6.12.11

ഒരു ക്രിസ്മസ് കരോളിന്‍റെ അന്ത്യം


ഡിസംബര്‍ ഒരു സുഖമുള്ള കാഴ്ചയാണ്!

അകവും പുറവും നിറയെ തണുപ്പാണ്. വര്‍ണ്ണാഭമായ ക്രിസ്മസ് കാര്‍ഡുകളിലെയും സിനിമകളിലെയും മഞ്ഞില്‍ കുളിച്ച യൂറോപ്പിന്റെ ചിത്രം എന്നും മനസ്സില്‍ മായാതെനില്‍ക്കുന്നു.  
നിരത്തുകളില്‍ മൂടിപ്പുതച്ചു നീങ്ങുന്ന മനുഷ്യര്‍, കൊതിപ്പിക്കുന്ന മഞ്ഞുവീണ കുടിലുകള്‍, ക്രിസ്മസ് ട്രീകള്‍!,.......


കണ്ണു കണ്ടിട്ടില്ലാത്തതും കാതു കേട്ടിട്ടില്ലാത്തതുമായ നാടും നാട്ടാരും പടങ്ങളില്‍ തന്നെ നില്‍ക്കട്ടെ. നടന്നു പതിഞ്ഞ നാട്ടുവഴിയിലേക്കും നമ്മോടൊട്ടിനില്‍ക്കുന്ന പ്രകൃതിയിലേയ്ക്കും മടങ്ങി വരാം.


എല്ലാ കാലങ്ങളെയുംകാള്‍ ഡിസംബര്‍ കൂടുതല്‍ പ്രിയങ്കരമാകാന്‍ പലതുമുണ്ട് കാരണം. സ്കൂളടച്ചു പത്തുദിവസത്തെ അവധി, പുതപ്പിനടിയില്‍ ചുരുണ്ട് തണുപ്പാസ്വദിച്ചുള്ള ഉറക്കം, ഉറക്കച്ചടവില്‍ നിന്നെണീറ്റു കണ്‍മിഴിച്ചു കണ്ട ക്രിസ്മസ്കരോള്‍....!!,!!

 ഓര്‍മ്മകളെ കൂടെ കൂട്ടി കുറച്ചു പിന്നോക്കം നടന്നാല്‍ ഏതു പ്രായത്തിലും മങ്ങാതെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന രസകരങ്ങളായ ചില ചിന്തുകളുണ്ട്. ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍, നക്ഷത്രങ്ങള്‍, നിലാത്തിരി, പുല്‍കൂട് ഇതൊന്നുമല്ല ഓര്‍മ്മയില്‍ ആദ്യം ഓടിയെത്തുന്നത്, "കരോള്‍.......!,!!!

സ്കൂള്‍ അടയ്ക്കുന്നതിനു മുന്‍പേ കൂട്ടുകാരുടെ ഗ്യാങ്ങ് ആസൂത്രണം ചെയ്യുന്ന പദ്ധതികള്‍.!, പാതിരാത്രിയില്‍  അവരോടൊപ്പം ഊരു ചുറ്റാനുള്ള ലൈസെന്‍സ് വീട്ടില്‍നിന്നും വല്ലവിധേനയും നേടിയെടുക്കല്‍, "സര്‍വകലാവല്ലഭന്മാരുടെ," സംഘം ഒപ്പിക്കുന്ന കുരുത്തക്കേടുകള്‍.....,....അങ്ങനെ പലതും.!!

1990 കളിലെ ഒരു ഡിസംബര്‍ ഇരുപത്തിമൂന്ന് , റോഡുകളില്ലാത്ത, വാഹനങ്ങളുടെ ഇരമ്പലെത്താത്ത, കണ്‍വെട്ടത്തെല്ലാം പുഴകളോഴുകുന്ന കുട്ടനാട്ടിലെ കുഗ്രാമം.  
 മാവിന്‍ചുവട്ടില്‍ ചുവട്ടംകൂടിനിന്ന കുട്ടി സംഘത്തിന്‍റെ നേതാവ് പറഞ്ഞു.

