8.12.13

പത്രപ്രവര്‍ത്തകന്റെ ചൂണ്ടുവിരല്‍

നഗരത്തിന്റെ ആരവങ്ങള്‍ അകന്നുപോയൊരു തീവണ്ടിയുടെ ഇരമ്പല്‍ പോലെ ഇരുട്ടിനൊപ്പം അലിഞ്ഞില്ലാതായിക്കൊണ്ടിരുന്നു. നാഴികകള്‍ക്കിടയിലെവിടെയോ ശബ്ദം നഷ്ടപ്പെട്ടൊരു ചരിത്രാവശേഷിപ്പായ ക്ലോക്ക് ടവറിലെ സൂചിക പന്ത്രണ്ടില്‍ നിന്നും തെന്നിമാറി. ആളൊഴിഞ്ഞ നിരത്തിന്റെ ഓരം ചേര്‍ന്ന്, സ്ട്രീറ്റ്ലൈറ്റ് വെളിച്ചത്തില്‍നിന്നും അകന്ന് മോഹന്‍ദാസ് നടന്നു. 
ഓരോ കാലടികളിലും അയാളുടെ ഉള്ള് കിടന്നു പിടച്ചു. പകലിന്‍റെ പൊടിപടലങ്ങളെ ശൈത്യകാല മഞ്ഞുതുള്ളികള്‍ ശാന്തരാക്കിയിരുന്നു. എന്നാല്‍ തണുപ്പിനു തടയിടാന്‍ അണിഞ്ഞ മേല്‍ക്കുപ്പായത്തിനുള്ളില്‍ അയാള്‍ നന്നേ വിയര്‍ത്തു. ജാക്കറ്റിനുള്ളില്‍ രഹസ്യമായി തിരുകിവെച്ച ഒരുകെട്ട്‌ പേപ്പറുകള്‍ നെഞ്ചോട് അടുക്കിപ്പിടിച്ചു. പ്രാണനേക്കാള്‍ വിലയുള്ള പേപ്പറുകള്‍! അതയാളുടെ ഉറക്കം കെടുത്തിയിട്ട്‌ നാളേറെയായി.

തിരക്കൊഴിഞ്ഞ ഫുട്പാത്ത്. തണല്‍ മരങ്ങളില്‍ മുഖമുരുമി ഉറക്കം തൂങ്ങുന്ന പശുക്കള്‍. ഷട്ടറുകള്‍ വീണ കട തിണ്ണകളില്‍ മൂടിപ്പുതച്ച് കിടക്കുന്ന യാചകര്‍. ഇടനാഴികളില്‍ ഇരുട്ടിന്‍റെ മറപറ്റി വില പേശുന്ന വേശ്യകള്‍ അപ്രത്യക്ഷരായിരിക്കുന്നു. അവരെ ആവശ്യക്കാര്‍ കൊണ്ടുപോയിരിക്കണം. തട്ടുകടകളില്‍ നിന്നുമാത്രം ചില തട്ടും മുട്ടും കേള്‍ക്കാം. നടപ്പിനു വേഗമേറുമ്പോഴും ഇടക്കിടെ മോഹന്‍ദാസ് തിരിഞ്ഞും തലചെരിഞ്ഞും നോക്കും. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ? ഇല്ല. ലക്‌ഷ്യം പാര്‍ക്ക് അവന്യൂ റോഡ്‌, സ്ട്രീറ്റ് നമ്പര്‍ 33, മിറക്കിള്‍ ടവര്‍, ഫ്ലാറ്റ് നമ്പര്‍- 1013. ഇന്നലെ നാഷണല്‍ ആര്‍ട്ട് ഗാലറിയില്‍ വെച്ചാണ് ഗോപിനാഥമേനോനെ സുഹൃത്ത് ജോണ്‍ പരിചയപ്പെടുത്തിയത്. പേരുകേട്ട പത്രത്തിന്‍റെ ചീഫ് എഡിറ്റര്‍ നാട്ടുകാരനാണ് എന്നറിഞ്ഞത് അപ്പോള്‍ മാത്രമാണ്.

മിറക്കിള്‍ ടവര്‍ പേരുപോലെ വശ്യമാണ്. ലോബിയിലെ കൃത്രിമ വെള്ളച്ചാട്ടത്തിന്‍റെ ഈണവും ലൈറ്റിങ്ങിന്റെ ആംബിയന്സും ആദ്യ നോട്ടത്തിലേ ആരെയും പിടിച്ചു വലിക്കും. ലിഫ്ട്ടിനായി കാത്തുനില്‍ക്കുന്ന അല്‍പനേരംകൊണ്ട് ആ സമുച്ചയത്തിന്‍റെ ആഡംബരം അയാള്‍ വായിച്ചെടുത്തു.  


"ഹലോ..മോഹന്‍, കമോണ്‍ ഇന്‍. പുറത്ത് നല്ല മഞ്ഞുണ്ട് അല്ലേ?"

പത്താം നിലയില്‍ നമ്പര്‍ 1013 ന്‍റെ വാതില്‍ തുറന്ന് ഔപചാരികതകള്‍ ഒന്നുമില്ലാതെ മേനോന്‍ അകത്തേയ്ക്ക് കൈപിടിച്ചു കയറ്റി. മഴയ്ക്ക് മുന്നേ ഓടി നനയാതെ കൂടണഞ്ഞവനെ പോലെ മോഹന്‍ദാസിന് ആശ്വാസം തോന്നി. 

ആതിഥേയന്റെ അടുക്കും ചിട്ടയും വെളിപ്പെടും വിധം മനോഹരമായി ഫര്‍ണിഷ് ചെയ്ത ഫ്ലാറ്റ്. ചുവര്‍ നിറഞ്ഞ ബുക്ക് ഷെല്‍ഫ്. ഒതുങ്ങിയ കോണില്‍ റൈറ്റിംഗ് ടേബിള്‍. ലിവിംഗ് റൂമിലെ ഒറ്റ ഷാന്റ്റ്ലിയര്‍ വെളിച്ചത്തിലും അകത്തളങ്ങളുടെ പ്രൌഡി വെളിപ്പെട്ടു.

"ഇന്നലെ ആ ബഹളത്തിനിടയില്‍ നിന്നു സംസാരിക്കെണ്ടതല്ല ഇത്തരം കാര്യങ്ങള്‍. അതാണ്‌ ഇവിടെയ്ക്ക് ക്ഷണിച്ചത്. ഇന്നും വളരെ തിരക്കുള്ള ദിവസമായിരുന്നു. ഞാന്‍ എത്തിയിട്ട് അധിക നേരമായില്ല. 
എനിവേ....ആ മാനുസ്ക്രിപ്റ്റ്സ് കയ്യിലുണ്ടോ?"

മോഹന്‍ദാസ്‌ ജാക്കറ്റിനുള്ളില്‍ നിന്നും പ്ലാസിക് കവറില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഫയല്‍ പുറത്തെടുത്തു. ഗോപിനാഥമേനോന്‍ ജിജ്ഞാസയോടെ അതിലെ താളുകളിലൂടെ കണ്ണോടിച്ചു. മുന്‍പിലിരിക്കുന്ന അതിഥിയെ വിസ്മരിച്ച് വായനയില്‍ ആഴ്ന്നുപോയ അല്‍പനേരത്തിനോടുവില്‍ മേനോന്‍ സോഫയില്‍ നിന്നും പിടഞ്ഞെണീറ്റു.

"ഓഹ്...ഐ അം റിയലി സോറി..ഞാന്‍ മറന്നു".
അയാള്‍ തിടുക്കത്തില്‍ അകത്തേയ്ക്ക് പോയി ചെറിയൊരു ട്രോളിയും നിരക്കിക്കൊണ്ട് തരികെ വന്നു.ക്രിസ്ടല്‍ ഗ്ലാസുകളിലേയ്ക്ക് ആകര്‍ഷകമായ കുപ്പിയില്‍ നിന്നും മദ്യം പകര്‍ന്നു. സമ്മതം ചോദിക്കാതെ തന്നെ അതിലൊന്ന് മോഹന്‍ദാസിനു നേരെ നീട്ടി.

"ടേക്ക് ഇറ്റ്‌. ദി ഗ്രേറ്റ് ഗ്ലെന്‍ഫിടിച്ച്...ഫിഫ്ടി ഇയര്സ് ഓള്‍ഡ്‌....
ഇത്തവണ ഐ.എഫ്.ജെ മീറ്റിന് ബ്രെസ്സല്‍സില്‍ പോയപ്പോള്‍ ഒരു വിദേശി സുഹൃത്ത് സമ്മാനിച്ചതാ."

ആ സമയത്ത് താന്‍ ഏറ്റവും ആഗ്രഹിച്ചിരുന്നത് ഒരു സിഗരറ്റിന്റെയോ ലേശം വിസ്കിയുടെയോ ലഹരിയായിരുന്നല്ലോ എന്നോര്‍ത്ത് മോഹന്‍ദാസ്‌ അത്ഭുതപ്പെട്ടു. വെട്ടിത്തിളങ്ങുന്ന സ്പടിക ഗ്ലാസിനുള്ളില്‍ നിന്നും വമിക്കുന്ന വശ്യമായ ഗന്ധം. സ്വര്‍ണ്ണ നിറം. അത് സ്വീകരിക്കുവാന്‍  രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഔപചാരികതയുടെ കെട്ടുകള്‍ അഴിക്കുവാന്‍, അപരിചിതരെ അടുപ്പിക്കുവാന്‍ മദ്യത്തോളം പോന്നൊരു മരുന്നില്ല.

മേനോന്‍റെ കണ്ണുകള്‍ വീണ്ടും ഫയലിനുള്ളിലേയ്ക്ക് കൂപ്പുകുത്തി. അയാള്‍ക്ക് അഭിമുഖമായ സോഫയില്‍ പ്രണയിനിക്ക് ചുംബനങ്ങള്‍ എന്നപോലെ സിരകളെ  ചൂടുപിടിപ്പിക്കുന്ന ഗ്ലാസ് ചുണ്ടോട് ചേര്‍ത്ത് മോഹന്‍ ഇരുന്നു. ഒന്നാലോചിച്ചാല്‍ എന്തൊക്കെ വിസ്മയകരമായ സംഗതികളാണ് ചുറ്റും നടക്കുന്നത്. അറിയുന്നതും അറിയാത്തതുമായ എത്രയെത്രെ കാര്യങ്ങള്‍..! ചിലതില്‍ വിധിപോലെ നമ്മള്‍ ഭാഗഭാക്കാവുന്നു, സാക്ഷികളാകുന്നു. ഈ പത്രാധിപനു മുന്‍പില്‍ താനിരിക്കുന്നത് അതിന് ഉദാഹരണമല്ലേ..?

"മിസ്റ്റ്ര്‍ മോഹന്‍, ഇറ്റ്‌സ് റിയലി അണ്‍ബിലീവബില്‍! ഈ കയ്യെഴുത്ത് പ്രതി കാണുംവരെ എനിക്ക് വിശ്വാസമില്ലായിരുന്നു.
ഇത് ജെ.പി യുടെ കൈപ്പട തന്നെ. അയാളെ മരണത്തിലേയ്ക്ക് എത്തിച്ച കുറിപ്പുകള്‍...... 
 ജെ.പിയെ പോലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടത്തുന്നവരെ പലര്‍ക്കും ഭയമായിരുന്നു. പക്ഷേ സത്യത്തിന്റെ തൂലിക ഒരിക്കലും ചലനമറ്റു പോകുകയില്ല. ഈ കുറിപ്പുകള്‍ നിങ്ങളുടെ കൈയ്യില്‍ എത്തിപ്പെട്ടതും അതുകൊണ്ടാണ്. എനിക്ക് മനസിലാകാത്ത ഒരു കാര്യം ഈ ഫയല്‍ എന്തുകൊണ്ട് കൊലയാളി അത് ആസൂത്രണം ചെയ്തവര്‍ക്ക് നല്‍കിയില്ല എന്നതാണ്."


സര്‍, അതെക്കുറിച്ച് ഞാനും ആലോചിച്ചു. കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം പോലീസ് ധ്രുതഗതിയില്‍ ആരംഭിച്ചത് കൊണ്ട് അവര്‍ ഉദ്ദേശിച്ചത് പോലെ കാര്യങ്ങള്‍ നടന്നുകാണില്ല. അല്ലെങ്കില്‍ കൈമാറ്റം ചെയ്യാന്‍ തീരുമാനിച്ച ദിവസം തന്നെ അയാള്‍ പിടിക്കപ്പെട്ടതാവാം.

"ഒരു പക്ഷേ..ശരിയാവാം. ഇന്നലെ വിശദമായി ചോദിക്കാന്‍ കഴിഞ്ഞില്ല. അന്നേ ദിവസം താങ്കള്‍ തിരുപ്പതിയില്‍ ഇത്താന്‍ എന്താണ് കാരണം മോഹന്‍?"
കേള്‍ക്കുന്നതെല്ലാം അപ്പടി വിഴുങ്ങാനും ചര്‍ദ്ദിക്കാനും തയ്യാറാകാത്ത യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്റെ അന്വേഷണ ത്വര മേനോനില്‍ ഉണര്‍ന്നു. ഒഴിഞ്ഞ ഗ്ലാസ്സ് റീഫില്‍ ചെയ്ത് അയാള്‍ മോഹന്‍ദാസിനു നല്‍കി.

"ഒഫീഷ്യല്‍ മീറ്റിങ്ങിനായാണ്‌ ഞാന്‍ ചെന്നൈയ്ല്‍ എത്തിയത്. ഭാര്യയുടെ നേര്‍ച്ചയും മറ്റുമായി കുടുംബസമേതം ഒരു ട്രിപ്പ്‌ മുന്‍പേ പ്ലാന്‍ ചെയ്തിരുന്നതാണ്. പലകാരണങ്ങളാല്‍ ഒരുമിച്ചുള്ള യാത്ര മുടങ്ങി. എങ്കിലും തിരുപ്പതി സന്ദര്‍ശിച്ച് തിരികെപ്പോരാന്‍ ഉദ്ദേശിച്ചിരുന്നതിനാല്‍ ക്ഷേത്രത്തിനു സമീപമുള്ളോരു ഹോട്ടലില്‍ രാത്രി തങ്ങി. പിറ്റേന്ന് ബെഡ് കോഫിയുമായി മൂന്നാം നിലയുടെ ബാല്‍കണിയില്‍ നിന്ന് നിരത്തിലേക്ക് നോക്കി നില്‍ക്കുകയായിരുന്നു. വഴിയോരക്കച്ചവടക്കാരെയും ഭക്തജനങ്ങളെയും കൊണ്ട് വീഥികള്‍ സജീവമായിരുന്നു. കണ്ണുകള്‍ വൃദ്ധയായൊരു പൂക്കടക്കാരിക്ക് ചുറ്റുമുള ആള്‍ത്തിരക്കിനെ ചൂഴ്ന്നു നില്‍ക്കവേ ഒരു യുവാവ് തകരപ്പാളികള്‍ കൊണ്ട് മറച്ചിരിക്കുന്ന കടയുടെ ഇറയിലേക്ക് ഒരു കറുത്ത ബാഗ് തിരുകിക്കയറ്റുന്നത് ഞാന്‍ ശ്രദ്ധിച്ചു. അതിനുശേഷം അയാള്‍ വഴിവക്കിലെ ക്ഷുരകന്‍റെ മുന്‍പില്‍ തല മുണ്ഡനം ചെയ്യാന്‍ ഇരുന്നു. പെട്ടന്ന് എന്തോ ബഹളം കേട്ട് ഓടുന്നതും മൂന്നാല് പേര് അയാളെ പിന്തുടരുന്നതും കണ്ടു. തുടരെ വെടിയൊച്ചകള്‍! അയാള്‍ റോഡിലേക്ക് കമഴ്ന്നു വീണു. ആളുകള്‍ ചിതറിയോടി. എനിക്കൊന്നും മനസിലായില്ല. ഉച്ചവരെ പുറത്തിറങ്ങാതെ ഞാന്‍ മുറിയിലിരുന്നു. കുറെക്കഴിഞ്ഞപ്പോള്‍ ടി.വി യില്‍ ഫ്ലാഷ് ന്യൂസ് കണ്ടു. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജെ.പി യെ വെടിവെച്ചു കൊന്നയാള്‍ തിരുപ്പതി ക്ഷേത്രത്തിനു സമീപം പോലീസ് ഓപ്പറെഷനില്‍ കൊല്ലപ്പെട്ടുവെന്ന്! 

തകരപ്പാളിക്കിടയില്‍ അയാള്‍ തിരുകി വെച്ച ബാഗിനെപ്പറ്റി എനിക്കൊര്‍മ്മാവന്നു. നേരം ഇരുട്ടിയപ്പോള്‍ ഞാന്‍ പുറത്തിറങ്ങി. സ്ഥലം പരിശോധിച്ച് ബാഗ് കൈക്കലാക്കി. അതിലുള്ളില്‍ പേപ്പറുകള്‍ മാത്രം കണ്ട് നിരാശ തോന്നി. എങ്കിലും ഒന്നൊഴിയാതെ എല്ലാം വായിച്ചു. അതാര് എഴുതിയതാണെന്നും എന്താണെന്നും എനിക്കറിവില്ലായിരുന്നു. അന്നുമുതല്‍ ജെ.പി എന്ന ജേര്‍ണലിസ്റ്റിനെക്കുറിച്ച് അന്വേഷിച്ചു തുടങ്ങി. അറിയുന്തോറും എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. അയാളുടെ പഴയ പത്രകോളങ്ങള്‍ മുഴുവന്‍ തിരഞ്ഞു പിടിച്ചു വായിച്ചു. എന്തിന് കൊല്ലപ്പെട്ടുവെന്നും അതിനു കാരണക്കാര്‍ ആരാണെന്നും മനസിലായി. 
നാടിന്‍റെ പ്രകൃതി വിഭവങ്ങള്‍ മുഴുവന്‍ ചൂഷണം ചെയ്യുന്നവരും ഭരണ വര്‍ഗ്ഗവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട്.....ആ ഇവെസ്ടിഗേറ്റീവ് സീരീസിലെ ജെ.പിയുടെ രണ്ടേ രണ്ട് ലേഖനങ്ങള്‍ മാത്രം പുറത്തുവന്നതോടെ തീര്‍ത്തുകളഞ്ഞു!

