27.12.11

മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ എവിടെയാണ്?

മാര്‍ക്സ്, ലെനിന്‍ നിങ്ങള്‍ എവിടെയാണ്? പുതിയ സിദ്ധാന്തവും പ്രത്യേയശാസ്ത്രങ്ങളും ഉള്ളില്‍ ഉടലെടുത്ത, നിങ്ങള്‍ ജീവിച്ചിരുന്ന ആ കാലഘട്ടത്തിലെത്തിനില്‍ക്കുകയാണ് ഇന്നു ഞങ്ങള്‍. റഷ്യയില്‍ നിങ്ങളുടെ പുതു തലമുറ മുറവിളി തുടങ്ങിക്കഴിഞ്ഞു. ലോകമെമ്പാടും യുവാക്കളുടെ ചോരതിളച്ചു മറിയുകയാണ്. ഞങ്ങള്‍ക്ക് കൂട്ടായി എന്തിനും വൃദ്ധരും കുട്ടികളും അമ്മമാരും സഹോദരിമാരും തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.


ലോകത്തെങ്ങും വിദ്യാസമ്പന്നരും അല്ലാത്തവരും ഇന്നു തൊഴിലില്ലായ്മയും പട്ടിണിയും നാളെയെക്കുറിച്ചുള്ള ഉത്ഘണ്ടയും കൊണ്ട് വലയുകയാണ്. എല്ലാ രാജ്യത്തും ജനങ്ങള്‍ ഒരേ പോലെ ചിന്തിക്കുന്ന ഈ അവസ്ഥ ഇതിനുമുന്‍പ് ഉണ്ടായിട്ടുണ്ടോ? പുച്ചിച്ചു തള്ളി, നിങ്ങളുടെ വാക്കുകള്‍ക്ക്കാതു മന്ദീഭവിപ്പിച്ചു നിന്നിരുന്ന ഒരു ജനതയുടെ യുവ രക്തം ഇന്നു നിങ്ങളിലെയ്ക്കു തന്നെ മടങ്ങിപ്പോകുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കാന്‍ ഒരുങ്ങിയിറങ്ങിയ ലക്ഷക്കണക്കിന് ആള്‍ക്കൂട്ടം ഇപ്പോളും അമേരിക്കയുടെ ഏതു കോണിലും നിങ്ങളുടെ ഒരു വിളിക്കായി കാതോര്‍ത്തിരിക്കുന്നു.


ഞങ്ങള്‍ 700 കോടി ആളുകള്‍  ഇന്നു ഈ ഭൂമിക്ക് ഭാരമായി നിലകൊള്ളുമ്പോഴും ലോകത്തെ ആകെ സമ്പത്തിന്‍റെ പകുതിയില്‍ അധികവും നിങ്ങളെ പടിയടച്ചുപിണ്ഡംവച്ച  മുതലാളി വര്‍ഗത്തിന്‍റെ പുതിയ പതിപ്പായ കോര്‍പറേറ്റ് ഭീമന്മാരില്‍ 300 പേര്‍ മാത്രം കയ്യടക്കി വച്ചിരിക്കുന്നു. ബാക്കി 699.997 കോടി മനുഷ്യരില്‍ തുച്ഛം പേര്‍ സമ്പത്സമൃദ്ധിയില്‍ കഴിയുമ്പോഴും, പല നാടുകളിലായി എങ്ങനെ ജീവിതം മുന്നോട്ടു കൊണ്ടുപോകുമെന്നറിയാതെ ഞങ്ങളെപ്പോലെ അനേകം മനസ്സുകള്‍ അലകടല്‍ പോലെ പ്രക്ഷുബ്ധമായി നില്‍ക്കുന്നു. ഞങ്ങളുടെയുള്ളില്‍ ഇന്നു ചെറു ഓളങ്ങള്‍ ഉടലെടുത്തിരിക്കുന്നു. ഒരുപാടോളങ്ങള്‍ ഒന്നായിച്ചേര്‍ന്ന് അത് ഒരുതിരയായി, പിന്നെ വലിയൊരലയായി  മദ്ധ്യപൂര്‍വേഷ്യന്‍, ആഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ കാലാകാലങ്ങളായി നിലയുറപ്പിച്ചു നിന്നിരുന്ന വന്മരങ്ങളെ  കടപുഴക്കിയെറിഞ്ഞു. എങ്കിലും ഇന്നു നയിക്കാന്‍ ഞങ്ങളോടോപ്പമോ ഞങ്ങള്‍ക്ക് ചുറ്റുമോ നിങ്ങളെപ്പോലെ അറിവും ആത്മാര്‍ഥതയുള്ള ഒരു നേതാവിനെ കാണുവാന്‍ കഴിയുന്നില്ല.


