27.12.11

മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ എവിടെയാണ്?

മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ എവിടെയാണ്? പുതിയ സിദ്ധാന്തവും പ്രത്യേയശാസ്ത്രങ്ങളും ഉള്ളില്‍ ഉടലെടുത്ത, നിങ്ങള്‍ ജീവിച്ചിരുന്ന ആ കാലഘട്ടത്തിലെത്തിനില്‍ക്കുകയാണ് ഇന്നു ഞങ്ങള്‍. റഷ്യയില്‍ നിങ്ങളുടെ പുതു തലമുറ മുറവിളി തുടങ്ങിക്കഴിഞ്ഞു. ലോകമെമ്പാടും യുവാക്കളുടെ ചോരതിളച്ചു മറിയുകയാണ്. ഞങ്ങള്‍ക്ക് കൂട്ടായി എന്തിനും വൃദ്ധരും കുട്ടികളും അമ്മമാരും സഹോദരിമാരും തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.


ലോകത്തെങ്ങും വിദ്യാസമ്പന്നരും അല്ലാത്തവരും ഇന്നു തൊഴിലില്ലായ്മയും പട്ടിണിയും നാളെയെക്കുറിച്ചുള്ള ഉത്ഘണ്ടയും കൊണ്ട് വലയുകയാണ്. എല്ലാ രാജ്യത്തും ജനങ്ങള്‍ ഒരേ പോലെ ചിന്തിക്കുന്ന ഈ അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടുണ്ടോ? പുച്ചിച്ചു തള്ളി, നിങ്ങളുടെ വാക്കുകള്‍ക്ക്കാതു മന്ദീഭവിപ്പിച്ചു നിന്നിരുന്ന ഒരു ജനതയുടെ യുവ രക്തം ഇന്നു നിങ്ങളിലെയ്ക്കു തന്നെ മടങ്ങിപ്പോകുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ഒരുങ്ങിയിറങ്ങിയ ലക്ഷക്കണക്കിന് ആള്‍ക്കൂട്ടം ഇപ്പോളും അമേരിക്കയുടെ ഏതു കോണിലും നിങ്ങളുടെ ഒരു വിളിക്കായി കാതോര്‍ത്തിരിക്കുന്നു.


ഞങ്ങള്‍ 700 കോടി ആളുകള്‍  ഇന്നു ഈ ഭൂമിക്ക് ഭാരമായി നിലകൊള്ളുമ്പോഴും ലോകത്തെ ആകെ സമ്പത്തിന്‍റെ പകുതിയില്‍ അധികവും നിങ്ങളെ പടിയടച്ചുപിണ്ഡംവച്ച  മുതലാളി വര്‍ഗത്തിന്‍റെ പുതിയ പതിപ്പായ കോര്‍പറേറ്റ് ഭീമന്മാരില്‍ 300 പേര്‍ മാത്രം കയ്യടക്കി വച്ചിരിക്കുന്നു. ബാക്കി 699.997 കോടി മനുഷ്യരില്‍ തുച്ഛം പേര്‍ സമ്പത്സമൃദ്ധിയില്‍ കഴിയുമ്പോഴും, പല നാടുകളിലായി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ ഞങ്ങളെപ്പോലെ അനേകം മനസ്സുകള്‍ അലകടല്‍ പോലെ പ്രക്ഷുബ്ധമായി നില്‍ക്കുന്നു. ഞങ്ങളുടെയുള്ളില്‍ ഇന്നു ചെറു ഓളങ്ങള്‍ ഉടലെടുത്തിരിക്കുന്നു. ഒരുപാടോളങ്ങള്‍ ഒന്നായിച്ചേര്‍ന്ന് അത് ഒരുതിരയായി, പിന്നെ വലിയൊരലയായി  മദ്ധ്യപൂര്‍വേഷ്യന്‍, ആഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ കാലാകാലങ്ങളായി നിലയുറപ്പിച്ചു നിന്നിരുന്ന വന്മരങ്ങളെ  കടപുഴക്കിയെറിഞ്ഞു. എങ്കിലും ഇന്നു നയിക്കാന്‍ ഞങ്ങളോടോപ്പമോ ഞങ്ങള്‍ക്ക് ചുറ്റുമോ നിങ്ങളെപ്പോലെ അറിവും ആത്മാര്‍ഥതയുള്ള ഒരു നേതാവിനെ കാണുവാന്‍ കഴിയുന്നില്ല.