ബട്ട്.... വാട്ട് ക്യാന്‍ ഐ ഡു? വാട്ട് എ കോമണ്‍ മാന്‍ ക്യാന്‍ ഡു?
അവശേഷിച്ച ഒരു കവിള്‍ വിസ്കി ഒറ്റ വലിക്ക് കുടിച്ച് ഗാസ്സ് മേശമേല്‍ ആഞ്ഞടിച്ച് അയാള്‍ വിറച്ചു. മേനോന്‍ നടുങ്ങി.


"റിലാക്സ്.... മാന്‍. ഐ കാന്‍ അണ്ടര്‍സ്ടാണ്ട് യുവര്‍ ഫീലിങ്ങ്സ്‌. ജെ.പിയുമായി അടുത്ത ബന്ധമുള്ള വളരെ ചുരുക്കം പേരില്‍ ഒരാളായിരുന്നു ഞാന്‍. ഈ പ്രൊജക്റ്റ്‌ ഉപേക്ഷിക്കുവാന്‍ അയാളോട് പലതവണ ഞാനും ഉപദേശിച്ചിരുന്നു."

എന്തിന് ഉപേക്ഷിക്കണം സര്‍, ഹി ഈസ്‌ എ റിയല്‍ ഹീറോ. അദ്ദേഹം കണ്ടെത്തിയ വസ്തുതകളൊക്കെ കൂട്ടി വെച്ച് ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചാലോ എന്നോരാശയം എനിക്കുണ്ടായിരുന്നു. പക്ഷേ പത്രത്തില്‍ അച്ചടിച്ചു വരുന്നതിന്‍റെ ആധികാരികത അതിനുണ്ടാവില്ല എന്ന് തോന്നിയതുകൊണ്ട് തത്കാലം വേണ്ടന്നു വെച്ചു. നിങ്ങളുടെ പത്രം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ തീര്‍ച്ചയായും ഞാനത് ചെയ്യും.

"യു ഡിഡ് ദി റൈറ്റ് തിംഗ്........ മിസ്ടര്‍ മോഹന്‍ദാസ്..."
ഗോപിനാഥമേനോന്‍ അയാളുടെ ചുമലില്‍ തട്ടിക്കൊണ്ടു പറഞ്ഞു.


രഹസ്യങ്ങള്‍ ഉള്ളില്‍ തിരയടിച്ച് പ്രക്ഷുബ്ധമായൊരു കടലായിരുന്നു മോഹന്‍ദാസ്‌. വേലിയിറക്കത്തില്‍ തീരത്ത് അടിഞ്ഞൊരു പവിഴപ്പുറ്റുപോലെ ശാന്തനായി അയാള്‍ സോഫയോട് പറ്റിച്ചേര്‍ന്നിരുന്നു. സിരകളില്‍ പടര്‍ന്ന ലഹരിയില്‍ പുറത്തെ തണുപ്പോ മുറിക്കുള്ളിലെ ചൂടോ അറിഞ്ഞില്ല. തല ചുമലിലേയ്ക്ക് തൂങ്ങി അയാളൊരു ചെറു മയക്കത്തിലായിരുന്നു.

എന്തിനയാള്‍ അറിയാത്തൊരു ജെ.പി യുടെ കുറിപ്പുകളും പേറി, ജോലിയും ഇട്ടെറിഞ്ഞ്‌ ആധിയോടെ നടക്കണം? ഈ മഹാനഗരത്തില്‍ എത്തിയ കാലം മുതല്‍ എത്ര പാടുപെട്ടാണ് ജീവിതം കരുപ്പിടിപ്പിച്ചത്. ചുറ്റും എത്രയെത്ര ദുരൂഹ മരണങ്ങള്‍ നടക്കുന്നു. റോഡ്‌ അപകടത്തില്‍പ്പെടുന്ന എത്രയോ അപരിചതരെ അവഗണിച്ച് ദിനവും നമ്മള്‍ കടന്നുപോകുന്നു. പലതും കണ്ടില്ലെന്നു നടിക്കണം. പക്ഷേ.....
പ്രസ്ഥാനത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ് കുടുംബം പട്ടിണിയിലാക്കിയൊരു മനുഷ്യന്‍റെ അംശം തന്നെയാണ് അയാളും. അച്ഛന്റെ പ്രസ്സും ആദര്‍ശങ്ങളും! പരഗതിയില്ലാതെ വലഞ്ഞ നാളുകളില്‍ ഉള്ളില്‍ നിറഞ്ഞു നിന്നത് വെറുപ്പ് മാത്രമായിരുന്നു. ഭൂതകാലത്തില്‍നിന്നും പടിയിറക്കിവിട്ട പലതും അയാളിലേക്ക് വീണ്ടും പടര്‍ന്നുകയറുകയാണ്. അത് വേര്‍തിരിച്ചെടുക്കാനാവാത്ത വിധം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. അയാളുടെ അച്ഛനെപ്പോലെ തോള്‍ സഞ്ചിയും തൂക്കി തെരുവിലൂടെ അലഞ്ഞിരുന്ന പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഇന്നെവിടെ?  മേനോനെപ്പോലെ പ്രശസ്തിയും ആഡംബരങ്ങളുമായി അവരും ഈ നഗരത്തിന്റെ ഭാഗമായിരുന്നെകില്‍ ഒരു പക്ഷേ വിധി മറ്റൊന്നായേനെയോ? 

കണ്ണ് തുറന്നപ്പോള്‍ ഹാളില്‍ ഇരുട്ടായിരുന്നു. ജാലകത്തിന്‍റെ തിരശീലയിലൂടെ അരിച്ചിറങ്ങുന്ന നേര്‍ത്ത വെട്ടം മാത്രം. അകത്തെ മുറിക്കുള്ളില്‍ നിന്നും അടക്കിപ്പിടിച്ച സംസാരം കേള്‍ക്കാം. പുറത്തെവിടെയോ തെരുവ് നായ്ക്കളുടെ ഓരിടല്‍ ശബ്ദം. 

പിന്നില്‍ ഒരു നിഴലനങ്ങുന്നത് കണ്ട് മേനോന്‍ ഞെട്ടിത്തിരിഞ്ഞു. ഫോണിന്‍റെ റിസീവര്‍ കൈവിട്ട് പെട്ടന്നയാള്‍ മേശവരിപ്പില്‍ നിന്നും പിസ്ടോള്‍ കടന്നെടുത്തു. പേന പിടിക്കുന്ന ചൂണ്ടുവിരല്‍ കാഞ്ചിയെ തൊട്ടു. ഇടത്തെ തോളിനെ തുളച്ച് പായുന്ന ലോഹത്തിനൊപ്പം ആ നിഴല്‍ മുന്നോട്ട് ആഞ്ഞു!

പത്താം നിലയുടെ ബാല്‍ക്കണിയിലെ തുറന്ന ചില്ല് വാതിലിലൂടെ താഴേയ്ക്ക് ചിറകടിക്കുന്ന രണ്ടു കടവാവലുകള്‍. ഇരുട്ടിന്‍റെ അതിരുതേടിപ്പോകുമ്പോള്‍ ദിശതെറ്റാതെ അതിലൊന്ന് മറ്റൊന്നിനെ മുറുകെപ്പിടിച്ചിരുന്നു.

11.11.13

മാന്ത്രിക കാട്


I

നീലി മലയുടെ താഴ്വരയില്‍ ഒരു വീടുണ്ട്. അതിനപ്പുറം കാടാണ്. ആനയും സിംഹവും കടുവയും കാട്ടുപോത്തും പുലിയും പുള്ളിമാനുമുള്ള കൊടുംകാട്. കാട്ടുപാതയെ തൊട്ടു നില്‍ക്കുന്ന ആ കുടില്‍ നാണിയമ്മയുടെതാണ്. അവര്‍ക്ക് കൂട്ടായ് കുഞ്ഞുമകന്‍ വേലുവുമുണ്ട്.

കാടിനെ ആശ്രയിച്ചാണ് അവര്‍ ജീവിച്ചു പോന്നത്. അപൂര്‍വങ്ങളായ അനേകം കഴിവുകള്‍ നാണിയമ്മയ്ക്കുണ്ടായിരുന്നു. ഈട്ടിയും ചന്ദന മുട്ടികളും കൊണ്ട് അവര്‍ മനോഹരമായ ശില്പങ്ങള്‍ തീര്‍ത്തു. ഈറ്റയും ചൂരലും കൊണ്ട് കുട്ടകളും വട്ടികളുമുണ്ടാക്കി. അതെല്ലാം ദൂരെയുള്ള പട്ടണത്തില്‍ കൊണ്ടുപോയി വിറ്റ്‌ പട്ടിണികൂടാതെ കഴിഞ്ഞുപോന്നു.

പാവങ്ങളാണെങ്കിലും പ്രിയമുള്ളതെല്ലാം നല്‍കിയാണ് മകന്‍ വേലുവിനെ നാണിയമ്മ വളര്‍ത്തിയത്.
അത്ര രുചികരമായി ആഹാരം പാകം ചെയ്യാന്‍ മറ്റാര്‍ക്കുമാവില്ലായിരുന്നു. മലയും കാടും അരുവിയും കടന്നു യാത്ര പോകുന്നിടത്തെല്ലാം നാണിയമ്മ വേലുവിനെയും കൂടെ കൂട്ടി. തളരുമ്പോള്‍ കഥകള്‍ പറഞ്ഞു കൊടുത്തു. പാലു കുടിക്കാതെ വാശി പിടിക്കുമ്പോള്‍ പാട്ടുകള്‍ പാടി അവനെ പാട്ടിലാക്കി.

മധുര ശബ്ദത്തിലുള്ള നാണിയമ്മയുടെ പാട്ടു കേള്‍ക്കാന്‍ ഇലകള്‍ കാതോര്‍ക്കും. അപ്പോള്‍ കാറ്റ് നിശ്ചലമാകും. കുയിലുകള്‍ നാണിച്ചു തല താഴ്ത്തും.


 II

കാലങ്ങള്‍ കടന്നു പോയി. വേലു വളര്‍ന്ന്‌ യുവാവായി. വലുതായപ്പോള്‍ നാണിയമ്മ നിര്‍മ്മിക്കുന്ന സാധനങ്ങളെല്ലാം അവന്‍ തനിയെ ചന്തയില്‍ കൊണ്ടുപോയി വിറ്റു. കച്ചവടം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമേ ചിലപ്പോള്‍ മടങ്ങിയെത്തിയിരുന്നുള്ളൂ. അങ്ങനെ അല്ലലില്ലാതെ ജീവിച്ചു പോന്നു. 

ഒരിക്കല്‍ യാത്ര കഴിഞ്ഞെത്തിയ വേലുവിന്‍റെ കൂടെ ഒരു യുവതിയുമുണ്ടായിരുന്നു. അവളുടെ പേര് കാളി എന്നായിരുന്നു. ഊരേത് എന്നറിയില്ലെങ്കിലും തനിക്കൊരു കൂട്ടായി കാളിയെ കിട്ടിയതില്‍ നാണിയമ്മക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. വൈകാതെ നാണിയമ്മ അവളെ വേലുവിനു വിവാഹം ചെയ്തു കൊടുത്തു. 

നിത്യവൃത്തിക്കായി പാവം നാണിയമ്മയും വേലുവും വിശ്രമമില്ലാതെ അദ്ധ്വാനിച്ചു. പക്ഷേ വേലുവിന്റെ ഭാര്യ കാളി ഒരു ദുഷ്ടയായിരുന്നു. കരകൌശല വിദ്യകള്‍ ഓരോന്നും നാണിയമ്മയില്‍നിന്നും തന്ത്രപൂര്‍വ്വം പഠിച്ചെടുത്തതോടെ അവളുടെ മട്ടുമാറി. വേലു വീട്ടിലില്ലാത്തപ്പോള്‍ കാളി അമ്മയെ ദ്രോഹിക്കാന്‍ തുടങ്ങി. കഠിനമായ ജോലികള്‍ ചെയ്യിപ്പിച്ചു. മകന്‍റെ മനസ്സു നോവാതിരിക്കാന്‍ നാണിയമ്മ ഒന്നും മിണ്ടിയില്ല. വേദന പുറത്തു കാട്ടിയില്ല. അങ്ങനെയിരിക്കെ ഒരുദിവസം കാളിയുടെ ക്രൂരത സഹിക്കവയ്യാതായ നാണിയമ്മ വീടുവിട്ട് എങ്ങോപോയി!

മൂന്ന് ദിവസത്തിനുശേഷം വേലു വീട്ടിലെത്തിയപ്പോള്‍ കാളി സങ്കടം നടിച്ച് കരഞ്ഞുകൊണ്ട്‌ പറഞ്ഞു.

"ഞാനും അമ്മയും ഈറ്റ വെട്ടാന്‍ കാട്ടില്‍ പോയപ്പോള്‍ കൂറ്റനൊരു പുലി ചാടിവീണു. അമ്മയെ അത് കടിച്ചെടുത്തുകൊണ്ട് കാട്ടിലേക്ക് പോയി. ഞാന്‍ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടു!"

പാവം വേലു. അയാള്‍ ആ വലിയ നുണ വിശ്വസിച്ചു. പ്രിയപ്പെട്ട അമ്മയെ പുലി തിന്നു എന്നറിഞ്ഞു നെഞ്ചുപൊട്ടി കരഞ്ഞു. ഉണ്ണാതെ, ഉറങ്ങാതെ കുറെ ദിവസങ്ങള്‍.......പക്ഷേ ഭയങ്കരിയായ കാളി ഉള്ളാലെ സന്തോഷിച്ചു.


III

വീടുവിട്ട നാണിയമ്മ കണ്ണീരൊഴുക്കി കാട്ടിലൂടെ നടന്നു. ലക്ഷ്യമില്ലാത്ത അലച്ചിലിന് ഒടുവില്‍ അവര്‍ക്ക് വിശന്നു. വലിയൊരു വൃക്ഷത്തിനു താഴെയെത്തിയപ്പോള്‍ അവശയായ ആ സ്ത്രീ നിന്നു. ഇനി ഒട്ടും നടക്കാന്‍ വയ്യ. മരത്തില്‍ നിറയെ പഴുത്ത പഴങ്ങളുണ്ട്‌. അതുവരെ കണ്ടിട്ടില്ലാത്ത തരം കനികള്‍. ഉയരത്തിലായതിനാല്‍ പറിക്കുവാന്‍ നിര്‍വ്വാഹമില്ല. അവര്‍ ഫലം നിറഞ്ഞ കൊമ്പിലേക്ക് ദയനീയമായി നോക്കി. വിശപ്പിനാല്‍ ഹൃദയം അറിയാതെ മന്ത്രിച്ചു.
" ഒരു പഴം കിട്ടിയിരുന്നെങ്കില്‍....?

പെട്ടന്ന് ഒരു പഴം നിലത്ത് വീണു! അത്യധികം ആശ്ചര്യ ത്തോടും അതിലേറെ കൊതിയോടും  അവര്‍ പഴം കയ്യിലെടുത്തു. ഒരു പരീക്ഷണമെന്നോണം നാണിയമ്മ മരത്തോട് വീണ്ടും പഴം ആവശ്യപ്പെട്ടു. ഒരു ഫലം കൂടി നല്‍കപ്പെട്ടു. പഴം കഴിച്ചു കഴിഞ്ഞപ്പോള്‍ ദാഹവും ക്ഷീണവും പോയ്മറഞ്ഞു. എന്തെന്നില്ലാത്ത ഉന്മേഷം തോന്നി. അത്ഭുതമെന്നോണം ആ വൃദ്ധയുടെ നരച്ച തലമുടിയിഴകള്‍ ഓരോന്നായി കറുത്തുവന്നു. മീനിന്‍റെ ചെതുമ്പല്‍ പോലെ ചുക്കിച്ചുളിഞ്ഞിരുന്ന തൊലി മിനുസമുള്ളതായി മാറി.തെല്ലു നേരം കൊണ്ട് ജരാനരകള്‍ വിട്ടകന്ന് താനൊരു യുവതിയെപ്പോലെ പ്രസരിപ്പുള്ളവളായെന്ന് നാണിയമ്മക്ക് തോന്നി.

അവര്‍ വീണ്ടും നടന്നു. ചുറ്റും കാതോര്‍ത്തപ്പോള്‍ കാടിന്‍റെ മര്‍മ്മരം കേട്ടു. പക്ഷികളും മൃഗങ്ങളും സംസാരിക്കുന്നു...! അവയുടെ ഭാഷ തനിക്ക് തിരിച്ചറിയാനാകുന്നുവെന്ന് നാണിയമ്മക്ക് മനസിലായി. പെട്ടന്നതാ തൊട്ടു മുന്നിലൊരു ഒറ്റയാന്‍...! പകച്ചുപോയ നാണിയമ്മയുടെ ശ്വാസം ഒരു നിമിഷം നിലച്ചുപോയി. പക്ഷേ ആന ശാന്തനായി വഴിമാറിക്കൊടുത്തു. നടവഴിയില്‍ ഉഗ്രവിഷമുള്ള പാമ്പുകള്‍ അവരുടെ കാല്‍ക്കീഴിലൂടെ ശല്യമുണ്ടാക്കാതെ കടന്നുപോയി. മാനുകള്‍ സ്നേഹഭാവത്തില്‍ തൊട്ടുരുമി നടന്നു. ഒടുവില്‍ നേരമിരുട്ടിയപ്പോള്‍ മുന്‍പില്‍ കണ്ടൊരു ഗുഹയില്‍ അന്തിയുറങ്ങി.