 " നമ്മുടെ അടുത്തുള്ള ക്ലബ്ബു കാരുമായി ഒന്ന് മുട്ടണമെങ്കില്‍ മടല്‍ബാറ്റും, പലകയും ഉപേക്ഷിച്ച് അമ്പതു രൂപയ്ക്കുമേലെങ്കിലും വിലവരുന്ന ഒരു ബാറ്റ് വാങ്ങിയേ തീരു, ആയതിനാല്‍ ഇത്തവണത്തെ കരോളിന്റെ മുഖ്യഉദ്ദേശ്യം തന്നെ ഒരു ക്രിക്കറ്റ് ബാറ്റ് വാങ്ങാനുള്ള പണം സംഘടിപ്പിക്കുക എന്നതുതന്നെ". 

കൂടി നിന്നവര്‍ ആര്പ്പുവിളിച്ചും, വിസിലടിച്ചും അതിനെ പിന്താങ്ങി.

ദ്രുതഗതിയില്‍ വൈകിട്ടെക്കുള്ള ഒരുക്കങ്ങള്‍ക്ക് കോപ്പുകൂട്ടി. കമ്മറ്റിയുടെ തീരുമാനപ്രകാരം, വലുപ്പം കൊണ്ട് വാസു ക്രിസ്മസ് ഫാദര്‍, ലജ്ജയും പുഞ്ചിരിയും വിരിഞ്ഞ കുഞ്ചു എന്ന കുഞ്ഞുമോന്‍ മാലാഖ, മീന്‍പിടുത്തത്തില്‍ അഗ്രഗണ്യനായ "പൊന്‍മാന്‍" ബിജു, സൈക്കിള്‍ കടക്കാരന്‍റെ സണ്ണായ "വാല്ടൂബ് 
ബഷീര്‍", തോട്ടിക്കൊലുപോലെ വളഞ്ഞ "കൊക്കുമുണ്ടി ചാണ്ടി " എന്നിവര്‍ മൂന്നു രാജാക്കന്മ്മാരാര്‍!!!, അധികം മേയ്ക്കപ്പ് ബാക്കിയില്ലാത്തതിനാല്‍ ഉള്ളത് വാരിപ്പൂശി രണ്ട് ആട്ടിടയന്മ്മാര്‍ എന്നിവരേയും ഒപ്പിച്ചെടുത്തു. 


പണപ്പെട്ടി, പിരിവ് ഇവ ഇരട്ട സഹോദരരായ തൊമ്മി ആന്‍ഡ്‌ വര്‍ക്കി ഏറ്റെടുത്തു. ആശിച്ച വേഷം കിട്ടാതെ എന്‍റെ ക്ലോസ് ഫ്രണ്ട് ചന്ദ്രന്‍ കരഞ്ഞുകൊണ്ട് പരിപാടി ബഹിഷ്കരിച്ചപ്പോള്‍ അവനെ സമാധാനിപ്പിക്കാനായി പാട്ടിനോപ്പിച്ചു തുള്ളാന്‍ " ജോക്കെര്‍" എന്ന ഒരു തസ്തിക സൃഷ്ടിച്ചു തൊപ്പിയും വച്ചു വിട്ടു. ഏറെക്കുറെ കാര്യങ്ങള്‍ സെറ്റ്പ്പായപ്പോളാണ് പാടാന്‍ പാട്ടും കൊട്ടാന്‍ ബാന്‍ഡും വേണമെന്നോര്‍ത്തത്. സംഗതി പ്രശ്നമില്ല, താളമടിക്കാന്‍ ബാന്ടിനു പകരമായി ആരോ കണ്ടത്തില്‍ മുണ്ടിയെ ഓടിക്കുന്ന പാട്ടയില്‍ ഒന്ന് സംഘടിപ്പിച്ചു. വീട്ടിലെ പള്ളിപ്പാട്ടു പുസ്തകതില്‍നിന്നു കീറി രണ്ടു താളുമായി മറ്റൊരുത്തന്‍ വന്നു.


ആദ്യത്തെ വീട്, സംഘത്തലവന്‍ മോനച്ചന്‍റെ വീട്ടുമുറ്റം, "പുല്‍ക്കുടിലില്‍..... കല്തോട്ടിലില്‍".......," പാട്ടറിയാതെ, താളംതെറ്റി!! ആകെപ്പാടെ ചവിട്ടിക്കുഴച്ചു കുളമായി! സാരമില്ല "സ്റ്റാര്‍ട്ടിംഗ് ട്രബിള്‍".,....