ഭാവിയെക്കുറിച്ചു ആശങ്ക മാത്രം കൈമുതലായുള്ള ചോരത്തിളപ്പുള്ള യുവാക്കളെ, ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞ ബാഹ്യശക്തികളുടെ ഓശാരം പറ്റിയ നേതാക്കള്‍ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ഞങ്ങള്‍ക്കറിവില്ല. തേനും പാലും ഒഴുകിക്കൊണ്ടിരുന്ന, പൌരാണികതയുടെ ചരിത്രസ്മാരകങ്ങള്‍ തലയുയര്‍ത്തിനിന്നിരുന്ന ഒരു നാടിനെ പോര്‍വിമാനങ്ങള്‍ "അഗ്നിയും ഗന്ധകവും" വര്‍ഷിച്ചു വെണ്ണിരാക്കി മാറ്റി. കുരുക്ഷേത്രയുദ്ധത്തിനു ശേഷം അവശേഷിച്ച പോര്‍ക്കളം പോലെ ഒരു കാലത്ത് പേര്‍ഷ്യ എന്ന് ഞങ്ങള്‍  ഓര്‍മയില്‍ താലോലിച്ച നാമത്തെ നാമാവശേഷമാക്കാന്‍ ഇന്നും അവര്‍ക്ക് വ്യഗ്രതയാണ്. ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്നതിന് കാരണക്കാരില്‍ ഞാന്‍ ഉള്‍പ്പെടെ ജനനിബിഡമായ ഇന്ത്യാ മഹാരാജ്യമാണെന്ന് കുറ്റം ചാര്‍ത്തുന്ന, ലോക പോലിസിന്‍റെ തലവന്‍മ്മാര്‍ എന്തേ ധൃതരാഷ്ട്രര്‍ പോലെ സ്വപുത്ര(സ്വജന) സ്നേഹത്താല്‍ അന്ധരായി? അമേരിക്കയുടെ കാര്‍ഷിക കമ്പോളങ്ങള്‍ അധിക വിളവെടുപ്പിനാല്‍ നിറഞ്ഞു കവിയുമ്പോള്‍, ഉത്‌പന്നങ്ങളുടെ വിലയിടിഞ്ഞു തങ്ങളുടെ കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍നിന്നു പിന്തിരിയാതിരിക്കുവാന്‍ നല്ലവിലക്ക് ഏറ്റെടുത്തു ധാന്യം നിറഞ്ഞ കണ്ടയിനെര്‍  ആഴക്കടലില്‍ തള്ളുമ്പോള്‍, വിശന്നു മരിക്കുന്ന ആഫ്രിക്കയിലേയും സോമാലിയയിലെയും അനേകായിരം പട്ടിണിപ്പാവങ്ങളെ മറന്നു പോകുന്നതെന്തേ?


ഇന്ത്യയില്‍ ഭരണകൂടും താങ്ങിനിര്‍ത്തുന്നവര്‍ പെട്രോളിന്‍റെ വില കുട്ടിയുടെ കയ്യില്‍ കാല്‍കുലേറ്റര്‍ എന്നപോലെ, പൊതുജനത്തിനെ എല്ലാ ജീവിത മേഖലയിലും അമര്‍ത്തി കളിക്കുമ്പോള്‍ അവിടെ ആയുധനിര്മാന രാജാക്കന്മാരുടെ പ്രേരണയാല്‍ ഇല്ലാത്ത യുദ്ധം ഉണ്ടാക്കി,  കടത്താല്‍  നാടുമുടിച്ച്, ഞങ്ങള്‍ തൊഴില്ചെയ്തിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി, ഇനി എന്ത് ചെയ്യണമെന്നറിയാതെ ഉഴറി നില്‍ക്കുന്നു. ഒരു കാലത്ത് "കമ്മ്യൂണിസം" എന്ന വാക്കേ ഞങ്ങള്‍ക്ക് ആരോചകമായിരുന്നു. മാര്‍ക്സ്‌, ലെനിന്‍ നിങ്ങള്‍ വെറും കൂലിത്തോഴിലാളികളുടെ വക്കാലത്തുകാരായിരുന്നു. എന്തിന് ഞാന്‍ ജീവിച്ചുവളര്‍ന്ന കുട്ടനാട്ടില്‍ പോലും ഞങ്ങള്‍ കര്‍ഷക മുതലാളിമാര്‍ക്ക് നിങ്ങളുടെ ആളുകള്‍ ഒരു തലവേദനയായിരുന്നു. അന്യായ കൂലിക്കായി വാശിപിടിച്ചിരുന്നവരെയൊന്നും ഇന്നു ഞാന്‍ എല്ലായിടത്തും "അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല." അവരൊക്കെ എവിടെപ്പോയി മറഞ്ഞു? അതോ എന്നെപ്പോലെ വൈറ്റ് കോളര്‍ ജോലിക്കാരായി ഇന്നു തൊഴിലില്ലാതെ നില്‍ക്കുന്നുണ്ടാവുമോ?