ഉണര്‍ന്നപ്പോള്‍ തനിക്കു ചുറ്റും സിംഹക്കുട്ടികള്‍ കളിക്കുന്നത് അവര്‍ കണ്ടു. ഗുഹാ മുഖത്തിന് ഇരുവശവും രണ്ടു സിംഹങ്ങള്‍ കാവല്‍ നില്‍ക്കുന്നു. അവ നാണിയമ്മയെ കണ്ടപ്പോള്‍ മുന്‍കാലുകള്‍ മടക്കി പൂച്ചയെപ്പോലെ പതുങ്ങി നിലത്തിരുന്നു.


IV

അമ്മ പോയതോടെ വേലുവിന്റെ കുടിലില്‍ അശാന്തി നിറഞ്ഞു. അയാളുടെ കച്ചവടം അടിക്കടി ക്ഷയിച്ചുകൊണ്ടിരിരുന്നു. കാളി മെനയുന്ന കുട്ടകള്‍ക്കും വട്ടികള്‍ക്കും നാണിയമ്മയുടെ കരവിരുതോ ശില്പങ്ങള്‍ക്കു ചാരുതയോ ഇല്ല്ലായിരുന്നു. അതൊന്നും ആളുകളെ ആകര്‍ഷിച്ചില്ല. മൂന്നോ നാലോ ദിവസങ്ങള്‍ കൊണ്ട് വിറ്റു തീരുന്ന സാധനങ്ങള്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും കൂടയില്‍ ബാക്കിയായി. ഒന്നും വില്‍ക്കാതെ വെറുംകയ്യോടെ മടങ്ങിവരുമ്പോള്‍ കാളി വേലുവിനോട് കയര്‍ക്കുക പതിവായി. ഭാര്യയുടെ ഭീഷണി ഭയന്ന്‍ വീട്ടിലെത്താതെ ആഴ്ചകളോളം അയാള്‍ അലഞ്ഞു നടന്നു.


അങ്ങനെയിരിക്കെ ദൂര ദേശങ്ങളില്‍ കച്ചവടം നടത്തുന്നൊരു വ്യാപാരി കാട്ടുപാതയില്‍ വഴിതെറ്റി വേലുവിന്റെ കുടിലിലെത്തി. കാളി പുറത്തെവിടെയോ പോയിരുന്നു. കാലില്‍ മുറിവ് പറ്റിയ കുതിരയുമായി ഏറെ ദൂരം നടന്നതിനാല്‍ അയാളും കുതിരയും നന്നേ ക്ഷീണിച്ചിരുന്നു. അനുവാദം ചോദിക്കാതെ ആളൊഴിഞ്ഞ വീട്ടില്‍ പ്രവേശിച്ച അയാള്‍ കുതിരക്ക് വേണ്ട ശുശ്രൂഷകള്‍ ചെയ്തശേഷം ക്ഷീണത്താല്‍ പുറത്തെ വള്ളികട്ടിലില്‍ കിടന്നുറങ്ങിപ്പോയി. വീട്ടിലെത്തിയ കാളി അപരിചിതനെ കണ്ട് അമ്പരന്നെങ്കിലും വേലു കൂടെയില്ലാത്തതിനാല്‍ വിളിച്ചുണര്‍ത്താന്‍ ധൈര്യപ്പെട്ടില്ല. ഉറക്കമുണര്‍ന്നപ്പോള്‍ വ്യാപാരി കാളിയോട്‌ ക്ഷമാപണം നടത്തിയ ശേഷം പത്ത് വെള്ളി നാണയങ്ങള്‍ സമ്മാനമായി നല്‍കി. അത് കണ്ട് അവളുടെ കണ്ണുകള്‍ തിളങ്ങി. ജീവിതത്തില്‍ ആദ്യമായാണ്‌ അത്രയും പണം അവള്‍ ഒന്നിച്ചു കാണുന്നത്. നിനച്ചിരിക്കാതെ കൈവന്ന സൌഭാഗ്യം ദുഷ്ടയായ ആ സ്ത്രീയില്‍ ദുരാഗ്രഹത്തിന്റെ വിത്ത് മുളപ്പിച്ചു. 

സംഭവിച്ചതൊന്നും അവള്‍ വേലുവിനെ അറിയിച്ചില്ല. കിട്ടിയ പണം രഹസ്യമായി ഒളിപ്പിച്ചു.  വിരളമായി മാത്രം അതുവഴി കടന്നു പോകുന്ന യാത്രക്കാര്‍ക്കായി വനപാതയില്‍ കാത്തു നിലക്കാന്‍ തുടങ്ങി. വഴി വക്കിലെ മരത്തില്‍ സത്രത്തിലേക്കുള്ള ദിശ സൂചിപ്പിക്കുന്ന ചൂണ്ടു പലകകള്‍ തറച്ചു. വിശ്രമ സങ്കേതം തേടി എത്തുന്നവരില്‍ നിന്നും കൊള്ളപ്പലിശക്കാരിയെപ്പോലെ വെള്ളിനാണയങ്ങള്‍ ചോദിച്ചു വാങ്ങി. 

പാവം വേലു! ഓരോ തവണയും കച്ചവടം കഴിഞ്ഞ് തളര്‍ന്നു വീട്ടിലെത്തുമ്പോഴും വിശ്രമിക്കാന്‍ അനുവദിക്കാതെ  സാധനങ്ങള്‍ കൂടയില്‍ നിറച്ച് വീണ്ടും വീണ്ടും കാളി അയാളെ പറഞ്ഞയച്ചു. അയാള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടവനെ പോലെയായി. എന്നാല്‍ നാള്‍ക്കുനാള്‍ കാളിയുടെ സമ്പത്ത് വര്‍ധിച്ചുവന്നു.
.
V
തൊട്ടടുത്ത ഗ്രാമത്തിലെ ഒരു കര്‍ഷകന്‍ കൂട്ടം തെറ്റിപ്പോയ ആടുകളെ തേടി കാട്ടിലൂടെ അലയവേ പെട്ടാന്നാണ് ആ കാഴ്ച കണ്ടത്. വന്യമൃഗങ്ങളോട് സംസാരിച്ചുകൊണ്ട് നടന്നുപോകുന്ന ഒരു സ്ത്രീ! മനുഷ്യന്റെ മണമടിച്ച്ചാല്‍ ചാടിവീഴുന്ന കടുവകള്‍ അവളുടെ കൂടെ നടക്കുന്നു! അയാള്‍ അവരെ പിന്തുടര്‍ന്നു. ആ സ്ത്രീ തീര്‍ച്ചയായും അത്ഭുത സിദ്ധിയുള്ളവളാണ് എന്നയാള്‍ക്ക് മനസിലായി. അത് നാണിയമ്മയായിരുന്നു. മൃഗങ്ങള്‍ വിട്ടകന്ന് ഒറ്റയ്ക്കായപ്പോള്‍ അയാള്‍ അവളുടെ കാലില്‍ വീണ് അനുഗ്രഹം യാചിച്ചു. നാളുകള്‍ക്ക് ശേഷം ഒരു മനുഷ്യനെ കണ്ടുമുട്ടിയതിന്റെ സന്തോഷം നാണിയമ്മ പുറത്തു കാണിച്ചില്ല. തന്‍റെ ആടുകള്‍ നഷ്ടപ്പെട്ട വിവരം അയാള്‍ പറഞ്ഞു.


കാടിന്‍റെ സകല കോണുകളും പരിചിതയായ നാണിയമ്മ എല്ലാം കേട്ട ശേഷം നിലത്തുനിന്നും ഒരു കരിയിലയെടുത്തു. അത് ഉള്ളം കയ്യില്‍ ചുരുട്ടിപ്പിടിച്ച് കണ്ണുകളടച്ചു ധ്യാനിച്ചു. കൈ തുറന്നപ്പോള്‍ ഇലയില്‍ ചില രേഖകള്‍ തെളിഞ്ഞു വന്നു. അതില്‍ സൂചിപ്പിച്ചിരിക്കുന്ന വഴിയിലൂടെ സഞ്ചരിക്കാന്‍ കര്‍ഷകനോട്‌ ആവശ്യപ്പെട്ടു. ആ മാര്‍ഗ്ഗരേഖകള് അയാളെ കാനന മധ്യത്തിലെ തെളിനീര്‍ ചോലയിലേക്കു നയിച്ചു. ചൊലയ്ക്കരികില്‍ അയാള്‍ തന്‍റെ ആടുകളെ കണ്ടെത്തി. ഉടന്‍ തന്നെ കരിയിലയിലെ രേഖകള്‍ മാഞ്ഞുപോയി.

പട്ടണത്തില്‍ കണ്ടു മുട്ടിയവരോടെല്ലാം കാട്ടിലെ അത്ഭുസിദ്ധിയുള്ള സ്ത്രീയെയും വിസ്മയകരമായ കാഴ്ചകളേയും കുറിച്ച് അയാള്‍ വര്‍ണ്ണിച്ചു. പലരും വിശ്വസിച്ചില്ല. കണ്ടു വിശ്വസിക്കുവാന്‍ കാട്ടിലേക്ക് പോകുവാന്‍ പലര്‍ക്കും ഭയമായിരുന്നു. ആ കര്‍ഷകന് പോലും ഒരിക്കല്‍കൂടി അവിടെ എത്തിപ്പെടുവാനുള്ള വഴി അറിയില്ലായിരുന്നു!
  
VI

വേലു സാധനങ്ങള്‍ നിറച്ച കൂടെയും തലയിലേന്തി പട്ടണത്തിലൂടെ അലഞ്ഞു. ആരും അവയൊന്നും വാങ്ങിയില്ല. നിരാശനായി ചന്തയുടെ ഒഴിഞ്ഞ കോണില്‍ ഇരിക്കുമ്പോള്‍ വിശന്നു വലഞ്ഞൊരു പെണ്‍കുട്ടി അയാളോട് ഭിക്ഷ യാചിച്ചു. മടിശീല ശൂന്യമായിരുന്നെങ്കിലും ആ കുരുന്നു ബാലികയോട്  അയാള്‍ക്ക് അനുകമ്പ തോന്നി. അവള്‍ ആരോരുമില്ലാത്തവളായിരുന്നു. പണ്ട് കാളിയെ വേലു കണ്ടുമുട്ടിയതും ഇതേ സ്ഥലത്തു വെച്ചായിരുന്നു. മക്കളില്ലാത്തതു കൊണ്ടാവാം കാളി തന്നോട് നിര്‍ദയമായി പെരുമാറുന്നത് എന്ന് പലപ്പോഴും അയാള്‍ക്ക് തോന്നിയിരുന്നു. ആ പെണ്‍കുട്ടിയോട് അയാള്‍ക്ക് ഒരു മകളോടുള്ള വാത്സല്യം തോന്നി. കാളിക്കും അവളെ കാണുമ്പോള്‍ സന്തോഷമാകും എന്നുകരുതി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വേലു തീരുമാനിച്ചു. 



യാത്രാമധ്യേ രണ്ടു വഴിപോക്കര്‍ കാട്ടിലെ അത്ഭുത സിദ്ധിയുള്ള സ്ത്രീയെ പറ്റി പറയുന്നത് വേലു ശ്രദ്ധിച്ചു. അയാള്‍ക്ക് അവരെക്കുറിച്ചറിയാന്‍ ജിജ്ഞാസ തോന്നി. പക്ഷെ യാത്രികര്‍ക്ക് അവിടെയെത്താനുള്ള വഴി തിട്ടമില്ലായിരുന്നു. 

വേലു പെണ്‍കുട്ടിയോടൊപ്പം വീട്ടിലെത്തി. പക്ഷെ അയാളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായാണ് എല്ലാം സംഭവിച്ചത്. കച്ചവടത്തില്‍ പണമൊന്നും കിട്ടിയില്ല എന്നറിഞ്ഞപ്പോഴേ കാളിയുടെ മട്ടുമാറി. വേലുതന്നെ തനിക്കൊരു ഒരു ശല്യമായി തീര്‍ന്നിരിക്കെ ഒപ്പമൊരു പെണ്‍കുട്ടിയെയും കൂട്ടി വന്നത് അവളുടെ കോപം ഇരട്ടിപ്പിച്ചു. ഇരുവരെയും ആട്ടിപ്പുറത്താക്കി അവള്‍ വാതിലടച്ചു.  

കാളിയുടെ തനിസ്വരൂപം അന്നാണ്‌ വേലു ശരിക്കും കണ്ടത്. പക്ഷേ ലോലഹൃദയനായ അയാള്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. പെണ്‍കുട്ടിയുമായി എങ്ങോട്ടുപോകും എന്നറിയാതെ ഹൃദയവ്യഥയോടെ നില്‍ക്കുമ്പോഴാണ് അയാള്‍ കാട്ടിലെ സിദ്ധയെക്കുറിച്ചോര്‍ത്തത്. കുട്ടിക്കാലംതൊട്ടേ കാടും മലയും താണ്ടി വഴികള്‍ പരിചിതമായതിനാല്‍ യാത്രികര്‍ പറഞ്ഞ അടയാളം വെച്ച് വനത്തിനുള്ളിലെ സ്ത്രീയുടെ താവളം തേടി യാത്രയായി. 

അന്ന് വൈകുന്നേരം വിശ്രമ സങ്കേതം തേടി മൂന്ന് സഞ്ചാരികള്‍ വേലുവിന്റെ കുടിലിലെത്തി. മൂന്നുപേരെ ഒന്നിച്ചു കണ്ടപ്പോഴേ കിട്ടാന്പോകുന്ന വെള്ളി നാണയങ്ങളുടെ തിളക്കമോര്‍ത്ത് കാളിയുടെ ഉള്ളം തുടിച്ചു. നിര്‍ഭാഗ്യവശാല്‍ നാളേറെയായി ആ വീടിനെ നിരീക്ഷിക്കുകയും കാളിയുടെ അളവില്ലാത്ത സമ്പാദ്യം സൂക്ഷിക്കുന്ന സ്ഥലം മനസിലാക്കുകയും ചെയ്ത കൊള്ളക്കാരായിരുന്നു അവര്‍.


VII

കാട്ടിലൂടെ വളരെ ദൂരം യാത്രചെയ്ത വേലുവും ബാലികയും ഒടുവില്‍ നാണിയമ്മ വസിക്കുന്ന ഗുഹ കണ്ടെത്തി. ഒറ്റ നോട്ടത്തിലേ സ്വന്തം മകനെ നാണിയമ്മ തിരിച്ചറിഞ്ഞു. ഓടിയെത്തി അവനെ ആശ്ലേഷിക്കാന്‍ ആ മാതൃഹൃദയം തുടിച്ചു. പക്ഷേ ജരാനരകള്‍ അകന്ന് തേജസ്സാര്‍ന്ന ആ സ്ത്രീയെ തിരിച്ചറിയാന്‍ വേലുവിനു കഴിഞ്ഞില്ല. മകനെ ഒന്നു പരീക്ഷിക്കുവാന്‍ നാണിയമ്മയും തീരുമാനിച്ചു.

ദു:ഖാര്‍ത്തനായ വേലു ജീവിത കഥയെല്ലാം അവരോടു പറഞ്ഞു. തന്നോട് ചെയ്ത ക്രൂരത കാളി മകനോടും കാട്ടിയെന്ന് നാണിയമ്മയ്ക്ക് മനസിലായി. വേലുവിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച്  "സമാധാനത്തില്‍ പോകുക" എന്ന് അവര്‍ പറഞ്ഞു. ദുര്‍മ്മരണം സംഭവിച്ച തന്റെ അമ്മക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ വീടുവരെ വന്നെങ്കിലേ എല്ലാം നേരെയാകൂ എന്ന് വേലു യാചിച്ചു. അപേക്ഷ തള്ളാനാവാതെ നാണിയമ്മ അവരോടൊപ്പം യാത്രയായി.

വീടിനു മുന്നിലെത്തിയപ്പോള്‍ ഭീകരമായ കാഴ്ചകണ്ട്‌ അവര്‍ ഞെട്ടി. കാളി കൊല്ലപ്പെട്ടിരിക്കുന്നു! വീട് ആരോ കൊള്ളയടിച്ചിരിക്കുന്നു. അത്യാഗ്രഹിയും ക്രൂരയുമായ ആ സ്ത്രീയുടെ മൃതശരീരത്തെ ഭീതിയോടെ നോക്കി എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ നില്‍ക്കുന്ന വേലുവിനോട്‌ നാണിയമ്മക്ക് അലിവുതോന്നി.

കുഞ്ഞു നാളില്‍ കരയുമ്പോള്‍ അവനു വേണ്ടി പാടിയിരുന്ന പാട്ടിന്‍റെ ഈരടികള്‍ അമ്മയില്‍ നിന്നും ഒഴുകി.....
ഇമ്പമാര്‍ന്ന ആ സ്വരം വേലു തിരിച്ചറിഞ്ഞു.
അമ്മേ...എന്ന് അയാള്‍ ഉറക്കെ വിളിച്ചപ്പോള്‍ നാണിയമ്മയുടെ ദിവ്യമായ രൂപഭാവങ്ങള്‍ അപ്രത്യക്ഷമായി. അവര്‍ വീണ്ടും വേലുവിന്റെ അമ്മയായി മാറി. 


തള്ള പക്ഷി കുഞ്ഞുങ്ങളെ എന്ന പോലെ വേലുവിനെയും പെണ്‍കുട്ടിയെയും നാണിയമ്മ നെഞ്ചോട് ചേര്‍ത്തു. പിന്നീടൊരിക്കലും ആ കുടിലില്‍ നിന്നും സന്തോഷം മാഞ്ഞുപോയിട്ടില്ല.

