എന്നാക്കി മാറ്റുന്നതല്ലേ ഉചിതം ?

  ReplyDelete
  Replies
  1. ആ ഒരു വാക്കിന്മേല്‍ കുറച്ച് ആലോചന നടന്നതാ. ഒടുക്കം പ്രൂഫ്‌ റീഡര്‍ തന്നെ പറഞ്ഞു, ഇത് മതിയെന്ന്. :)

   Delete
 4. എന്റെ Comments എവിടെയോ മുങ്ങിപ്പോയിയെന്നു തോന്നുന്നു ....അഭിനന്ദനങ്ങള്‍ പ്രിയ കഥാകാരാ...

  ReplyDelete
 5. നന്നായിരിക്കുന്നു

  ReplyDelete
 6. അവസാന തുള്ളി
  ദാഹജലത്തിനായി ഒരു കുരുതി
  ഒരു നല്ല കഥ

  ReplyDelete
 7. രക്തദാഹികള്‍ സംഹാരതാണ്ഡവമാടുന്ന ചിത്രം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു!
  ആശംസകള്‍

  ReplyDelete

Related Posts Plugin for WordPress, Blogger...