അടുത്തത്‌ സ്ഥലത്തെ പ്രധാന അദ്ധ്യാപകന്‍ കേശവപിള്ള സാറിന്‍റെ വീട്ടുവളപ്പ്. പാട്ടയടി കേട്ടതും സാറിറങ്ങിവന്നു. ശുണ്ടിയുള്ള മൂക്കത്തെ കണ്ണാടിയുടെ മേലേകൂടെ ആകെ ഒന്ന് നോക്കി.


 "ചാടി മുറ്റം കിളക്കേണ്ട, ഇതു കൊണ്ടുപോയ്ക്കോ" 

എന്ന് പറഞ്ഞ് ഒരു ഇരുപതും, പത്തും, അഞ്ചും വച്ചുനീട്ടി. എണ്ണിനോക്കിയ വര്‍ക്കിയുടെ മോന്തായം ചുവന്നു. ആകെ മുപ്പത്തഞ്ചു പൈസ! പതിനഞ്ചു കൂടെ ഇട്ടു റൗണ്ട് ഫിഗറാക്കി അമ്പതു പൈസാ തിരിച്ച് പിള്ളസാറിനു കയ്യില്‍ വച്ചുകൊടുത്തു. "ഇതുവച്ചോ"!!

"ഗുരുത്വദോഷം!" 

ആരോപറഞ്ഞു. അത് ന്യൂട്ടന്‍ കണ്ടുപിടിച്ചതല്ലേ മഴയത്തുപോലും പള്ളിക്കൂടത്തിന്റെ തിണ്ണയില്‍ കയറിനില്‍ക്കാത്ത തനിക്കതു ബാധകമല്ലന്നു പുശ്ചിച്ചുതള്ളി വര്‍ക്കി!


അങ്ങനെ വീടുകള്‍ ഓരോന്നായി കയറിയിറങ്ങി. പൈസയുമായി വീട്ടുകാര്‍ വരുമ്പോള്‍ ആകാംക്ഷ മൂത്ത് തേനീച്ചപോലെ സംഘാംഗങ്ങള്‍ മൊത്തം പാത്രത്തിനടുത്തെക്ക് ഇരച്ചു വരും. തൊമ്മി ആന്‍ഡ്‌ വര്‍ക്കി എല്ലാറ്റിനെയും തെറിപറഞ്ഞ് ഓടിക്കും! 



വീടുകള്‍ പിന്നിടുംതോറും കൂട്ടത്തില്‍ ആളുകള്‍ കൂടുകയും പാത്രത്തിനു ഘനം വയ്ക്കുന്നതായും തോന്നി. വഴിയില്‍ രണ്ടു മണ്‍കുടങ്ങളില്‍ താളംപിടിച്ച് ഒമ്പതാംക്ലാസ്‌കാരന്‍ തമ്പിയും, ഉറ്റ തോഴന്‍ രാജനും ചേര്‍ന്നതോടെ പരിപാടിക്കിത്തിരി കൊഴുപ്പുകൂടി. തമ്പി സ്പോര്‍ട്സ്‌ താരമായതിനാലും പഠനത്തോടുള്ള താല്‍പര്യവും പരിഗണിച്ച് ഒമ്പതാംക്ലാസ്സില്‍ മൂന്നാം വര്‍ഷം ഫീസ് കൊടുത്ത് പഠിക്കുകയാണ്. മലയാളം വിദ്വാന്‍ കര്‍ഷകശ്രീ തോമാച്ചിസാറിന്‍റെ അയല്‍വാസിയും അരുമ ശിഷ്യനായ തമ്പി പലവിധ തിരക്കുകളാല്‍ ആഴ്ചയില്‍ മൂന്നു ദിവസം തികച്ചു സ്കൂളില്‍ എത്താറില്ല. ഒരിക്കല്‍ പതിവില്ലാതെ പിന്ബഞ്ചില്‍ തമ്പിയെക്കണ്ട് തോമാച്ചിസാര്‍ വയലന്‍റ് ആയി ചോദിച്ചു 


"നിന്നോടാരാടാ പറഞ്ഞത് ഇങ്ങോട്ട് കെട്ടിയെടുക്കാന്‍......? പാടത്തെ പണിയും വെള്ളം കേറ്റ്ലും ഇന്നലയേ പറഞ്ഞ്‌ ഏല്‍പ്പിച്ചതല്ലേ......പിന്നെ നിന്‍റെപ്പന്‍ ചെയ്യുമോടാ അതൊക്കെ?"..........

അന്നുമുതലാണ് ആ ഗുരുശിഷ്യബന്ധത്തിന്റെ ആഴം ഞങ്ങള്‍ മനസിലാക്കിയത്‌.,!!.