ഭാവിയെക്കുറിച്ചു ആശങ്ക മാത്രം കൈമുതലായുള്ള ചോരത്തിളപ്പുള്ള യുവാക്കളെ, ഭരണകൂടങ്ങളെ തകര്‍ത്തെറിഞ്ഞ ബാഹ്യശക്തികളുടെ ഓശാരം പറ്റിയ നേതാക്കള്‍ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ഞങ്ങള്‍ക്കറിവില്ല. തേനും പാലും ഒഴുകിക്കൊണ്ടിരുന്ന, പൌരാണികതയുടെ ചരിത്രസ്മാരകങ്ങള്‍ തലയുയര്‍ത്തിനിന്നിരുന്ന ഒരു നാടിനെ പോര്‍വിമാനങ്ങള്‍ "അഗ്നിയും ഗന്ധകവും" വര്‍ഷിച്ചു വെണ്ണിരാക്കി മാറ്റി. കുരുക്ഷേത്രയുദ്ധത്തിനു ശേഷം അവശേഷിച്ച പോര്‍ക്കളം പോലെ ഒരു കാലത്ത് പേര്‍ഷ്യ എന്ന് ഞങ്ങള്‍  ഓര്‍മയില്‍ താലോലിച്ച നാമത്തെ നാമാവശേഷമാക്കാന്‍ ഇന്നും അവര്‍ക്ക് വ്യഗ്രതയാണ്. ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുന്നതിന് കാരണക്കാരില്‍ ഞാന്‍ ഉള്‍പ്പെടെ ജനനിബിഡമായ ഇന്ത്യാ മഹാരാജ്യമാണെന്ന് കുറ്റം ചാര്‍ത്തുന്ന, ലോക പോലിസിന്‍റെ തലവന്‍മ്മാര്‍ എന്തേ ധൃതരാഷ്ട്രര്‍ പോലെ സ്വപുത്ര(സ്വജന) സ്നേഹത്താല്‍ അന്ധരായി? അമേരിക്കയുടെ കാര്‍ഷിക കമ്പോളങ്ങള്‍ അധിക വിളവെടുപ്പിനാല്‍ നിറഞ്ഞു കവിയുമ്പോള്‍, ഉത്‌പന്നങ്ങളുടെ വിലയിടിഞ്ഞു തങ്ങളുടെ കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍നിന്നു പിന്തിരിയാതിരിക്കുവാന്‍ നല്ലവിലക്ക് ഏറ്റെടുത്തു ധാന്യം നിറഞ്ഞ കണ്ടയിനെര്‍  ആഴക്കടലില്‍ തള്ളുമ്പോള്‍, വിശന്നു മരിക്കുന്ന ആഫ്രിക്കയിലേയും സോമാലിയയിലെയും അനേകായിരം പട്ടിണിപ്പാവങ്ങളെ മറന്നു പോകുന്നതെന്തേ?


