
"മിത്രം" എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ തെളിയുന്നത് അവന്‍റെ മുഖമാണ്.
രാവിലെ എണീറ്റ് ടൂത്ത് ബ്രഷുമായി വീടിന്‍റെ വേലി കടന്നാല്‍ പിന്നെ അവനോടോപ്പമുള്ള ഒരു ദിവസം തുടങ്ങുകയായി. എന്നും സ്കൂളില്‍ പോകുന്നതിനു മുന്‍പുള്ള കുളി കഴിഞ്ഞു തോട്ടില്‍ നിന്നു കയറണമെങ്കില്‍ വീട്ടില്‍നിന്നാരെങ്കിലും ചൂരലുമായി വരണം.
"കന്നു വെള്ളതിലിറങ്ങിയാല്‍പോലും ഇത്രയും കലങ്ങില്ലല്ലോടാ, കുറുന്തൈര് പോലായി വെള്ളം. കേറിവാ ഇങ്ങോട്ട്"...........
നിത്യവും കേട്ടുപതിഞ്ഞ ശകാരം! എങ്കിലും ഒരു മാറ്റവുമില്ല. കുളി ഒരാഘോഷമാണ്. ചന്ദ്രന്‍ ഓട്ടത്തില്‍ കേമനായതുകൊണ്ട് മഷിയിട്ടു നോക്കിയാല്‍ പോലും പിന്നെ അവനെ കാണില്ല. അടുത്ത കടവിലേക്ക് മുങ്ങാംകുഴിയിട്ടു മറു കരയില്‍ നിക്കറുപേക്ഷിച്ച് അവന്‍ ഓടിയ വഴിയില്‍ ഇന്നും പുല്ലു മുളച്ചിട്ടില്ല. നനഞ്ഞ കാലില്‍ വന്നു വീഴുന്നത് വള്ളുന്ന ചൂരലോ പേരക്കമ്പോ അതോ കൊന്നപ്പത്തലോ എന്നു നോക്കാനാവും മുന്‍പ് കണ്ണില്‍ നിന്നു പോന്നീച്ച പറന്നിരിക്കും. കരഞ്ഞു കാറിക്കൊണ്ട് ഞാന്‍ ഓടുമ്പോള്‍ കൈത മറവില്‍ പതുങ്ങിയിരിക്കുന്ന അവനെ കണ്ണീരാല്‍ മങ്ങിയ എന്‍റെ ഇമകള്‍ തിരയാരുണ്ട്.
ഇനി സൂളിലേക്കുള്ള യാത്രയാണ്. ആഞ്ഞു നടന്നാല്‍ നാല്പത്തഞ്ചു മിനിട്ടുണ്ട് ദൂരം. അതാതു ദിവസത്തെ കുളിയുടെ സമയമാണ് നടപ്പിന്‍റെ വേഗത നിശ്ചയിക്കുന്നത്. എന്‍റെ പുസ്തകവും ചോറ്റുപാത്രവും ചെറിയ അലുമിനിയം പെട്ടിയിലാണ്. ചന്ദ്രന്‍റെ സാമഗ്രികള്‍ തോളിലെ തുണി സഞ്ചിയിലും. കക്കത്തെറ്റാലി, കല്ലുവട്ട്, റബര്‍ പന്ത്, കണ്ണിമാങ്ങ എന്നുവേണ്ട അതിലില്ലാത്ത സാധനങ്ങളില്ല. അച്ഛന്‍ ചായക്കട നടത്തുന്നതുകൊണ്ട് ആ വിഭവങ്ങള്‍ ഒക്കെ തന്നെയാണ് അവന്‍റെ തൂക്കുപാത്രത്തിലും. വീട്ടിലെ കറികളെക്കാളും എനിക്കിഷ്ടം അവന്‍റെ പാത്രത്തിലെ രുചികളാണ്.