**ശുഭം** 

10.10.13

വീട്

സ്വന്തമായി ഒരു വീട് എന്ന മലയാളിയുടെ സ്വപ്നത്തിന് കാലമേറെയായിയിട്ടും മിഴിവു നഷ്ടപ്പെട്ടിട്ടില്ല. നമ്മുടെ ആഗ്രഹങ്ങളില്‍, ആവശ്യങ്ങളില്‍ എന്നും പ്രഥമസ്ഥാനം പാര്‍പ്പിടത്തിനു തന്നെയാണ്. നൂറ്റാണ്ടുകളായി തുടരുന്ന പ്രവാസത്തിന് പ്രവേഗം നല്‍കുന്നതും വീടിനോടുള്ള പ്രിയമല്ലാതെ മറ്റൊന്നല്ല.

വീടെന്ന സ്വപ്നം അതിവേഗം സാക്ഷാത്ക്കരിക്കാന്‍ വേണ്ടിയാണ് ഭൂരിഭാഗംപേരും കടുത്ത സാമ്പത്തിക ബാധ്യത തലയിലേറ്റുന്നതും ഫ്ലാറ്റ് തട്ടിപ്പ് പോലുള്ള ഏടാകൂടങ്ങളില്‍ ചെന്നുചാടുന്നതും. എങ്കിലും സകല ലോക കാര്യങ്ങളെക്കുറിച്ചും കൃത്യമായ അറിവും അഭിപ്രായവുമുള്ള മലയാളിക്ക് താന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വീടിനെ കുറിച്ചും വ്യക്തമായ ധാരണയാണുള്ളത്. സാമ്പത്തികമായി വളരെ താഴേക്കിടയിലുള്ളവര്‍ പോലും ഒരു ചെറിയ പ്ലാനോ എസ്ടിമേറ്റോ കൂടാതെ ഇന്നു വീട് പണി തുടങ്ങുമെന്നും തോന്നുന്നില്ല. അത് തീര്‍ച്ചയായും നല്ലത് തന്നെയാണ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാതലും കാലാനുസൃതമായ പരിഷ്കാരങ്ങളും അറിയുവാന്‍ കേരളീയര്‍ക്കുള്ള ജിജ്ഞാസയെ നമ്മുടെ മാധ്യമങ്ങള്‍ നന്നായി ചൂഷണം ചെയ്യുന്നുണ്ട്. കൊട്ടാര സദൃശ്യമായ വീടും കണ്ണഞ്ചിപ്പിക്കുന്ന അകത്തളങ്ങളും നമുക്ക് മുന്‍പില്‍ തുറന്നുവെയ്ക്കുന്ന നിരവധി പ്രോഗ്രാമുകളുള്‍ ഇന്ന് എല്ലാ ചാനലിലുമുണ്ട് . പോരാതെ വാസ്തു കണ്‍സല്ട്ടിംങ്ങും പുസ്തകങ്ങളും മാസികകളും അനവധി. ഇതെല്ലാം കണ്ടും വായിച്ചും ഒരേകദേശ ധാരണയോടെയാണ് പലരും വീടുപണിക്കിറങ്ങുന്നത്. ചിലര്‍ക്കു വേണ്ടത് "അവിടെ കണ്ട അതേ വീട്, അതേ പ്ലാന്‍". പക്ഷേ ഇവര്‍ മനസിലാക്കാതെ പോകുന്ന ഏറ്റവും പ്രധാനകാര്യം "ഓറിയെന്റെഷന്‍ ഓഫ് ബിലഡിഗ്" അഥവാ ദിശക്ക് അനുയോജ്യമായ കെട്ടിടത്തിന്റെ പ്ലേസിംഗ് എന്ന വസ്തുതയാണ്. പലയിടത്തുനിന്നും കിട്ടുന്ന പരിമിതമായ അറിവ് അതേപടി പകര്‍ത്തുക വിഡ്ഢിത്തമാണ്. പലരും പിന്നീട് അതിനെപ്രതി പരിതപിച്ചിട്ടുണ്ട്.

ഒരാള്‍ ഒരു മനുഷ്യായുസില്‍ ഒരു വീട് പണിയണം എന്നാണ് പഴമക്കാര്‍ പറയുന്നത്. ഓരോ ഇഷ്ടിക വെയ്ക്കുന്നതും കണ്ടുനിന്ന് ഒരിക്കല്‍ വീട് പണിതിട്ടുള്ളവരെല്ലാം എന്‍റെ നോട്ടത്തില്‍ എന്ജിനിയര്‍മാരാണ്. എന്നു കരുതി, മായ്ച്ചും പിന്നീട് വീണ്ടും വരച്ചും ഒരു ചിത്രം പൂര്‍ണ്ണമാക്കുന്നതുപോലെ കെട്ടിയും പൊളിച്ചും ശരിപ്പെടുത്തിയെടുക്കുക എന്ന "ട്രയല്‍ ആന്‍ഡ്‌ എറര്‍ മെത്തേഡ്" ഇവിടെ പ്രാവര്‍ത്തികമല്ല. അളവറ്റ പണംമുടക്കിയിട്ടും സ്വപനഗൃഹം അസൗകര്യങ്ങളുടെ ആകെത്തുകയായാലോ? അവിടെയാണ് ഒരു ആര്‍ക്കിടെക്ടിന്റെ പ്രസക്തി. ആര്‍ക്കിടെക്ടിനു ഫീസ്‌ കൊടുക്കാനുള്ള മടികൊണ്ടാണ്‌ മിഡില്‍ക്ലാസുകാര്‍ ഏറെയും മേസ്തരിയുടെയും കോണ്ട്രാക്ടറുടെയും സമ്പൂര്‍ണ്ണ സ്വാന്തന്ത്രത്തിന് കാര്യങ്ങള്‍ വിടുക. സാങ്കേതിക പരിജ്ഞാനമുള്ള തേര്‍ഡ് പാര്‍ട്ടിയെ തുടക്കം മുതല്‍ അതായത് പ്ലാനിംഗ്, എസ്ടിമേഷന്‍, സൂപ്പര്‍ വിഷന്‍, ഇന്റീരിയര്‍ ഡിസൈനിംഗ് എന്നീ  ഘട്ടങ്ങളില്‍ ഉള്‍പെടുത്തുന്നത് നല്ലതാണോ? അതോ അതൊരു അനാവത്തു ചിലവാണോ?

അടുത്തകാലത്തായി കേരളാ ബില്‍ഡിഗ് റൂള്‍ പഞ്ചായത്തുകളും നടപ്പില്‍ വരുത്തിയതോടെ നിര്‍മ്മാണ അനുമതി ലഭിക്കാന്‍ സെപ്ടിക് ടാങ്കും മഴവെള്ള സംഭരണിയും ഉള്‍ക്കൊള്ളിച്ച മാസ്ടര്‍ പ്ലാന്‍ നിര്‍ബന്ധമായി വന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ നാട്ടിന്‍പുറങ്ങളിലെ ചെറിയ വീടുകള്‍ പോലും ഒരു എന്‍ജിനിയറുടെ കയ്യൊപ്പില്ലാതെ പണിയപ്പെടുന്നില്ല. കാശുകൊടുത്ത് ഒപ്പിടാന്‍ വേണ്ടി മാത്രം എഞ്ചിനിയറുടെ അടുത്ത് പോകുന്നവര്‍ അല്പം ബുദ്ധിപരമായി ചിന്തിച്ചാല്‍ അദ്ദേഹത്തിന്റെ സേവനം ആദ്യം മുതലേ ലഭ്യമാക്കിക്കൂടെ? സ്റ്റാര്‍ ഹോട്ടലുകള്‍, ഷോപ്പിംഗ്‌ കോപ്ലെക്സ്, ഫ്ലാറ്റുകള്‍, ബംഗ്ലാവുവകള്‍ തുടങ്ങിയ വന്‍കിട നിര്‍മാണങ്ങളുടെ ഓരോ ഘട്ടങ്ങളിലും അതാത് മേഘലയില്‍ പ്രാവീണ്യം നേടിയ കണ്‍സള്‍ട്ടന്റ്റ്സ് ആണ് പണികള്‍ നിയന്ത്രിക്കുക. (ഗള്‍ഫിലും കണ്‍സ്ട്രക്ഷന്‍ മേഖലയിലും ഒക്കെ ജോലി ചെയ്യുന്നവര്‍ക്ക് ഇതിനെക്കുറിച്ച് നല്ല ധാരണയുണ്ട്.) നാട്ടിലെ ഒരു വീടുപണിക്ക് തീര്‍ച്ചയായും ഇത്രയും കണ്‍സല്‍ടെന്റ്മാര്‍ ആവശ്യമില്ല. നല്ലൊരു ആര്‍ക്കിടെക്ടിന് ഈ കാര്യങ്ങളെല്ലാം ഒറ്റക്ക് കുറ്റമറ്റ രീതിയില്‍ ചെയ്യാനാവും.

ഒരു വീട് എങ്ങനെയായിരിക്കണം? എന്തെല്ലാം സൌകര്യങ്ങള്‍ വേണം? എല്ലാത്തിനും നമുക്ക് നമ്മുടെതായ ഇഷ്ടാനിഷ്ടങ്ങളുണ്ട്. എന്നാല്‍ മിക്കവാറും സംഭവിക്കുക വീട് പണി തീരുമ്പോള്‍ ആഗ്രഹങ്ങളില്‍ പലതുമുണ്ടാവില്ല. പൊളിച്ചു പണിയാന്‍ പ്രാപ്തിയില്ലാത്തതുകൊണ്ട് ഉള്ളതുകൊണ്ട് തൃപ്തിപ്പെടും. പ്രതിപാദിക്കുന്ന വിഷയത്തിന്റെ ആഴവും പരപ്പും ഈയൊരു കുറിപ്പിന്റെ പരിധിയില്‍ നില്‍ക്കുന്നതല്ല. എങ്കിലും ഒരു വീട് ഉയര്‍ന്നു വരുന്ന അതേ താളത്തില്‍ ചുരുക്കി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഭവനനിര്‍മാണത്തിന് അനുയോജ്യമായ വസ്തു വാങ്ങുന്നതില്‍ തുടങ്ങി വീടിന്റെ പാലുകാച്ചല്‍ വരെ വിവരിക്കുന്ന വാസ്തുശാസ്ത്രം, തച്ചുശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ പൌരാണിക ഗ്രന്ഥങ്ങളെ കോര്‍ത്തിണക്കി ഒരുപാട് പുസ്തകങ്ങള്‍ ഇന്നു ലഭ്യമാണ്. വ്യക്തികളുടെ ബൌദ്ധികവും വിശ്വാസപരമായ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് ചിലര്‍ ഇതു തള്ളുകയോ കൊള്ളുകയോ ചെയ്യാറുണ്ട്. എങ്കിലും പ്ലാന്‍ തയ്യാറാക്കാന്‍ എത്തുന്ന എല്ലാവരുടെയും ഇഷ്ടാനിഷ്ടങ്ങളില്‍ അവരോടൊത്ത് സഞ്ചരിക്കുവാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അതിനു കാരണം ആത്യന്തികമായി ആ വീട്ടില്‍ താമസിക്കുന്ന വ്യക്തിയുടെ സന്തോഷമാണ് പ്രധാനം എന്നതു തന്നെ. രസകരമായ മറ്റൊന്ന്, തലമുറകള്‍ക്കോ അല്ലെങ്കില്‍ മറ്റൊരാള്‍ക്കോ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന മൂല്യമുള്ള ഒരു വസ്തുവാണ് വീട്. മാറിവരുന്ന അവകാശികള്‍  വിശ്വാസിയോ അവിശ്വാസിയോ അന്ധവിശ്വാസിയോ ആകാം. കാലാന്തരേ വീട് പണിതയാള്‍  തന്നെ ഈ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോയെന്നും വരാം. വാസ്തു ശരിയല്ല എന്ന കാരണം പറഞ്ഞ് വീട് വാങ്ങാനെത്തുന്ന ഒരാള്‍ക്ക് ഒഴിഞ്ഞുമാറാമെങ്കിലും വാസ്തുപ്രകാരം നിര്‍മ്മിച്ച വീടായത്കൊണ്ട് ഒരെത്തിസ്റ്റും വാങ്ങാതെ പോയതായി കേട്ടിട്ടില്ല. അപ്പോള്‍ പറഞ്ഞതിന്റെ സാരം, ക്ലൈന്ടിന്റെ സംതൃപ്തിയോടൊപ്പം"ഒരു വിവരവുമില്ലാത്ത ഒരുത്തനാണ് പ്ലാന്‍ വരച്ചത്" എന്ന് ഒരുകാലത്ത് പഴികേള്‍ക്കാതിരിക്കാന്‍ ഇത്തരം ചില കാര്യങ്ങളില്‍ കൂടി എഞ്ചിയര്‍മാര്‍ ശ്രദ്ധിച്ചാല്‍ കൊള്ളാം.

ഓരോ നാടിന്റെയും പരിസ്ഥിതിക്കിണങ്ങും വിധമാണ് പണ്ടുമുതലേ വീടിന്റെ ദര്‍ശനവും മുറികളുടെ സ്ഥാനവും ക്രമീകരിച്ചു പോരുന്നത്. കേരളത്തിന്റെ പ്രകൃതിയില്‍ കിഴക്കുദിക്കിനു ദര്‍ശനമായ വീടാണ് ഏറ്റം ഉത്തമം. അതുകൊണ്ട് എല്ലാ വീടും കിഴക്കിന് അഭിമുഖമായി പണിയാനൊക്കുമോ? ഇല്ല. പഴഞ്ചന്‍ ശാസ്ത്രത്തില്‍ പറയുന്ന പലതും പ്രാക്ടിക്കലല്ല എന്ന്പറഞ്ഞു പാടെ അവഗണിക്കേണ്ടതില്ല. ലഭിക്കുന്ന അറിവുകളുടെ ഗുണപരമായ വശം മാത്രം സ്വീകരിക്കുക.   കിഴക്ക് ദര്‍ശനമായി വീട് പണിയണം എന്ന് പറയുന്നതിന്റെ പൊരുള്‍ എന്താണ്? സൂര്യന്‍ കിഴക്കുദിക്കുന്നു, അടുക്കള മുന്‍വശത്തായാതുകൊണ്ട് പാചകം ചെയ്യുന്ന ഭക്ഷണ സാധനങ്ങളില്‍ സൌരോര്‍ജ്ജം വീഴുന്നത് നല്ലതാണ്. അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ക്കും അല്പം പോസിറ്റീവ് എനര്‍ജി. അപ്പോള്‍ മറ്റു ദിക്കിലേക്ക് തിരിഞ്ഞിരിക്കുന്ന വീടുകള്‍ക്ക് ഇതൊന്നും ലഭിക്കില്ലേ? തീര്‍ച്ചയായും. കിഴക്കിന് അഭിമുഖമായി പണിത ഒരു വീടിനെ എന്തുകൊണ്ട് അതേ ചിട്ടയിലും അളവിലും വടക്കോ തെക്കോ പടിഞ്ഞാറോ തിരിഞ്ഞിരിക്കുന്ന വീട്ടിലേക്ക് പുന:ക്രമീകരിച്ചു കൂടാ? പുറം മോടിയേക്കാള്‍ കാറ്റിന്റെ ദിശക്കും സൂര്യപ്രകാശത്തിനും അനുസൃണമായി കൃത്യമായ വായൂ സഞ്ചാരം എല്ലാ മുറികളിലും എത്തിക്കുക എന്നതാവണം അടിസ്ഥാന തത്വം. കേരളത്തില്‍ അടുക്കള വടക്ക്-കിഴക്ക് മൂലയിലും തെക്ക്-കിഴക്ക് മൂലയിലുമായി പണിയുന്നു. രണ്ടും ഉചിതമാണ്.
(വാസ്തുശാസ്ത്രത്തിന്റെ ഗുണവും ദോഷവും പ്രതിപാദിക്കുകയല്ല ലേഖനത്തിന്റെ ഉദ്ദേശം. കൂടുതല്‍ അറിയേണ്ടവര്‍ അതാത് ഗ്രന്ഥങ്ങളുടെ സഹായം തേടുക.)

ഭവന നിര്‍മ്മാണത്തിന്റെ സാങ്കേതികങ്ങളെ സ്ട്രക്ച്ചറല്‍ എന്നും ആര്‍ക്കിടക്ച്ചറല്‍ എന്നും രണ്ടായി തരം തിരിക്കുന്നു. സ്ട്രക്ച്ചറില്‍ ഫൌണ്ടേഷനും, ബെസ്മെന്റും, തൂണുകളും, ഭിത്തികെട്ടും, റൂഫ് വാര്‍ക്കയും ഉള്പടെന്നു. ആര്‍ക്കിടക്ച്ചറില്‍ കെട്ടിടത്തിന്റെ രൂപഭംഗി, ഇലക്ട്രിക്‌, പ്ലംബിംഗ്, ഫ്ലോറിംഗ്, പെയിന്‍റിംഗ്, ലാന്‍ഡ്‌സ്കേപ്പിംഗ് ജോലികള്‍ ഉള്പടെന്നു. ആര്‍ക്കിടെക്ച്ചറിനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ ചിന്തിക്കുമ്പോഴാണ് ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ്‌ ഡെക്കറെഷന്‍ എന്ന മേഖലയിലേക്ക് കണ്ണെത്തുന്നത്. ടിവി യില്‍ കാണുന്ന മോടിപിടിപ്പിച്ച സൌധങ്ങള്‍ കണ്ട് സാധാരണക്കാര്‍ പലരും ധരിച്ചുവെച്ചിരിക്കുന്നത് ഇത് തങ്ങള്‍ക്ക് അപ്രാപ്യമായ മേഖലയാണ് എന്നാണ്. ആ തെറ്റിദ്ധാരണ നീക്കുക എന്നതാണ് ഈ ലേഖനത്തിന്റെ പ്രഥമോദ്ദേശം.