ഇന്ത്യയില്‍ ഭരണകൂടും താങ്ങിനിര്‍ത്തുന്നവര്‍ പെട്രോളിന്‍റെ വില കുട്ടിയുടെ കയ്യില്‍ കാല്‍കുലേറ്റര്‍ എന്നപോലെ, പൊതുജനത്തിനെ എല്ലാ ജീവിത മേഖലയിലും അമര്‍ത്തി കളിക്കുമ്പോള്‍ അവിടെ ആയുധനിര്മാന രാജാക്കന്മാരുടെ പ്രേരണയാല്‍ ഇല്ലാത്ത യുദ്ധം ഉണ്ടാക്കി,  കടത്താല്‍  നാടുമുടിച്ച്, ഞങ്ങള്‍ തൊഴില്ചെയ്തിരുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി, ഇനി എന്ത് ചെയ്യണമെന്നറിയാതെ ഉഴറി നില്‍ക്കുന്നു. ഒരു കാലത്ത് "കമ്മ്യൂണിസം" എന്ന വാക്കേ ഞങ്ങള്‍ക്ക് ആരോചകമായിരുന്നു. മാര്‍ക്സ്‌, ലെനിന്‍ നിങ്ങള്‍ വെറും കൂലിത്തോഴിലാളികളുടെ വക്കാലത്തുകാരായിരുന്നു. എന്തിന് ഞാന്‍ ജീവിച്ചുവളര്‍ന്ന കുട്ടനാട്ടില്‍ പോലും ഞങ്ങള്‍ കര്‍ഷക മുതലാളിമാര്‍ക്ക് നിങ്ങളുടെ ആളുകള്‍ ഒരു തലവേദനയായിരുന്നു. അന്യായ കൂലിക്കായി വാശിപിടിച്ചിരുന്നവരെയൊന്നും ഇന്നു ഞാന്‍ എല്ലായിടത്തും "അന്വേഷിച്ചിട്ടും കണ്ടെത്തിയില്ല." അവരൊക്കെ എവിടെപ്പോയി മറഞ്ഞു? അതോ എന്നെപ്പോലെ വൈറ്റ് കോളര്‍ ജോലിക്കാരായി ഇന്നു തൊഴിലില്ലാതെ നില്‍ക്കുന്നുണ്ടാവുമോ?


ഇന്നു ഞാന്‍ ഉള്‍പ്പെട്ട സാധാരണക്കാരായ ആ 99 ശതമാനവും തിരിച്ചറിയുന്നു വരുന്ന ദശ-ശതാബ്ദങ്ങള്‍ പട്ടിണികൂടാതെ നിലനിന്നു പോകണമെങ്കില്‍ റഷ്യയില്‍ നിന്നുടെലെടുത്ത ആ ആവേശത്തിലൂടെയെ സാധ്യമാകൂ എന്ന്. ഞങ്ങള്‍ക്ക് ചുറ്റും ഇന്ന് "കമ്മ്യൂണിസ്ടുകാര്‍"  എന്ന് പറഞ്ഞു നടക്കുന്നവരെയൊന്നും എ.കെ.ജി ക്കും, ഇ. എം എസിനും, ഇ.കെ നായനാര്‍ക്കും ശേഷം ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല. എല്ലാവനും ഉള്ളിലെ മുതലാളിത്തത്തിന് കൊടിപിടിക്കുന്ന വ്യാജ വിപ്ലവകാരികള്‍! അവരുടെയിടയിലും പുത്രസ്നേഹത്താല്‍ അന്ധരായ ധൃതരാഷ്ട്രര്‍മാര്‍. അവിടെയുമിവിടെയും അഴിമെതിക്കെതിരെ സംഘടിക്കൂ എന്ന് മുറവിളികൂട്ടി പലരും ആഹ്വാനങ്ങള്‍ നടത്തുന്നു. എന്തിനുമൊരുമ്പിട്ടു ഗതിമുട്ടി നില്‍ക്കുന്ന ഞങ്ങള്‍ ഒരുപാടുപേര്‍ ഇവിടെ സോഷ്യല്‍ മീഡിയയിലോ ദ്രിശ്യ പത്ര മാധ്യമങ്ങളിലോ ഒരു ചെറു ഓളം അനങ്ങുന്നത് നോക്കിയിരിക്കുന്നു. ഒരു തിരയായി അലകടലായി മാറുവാന്‍ ഞങ്ങള്‍ക്ക് വെറും നിമിഷങ്ങള്‍ മതി.