ഇന്നു ഞാന്‍ ഉള്‍പ്പെട്ട സാധാരണക്കാരായ ആ 99 ശതമാനവും തിരിച്ചറിയുന്നു വരുന്ന ദശ-ശതാബ്ദങ്ങള്‍ പട്ടിണികൂടാതെ നിലനിന്നു പോകണമെങ്കില്‍ റഷ്യയില്‍ നിന്നുടെലെടുത്ത ആ ആവേശത്തിലൂടെയെ സാധ്യമാകൂ എന്ന്. ഞങ്ങള്‍ക്ക് ചുറ്റും ഇന്ന് "കമ്മ്യൂണിസ്ടുകാര്‍"  എന്ന് പറഞ്ഞു നടക്കുന്നവരെയൊന്നും എ.കെ.ജി ക്കും, ഇ. എം എസിനും, ഇ.കെ നായനാര്‍ക്കും ശേഷം ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. എല്ലാവനും ഉള്ളിലെ മുതലാളിത്തത്തിന് കൊടിപിടിക്കുന്ന വ്യാജ വിപ്ലവകാരികള്‍! അവരുടെയിടയിലും പുത്രസ്നേഹത്താല്‍ അന്ധരായ ധൃതരാഷ്ട്രര്‍മാര്‍. അവിടെയുമിവിടെയും അഴിമെതിക്കെതിരെ സംഘടിക്കൂ എന്ന് മുറവിളികൂട്ടി പലരും ആഹ്വാനങ്ങള്‍ നടത്തുന്നു. എന്തിനുമൊരുമ്പിട്ടു ഗതിമുട്ടി നില്‍ക്കുന്ന ഞങ്ങള്‍ ഒരുപാടുപേര്‍ ഇവിടെ സോഷ്യല്‍ മീഡിയയിലോ ദ്രിശ്യ പത്ര മാധ്യമങ്ങളിലോ ഒരു ചെറു ഓളം അനങ്ങുന്നത് നോക്കിയിരിക്കുന്നു. ഒരു തിരയായി അലകടലായി മാറുവാന്‍ ഞങ്ങള്‍ക്ക് വെറും നിമിഷങ്ങള്‍ മതി.