ചായക്കടയും പരിസരവും എപ്പോഴും മുതിര്‍ന്നവരുടെ വിഹാര കേന്ദ്രമായതിനാല്‍ കുട്ടികള്‍ തെല്ലകന്നേ നില്‍ക്കൂ. ചന്ദ്രന്‍റെ അച്ഛന്‍ കമ്യുണിസ്റ്റാണ്. പരപരാ വെളുപ്പിനെ ദോശയുടെ അരിമാവിനോപ്പം പത്രം അരച്ചു കലക്കി കുടിച്ച്, അന്നത്തെക്കു വിളമ്പാന്‍ ഉള്ളില്‍ ആശയം സ്വരൂപിച്ചുവച്ച് അദേഹത്തിന്‍റെ മുഖം തെല്ലു ഗൌരവ പ്രകൃതമായിപ്പോയി. "ഇവിടെ രാഷ്ട്രിയം പറയരുത്" എന്ന് കരിപിടിച്ച ഭിത്തിയില്‍ വെളുത്ത ചോക്കുകൊണ്ട് എഴുതിവച്ചിട്ടുണ്ടെങ്കിലും വെറുമൊരു ചായകുടിക്കാന്‍ വരുന്നവരെ ബ്രേക്ക്ഫാസ്റ്റിലേക്കും പിന്നെ പത്തുമണിക്കുള്ള ചെറു കടിയിലേക്കും വരെ പിടിച്ചിരുത്താന്‍ തക്ക ഒരു ചര്‍ച്ചക്കുള്ള രസകൂട്ടുകളില്‍ ആദ്യ ചേരുവ ചേര്‍ക്കുന്നത് ഉടമസ്ഥന്‍ തന്നെയാണ്. കോണ്‍ഗ്രസുകാരെയും കമ്മൂണിസ്റ്റ്കളെയും കൂടാതെ നിക്ഷ്പക്ഷവും ചൂടുചായക്കൊപ്പം ആവിപറക്കുന്ന ആ വാഗ്വാദങ്ങള്‍ ആസ്വദിക്കാറുണ്ട്.
എങ്കിലും പിന്നീടുള്ള ചീട്ടുകളിയില്‍ ഒരു കയ്യായിരിക്കാനോ എതിര്‍ പാര്‍ടിക്കാരന്‍റെ കയ്യില്‍നിന്നും ഈര്‍ക്കിലില്‍ കോര്‍ത്ത വെള്ളക്കാകുണുക്കു വാങ്ങി അണിയാണോ അവര്‍ വൈമുഖ്യം കാട്ടാറില്ല.
ഇതെല്ലാം കണ്ടു വൃത്തികെട്ട ചുമരില്‍ പതിഞ്ഞ എ. കെ. ജി. യും, വി. പി. സിങ്ങും, ഇ. എം. എസ്. നമ്പൂതിരിപ്പാടും ചിരിച്ചിരുന്നു.
ചന്ദ്രനെപ്പോലെ ഞാനും അവന്‍റെ അച്ഛന് പ്രിയപ്പെട്ടവനാണെങ്കിലും ഒരു കോണ്ഗ്രസ് അനുഭാവ കര്‍ഷക മുതലാളിയോടുള്ള "പെറ്റി ബൂര്‍ഷാ" മനോഭാവം അയാള്‍ക്കുണ്ട് എന്ന് എന്‍റെ അപ്പന്‍ സംശയിച്ചിരുന്നു. പാടത്തു പണിയാളര്‍ക്ക് വൈകിട്ട് വേല അവസാനിപ്പിക്കാനുള്ള സയറന്‍, ആകാശവാണി ചലച്ചിത്രഗാനങ്ങള്‍ക്കു ശേഷമുള്ള മൂന്നുമണിയുടെ "ഓള്‍ ഇന്ത്യാ റേഡിയോ" ഇംഗ്ലീഷ് വാര്‍ത്ത ഉച്ചത്തില്‍ കേള്‍പിക്കുന്നത് അയാളാണ് എന്ന് അപ്പന്‍ വീട്ടിലിരുന്നു പരിതപിക്കാറുണ്ട്. പത്താള്‍ പത്തു മിനിറ്റ് കൂടുതല്‍ പണിതാല്‍ ഏകദേശം രണ്ടുമണിക്കൂര്‍ കൂലി വെറുതെ ലാഭിക്കാം എന്ന അപ്പന്‍റെ വ്യാമോഹമാണ് ആ കമ്യുണിസ്റ്റ് തകത്തുകളയുന്നത്.