പക്ഷേ....... മുന്‍കാല അനുഭവങ്ങള്‍ ഞങ്ങളെ ചിന്തിപ്പിക്കുന്നു.
ഇന്ന് ആരെ വിശ്വസിക്കും? അവരുടെ ഉദ്ദേശശുദ്ധിയെ ഞങ്ങള്‍ സംശയിക്കുന്നു. അപ്പോഴാണ് ഞങ്ങള്‍ നിങ്ങളെയോര്‍ത്തത്! ഒരു ജനതയെ മുഴുവന്‍ ആവേശത്തിലാഴ്ത്തിയ ആ ചിന്താശക്തിയെ, ആത്മാര്‍ത്ഥമായ ആഹ്വാനങ്ങളെ! രക്തരഹിത വിപ്ലവങ്ങളെ!
എന്നിലെ വൈറ്റ്‌ കോളര്‍ ഈഗോ എന്നേ നിലംപൊത്തിയിരിക്കുന്നു. ഇന്നു ഞാന്‍ സഹപ്രവര്‍ത്തകനെ കാണുന്നു. അയല്‍ക്കാരനെ പറ്റി ചിന്തിക്കുന്നു. അവന്‍റെ കുഞ്ഞുങ്ങള്‍ എങ്ങനെ ജീവിക്കും എന്നോര്‍ത്ത് വേദനിക്കുന്നു. എന്നെപ്പോലെ ചിന്തിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍  ഇന്ത്യാ മഹാരാജ്യത്തും ലോകമെമ്പാടും ഇന്നുണ്ട്. ഞങ്ങളെ നയിക്കാന്‍, പ്രചോദനം നല്‍കാന്‍ കഴിവുറ്റവര്‍ ആരുമില്ല. അന്ന് നിങ്ങള്‍ പാടുപെട്ടു പടുത്തുയര്‍ത്തിയ "പുതിയ ആകാശത്തെയും പുതിയ ഭൂമിയെയും" പുനസൃഷ്ടിക്കാന്‍ മുന്പത്തേതിലും വളക്കൂറുള്ള മണ്ണാണ് ഇന്നുള്ളത്. ഒരുകാലത്ത് അറപ്പുകൊണ്ട് കാര്‍ക്കിച്ചുതുപ്പിയ ആ നാവുകൊണ്ട് തന്നെ ഞാന്‍ വിളിക്കുന്നു.
പ്രിയപ്പെട്ട മാര്‍ക്സ്‌, ലെനിന്‍........... ...മടങ്ങിവരൂ.............. 
      -----------------------------------------------------------


ഇത്രയും പ്രസംഗിച്ചു നിര്‍ത്തി വീണ്ടും തുടങ്ങാന്‍ ഒരു കാരണമുണ്ട്. പറഞ്ഞതത്രെയും ആത്മാര്‍ഥതയില്ലാത്ത ഭരണകര്‍ത്താക്കളെയും ദുരൂഹ ലക്ഷ്യമുള്ള നേതാക്കളെക്കുറിച്ചും കുറിച്ചാകയാല്‍ എതെഴുതിയവന്‍റെ ഉള്ളിലിരുപ്പിനെപ്പറ്റിയും നിങ്ങള്‍ക്ക് തെല്ലു സംശയം തോന്നാം. ഉള്ളത് പറഞ്ഞാല്‍ ഞാന്‍ ഒരു കുട്ടിസഖാവോ, ആലവിട്ടോ വഴിതെറ്റിയോ ഓടിയ കുഞ്ഞാടോ അല്ല. പുതിയതായി രാഷ്ട്രിയ പാര്ടിയുണ്ടാക്കാന്‍ യാതോരു ദുരുദ്ദേശവുമില്ല. പിന്നെ?.....
 ഇന്നു സാധാരണക്കാരന്‌ ഒരു തുണ്ട് ഭൂമി വാങ്ങാന്‍ എങ്ങനെ സാധിക്കും? ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എത്ര വലുതാണ്‌? ആവശ്യത്തിലധികം വിദ്യാഭ്യാസവും മറ്റുള്ളവനെക്കാള്‍ പരിശ്രമവും കഴിവും ഉണ്ടായിട്ടും ഇന്നു താങ്ങള്‍ എവിടെയെത്തിനില്‍ക്കുന്നു? ഇന്നത്തെ സാമൂഹിക വ്യവസ്ഥിതിയില്‍ പൂര്‍ണ്ണ തൃപ്തനാണോ? ബന്ധങ്ങളും ജീവിച്ചു വളര്‍ന്ന ചുറ്റുപാടും  മതവിശ്വാസവും അതിലേറെ ഭയവും ചിലത് ചോദിക്കാനും പ്രവര്‍ത്തിക്കാനും താങ്ങളെ വിലക്കുന്നില്ലേ?... എങ്കില്‍ ഉള്ളിലുള്ളത് എഴുതിയെങ്കിലും തീര്‍ക്കൂ ..........കുറഞ്ഞപക്ഷം  ഒരു കമന്റ്‌ ആയെങ്കിലും.