പക്ഷേ....... മുന്‍കാല അനുഭവങ്ങള്‍ ഞങ്ങളെ ചിന്തിപ്പിക്കുന്നു.
ഇന്ന് ആരെ വിശ്വസിക്കും? അവരുടെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ സംശയിക്കുന്നു. അപ്പോഴാണ് ഞങ്ങള്‍ നിങ്ങളെയോര്‍ത്തത്! ഒരു ജനതയെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയ ആ ചിന്താശക്തിയെ, ആത്മാര്‍ത്ഥമായ ആഹ്വാനങ്ങളെ! രക്തരഹിത വിപ്ലവങ്ങളെ!
എന്നിലെ വൈറ്റ്‌ കോളര്‍ ഈഗോ എന്നേ നിലംപൊത്തിയിരിക്കുന്നു. ഇന്നു ഞാന്‍ സഹപ്രവര്‍ത്തകനെ കാണുന്നു. അയല്‍ക്കാരനെ പറ്റി ചിന്തിക്കുന്നു. അവന്‍റെ കുഞ്ഞുങ്ങള്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത് വേദനിക്കുന്നു. എന്നെപ്പോലെ ചിന്തിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍  ഇന്ത്യാ മഹാരാജ്യത്തും ലോകമെമ്പാടും ഇന്നുണ്ട്. ഞങ്ങളെ നയിക്കാന്‍, പ്രചോദനം നല്‍കാന്‍ കഴിവുറ്റവര്‍ ആരുമില്ല. അന്ന് നിങ്ങള്‍ പാടുപെട്ടു പടുത്തുയര്‍ത്തിയ "പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും" പുനസൃഷ്ടിക്കാന്‍ മുന്പത്തേതിലും വളക്കൂറുള്ള മണ്ണാണ് ഇന്നുള്ളത്. ഒരുകാലത്ത് അറപ്പുകൊണ്ട് കാര്‍ക്കിച്ചുതുപ്പിയ ആ നാവുകൊണ്ട് തന്നെ ഞാന്‍ വിളിക്കുന്നു.
പ്രിയപ്പെട്ട മാര്‍ക്സ്‌, ലെനിന്‍........... ...മടങ്ങിവരൂ.............. 
      -----------------------------------------------------------


ഇത്രയും പ്രസംഗിച്ചു നിര്‍ത്തി വീണ്ടും തുടങ്ങാന്‍ ഒരു കാരണമുണ്ട്. പറഞ്ഞതത്രെയും ആത്മാര്‍ഥതയില്ലാത്ത ഭരണകര്‍ത്താക്കളെയും ദുരൂഹ ലക്ഷ്യമുള്ള നേതാക്കളെക്കുറിച്ചും കുറിച്ചാകയാല്‍ എതെഴുതിയവന്‍റെ ഉള്ളിലിരുപ്പിനെപ്പറ്റിയും നിങ്ങള്‍ക്ക് തെല്ലു സംശയം തോന്നാം. ഉള്ളത് പറഞ്ഞാല്‍ ഞാന്‍ ഒരു കുട്ടിസഖാവോ, ആലവിട്ടോ വഴിതെറ്റിയോ ഓടിയ കുഞ്ഞാടോ അല്ല. പുതിയതായി രാഷ്ട്രിയ പാര്ടിയുണ്ടാക്കാന്‍ യാതോരു ദുരുദ്ദേശവുമില്ല. പിന്നെ?.....
 ഇന്നു സാധാരണക്കാരന്‌ ഒരു തുണ്ട് ഭൂമി വാങ്ങാന്‍ എങ്ങനെ സാധിക്കും? ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എത്ര വലുതാണ്‌? ആവശ്യത്തിലധികം വിദ്യാഭ്യാസവും മറ്റുള്ളവനെക്കാള്‍ പരിശ്രമവും കഴിവും ഉണ്ടായിട്ടും ഇന്നു താങ്ങള്‍ എവിടെയെത്തിനില്‍ക്കുന്നു? ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ പൂര്‍ണ്ണ തൃപ്തനാണോ? ബന്ധങ്ങളും ജീവിച്ചു വളര്‍ന്ന ചുറ്റുപാടും  മതവിശ്വാസവും അതിലേറെ ഭയവും ചിലത് ചോദിക്കാനും പ്രവര്‍ത്തിക്കാനും താങ്ങളെ വിലക്കുന്നില്ലേ?... എങ്കില്‍ ഉള്ളിലുള്ളത് എഴുതിയെങ്കിലും തീര്‍ക്കൂ ..........കുറഞ്ഞപക്ഷം  ഒരു കമന്റ്‌ ആയെങ്കിലും.

15.12.11

യുറീക്കാ! (a+b+c) = അതിമോഹിയായ ദിനേശന്‍



എത്രയൊക്കെ ആലോചിച്ചിട്ടും കറങ്ങിത്തിരിഞ്ഞ് ചിന്തയുടെ കുന്തമുന എന്നിലേയ്ക്കുതന്നെ തിരിഞ്ഞു നില്‍ക്കുന്നു. ഒന്നുകില്‍ എനിക്ക് എന്തോ കുഴപ്പമുണ്ട്. അല്ലെങ്കില്‍ ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഞാന്‍ കണ്ടെത്തിക്കഴിഞ്ഞു.പത്രത്തിലെന്നും മനസിനെ കുഴപ്പത്തിലാക്കുന്ന ഒരു വിഷയമുണ്ടാവും.