എന്താണ് ഇന്റീരിയര്‍ ഡിസൈനിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്?  അതില്‍ ഏറ്റവും ആദ്യത്തേതാണ് സ്പേസ് പ്ലാനിംഗ്. അതായത് ഓരോ മുറിക്കുള്ളിലെയും സ്ഥലത്തിന്‍റെ കൃത്യമായ വിനിയോഗം. മുറി വലുതോ ചെറുതോ ആയിക്കൊള്ളട്ടെ നമുക്കാവശ്യമായതൊക്കെ അവിടെ വസിക്കുന്നവരുടെ സ്വൈര്യവിഹാരത്തിനു വിഖാതമാകാത്ത വിധത്തില്‍ സൂക്ഷ്മമായി ക്രമീകരിക്കുക. ചിലത് ആ വീട്ടിലെ വ്യക്തികളുടെ ശരീര പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കും. ഉദാഹരണത്തിന് വീല്‍ചെയര്‍ ഉപയോഗിക്കുന്ന ഒരാള്‍ വീട്ടിലുണ്ടെങ്കില്‍ വാതിലുകളുടെ വീതിയും ഇരുന്നുകൊണ്ട് എത്തിപ്പിടിക്കാവുന്ന വിധത്തില്‍ മേശയുടെയും ഷെല്‍ഫിന്റെയും പൊക്കവും ക്രമീകരിക്കും. വീട്ടമ്മയുടെ ഉയരത്തിന് അനുയോജ്യമായി അടുക്കളയുടെ ക്യാബിനെറ്റുകളും വര്‍ക്ക് ടോപ്പുകളും പണിയും. പലതിനും മിനിമം/മാക്സിമം എന്ന വിധത്തില്‍ സ്റ്റാന്‍ഡേര്‍ഡ് അളവുകള്‍ ഉണ്ട്. കൊട്ടാര സദൃശ്യമായ സ്വീകരണമുറികളും മുറികളെക്കാള്‍ വിശാലമായ കുളിമുറികളും നിര്‍മ്മിച്ചവര്‍  തെന്നെയാണ് വിമാനത്തിന്‍റെ  ഇട്ടാവട്ട ടോയിലറ്റില്‍ കൌണ്ടര്‍ടോപ്‌ വാഷ്‌ബേസിനും ക്ലോസെറ്റും വേസ്റ്റ്ബാസ്കെറ്റും ടിഷ്യൂ ബോക്സും ക്രമപ്പെടുത്തിയത് എന്നോര്‍ക്കുക.

ഒരു സ്ഥലം ഇന്റീരിയര്‍ ഡിസൈനിങ്ങിനു തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും പരിഗണിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.

  • പ്രസ്തുത സ്ഥലം നിര്‍വഹിക്കുന്ന ധര്‍മ്മം. (Purpose of building)
  • ലഭ്യമായ സ്ഥലം. (Available space)
  • സൗകര്യം (Comfortability)
  • ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണമേന്മ (Quality of material)
  • ചിലവ് (Cost)
  • മനോഹാരിത (Aesthetic)
സാധാരണ പ്ലാനും നല്ലൊരു ഡിസൈനര്‍ തയ്യാറാക്കിയ പ്ലാനും തമ്മില്‍ വളരെ അന്തരമുണ്ട്. അത്  പലര്‍ക്കും പെട്ടന്ന് തിരിച്ചറിയാനാവില്ല. ബേസിക് പ്ലാനില്‍ പോലും ഫര്‍ണിച്ചറുകളുടെ സ്ഥാനം രേഖപ്പെടുത്തിയിരിക്കും. വീടിന്റെ ഫ്രെണ്ട് വ്യൂ  മനോഹരമാകണം എന്ന ചിന്ത മാത്രമുള്ളവര്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. ഓരോ മുറിയുടെയും മൂലകളില്‍നിന്നു വാതിലും ജനലും ഒഴിവാക്കി അലമാരയും മറ്റും മാര്‍ഗതടസമില്ലാതെ ക്രമീകരിച്ച രീതിയാവും പ്രസ്തുത പ്ലാനില്‍ അവലംബിച്ചിട്ടുണ്ടാവുക. എല്ലാ മുറിയിലെയും പ്രത്യേകിച്ച് ബെഡ്റൂമിലെ കട്ടിലിന്റെ സ്ഥാനവും കിടന്നു കൊണ്ട് ഓപ്പെറേറ്റ് ചെയ്യാവുന്ന ഇലക്ട്രിക് സ്വിച്ചുകളുടെ സ്ഥാനവും പൊക്കവും ആദ്യമേ തന്നെ മനസ്സില്‍ കാണുന്നു. ജനലിന്റെ സ്ഥാനം കട്ടിലിന്റെ തല ഭാഗത്ത് നിന്നും മുന്‍കൂട്ടി ഒഴിവാക്കിയാല്‍ ഉഷ്ണകാലത്ത് കള്ളന്മാരെ പേടിക്കാതെ നിലാവ് നോക്കി അല്പം കാറ്റും കൊണ്ട് ഉറങ്ങാം. 

ഇനി സ്വന്തം കഴിവില്‍ നല്ല ആത്മവിശ്വാസമുണ്ടെങ്കില്‍ ബഡ്ജെറ്റിന് ഇണങ്ങും വിധം സൌകര്യവും സൌന്ദര്യവുള്ള ഒരു വീട് നിങ്ങള്‍ക്കും കെട്ടിപ്പെടുക്കാവുന്നതേയുള്ളൂ. ഉപയോഗിക്കുന്ന വസ്തുക്കളുടെ വിലയേയും മേന്മയെയും കുറിച്ച് നല്ല ബോധ്യമുണ്ടായിരിക്കണം. ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍.
  • വളരെ ആലോചിച്ചും സമയമെടുത്തും പ്ലാന്‍ തയ്യാറാക്കുക. പണി തുടങ്ങിക്കഴിഞ്ഞാല്‍ പ്ലാനില്‍ മാറ്റങ്ങള്‍ അരുത്. നിര്‍മ്മാണത്തിനിടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പലവിധ അഭിപ്രായങ്ങള്‍  ഉയര്‍ന്നുവരിക സ്വാഭാവികമാണ്. അതിനു പിന്നാലെ പോയാല്‍ നിങ്ങളുടെ ഒരുപാട് നാളത്തെ ആലോചനയും നിരീക്ഷണങ്ങളും വെറുതെയാകും.  
  • പ്രാരംഭ ഘട്ടം മുതലേ ഒരു വിദഗ്ധനെ മേല്‍നോട്ടത്തിന്‌ ഉള്‍ക്കൊള്ളിക്കുക. ഈ മേഖലയില്‍ നമ്മേക്കാള്‍ പ്രവര്‍ത്തി പരിചയമുള്ളത്കൊണ്ട് മറ്റു വര്‍ക്ക് സൈറ്റുകളില്‍ സംഭവിച്ച സമാനമായ പാകപ്പിഴകള്‍ തരണംചെയ്യാന്‍ അയാള്‍ക്ക് സാധിക്കും.
  • കൂലി അല്പം കൂടിയാലും ലഭ്യമായ ഏറ്റവും പരിചയസമ്പന്നരായ പണിക്കാരേ മാത്രം ജോലി ഏല്‍പ്പിക്കുക. അല്ലാത്ത പക്ഷം ഏറ്റം വിലകൂടിയ ടയില്സോ ഗ്രനൈറ്റോ ബാത്ത്റൂം ഫിറ്റിങ്ങ്സോ അത്ഘടിപ്പിച്ചതിലെ അപാകതകൊണ്ട്‌ അഭംഗിയാകാം
നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളെയും ചേര്‍ത്ത് വിശദമായി പ്രതിപാദിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അത് പിന്നീടൊരു അവസരത്തിലാകാം. എന്‍റെ അഭിപ്രായത്തില്‍ അറിവില്ലായ്മയും പരിചയക്കുറവും മൂലം നമ്മള്‍ നഷ്ടപ്പടുത്തിക്കളയുന്ന പണത്തിന്റെയും സമയത്തിന്റെയും കണക്ക് നോക്കിയാല്‍ അത് ആര്‍ക്കിടെക്ടിന്‍റെ സേവനത്തിനായി വിനിയോഗിക്കുന്നതിലും വളരെയധികമായിരിക്കും. നമ്മുടെ അഭിരുചികളും ബഡ്ജെറ്റും കൃത്യമായി ബോധ്യപ്പെടുത്തി അയാളുടെ പരിചയസമ്പന്നതയും പ്രാഗത്ഭ്യവും ചൂഷണം ചെയ്യാനാണ് ശ്രമിക്കേണ്ടത്. എങ്കില്‍ തീച്ചയായും നിങ്ങളുടെ വീട് സ്വപ്നത്തിലേതു തന്നെയാവും.
***
(മഴവില്ല് മാഗസിനിന്‍റെ വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.
- ക്ലിക്കിയാല്‍ ഡൌന്‍ലോഡ് ചെയ്യാം )

5.4.13

തലമുറകള്‍


ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് രവി ജംഗ്ഷനില്‍ ബസ്സിറങ്ങിയത്. വീട്ടിലേക്കുള്ള അടുത്ത വണ്ടിയ്ക്ക്  ഇനി മുക്കാല്‍ മണിക്കൂര്‍ കാക്കണം. ദിവസവും യാത്രകള്‍. പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിലാണ്.

നിരത്തുകളിലും കടത്തിണ്ണകളിലും തിരക്കൊഴിഞ്ഞിരിക്കുന്നു. പള്ളിയും പള്ളിക്കൂടവും ബാങ്കും പഞ്ചായത്താപ്പീസും കൃഷിഭവനും ചന്തയും ഇട്ടാവട്ടത്തുള്ള തന്‍റെ ടൌണ്‍. മാര്‍ക്കറ്റിലെയും ഗവര്‍മെന്റ് ആഫീസുകളിലെയും ഇടപാടുകള്‍ തീര്‍ത്ത് ഉച്ചയൂണിനു മുന്‍പ് ആളുകളെല്ലാം വീടുപറ്റുക ഈ നാടിന്റെ  മാത്രം പ്രത്യേകതയാണ്. ഇനി തെരുവ് ഉണരണമെങ്കില്‍ നാലുമണിക്ക് കലപിലയുമായി സ്കൂള്‍ കുട്ടികളെത്തണം.

“ഹോ! എന്തൊരു ചൂടായിത്.” 
സാരിത്തലപ്പുകൊണ്ട് മുഖം തുടച്ച് പച്ചക്കറിയും പല വ്യഞ്ജനങ്ങളും  കുത്തിനിറച്ച തുണിസഞ്ചിയും തൂക്കി ഒരു സ്ത്രീ ആരെയോ പിരാകിക്കൊണ്ട് കടന്നുപോയി. ആയുസ്സിന്റെ നല്ലകാലം മരുക്കാറ്റിനോടോത്തു സഹവസിച്ച രവി അപ്പോഴാണ്‌ വെയിലിന്റെ  കാഠിന്യം ശ്രദ്ധിച്ചതുതന്നെ.

ഏതാനും നാളുകളായി  കണ്ടു പഴകിയതുകൊണ്ടാവാം ആരിൽ നിന്നും “എപ്പോള്‍ വന്നു? എന്നു പോണം?” തുടങ്ങിയ അരോചകങ്ങളായ കുശലാന്വേഷണങ്ങളില്ല. ദിവസങ്ങള്‍ക്ക് പഴയ വേഗതയില്ല. പണ്ട് അവധിക്ക് നാട്ടിലെത്തിയാല്‍ ബസ്സിന്റെ ടൈംടേബിള്‍ നോക്കാതെ ഓട്ടോ പിടിച്ചു വേഗം വീടു പറ്റുമായിരുന്നു. ഇന്ന് താന്‍ ഓരോ ചില്ലിക്കാശും അളന്നു തൂക്കുന്നു. എന്നാല്‍ നാട്ടില്‍ തുച്ഛമായ വേതനം പറ്റുന്നവര്‍പോലും പണം നിര്‍ലോഭം വലിച്ചെറിയുന്നു. തങ്ങളാണ് നാടിന്റെ പ്രതിച്ഛായ മാറ്റിയെന്ന് അഭിമാനിക്കുന്നവര്‍ പ്രവാസം കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ അമ്പരക്കുന്നു.

"ഹലോ രവി....” 
പരിചിതമായ ശബ്ദം. സ്റ്റേഷനറി ഗോപിക്കുട്ടനാണ്. അയാള്‍ക്കുമാത്രം ഒരു മാറ്റവുമില്ല. എന്നു കണ്ടാലും രണ്ടുവാക്ക് മിണ്ടാതിരിക്കില്ല. അയല്‍പക്കക്കാരനാണെങ്കിലും നിര്‍ഗുണനായ ഒരുവനുമായുള്ള സംസാരത്തിന് തനിക്ക് താത്പര്യമില്ല എന്നതാണ് സത്യം. പലപ്പോഴും തന്നെ മനപ്പൂര്‍വം ഒഴിവാക്കുന്നതാണെന്നു മനസിലാക്കുവാനുള്ള പ്രായോഗികബുദ്ധിപോലും പാവത്തിനില്ല എന്നതിലാണ് സഹതാപം.


നേരം പോകാന്‍ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്തതിനാല്‍ പഴകിയ കെട്ടിടത്തിന്‍റെ കോണില്‍ അപശ്ശകുനം പോലെ നില്‍ക്കുന്ന ആ കടയുടെ ചായ്പ്പിലേക്ക് കയറി. സിമിന്‍റ് പാകിയ വരാന്തയുടെ തറ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. ഷെല്‍ഫില്‍ അലക്‌ഷ്യമായി കിടക്കുന്ന കുറെ നോട്ടുബുക്കുകള്‍. സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി വാങ്ങി വെച്ചിരിക്കുന്ന പെന്‍സില്‍, പേന, കളര്‍ പെന്‍സില്‍, ഇന്‍സ്ട്രമെന്റ് ബോക്സ് തുടങ്ങിയ സാമഗ്രികളുടെ കാലപ്പഴക്കം ഒറ്റനോട്ടം കൊണ്ട് തിരിച്ചറിയാം. ഗ്ലാസിന്റെ മുട്ടായ് ഭരണികളില്‍ പൊടി പറ്റിപ്പിടിച്ചിരിക്കുന്നു. പണ്ടെങ്ങോ മച്ചില്‍ നിന്നും തൂക്കിയ നീല വലയുടെ നാരങ്ങാ കൂട മാറാല പിടിച്ചു കിടക്കുന്നു. ആകെ പൌരാണികതയുടെ മണം തങ്ങിനില്‍ക്കുന്ന കട ശീതളപാനീയങ്ങളുടെയോ അതോ സ്റ്റേഷനറിയോ എന്ന് ആര്‍ക്കും സംശയം തോന്നാം.


പേരുകേട്ട ചേന്ദമംഗലം തറവാട്ടിലെ പ്രമാണിയായ ശങ്കരന്‍നായരുടെ ഒറ്റ പുത്രന്‍ എന്തുകൊണ്ട് ഇങ്ങനെയായി എന്നത് സകലര്‍ക്കും അതിശയമാണ്. പെണ്ണുകെട്ടാന്‍ പ്രായമായപ്പോള്‍ മകന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവനാണ് എന്ന് വരുത്തുവാനാണ് കൌശലക്കാരനായ ശങ്കരന്‍നായര്‍ ടൌണില്‍  കടയിട്ടു കൊടുത്തത്. അല്ലാതെ വരുമാനം പ്രതീക്ഷിച്ചല്ല.

കുട്ടിക്കാലം മുതലേ നാലാള് കൂടുന്നിടത്ത് ചുറ്റി പറ്റി നില്‍ക്കാന്‍ ഗോപിക്കുട്ടന് ഇഷ്ടമാണ്. തോട്ടിക്കാല് പോലെ വളഞ്ഞുകുത്തിയ രൂപവും,  ചട്ടുകാലും, വിഡ്ഢിത്തങ്ങളും മൂലം എന്നും താനുള്‍പ്പെടുന്ന ചെറുപ്പക്കാരുടെ ഒരു നേരമ്പോക്കായിരുന്നു അയാള്‍. പ്രതാപശാലിയായ അച്ഛന്റെ പരിഹാസ്യനായ മകന്‍ എന്നത് വിരോധാഭാസം. ഇന്നു പ്രതാപമില്ല, ഭൂസ്വത്തില്ല, ശങ്കരന്‍നായരുമില്ല. എന്തൊരു വീഴ്ച !

തുരുമ്പിച്ച പച്ചനിറമുള്ള ഇരുമ്പു കസേരയില്‍ ഇരുന്ന് രവി ആ കടയുടെ കോലമാകെ നിരീക്ഷിച്ചു. ബിസ്സിനസ്സ് പച്ചപിടിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചിരിക്കണം. തൊട്ടടുത്ത കടകളിലെ തിരക്കുകള്‍ കണ്ട് ഒരുവിധപ്പെട്ട കച്ചവടമെല്ലാം പരീക്ഷിച്ചതിന്റെ പരിണിതഫലമാണ് ഈ കാണുന്നതൊക്കെ. പഴകിപ്പുഴുത്ത മധുരപലഹാരങ്ങളും സോഡാസര്‍ബത്തും മുട്ടായി ഭരണികളും പുറത്തെ എസ്. ടി. ഡി ബൂത്തും പരാജയത്തിന്റെ സ്മാരകങ്ങളായി നിലകൊള്ളുന്നു. 