18 comments:

 1. കാലം ചോദിക്കുന്ന ചോദ്യങ്ങൾ..

  ReplyDelete
 2. പഠനം പൂർണ്ണമായിട്ടില്ല.
  അവരുടെ മക്കളൊക്കെ അമേരിക്കയിലാ, തിരിച്ചുവരാണെങ്കിൽ അവരവിടെയാ ഉണ്ടാവൂ...

  ReplyDelete
 3. വായിച്ചു മാഷേ.... എന്ത് പറയണമെന്നറിയില്ല...

  :)

  ആശംസകള്‍....

  ReplyDelete
 4. ആശങ്കയില്‍ ഒഴുകി ഒലിച്ച അക്ഷരങ്ങള്‍ ......ഇഷ്ടപ്പെട്ടു .....നമുക്കെല്ലാം
  നഷ്ടപെടാന്‍ പോകുന്നു .......:( എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി.

  ReplyDelete
 5. ശക്തമായ ഒരു ലേഖനം അണയാതെ കത്തട്ടെ ഈ വിപ്ലവത്തിന്‍ ദീപ ശിഖ

  ReplyDelete
 6. മാര്‍ക്സും, ലെനിനും മറ്റും അവരുടെ കാലത്ത് ഉത്തരവാദിത്തോടെ ജീവിച്ചവരാണ്. ആകാലമല്ല ഇത്. ഇവിടെ ചോദ്യം നാം നമ്മുടെ കാലത്തോട് നീതിപുര്‍ത്തുന്നുണ്ടോ എന്നതാണ്. നാം എല്ലാം മാര്‍ക്സിന്റേയും, ലെനിന്റേയും തലയില്‍ വെച്ച് രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ അവരും ചൂഷണ വ്യവസ്ഥയായി മാറും. രക്ഷകന്‍ എന്നൊരാള്‍ ഇല്ല. കാലത്തിനോട് ഉത്തരവാദിത്തം കാണിക്കുക. എല്ലാം അറിയുക.

  ReplyDelete
 7. @ജഗദീഷ്‌,
  നമ്മളൊക്കെ കാലത്തിനൊത്ത് മാറുന്നില്ലേ? ഈ വിലാപങ്ങളൊക്കെ നടത്തുമ്പോഴും താന്താങ്ങളുടെ ജീവിതസാഹചര്യത്തിനൊത്ത് മറ്റുള്ളവര്‍ക്ക് ഒപ്പമെത്താന്‍ പെടാപ്പാട് പെടുകയല്ലേ? എന്നിട്ടും ഒരു സാധാരണക്കാരന്‌ എന്ത് ചെയ്യാന്‍ പറ്റുന്നു? ലോകമെമ്പാടുമുള്ള യുവാക്കള്‍ രോക്ഷാകുലരായി തെരുവിലിറങ്ങിയത് സഹികെട്ടിട്ടല്ലേ? വസ്തുനിഷ്ടമായ ഒരു വിശകലനം മാത്രുഭുമിയില്‍ വന്നതിന്‍റെ ലിങ്ക് ഞാന്‍ അറ്റാച്ച് ചെയ്തത് ശ്രദ്ധിച്ചു കാണുമല്ലോ? അല്ലേ, ഏതായാലും വായിച്ച് പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. വീണ്ടും കാണാം.