രാഷ്ട്രിയ വയ്പരീത്യമോ വിഭിന്ന മതവിശ്വാസമോ ഒന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമേയല്ല. ചന്ദ്രനെ കൂടാതെ ഒരു ദിവസം എനിക്കിക്കും മറിച്ച് അവനുമില്ല. ശ്രീകൃഷ്ണജയന്തിയിലെ ഘോഷയാത്രയില്‍ ഒത്തിരി ഉണ്ണിക്കണ്ണന്‍ന്മാരോടൊപ്പം അവനും ഞാനും കൃഷ്ണവേഷം കെട്ടി. പള്ളിയിലെ കരോളിലും പെരുന്നാള്‍ നാടകത്തിലും ഞങ്ങള്‍ ആട്ടിടയനും മാലാഖയുമായി. ബാല്യം കടന്നു കൌമാരത്തിലും ഞങ്ങള്‍ വേര്‍പിരിയാത്ത കൂട്ടുകാരായി. സ്കൂളിലും, കളിസ്ഥലത്തും, പള്ളിയിലും, അമ്പലത്തിലും എല്ലാം ഞങ്ങള്‍ ഒരുമിച്ചായിരുന്നു. അവന്‍റെ ചേച്ചിയുടെ വിവാഹസദ്യക്ക് അമ്പലത്തിലെ ഊട്ടുപുരയില്‍ ഞങ്ങള്‍ ഒന്നിച്ചാണ് സദ്യ വിളമ്പിയത്. പക്ഷേ എന്നുമുതലാണ് ആ മതില്‍ ഉയര്‍ന്നു തുടങ്ങിയത്? പിന്നീടിന്നോളം ചാടിക്കടക്കാനാവാത്തവിധം തങ്ങള്‍ക്കിടയിലൂടെ അറിയാതെ പൊങ്ങി ഇരുവര്‍ക്കുമിടയിലെ കാഴ്ച മറച്ചത്?
കാലക്രമേണ വിദ്യ തേടി, പിന്നെ ജോലി തേടി നാടുവിട്ടപ്പോളും അവന്‍ എന്‍റെയുള്ളിലെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. ചന്ദ്രന് മിലിട്രി ഇന്റെര്‍വ്യൂകള്‍ ആവേശമായിരുന്നു. ആവശ്യത്തിലും കായികഷമത ഉണ്ടായിട്ടും അവനതു വിദൂരമായ സ്വപ്നമായി അവശേഷിച്ചു.പിന്നെ ജീവിക്കാനായി ചുമട്ടു തൊഴിലാളിയായി, രക്തതിലലിഞ്ഞുചേര്‍ന്ന പ്രത്യേയശാസ്ത്രങ്ങളാല്‍ വളര്‍ന്നു ട്രേഡ് യൂനിയന്‍ നേതാവായി. കാലം വഴിതെറ്റിയപ്പോളും, കുട്ടനാടന്‍ പാടശേഘരങ്ങളില്‍ നിന്ന് തൊഴിലാളികള്‍ അപ്രത്യക്ഷമായപ്പോഴും, കൂടെനിന്നവര്‍ നോക്കുകൂലിയാല്‍ വിയര്‍പ്പറിയാത്ത അന്നം ആസ്വദിച്ചപ്പോളും അവര്‍ക്കിടയില്‍ വേറിട്ടുനിന്നു തലയുയര്‍ത്തിപ്പിടിച്ച് അവന്‍ കറകളഞ്ഞ കമ്യുണിസ്റ്റായി. ആദ്യമായി വിദേശത്തുനിന്നും നാട്ടിലെത്തിയപ്പോള്‍ അവനായി കരുതിവച്ചിരുന്നവയൊന്നും നല്‍കുവാന്‍ കവലയിലെ കോളാമ്പി മൈക്കില്‍ നിന്നും ഉയര്‍ന്നുകേട്ട അവന്‍റെ പ്രസംഗം തന്നെ അനുവദിച്ചില്ല. ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുരവും മനസ്സില്‍ പഴങ്കഥപോലെ ചായക്കടക്കാരനും കര്‍ഷക മുതലാളിയും തെളിഞ്ഞു നിന്നു. അവരുടെ മക്കള്‍ ഒരുകാലത്ത് മിത്രങ്ങളായിരുന്നെന്നും, ഇപ്പോള്‍ വിരുദ്ധ ചേരിയില്‍ സന്ജരിക്കുന്നവരാണെന്നും, അവന്‍റെയുള്ളില്‍ ഇന്നു താന്‍ അപ്പനെപ്പോലെ ഒരു പെറ്റി ബൂര്‍ഷ മുതലാളിയാണെന്നതും തന്‍റെ തെറ്റിദ്ധാരണകള്‍ മാത്രമായിരുന്നോ? അല്ലെങ്കില്‍ എന്തുകൊണ്ടാണ് അവന്‍ തന്നെ ഗൌനിക്കാതെ നടന്നകന്നത്?