 ആദ്യമായാണ്‌ താനവിടെ കയറുന്നത് എന്നോര്‍ത്ത്  രവിക്ക് അത്ഭുതം തോന്നി. തന്റെ മുന്നില്‍ നിസ്സാരനെന്നു തോന്നിയ ഒരുവനോടുള്ള അവജ്ഞ. അതിനപ്പുറം ഇയാള്‍ വിളിക്കുമ്പോഴൊക്കെ തിരക്കുപിടിച്ചു പായാനും മാത്രം എന്ത് മലമറിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിരുന്നത്‌? ഇന്നു ബസ്സ്‌ വരുന്നതുവരെ നേരം പോകാന്‍ മറ്റുമാര്‍ഗ്ഗമില്ലാത്തതുകൊണ്ട് എവിടെങ്കിലും അടിയേണ്ടത് തന്‍റെ ആവശ്യമാണ്. എങ്കിലും പണ്ട് ഈ സാധുവിനെ ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകാരുമൊത്ത് പരിഹസിച്ചതും അപമാനിച്ചതുമൊക്കെ മായാതെ മനസ്സിലുള്ളത് അലോസരപ്പെടുത്തുന്നു. അയാളതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ? പക ഉള്ളിലുള്ള  ഒരാള്‍ക്ക് ഇത്ര ഹൃദയവിശാലതയോടെ ഇടപെടുവാന്‍ സാധിക്കില്ല. 

സ്ഥാപനത്തിന്റെ പരിതാപകരമായ കിടപ്പിലേക്ക് കണ്ണോടിച്ചു കൊണ്ടിരുന്ന രവിയുടെ നോട്ടം ശ്രദ്ധിച്ച ഗോപിക്കുട്ടന്‍ പുഞ്ചിരിച്ചു. അല്പ നേരത്തേക്ക് ഇരുവരും സംസാരിച്ചില്ല. വല്ല സാമ്പത്തിക സഹായവും ചോദിക്കാനുള്ള പുറപ്പാടാണോ എന്നൊരു നിമിഷം രവി ഭയന്നു. പൊടുന്നനെ അയാളുടെ കണ്ണുകള്‍ നിറയുന്നതും മുഖം വിവര്‍ണ്ണമാകുന്നതും കണ്ടു. വിജനമായ നിരത്തിലേക്ക് മുഖം തിരിച്ച് അയാള്‍ സംസാരിച്ചു തുടങ്ങി.

"രവീ, തന്നെ കാണുമ്പോഴോക്കെ നമ്മുടെ കുട്ടിക്കാലം ഞാനോര്‍ക്കാറുണ്ട്‌. എന്‍റെ ജീവിതത്തില്‍ ആകെ ഞാന്‍ സന്തോഷിച്ച നിമിഷങ്ങള്‍ ആ കളിതമാശകളാണ്. ചേന്ദമംഗലത്തെ ശങ്കരന്‍നായരുടെ മകന് എന്തിന്റെ കുറവാണെന്ന് പലരും ചോദിക്കാറുണ്ട്. അച്ഛന്‍റെ തീരുമാനങ്ങളല്ലാതെ വീട്ടില്‍ മറ്റൊരു അഭിപ്രായമില്ലായിരുന്നു. നാട്ടുകാരുടെയും ബന്ധുക്കളുടെയും ഏത് ആഘോഷങ്ങള്‍ക്കും കാര്യക്കാരനായി അദ്ദേഹം ഉണ്ടാവും. അദ്ദേഹത്തിന്റെ പണവും സ്വാധീനവും കാര്യപ്രാപ്തിയും എല്ലാവരും സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ ആ വക ഗുണങ്ങളൊന്നും എനിക്ക് കിട്ടിയിട്ടില്ല. ഒരിക്കല്‍ പോലും ബന്ധുവീട്ടുകളിലോ മറ്റു ചടങ്ങുകള്‍ക്കോ എന്നെ കൊണ്ടുപോയിട്ടില്ല. ചട്ടുകാലനായ മകനെ പൊതുസമക്ഷം പ്രദര്‍ശിപ്പിക്കുന്നത് അദേഹത്തിന് അഭിമാനക്ഷതമായിരുന്നു. നാട്ടിലെ മറ്റു പ്രമാണിമാര്‍ക്കും മാറിവരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും മിക്കവാറും വീട്ടില്‍ വിരുന്നു സത്ക്കാരങ്ങളുണ്ടാവും. കുടിച്ചു കൂത്താടുന്ന സഭയിലേക്ക് സോഡയും സിഗരറ്റും എത്തിക്കുക എന്‍റെ ജോലിയായിരുന്നു. "കണ്ടില്ലേ ഒരുത്തന്‍, കാല്‍ക്കാശിനു വകയില്ലാത്തോന്‍. ഞൊണ്ടിക്കാലന്‍!" എന്നുപറഞ്ഞ് അവരുടെ മുന്‍പാകെ എന്നെ അധിക്ഷേപിക്കുക പതിവായിരുന്നു. ആദ്യമൊക്കെ ഞാന്‍ കരഞ്ഞു. പിന്നെ അതൊരു ശീലമായി. അതുകൊണ്ട് കൂട്ടുകാരും നാട്ടുകാരും കളിയാക്കുന്നത് എന്നെ വേദനിപ്പിച്ചിട്ടേയില്ല. പഠിക്കാന്‍ മണ്ടനായിരുന്നത് കൊണ്ട് എക്കാലവും വീട്ടില്‍ തന്നെ നില്‍ക്കേണ്ടി വന്നു. ഞാനൊരിക്കലും നല്ല കച്ചവടക്കാരനായിരുന്നില്ല. പാടത്ത് കൃഷി ചെയ്തു ജീവിക്കാമെന്ന വിശ്വാസം ഒരുകാലത്ത് എനിക്കുണ്ടായിരുന്നു. പക്ഷേ ഉത്സവവും വള്ളംകളിയും ധൂര്‍ത്തും കേസും കൊണ്ട് അച്ഛന്‍ ഉള്ളതു മൊത്തം വിറ്റുതുലച്ചു. നശിപ്പിച്ചതൊന്നും അദ്ദേഹം സമ്പാദിച്ചതല്ല. പാരമ്പര്യമായി  കൈമാറിക്കിട്ടിയ മുതലാണ്‌. ഇന്നു ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നില്‍ പോലും തലയുയര്‍ത്തി നില്‍ക്കാനാവാത്തത് കൊണ്ടാ സുഹൃത്തേ ഞാനീ ആളു കേറാത്ത പീടികയും തുറന്നിരിക്കുന്നത്."

തനിക്കറിയാവുന്ന ഗോപിക്കുട്ടനാണോ ഇതെന്ന് ഒരു നിമിഷം രവിക്ക് സംശയം തോന്നി. അയാള്‍ക്കും ഒരു നാക്കുണ്ടായിരുന്നോ? തന്റെ ഓര്‍മ്മയില്‍ ആരും അയാളെ സംസാരിക്കാന്‍ അനുവദിക്കുകയോ കേള്‍ക്കാന്‍ ക്ഷമ കാണിക്കുകയോ ചെയ്തിട്ടില്ല. അപ്പോഴും അയാള്‍ നിരത്തിലേക്ക് തന്നെ നോക്കി നില്‍ക്കുകയായിരുന്നു.

"അല്ലെങ്കിലും വലിയ കാര്യപ്രാപ്തിയുള്ള തന്തമാരുടെ സന്തതികള്‍ ഏതെങ്കിലും ചൊവ്വുള്ളതായി കണ്ടിട്ടുണ്ടോ? ചാകുന്നത് വരെ പണപ്പെട്ടിയും പവറും അവര് വെച്ചൊഴിയില്ല. പൊതു സമക്ഷത്ത് സ്വന്തം മകന്‍പോലും തന്നെക്കാള്‍ കേമനാകുന്നത്  അംഗീകരിക്കാനാവാത്ത പെരുന്തച്ചന്റെ ഗണത്തില്‍ പെട്ടവരാ ഇവരൊക്കെ. പിന്നെ തലമുറകള്‍ക്കു വേണ്ടി സമ്പാദിച്ചു വെക്കുന്നതും വെറുതെയാ. അധ്വാനിക്കാതെ കൈവരുന്ന മുതല്‍ അവര്‍ ധൂര്‍ത്തടിച്ച് നശിപ്പിക്കും " 


സ്വന്തം കുടുംബം നോക്കാതെ നാട് നന്നാക്കാനിറങ്ങിയ പല കാര്യക്കാരെയും വൈകല്യങ്ങള്‍ ഒന്നുമില്ലാഞ്ഞിട്ടും പരിഗണനയും സ്നേഹവും ലഭിക്കാതെ തന്നെപ്പോലെ ദുര്‍ഗതിയായ അവരുടെ മക്കളെയും അയാള്‍ ചൂണ്ടിക്കാട്ടി. പലതും സത്യമാണ്! 

ആ ഹൃദയത്തില്‍ കുഞ്ഞുനാളിലെ തറച്ച മുള്ളുകള്‍ എത്ര ആഴത്തിലാണ് മുറിവേല്‍പ്പിച്ചിരിക്കുന്നത്  എന്നോര്‍ത്ത് രവിക്ക് ഭീതി തോന്നി. പരിഹാസത്തിന്റെ ഒരായിരം മുള്ളുകള്‍ താനും സമ്മാനിച്ചിട്ടുണ്ട്. ഗോപിക്കുട്ടന് മാതമല്ല പലര്‍ക്കും! ആ നിമിഷം മുതല്‍ വല്ലാത്തൊരു കുറ്റബോധം അയാളെ വേട്ടയാടി. മനക്ലേശത്താല്‍ വിവശനായി ബസ്സ് കയറിയതും വീട്ടിലെത്തിയതും അറിഞ്ഞില്ല. ജീവിതത്തില്‍ ആദ്യമായി തന്നോടുതന്നെ പുച്ഛം തോന്നി. ഭാരം താങ്ങാനാവാതെ കാലുകള്‍ കുഴഞ്ഞ് കട്ടിലിലേക്ക് വീണു. 

താന്‍ ചതുപ്പിലെവിടെയോ വീണു പോകുന്നതും കഴുത്തോളം മുങ്ങിയപ്പോള്‍ ശ്വാസം കിട്ടാതെ കൈകാലിട്ടടിക്കുന്നതും സ്വപ്നംകണ്ട് നിശയുടെ പല യാമങ്ങളിലും അയാള്‍ ഞെട്ടിയെണീറ്റു. 

"ചേന്ദമംഗലത്തെ ആ ചട്ടന്‍ ഗോപിക്കുട്ടന്‍ ഇന്നലെ രാത്രി കെട്ടിത്തൂങ്ങി ചത്തു!"
രാവിലെ കാപ്പിയുമായി വന്ന അമ്മ പറഞ്ഞു. 

തനിക്കുള്ളിലെ രവി അതിനു മുന്‍പേ തൂങ്ങി മരിച്ചതിനാല്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അയാള്‍ വാവിട്ടുകരഞ്ഞു.
***

2.3.13

സാരഥി

“ഒരു സ്ത്രീയോട് ബന്ധപ്പെട്ടു കഴിഞ്ഞാലുടന്‍ നിങ്ങളുടെ സ്വാതന്ത്ര്യം മുഴുവനും നശിക്കും. നിങ്ങളുടെ ആശയും യുക്തിയും നിങ്ങള്‍ക്കൊരു ഭാരമായി തീരും. പശ്ചാത്താപം നിങ്ങളെ കാര്‍ന്നുതിന്നു നശിപ്പിക്കും. സ്ത്രീ...സ്ത്രീ.. അവളെന്താണെന്നറിയുമോ? അഹന്ത, അന്തസാരശൂന്യത, അല്പത്വം, ലാഘവബുദ്ധി ഇവയെല്ലാം കൂടിച്ചേര്‍ന്നതാണവള്‍. അരുത് ചങ്ങാതി അരുത്. ഒരിക്കലും വിവാഹം കഴിക്കരുത്!”

ഹ! ഹ! ഹ! ഞാന്‍ പൊട്ടിച്ചിരിച്ചു.

"എന്തേ സുഹൃത്തേ? ഇത് എന്‍റെ വാക്കുകളല്ല. മഹാനായ ടോള്‍സ്റ്റോയ്‌ എഴുതിയതാണ്. സംശയമുണ്ടെങ്കില്‍ “യുദ്ധവും സമാധാനവും”എടുത്തു നോക്കൂ".

ഞാന്‍ പുസ്തകം വായിക്കാറില്ല. എനിക്കതില്‍ കൌതുകം തോന്നിയിട്ടുമില്ല. സ്കൂളിലും കോളേജിലും പാഠപുസ്തകങ്ങൾ, ഇപ്പോള്‍ ചില പത്രങ്ങൾ, വായന അത്രമാത്രം.


"ഓ, എങ്കില്‍ വിട്ടേക്കൂ, എനിക്ക് ബിരുദങ്ങളില്ല. ഞാന്‍ കോളേജില്‍ പോയിട്ടുമില്ല".

ആശ്ചര്യത്തോടും തെല്ലു സംശയത്തോടും ഞാനൊന്നു പാളിനോക്കി. അധികം പഠിക്കാത്ത ഒരാള്‍ എന്തു തന്മയത്വത്തോടെയാണ് വിവിധ വിഷയങ്ങളില്‍ അഭിപ്രായം പറയുന്നത്. എതിര്‍ക്കാന്‍ കഴിയാത്ത, എന്നാല്‍ വെറുപ്പുളവാക്കാത്ത വാദമുഖങ്ങൾ. വ്യക്തികളെ എങ്ങനെ മുഖംനോക്കി വിലയിരുത്തുവാന്‍ കഴിയും? ഓരോ മനസ്സുകളിലും എന്തൊക്കെ നിഗൂഡതകളാണ് ഒളിഞ്ഞിരിക്കുന്നത്?


മഴയുടെ പാടുകള്‍ റോഡില്‍നിന്നു മാഞ്ഞിട്ടില്ല. മലയുടെ ഇറക്കം, ഹെയര്‍പിന്‍ വളവുകളില്‍ വേഗത ചോര്‍ന്നുപോകാതെ ബ്രേക്കില്‍ കാലമര്‍ത്തി സൂക്ഷ്മതയോടെയാണ് ഞാന്‍ ബൈക്ക് പായിക്കുന്നത്‌. ഒറ്റക്കുള്ള യാത്രകള്‍, വിജനമായ വഴിയിലൂടെ വെളുപ്പാന്‍കാലത്തെ ഡ്രൈവിംഗ്, തണുത്ത കാറ്റ്, ചെറിയ ചാറ്റല്‍മഴ ഒക്കെ സുഖമുള്ള ഏര്‍പ്പാടാണ്. വഴിക്കച്ചവടക്കാരന്‍ മുനിയാണ്ടിയുടെ കുരുമുളക് കാപ്പിയും കുടിച്ച് മൂന്നാറില്‍ നിന്നു വിട്ടിട്ട് രണ്ടു മണിക്കൂറായി. ഇപ്പോള്‍ മണി നാലോടടുക്കുന്നു. അടിവാരത്തൊരു സര്‍ക്കാര്‍ വണ്ടി ടയര്‍ പൊട്ടി വഴിയാധാരമായി കിടപ്പുണ്ട്. അവിടെ നിന്നും അരക്കിലോമീറ്റര്‍ അകലെ വഴിവക്കത്തുനിന്നും കിട്ടിയതാണ് പിന്നിലിരിക്കുന്ന ഈ വിദ്വാനെ. ചുമലില്‍ ബാഗും തൂക്കി മൂടിപ്പുതച്ചു നീങ്ങിയ സത്വത്തെ കൊളുന്ത് നുള്ളാന്‍ പോകുന്ന ഏതോ തോട്ടം തൊഴിലാളിയാണെന്നാണ് ആദ്യം കരുതിയത്‌.


അപരിചിതരോട് സാധാരണ വാക്കുകള്‍ പിശുക്കിയെ താന്‍ ഉപയോഗിക്കാറുള്ളൂ. പക്ഷേ ഇന്നു തനിക്കെന്തു സംഭവിച്ചു? ഇയാളെ അളന്നിടത്തോളം സമാന ചിന്താഗതിക്കാരനും സരസനുമാണ്. എറണാകുളം വരെയുള്ള യാത്ര വിരസമാവില്ല. കാറ്റിനെ കീറിമുറിച്ച് പായുമ്പോള്‍ സംഭാഷണത്തിലെ രസച്ചരട് പൊട്ടി വാക്കുകള്‍ അവ്യക്തമാകുന്നതിനാല്‍ ഹെല്‍മറ്റ് ഊരിമാറ്റി ചെവിയോര്‍ത്തു.

നാട്, വീട്, ജോലി, എന്നിവയെക്കുറിച്ച് ഒന്നും പറഞ്ഞില്ല?
കൌതുകത്തോടെ അടക്കി വെച്ചിരുന്ന അനൌപചാരിക വര്‍ത്തമാനങ്ങളുടെ കെട്ടു ഞാന്‍ പൊട്ടിച്ചു.

“എന്തുകൊണ്ട് ഈനേരമത്രയും അതിനെപ്പറ്റി താങ്കള്‍ ആരാഞ്ഞില്ല എന്നോര്‍ത്ത് ഞാന്‍ അതിശയിക്കുകയായിരുന്നു. വാസ്തവത്തില്‍ അപരനെ ഇഴകീറി പരിശോധിക്കുവാനാണ് ഏവര്‍ക്കുമിഷ്ടം! മതമേത് എന്നുകൂടി അറിഞ്ഞാല്‍ വളരെ നന്ന്. ചോദ്യങ്ങളും മറുപടികളും അതിനിണങ്ങും വിധം ക്രമീകരിക്കാമല്ലോ. പക്ഷേ നിങ്ങളോട് ഉള്ളുതുറന്നു സംസാരിക്കാന്‍ എനിക്കീ വ്യക്തിഗത വിശദാംശങ്ങളുടെയോന്നും ആവശ്യമില്ല."

അപ്പോള്‍ നിങ്ങള്‍ യുക്തിവാദിയാണോ?

"മനുഷ്യന് അപ്രാപ്യമായ ഏതോ ശക്തിയുണ്ട് എന്ന് ഞാന്‍ കരുതുന്നു. പക്ഷേ മതങ്ങളില്‍ വിശ്വസിക്കുന്നില്ല.സമൂഹത്തിലെ തരംതിരുവുകള്‍ സമ്പത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതുകൊണ്ട് ലോകത്തില്‍ ആകെ രണ്ടേ രണ്ടു മതങ്ങളെയുള്ളൂ. പണം ഉള്ളവന്റെയും ഇല്ലാത്തവന്റെയും."