  ReplyDelete
 8. മാര്‍ക്സും, ലെനിനും ഒന്നും കാലത്തിനനുസസിച്ച് മാറുകയല്ല ചെയ്തത്. കാലത്തോടുള്ള അവരുടെ കടമ നിറവേറ്റുകയാണ് ചെയ്തത്. അതാണ് നമ്മളും ചെയ്യേണ്ടത്.
  യുവാക്കള്‍ രോക്ഷാകുലരായിട്ടോ വിപ്ലവം നടത്തിയിട്ടോ ഒന്നും ഒരു കാര്യവുമില്ല. മുഴുവന്‍ കാര്യങ്ങളിലുമുള്ള തിരിച്ചറിവ്, ബോധപൂര്‍വ്വമുള്ള ജീവിതം ഇത് മാത്രമാണ് പരിഹാരം.

  മാത്രുഭുമി ലേഖനം വസ്തു നിഷ്ടമല്ല. സമയം കിട്ടുകയാണെങ്കില്‍ വിശദമായി എഴുതാം.

  ReplyDelete
 9. എന്ത് ചെയ്തും താഴെയുള്ളവനെ ചവിട്ടി അരച്ചായാലും മുകളില്‍ ഉള്ളവനോപ്പമെത്താന്‍ മറ്റൊന്നും ചിന്തിക്കാതെ പാച്ചില്‍ തന്നെ...പ്രതീക്ഷകള്‍ ഒന്നും മുന്നില്‍ കാണാതെ അല്ലെങ്കില്‍ കാണാന്‍ സമയം പോലും ഇല്ലാതെ കുതിക്കുന്നവര്‍...
  അതിനിടയില്‍ ഇത്തരം ചിന്തകള്‍ ഒരു പക്ഷെ നാളെയുടെ പുലരികളില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അതില്‍ നിന്നും ഉരുത്തിരിയുന്ന ആശയങ്ങള്‍ ഒരാശ്വാസമായേക്കാം.

  ReplyDelete
 10. കുമാര്‍ജി,റാംജി,
  വളരെയധികം സന്തോഷമുണ്ട്.
  ഇവിടെ വന്നു ഇതു വായിച്ച്ചതുതന്നെ സന്തോഷം.നന്ദി

  ലോകത്തെവിടെയായാലും ചില രോദനങ്ങള്‍ കേട്ടില്ല എന്ന് നടിക്കാന്‍ നമുക്കാവുന്നില്ല. തെറ്റും ശരിയും ഓരോരുത്തരുടെ കാഴ്ചപ്പാടിലും വ്യത്യസ്തമായിരുന്നാലും നഷ്ടപ്പെടുന്നവന്റെയും വേദനിക്കുന്നവേന്റെയും കൂടെനില്‍ക്കാനാണ് എനിക്കിഷ്ടം.

  കൊമ്പന്‍, കധു,
  തുടക്കംമുതലേനിങ്ങള്‍ നല്‍കുന്ന പ്രോത്സാഹനം എനിക്ക് വലിയ മൈലേജ് ആണ് നല്‍കുന്നത്. എന്‍റെ സ്നേഹവും ഒപ്പം നന്ദിയും.

  ബെന്ജാലി, ജഗദീഷ്‌,ഇത്തിരി വലിയ മയില്‍പീലി,

  നന്ദി ഈ എനിക്കുവേണ്ടി അല്പം സമയം നീക്കിവച്ചതിന്.

  ReplyDelete
 11. ഞാനും പ്രതീക്ഷയോടെ കാതോര്‍ക്കുന്നു.. കാരണം, we belongs to that 99 %...