ഇന്നിതാ ശബരിമല സന്നിധാനത്ത് അനുവാദമില്ലാതെ കയറി വാര്ത്തകളില്‍ സ്ഥാനംപിടിച്ച ഒരു ചെറുപ്പക്കാരന്‍.. അതിലെന്തു കുന്തമിരിക്കുന്നു ഇത്ര കണ്‍ഫ്യൂഷന്‍ ആകാന്‍?


റിയാലിറ്റി ഷോകളിലോ, സംവാങ്ങള്‍ക്കിടയിലോ ഉയര്‍‍ന്നുകണ്ട ‍ ഒത്തിരി തലകള്‍ക്കിടയില്‍ ഒന്നായേ എനിക്കാമുഖം ഓര്‍മ്മയുള്ളുവേങ്കിലും, സ്കാനിംഗ്‌ മിഷീനില്‍ കടത്തിവിട്ട ബോഡിപോലെ കണ്ണുകള്‍ ഒന്നു അയാളില്‍ ചൂഴ്ന്നിറങ്ങിയപ്പോള്‍ വെള്ളത്തില്‍ പ്രതിബിംബം പോലെ ഉള്ളില്‍ എന്നെക്കണ്ടു.കൂട്ടത്തില്‍ ഒരേ മനസ്സുള്ള, എങ്ങനെയും നാലാള്‍ക്കു മുന്‍പില്‍ ഒന്നറിയപ്പെടാന്‍ കൊതിയുള്ള ഒരുപാടുപേര്‍!. പ്രശസ്തനാകും വരെ അതിമോഹമെന്നു  തന്നെ വിളിക്കാം. അതിനപ്പുറം അതിനെ ആഗ്രഹമോ, അടങ്ങാത്ത അഭിനിവേശമോ ആയി ആളുകള്‍ വിലയിരുത്തിക്കൊള്ളും. വിവേകമുന്ടെന്നഭിമാനിക്കുന്നവന്‍, ഭൂലോകത്തുള്ള എത്നു വിഷയത്തെയും പറ്റി അഭിപ്രായം പറയുന്നവന്‍, എന്നിട്ടും ഇതു യാദൃശ്ചികമായി സംഭവിച്ചുവെന്ന് വിശ്വസിക്കത്തക്ക ബുദ്ധിശൂന്യത എനിക്കുണ്ട് എന്ന് തോന്നുന്നില്ല. ഇത്രനാള്‍ അണിഞ്ഞിരുന്ന ബുദ്ധിജീവി പരിവേഷം കൊണ്ടു കിട്ടാത്ത പേര് ഒറ്റദിവസംകൊണ്ട്, ഒരേയൊരു വിവാദം കൊണ്ട്  നേടിയെടുക്കുക അത് ഇന്നിന്റെ ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു. എങ്ങനെ എളുപ്പത്തില്‍ പ്രശസ്തനാകാം? കൈമുതലായി യാതൊരു ഭൂതകാലവും പറയാ നില്ലങ്കിലോ? ഓര്‍മയില്‍ തെളിഞ്ഞു വരുന്നത് കുറച്ചു ദിവസം മുന്‍പ് ഡിസ്കഷന്‍ കോളത്തില്‍ ഒരു സുഹൃത്ത് ഉന്നയിച്ച ചോദ്യമാണ്. കാടുകയറിയ മനസ് പുതിയ സമവാക്ക്യങ്ങള്‍ തേടുകയാണ്.അല്ലെങ്കില്‍ അതിന്പുതിയൊരു നിര്‍വചനം കണ്ടെത്തുകയാണ്.



"ഇന്നുവരെ ആരും സഞ്ചരിക്കാത്ത വഴിയിലൂടൊക്കെ ഞാന്‍ സഞ്ചരിച്ചെന്നു വരാം, ഒരു ഭ്രാന്തനെപ്പോലെ". പേടിക്കേണ്ട.