സുഹൃത്ത് ഒരു കമ്യൂണിസ്റ്റ് ആണല്ലേ?

"അത് കൊള്ളാമല്ലോ! താങ്കളുടെ നിരീക്ഷണത്തില്‍ നിരീശ്വരവാദിയല്ലാത്തവനും ആ വര്‍ഗ്ഗത്തില്‍ പെടും!പാവപ്പെട്ടവനും അവരുടെ പക്ഷം ചേര്‍ന്ന് സംസാരിക്കുന്നവരുമൊക്കെ കമ്യൂണിസ്റ്റ് ആണെങ്കില്‍ ഇന്ത്യാ മഹാരാജ്യത്തെ ഭൂരിപക്ഷം മറ്റാരുമാകില്ല. 

അതൊക്കെ അവിടെ നില്‍ക്കട്ടെ, ഏകപക്ഷീയമായ ഈ വിചാരണ അറുബോറാണ് മിസ്റ്റർ. നിങ്ങള്‍ക്ക് താല്പര്യമുള്ള, നമ്മള്‍ സംസാരിച്ചു തുടങ്ങിയ പ്രേമത്തിലേക്ക് വരാം. താങ്കള്‍ ഊര്‍ജ്ജസ്വലനും സന്തോഷവാനുമായിരിക്കുന്നത് വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന ഒരു പെണ്‍കുട്ടിയുള്ളതുകൊണ്ടാണ്. വൃദ്ധയും വിധവയുമായ അമ്മയെ കാണാന്‍ എന്നതിലും ആകാംക്ഷയോടെ അവള്‍ക്കുവേണ്ടി ഈ ദൂരമത്രയും താണ്ടി ആഴ്ചതോറും നിങ്ങള്‍ നാട്ടിലെത്തുന്നു. എം.ബി.എ ബിരുദധാരിയായ ഒരാള്‍ക്ക് ഈ എസ്റ്റേറ്റ് സൂപ്പര്‍വൈസര്‍ തസ്ഥികയെക്കാള്‍ മികച്ച തൊഴിലവസരങ്ങളുണ്ടായിട്ടും സംസ്ഥാനം പോലും വിട്ടുപോകാന്‍ മടിക്കുന്നു. അതാണ്‌ ഞാന്‍ പറഞ്ഞ സ്ത്രീ.......... ഹ! ഹ"

ഏയ്, ആക്ഷേപിക്കാന്‍ വരട്ടെ. മോശമല്ലാത്തൊരു ജോലിയുണ്ട്, അതില്‍ ഞാന്‍ സംതൃപ്തനാണ്. സമാധാനവും സന്തോഷവും നിറഞ്ഞ ഒരു കുടുംബ ജീവിതത്തെക്കാള്‍ വലിയ സ്വപ്നങ്ങളൊന്നും എനിക്കില്ല. പിന്നെ നാട് നന്നാക്കാനായി എല്ലാവര്ക്കും വീട് ഉപേക്ഷിച്ച് ഇറങ്ങാനൊക്കുമോ? അതിനല്ലേ നമ്മള്‍ക്ക് രാഷ്ട്രീയക്കാരും നേതാക്കളും?

"രാഷ്ട്രീയം! കൂണുപോലെ മുളച്ചു പൊങ്ങുന്ന കുറെ പാര്‍ട്ടികളല്ലാതെ ജനാധിപത്യം കൊണ്ട് നാം എന്ത് നേടി? ഭരണ ചക്രങ്ങള്‍ എക്കാലവും ഉരുളുന്നത് അവശരായവരെ ചവിട്ടിയരച്ചുകൊണ്ടാണ്. സര്‍ക്കാര്‍ സംവിധാനങ്ങളും, നീതിന്യായവ്യവസ്ഥിതിയും ആ പല്‍ചക്രത്തിന്റെ പല്ലുകള്‍ മാത്രമാണ്."

അങ്ങനെയല്ല, രാഷ്ട്രീയ നേതാക്കള്‍ക്കാണ് അതിനുള്ള ചുമതല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.

"അവിടെയാണ് പ്രശ്നം സോദരാ. സാധാരണക്കാരായ ആളുകള്‍ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു. ഞാന്‍ , എന്‍റെ കുടുംബം എന്ന രീതിയില്‍ ഓരോരുത്തരും ഓരോ തുരുത്തുകളായി മാറ്റപ്പെടുന്നു. പ്രത്യേകിച്ച് സ്ത്രീകൾ. സ്വാര്‍ത്ഥതനിറഞ്ഞ സ്നേഹംകൊണ്ട് അവര്‍ പുരുഷന്മാരെ വീര്‍പ്പുമുട്ടിക്കുന്നു. ലോകം മുഴുവന്‍ നിറയുന്ന, വഞ്ചികള്‍ക്ക് അടുക്കാന്‍ കടവുകളില്ലാത്ത അനേകം ചെറു ദ്വീപുകളായി നമ്മള്‍ മാറിക്കൊണ്ടിരിക്കുന്നു. കേരളത്തിന്റെ ഇന്നത്തെ പരിതസ്ഥിതിയില്‍ ആര്‍ക്കും ആരെയും ആശ്രയിക്കാതെ ജീവിക്കുവാനുള്ള സാമ്പത്തിക ചുറ്റുപാട് ഉണ്ട്. ആ അവസ്ഥകണ്ട് ഭാരതത്തെ വിലയിരുത്തരുത്‌. 
താങ്കള്‍ യാത്ര ചെയ്തിട്ടുണ്ടോ?"

ഇല്ല. കേരളത്തിനു വെളിയില്‍ കോയമ്പത്തൂര്‍ വരെ മാത്രം. അതും പഠിക്കുവാനായി.

"കഷ്ടം! ഞാന്‍ ഒരുപാട് അലഞ്ഞിട്ടുണ്ട്. മരുഭൂമിയുടെ ഭീകരമായ വിജനതയും കാടിന്‍റെ നിഗൂഡമായ വന്യതയും നടന്നു കണ്ടിട്ടുണ്ട്. മഞ്ഞിലും മരവിക്കുന്ന തണുവിലും കൈലാസശൈലങ്ങളില്‍ മുനിമാരുടെ മന്ത്രധ്വനികള്‍ കേട്ടുണര്‍ന്ന പുലര്‍കാലങ്ങള്‍ ഞാനോര്‍ക്കുന്നു."
 
ഓഹോ, ജിപ്സി ലൈഫ്! പെണ്ണുകെട്ടാത്തത് ഏതായാലും നന്നായി. അപ്പോള്‍ യാത്രചെയ്യാനും ഭക്ഷണം കഴിക്കാനും താമസത്തിനും നിങ്ങള്ക്ക് പണം വേണ്ടേ?

"യു.പി.യിലും, ബംഗാളിലും, ബീഹാറിലും, പഞ്ചാബിലും, ജാര്‍ഘണ്ടിലും കണ്ടുമുട്ടിയ പല നല്ല മനുഷ്യരോടൊപ്പം അവരുടെ തൊഴില്‍തന്നെ ചെയ്ത് അവരിലൊരാളായി താമസിച്ചു. ഫാക്ടറി തൊഴിലാളികളോടൊപ്പം വിയര്‍പ്പിന്റെ മുഷിഞ്ഞ ഗന്ധം തങ്ങിനില്‍ക്കുന്ന കമ്പനികളില്‍ , മരണം പതിയിരിക്കുന്ന കല്‍ക്കരിപ്പാടങ്ങളില്‍, വരണ്ട നിലങ്ങളില്‍ ഉഴുതും വിതച്ചും നനച്ചും കൃഷിക്കരോടൊപ്പം. രണ്ടു വര്‍ഷത്തിലധികം എങ്ങും തങ്ങാതെ കണ്ടും അനുഭവിച്ചുമറിഞ്ഞ അനേകം ജീവിതങ്ങൾ."

ഈ കാലത്തിനിടെ ഒരിക്കല്‍പോലും നിങ്ങള്‍ക്ക് ഒരു സ്ത്രീയോടും അഭിനിവേശം തോന്നിയിട്ടില്ലേ?

"നല്ല ചോദ്യം! ഏത് പ്രായക്കാരനെയും പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവനെയും മതവിശ്വാസിയേയും തര്‍ക്കമില്ലാതെ ഏകോപിപ്പിക്കുന്ന ഏക വിഷയം. സ്ത്രീ!..ഹ..ഹ! 
താമസിച്ച അനേകയിടങ്ങളില്‍ സുന്ദരികളായ സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അടുത്തിടപഴകിയിട്ടുമുണ്ട്. ലക്‌ഷ്യം ഇതല്ലന്ന് മനസ്സ് മന്ത്രിക്കുന്നിടത്തോളം കാലം ആ പ്രയാണത്തിനു വിഘാതമാകുന്ന എല്ലാ ബന്ധങ്ങളെയും സുഖ സൌകര്യങ്ങളെയും വഴിയില്‍നിന്ന് അകറ്റി നിര്‍ത്തി എന്നേയുള്ളൂ.

"തേര് തെളിക്കാന്‍ തുടങ്ങിയിട്ട് ഏറെ നേരെമായില്ലേ സാരഥി. ഇനി കൃഷ്ണന്‍ തെല്ലു വിശ്രമിക്കൂ. അല്പനേരം പാര്‍ത്ഥന്‍ നയിക്കാം" 

അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

‘ശരി അങ്ങനെയാകട്ടെ അർജ്ജുനാ'

സന്തോഷപൂര്‍വ്വം ഞാന്‍ ബൈക്കിന്‍റെ പിന്‍സീറ്റിലേക്ക് പിന്‍വാങ്ങി.

"എങ്കില്‍ ഈ ഭാരമേറിയ ഗാണ്ഡീവം കൂടി ഏറ്റു വാങ്ങൂ തോഴാ" 

ഞാന്‍ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ തോളിലെ ബാഗ് വാങ്ങി മടിയില്‍ വച്ചു. ശരവേഗത്തില്‍ വണ്ടി പാഞ്ഞു. മല മടക്കുകളുടെ ഓരം ചേര്‍ന്നു വെട്ടിയ ടാര്‍റോഡിന്‍റെ ഇടതുവശം മുഴുവന്‍ ഇടതൂര്‍ന്ന തേയിലത്തോട്ടങ്ങൾ.വലതുവശം വനനിബിഡമായ കിഴുക്കാംതൂക്കായ കൊക്കകൾ. കാഴ്ചക്ക് തടസമായി മാറിമറിഞ്ഞ് കോടമഞ്ഞിന്റെ കുസൃതികൾ. വളരെ ഉയരത്തിലെ വളവില്‍ റോഡ്‌ പെട്ടന്ന് അവസാനിക്കുകയാണോ അതോ ആകാശത്തിലേക്ക് ചാഞ്ഞു കയറുകയാണോ എന്ന് തോന്നും വിധം മുന്നില്‍ മേഘപാളികൾ. അവക്കിടയിലൂടെ പുലർ വെളിച്ചം ഇടക്കിടെ എത്തിനോക്കുന്നുണ്ട്. 

വളവിനു മുന്‍പിലായി നിര്‍ത്തിയിട്ട ഒരു ജീപ്പിനു മുകളില്‍ മിന്നുന്ന ചുവന്ന വെട്ടം. രണ്ടു പോലീസുകാര്‍ റോഡിലേക്കിറങ്ങി നില്‍പ്പുണ്ട്. ഹെല്‍മറ്റ് പരിശോധനയാവാം. കുറച്ചകലെയായി വട്ടത്തൊപ്പിയും യൂണിഫോമും ധരിച്ച സായുധരായ ചില പോലീസുകാരും. ഏതോ വി.ഐ.പി ക്ക് വഴിയൊരുക്കാന്‍ വേണ്ടി നിലയുറപ്പിച്ചതുമാവാം.

ജീപ്പിനോട് അടുക്കുന്തോറും ബൈക്കിന്റെ വേഗത കുറഞ്ഞു. പോലീസുകാര്‍ ഞങ്ങളെ ലക്ഷ്യമാക്കി നടന്നടുത്തു. അര്‍ത്ഥശങ്കയോടെ സുഹൃത്ത് രണ്ടുവട്ടം തിരിഞ്ഞ് എന്നെ നോക്കി. ഇടതുകൈ കൊണ്ട് ഹാന്‍ഡില്‍ നിയന്ത്രിച്ച്‌ വലതു കൈമുട്ട്കൊണ്ട് പൊടുന്നനെ എന്‍റെ മൂക്കിന് ആഞ്ഞിടിച്ചു! അപ്രതീക്ഷിത പ്രഹരത്തില്‍ നിലതെറ്റി പിന്നോക്കം മറിഞ്ഞ് ഞാന്‍ റോഡില്‍ വീണു. വിസിലടി ശബ്ദം! ബൈക്കിന്റെ ആക്സിലേറ്ററിന്റെ മുരള്‍ച്ച. ഇരമ്പിയാര്‍ക്കുന്ന മറ്റൊരു വാനില്‍ ഒരു പറ്റം പോലീസുകാർ. അല്ല കമാന്‍ഡോകൾ!

തലയിലെ മുറിവില്‍നിന്നും ചോര വാര്‍ന്നോലിച്ചു ബോധം മായുംമുന്‍പ് ചിറകു വിരിച്ചൊരു ചെമ്പന്‍ കുതിരമേലേറി അര്‍ജ്ജുനന്‍ കൌരവപ്പടയുടെ വ്യൂഹം ഭേദിച്ച്, പറന്നുയര്‍ന്ന് പഞ്ഞിക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്നത് ഞാന്‍ കണ്ടു. പിന്നാലെ എണ്ണമറ്റ വെടിയൊച്ചകളും!

*******

ഭാരമുള്ള ഇരുമ്പ് പാളികളാല്‍ പണിത കൂറ്റന്‍ ഗേറ്റിന്റെ കിളിവാതില്‍ എന്‍റെ പിന്നില്‍ ഞരക്കത്തോടെ അടഞ്ഞു. വലിയ മതില്‍ കെട്ടുകള്‍ക്കുള്ളിലെ കഴിഞ്ഞ കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു കണ്ണോടിക്കുവാന്‍ ഒരു തടവുപുള്ളിയും ഇഷ്ടപ്പെടാറില്ല. മുന്‍പില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന അനന്തമായ സ്വാതന്ത്ര്യത്തിലെക്കാണ് അവനെ ഓരോ കാലടികളും നയിക്കുക. 


ഇന്റലിജന്‍സ് ബ്യൂറോയുടെ ചോദ്യം ചെയ്യല്‍, വിചാരണ, തെളിവെടുപ്പ്, കോടതി, ജയില്‍വാസം. നീണ്ട ഒന്‍പതു വര്‍ഷങ്ങൾ. നാട് വിട്ടുള്ള ആദ്യ യാത്ര അങ്ങനെ ഡല്‍ഹിയിലേക്ക്. എങ്കിലും ജയില്‍ജീവിതം തന്നെ ഏറെ മാറ്റിയിരിക്കുന്നു. മനുഷ്യന്‍ ഏകനായിരിക്കുന്നത് നല്ലതാണ്. ഉള്‍ക്കണ്ണ് തുറക്കും. ചിന്തകള്‍ക്ക് കനം വെയ്ക്കും. പുതിയ അറിവുകള്‍, ബന്ധങ്ങള്‍, കാഴ്ചപ്പാടുകള്‍!

തന്നെ തടവറയിലേക്ക് തള്ളുവാന്‍ സാഹചര്യ തെളിവുകള്‍, പിസ്റ്റള്‍ ഒളിപ്പിച്ച ബാഗ്, ചില ചെറു കുറിപ്പുകള്‍ ഇവയൊക്കെ ധാരാളം മതി എന്ന് വിധിയെഴുതിയവര്‍ സാക്ഷികളും മതിയായ തെളിവുകളും ഇല്ലെന്ന പേരില്‍ ഇന്നു തന്നെ കുറ്റവിമുക്തനാക്കിയിരിക്കുന്നു! ഇതുവരെ അന്വേഷിച്ച് ആരും വന്നിട്ടില്ല. നാടുവിട്ടു പഠിക്കാന്‍ പോയ കാലത്തെ ബന്ധങ്ങളെക്കുറിച്ച് നാട്ടുകാരിലാരൊക്കെയോ അടക്കം പറഞ്ഞു. ജോലി ചെയ്ത കമ്പനി കൈമലര്‍ത്തി. ഇനി ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. മകന്‍ രാജ്യ ദ്രോഹിയാണെന്ന് അറിഞ്ഞ് നെഞ്ചു പൊട്ടിയാണ് അമ്മ മരിച്ചത്. കാത്തിരിക്കാന്‍ കാമുകിയില്ല. തന്‍റെ ഭൂതകാലം പോലും പീഡന കാലങ്ങള്‍ക്കിടയിലെപ്പോഴോ മാഞ്ഞുപോയിരുന്നു.

വഴിവക്കില്‍ കാത്തുകിടന്ന റിക്ഷാവാല റയില്‍വേ സ്റ്റേഷന്‍ എന്ന് വിളിച്ചു കൂവി. തനിക്ക് തിടുക്കമില്ല. നടക്കുക തന്നെ. ചുരുട്ടിപ്പിടിച്ച പ്ലാസ്റ്റിക് ബാഗിലെ പുസ്തകങ്ങള്‍ക്കുള്ളില്‍ സെല്ലിലെ ചാറ്റര്‍ജി രഹസ്യമായി തിരുകി വെച്ചുതന്ന വിലാസം ഒരാവര്‍ത്തി കൂടി നോക്കി. സുഖ്ദേവ് ത്രിപാഠി ബംഗാളിലെ ഏതോ കുഗ്രാമത്തിലാവാം. പുസ്തകം തിരികെ വെക്കുമ്പോള്‍ അതില്‍ മടക്കി സൂക്ഷിച്ചിരുന്ന മഞ്ഞനിറമുള്ള വര്‍ഷങ്ങള്‍ പഴകിയ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിലെ ചെറിയ കോളം തലക്കെട്ട്‌ ഒരാവര്‍ത്തികൂടി വായിക്കാതിരിക്കാനായില്ല.