  ReplyDelete
 12. മാര്‍ക്സും ലെനിന്നുമൊക്കെ കാലഹരണപ്പെട്ട പുണ്യാളന്‍മാരാണ്.പശു ചത്തു.മൊരിന്റെ പുലിയും പോയി.

  ReplyDelete
 13. "എ.കെ.ജി ക്കും, ഇ. എം എസിനും, ഇ.കെ നായനാര്‍ക്കും ശേഷം ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല"-ഈ മൂന്നുപേരില്‍ ഞാന്‍ എ.കെ.ജി.യെ മാത്രമേ വിശ്വസിച്ചിട്ടുള്ളൂ.

  ReplyDelete
 14. "ലോകത്തെ ഇന്ന് ബാധിച്ചിരിക്കുന്ന പണപ്രതിസന്ധിയുടെയും പരിഭ്രാന്തിയുടെയും പ്രതിഷേധങ്ങളുടെയും മറ്റു തിന്മകളുടെയും മലവെള്ള പാച്ചിലിനെ മനസിലാക്കാന്‍ പാടുപെടുന്ന നയ നിര്‍മാതാക്കള്‍ , പണ്ടേ മരിച്ചുപോയ ഒരു സാമ്പത്തിക ശാസ്ത്രന്ജന്റെ കൃതികള്‍ മനസ്സിരുത്തി പഠിക്കണം . കാറല്‍ മാര്‍ക്സ്‌ എന്നാണു അദേഹത്തിന്‍റെ പേര്. വടക്കന്‍ ലണ്ടനിലെ സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മാക്സിന്‍റെ ആത്മാവ് ധന പ്രതിസന്തിയുടെയും സാമ്പത്തിക മാന്ദ്യത്തിന്‍റെയും പശ്ചാത്തലത്തില്‍ കുഴിമാടം വിട്ടു ഉയിരതെഴുനെല്‍ക്കുകയാണ് . . . "
  ഇന്ന് ലോകം തിരിച്ചറിയാന്‍ തുടങ്ങുന്നേയുള്ളൂ " മാര്‍ക്സാണ് ശരി, സോഷ്യലിസമാണ് മോചന മാര്‍ഗം"

  മാര്‍ക്സും ലെനിനും ചെയ്യാനുള്ളത് എന്നേ ചെയ്തു കഴിഞ്ഞു. ഇനി ആ പാത പിന്തുടരേണ്ടത് നമ്മളാണ്..
  വാചക കസര്‍ത്തിലൂടെ മാത്രം പോരെന്നു മാത്രം. . .

  ReplyDelete
 15. @വെട്ടത്താന്‍,
  പശു ചത്തു മോരിന്റെ പുലി പോയി, ആദ്യം ഇട്ട ഇത്തിരി ഉറയുടെ ബാക്കി മതി വീണ്ടും തൈരും മോരുമുണ്ടാക്കാന്‍.

  @ശങ്കരനാരായണന്‍,
  ആ പറഞ്ഞതില്‍ കഴമ്പില്ലാതില്ല കേട്ടോ :)

  @സക്കീന,
  @ പത്രക്കാരന്‍,

  എന്ത് ചെയ്യാന്‍!
  പട്ടിണിയും തൊഴിലില്ലായ്മയും അതിന്റെ രൂക്ഷതയില്‍ അനുഭവിക്കുമ്പോള്‍ മാത്രമേ നമ്മുടെ യുവാക്കള്‍ക്ക് ബുദ്ധി ഉറയ്യ്ക്കൂ. അല്ലാതെ തെരുവിലിറങ്ങുന്നവന് ഭാന്താണ് എന്ന് ആളുകള്‍ പറയും! കൂടെ ആളുകൂടണമെങ്കില്‍ കുടിക്കാന്‍ മദ്യവും കഴിക്കാന്‍ ബിരിയാണിയും, പോക്കറ്റില്‍ ഒരു ഗാന്ധിയും മതിയാവുമോ ഇന്ന്‍?