കാര്യങ്ങള്‍ ഒരുവിധം ഓഡറായി വന്നപ്പോള്‍ പുതിയ ഒരാശയവുമായി രാജന്‍ എത്തി. 


"ഓരോ വീട്ടിലും പാട്ട് അവസാനിപ്പിക്കുമ്പോള്‍ ഒരു സര്‍പ്രൈസ്‌ ആയി പടക്കത്തിന്‍റെ ശബ്ദത്തിനൊപ്പം "പിശാചായി" കരിതേച്ച് താന്‍ ചാടിവീഴും. കുട്ടികളുള്ള വീട്ടില്‍നിന്നും ചിലപ്പോള്‍ കൂടുതല്‍ കാശു കിട്ടും! നമുക്ക്‌ വെറും കരിയുടെ മുടക്കേയുള്ളൂ."

 ആ അഭിപ്രായവും ആര്‍പ്പുവിളിച്ചു പസാക്കപ്പെട്ടു.
അതുവരെ കാര്യങ്ങള്‍ മംഗളമായിരുന്നു. ഇറച്ചിവെട്ടുകാരന്‍ ഇട്ടിയുടെ വീട്‌.,. അറിയാവുന്നതൊക്കെ കൂട്ടി "ശാന്തരാത്രി..തിരുരാത്രി...പാടിത്തീര്‍ന്നു, പറഞ്ഞുറപ്പിച്ചപോലെ പടക്കം പൊട്ടി...........പിശാചു ചാടിവീണു...........

ഇട്ടിയുടെ കുട്ടികള്‍ കാറി നിലവിളിച്ചു......... തെങ്ങില്‍ കെട്ടിയിട്ടിരുന്ന യമണ്ടന്‍ അള്‍സെഷന്‍ പട്ടി കെട്ടുപോട്ടിച്ചു ചാടിവീണു........


പിന്നെ കേട്ടത് ഇട്ടിയുടെ കണ്ണുപൊട്ടുന്ന തെറിയും, പട്ടി കടിച്ചെടുത്ത പാതി ളോഹയും ഉപേക്ഷിച്ച് തോട്ടില്‍ ചാടിയ "ക്രിസ്ത്മസ് പാപ്പ" വാസുവിന്‍റെ നിലവിളിയും, പരക്കം പാഞ്ഞ ചിലരുടെ ഞരക്കവുമാണ്!! കരോള്‍ സംഘം എതുവഴി പോയെന്നും എങ്ങനെ വീടുപറ്റിയെന്നു പിന്നെ എനിക്കും അറിവില്ല.






ഡിസംബര്‍ ഇരുപത്തിനാല്, 
ഉറക്കച്ചടവില്‍ ഒന്നും സംഭവിച്ചില്ലന്ന മട്ടില്‍ ഉമ്മറത്ത്‌ നില്‍ക്കുമ്പോള്‍ ഒരു ചെറു ജാഥ പോകുന്നത് കണ്ടു. കള്ളുചെത്തുകാരന്‍ ശ്രീധരന്‍ മുന്നില്‍, തലയില്‍ കുടവും വെച്ചു തൊണ്ടി സഹിതം പിടിക്കപ്പെട്ട ഒമ്പതാംക്ലാസ്‌കാരന്‍ തമ്പിയും, ഉറ്റ്തോഴന്‍ രാജനും കുറ്റവാളികളെപ്പോലെ തലകുനിച്ചു തൊട്ടുപിന്നില്‍.,!!

 ആ കുടങ്ങളെ തഴുകിവന്ന മന്ദമാരുതന്‍ മൂക്കിലടിച്ചപ്പോഴാണ് ഇന്നലെ രാത്രിയിലെ കാരോളിന്‍റെ കൊഴുപ്പിന്‍റെ കാരണം പിടികിട്ടിയത്!! കൂടെയുണ്ടായിരുന്ന പല തലകളും ആള്‍കൂട്ടത്തില്‍ മുങ്ങിയും പൊങ്ങിയും വന്നു. കയ്യൊടിഞ്ഞ ആട്ടിടയര്‍....!,! ചിറകറ്റ മാലാഖ,!! പട്ടി കടിച്ചുവോ എന്തോ ചന്തിയില്‍ വച്ചുകെട്ടുമായി പിശാച്,!!! വെള്ളം നിറഞ്ഞോ ആവോ വയര്‍ ശരിക്കും വീര്‍ത്തൊരു ക്രിസ്മസ് ഫാദര്‍,!!!