ചോദ്യത്തിന്റെ പൊരുള്‍ ഇതാണ്. ബഹുപൂരിപക്ഷം പേരും സ്വന്തം ബ്ലോഗില്‍ തങ്ങളെ പറ്റി കുറിച്ചിരിക്കുന്നത് വളരെ നെഗറ്റിവ് ആയാണ്. വഷളന്‍ , കുരുത്തംകെട്ടവന്‍, വിവരമില്ലാത്തവന്‍ എന്നുവേണ്ട തന്നെക്കാള്‍ തലതെറിച്ച വേറൊരാള്‍ ഇല്ല എന്നമട്ടില്‍! അതെന്താ അങ്ങനെ"?
ചോദ്യം ശരിയാണ്. എന്നാല്‍ അന്ന് ഉത്തരമറിയാതെ ഉപേക്ഷിച്ചെങ്കിലും ഇന്ന് ഞാന്‍ പറയുന്നു മുകല്പറഞ്ഞ ചെറുപ്പക്കാരന്,‍ ഇതു ആസൂത്രണം ചെയ്ത നിമിഷം മുതലെയുള്ള അയാളുടെ മനസാണ് ഞാന്‍ ഉള്‍പെടെയുള്ള പ്രസ്തുത  ബഹുപൂരിപക്ഷം കുരുത്തം കേട്ടവന്മാര്‍ക്കും. മനസിലായില്ലേ? വിശദീകരിക്കാം. മൂന്നു വഴികളെയുള്ളൂ ഒന്നുമല്ലാത്തവന് സ്വയം അവരോധിക്കാന്‍.
(a) എല്ലാംതികഞ്ഞവന്‍ എന്നു ഭാവിച്ച്
(b) സ്വാഭാവികമായി ഒരു വെച്ചുകെട്ടുമില്ലാതെ നേരെചൊവ്വെ
(c) സ്വയം പരിഹാസ്യനായി അവതരിക്കുക. (ബഹുഭൂരിപക്ഷത്തെപോലെ)


a) എല്ലാംതികഞ്ഞവന്‍ എന്നു ഭാവിച്ച്
ആമുഖം നല്‍കാന്‍ ചരിത്രമുന്ടെങ്കില്‍, ഉയത്തിക്കട്ടാന്‍ ഫലകങ്ങലോ, ഉന്നത ബിരുടങ്ങാലോ ഉണ്ടെങ്കില്‍. അച്ഛന്റെ ചിതയില്‍നിന്നും കാറ്റില്‍ പറന്നടുത്ത ഒരു നുള്ള്  വെണ്ണീറില്‍  അവശേഷിച്ച വാസന എന്നെ തലോടി കടന്നുപോയി. ഇതാ ഞാന്‍ ഒരു സംഭവമായി ഇന്ന് നിങ്ങാള്‍ക്ക് മുന്‍പില്‍ എന്ന് പറഞ്ഞു രംഗപ്രവേശം ചെയ്യാമായിരുന്നു. പ്രിഥ്വിരാജ് സുകുമാരനെ പോലെ! എന്നിട്ടും കേരളം മൊത്തം അവനെ അഹങ്കാരത്തിനു കയ്യുംകാലും വച്ചവന്‍ എന്ന് വിളിക്കുന്നു. എങ്കില്‍ ഒരു ബ്ലോഗന്‍ അങ്ങനെ അവതരിച്ചാല്‍ അവന്‍റെ പരിപ്പ് നമ്മളെടുക്കൂലെ? മലയാളിയുടെ വായില്‍ നിന്നും നല്ലതുകെള്‍ക്കാന്‍ ബരാക്ക്‌ ഒബാമ പോലും കൊതിക്കുന്നുണ്ടാവും!
(b) സ്വാഭാവികമായി ഒരു വെച്ചുകെട്ടുമില്ലാതെ നേരെചൊവ്വെ
യാതൊന്നും കൊട്ടിഘോഷിക്കാതെ നന്‍മ മാത്രം പറഞ്ഞ മുഹമ്മദ്‌ നബിയെയും, യേശുക്രിസ്തു വിനെ പോലും ആദിമ സമൂഹം പുരികം ചുളിച്ചു നോക്കി. അധിക്ഷേപിച്ചു.അവര്‍ക്കറിയാവുന്ന അപ്പനും അമ്മയുമുള്ളവന്‍, മരപപണിക്കാരന്‍, വെറും സാധാരണക്കാരന്‍. അവര്‍ക്കൊന്നും തത്വജ്ഞാനവും നല്ലതും പ്രസങ്ങിക്കാന്‍ അവകാശമുണ്ടോ? ഇന്നു ഇതു പറയാന്‍ അവകാശം ഇന്നു അനുവദിച്ചുകൊടുത്തിരിക്കുന്നത് അധ്യാപകനോ, മത പണ്ഡിതനോ ആണ്. അത് അവരുടെ കടമയാണ്. ഒരു ബ്ലോഗന്‍ വല്ലോം പറഞ്ഞാല്‍......?? ആലോചിക്കാന്‍ കൂടി വയ്യ.
(c) സ്വയം പരിഹാസ്യനായി അവതരിക്കുക. (ബഹുഭൂരിപക്ഷത്തെപോലെ
മലപോലെ വന്നു എലിപോലെ  മടങ്ങാതിരിക്കാന്‍, ഉച്ചിമണ്ഡലത്തില്‍ വല്ലതുമൊക്കെ ഉള്ളവനാനെന്കില്‍, ഒരു മുന്‍കൂര്‍ ജാമ്യം എടുത്തു എലിയായി വന്നു മലയുമായി പോകാന്‍ പറ്റിയേക്കും. ആദ്യം ഉം..മോശമില്ല, പിന്നെ കൊള്ളം....അവസാനം കലക്കി എന്ന് മലയാളിയെകൊണ്ട് പറയിപ്പിച്ചു മടങ്ങാം.