ചില നിമിഷങ്ങളില്‍ ഏകാന്തത അനുഗ്രഹമാകാറുണ്ട്. അതോ ഉള്ളു പൊള്ളയായ പുതിയ സ്വാര്‍ത്ഥ സൗഹൃദങ്ങളില്‍ തോന്നിയ നഷ്ടബോധാമോ എന്തോ പഴയ കൂട്ടുകാരനിലേക്ക് മനസ് ഓടിയെത്തിയതും ഈ അവധിക്ക് അവനെ കാണണമെന്നും അതിയായി ആഗ്രഹിച്ചതും. പക്ഷേ എല്ലാത്തവണെയുംപോലെ നാട്ടിലെത്തി ആദ്യ തിരക്കുകള്‍ തീര്‍ത്തു അവനിലേക്കൊടിയെത്താന്‍ താന്‍ വൈകിപ്പോയിരുന്നു. ജോലിയോടുള്ള ചന്ദ്രന്‍റെ ആത്മാര്‍ത്ഥത തനിക്ക് പണ്ടേ അറിവുള്ളതാണ്, അന്നും സംഭവിച്ചതതായിരിക്കാം. കൊയ്ത്തുകാലങ്ങളിലെ നെല്‍ ചുമടെടുപ്പില്‍ ത്രാസില്‍ 100 കിലോ തൂങ്ങുന്ന "കിന്‍റെല്‍" ചാക്കുകള്‍ കണ്ടു പകച്ച് മറ്റു തൊഴിലാളികള്‍ മാറിനില്‍ക്കുമ്പോള്‍, വെല്ലുവിളിച്ചുഅതെല്ലാം തലയിലേറ്റുന്ന അവനെ "കിന്‍റെല്‍ ചന്ദ്രന്‍" എന്നാണ് വിളിച്ചിരുന്നത്. അന്ന് സായാഹ്നം എണ്ണത്തില്‍ കൂടുതല്‍ ചുമടെടുത്ത്, ജോലി തീര്‍ത്ത്, പുഴയില്‍ കുളിച്ച്, ഇളം കാറ്റുകൊണ്ടു കല്‍ക്കെട്ടില്‍ കിടന്നുറങ്ങിയ അവന്‍ പിന്നീടുണര്‍ന്നില്ല. ആരോ പറഞ്ഞു വീട്ടില്‍നിന്നും ഞാന്‍ ഓടിയെത്തുമ്പോള്‍ അവനെ വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തിയിരിക്കുകയായിരുന്നു. വായില്‍നിന്നും ചോര വാര്‍ന്നിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും ആളുകള്‍ അടക്കം പറയുന്നത് ഞാന്‍ കേട്ടു. ആറുമാസം പ്രായമായ ഒരു കുഞ്ഞ് ആരുടേയോ കയ്യിലിരുന്നു എന്നെനോക്കി ചിരിക്കുമ്പോള്‍ അത് ചന്ദ്രന്‍റെ മകനാണെന്ന് ഒരാള്‍ തന്‍റെ ചെവിയില്‍ പിറുപിത്തു. അധികനേരം അവിടെ നില്‍ക്കാന്‍ കഴിയാതെ തിരിഞ്ഞുനടക്കുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ മിന്നിമറഞ്ഞു.
ഇന്നും പുഴയരികില്‍ നില്‍ക്കുമ്പോള്‍.........സ്കൂള്‍ വഴില്‍ കുട്ടികളെ കാണുമ്പോള്‍.........ആത്മാര്‍ത്ഥതയില്ലാത്ത പോയ്മുഖങ്ങള്‍ കാണുമ്പോള്‍...........അവനെന്‍റെ തോളില്‍ ഒന്നു കയ്യിട്ട് കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് വെറുതെ ആശിച്ചുപോകുന്നു.
******