 രാത്രി പേടിച്ചതിനു പള്ളീലച്ചനെ കൊണ്ടു കുട്ടികളുടെ തലയില്‍ കൈവച്ചു പ്രാത്ഥിപ്പിക്കാന്‍ ഇറച്ചിവെട്ടുകാരന്‍ ഇട്ടി വെപ്രാളപ്പെട്ട് പോകുന്നെന്നു അടുക്കളയില്‍ നിന്നും അമ്മ വിളിച്ചുപറയുത് കേട്ട്, ഒരുവായിക്കൊട്ട വിട്ട് ഞാന്‍ പുതപ്പിനടിയിലേക്ക് തന്നെ മടങ്ങി.

അന്നത്തെ പിരിവു ഓട്ടത്തിനിടയില്‍ കളഞ്ഞു പോയന്നു തൊമ്മി ആന്‍ഡ്‌ വര്‍ക്കി പറഞ്ഞത് ഞാന്‍ ഇന്നും വിശ്വസിച്ചിട്ടില്ല. അമ്പതുലക്ഷത്തിന്‍റെ വീടുവാങ്ങി വര്‍ക്കി കഴിഞ്ഞയാഴ്ച പാലുകാച്ചല്‍ നടത്തിയതുകൊണ്ട് ഗുരുത്വദോഷത്തിലും എനിക്ക് ഇപ്പോള്‍ വലിയ വിശ്വാസം ഇല്ല!


10 comments:

  1. ഒന്ന് കൂടി വയിക്കണം
    എന്റെ ക്രസ്തുമസ് ആശംസകള്‍

    ReplyDelete
  2. കരോള്‍ സൂപ്പറായി :) പിശാചായിരുന്നു താരമല്ലേ... :)

    ReplyDelete
  3. അതെ,പിന്നെ ആ പട്ടിയും.ഇതു സംഭവ കഥയാണ്‌ കേട്ടോ.....

    ReplyDelete
  4. നിറമുള്ള ക്രിസ്മസ് ഓര്‍മ്മകള്‍ ആല്ലേ .. ?ക്രിസ്മസ് ആശംസകള്‍..

    ReplyDelete
  5. നല്ല ക്രിസ്സ്മസ്സ് ഓര്‍മ്മകള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  6. വളരെ നന്നായിരിക്കുന്നു....ആശംസകള്‍..

    ReplyDelete
  7. ഇന്നു വീടിനുള്ളില്‍ ഒരു മൂലയില്‍ ഒതുങ്ങി, ഒരു ബെഡ് ഷീറ്റ് മാറ്റുന്ന ലാഘവത്തോടെ നിര്‍ജീവമായ റെഡിമെയ്ഡ് പുല്‍ക്കൂടും ക്രിസ്മസ്ട്രീയും വയ്ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ ഇതുപോലെ എത്രയെത്ര പോയകാല തമാശകള്‍ വേദനയോടെ ഓര്‍ത്തുപോകുന്നു.

    ReplyDelete
  8. ആശംസകള്‍............................... ....................................,.................

    ReplyDelete
  9. നാട്ടില്‍ കൃസ്തീയ കുടുംബങ്ങള്‍ കുറവായതിനാലായിരിക്കണം ചെറുപ്പത്തിലെ കൃസ്തുമസ് ആഘോഷങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ തീരെ ഇല്ലാ . അപ്പനോട് പിണങ്ങി വീട് വിട്ടു വന്ന എന്റെ പ്രിയ സുഹൃത്തിനെ ഒരു ക്രിസ്തുമസ് ദിനത്തിന്റെ തലേന്ന് അപ്പനും ചാച്ചന്മ്മാരും വന്നു അവനറെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയെങ്കിലും സഹോദരതുല്യനായ ആ സ്നേഹിതന്റെ കൂടെയാണ് എന്റെ ക്രിസ്തുമസ് അനുഭവം ..
    പക്ഷെ ക്രിസ്തുമസ് ദിനങ്ങളില്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്നത് പേരുപോലും അറിയാത്ത ഒരു സഹോദരിയുടെ മുഖമാണ് .....അവരെ ഇവിടെ വായിക്കാം
    http://ashraf-salva.blogspot.com/2011/12/2001-19.html

    ReplyDelete

Related Posts Plugin for WordPress, Blogger...