  ReplyDelete
 16. പ്രസക്തമായ ലേഖനം, ഉണരാന്‍ സമയ മായിരിക്കുന്നു, ഒരു നല്ല നേതാവിനെ കിട്ടുന്നതുവരെ ഒന്നൂടെ ഉറങ്ങട്ടെ. ....

  699.997 കോടി ...വിഷയം ഇതല്ലാത്തത് കൊണ്ട് കണക്കിലെ തെറ്റുകള്‍ കാര്യമാക്കണ്ട, .....മമ്മൂട്ടിയുടെ ഒരേ കടല്‍ എന്ന സിനിമയില്‍ ഇത് പോലെ ഒരു കണക്കു ഉണ്ട്, തൊഴില്‍ ഇല്ലാത്ത 60 കോടി ജനങ്ങള്‍, അതിലെ 20 % പേര് വിവാഹിതര്‍, അങ്ങനെയുള്ള 120 ലക്ഷം ജനങ്ങളെ കുറിച്ചാണ് ഞാന്‍ ഓര്‍ത്തത്‌ ...കണക്കു എല്ലാവര്ക്കും വീക്കാ.. ഞാന്‍ അതില്‍ മൊട്ടയാ..

  ReplyDelete
 17. ശ്രീ.വെട്ടത്താന്റെ അഭിപ്രായത്തോടു യോജിക്കുന്നു. കമ്യൂണിസം എന്ന യൂറോപ്യന്‍ ഭൂതം ഈറ്റില്ലം വിട്ടിറങ്ങി, കുടിയേറിയ ബംഗാളില്‍ നിന്നും ദാരിദ്ര്യമെന്ന മനുഷ്യനിര്‍മ്മിത രോഗം ബാധിച്ച മനുഷ്യച്ചരക്ക് തീവണ്ടി കയറിവന്ന് ഇങ്ങു കൊച്ചു മലയാളത്തില്‍ നിന്നും ഇരതേടുന്നു. സുഭിക്ഷമായിത്തന്നെ. ഇവിടെയും കമ്മ്യൂണിസമായിരുന്നു. നല്ല വിപണന തന്ത്രമറിയാമായിരുന്ന മലയാളിക്കമ്മ്യൂണിസ്റ്റുകള്‍ അതങ്ങു ഭംഗിയായി ചെയ്തതിന്റെ ഫലമായി ഇന്ന് proletariatic Dectatorship സാദ്ധ്യമായി. നിങ്ങളുടെ ചുമടെടുക്കുന്നതിന് ചുമട്ടുകാരന്‍ പറയുന്ന കൂലി. നിങ്ങള്‍ക്കു കട്ടില്‍ പണിയുന്നതിന് ആശാരി പറയുന്ന കൂലി. നിങ്ങള്‍ക്കു വീടു പണിയുന്നതിന് മേസനും കൈയാളും പറയുന്ന കൂലി. കമ്മ്യൂണിസ്റ്റ് മാന്യുഫാക്ച്ചറേഴ്‌സ് അതല്ലേ ഉദ്ദേശിച്ചത്? അതു നടപ്പായില്ലേ? മിനിമം ഇങ്ങു ദൈവത്തിന്റെ നാട്ടിലെങ്കിലും? പിന്നെ... കോര്‍പ്പറേറ്റ് തുടങ്ങിയ ബീഭത്സ സാമ്പത്തികാര്‍ബുദ പ്രതിഭാസങ്ങള്‍.... അത് ഉല്‍ക്കകള്‍ പോലെ എല്ലാക്കാലത്തും മനുഷ്യസംസ്‌കാരത്തിന്റെ ആകാശങ്ങളില്‍ ഏതെങ്കിലും രൂപത്തില്‍ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്ന ഉല്‍ക്കകളാണ്. അവയ്‌ക്കൊടുക്കമില്ല.
  സ്‌നേഹപൂര്‍വ്വം,
  poomkaatu.blogspot.in ല്‍ നിന്നും തോമസ് പി.കൊടിയന്‍

  ReplyDelete
 18. hi very good,karunyaanilayam33.blogspot.com

  ReplyDelete

Related Posts Plugin for WordPress, Blogger...