ഇതൊക്കെ തിരഞ്ഞെടുത്തു ബുദ്ധിമുട്ടാതെ എങ്ങുനിന്നോ പൊട്ടിവീണ ഒരു ഉല്ക്കപോലെ അങ്ങ് അവതരിച്ചാ ലോ? ഭൂതവും ഭാവിയും വര്‍ത്തമാനവും ആരും നോക്കില്ല. ചാരിത്ര്യവും ചരിത്രവും നോക്കില്ല. അതാണ്‌ ഇത്തിരി കുരുട്ടുബുദ്ധിയുള്ളവന്‍ വിവാദങ്ങളെ കൂട്ടുപിടിക്കുന്നത്, ഒരു "പെര്‍ഫെക്റ്റ്‌ ലോന്ചിങ്ങിനായി" അതായത് അവസരോചിതമായ രംഗപ്രവേശം! ബാബാരാംദേവിനെ പോലെ മറ്റുപലരെയും പോലെ നാളെ രാ ഹുല്‍ ഈശ്വര്‍ ഒരു സംഭാവമാകുമോ എന്ന് കാത്തിരുന്നു കാണാം. അയാളുടെ ലക്‌ഷ്യം എന്തുമാകട്ടെ.
 തന്ത്രിക്ക് മാന്ത്രിയാവാണോ? മന്ത്രിക്കു മഹാകവിയാകണോ? അതോ നാടക നടനാകണോ? ആയിക്കോ...ആരുചോദിക്കാന്‍? ഇവിടെ കഷ്ടപ്പെട്ട്‌ സമവാക്യം കണ്ടുപിടിക്കാന്‍ എന്നെപോലെ പണിയില്ലാത്തവര്‍ ഒരുപാടുണ്ട്.
ചുരുക്കത്തില്‍ കയ്യിലിരുപ്പും ഉള്ളിളിരുപ്പും കൊണ്ട്‌,


a+b+c = അഹങ്കാരി+നന്മനിറഞ്ഞവന്‍+കുരുത്തംകെട്ടവന്‍=++അതിമോഹിയായ ദിനേശന്‍

ie. = ബ്ലോഗന്‍  = രാഹുല്‍ ഈശ്വരിനെ പോലുള്ളവര്‍.


വല്ലോം മനസിലായോ? ഇല്ലേല്‍ വിട്ടുകള. തെറിപറഞ്ഞെന്നെ നാറ്റിക്കരുത്.




  
Related Posts Plugin for WordPress, Blogger...