"മാവോയിസ്റ്റ്‌സ് ഓപ്പറേഷന്‍ നിയര്‍ കേരളാ ഫോറസ്റ്റ്, വണ്‍ ഷോട്ട് ഡെഡ് വൈല്‍ എസ്കെപ്പിംഗ്"

ഇലപൊഴിച്ച വേനല്‍മരങ്ങള്‍ക്കിടയിലൂടെ വെയില്‍ ചിതറി വീണു. എന്‍റെ, അല്ല കൃഷ്ണന്റെ കണ്ണുകളിലെ തീയുടെ ചൂടില്‍ സൂര്യന്‍ തെല്ലുനേരം ചൂളിനിന്നു. വെള്ളി മേഘങ്ങള്‍ക്കിടയില്‍ ചിറകുള്ള ചെമ്പന്‍ കുതിരമേലിരുന്ന് അര്‍ജ്ജുനന്‍ മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.

"വേഗം വരൂ സാരഥി, എണ്ണമറ്റ അശ്വങ്ങളെ പൂട്ടിയ നമ്മുടെ തേര്‍ തെളിക്കാൻ.”

***

9.1.13

ജീവനൊഴുകുന്ന വീഥികള്‍

നാടുവിട്ടു പുറത്തുപോയി കൊള്ളാവുന്ന ചുറ്റുപാടുകളൊക്കെ കണ്ടു മടങ്ങിയെത്തിയ പലരും നമ്മുടെ നിയമങ്ങളെയും അടിസ്ഥാന വികസനത്തെയും സംവിധാനങ്ങളെയും പുച്ഛിച്ചു കുറ്റം പറയുന്നത് അത്ര പുതിയ കാര്യമൊന്നുമല്ല. പണ്ട് ചായക്കടയിലും കലുന്ങ്കിലും ഇരുന്ന് വിടുവായടിച്ചിരുന്ന ജവാന്മാരുടെ പിന്മുറക്കാരനായി കേള്‍ക്കാനും  ഖണ്ഡിക്കാനും ചുറ്റും പറ്റിയ ആണുങ്ങള്‍ ഇല്ലെന്നുറപ്പുള്ളപ്പോള്‍ പല ഡയലോഗുകള്‍ ഞാനും വെച്ചുകാച്ചിയിട്ടുണ്ട്.

ഒരിക്കലും തീര്‍പ്പാകാത്ത പ്രശ്നങ്ങളാണ് ഗതാഗത സൌകര്യം, റോഡുകളുടെ ശോച്യാവസ്ഥ, ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ തുടങ്ങിയവ. ഇടുങ്ങിയ റോഡില്‍ പിടിവിട്ടു പായുന്ന വണ്ടികളെയും ലെവെലില്ലാത്ത ഡ്രൈവര്‍മാരെയും ഉള്‍ക്കിടിലത്തോടെയെ ദിനവും നോക്കിക്കാണുവാനൊക്കൂ.

നമ്മുടെ നിരത്തുകള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തതില്‍ അധികം വാഹനങ്ങളുണ്ട് എന്നത് വിസ്മരിച്ചുകൂടാ. അതിനു വ്യക്തമായ കാരണവുമുണ്ട്. രാജ്യത്തിന്റെ വളര്ച്ചയ്ക്കാനുപാതികമായി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നു, വാങ്ങുവാനുള്ള ആസ്തി കൂടി. ലോകമെമ്പാടുമുള്ള വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയുടെ അനന്ത സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് ഇവിടെയ്ക്ക് ചേക്കേറുമ്പോള്‍ വരും കാലങ്ങളിലെ ഏക പോംവഴി റോഡ്‌ വികസനം മാത്രമാവും എന്ന് തീര്‍ച്ച. ഉദാഹരണമായി, പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്ന കൊച്ചു പട്ടണത്തില്‍ ഒരാള്‍ക്ക് രണ്ടര വാഹനം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആളോഹരി അടിസ്ഥാനത്തില്‍ കേരളത്തില്‍ ഏറ്റം വാഹന സാന്ദ്രതയുള്ള സ്ഥലവും ഇതുതന്നെയാണ്.

നാഷണല്‍ ഹൈവേക്ക്‌ വീതി കൂട്ടണം എന്ന വിഷയം കേരളത്തില്‍ ഇന്നും കീറാമുട്ടിയായി തന്നെ കിടക്കുന്നു. മറ്റു സംസ്ഥാനങ്ങള്‍ അംഗീകരിച്ചു നടപ്പാക്കിയ അറുപതു മീറ്റര്‍ നാലുവരിപ്പാത നാല്പ്പത്തഞ്ചായി ചുരുക്കിയിട്ടും പാവക്കപോലെ നീണ്ട കേരളത്തിനു റോഡ്‌ വികസനം പാരയായി നില്‍ക്കുന്നു. അടിസ്ഥാന നഗര വികസനത്തില്‍ പ്രാഥമിക സ്ഥാനം നിരത്തുകള്‍ക്ക് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. പലയിടത്തും സ്ഥലമളക്കലും അക്വസിഷന്‍ നടപടികളും തുടങ്ങിയെങ്കിലും വീടുകളും ആരാധനാലയങ്ങളും വ്യാപാര സമുച്ചയങ്ങളും കൊണ്ട് നിബിഡമായ ഹൈവേക്ക്‌ ഇരുപുറവും പൊന്നുംവില കൊടുത്ത് വാങ്ങുക എന്നത് സര്‍ക്കാരിനു ഭീമമായ സാമ്പത്തിക ബാധ്യതയും, കുടിയൊഴിപ്പിക്കല്‍ പൊളിച്ചു നീക്കല്‍ തുടങ്ങിയവ അതിനേക്കാള്‍ ഭീകരമായ പ്രക്ഷുബ്ധാവസ്ഥയും സൃഷ്ടിക്കും എന്ന ആശങ്ക നിലനില്‍ക്കുന്നു. 

പല രാജ്യങ്ങളിലും പരീക്ഷിച്ചു വിജയിച്ച റോഡുകള്‍ക്ക് സമാന്തരമായ നെടുനീളന്‍ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ച്‌ മാത്രമേ ഇലക്കും മുള്ളിനും കേടില്ലാതെ സംഗതി പരിഹരിക്കാനാവൂ. നൂറുകോടി ജനങ്ങളുള്ള ഒരു വികസ്വര രാജ്യത്തിന്‍റെ സംസ്ഥാന ബജറ്റ് വിഹിതം കൊണ്ട് മാത്രം ഇതുപോലെയുള്ള വികസന സ്വപനം കാണുന്നത് വിഡ്ഢിത്തമാവും. അതേസമയം നമ്മുടെ നാട്ടില്‍ സ്വകാര്യ കമ്പനികളെക്കൊണ്ട്  മുതല്‍മുടക്കിച്ച് പദ്ധതി നടപ്പിലാക്കി, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടോള്‍പിരിച്ച് ലാഭം തിരികെയെടുക്കുന്ന കരാര്‍ വ്യവസ്ഥകള്‍ക്ക് ജനപക്ഷത്തു നിന്നുള്ള സ്വീകാര്യത ഉറപ്പുവരത്താന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലെ പാലങ്ങളും ടണലുകളും ഉള്‍പെടുന്ന വമ്പന്‍ ഹൈവേകള്‍,  ഫുട്ബോള്‍ സ്റ്റേഡിയങ്ങള്‍, വാഹന പാര്‍ക്കിംഗ് ലോട്ടുകള്‍ തുടങ്ങിയവ ഇന്നും സാക്ഷാത്ക്കരിക്കുന്നത് പ്രസ്തുത രീതിയിലാണ്. വികസനങ്ങള്‍ ജനക്ഷേമത്തിനു വേണ്ടിയുള്ളതാകുമ്പോള്‍ ജനകീയസമരങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ജനാധിപത്യ രാജ്യത്തിന്‌ ഭൂഷണമല്ല. സമയത്തിനും വേഗത്തിനും  പ്രാമുഖ്യം നല്‍കുന്നവര്‍ക്ക് ടോള്‍ നല്‍കി യാത്രചെയ്യവാനും മറ്റുള്ളവര്‍ക്ക്  ബൈപ്പാസ്‌ റോഡുകള്‍ ഉപയോഗപ്പെടുത്തുവാനുമുള്ള സംവിധാനമൊരുക്കി ഈവക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടെണ്ടതുണ്ട്.

റോഡു വികസനത്തെപ്പറ്റി ഇത്രെയേറെപ്പറയാന്‍ ഗൌരവകരമായ മറ്റൊരു കാരണമുണ്ട്. കേരളത്തില്‍ കഴിഞ്ഞ വര്ഷം നാലായിരത്തില്‍പരം ആളുകള്‍ റോഡ്‌ അപകടങ്ങളില്‍ മാത്രം മരിച്ചിട്ടുണ്ട്ട്. മുന്കാലങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ ക്രമാനുഗതമായി വളര്‍ച്ചയാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് കേരളാ പോലീസിന്‍റെ വെബ്സൈറ്റിലെ വിശകലനങ്ങള്‍ കാണിക്കുന്നു. ആകെ തൊള്ളായിരത്തി അമ്പതോളം പഞ്ചായത്തുകളുള്ള നമ്മുടെ നാട്ടിലെ ഓരോ വാര്‍ഡിലും ശരാശരി എണ്ണൂറിനടുത്ത് ജനസംഖ്യയായാണുള്ളത്‌. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ പ്രതിവര്‍ഷം നാമുള്‍പ്പെടുന്നതോ അല്ലാത്തതോ ആയ ഏതെങ്കിലും പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെ ജനങ്ങള്‍ വാഹനാപകടങ്ങള്‍ മൂലം തുടച്ചു നീക്കപ്പെടുന്നു! ഇതു കേരളത്തില്‍ വെച്ചു നടക്കുന്ന റോഡ്‌ ആക്സിഡന്ന്റിന്റെ മാത്രം കണക്കാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത!!

മാധ്യമങ്ങളുടെ നിരന്തരമായ ഇടപെടല്‍കൊണ്ടോ ജനകീയ സമ്മര്‍ദങ്ങള്‍ കൊണ്ടോ എന്തോ ഇന്ന് നിലവിലുള്ള റോഡുകളുടെ അവസ്ഥയില്‍ കാര്യമായ പുരോഗതി കൈവന്നിട്ടുണ്ട്. സ്വപ്ന പദ്ധതികള്‍ കടലാസില്‍ ഒതുങ്ങിയാലും രാജ്യത്തെ ഓരോ പൌരന്‍റെ ജീവനും വൈകിയാണെങ്കിലും സര്‍ക്കാര്‍ - പോലീസ് സംവിധാനങ്ങള്‍ വിലകല്‍പ്പിച്ചു തുടങ്ങി എന്നത് തെല്ലു സംതൃപ്തി പകരുന്ന കാര്യമാണ്. പരിമിതമായ നമ്മുടെ ഗതാഗത സൌകര്യങ്ങളുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ റോഡിന്റെ ഉപഭോക്താവാകുന്ന ഓരോ പൌരനേയും ബോധവത്ക്കരിച്ച് ഭാവിയില്‍ മരണനിരക്ക് ഗണ്യമായി കുറയ്ക്കുക എന്ന ലക്‌ഷ്യത്തോടെ ഗതാഗത വകുപ്പ് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. 

ഇന്ന്, പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നതിനു മുന്നോടിയായി മികച്ച നിലവാരമുള്ള (നിര്‍ബന്ധിത) ക്ലാസുകള്‍ വിഷ്വല്‍ മീഡിയയുടെ സൌകര്യം ഉപയോഗപ്പെടുത്തി  അപേക്ഷാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. നാട്ടില്‍വെച്ച് യാദൃശ്ചികമായി അങ്ങനെയൊരു അര്‍ദ്ധദിന സെമിനാര്‍ നേരില്‍കണ്ടു ബോധിക്കാന്‍ ഇടയായതാണ് ഈ എഴുത്തിന് ആധാരം.  മറ്റു ചിലത്.... 

സ്പീഡ് ക്യാമറാ സംവിധാനം എറണാകുളം പോലുള്ള പ്രധാന ഹൈവേകളില്‍ പ്രവര്‍ത്തന ക്ഷമമാണ്. (വേഗത 70-80കി.മി മുകളില്‍ 1000/-രൂപ പിഴ വാഹന ഉടമയുടെ അഡ്രെസ്സില്‍ വീട്ടിലെത്തും. )

മദ്യപിച്ചു വാഹനമോടിക്കുന്നവരെ പൊക്കാന്‍ മിക്ക ജങ്ക്ഷനുകളിലും "ബ്രെത്ത് അനലൈസറുമായി" പോലീസ് കാത്തുനില്‍പ്പുണ്ട്.

ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ്‌ തുടങ്ങിയ പരിശോധനകളും കര്‍ശനമാണ്. 

ഇന്ത്യയില്‍ "ഡ്രൈവറാകുക" വളരെ നിസ്സാരമായൊരു സംഗതിയാണെങ്കില്‍ വിദേശ രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കണമെങ്കില്‍ എത്രെയേറെ കടമ്പകള്‍ കടക്കണം എന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അടിസ്ഥാന സൌകര്യങ്ങളുടെ പോരായ്മ തല്ക്കാലം അവിടെ നില്‍ക്കട്ടെ, എങ്കിലും ഉത്തരവാദിത്വ പരമായും പരസ്പര ബഹുമാനത്തോടെയും ക്ഷമാപൂര്‍വ്വം വണ്ടിയോടിക്കാന്‍ ഓരോ ഡ്രൈവറും ശ്രദ്ധിച്ചാല്‍ നമ്മുടെ നിരത്തുകളിലും വലിയ മാറ്റം ഉണ്ടാക്കുകാന്‍ സാധിക്കുകയില്ലേ? 

റോഡിലെ പോലീസ് ചെക്കിങ്ങും മറ്റ് ഏര്‍പ്പാടുകളും കാശുണ്ടാക്കാന്‍ മാത്രമുള്ള ഏര്‍പ്പാട് ആണെന്ന് പൊതുവേ ധാരണ പരന്നിട്ടുണ്ട്. അഴിമതി സമസ്ത മേഖലയിലും വ്യാപിച്ചു നില്‍ക്കുമ്പോള്‍, പിടിക്കപ്പെട്ട് പിഴയില്‍ നിന്നും ഒഴിവാകാന്‍ മറുവഴി തേടി നമ്മളായിട്ട് എന്തിന് ഒരവസരം ഒരുക്കുന്നു? യെല്ലോ ലൈനും, സീബ്രാ ലൈനും, ഗിവ് വേ സൈനും, ലൈന്‍ ചേഞ്ച്‌ ഇന്ഡിക്കേറ്ററും എന്ത്? എന്നറിയാത്ത പഴയ ഡ്രൈവര്‍മാര്‍ ഇനിയുണ്ടാവില്ല. "കുട്ടി" ഡ്രൈവര്‍മാരെ വീട്ടില്‍ അടക്കി നിര്‍ത്തേണ്ടതും നമ്മുടെ ബാധ്യതയാണ്.

മലയാളിയുടെ മാറിയ ഭക്ഷണക്രമം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളോ പുതു തലമുറയുടെ ഫിറ്റ്നസ് അവേര്‍നസ്സോ എന്തോ പുലര്‍കാലങ്ങളില്‍ റോഡുകളില്‍ ജോഗിംഗ് ചെയ്യുന്നവരുടെയെന്നം മുന്പില്ലാത്തതില്‍ അധികമാണ്. പായുന്ന ടിപ്പര്‍ലോറിയുടെ കാറ്റടിച്ചാല്‍ വീണുപോകുമെന്ന് ഭയപ്പെട്ട് പ്രഭാത/സയാഹ്ന സവാരി നിര്‍ത്തിയ വൃദ്ധര്‍ പരിതപിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍, ജോലിക്കുപോകുന്ന അച്ഛന്‍, അമ്മ, ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, സഹോദരി ഇവരൊക്കെ നിത്യേന തൂത്തു മാറ്റപ്പെടുന്ന  "നാലായിരത്തില്‍ ഒരാളാകാതെ" ഓരോ വൈകുന്നേരവും സുരക്ഷിതരായി  തിരികെയെത്തുന്നു എന്നത് ഭാഗ്യവശാല്‍ മാത്രമാണെന്ന് നമ്മുടെ റോഡുകളെ സൂക്ഷമമായി നിരീക്ഷിച്ചാല്‍ മനസിലാകും. 

വീട്ടിലും സമൂഹത്തിലും, എഴുത്തിലും വായനയിലും വെളിപ്പെടുന്ന  നമ്മുടെ വ്യക്തിത്വം തന്നെയാണ് റോഡിലും ഡ്രൈവറുടെ രൂപത്തില്‍ പ്രതിഫലിക്കുന്നത്. നാളെകള്‍ നമുക്കു ശുഭ പ്രതീക്ഷകളാണ് നല്‍കുന്നത്. "നാടു നന്നാവില്ല!" എന്ന പതിവ് പല്ലവി തെല്ലുനേരം അടക്കിപ്പിടിച്ച്, ഒരു അപകടത്തിന് ഞാന്‍ കാരണഭൂതനാകില്ല എന്ന ഉറച്ച വിശ്വാസത്തോടെ  കൈകോര്‍ക്കാം. കൈപ്പിഴ പറ്റാത്തവരില്ല. ഉള്വിളികളും പിന്‍വിളികളും നമ്മെ കൂടുതല്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കട്ടെ.
Related Posts Plugin for WordPress, Blogger...